മാതൃനന്മയുടെ ഫലങ്ങൾ

പരലോക വിജയമാണ് മനുഷ്യ ജന്മത്തിന്റെ പരമലക്ഷ്യം. അതിന് ഉപയുക്തമായ നിരവധി കർമങ്ങൾ മതം പഠിപ്പിച്ചിട്ടുണ്ട്. സ്വർഗം നേടുന്നതിനൊപ്പം ഭൗതിക ലോകത്തും വലിയ ഗുണം ലഭിക്കുന്ന പുണ്യമാണ് മാതാപിതാക്കൾക്ക് നന്മ ചെയ്തുകൊടുക്കൽ.

മനോഹരമായ ഭൗതിക ജീവിതത്തിന്റെ തിരശ്ശീലയാണല്ലോ മരണം. പാരത്രിക ജീവിതത്തിന്റെ കൃഷി ഭൂമിയായ നശ്വരലോകത്ത് ദീർഘായുസ്സോടെ വാഴാൻ കൊതിക്കാത്തവരുണ്ടാവില്ല. സത്യവിശ്വാസിക്ക് കൂടുതൽ നന്മ ചെയ്യാനും അനന്തര ജീവിതത്തിനായി ധാരാളം വിഭവങ്ങളൊരുക്കാനും സഹായകമാണ് ഭൗതിക ജീവിതത്തിലെ ദീർഘവാസം. മാതാപിതാക്കൾക്ക് ഗുണം ചെയ്യുക നിമിത്തം ആയുസ്സ് വർധിപ്പിക്കാൻ സാധിക്കുമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

അനസ്(റ) ഉദ്ധരിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു: ദീർഘായുസ്സ് ലഭിക്കുന്നതും ഭൗതിക സൗകര്യങ്ങളിൽ വർധനവുണ്ടാകുന്നതും ആരെയെങ്കിലും സന്തോഷിപ്പിക്കുന്നെങ്കിൽ അവർ മാതാപിതാക്കൾക്ക് ഗുണം ചെയ്യുകയും കുടുംബ ബന്ധം ചേർക്കുകയും ചെയ്യട്ടെ (അഹ്മദ്).

മറ്റൊരു ഹദീസ് കാണുക. നബി(സ്വ) പറഞ്ഞു: മാതാപിതാക്കൾക്ക് നന്മ ചെയ്യുന്നവന് മംഗളം. അല്ലാഹു അവന്റെ ആയുസ്സ് വർദ്ധിപ്പിച്ചിരിക്കുന്നു (അൽ അദബുൽ മുഫ്‌റദ്).

ആയുസ്സ് വർധിക്കുമെന്നതിന് വിവിധ വ്യാഖ്യാനങ്ങളുണ്ട്. പണ്ഡിതവിശദീകരണങ്ങളിൽ ചിലത് ഇപ്രകാരമാണ്:

1) പരലോകത്ത് ഉപകരിക്കുന്ന പ്രവർത്തനങ്ങളിൽ നിരതനായി, ആയുസ്സ് പാഴായി പോവുന്നതിൽ നിന്ന് സംരക്ഷണമേകുന്ന നന്മക്ക് തൗഫീഖ് ലഭിക്കുക. ഇങ്ങനെ ജീവിതം അനുഗ്രഹീതമാകും എന്നാണ് ആയുസ്സ് വർധിക്കും എന്നത് കൊണ്ട് വിവക്ഷ.

2) ഹദീസിന്റെ നേർസൂചന പോലെ ആയുസ്സ് തന്നെ വർധിക്കുമെന്നും വിവക്ഷയുണ്ട്. മലക്കുൽ മൗതിന്റെ അറിവിനെ അപേക്ഷിച്ചാണിത്. അല്ലാഹുവിന്റെ ഇൽമിലേക്ക് നോക്കിയല്ല.

3) മരണ ശേഷവും അവന്റെ കീർത്തി നില നിൽക്കും എന്നാണ് ആയുസ്സ് വർധനവ് കൊണ്ട് ഉദ്ദേശിക്കുന്നത്. മരിച്ചാലും മരിക്കാത്തവനെപ്പോലെ. കാരണം ഒരാൾക്ക് നിശ്ചയിച്ച ആയുസ്സ് വർധിക്കുകയോ കുറയുകയോ ചെയ്യില്ലല്ലോ.

ഭക്ഷണത്തിൽ വർധനവ്

ദുഷ്പ്രവർത്തനങ്ങൾ ചെയ്യുന്നവന് രിസ്ഖ് (ഭക്ഷണം, ഭൗതികാഭിവൃദ്ധികൾ) തടയപ്പെടുമെന്നത് പോലെ നന്മയും ആരാധനയും രിസ്ഖിൽ വർധനവുണ്ടാകാനുള്ള ഹേതുകങ്ങളാണ്. മാതാപിതാക്കൾക്ക് നന്മ ചെയ്യുക നിമിത്തം രിസ്ഖിൽ വർദ്ധനവുണ്ടാവുമെന്നും മുമ്പുദ്ധരിച്ച നബിവചനത്തിൽ നിന്നു മനസ്സിലാക്കാം.

അല്ലാഹു ഓരോ മനുഷ്യനും ജീവിതാന്ത്യം വരെയുള്ള വിഭവങ്ങൾ ‘ലൗഹുൽ മഹ്ഫൂളിൽ’ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതിൽ ഒരു മാറ്റവുമുണ്ടാവുകയില്ല. എങ്കിൽ ഭക്ഷണത്തിൽ വർധനവുണ്ടാകുമെന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്താണ്?. ഭക്ഷണത്തിൽ ബറകത്ത് ഉണ്ടാകുന്നത് മൂലം കുറഞ്ഞത് കൊണ്ട്തന്നെ തൃപ്തിപ്പെടുന്ന അവസ്ഥയുണ്ടാവുമെന്നാണ് ഒരർത്ഥം. പ്രയാസങ്ങളും പരീക്ഷണങ്ങളും ദൂരീകരിക്കപ്പെടുമെന്നാണ് മറ്റുചിലർ അതിനെ വ്യാഖ്യാനിച്ചത്.

ദുർമരണം തടയാം

ദുർമരണം പാരത്രിക ലോകത്തെ നഷ്ടങ്ങൾക്ക് കാരണമാകും. മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നത് കൊണ്ട് അത്തരം മരണങ്ങളിൽ നിന്ന് രക്ഷ ലഭിക്കുമെന്ന് നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.

അലി(റ)വിൽ നിന്ന് നിവേദനം. പ്രവാചകർ(സ്വ) പറയുന്നു: ആയുസ്സ് വർധിക്കുന്നതും ഭക്ഷണം വിശാലമാക്കപ്പെടുന്നതും, ദുർമരണം തടയപ്പെടുന്നതും ആർക്കെങ്കിലും സന്തോഷം നൽകുന്നുവെങ്കിൽ അവൻ അല്ലാഹുവിനെ ഭയപ്പെടുകയും കുടുംബ ബന്ധം ചേർക്കുകയും ചെയ്യട്ടെ (ത്വബ്‌റാനി).

മാതാപിതാക്കളാണല്ലോ ഏറ്റവുമടുത്ത കുടുംബം. മറ്റു കുടുംബാംഗങ്ങൾ അവർ മുഖേനയാണ് നമുക്ക് ലഭിക്കുന്നത്. ദുർമരണം അല്ലാഹുവിന്റെ ശിക്ഷയും അവന്റെ കോപത്തിനിരയാകുന്നവർക്കുള്ള പരീക്ഷണവുമാണ്. ആകസ്മിക മരണങ്ങളും അപകട മരണങ്ങളും അല്ലാഹുവിലേക്ക് പശ്ചാതപിച്ച് മടങ്ങാനുള്ള അവസരം പോലും നഷ്ടപ്പെടുത്തിയേക്കാം. തഖ്‌വയും കുടുംബങ്ങളോടു ബന്ധവുമുള്ളവന് അത്തരം ഭീകര പരീക്ഷണങ്ങളിൽ നിന്ന് രക്ഷനേടാനാകുമെന്നാണ് പ്രവാചകാധ്യാപനം.

പ്രാർത്ഥനക്ക് ഫലം

പ്രാർത്ഥനക്കുത്തരം ലഭിക്കുക എന്നത് വലിയ അനുഗ്രഹമാണ്. പ്രയാസങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും രക്ഷ നേടാൻ പ്രാർത്ഥന സഹായകം. വിധിയെ തടുക്കാൻ പ്രാർത്ഥനക്കല്ലാതെ കഴിയില്ലെന്ന് തിരുവചനം. നബി(സ്വ) പറഞ്ഞ ഒരു കഥ കേൾക്കുക:

മൂന്നുപേരൊന്നിച്ച് യാത്ര ചെയ്തുകൊണ്ടിരിക്കെ കനത്ത കാറ്റും മഴയും! അവർ ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. അൽപം കഴിഞ്ഞപ്പോൾ ഒരു വൻപാറക്കല്ല് ഉരുണ്ടുവന്ന് ഗുഹാമുഖം അടച്ച്കളഞ്ഞു. ഗത്യന്തരമില്ലാതെ അവർ മുമ്പുചെയ്ത സത്കർമങ്ങൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ തുടങ്ങി. ഒരാളുടെ ദുആ ഇങ്ങനെയായിരുന്നു:

‘നാഥാ, എനിക്ക് വൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. അവരെ ഞാൻ ആത്മാർത്ഥമായി സ്‌നേഹിച്ചിരുന്നു, എന്റെ ഭാര്യ, സന്താനങ്ങളും മറ്റുള്ളവരുമെല്ലാം അവർക്ക് ശേഷമായിരുന്നു. ഞാനവർക്ക് എല്ലാവരുടേയും മുമ്പ് ഭക്ഷണം നൽകിയിരുന്നു.

ഒരിക്കൽ ഞാൻ വീട്ടിലെത്താൻ വൈകി. അവർ ക്ഷീണിതരായി ഉറങ്ങിപ്പോയിരുന്നു. ഞാൻ പാൽ കറന്നു കൊണ്ടുവന്നപ്പോഴും അവർ ഉണർന്നിട്ടില്ല. അവർ കുടിക്കാതെ മറ്റുള്ളവർക്ക് കൊടുക്കാൻ ഞാൻ ഇഷ്ടപ്പെട്ടതുമില്ല. അവർ ഉണരുന്നതും കാത്ത് ഞാനിരുന്നു, എന്റെ മക്കൾ വിശന്ന് പൊരിഞ്ഞ് കരയുന്നുണ്ടായിരുന്നു. ഞാനത് ഗൗനിച്ചില്ല, അവസാനം അവർ ഉണരുമ്പോൾ പ്രഭാതമായി. അപ്പോഴും ഞാൻ പാത്രവും പിടിച്ച് നിൽക്കുകയായിരുന്നു. അവർ വളരെ സന്തോഷിച്ചു. നാഥാ, ഈ കർമം സ്വീകാര്യമാണെങ്കിൽ ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ…’

അതാ പാറക്കല്ല് സ്വയം അൽപം നീങ്ങുന്നു. മറ്റുള്ളവരും ഇതുപോലെ ഓരോ നന്മ മുൻനിറുത്തി പ്രാർത്ഥിച്ചു കഴിഞ്ഞപ്പോഴേക്കും കല്ല്  പൂർണമായും നീങ്ങി (ബുഖാരി, മുസ്‌ലിം).

ദോഷ മുക്തനാകാം

മാതാപിതാക്കളോട് കരുണ ചെയ്യുന്നവർക്ക് അല്ലാഹു നൽകുന്ന മറ്റൊരു അനുഗ്രഹമാണ് പാപമോചനം. മലയോളം പോന്ന ദോഷമാണെങ്കിലും അതിൽ നിന്ന് രക്ഷ നേടാനും പാപം പൊറുപ്പിക്കാനുമുള്ള മാർഗങ്ങളിലൊന്നാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യൽ.

അബ്ദുല്ലാഹിബ്‌നുഉമർ(റ) ഉദ്ധരിക്കുന്നു: ഒരാൾ നബി(സ്വ)യുടെ അരികിൽ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞാൻ വൻദോഷം ചെയ്തു. എനിക്ക് തൗബയുണ്ടോ? അവിടുന്ന് ചോദിച്ചു: നിനക്ക് മാതാപിതാക്കളുണ്ടോ?  അദ്ദേഹം പറഞ്ഞു: ഇല്ല, മാതൃ സഹോദരിയുണ്ടോ? അതേയെന്നദ്ദേഹം. അപ്പോൾ റസൂൽ(സ്വ): എങ്കിലവർക്ക് നീ ഗുണം ചെയ്യുക.

ഇമാം മാലിക്(റ) പറയുന്നു: മാതാപിതാക്കൾക്ക് നന്മ ചെയ്യൽ വൻദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്. മക്ഹൂൽ(റ)വും ഇപ്രകാരം  പ്രസ്താവിച്ചതായി ശറഹുസ്സുന്നയിൽ ഇമാം ബഗ്‌വി(റ) രേഖപ്പെടുത്തുന്നു.

ഇരുലോകത്തും നന്മ

ചില നന്മകൾക്ക് ഇഹലോകത്തുവെച്ച് തന്നെ പ്രതിഫല ലബ്ധിയുണ്ടാകും, മറ്റുചിലതിന്റെ അന്ത്യ ദിനത്തിലേക്ക് മാറ്റിവെക്കപ്പെടും. എന്നാൽ തീർത്തും വ്യത്യസ്തമായ ചില സത്കർമങ്ങളുണ്ട്. ഇരു വീട്ടിലും അവയുടെ നേട്ടമനുഭവിക്കുകയും പ്രതിഫലം ലഭിക്കുകയും ചെയ്യുമെന്നതാണ് അവയെ വേറിട്ടു നിർത്തുന്നത്. മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നത് ഈ ഇനത്തിൽ പെടുന്നു.

ഗുഹയിലകപ്പെട്ട മൂന്നു വ്യക്തികളുടെ കഥ വിരൽ ചൂണ്ടുന്നത് മാതാപിതാക്കൾക്ക് ഗുണം ചെയ്തതിന്റെ ഫലം ഈലോകത്ത് അനുഭവിക്കാനായതാണ്.

ആയിശ(റ)യിൽ നിന്ന് ഉദ്ധരണം: റസൂൽ(സ്വ) പറയുന്നു: അതിവേഗത്തിൽ പ്രതിഫലം ലഭിക്കുന്ന നന്മ, ഗുണം ചെയ്യലും കുടുംബ ബന്ധം ചേർക്കലുമാണ്. അതിവേഗത്തിൽ ശിക്ഷ ലഭിക്കുന്ന തിന്മ, അക്രമവും കുടുംബ വിേേച്ഛദനവുമാണ് (ഇബ്‌നുമാജ).

മാതാവിന് അനുഗ്രഹം ചെയ്തിരുന്ന ഹാരിസത്ത്ബ്‌നു നുഅ്മാൻ(റ) സ്വർഗത്തിൽ പ്രവേശിച്ചതായും മധുരമായി ഖുർആൻ പാരായണം ചെയ്യുന്നതായും തിരുനബി(സ്വ) സ്വപ്നം കണ്ടിരുന്നു. മാതാപിതാക്കൾക്ക് നന്മ ചെയ്യുക വഴി പാരത്രിക ലോകത്ത് ലഭിക്കാൻ പോകുന്ന ഉന്നത സ്ഥാനം പ്രഭാതം പോലെ പുലരുന്ന ഈ പ്രവാചക സ്വപ്നം ബോധ്യപ്പെടുത്തുന്നു.

സ്വഹൃദയങ്ങളിൽ നന്മയുടെയും ഗുണങ്ങളുടെയും വിത്തു വിതക്കാൻ നമുക്ക് സാധിക്കണം. നമ്മുടെ പെരുമാറ്റത്തിൽ നിന്നാണ് നമ്മുടെ സന്താനങ്ങൾ നന്മയുടെ പാഠങ്ങൾ അഭ്യസിക്കേണ്ടത്. നാം മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നവരും അവരുടെ പ്രീതി കാംക്ഷിക്കുന്നവരുമാണെങ്കിൽ അതുകണ്ട് വളരുന്ന നമ്മുടെ മക്കളും ഭാവിയിൽ അതുപ്രകാരം തന്നെ നമ്മോടും നന്മ പുലർത്തും. മറിച്ചാണെങ്കിൽ നമുക്കെതിരായും പ്രവർത്തിക്കും. നബി(സ്വ) പഠിപ്പിച്ചു; നിങ്ങളുടെ പിതാക്കൾക്ക് നിങ്ങൾ ഗുണംചെയ്യുക, എങ്കിൽ നിങ്ങളോട് മക്കളും ഗുണംചെയ്യും (ഹാകിം).

 

ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ

Exit mobile version