മിഅ്‌റാജിലെ തൃക്കാഴ്ച

ഇഹലോകത്ത് വെച്ചുതന്നെ ഇലാഹീ ദർശനം ബൗദ്ധികമായി സാധ്യമാണ്. മൂസാ നബി(അ) റബ്ബിനോട് തിരുദർശനം ആവശ്യപ്പെട്ടത് ഇലാഹീ ദർശനം സാധ്യമാണെന്നതിന് തെളിവാണ്. ദർശനം അസാധ്യമായിരുന്നെങ്കിൽ മൂസാ(അ)ന്റെ ചോദ്യം അല്ലാഹുവിന്റെ സത്തയിൽ സാധ്യവും അസാധ്യവുമായ കാര്യങ്ങളിലുള്ള അജ്ഞതയോ വിഡ്ഢിത്തമോ അസംഭവ്യമായത് തേടലോ ആണെന്നുവരും. അമ്പിയാക്കൾ ഇവയിൽ നിന്നെല്ലാം പരിശുദ്ധരാണല്ലോ. ഇയാള്(റ) പറഞ്ഞു: ‘യുക്തിപരമായി അല്ലാഹുവിനെ കാണൽ സംഭവ്യമത്രെ. ആഖിറത്തിൽ മുഅ്മിനുകൾക്ക് അല്ലാഹുവിനെ കാണാമെന്ന് സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്.
ഇഹലോകത്തുവെച്ചുള്ള കാഴ്ചയെ കുറിച്ച് മാലിക്(റ) പ്രസ്താവിക്കുന്നു: ‘ദുൻയാവിൽ അല്ലാഹുവിനെ കാണാത്തത് അവൻ ശാശ്വതനായതിനാലാണ്. നശ്വരമായതിന് അനശ്വരമായതിനെ കാണാൻ സാധ്യമല്ല. ആഖിറത്തിൽ അവർക്ക് ശാശ്വതമായ നേത്രങ്ങൾ നൽകപ്പെടും. അങ്ങനെ അവ കൊണ്ട് അനശ്വരനായ റബ്ബിനെ അവർ കാണും. ഈ പറഞ്ഞ കാഴ്ചയുടെ അസംഭവ്യതയിൽ അല്ലാഹു കഴിവ് നൽകിയർ ഒഴിവാണ്. നാഥൻ അവനുദ്ദേശിച്ചവർക്ക് കാണാനുള്ള കഴിവ് നൽകിയാൽ തടസ്സമുണ്ടാകില്ല.’ ഇമാം ഖുർതുബി(റ) പ്രസ്താവിച്ചു: ‘പരലോകത്ത് സത്യവിശ്വാസികൾ അല്ലാഹുവിനെ കാണുമെന്നതിനാൽ ഇഹലോകത്തുവെച്ച് കാണുന്നതിനും വിരോധമില്ല.’
മേൽ വിവരണത്തിൽ നിന്ന് അല്ലാഹു ഉദ്ദേശിച്ചവർക്ക് തിരുദർശനം സാധ്യമാണെന്ന് ഗ്രഹിക്കാം. എന്നാൽ നബി(സ്വ) മാത്രമേ ഇഹലോകത്തുവെച്ച് അല്ലാഹുവിനെ ദർശിച്ചിട്ടുള്ളൂ എന്നാണ് പണ്ഡിതപക്ഷം. ഇബ്‌നു ഹജറുൽ ഹൈതമി(റ) ഫതാവൽ ഹദീസിയ്യയിൽ കുറിച്ചു: ‘പ്രബലമായ വീക്ഷണമനുസരിച്ച് ഇസ്‌റാഇന്റെ രാത്രിയിൽ കണ്ണുകൊണ്ട് അല്ലാഹുവിനെ ദർശിക്കാൻ മുഹമ്മദ് നബി(സ്വ)ക്ക് സാധിച്ചിട്ടുണ്ട്. ഇത് അവിടത്തേക്കുള്ള പ്രത്യേക ബഹുമതിയാണ്.’
എന്നാൽ നബി(സ്വ) ആകാശാരോഹണ വേളയിൽ കണ്ടുവെന്ന് സ്ഥിരീകരിക്കുന്ന വീക്ഷണവും കണ്ടില്ല എന്ന് വാദിക്കുന്ന മറ്റൊരു വീക്ഷണവും കാണാം.

പ്രബലമായ വീക്ഷണം

ഇസ്‌റാഅ്-മിഅ്‌റാജിന്റെ രാവിൽ തിരുനബി(സ്വ) അല്ലാഹുവിനെ കണ്ടുവെന്ന ഇബ്‌നു അബ്ബാസ്(റ)ന്റെ വീക്ഷണമാണ് പ്രബലം. സ്വഹാബികളിലെയും താബിഉകളിലെയും പ്രഗത്ഭരുടെ അഭിപ്രായവും ഇതു തന്നെ. ഇമാം നവവി(റ) എഴുതി: ‘നബി(സ്വ) ഇസ്‌റാഇന്റെ രാവിൽ അല്ലാഹുവിനെ തന്റെ രണ്ടു കണ്ണുകൾകൊണ്ട് കണ്ടിട്ടുണ്ടെന്നതാണ് പ്രബലം. ഇബ്‌നു അബ്ബാസ്(റ)ന്റെ ഹദീസ് തന്നെയാണ് ഇതിനു തെളിവ്. നബി(സ്വ)യിൽ നിന്ന് നേരിട്ട് കേട്ടാലല്ലാതെ ഇത്തരം വിഷയങ്ങളിൽ അദ്ദേഹം അഭിപ്രായ പ്രകടനം നടത്തുകയില്ലെന്നുറപ്പാണ്. ഇത് ഗവേഷണം നടത്തി പറയാവുന്ന ഒരു വിഷയമല്ല.’
തഹ്രീറിന്റെ കർത്താവ് പറയുന്നു: ‘തദ്വിഷയകമായ പ്രമാണങ്ങൾ നിരവധിയുണ്ടെങ്കിലും അവയിൽ സുശ ക്തമായ ഇബ്‌നുഅബ്ബാസി(റ)ന്റെ ഹദീസ് മാത്രമേ നാം പ്രമാണമായി സ്വീകരിക്കു ന്നുള്ളൂ. അതിങ്ങനെയാണ്: ‘അല്ലാഹുവിന്റെ ഖലീൽ പദവി ഇബ്‌റാഹിം നബി(അ)ക്കും സംസാര സൗഭാഗ്യം മൂസാ നബി(അ)ക്കും ദർശനാവസരം മുഹമ്മദ് നബി(സ്വ)ക്കും കൈവന്നതിൽ നിങ്ങൾ അത്ഭുതപ്പെടുന്നുവോ? നബി(സ്വ) റബ്ബിനെ കണ്ടുവോ എന്ന് ഇക്‌രിമ(റ) ഇബ്‌നു അബ്ബാസി(റ)നോട് ആരാഞ്ഞപ്പോൾ അതേ എന്ന് അദ്ദേഹം പ്രതിവചിച്ചു. ഖതാദ(റ) ശുഅ്ബ(റ) വഴി ന്യൂനതയില്ലാത്ത നിവേദന പരമ്പരയിലൂടെ അനസ്(റ)വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം: മുഹമ്മദ് നബി(സ്വ) തന്റെ രക്ഷിതാവിനെ കണ്ടിരിക്കുന്നു. നിശ്ചയം, റസൂൽ(സ്വ) തന്റെ രക്ഷിതാവിനെ കണ്ടിരിക്കുന്നു എന്ന് ഹസൻ(റ) സത്യം ചെയ്തു പറയുമായിരുന്നു.’
ഈ സമുദായത്തിലെ പണ്ഡിതനും സങ്കീർണ വിഷയങ്ങളിൽ അവലംബവുമായ ഇബ്‌നു അബ്ബാസി(റ)ന്റെ ഹദീസാണ് ഇതിലെ അടിസ്ഥാന പ്രമാണം. ഇവ്വിഷയകമായി ഇബ്‌നു ഉമർ(റ) അദ്ദേഹവുമായി ആശയവിനിമയം നടത്തുകയും മുഹമ്മദ്(സ്വ) രക്ഷിതാവിനെ കണ്ടുവോ എന്ന് ദൂതൻ മുഖേന അന്വേഷിക്കുകയുമുണ്ടായി. തിരുനബി(സ്വ) അല്ലാഹുവിനെ കണ്ടു എന്നാണ് അദ്ദേഹം അറിയിച്ചത്’ (ശർഹു മുസ്‌ലിം).
നിസ്‌കാരം അമ്പതിൽ നിന്ന് അഞ്ച് വഖ്താക്കാനായി നബി(സ്വ) അല്ലാഹുവിനെ സമീപിച്ചപ്പോഴെല്ലാം റബ്ബിനെ ദർശിച്ചുവെന്ന അഭിപ്രായമാണ് ശാഫിഈ(റ)വിനുള്ളത്. ഇതേ അഭിപ്രായം ഹാശിയതു ബാജൂരിയിലും കാണാം. മൂസാ(അ) ഓരോ തവണയും നബി(സ്വ)യെ അല്ലാഹുവിലേക്ക് മടക്കിയത് പ്രത്യക്ഷത്തിൽ നിസ്‌കാരം ലഘൂകരിക്കാനാണെങ്കിലും ഓരോ തവണയും നബി(സ്വ)യിൽ വർധിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിന്റെ നൂറ് (പ്രഭ) കാണുക, കരഗതമാക്കുക എന്ന പരോക്ഷ ലക്ഷ്യവും മൂസാ നബി(അ)ക്കുണ്ടായിരുന്നുവെന്ന് ഇബ്‌നു വഫാ പ്രസ്താവിക്കുന്നതു കാണാം.
മുഹമ്മദ്(സ്വ) തന്റെ റബ്ബിനെ കണ്ടു എന്ന് അനസ്(റ) പറഞ്ഞതായി ഇബ്‌നു ഖുസൈമ സുഭദ്രമായ സനദ് വഴി അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം തന്റെ കിതാബുത്തൗഹീദിൽ കണ്ടു എന്ന വീക്ഷണം പ്രബലമാക്കുന്നുണ്ട്. ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് വന്ന നിവേദനത്തിൽ കണ്ണുകൊണ്ടും ഹൃദയം കൊണ്ടുമായി രണ്ട് തവണ കണ്ടു എന്ന് അദ്ദേഹം വിവരിക്കുന്നു.
‘മാ കദബൽ ഫുആദു മാ റആ…’ എന്ന ആയത്ത് വിശദീകരിച്ച് ഇബ്‌നു അബ്ബാസ്(റ) നബി(സ്വ) രണ്ട് തവണ കണ്ടു എന്ന് പ്രസ്താവിക്കുന്നുണ്ട്. ഇമാം അഹ്‌മദും കണ്ടു എന്ന വീക്ഷണമാണ് മുന്നോട്ട് വെക്കുന്നത്.
ആകാശാരോഹണ വേളയിൽ അല്ലാഹുവിനെ കണ്ടുവെന്ന് പറയുന്നവർ തന്നെ രണ്ട് അഭിപ്രായക്കാരാണ്. കണ്ണുകൊണ്ട് കണ്ടു എന്ന് പറയുന്നവരും ഹൃദയംകൊണ്ട് കണ്ടു എന്ന് പറയുന്നവരും. ഇമാം മുസ്‌ലിം(റ) വിശദീകരിക്കുന്നു: ‘മാ കദബൽ ഫുആദു മാ റആ…'(കണ്ട കാര്യത്തെ ഹൃദയം കളവാക്കിയില്ല) എന്ന ആയത്തിന്റെ വിവക്ഷ റസൂൽ(സ്വ) അല്ലാഹുവിനെ കണ്ടു എന്നാണ് ഭൂരിപക്ഷം മുഫസ്സിരീങ്ങളും അഭിപ്രായപ്പെട്ടത്. അവർ തന്നെ പല അഭിപ്രായക്കാരാണ്. ഇബ്‌നു അബ്ബാസ്(റ), അബൂദർ, ഇബ്ാഹീമുതൈമി എന്നിവരടങ്ങുന്ന ഒരു കൂട്ടം മുഫസ്സിറുകൾ പറയുന്നത് നബി(സ്വ) ഹൃദയം കൊണ്ടാണ് റബ്ബിനെ കണ്ടത്, കണ്ണുകൾ കൊണ്ട് അല്ല എന്നാണ്. എന്നാൽ അനസ്, ഇക്‌രിമ, ഹസൻ, റബീഅ്(റ) തുടങ്ങിയവരടങ്ങുന്ന മറ്റൊരു കൂട്ടം പണ്ഡിതരുടെ വീക്ഷണം കണ്ണുകൾ കൊണ്ടുതന്നെ കണ്ടുവെന്നാണ്’ (ശർഹു മുസ്‌ലിം).
ജൗഹറതു തൗഹീദിന്റെ ഹാശിയയിൽ ഇമാം ബാജൂരി(റ) പറയുന്നു: ‘അധിക പണ്ഡിതരുടെയും വീക്ഷണപ്രകാരം നബി(സ്വ) റബ്ബിനെ തന്റെ ശിരസ്സിലെ രണ്ട് കണ്ണുകൾകൊണ്ട് തന്നെ കണ്ടു എന്നതാണ് പ്രബലാഭിപ്രായം. ഇബ്‌നു അബ്ബാസ്(റ)ന്റെയും മറ്റും ഹദീസ് തെളിവാക്കി രണ്ട് കണ്ണുകളെയും ഹൃദയത്തിലേക്ക് മാറ്റപ്പെട്ടു എന്ന് പറയുന്നവരുമുണ്ട്.’
‘ഇമാം അബുൽ ഹസനിൽ വാഹിദി പറയുന്നു: ‘ഹൃദയം കൊണ്ട് കണ്ടു എന്ന അഭിപ്രായമനുസരിച്ച്, കണ്ണുകൊണ്ടുള്ള കാഴ്ച പോലെ വ്യക്തമായ രീതിയിൽ റബ്ബിനെ കാണാൻ വേണ്ടി ഒന്നുകിൽ അല്ലാഹു നബിയുടെ കാഴ്ചയെ ഹൃദയത്തിലേക്ക് മാറ്റുകയോ അല്ലെങ്കിൽ മറ്റൊരു കാഴ്ചയെ നബിയുടെ ഹൃദയത്തിൽ സൃഷ്ടിക്കുകയോ ചെയ്തു എന്ന് മനസ്സിലാക്കാം’ (ശർഹു മുസ്‌ലിം).
ഈ രണ്ട് വീക്ഷണവുമനുസരിച്ച് ഉപര്യുക്ത ഖുർആൻ വചനത്തിന്റെ താൽപര്യം ഇമാം മുബർറദ് വിശദീകരിക്കുന്നതിങ്ങനെ വായിക്കാം: ‘ഹൃദയംകൊണ്ട് കണ്ടു എന്ന വീക്ഷണമനുസരിച്ച് ഹൃദയം ഒരു കാര്യം കാണുകയും അതിനെ വാസ്തവമാക്കുകയും ചെയ്തുവെന്നും കണ്ണുകൊണ്ട് കണ്ടു എന്നതനുസരിച്ച് കണ്ണ് കണ്ട കാര്യത്തെ ഹൃദയം കളവാക്കിയില്ല എന്നുമാണ് ഈ ആയത്തിന്റെ സാരം. ഹൃദയത്തിന്റെ കാഴ്ചയെന്നാൽ യഥാർത്ഥ കാഴ്ച തന്നെയാണ്, കേവലം അറിവ് ലഭിക്കുകയെന്നല്ല. കാരണം പ്രവാചകർ(സ്വ) സദാ അല്ലാഹുവിനെ കുറിച്ച് അറിവുള്ളവരാണല്ലോ. ഹൃദയം കൊണ്ട് കണ്ടു എന്ന് പറയുന്നവരുടെ ഉദ്ദേശ്യം കണ്ണുകൊണ്ടുള്ള കാഴ്ച പോലോത്ത ദർശനം ഹൃദയത്തിൽ സൃഷ്ടിക്കപ്പെട്ടു എന്നാണ്. സാധാരണയിൽ കണ്ണിലാണ് കാഴ്ച സൃഷ്ടിക്കപ്പെടുന്നതെങ്കിലും അതിന് ബൗദ്ധികമായി ഒരു പ്രത്യേക വസ്തു നിബന്ധനയില്ലല്ലോ’ (ഫത്ഹുൽബാരി).

അപ്രബലമായ വീക്ഷണം

മിഅ്‌റാജ് രാവിൽ നബി(സ്വ) അല്ലാഹുവിനെ കണ്ടില്ല എന്ന ആഇശ ബീവിയുടേതാണീ വീക്ഷണം. ഇമാം മുസ്‌ലിം(റ) സ്വഹീഹിൽ ഉദ്ധരിച്ച ഒരു ഹദീസിൽ മഹതി പറയുന്നു: ‘മുഹമ്മദ് നബി(സ്വ) തന്റെ റബ്ബിനെ കണ്ടിട്ടുണ്ട് എന്ന് ആരെങ്കിലും വാദിച്ചാൽ തീർച്ചയായും അവൻ അല്ലാഹുവിന്റെ മേൽ മഹാകള്ളം ചമച്ചിരിക്കുന്നു.’
എന്നാൽ ആഇശാ ബീവി(റ)യുടെ പ്രസ്തുത അഭിപ്രായം പ്രബല വീക്ഷണത്തിന് വിഘ്‌നം വരുത്തുന്നില്ല. ഇക്കാര്യം ഇമാം മുസ്‌ലിം(റ) പറയുന്നതിന്റെ സംക്ഷിപ്തം ഇപ്രകാരമാണ്: ‘എന്നാൽ ആഇശ(റ)യുടെ ഹദീസ് ഇതിൽ പ്രശ്‌നം സൃഷ്ടിക്കുന്നില്ല. കാരണം ‘ഞാൻ എന്റെ രക്ഷിതാവിനെ കണ്ടിട്ടില്ല’ എന്ന് നബി(സ്വ) പ്രസ്താവിക്കുന്നത് കേട്ടതായി മഹതി പറയുന്നില്ല. തദ്വിഷയകമായി വല്ല ഹദീസും മഹതിയുടെ വശമുണ്ടായിരുന്നുവെങ്കിൽ ബീവി അത് പറയുമായിരുന്നു. മറിച്ച്, ആയത്തുകളിൽ ഗവേഷണം നടത്തി പറയുകയാണ് മഹതി ചെയ്തത്. അതിനുള്ള മറുപടി വിശദീകരിക്കാം. ‘ലാ തുദ്‌രികുഹുൽ അബ്‌സ്വാർ… (കണ്ണുകൾ അവനെ കണ്ടെത്തുകയില്ല) എന്ന ആശയം വരുന്ന മഹതിയുടെ ഒന്നാം തെളിവിനുള്ള മറുപടി സുവ്യക്തമാണ്. കാരണം, പൂർണമായി അറിയുന്നതിനാണ് ഇദ്‌റാക് എന്ന് പറയുന്നത്. അല്ലാഹുവിനെ പൂർണമായി അറിയാൻ കഴിയില്ല (കാരണം നീളം, വീതി, ആഴം, അറ്റം… തുടങ്ങിയവ അല്ലാഹുവിനില്ലല്ലോ). സമൂല ജ്ഞാനം കഴിയില്ലെന്ന് പറയുന്നതിനാൽ പൂർണമായ അറിവ് കൂടാതെയുള്ള കാഴ്ചയെ നിഷേധിക്കലില്ല, അത് സാധ്യമാണ്.

മഹതിയുടെ രണ്ടാമത്തെ തെളിവ് ‘വഹ്‌യിലൂടെയോ, ഒരു മറയുടെ പിന്നിൽ നിന്നോ, ഒരു ദൂതനെ അയച്ച് ബോധനം നൽകുക എന്ന നിലയിലോ അല്ലാതെ അല്ലാഹു മനുഷ്യനോട് സംസാരിക്കില്ല (ശൂറാ: 51) എന്ന ആയത്താണ്. ഈ ആയത്തിനെ മഹതി പ്രമാണമാക്കിയതിന് വ്യത്യസ്ത രൂപത്തിൽ മറുപടി പറയാവുന്നതാണ്. ഉപര്യുക്ത ആയത്തിലെ പ്രതിപാദനം മനുഷ്യനോടുള്ള അല്ലാഹുവിന്റെ സംസാരം കാഴ്ച കൂടാതെയാണുണ്ടാവുകയെന്നാണ്. എന്നാൽ സംസാരിക്കാതെയും കാണാമല്ലോ. അതിനാൽ കണ്ടുവെന്ന് കാണിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നബി(സ്വ)യുടെ കാഴ്ച ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാണ്.
ഒരു സ്വഹാബി ഒരഭിപ്രായം പ്രകടിപ്പിക്കുകയും സ്വഹാബത്തിൽ പെട്ട മറ്റൊരാൾ അദ്ദേഹത്തോട് എതിരാവുകയും ചെയ്താൽ അദ്ദേഹത്തിന്റെ പ്രസ്താവന പ്രമാണമാവുകയില്ല (അഥവാ ആഇശ ബീവിയുടെ അഭിപ്രായം തെളിവല്ല). നബി(സ്വ) അല്ലാഹുവിനെ കണ്ടതായി ഇബ്‌നുഅബ്ബാസി(റ)ൽ നിന്ന് റിപ്പോർട്ടുകൾ പ്രബലമായി വന്നാൽ കാഴ്ചയെ സ്ഥിരപ്പെടുത്തൽ നിർബന്ധമാണ്. കാരണം ബുദ്ധിപരമായി കണ്ടെത്താവുന്നതോ അനുമാനം സ്വീകരിക്കപ്പെടാവുന്നതോ ആയ ഒരു വിഷയമല്ലയിത്. പ്രത്യുത നബി(സ്വ)യിൽ നിന്ന് നേരിട്ടുകേട്ട് പറയാവുന്ന വിഷയമാണ്. അതിൽ ഇബ്‌നു അബ്ബാസ്(റ) ഗവേഷണം നടത്തിയെന്നോ അനുമാനം പറഞ്ഞുവെന്നോ ഒരാൾക്കും അദ്ദേഹത്തെക്കുറിച്ച് ഊഹിക്കാൻ പറ്റില്ല.
ഇബ്‌നു അബ്ബാസ്(റ)ന്റെയും ആഇശ ബീവി(റ)യുടെയും അഭിപ്രായവ്യത്യാസം പരാമർശിക്കപ്പെട്ടപ്പോൾ മഅ്മറുബ്‌നു റാശിദ്(റ) പറഞ്ഞു: ‘നമ്മുടെ വീക്ഷണപ്രകാരം ഇബ്‌നുഅബ്ബാസി(റ)നേക്കാൾ വിവരമുള്ള വ്യക്തിയല്ല ആഇശ(റ).’
മറ്റുള്ളവർ നിഷേധിച്ച ഒരു കാര്യം സ്ഥിരപ്പെടുത്തുകയാണ് ഇബ്‌നു അബ്ബാസ്(റ) ചെയ്തിരിക്കുന്നത്. ഒരു കാര്യം സ്ഥിരീകരിക്കുന്ന വ്യക്തിക്ക് അക്കാര്യം നിഷേധിക്കുന്നയാളെക്കാൾ പ്രാമുഖ്യം നൽകണമെന്നാണ് നിയമം’ (ശർഹു മുസ്‌ലിം).
കിതാബുസ്സുന്നയിൽ മർവസിയിൽ നിന്ന് ഉദ്ധരിക്കുന്നു: ‘ഞാൻ അഹ്‌മദ്(റ)നോട് ചോദിച്ചു: മുഹമ്മദ് നബി(സ്വ) അല്ലാഹുവിനെ കണ്ടു എന്ന് പറയുന്നവർ അല്ലാഹുവിന്റെ മേൽ കള്ളം പറഞ്ഞിരിക്കുന്നുവെന്ന് ആഇശ(റ) പറയുന്നല്ലോ. മഹതിയുടെ ആ പരാമർശത്തെ എങ്ങനെ തടയും? അഹ്‌മദ്(റ)ന്റെ മറുപടി ഇപ്രകാരമായിരുന്നു: ഞാൻ എന്റെ റബ്ബിനെ കണ്ടു എന്ന നബി(സ്വ)യുടെ വാക്കുകൊണ്ട് തടയാം. മഹതിയുടെ വാക്കിനെക്കാൾ വലുതാണല്ലോ നബിയുടെ വെളിപ്പെടുത്തൽ’ (ഫത്ഹുൽ ബാരി).

ഏകീകരണം സാധ്യമാണ്

ഇബ്‌നു അബ്ബാസ്(റ)ന്റെയും ആഇശാ ബീവി(റ)യുടെയുമിടയിൽ പ്രത്യക്ഷത്തിൽ കാണുന്ന അഭിപ്രായഭിന്നതയെ ഏകീകരിക്കാമെന്ന് ഇബ്‌നു ഹജർ(റ) ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം: ‘ഇബ്‌നു അബ്ബാസിൽ നിന്ന് നിരുപാധിക ഹദീസുകളും ഉപാധിയോടെയുള്ള ഹദീസുകളും വന്നതിനാൽ ഉപാധിയുള്ളതിലേക്ക് ഇല്ലാത്തതിനെ ചേർക്കണം. അഥവാ, തിരുദർശനം മുഹമ്മദ് നബി(സ്വ)ക്ക് ആയതിൽ നിങ്ങൾ അത്ഭുതപ്പെടുന്നുവോ?’ (നസാഈ), മുഹമ്മദ്(സ്വ)യെ കാഴ്ചകൊണ്ട് തിരഞ്ഞെടുത്തു (ഇബ്‌നുഖുസൈമ), അതേ, ഞാൻ കണ്ടു (ഇബ്‌നു ഇസ്ഹാഖ്) തുടങ്ങി നിരുപാധികമായ പരാമർശങ്ങളും’ഖൽബ് കൊണ്ട് രണ്ട് തവണ കണ്ടു’, ‘ഖൽബ് കൊണ്ട് കണ്ടു’, ‘മുഹമ്മദ് നബി(സ്വ) അല്ലാഹുവിനെ കണ്ണുകൊണ്ട് കണ്ടില്ല. ഖൽബ് കൊണ്ട് മാത്രമാണ് കണ്ടത്’ (ഇബ്‌നുഖുസൈമ) എന്നീ ഉപാധിയോടെയുള്ളതും വ്യക്തമായ പരാമർശവും ഇബ്‌നു അബ്ബാസിൽ നിന്നു നിവേദനം വന്നതായി കാണാം. ബീവി നിഷേധിച്ചത് കണ്ണുകൊണ്ടുള്ള കാഴ്ചയും, ഇബ്‌നു അബ്ബാസ്(റ) സ്ഥിരീകരിച്ചത് ഹൃദയം കൊണ്ടുള്ള കാഴ്ചയുമാണ് എന്ന നിലക്ക് ഇരു അഭിപ്രായങ്ങളെയും ഏകീകരിക്കാം.’
‘അങ്ങ് അങ്ങയുടെ റബ്ബിനെ കണ്ടോ’ എന്ന അബൂദർ(റ)വിന്റെ ചോദ്യത്തിന് ‘പ്രകാശമാണ്, ഞാൻ എങ്ങനെ കാണാനാണ്?’ എന്ന് നബി(സ്വ) മറുപടി നൽകിയ ഹദീസ് അനസ്(റ)വിൽ നിന്ന് മുസ്‌ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ‘ഞാൻ നൂറിനെ കണ്ടു’ എന്ന മറുപടിയാണ് അഹ്‌മദ്(റ)വിന്റെ നിവേദനത്തിലുള്ളത്. ഈ ഹദീസിനോട്’നബി(സ്വ) ഖൽബ് കൊണ്ടു റബ്ബിനെ കണ്ടു, കണ്ണുകൊണ്ട് കണ്ടില്ല’ എന്ന് അനസ്(റ) പറയുന്നതായി ഇബ്‌നു ഖുസൈമ റിപ്പോർട്ട് ചെയ്ത ഹദീസ് ചേർത്തുവായിക്കുമ്പോൾ അബൂദർ(റ) നൂർ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം കണ്ണുകൊണ്ട് അവനെ കാണുന്നതിനുള്ള മറ എന്നാണെന്ന് സുതരാം വ്യക്തമായി എന്ന് ഇബ്‌നു ഹജർ(റ) ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നുണ്ട്. അല്ലാഹുവിന്റമറ നൂറാണെന്ന് മറ്റൊരു ഹദീസിൽ വന്നതുമാണല്ലോ. ചുരുക്കത്തിൽ, നബി(സ്വ) ഖൽബുകൊണ്ട് കണ്ടു എന്നാണ് കാഴ്ചയെ സ്ഥിരപ്പെടുത്തുന്നവരുടെ ഉദ്ദേശ്യമെന്നും നിഷേധിക്കുന്നവരുടെ ഉദ്ദേശ്യം കണ്ണുകൊണ്ടുള്ള കാഴ്ചയുമാണെന്ന് വെച്ചാൽ ഹദീസുകൾ തമ്മിൽ വൈരുധ്യമില്ല.

മൗനം എന്ന നിലപാട്

ഇവ്വിഷയകമായി ഉറപ്പായ (ഖത്വ്ഇയ്യ്) തെളിവൊന്നും ഇല്ല, രണ്ട് വിഭാഗത്തിനുള്ള തെളിവുകളും പ്രത്യക്ഷത്തിൽ പരസ്പര വൈരുധ്യങ്ങളും വ്യാഖ്യാനത്തിനു പഴുതുള്ളതുമാണ്. അതിനാൽ കൃത്യമായ നിലപാട് പറയാതിരിക്കലാണ് (വഖ്ഫ്) മുഫ്ഹിമിൽ ഇമാം ഖുർതുബി(റ) പ്രബലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ പ്രസ്താവ്യമാണ്: ‘ഈ വിഷയം ഭാവനാത്മക തെളിവുകൾ മതിയാകുന്ന കർമപരമായ കാര്യങ്ങളിൽ പെട്ടതല്ല. മറിച്ച്, ഇത് വിശ്വാസപരമായ കാര്യങ്ങളിൽ പെട്ടതാണ്. അതിന് ഉറപ്പായ തെളിവുകൾ വേണം.’ മുഹഖിഖുകൾ വഖ്ഫ് ആണ് ഇതിൽ സ്വീകരിച്ചതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്. ഇക്കാര്യം ഫത്ഹുൽ ബാരിയിൽ ഇബ്‌നു ഹജർ(റ) വിശദീകരിച്ചിട്ടുണ്ട്.

 

ഹുസ്‌നുൽ ജമാൽ കിഴിശ്ശേരി

Exit mobile version