മനസ്സ് നന്നാവണം

നന്നാവണമെന്ന് കലശലായ ആഗ്രഹമുണ്ട്. പക്ഷേ കഴിയുന്നില്ല. അഥവാ നന്മ നിലനിർത്താൻ സാധിക്കുന്നില്ല. ശരീരവും മനസ്സും കൈവിട്ടുപോകുന്നു- പലരുടെയും ആവലാതിയാണിത്. ഖുർആൻ ഇതിനെക്കുറിച്ച് എന്താണ് പറയുന്നത്? പരിഹാരമെന്ത്? നമുക്ക് ആലോചിക്കാം.
പാപമോ കുറ്റമോ ചെയ്യുന്നതിന്റെ പ്രത്യാഘാതമാണ് മനസ്സിന്റെ താളപ്പിഴ. ഒരു തെറ്റ് ചെയ്താൽ മനസ്സൊന്ന് താളം പിഴക്കുന്നു, മറ്റൊരു തെറ്റുകൂടി സംഭവിച്ചാൽ മനസ്സ് വീണ്ടും പാളം തെറ്റുന്നു, ദുഷ്‌കൃത്യങ്ങൾ കുന്നുകൂടി വരുന്നതിനനുസരിച്ച് മനോവ്യതിയാനം ഗുരുതരമായിത്തീരും. നമുക്ക് വിശുദ്ധ ഖുർആൻ വായിക്കാം: അവർ വ്യതിചലിച്ചപ്പോൾ നാം അവരുടെ മനങ്ങളെ വഴിതിരിച്ചുവിട്ടു. ദുർനടപ്പുകാർക്ക് നാം നേർവഴി കാണിക്കുന്നതല്ല (സൂറത്തു സ്സ്വഫ്ഫ് 5).
ഇതേ ആശയം, അഥവാ തെറ്റുകുറ്റങ്ങൾ മനുഷ്യമനസ്സിന്റെ സ്വാഭാവിക വിശുദ്ധി നശിപ്പിക്കുമെന്നും തിന്മകളിലേക്ക് വലിച്ചിഴക്കുമെന്നും വിശുദ്ധ വേദം പലവുരു പറയുന്നുണ്ട്: ‘അവർ പിന്മാറുന്നുവെങ്കിൽ താങ്കൾ അറിഞ്ഞോളൂ, അവരുടെ ചില പാപങ്ങൾ കാരണം അവരെ പിടികൂടാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ഒട്ടേറെ ജനങ്ങൾ ദുർനടപ്പുകാരാണ് (സൂറത്തുൽ മാഇദ 49). മറ്റൊരു വചനം ഇങ്ങനെ: കാര്യം അതല്ല, അവരുടെ ദുഷ്‌ചെയ്തികൾ അവരുടെ മനസ്സുകളിൽ കറപറ്റിച്ചിരിക്കുന്നു (സൂറത്തുൽ മുത്വഫ്ഫിഫീൻ 14). ചുരുക്കിപ്പറഞ്ഞാൽ ഒരു തെറ്റ് മറ്റൊരു തെറ്റിന് കളമൊരുക്കുന്നു. ഒരു പുത്തനാശയം മറ്റൊരു പുത്തനാശയത്തിന് വഴിവെട്ടുന്നു. അങ്ങനെ പടിപടിയായി മനസ്സ് തിന്മയിൽ മൂടുറക്കുന്നു. വിശുദ്ധ ഖുർആൻ തീർത്തു പറയുന്നതിങ്ങനെ: അങ്ങനെ നാം ദുർനടപ്പുകാരുടെ ഹൃത്തടങ്ങളിൽ മുദ്രയടിക്കുന്നതാണ് (സൂറത്ത് യൂനുസ് 74).
എന്നാൽ മനസ്സിനെ നിലക്കുനിർത്താൻ ഏറ്റവും ഫലപ്രദമായ ഉദ്യമം സത്യവിശ്വാസമാണ്. നിർമലമായ വിശുദ്ധ വിശ്വാസം മനസ്സിൽ തട്ടിയാൽ ആ വിശ്വാസം മാനസത്തെ നന്മയിലേക്ക് പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. അതായത് നമ്മുടെ ഈമാൻ കാര്യക്ഷമമാണെങ്കിൽ അതൊരു സമ്മർദശക്തിയായി വർത്തിക്കുകതന്നെ ചെയ്യും. അല്ലാഹു പറഞ്ഞു: ആരെങ്കിലും അല്ലാഹുവിൽ വിശ്വസിക്കുന്നെങ്കിൽ അവന്റെ മനസ്സിന് അല്ലാഹു മാർഗദർശനം നൽകുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ് (സൂറത്തുത്തഗാബുൻ 11).
മനസ്സിനും മനസ്സിനകത്തെ വിശ്വാസത്തിനും ശക്തിപകരാൻ വിജ്ഞാനം അനിവാര്യമാണ്. ആത്മീയമായ ഉയർച്ച സാധ്യമാകാൻ വിശ്വാസത്തോടൊപ്പം അറിവിന്റെ പിന്തുണ കൂടി വേണ്ടതുണ്ട്. വിശുദ്ധ വേദം ഉണർത്തുന്നു: നിങ്ങളിൽനിന്നുള്ള വിശ്വസിച്ചവരുടെയും വിജ്ഞാനം നൽകപ്പെട്ടവരുടെയും പദവികൾ അല്ലാഹു ഉയർത്തുന്നതാണ്. അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു (സൂറത്തുൽ മുജാദില 11).
അറിവിന്റെ അഭാവത്തിൽ മനസ്സ് തിന്മയിലേക്ക് കുതറിമാറുമെന്ന് വിശുദ്ധ ഗ്രന്ഥം ഓർമപ്പെടുത്തുന്നു: അപ്രകാരം, അറിവ് നേടാത്തവരുടെ മാനസങ്ങളിൽ നാം മുദ്രയടിക്കുന്നു (സൂറത്തുർറൂം 59). മറ്റൊരിടത്ത് ഇങ്ങനെ: അവർ വിവരമില്ലാത്തവരായി എന്നത് കൊണ്ട് നാം അവരുടെ മനസ്സുകളെ വഴിതിരിച്ചു വിട്ടിരിക്കുകയാണ് (സൂറത്തുത്തൗബ 127). പ്രകാശം ചൊരിയുന്ന നല്ലൊരു മനസ്സ് രൂപപ്പെടാൻ വിശുദ്ധ വിശ്വാസവും വരിഷ്ട വിജ്ഞാനവും സമ്പാദിക്കുക.

സുലൈമാൻ മദനി ചുണ്ടേൽ

Exit mobile version