പാരമ്പര്യ മതശീലുകളെയും പ്രമാണങ്ങളെയും പൊളിച്ചടക്കാന്‍ മോഹിച്ചു നടക്കുന്ന ബിദ്അത്ത് തീവ്രവാദ പ്രസ്ഥാനമാണ് ഈജിപ്തിലെ ഇഖ്വാനുല്‍ മുസ്ലിമീന്‍ എന്ന മുസ്ലിം ബ്രദര്‍ഹുഡ്. ഇന്നോളമുള്ള പ്രയാണത്തില്‍ തങ്ങളുടെ നൈസര്‍ഗിക താല്‍പര്യം പലപ്പോഴായി അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യന്‍ തീരുമാനങ്ങള്‍ക്കൊത്ത് മത തിരുത്തിന് കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
ടുണീഷ്യയിലും ഈജിപ്തിലുമൊക്കെ കൊട്ടിഘോഷിച്ച് അരങ്ങേറിയ മുല്ലപ്പൂവിപ്ലവം ‘വിജയി’ക്കുകയും എന്തൊക്കെ കുറവുകളുണ്ടായിരുന്നാലും സമാധാനപൂര്‍വം രാജ്യത്തെ നയിച്ചിരുന്ന ഹുസ്നി മുബാറക് തടവിലാവുകയും ചെയ്തപ്പോള്‍ വല്ല്യേട്ടന്‍ മനോഭാവത്തോടെ ഇവര്‍ മുന്‍ നിരയിലെത്തി. മറുപക്ഷത്തുണ്ടായ അനൈക്യം കാരണം ഭരണം ബ്രദര്‍ഹുഡുകാര്‍ക്കു കിട്ടുകയും ഇസ്ലാമിനെ രക്ഷപ്പെടുത്തി എണ്ണയില്‍ വറുത്തെടുക്കാനുള്ള വന്‍ദൗത്യവുമായി മുര്‍സി അധികാരത്തിലേറുകയും ചെയ്തു. അനീതിയില്ലാത്ത, ധാര്‍മിക ച്യുതിയേശാത്ത, സ്വപ്നസുന്ദര ഈജിപ്തിനായുള്ള രക്ഷകന്‍! ഈ വിഷയത്തില്‍ അദ്ദേഹത്തിനോ സഹപ്രവര്‍ത്തകര്‍ക്കോ ഇല്ലാത്ത ധൈര്യമായിരുന്നു സോളിഡാരിറ്റി ജമാഅത്തുകാര്‍ക്കുണ്ടായിരുന്നത്. അവരുടെ എല്ലാ പത്രങ്ങളും രംഗം കൊഴുപ്പിച്ചു. മഹാമുര്‍സിയെ വാഴ്ത്തി. അതിമനോഹരമായ ദൈവിക ഭരണം കാണാന്‍ കണ്ണില്‍ എണ്ണയല്ല, നെയ്യുതന്നെ ഉരുക്കിയൊഴിച്ചു കാത്തിരുന്നു. കേരളം കാണുകപോലും ചെയ്യാത്ത മെസിക്കും റൊണോള്‍ഡോക്കും വേണ്ടി കട്ടൗട്ട് സ്ഥാപിച്ച് പ്രകടനം നടത്തുന്ന പോഴത്തക്കാരെപ്പോലെ ഇവിടെ മുര്‍സിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പുരുഷസ്ത്രീ സംയുക്ത പ്രകടനം നടന്നു; ആകെ ബഹളം തന്നെ.
പക്ഷേ, അത്ര ചേലുള്ള ഈജിപ്തും മതം തിളങ്ങുന്ന ഭരണവുമൊന്നുമായിരുന്നില്ല പിന്നീടു കാണാനായത്. അമേരിക്കയും ഇസ്രാഈലുമായുള്ള കരാറുകള്‍ ഒന്നുകൂടി ദൃഢപ്പെടുത്തുകയാണ് ഇവര്‍ ആദ്യം ചെയ്തത്. പിന്നെ ടൂറിസം വരുമാനം വര്‍ഷത്തില്‍ 2000 കോടി ഡോളറായി ഉയര്‍ത്താന്‍ ബിക്നി ടൂറിസം ഹലാലാക്കി. മനസ്സിലായില്ലേ, ഈജിപ്തിന്റെ തീരങ്ങളും നൈലിന്റെ വിവിധ പ്രവാചകന്മാരുടെ പാദസ്പര്‍ശനമേറ്റ ഇരുകരകളും നൂല്‍ബന്ധം മാത്രമുള്ള മദാമ്മമാരുടെ കാമകേളികള്‍ക്ക് തുറന്നുകൊടുത്തു.
മലയാളത്തിലെ ഒട്ടു മിക്ക പത്രങ്ങളും ഇതു റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, മാധ്യമം മാത്രം കണ്ടതേയില്ല. മുമ്പ് തിമ്പുക്തുവിലെ ബിദ്അത്ത് കയ്യേറ്റവും സിറിയയിലെ മുല്ലപ്പൂവുകാര്‍ ഹുജ്റുബ്നു അദിയ്യ്(റ)ന്റെതടക്കം മഖ്ബറ കയ്യേറിയതുമൊന്നും ചുരുങ്ങിയ പക്ഷം ഒരു സാംസ്കാരികാധിനിവേശമായിട്ടുപോലും മാധ്യമത്തിന്റെ മഞ്ഞക്കണ്ണില്‍ പെട്ടിട്ടില്ലല്ലോ.
ഇനി അവസാനിപ്പിക്കാം. ഇപ്പോള്‍ ആകെ സമാധാനമായി, മുല്ലപ്പൂവുകാര്‍ക്കും അതിന്റെ കച്ചവടം കൊഴുപ്പിച്ച സയണിസ്റ്റുകള്‍ക്കും. അരാജകത്വവും അറുകൊലകളും നിര്‍ബാധം അരങ്ങേറുന്ന പ്രേതഭൂമിയായി സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഒരു നാടിനെ മാറ്റിയിരിക്കുന്നു. ബ്രദര്‍ ഹുഡുകാര്‍ ഭരണമേറ്റാല്‍ എന്തുസംഭവിക്കുമെന്നതിന്റെ സൂചന കുറഞ്ഞകാലം കൊണ്ടുതന്നെ മുര്‍സികാണിച്ചു തന്നിരുന്നല്ലോ. അങ്ങനെയാണ് വര്‍ഷങ്ങളായി നടന്നുവരുന്ന അന്താരാഷ്ട്ര മീലാദ് കോണ്‍ഫ്രന്‍സ് പിന്നീട് അവിടെ നടക്കാതിരുന്നത്, പതിറ്റാണ്ടുകള്‍ക്കുശേഷം ബിദ്അത്ത് താത്ത്വികാചാര്യന്‍ ഖറദാവി അവിടെ ഖുതുബ നടത്തിയത്, ലോകപണ്ഡിതന്‍ റമളാന്‍ ബൂത്വിയെ ദര്‍സിനിടയില്‍ പള്ളിയില്‍ വെച്ചു കൊലചെയ്ത മുല്ലപ്പൂവുകാരുടെ തെമ്മാടിത്തം വലിയ സംഭവമാകാതിരുന്ന മൗദൂദി പത്രത്തിന് മുര്‍സിയുടെ തടവറവാസം തീരെ ദഹിക്കുന്നില്ല. അതുകാരണമായി വിലാപവും കരച്ചിലും പത്രത്തിന്റെ പ്രധാനഭാഗം അപഹരിച്ചിരിക്കുന്നു. മുര്‍സിക്കെന്താ കൊമ്പുണ്ടോ?