മര്‍ഹബന്‍ യാ റമളാന്‍

വിശുദ്ധ റമളാന്‍ സമാഗതമാവുകയായി. വിശ്വാസികള്‍ മാസങ്ങളോളം പ്രാര്‍ത്ഥനാ വചനങ്ങള്‍ ഉരുവിട്ടുകൊണ്ട് കാത്തിരിക്കുന്ന പുണ്യരാവുകള്‍. റമളാനെ വരവേല്‍ക്കാന്‍ റജബിലും ശഅ്ബാനിലും ഭക്തിസാന്ദ്രമായി പ്രാര്‍ത്ഥിക്കാന്‍ തിരുവരുള്‍ വന്നതാണ്. ചുരുങ്ങിയത് രണ്ടു മാസത്തെ തയ്യാറെടുപ്പെങ്കിലും നടത്തിയെങ്കിലേ റമളാനിനര്‍ഹിക്കുന്ന സ്വീകരണം നല്‍കാന്‍ സാധ്യമാകൂ. അത്രമേല്‍ മഹോന്നതമാണ് പുണ്യവസന്തം.

സ്വര്‍ഗപ്രവേശവും നരക മോചനവുമാണല്ലോ ജീവിത ലക്ഷ്യങ്ങളില്‍ അത്യന്താപേക്ഷിതമായത്. എങ്കിലിതാ, കത്തിയാളുന്ന നരകം രോഷം കടിച്ചമര്‍ത്തുന്ന, സ്വര്‍ഗം സര്‍വവിഭൂഷിതയായി തുറന്നു വെക്കുന്ന സുവര്‍ണകാലം.

അബൂ ഹുറൈറ(റ)യില്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ‘റമളാന്‍ ആഗതമായാല്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും’ (ബുഖാരി, മുസ്ലിം).

സ്വര്‍ഗം എന്ന ജീവിതലക്ഷ്യം വളരെ സുഗമമായി കരഗതമാക്കാന്‍ ഒരുമാസം നമ്മിലേക്ക് ആഗതമാകുമ്പോള്‍ അര്‍ഹമായ സ്വീകരണം നല്‍കുന്നില്ലെങ്കില്‍, ഉദ്ദേശിച്ച ഫലം ലഭിച്ചെന്ന് വരില്ല. പൂര്‍വികര്‍ വര്‍ഷം മുഴുവന്‍ റമളാനും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ് കൂടുമായിരുന്നു എന്ന് കാണാം. വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ അവരുടെ പ്രാര്‍ത്ഥന’ റബ്ബേ, ഞങ്ങളെ നീ റമളാനിലേക്കെത്തിക്കേണമേ എന്നായിരുന്നു, റമളാനായാല്‍ അവര്‍ ആരാധനകളിലും സദ്പ്രവര്‍ത്തനങ്ങളിലും മുഴുകുകയും ചെയ്യും. റമളാന്‍ വിടപറഞ്ഞാല്‍ ശേഷമുള്ള മാസങ്ങളില്‍ റമളാനില്‍ ചെയ്ത അമലുകള്‍ സ്വീകരിക്കുവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലായിരിക്കും അവര്‍.

‘നനച്ചുകുളി’ റമളാന്‍ മുന്നൊരുക്കത്തിന്‍റെ അവിഭാജ്യ ഘടകമായിരുന്നു. വീടും പരിസരവും റമളാനിനെ സ്വീകരിക്കാന്‍ വേണ്ടി കഴുകി വൃത്തിയാക്കുന്നതിനെയാണ് ‘നനച്ചുകുളി’ എന്നു പറയുന്നത്. വീടും പരിസരവും മാത്രം വൃത്തിയായാല്‍ പോര, ഹൃദയവും നനച്ച് കുളിയില്‍ ശുദ്ധീകരിക്കപ്പെടണം. കാരണം, ചിത്രത്തിന്‍റെ ഭംഗി ആസ്വദിക്കണമെങ്കില്‍ വരച്ച പ്രതലം നന്നായിരിക്കണം. ചെളിപുരണ്ട പ്രതലത്തില്‍ ചായം തേച്ചാല്‍ തെളിഞ്ഞു കൊള്ളണമെന്നില്ല. ആദ്യം പ്രതലം വൃത്തിയാക്കണം, എന്നിട്ട് ചായം തേച്ചു തുടങ്ങണം. ഇങ്ങനെ ഹൃദയവും ശരീരവുമാകുന്ന ക്യാന്‍വാസ് കഴുകി ശുദ്ധീകരിച്ച് റമളാനില്‍ ചായം തേക്കാനുള്ള പ്രതലമാക്കാനുള്ള സമയമാണ് റജബും ശഅ്ബാനും. ഇവ വേണ്ടതുപോലെ ഉപയോഗിക്കാത്തവര്‍ക്ക് വ്യക്തമായി ചിത്രം പതിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അത്തിരമാളുകള്‍ തൗബയും മറ്റുമായി ഇനിയെങ്കിലും ഉണര്‍ന്നെണീക്കേണ്ടതുണ്ട്.

റമളാന്‍ എന്ന പദത്തിന്‍റെ ഒരോ അക്ഷരത്തെയും വിശദീകരിക്കുന്നുണ്ട് മുഹ്യുദ്ദീന്‍ ശൈഖ്(റ) തന്‍റെ ‘ഗുന്‍യ’ എന്ന കിതാബില്‍. റാഅ് അല്ലാഹുവിന്‍റെ തൃപ്തി(രിള)യുടെ മേലിലും മീം അല്ലാഹുവിന്‍റെ മഹബ്ബ(സ്നേഹ)ത്തിന്‍റെ മേലിലും ള്വാദ് അവന്‍റെ ഉത്തരവാദിത്വത്തിന്‍റെ മേലിലും നൂന് അല്ലാഹുവിന്‍റെ നൂറിന്‍റെ മേലിലും അറിയിക്കുന്നു. അഥവാ റമളാനിനെ വേണ്ടത് പോലെ ഉപയോഗിക്കുന്നവന്‍ പൂര്‍ണമായും സ്രഷ്ടാവായ അല്ലാഹുവിന്‍റെ തൃപ്തിയിലും സ്നേഹത്തിലും കൃപയിലുമായി അവന്‍റെ ഉത്തരവാദിത്വത്തിലായിരിക്കും. പിന്നെ എന്തുണ്ട് ഒരു അടിമക്ക് ഭയപ്പെടാന്‍?

ചുരുക്കത്തില്‍ സ്വര്‍ഗവും അതിലുള്ള സകലതും നമ്മെ കാത്തിരിക്കുകയാണ്. റമളാന്‍ പ്രവേശിച്ചാല്‍ സ്വര്‍ഗം പറയുമത്രേ: റബ്ബേ, എന്നെ നിന്‍റെ അടിമകളെ കൊണ്ട് നിറക്കേണമേ.

സ്വര്‍ഗത്തിലെ ഹൂറികള്‍ പറയും: റബ്ബേ, ഞങ്ങള്‍ക്ക് നിന്‍റെ അടിമകളില്‍ നിന്ന് ഇണകളെ നല്‍കേണമേ.

തിരുനബി(സ്വ) ഇങ്ങനെ പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) പറയുന്നുണ്ട്: റമളാനിനെ വേണ്ടത് പോലെ സ്വീകരിക്കാനും ഉപയോഗപ്പെടുത്താനും അല്ലാഹു തൗഫീഖ് നല്‍കട്ടെ.

സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി

Exit mobile version