മലബന്ധവും ചികിത്സയും

മലബന്ധം ഇന്ന് വ്യാപകമായി കണ്ടുവരുന്നു. ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് ഭിഷഗ്വരന്മാര്‍ മലബന്ധത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായക്ക് ഒരു നിയന്ത്രണവുമില്ലാതെ വാരിവലിച്ച് കഴിക്കുകയും കഷ്ടിച്ച് ഒരു നേരം ടോയ്ലറ്റില്‍ പോവുകയും ചെയ്താല്‍ നാം ശരിയായ മലശോധനയായി എന്നു പറയും. എന്നാല്‍ വ്യൈശാസ്ത്രം ദിവസത്തില്‍ ഒരു നേരം മാത്രം ടോയ്ലറ്റില്‍ പോകുന്നതിനെ മലബന്ധത്തിന്റെ ലക്ഷണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇന്ത്യാക്കാരില്‍ 98% ആളുകള്‍ക്കും മലബന്ധമാണെന്ന് പറയേണ്ടിവരും.

മലബന്ധത്തിന് വിവിധതരം മരുന്നുകള്‍ വിപണിയിലുണ്ട്. അതില്‍ ആയുര്‍വേദ മരുന്നുകള്‍ക്കാണ് കൂടുതല്‍ മാര്‍ക്കറ്റുള്ളത്. ഏതുതരം മരുന്നുകളായിരുന്നാലും ഗുണത്തേക്കാളേറെ ദോഷകരമാവുകയാണ് ചെയ്യുക. മലവിസര്‍ജനം സ്വാഭാവികമായി നടക്കേണ്ട പ്രക്രിയയാണ്; മരുന്നിന്റെ സഹായത്താല്‍ നടക്കേണ്ടതല്ല. അങ്ങനെ നടക്കുന്നുവെങ്കില്‍ പിന്നെ മരുന്നില്ലാതെ വിസര്‍ജനം നടക്കാതെ വരുകയും നിരന്തരമായ മരുന്നുപയോഗം വന്‍കുടലിനെയും ഏനസിനെയും ദുര്‍ബലമാക്കുകയും മറ്റു പലരോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. മലബന്ധത്തിന്റെ അനുബന്ധമായി ഉണ്ടാകുന്ന രോഗങ്ങളാണ് മൂലക്കുരു, അര്‍ശസ് തുടങ്ങിയവ. ഇത്തരം രോഗങ്ങളെല്ലാം ഒന്നുതന്നെയാണ്. വിവിധ രീതിയിലായതുകൊണ്ട് പല പേരുകളില്‍ അറിയപ്പെടുന്നുവെന്നുമാത്രം. രോഗകാരണങ്ങളും ഏറെക്കുറേ ഒന്നുതന്നെയാണ്. ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ ദഹനപ്രശ്നങ്ങളാണെന്നു മനസ്സിലാക്കാന്‍ കഴിയും.

രോഗലക്ഷണം മാറുന്നതുവരെ ഉപവസിക്കുക എന്നതാണ് ശരിയായ രീതി. ദിവസം പല തവണ ഭക്ഷണം കഴിക്കുകയും ഒരിക്കല്‍ ടോയ്ലറ്റില്‍ പോകുകയും ചെയ്യുന്ന ശൈലി മാറ്റി ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കികൊണ്ട് രോഗലക്ഷണം മാറുന്നതുവരെ ഉപവസിക്കുക. ശുദ്ധമായ പച്ചവെള്ളം എത്രവേണമെങ്കിലും കുടിക്കുക, ക്ഷീണമുണ്ടെങ്കില്‍ കരിക്കിന്‍വെള്ളം, തേന്‍ വെള്ളം ഉപയോഗിക്കാം. രോഗലക്ഷണം മാറിയാല്‍ ആദ്യത്തെ മൂന്ന് ദിവസം ജ്യൂസുകളും പിന്നെ നാല് ദിവസം പച്ചക്കറികളും പഴവര്‍ഗങ്ങളും മാത്രം കഴിച്ചു തുടരുക. ശേഷം രണ്ടു നേരം വേവിച്ച ഭക്ഷണവും രാത്രിയില്‍ പരമാവധി പച്ചക്കറികളും പഴവര്‍ഗങ്ങളും ജ്യൂസുകളും മാത്രം. ഇത് ജീവിത ശൈലിയായി തുടരുക. ഉഴുന്ന്, പുളിപ്പിച്ച മാവ്കൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങള്‍, അച്ചാറുകള്‍, ബേക്കറി സാധനങ്ങള്‍, കോളകള്‍, ഐസ്ക്രീം, ചോക്ലേറ്റുകള്‍ തുടങ്ങിയവയും മുകളില്‍ പരാമര്‍ശിച്ച പദാര്‍ത്ഥങ്ങളും പൂര്‍ണമായും ഒഴിവാക്കുക. രോഗം പൂര്‍ണമായും മാറിക്കഴിഞ്ഞാല്‍ (മൂന്ന് മാസം കഴിഞ്ഞ്) ഇറച്ചിയും മീനും കറിവെച്ച് കഴിക്കാവുന്നതാണ്. (പൊരിച്ചത് പച്ചക്കറികള്‍ ഇട്ട് വേവിച്ച്, പച്ചക്കറി സലാഡിനോടൊപ്പം, ഇലക്കറികള്‍ ചേര്‍ത്ത് ഉച്ചക്ക് ഒരു നേരം എരിവും പുളിയും ഉപ്പും കുറച്ച് ഉപയോഗിക്കുക).

രോഗാവസ്ഥ കൂടിനില്‍ക്കുമ്പോള്‍ ഒരു ബയ്സനില്‍ അരഭാഗം വെള്ളം നിറച്ച് കാലുകള്‍ പുറത്താക്കി ഇരിക്കുന്നതും (ഒശു ആമവേ) ചില ഔഷധ ഇലകള്‍ (വാഴപ്പിണ്ടി + തഴുതാമ) ജ്യൂസാക്കി കുടിക്കുന്നതും രോഗത്തിന്റെ തീവ്രത കുറക്കാന്‍ സഹായിക്കും. മലം അയഞ്ഞു പോകുന്നതും, ദിവസം ആറ്/ഏഴ് പ്രാവശ്യം പോകുന്നതും, മലവിസര്‍ജനം നടന്നാലും തൃപ്തിവരാത്തതും, വീണ്ടും പോകണമെന്ന് തോന്നുന്നതും, മലം കട്ടിയായി പോകുന്നതും പോകുമ്പോഴും അതിനുശേഷവും വേദന, നീറ്റല്‍, കടച്ചില്‍, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുന്നതും മലത്തോടൊപ്പം രക്തം, പഴുപ്പ്, ചളി പോകുന്നതും കീഴ്വായുശല്യം കൂടുന്നതും, ദുര്‍ഗന്ധത്തോടെ പുറത്തേക്ക് പോകുന്നതും എല്ലാം മലബന്ധത്തിന്റെ ലക്ഷണങ്ങളില്‍ പെടുത്തേണ്ടതാണ്. അതിനെല്ലാം മലബന്ധത്തിന് നിര്‍ദേശിച്ച ചികിത്സതന്നെ മതിയാവും.

ഡോ. കരകുളം നിസാമുദ്ദീന്‍

Exit mobile version