മീലാദ്: സ്‌നേഹപ്രകടനങ്ങൾ പ്രാമാണികം

റസൂൽ(സ്വ)യുടെ ജന്മദിനം ലോകമുസ്‌ലിംകൾക്ക് എന്നും ഒരാവേശമാണ്. ലോകത്തിന് അനുഗ്രഹമായ പ്രവാചകരുടെ ആഗമനത്തിലുള്ള നന്ദിപ്രകടനങ്ങൾക്ക് ഒരുമിച്ച് കൂടലും സ്മരണ പുതുക്കലുമാണ് മൗലിദാഘോഷം കൊണ്ടുദ്ദേശിക്കുന്നത്. സ്‌നേഹപ്രകടനങ്ങളെ ഭൗതികതയുടെ വ്യാപ്തിയിൽ അളക്കാൻ സാധിക്കുകയില്ല. തിരുനബി(സ്വ)യോടുള്ള മഹബ്ബത്തും ആദരവും കൊണ്ട് മദീനയിൽ ചെരുപ്പ് ധരിക്കാത്ത ഇമാം മാലിക്(റ)വും മദീനയിലെത്തിയാൽ മലമൂത്രവിസർജനം നടത്താത്ത ഇമാം അബൂഹനീഫ(റ)വും ഉഹ്ദ് യുദ്ധത്തിൽ റസൂലിന്റെ പല്ല് പൊട്ടിയെന്നറിഞ്ഞ് തന്റെ പല്ലുകൾ പൊട്ടിച്ച മഹാനായ ഉവൈസുൽ ഖർനി(റ)വും തിരുവഫാത്തറിഞ്ഞ നിമിഷം നബി(സ്വ)യുടെ വിശുദ്ധ മയ്യിത്ത് കാണേണ്ടെന്ന് പറഞ്ഞ് തന്റെ കാഴ്ച നശിക്കാൻ വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്ത സ്വഹാബിവര്യരുമെല്ലാം അതിരുകളില്ലാത്ത സ്‌നേഹ പ്രവാഹത്തിന്റെ ഉദാഹരണങ്ങളാണ്. ഇതൊക്കെ ശരീഅത്തിന്റെ ശാസന പ്രകാരമല്ല അവരൊന്നും ചെയ്തത്. മദീനയിൽ ചെരുപ്പ് ധരിക്കലും മലമൂത്രവിസർജനം നടത്തലും ഹറാമാണെന്ന് ശരീഅത്ത് പഠിപ്പിക്കുന്നില്ല. പക്ഷേ മുത്ത് നബി(സ്വ) കിടക്കുന്ന മണ്ണിൽ ചെരുപ്പ് ധരിക്കാനോ, വിസർജിക്കാനോ തിരുദൂതരോടുള്ള അടങ്ങാത്ത പ്രണയം അനുവദിക്കാത്തത് കൊണ്ടാണ് അവരങ്ങനെ പ്രവർത്തിച്ചത്. പരിധിയില്ലാത്ത സ്‌നേഹപ്രകടനങ്ങൾ പാടുണ്ടോ, അത് പ്രശ്‌നമാവില്ലേ എന്നൊക്കെ ചോദിക്കുന്നവരോടെന്ത് പറയാൻ! തിരുനബിയോടുള്ള സ്‌നേഹം ഈമാനിന്റെ സമ്പൂർണതയാണെന്നു മാത്രമാണ് അവർക്കുള്ള മറുപടി.

ഇപ്പോൾ ബിദ്അത്താണെന്ന് പ്രചരിപ്പിക്കുന്ന മൗലിദാഘോഷം കേരളത്തിലെ വഹാബികളുടെ ആദ്യകാല നേതാക്കൾ നടത്തിയതും നടത്തണമെന്ന് ആഹ്വാനം ചെയ്തതുമാണെന്നത് ചരിത്ര വസ്തുത. തെറ്റോ ബിദ്അത്തോ ആയി അവരതിനെ കണ്ടിട്ടില്ലെന്നോർക്കണം. മറിച്ച് അവർക്കത് പുണ്യകർമമായിരുന്നു. പക്ഷേ ന്യൂജൻ മൗലവിമാർ നവ മുജ്തഹിദുകളായി ചമഞ്ഞ് ഇമാമീങ്ങളെ തള്ളി മൗലിദ് ശിർക്കാക്കി. മൗലിദ് വിരോധികൾ ഉന്നയിക്കുന്ന ഒരു ദുരാരോപണമാണ് അത് ശിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായതാണെന്ന്! എന്നാൽ മീലാദുന്നബി കൊണ്ടാടുന്നവർക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന സാക്ഷാൽ ഇബ്‌നുതൈമിയ്യ ശിയാക്കൾ കൊണ്ടുവന്ന കാര്യം പ്രോത്സാഹിപ്പിക്കുകയും ശിയാ ആചാരത്തിന് പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുമെന്നും പറയാൻ ഇവർ സന്നദ്ധരാകുമോ? വഹാബി പ്രസ്ഥാനത്തിന്റെ നേതാക്കളിലാണല്ലോ ഇബ്‌നു തൈമിയ്യയെ ഇവർ കണക്കാക്കുന്നത്. ഇമാം നവവി(റ)വിന്റെ ഉസ്താദായ അബൂശാമ(റ) അനാചാരങ്ങൾ വേർതിരിച്ച് പഠിപ്പിക്കാനെഴുതിയ കിതാബുൽ ബാഇസിൽ വരെ മൗലിദാഘോഷം നല്ല കാര്യമായിട്ടാണ് സമർത്ഥിക്കുന്നത്. അബൂശാമ(റ) ശിയാഇസം പഠിപ്പിക്കുന്നയാളാണോ? മൗലിദാഘോഷത്തിന്റെ അസ്വ്‌ല് ബുഖാരി-മുസ്‌ലിം ഉദ്ധരിച്ച ഹദീസിലുണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്‌നു ഹജർ അസ്ഖലാനി(റ) ശിയാക്കളുടെ ആചാരത്തിന് വേണ്ടി ബുഖാരി മുസ്‌ലിം തെളിവാക്കാമെന്ന് സമുദായത്തെ പഠിപ്പിക്കുമോ? ഇമാം സഖാവി(റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പഠിപ്പിച്ചതും ശിയാഇസത്തിന് വേണ്ടിയാണോ? ഇമാം ബൈഹഖി(റ) ഉദ്ധരിച്ച ‘അഖ്ഖ അന്നഫ്‌സിഹി’ എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള് ഇമാം സുയൂതി(റ)യും മറ്റനേകം ഇമാമുമാരും ശിയാ പ്രചാരകരാണോ?
മുളഫർ രാജാവാണ് മൗലിദാഘോഷം തുടങ്ങിയതെന്ന് പറഞ്ഞ് അദ്ദേഹത്തെ അവമതിക്കുന്ന മൗലിദ് വിരോധികൾ ഇബ്‌നുതൈമിയ്യയുടെ ശിഷ്യനും ലോക പ്രശസ്ത പണ്ഡിതനുമാണെന്ന് ഇവർ തന്നെ പരിചയപ്പെടുത്തിയ ഇബ്‌നു കസീർ മുളഫർ രാജാവിനെ പറ്റി പറഞ്ഞത് അംഗീകരിക്കാൻ തയ്യാറാകുമോ? അദ്ദേഹം എഴുതി:

قال ابن كثير في تاريخه: “كان يعمل المولد الشريف – يعني الملك المظفر – في ربيع الأول ويحتفل به احتفالاً هائلاً، وكان شهمًا شجاعًا بطلاً عاقلاً عالمًا عادلاً محمود السيرة والسريرة وطالت مدته في الملك الى ان مات وقد اثنى عليه العلماء الاعلام (جواهر البحار النبهاني 1059\3

അദ്ദേഹം റബീഉൽ അവ്വലിൽ വലിയ സമ്മേളനം നടത്തി മൗലിദ് കഴിക്കുന്ന ആളായിരുന്നു. ധീരനും പണ്ഡിതനും ബുദ്ധിമാനും നീതിമാനും അധർമത്തിനെതിരെ പോരാടുന്നയാളും ജീവിത നടപടികളിൽ പ്രശംസിക്കപ്പെട്ടയാളും ആരാലും അംഗീരിക്കപ്പെട്ടയാളും അതു കാരണമായി മരണം വരെ അധികാരത്തിൽ തുടർന്നയാളുമാണ് (3/1059).
നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടുകാരും ചെയ്തു കാണിച്ചതേ പറ്റൂ എന്നും മൗലിദ് അങ്ങനെയല്ലെന്നുമാണ് മറ്റൊരാരോപണം. മൗലിദ് ആഘോഷം നബി(സ്വ)യും സ്വഹാബികളും ചെയ്തിരുന്നുവെന്നതിനുള്ള പ്രമാണങ്ങൾ പൂർവിക പണ്ഡിതർ അന്യത്ര വിശദീകരിച്ചിട്ടുണ്ട്. (അൽ ഹാവീ ലിൽ ഫതാവ കാണുക.) അതിരിക്കട്ടെ, മറ്റൊരു രീതിയിൽ ഈ വിമർശനം നമുക്ക് വിലയിരുത്താം. ഖിയാമത്ത് നാൾ വരെയുള്ള പുണ്യം കിട്ടുന്ന എല്ലാ കാര്യങ്ങളും നബിയും സ്വഹാബത്തും ചെയ്ത് കാണിച്ചു തരണമെന്നത് വിവരമില്ലായ്മയാണ്. കാരണം ഇസ്‌ലാമിൽ പ്രതിഫലാർഹമായ കാര്യം ചെയ്യാനുള്ള മാനദണ്ഡം ശരീഅത്ത് അംഗീകരിച്ചതാണോ എന്നതാണ്. അതുകൊണ്ട് തന്നെ മൗലിദാഘോഷത്തിൽ മാത്രമായി ഈയൊരു നിബന്ധന വെക്കുന്നത് അപ്രസക്തമാണ്. കാരണം ഇത്തരം വാദമുന്നയിക്കുന്നവർ തന്നെ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന പല കാര്യങ്ങളും നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടുകാരും പ്രവർത്തിച്ച് കാണിച്ചു തരാത്തതാണ്.

ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമില്ല. ഉദാഹരണത്തിന്, ഇൽമ് പഠിക്കൽ ഇബാദത്താണല്ലോ. ഇതിന് വേണ്ടി നബി(സ്വ)യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ കാണിച്ചു തന്നിട്ടില്ലാത്ത പുതിയൊരു രൂപം സ്വീകരിക്കുന്നതിന് കുഴപ്പമില്ല. ശരീഅത്ത് കോളജ്, മദ്‌റസകൾ തുടങ്ങിയവ ഇതിൽ പെട്ടതാണ്. അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കാനായി പൂർവികർ സ്വീകരിച്ചിട്ടില്ലാത്ത മാർഗം പുണരുന്നതിൽ തെറ്റില്ലെന്ന് വരുന്നു.
ഇതുപോലെ സ്വഹാബത്ത് ചെയ്ത കാര്യമാണ് നബി(സ്വ)യുടെ മദ്ഹ് ആലാപനവും എല്ലാ തിങ്കളാഴ്ചയും നോമ്പെടുത്ത് നബിദിനം അനുസ്മരിച്ചതും. പ്രവാചക നിയുക്തിയെന്ന റഹ്‌മത്തിന് നന്ദി പ്രകടിപ്പിക്കുകയും സന്തോഷിക്കുകയുമാണ് ഇതുവഴി അവർ ചെയ്തത്. റബീഉൽ അവ്വൽ 12-ന് നബിതിരുമേനി മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടി പെരുന്നാളിനേക്കാൾ വലിയ സന്തോഷപ്രകടനം നടത്തി. അത് അവർ അല്ലാഹുവിനുള്ള ഇബാദത്തിന് സ്വീകരിച്ച ഒരു ശൈലിയായിരുന്നു. നമുക്കെന്തു കൊണ്ട് വിപുലമായ ശൈലിയിൽ ഇന്ന് റബീഉൽ അവ്വൽ മാസത്തിൽ നടത്തിക്കൂടാ? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിലോ രൂപത്തിലോ ദിവസത്തിലോ മാറ്റം വരുന്നതെങ്ങനെ അനിസ്‌ലാമികമാകും?

ആഇശ(റ) നിവേദനം ചെയ്ത ഒരു ഹദീസ് സുന്നികൾക്കെതിരെ സാധാരണ മുജാഹിദുകൾ പ്രയോഗിക്കാറുണ്ട്. അതൊന്ന് കൃത്യമായി മനസ്സിലാക്കാം:
عن عائشة رضي الله عنها قالت قال رسول الله صلى الله عليه وسلم من أحدث في أمرنا هذا ما ليس منه فهو رد
‘ആരെങ്കിലും നമ്മുടെ മതത്തിൽ പെടാത്ത കാര്യങ്ങൾ പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്’ (സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പർ 1718).

ഈ ഹദീസോതി മൗലിദ് വിരോധികൾ അർത്ഥം പറയാറുള്ളത് ‘ആരെങ്കിലും മതത്തിൽ ഒരു കാര്യം പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടേണ്ടതാണ്’ എന്നാണ്. പക്ഷേ, മൗലിദാഘോഷം മതത്തിൽ പുതുതായി ഉണ്ടാക്കിയതാണോ? ഒരിക്കലുമല്ല. ഇന്നത്തെ ശൈലി ഒരുപക്ഷേ പുതിയതായിരിക്കാം. എന്നാൽ അടിസ്ഥാനം തിരുസുന്നത്തിലുള്ളതാണെന്ന് ഹാഫിള് ഇബ്‌നു ഹജർ അസ്ഖലാനി(റ)വിന്റെ ഫത്‌വയിൽ വ്യക്തമാണ്. എന്നാൽ ഹദീസിന്റെ യഥാർത്ഥ ആശയം ഇങ്ങനെയാണ്: നബിവചനത്തിലെ ഒരു ഭാഗം ‘മതത്തിൽ പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാൽ’ എന്നാണ്. അപ്പോൾ മതത്തിൽ ഉൾപ്പെടുന്ന കാര്യം പുതുക്കിയാൽ, അല്ലെങ്കിൽ പുതുതായി കൊണ്ടുവന്നാൽ തള്ളപ്പെടെണ്ടതല്ല എന്ന് ആ വാക്ക് തന്നെ സൂചിപ്പിക്കുന്നു. എന്നാൽ ഈ ഭാഗത്തിന് ഊന്നൽ നൽകാതെ, എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളണമെന്ന വ്യാജ അർത്ഥം നൽകി ഹദീസ് ഉദ്ധരിക്കുന്നത് ജ്ഞാന വഞ്ചനയാണെന്ന് പറയാതെ വയ്യ.
‘ഫഹുവ റദ്ദുൻ’ എന്ന് നബി(സ്വ) പ്രത്യേകം പറഞ്ഞത് എന്തിന് വേണ്ടിയാണെന്ന് ലളിതമായി ചിന്തിച്ചാൽ തന്നെ ബോധ്യപ്പെടും. ദീനിൽ പെടാത്ത കാര്യങ്ങൾ പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടേണ്ടതും മതത്തിൽ അടിസ്ഥാനമുള്ള ഒരു കാര്യത്തെ പുതുക്കുകയോ ശറഅ് അനുവദിച്ച രീതിയിൽ ശൈലി മാറ്റുകയോ ചെയ്താൽ ഒരു കുഴപ്പവുമില്ലെന്നുമാണ് ഇതിന്റെ നേർവ്യാഖ്യാനം. അതിനാൽ തന്നെ ശരീഅത്ത് കോളേജ്, മദ്‌റസ, സംഘടനകൾ, പ്രസിദ്ധീകരണങ്ങൾ, ഓൺലൈൻ ദഅ്‌വ ഇങ്ങനെ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ദീനിൽ അടിസ്ഥാനമുണ്ട്. ഇന്നത്തെ രൂപവും ശൈലിയും നബിയുടേയും സ്വഹാബത്തിന്റേയും കാലത്തില്ലെങ്കിലും. നല്ല കാര്യത്തിന് തുടക്കം കുറിച്ചാൽ അതിനും വിരോധമില്ലെന്ന് മറ്റൊരു ഹദീസ് പഠിപ്പിക്കുന്നത് കാണുക:
قال رسول الله صلى الله عليه وآله وسلم:من سن في الإسلام سنة حسنة كان له أجرها واجر من عمل بها بعده من غير ان ينقص من اجورهم شيء ومن سن في الاسلام سنة  سيئة كان عليه وزرها ووزر من عمل بها من بعده من غير ان ينقص من اوزارهم شيء

‘നബി(സ്വ) പഠിപ്പിച്ചു: ഇസ്‌ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിന്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്‌ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിന്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്’ (സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പർ 1017).
ഇമാം നവവി(റ) കുറിക്കുന്നു: ‘നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാനും നല്ല മാതൃകകൾ രൂപീകരിക്കുന്നതിനും ഈ ഹദീസ് പ്രേരണ നൽകുന്നു (ശറഹ് മുസ്‌ലിം). എന്നാൽ ഈ ഹദീസ് മൗലിദ് വിരോധികൾ കണ്ട ഭാവം നടിക്കാറില്ലെന്നതാണ് കൗതുകം. ദീനിൽ അടിസ്ഥാനമില്ലാത്തതും ശരീഅത്തിനെതിരായതുമായ കാര്യങ്ങൾ മതത്തിൽ പുതുതായുണ്ടാക്കുമ്പോഴാണ് പിഴച്ച ബിദ് അത്താകുന്നത്. അല്ലാതെ ചതുർ പ്രമാണങ്ങളിൽ അടിസ്ഥാനമുണ്ടെങ്കിലും പുതുതായി ഉണ്ടായതെന്ന് പരിഗണിച്ച് അത്തരം സംഗതികളെല്ലാം പിഴച്ചതാണെന്നും എല്ലാം തള്ളണമെന്നുമല്ല. ഇത് ഇമാം ശാഫിഈ(റ) ഊന്നിപ്പറഞ്ഞിട്ടുണ്ട്.
അദ്ദേഹം രേഖപ്പെടുത്തി: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്ത്, അസറ്, ഇജ്മാഅ് തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാണ് പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ, അഥവാ നല്ല ബിദ്അത്താകുന്നു (ഫതാവാ സുയൂത്വി 1/192).

എത്ര വ്യക്തമാണ് കാര്യങ്ങൾ! പുതുതായി ഉണ്ടായതെല്ലാം എതിർക്കപ്പെടേണ്ടതല്ല, പുതുതായി ഉണ്ടായതൊക്കെ നരകത്തിലാണെന്നത് പിഴച്ച വാദമാണ്. ഇവിടെ മൗലിദാഘോഷം പ്രതിഫലാർഹമായ സുന്നത്താണെന്ന് കൃത്യമായി ഇമാമീങ്ങളുടെ ഉദ്ധരണങ്ങളിൽ നിന്ന് സ്പഷ്ടമാണ്. ആയതിനാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റ് ആരാധനാ കർമങ്ങൾ നിർവഹിച്ചും തിരുനബി(സ്വ)യുടെ ജനനം കൊണ്ട് നമുക്ക് നന്ദി പ്രകടിപ്പിക്കാം, സന്തോഷിക്കാം. അതിനാണ് പൂർവികരുടെ മാതൃകയുള്ളത്.

സിദ്ദീഖുൽ മിസ്ബാഹ്

 

Exit mobile version