മയ്യിത്ത് കൊണ്ടുപോകുമ്പോൾ മുന്തിക്കേണ്ടത് തലയോ കാലോ?

 

മയ്യിത്ത് കൊണ്ടുപോകുമ്പോൾ തലഭാഗമാണോ കാലിന്റെ ഭാഗമാണോ മുന്നിൽ വരേണ്ടത്. നടത്തത്തിൽ കാലാണല്ലോ മുന്നിൽ വരുക, അതിനൊപ്പിച്ച് ചില സ്ഥലങ്ങളിൽ മയ്യിത്ത് കൊണ്ടുപോകുമ്പോൾ കാൽഭാഗമാണ് മുന്നിലാക്കാറുള്ളത്. ശരിയായ രീതി പറയാമോ?

മയ്യിത്ത് കൊണ്ടുപോകുമ്പോൾ തലഭാഗം മുന്നിലേക്കാവലാണ് സുന്നത്ത് (ബുശ്‌റുൽ കരീം 2/32). ഇക്കാര്യം തുഹ്ഫയിൽ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണെന്ന് അല്ലാമ ശർവാനി പറയുന്നു (ഹാശിയതുശ്ശർവാനി 3/130).

വഖ്ഫ് തെങ്ങ് മുറിച്ചുമാറ്റൽ

പള്ളിവക വഖ്ഫായ ഒരു തെങ്ങ് തൊട്ടപ്പുറത്തെ വീടിന് ഭീഷണിയായപ്പോൾ വീട്ടുകാരൻ അറിയിച്ചതനുസരിച്ച് ആ തെങ്ങ് സ്വന്തം ചെലവിൽ മുറിക്കാനും അതിലെ തേങ്ങയടക്കം എടുക്കാനും പള്ളിക്കമ്മിറ്റി വീട്ടുകാരന് അനുവാദം നൽകുകയുണ്ടായി. കമ്മിറ്റിയുടെ തീരുമാന പ്രകാരം ആ തെങ്ങും തേങ്ങയും മുറിച്ചെടുത്ത് വീട്ടുകാരന് ഉപയോഗിക്കൽ അനുവദനീയമാകുമോ. അനുവദനീയമല്ലെങ്കിൽ വഖ്ഫ് സ്വത്ത് ഉപയോഗിച്ചു എന്ന നിലയിൽ കുറ്റക്കാരനാകുമോ?
ഒഎസ് മലപ്പുറം

വഖ്ഫായ തെങ്ങ് ഉണങ്ങാതെ ഫലമുള്ളതാകുമ്പോൾ അത് മുറിക്കാനോ വിൽക്കാനോ സൗജന്യമായി ദാനം ചെയ്യാനോ പറ്റില്ല. വഖ്ഫായ തെങ്ങ് മുറിച്ചെടുക്കാൻ കമ്മിറ്റി അനുവാദം നൽകിയത് ശരിയല്ല. അതുകൊണ്ട് വീട്ടുകാരന് അതനുവദനീയമാവുകയില്ല. വീടിനുള്ള ഭീഷണി മറ്റു മാർഗങ്ങളിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. ഫത്ഹുൽ മുഈൻ പേ. 316ൽ നിന്നും മറ്റും ഇക്കാര്യം വ്യക്തമാണ്.

മുതിർന്ന വിദ്യാർഥിനികളുടെ സലാം

മദ്‌റസയിൽ പഠിക്കുന്ന പെൺകുട്ടികൾ ഉസ്താദുമാർക്ക് സലാം പറയാറുണ്ട്. ചെറുപ്പത്തിലുള്ള ഈ ശീലം വലിയ ക്ലാസുകളിലെത്തിയാലും ചിലരൊക്കെ വിവാഹം കഴിഞ്ഞാലും തുടരുന്ന അവസ്ഥയുണ്ട്. ഇങ്ങനെ സലാം ചൊല്ലുന്നതിന്റെയും മടക്കുന്നതിന്റെയും വിധിയെന്താണ്. നിരുത്സാഹപ്പെടുത്തേണ്ടതുണ്ടോ?
സുലൈമാൻ മൗലവി കരുനാഗപ്പള്ളി

എതിർ ലിംഗത്തിൽ പെട്ടവരാൽ ആഗ്രഹിക്കപ്പെടുന്ന വളർച്ചയെത്തിയിട്ടില്ലാത്ത ചെറിയ പെൺകുട്ടികൾ അന്യപുരുഷന് സലാം പറയുന്നതിലും അവരുടെ സലാം മടക്കുന്നതിലും തടസ്സമില്ല. അപ്രകാരം തന്നെ ആശിക്കപ്പെടാത്ത വിധത്തിലുള്ള വൃദ്ധയായ സ്ത്രീ അന്യപുരുഷന് സലാം പറയുന്നതിന് വിരോധമില്ല. അത് സുന്നത്ത് തന്നെയാണ്. എന്നാൽ ആശിക്കപ്പെടുന്ന വളർച്ചയെത്തിയ ഒരു സ്ത്രീ തനിച്ചാകുമ്പോൾ അവൾ അന്യപുരുഷന് സലാം പറയലും അവന്റെ സലാം മടക്കലും ഹറാമാണ്. അന്യപുരുഷൻ അവൾക്ക് സലാം പറയലും അവളുടെ സലാം മടക്കലും കറാഹത്താണ് (ഫത്ഹുൽ മുഈൻ പേ. 463, ഹാശിയതുൽ ജമൽ 5/ 187).

ക്യാഷ്‌ലെസ് സാമ്പത്തിക ഇടപാടുകൾ

വ്യാപാര സ്ഥാപനങ്ങളും ഗവൺമെന്റും ഇപ്പോൾ ക്യാഷ് ലെസ് സാമ്പത്തിക ഇടപാടുകളാണ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്. എടിഎം കാർഡുപയോഗിച്ച് പെട്രോൾ അടിക്കൽ മുതൽ ഷോപ്പിംഗ് വരെ നടത്തുന്നു. ഇപ്രകാരം വൈദ്യുതി ബിൽ, വെള്ളക്കരം, ഭൂ നികുതി, ടാക്‌സ്… എല്ലാം ഓൺലൈനായി അടക്കാനാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഇതിൽ പലയിടങ്ങളിലായി പലിശയും ബേങ്കുമായുള്ള ഇടപാടുകളും വരുന്നു. ആമ്മായ ബലാഅ്(വ്യാപക പരീക്ഷണം) എന്ന നിലക്ക് ഇത് അനുവദനീയമാകുമോ, അതോ ഇതിൽ നിന്ന് വിശ്വാസികൾ കണിശമായി വിട്ടുനിൽക്കേണ്ടതുണ്ടോ? വിട്ടുനിന്നാൽ സ്വാഭാവികമായും ചില നഷ്ടങ്ങൾ സഹിക്കേണ്ടിവരും. അത് സഹിക്കണമെന്നാണോ, അതോ ആ നഷ്ടങ്ങൾ ഒരു ളറൂറത്താണ് (ബുദ്ധിമുട്ട്) എന്നുവെച്ച് ഇതെല്ലാം ഉപയോഗപ്പെടുത്തുകയാണോ അഭികാമ്യം?
-താജുദ്ദീൻ മുസ്‌ലിയാർ പാണ്ടിക്കാട്

വ്യാപാര സ്ഥാപനങ്ങളും ഗവൺമെന്റും പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇസ്‌ലാം കർശനമായി നിരോധിച്ച പലിശ ഇടപാടുകൾ അനുവദനീയമാവുകയില്ല. ഗവൺമെന്റ് ആനുകൂല്യങ്ങളും സൗകര്യങ്ങളും സൗജന്യങ്ങളും നഷ്ടപ്പെടുമെന്നതും പലിശ ഇടപാടുകൾ അനുവദനീയമാക്കുകയില്ല. ബേങ്കുമായി ഇടപാടുകളാവശ്യമായി വരുമ്പോൾ ഇസ്‌ലാം നിരോധിച്ച പലിശ വരാത്ത വിധത്തിൽ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.

കത്തു മുഖേനയുള്ള ത്വലാഖ്

എഴുത്തിലൂടെ ത്വലാഖ് ചൊല്ലുമ്പോൾ ഭർത്താവ് തന്നെ എഴുതണമെന്നുണ്ടോ. ത്വലാഖ് എഴുതി അയക്കാൻ ഭർത്താവ് മറ്റൊരാളെ ഏൽപിച്ചാൽ വിവാഹമോചനം സംഭവിക്കുകയില്ലെന്നുണ്ടോ?

സൈദലവി മുസ്‌ലിയാർ മലപ്പുറം

ഭർത്താവ് തന്നെ എഴുതണമെന്നില്ല. മറ്റൊരാൾ എഴുതിയാലും ത്വലാഖ് സംഭവിക്കുന്നതാണ്. പക്ഷേ എഴുതുമ്പോൾ ത്വലാഖിന്റെ നിയ്യത്ത് നിർബന്ധമാണ്. ത്വലാഖ് നടത്തുന്നുവെന്ന നിയ്യത്തില്ലാതെ ത്വലാഖിന്റെ വാചകം എഴുതിയതുകൊണ്ട് വിവാഹമോചനം സംഭവിക്കുകയില്ല. അപ്രകാരം തന്നെ ത്വലാഖിന്റെ വാചകം എഴുതാൻ മറ്റൊരാളെ ഏൽപിക്കുകയും അദ്ദേഹം എഴുതുമ്പോൾ ഭർത്താവ് നിയ്യത്ത് നിർവഹിക്കുകയും ചെയ്താലും ത്വലാഖ് സംഭവിക്കുന്നതല്ല. വിവാഹമോചനം നടത്തുന്നുവെന്ന നിയ്യത്തോടെ ഭർത്താവ് തന്നെ എഴുതണം. അല്ലെങ്കിൽ എഴുതാനും നിയ്യത്ത് വെക്കാനും ഭർത്താവ് മറ്റൊരാളെ ഏൽപിക്കുകയും ആവശ്യമായ നിയ്യത്തോടെ അദ്ദേഹം എഴുതുകയും വേണം. എങ്കിലേ എഴുത്തിലൂടെ വിവാഹമോചനം സംഭവിക്കുകയുള്ളൂ (തുഹ്ഫ 8/22, നിഹായ 6/437).

ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

 

Exit mobile version