ജീവനുള്ള, വിശ്വാസിയായ മനുഷ്യന്റെ ശരീരത്തിൽനിന്നും വേർപ്പെട്ട നഖം, മുടി, രക്തം, ചേലാകർമത്തിന്റെ ഭാഗമായി ഛേദിച്ച ലിംഗാഗ്രചർമം തുടങ്ങിയവ സംസ്‌കരിക്കൽ പൊതുവെ സുന്നത്താണ് (തുഹ്ഫ 3/161).
ഇതിൽ പ്രഥമ ബാധ്യത ദാതാവിനാണ്. അയാൾ അശ്രദ്ധ കാണിച്ചാൽ ശ്രദ്ധയിൽപെട്ട ആർക്കും അതു സുന്നത്തുണ്ട്.
ബാർബർ ഷോപ്പിൽ വെച്ചു വെട്ടിയോ വടിച്ചോ കളഞ്ഞ രോമങ്ങൾ ക്ഷുരകൻ സംസ്‌കരിക്കുമെങ്കിൽ ദാതാവിനു സുന്നത്തില്ല. (ശബ്‌റാമല്ലിസി 2/495).
ശരീരത്തിൽ ചേർന്നുകിടക്കുമ്പോൾ നോക്കൽ കുറ്റകരമായതെല്ലാം വേർപെട്ടതിനു ശേഷവും കുറ്റകരമാണെന്നതിനാൽ സ്ത്രീകൾ ചീർപ്പുകളിൽ നിന്നൂരിയെടുക്കുന്ന മുടികൾ അന്യപുരുഷന്മാർ കാണാനിടയില്ലാത്ത വിധം സംസ്‌കരിക്കൽ നിർബന്ധമാണെന്നാണ് കർമശാസ്ത്ര വിധി. പുരുഷന്മാർ ഗുഹ്യരോമം പോലെ മുട്ടുപൊക്കിളുകൾക്കിടയിലുള്ള ഭാഗത്തുനിന്നും വേർപെട്ട മുടികളും അന്യരുടെ ദൃഷ്ടിയിൽ പെടാത്തവിധം മറയ്ക്കൽ നിർബന്ധമാണ് (തുഹ്ഫ 7/207, നിഹായ 6/200, തുഹ്ഫതുൽ ഹബീബ് 3/385 കാണുക).
അന്യസ്ത്രീകൾ കാണാനിടയുണ്ടെങ്കിൽ പുരുഷന്റെ തലമുടിയുൾപ്പെടെ ശരീര ഭാഗങ്ങൾ പൂർണമായും മറവുചെയ്യേണ്ടി വരുമെന്ന് ശബ്‌റാമല്ലിസി (6/200) നിരീക്ഷിച്ചിട്ടുണ്ട്.
കാണൽ കുറ്റകരമായ ശരീര ഭാഗങ്ങളുടെ വ്യാപ്തിയിൽ മൂത്രം, കഫം, ശുക്ലം, പാൽ, കേല എന്നിവ ഉൾപെടില്ലെന്ന് ഇമാമുകൾ (ഹാശിയതു ശബ്‌റാമല്ലിസി 6/200, തുഹ്ഫതുൽ ഹബീബ് 3/385) രേഖപ്പെടുത്തിയിട്ടുണ്ട്.
പൊതു ശൗചാലയങ്ങളിൽ നിന്നോ, സ്വന്തം വീട്ടിലെ തന്നെ ശുചിമുറികളിൽ നിന്നോ, കൂട്ടുകുടുംബ രീതിയിൽ താമസിക്കുന്ന അന്യപുരുഷന്മാരോ കാണാനിടയുണ്ടെങ്കിൽ കുളി കഴിഞ്ഞ് തോർത്തുമ്പോഴും ചീകുമ്പോഴും വേർപെട്ട മുടികൾ സ്ത്രീ ബാത്ത് റൂമിൽ ഉപേക്ഷിക്കരുത്.
ചില സ്ത്രീകൾക്ക് മുടിനുറുങ്ങുകൾ ചുരുട്ടി ജനാലയിലൂടെ പുറത്തേക്കെറിയുന്ന ദുശ്ശീലമുണ്ട്. മുറ്റത്തോ പറമ്പിലോ അന്യപുരുഷന്മാർ കാണാനിടയുണ്ടെന്നതിനാൽ ഇതും ഹറാമിന്റെ പരിധിയിൽ പെടും.
ദർശനം കുറ്റകരമായ വ്യക്തികൾ കാണാത്ത വിധത്തിലേക്കു മാറ്റുക എന്ന വിശാലമായ അർഥമേ ശരീരഭാഗങ്ങൾ സംസ്‌കരിക്കണമെന്ന മത നിർദേശത്തിനുള്ളൂ. അപ്പോൾ ഗുഹ്യരോമവും മറ്റും ക്ലോസറ്റുകളിൽ ഫ്‌ളഷ്‌ചെയ്തു വിട്ടാലും നിർബന്ധ ബാധ്യത തീരും. എന്നാൽ അത് കറാഹത്തിന്റെ പരിധിയിൽ പെടും (തുഹ്ഫതുൽ ഹബീബ് 208 കാണുക).
നമ്മുടെ ശരീരാവശിഷ്ടങ്ങളോട് ആദരവു പുലർത്തി അവ കുഴിയെടുത്ത് മാന്യമായി സംസ്‌കരിക്കുന്ന മതസംസ്‌കാരം ഇനിയെങ്കിലും സ്ഥാപിക്കാൻ നമുക്കാകണം. മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ മറ്റൊരാൾക്ക് വിൽപന നടത്തിയോ ദാനം ചെയ്‌തോ ഉപയോഗിക്കാൻ അനുവദിക്കുന്നത് കുറ്റകരമാണ്.
മുലപ്പാലു മാത്രമാണ് ഇതിനപവാദമായി കർമശാസ്ത്രം പരിചയപ്പെടുത്തുന്നത്. തദടിസ്ഥാനത്തിൽ കറന്നെടുത്ത മുലപ്പാൽ (സ്തീ-പുരുഷ വ്യത്യാസമില്ലാതെ) വിൽക്കാനും ദാനം ചെയ്യാനും ന്യായമുണ്ട് (മുഗ്‌നിൽ മുഹ്താജ് 2/343). ഹനഫീ മദ്ഹബ് മാത്രമേ മുലപ്പാൽ വിൽപന തടയുന്നുള്ളൂ. ചികിത്സാവശ്യാർഥം മാത്രമേ മനുഷ്യപാൽ വിപണനം സാധുവാകൂ എന്നാണ് അവരുടെ പക്ഷം (റദ്ദുൽ മുഹ്താർ 5/71, 5/228 കാണുക).
മനുഷ്യ സ്ത്രീയുടെ പാൽ വിൽക്കുന്നത് കറാഹത്തും പുരുഷ പാൽ ഹറാമുമാണ് ഹമ്പലീ മദ്ഹബിൽ (ശർഹുൽ മുൻതഹാ 2/8 കാണുക).
മുടിദാനവും വിൽപനയും ഇസ്‌ലാം ഒരിക്കലും അനുവദിച്ചിട്ടില്ല. നാലു മദ്ഹബുകൾക്കിടയിൽ ഇക്കാര്യത്തിൽ ഭിന്നതയില്ലെന്നത് (അൽബഹ്‌റുർറാഹിഖ് 3/254, ളൗഉശ്ശുമൂഅ്, 1/91, അസ്‌നൽ മത്വാലിബ് 1/173, മത്വാലിബു ഉലിന്നുഹാ 1/60 കാണുക) കാര്യത്തിന്റെ ഗൗരവമേറ്റുന്നു.
അപ്പോൾ നാം ഉപേക്ഷിക്കുന്ന മുടിനാരുകൾ വിഗ്ഗ് നിർമിക്കാനോ മറ്റോ ആരെങ്കിലും ഉപയോഗപ്പെടുത്തുമെന്ന് കണ്ടാൽ ബാർബർ ഷോപ്പിൽ പോലും മുടി ഉപേക്ഷിച്ചുപോകാൻ പാടില്ലെന്നു വരും.
മുടിചികിത്സ ലോകത്ത് വ്യാപിച്ചതോടെ മുടി കയറ്റുമതി വളരെ ലാഭകരമായി മാറിയിരിക്കുന്നു. വിഗ്ഗ് നിർമാണത്തിനും കീമോ തെറാപ്പിക്കു വിധേയരായി മുടി കൊഴിഞ്ഞുപോയ കാൻസർ രോഗികൾക്കും മുടികൾ ധാരാളമായി വേണ്ടതുണ്ട്. രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ പല സ്ത്രീകളും ബ്യൂട്ടി പാർലറുകളിലെത്തി മുടി വിൽപന നടത്തുന്നതായി വായിക്കാനിടയായി. മതപരമായി ഗുരുതരമായ തെറ്റാണിതെന്നോർക്കണം.
അർബുദ രോഗികളോടുള്ള അനുഭാവം മുതലാക്കി സന്നദ്ധരായ സ്‌കൂൾ വിദ്യാർഥികളുടെ മുടി മുറിച്ചുവാങ്ങുന്നതും മതവിരുദ്ധമാണ്. കീമോ ചികിത്സ മൂലം മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് കൃത്രിമ മുടികൾ ലഭ്യമാക്കാനുള്ള നടപടികളിലേർപെട്ടു സഹായിക്കാനേ ആദർശ ബോധമുള്ള ജീവകാരുണ്യ പ്രവർത്തകർക്കു കഴിയൂ. ശാസ്ത്ര വളർച്ച ത്വരിതപ്പെട്ട നവനാളുകളിൽ വിശ്വാസിക്ക് ശ്രദ്ധയും ജാഗ്രതയും കൂടുതൽ വേണ്ടതുണ്ട്.
മുടി നേരിട്ടുപയോഗിച്ചേക്കുമെന്ന പഴയ പേടി ഇന്ന് വളർന്ന് തലനാരുകൾ എന്തൊക്കെ രൂപത്തിൽ എവിടെയൊക്കെ എത്തുമെന്നു പോലും സങ്കൽപിക്കാൻ കഴിയാത്ത വിധം ഭീകരമായി തീർന്നിട്ടുണ്ട്.
ജൈവവളമായി ഉപയോഗിക്കാവുന്ന അമിനോ ആസിഡ് മുടിയിൽ നിന്നുണ്ടാക്കുന്ന പ്ലാന്റ് അടുത്ത വർഷം കണ്ണൂരിൽ പ്രവർത്തനം തുടങ്ങുമെന്ന പുതിയ വാർത്ത നമ്മുടെ ആശങ്കയ്ക്കു ആക്കം കൂട്ടുന്നതാണ്.
സംസ്ഥാനത്ത് ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും സംരംഭമാണത്രെ ഇത്. പൂനെയിലെ പ്ലാന്റിൽ വർഷം 200 കോടിയുടെ അമിനോ ആസിഡ് വിൽപനയാണ് നടക്കുന്നതത്രെ!. ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേർന്നാണ് പദ്ധതിയുടെ ഏകോപനം. ബാർബർ ഷോപ്പുകളിലെയും ബ്യൂട്ടി പാർലറുകളിലെയും മുടി ജില്ലാടിസ്ഥാനത്തിൽ ശേഖരിച്ച് ഇവിടെ എത്തിച്ച് സംസ്‌കരിക്കും.
അമിനോ ആസിഡ് നിർമാണം
മുടിയുടെ പ്രധാന ഘടകമായ ‘കെരാട്ടിൻ’ എന്ന പ്രോട്ടീൻ വേർതിരിച്ചാണ് നിർമാണം. കെരാട്ടിനിൽ 18 അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. 400 ഡിഗ്രിയിൽ മുടി ചൂടാക്കും. ഇത് വെള്ളവുമായി ചേർക്കും. അപ്പോൾ പെപ്‌റ്റൈഡ് ദ്രാവകം ഉണ്ടാകും. അത് മൂന്ന് തരത്തിലുള്ള രാസപ്രവർത്തനത്തിലൂടെ അമിനോ ആസിഡാക്കി മാറ്റും. ഒരു കിലോ മുടിയിൽ നിന്ന് ഒരു ലിറ്റർ വരെ അമിനോ ആസിഡ് നിർമിക്കാം. ലിറ്ററിന് 300-400 രൂപയാണ് വില.
അമിനോ ആസിഡ് കാർഷിക വളമാണ്. വെള്ളം ചേർത്ത് പച്ചക്കറികൾക്കും ചെടികൾക്കും തളിക്കാം. മണ്ണില്ലാതെ വെള്ളത്തിൽ ജൈവകൃഷി നടത്തുമ്പോൾ വളമായും അമിനോ ആസിഡ് ഉപയോഗിക്കാം. മുടി സംസ്‌കരിച്ചുണ്ടാകുന്ന കരിയും വളമാണ്. ഗൾഫിലും യൂറോപ്പിലും പദ്ധതി വിജയമാണെന്നറിയുന്നു.
ഇതിനാവശ്യമായ മുടി ശേഖരിക്കുന്നത് എങ്ങനെയെന്നു നോക്കാം. ബാർബർ ഷോപ്പുകളിലെ മുടി വർഷം 800 ടൺ. ബാർബർ ഷോപ്പുകൾ 26,000. ബ്യൂട്ടിപാർലറുകൾ 12,000. ഓരോ ജില്ലയിലും മുടി ശേഖരിക്കാൻ കളക്ഷൻ സെന്ററുകൾ. മാസത്തിലോ 15 ദിവസം കൂടുമ്പോഴോ കണ്ണൂരിലെ കേന്ദ്രത്തിലെത്തിക്കും.
നമ്മുടെ മുടിയിഴകൾ നമ്മുടെ സമ്മതമില്ലാതെ തന്നെ ആരൊക്കെയോ വിറ്റ് കാശാക്കുമെന്നു സാരം. മനുഷ്യ മുടി ഇങ്ങനെ മറ്റൊരു വസ്തുവാക്കി ഉപയോഗിക്കാൻ മതം അനുവദിക്കുന്നില്ലെന്ന് വ്യത്യസ്ത മദ്ഹബുകളുടേതായി മേലുദ്ധരിച്ച മൊഴികളിൽ നിന്നു വ്യക്തമാണ്.
എന്നാൽ മുകളിൽ വിശദീകരിച്ച രൂപത്തിലോ മറ്റോ മനുഷ്യ രോമങ്ങൾ മാറ്റി ഉപയോഗിക്കുന്നതിന് മാലികീ സരണയിൽ നേർത്തൊരു ന്യായമുണ്ട്.
ഔഷധക്കൂട്ടുകളിൽ ചേർക്കാനോ ന്യായമായ ചായങ്ങൾക്കോ മറ്റോ ഉപയോഗിക്കുന്നത് കറാഹത്താണ് അവരുടെ മദ്ഹബിൽ (ശർഹുൽ മജ്മൂഅ് 1/91, 92 കാണുക).
ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ