മരണത്തോടെ എല്ലാം അസ്തമിക്കുന്നു എന്നുള്ള വിശ്വാസത്തില്‍ നിന്നാണ് മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ കര്‍മങ്ങളില്‍ നിന്ന് ഗുണം ലഭിക്കില്ല എന്ന വിചാരം വെച്ചുപുലര്‍ത്താന്‍ ചിലരെ നിര്‍ബന്ധിതരാക്കുന്നത്. അതോടൊപ്പം ഖുര്‍ആന്‍, ദിക്ര്, സ്വലാത്ത് എന്നിവക്ക് വലിയ മഹത്ത്വമുണ്ടെന്ന് സമ്മതിക്കാനുള്ള അഹങ്കാരവും. അഹങ്കാരമാണല്ലോ പുത്തന്‍ ചിന്തയുടെ സ്രോതസ്സ്.
മരണപ്പെട്ടവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ ചെയ്യുന്ന സുകൃതങ്ങള്‍ മരണപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നും അതിന്റെ പുണ്യവും മധുരവും അവര്‍ അനുഭവിക്കുമെന്നുമാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. മരണപ്പെട്ടവരുമായുള്ള ആത്മബന്ധം നിലനിര്‍ത്താന്‍ ഖുര്‍ആന്‍, ദിക്ര്, ദാനധര്‍മങ്ങള്‍ അടക്കമുള്ള പുണ്യങ്ങള്‍ ചെയ്തു വന്നവരായിരുന്നു കഴിഞ്ഞകാല വിശ്വാസികളെല്ലാം. സൂറതു തൗബയിലെ 105ാം വചനം വ്യാഖ്യാനിച്ച് ഇബ്നു കസീര്‍ എഴുതുന്നു: “ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മരണപ്പെട്ടവര്‍ക്ക് അല്ലാഹു വെളിപ്പെടുത്തും. ജാബിറുബ്നു അബ്ദുല്ല പറയുന്നു; നബി(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ അമലുകള്‍ കുടുംബങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അവരുടെ ഖബ്റുകളില്‍ കാണിക്കപ്പെടും. അമലുകള്‍ പുണ്യകരമാണെങ്കില്‍ അവര്‍ സന്തോഷിക്കും. ഇല്ലെങ്കില്‍, അല്ലാഹുവേ! നിന്നെ അനുസരിക്കാന്‍ അവര്‍ക്ക് തോന്നിപ്പിക്കേണമേ എന്നവര്‍ പ്രാര്‍ത്ഥിക്കും’ (ഇബ്നുകസീര്‍ 2/388).
നിങ്ങളില്‍ മരിച്ചവര്‍ക്കു വേണ്ടി യാസീന്‍ ഓതണമെന്ന് ഹദീസില്‍ കാണാം (മിശ്കാത്ത് 2/331). ഇതിന്റെ വ്യാഖ്യാനത്തില്‍ മുല്ലാ അലിയ്യുല്‍ഖാരി പറഞ്ഞു: “ഈ ഹദീസിന്റെ പ്രത്യക്ഷാര്‍ത്ഥം മരണപ്പെട്ടവന് യാസീന്‍ ഓതണമെന്നാണ്. അത് സുന്നത്താണ്. ഖബറിനടുത്തു വെച്ച് ഓതണമെന്ന താല്പര്യമാണിതെന്ന് പറഞ്ഞവരും ഉണ്ട്. ഒരാള്‍ അവന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കുകയും യാസീന്‍ ഓതുകയും ചെയ്താല്‍ അതിന്റെ ഓരോ അക്ഷരത്തിന്റെയും കണക്കെ അല്ലാഹു അവന് പൊറുത്തുകൊടുക്കും എന്ന ഇബ്നു അദിയ്യിന്റെ ഹദീസാണ് അവര്‍ക്ക് തെളിവ് (മിര്‍ഖാത് 2/388).
പ്രമുഖ ഹമ്പലി പണ്ഡിതനായ ഇബ്നുഖുദാമ എഴുതുന്നു: സല്‍കര്‍മം ഏത് തന്നെയായാലും അതിന്റെ പുണ്യം മുസ്ലിമായ മയ്യിത്തിന് ലഭിക്കും. ദുആ, ഇസ്തിഗ്ഫാര്‍, സ്വദഖ എന്നിവ ലഭിക്കുമെന്നതില്‍ ഒരഭിപ്രായ വ്യത്യാസവും ഇല്ലതന്നെ. വിശ്വാസം കൊണ്ട് കഴിഞ്ഞുപോയ സഹോദരങ്ങള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുക്കേണമേ എന്ന ഖുര്‍ആനിന്റെ പ്രാര്‍ത്ഥനയും, വിശ്വാസികളായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും നിങ്ങള്‍ക്കും പൊറുക്കല്‍ തേടുക എന്ന നബിയോടുള്ള ഖുര്‍ആന്‍ കല്പനയും അതാണ് പഠിപ്പിക്കുന്നത്. അബൂസലമക്ക് വേണ്ടി നബി(സ്വ) നടത്തിയ ദുആയും അതിന് തെളിവാണ്. ഒരാള്‍ നബിയോട് ചോദിച്ചു: എന്റെ ഉമ്മ പെട്ടെന്ന് മരണപ്പെട്ടു. ഞാന്‍ അവര്‍ക്ക് വേണ്ടി സ്വദഖ ചെയ്താല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കുമോ? നബി(സ്വ) പറഞ്ഞു: ലഭിക്കും. മരണപ്പെട്ട ഉമ്മക്ക് ഖളാആയ നോമ്പുകള്‍ എനിക്ക് നിര്‍വഹിക്കാമോ എന്നു ചോദിച്ച സ്ത്രീയോട് നബി(സ്വ) പറഞ്ഞത് നോല്‍ക്കണമെന്നാണ്. ഇതെല്ലാം സ്വഹീഹായ ഹദീസുകളാണ്. ഇവയൊക്കെ ബോധ്യപ്പെടുത്തുന്നത് നോന്പ്, ദുആ, ഇസ്തിഗ്ഫാര്‍ അടക്കമുള്ള സല്‍കാര്യങ്ങളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നാണ് (ഇബ്നു ഖുദാമ, മുഗ്നി 2/425).
ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്ലിംകള്ക്കിടയില് ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്ലിം).
ഖബറില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ടു പേര്‍ക്ക് മോചനത്തിന് വേണ്ടി ഖബ്റുകള്‍ക്കു മേല്‍ നബി(സ്വ) ഈത്തപ്പന തണ്ട് നട്ട സംഭവം പറയുന്ന ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതി: ഈ ഹദീസിന്റെ വെളിച്ചത്തില്‍ ഖബ്റിന്നരികെ ഖുര്‍ആന്‍ ഓതുന്നത് പുണ്യമാണെന്നാണ് പണ്ഡിത മതം. കേവലം ഒരു ചെടിയുടെ തസ്ബീഹ് കൊണ്ട് മയ്യിത്തിന് പ്രതിഫലം ലഭിക്കുമെന്ന് വരുമ്പോള്‍ ഏറ്റവും പ്രതിഫലം ലഭിക്കാന്‍ അര്‍ഹതപ്പെട്ടതാണ് ഖുര്‍ആന്‍ പാരായണം (ശറഹു മുസ്ലിം).
മയ്യിത്തിന്റെ ബന്ധുക്കള്‍ പാരായണം ചെയ്യുന്ന ഖുര്‍ആന്‍, തസ്ബീഹ്, ഹംദ്, തഹ്ലീല്, തക്ബീര്‍ തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമോ എന്ന ചോദ്യത്തിന് ബിദഇകള്‍ക്കു സ്വീരാര്യനായ ഇബ്നുതീമിയ്യ പോലും നല്കിയ മറുപടി ലഭിക്കുമെന്നാണ് (ഫതാവാ ഇബ്നുതീമിയ്യ 24/364).
ഇബ്നുഖയ്യിം ഒന്നുകൂടി ശക്തമായി പറഞ്ഞതിങ്ങനെ: “മറവ് ചെയ്യുന്ന സമയത്ത് ഖബ്റിന്നരികെ ഖുര്‍ആന്‍ പാരായണം ചെയ്യണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നവരായിരുന്നു സലഫ്. മാത്രമല്ല നിസ്കാരം, നോന്പ്, ദിക്ര് പോലുള്ള കര്‍മങ്ങളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന വീക്ഷണമാണ് ഇമാം അഹ്മദ്(റ) അടക്കമുള്ള പൂര്‍വികരുടേത്. മയ്യിത്തിന് പ്രതിഫലം ലഭിക്കില്ലെന്ന വാദം പുത്തന്‍ ചിന്തയാണ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് അടക്കമുള്ള പ്രമാണങ്ങളും മതത്തിന്റെ മറ്റു നിയമങ്ങളും മയ്യിത്തിന് വേണ്ടി ചെയ്യുന്ന സല്‍കര്‍മങ്ങളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന വാദത്തെയാണ് പിന്തുണക്കുന്നത്. മരിച്ചവര്‍ക്കു വേണ്ടി നബി(സ്വ) ദുആ ചെയ്തതും ദുആ ചെയ്യാന്‍ പഠിപ്പിച്ചതും സ്വഹാബത്തും താബിഉകളുമടക്കമുള്ളവരുടെ മാര്‍ഗവും അവര്‍ മുതല്‍ കൈമാറി പോന്ന സരണിയും അതു തന്നെയാണ്. എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തയത്ര തെളിവുകള്‍ ഇതിന് ഉദ്ധരിക്കാന്‍ കഴിയും (കിതാബുര്‍റൂഹ്).
മദ്ഹബിന്റെ വീക്ഷണം
ഖുര്‍ആന്‍ പാരായണം പോലുള്ളവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന വിഷയത്തില്‍ നാല് മദ്ഹബുകളും ഏക വീക്ഷണത്തിലാണ്. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: ഇമാം ശാഫിഈ(റ)യും അനുയായികളും മയ്യിത്തിനരികെ ഖുര്‍ആന്‍ ഓതി ഉടനെത്തന്നെ ദുആ ചെയ്യല്‍ സുന്നത്താണെന്ന് വ്യക്തമായി രേഖപ്പെടുത്തിയവരാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ പുണ്യം മയ്യിത്തിന് ലഭിക്കും (തുഹ്ഫ 7/74).
പ്രമുഖ ഹനഫി പണ്ഡിതനായ ഇബ്നു ആബിദീന്‍ പറയുന്നു: “ശാഫിഈ പണ്ഡിതരില്‍ നിന്ന് രേഖപ്പെടുത്തുന്ന അഭിപ്രായം ഇങ്ങനെയാണ്: മയ്യിത്തിന്റെ സാന്നിധ്യത്തിലോ അല്ലാതെയോ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതാണ്. കാരണം ഖുര്‍ആന്‍ പാരായണം ചെയ്യുന്നിടത്ത് അല്ലാഹുവിന്റെ റഹ്മത്തും ബറകത്തും വര്‍ഷിക്കും. പാരായണത്തിനുടനെ ദുആ നടത്തണം. ഖുര്‍ആന്‍ പാരായണം സ്വീകരിക്കാന്‍ അത് ആവശ്യമാണ്. എന്നാല്‍ നമ്മുടെ വീക്ഷണം ദുആ ഇല്ലാതെത്തന്നെ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നാണ്’ (അല്‍ബിദായ ശറഹു ഹിദായ 3/306).
മാലികി പണ്ഡിതനായ ഖാളി അബുല്‍ ഫള്ല് രണ്ട് ഖബ്റുകള്‍ക്ക് മേല്‍ നബി(സ്വ) പന തണ്ട് കുത്തിയ സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വിശദീകരണത്തില്‍ ഇങ്ങനെ എഴുതി: ഈ സംഭവത്തില്‍ നിന്ന് ഖുര്‍ആന്‍ പാരായണം മയ്യിത്തിന് വേണ്ടി നടത്തല്‍ സുന്നത്താണെന്ന് പണ്ഡിതന്മാര് വിവക്ഷിക്കുന്നുണ്ട്’ (ശറഹു ശൈഖ് മുഹമ്മദ് ഖലീഫ അലാ സ്വഹീഹിമുസ്ലിം 2/125).
ഹമ്പലി പണ്ഡിതനായ ഇബ്നുഖുദാമ പറയുന്നു: മയ്യിത്തിനടുക്കല്‍ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിന്റെ പ്രതിഫലം ഹദ്യ ചെയ്യുകയും ചെയ്താല്‍ ഓതുന്നവനും മയ്യിത്തിനും അതിന്റെ പ്രതിഫലം ലഭിക്കും. ഇത് മുസ്ലിംകളുടെ ഏകാഭിപ്രായമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്ലിംകളും മയ്യിത്തിനു വേണ്ടി ഒരുമിച്ചുകൂടി ഖുര്‍ആന്‍ പാരായണം നടത്തി ഹദ്യ ചെയ്യുന്ന സന്പ്രദായം ഒരു ആക്ഷേപവുമില്ലാതെ നടത്തിവരുന്നതാണ്’ (മുഗ്നി).
ഇബ്നുതീമിയ്യയുടെ മരണശേഷം ഖബ്റിന്നരികില്‍ ദിവസങ്ങളോളം അനുയായികള്‍ ഖുര്‍ആന്‍ ഖത്മുകള്‍ നടത്തിയത് പ്രിയ ശിഷ്യരായ ഇബ്നുകസീര്‍ തന്റെ അല്‍ബിദായത്തു വന്നിഹായയിലും ഹാഫിളുദ്ദഹബി സിയറു അഅ്ലാമിന്നുബല 21/380ലും എടുത്തുദ്ധരിക്കുന്നുണ്ട്.
ചുരുക്കത്തില്‍, മരണപ്പെട്ട വിശ്വാസിയുടെ പരലോക നന്മക്കായി ബന്ധുക്കളോ മറ്റോ സല്‍കര്‍മങ്ങള്‍ നിര്‍വഹിച്ച് പ്രതിഫലം ഹദ്യ ചെയ്താല്‍ ചെയ്തവര്‍ക്കു ലഭിക്കുന്നതു പോലെ പരേതര്‍ക്കും ലഭിക്കും. മുന്‍കാല ബിദഈ ആചാര്യന്മാര് വരെ ഇത് പ്രാവര്‍ത്തികമാക്കി. പുതിയ അനുയായികള്‍ പക്ഷേ, അജ്ഞത നടിക്കുകയാണ്.
അബ്ദുറഹ്മാന് ദാരിമി സീഫോര്‍ത്ത്