മുഹമ്മദ് നബി ജീവിതവും ആധ്യാത്മികതയും

I (3)കൃത്യമായ ജന്മദിനമുള്ള പ്രവാചക വരിഷ്ഠനാണ് മുഹമ്മദ് നബി. ബുദ്ധ`ന്‍, സൊറാസ്റ്റര്‍, മോസസ്, കൃഷ്ണ`ന്‍, ക്രിസ്തു തുടങ്ങിയ ഉത്കൃഷ്ട പ്രതിഭകളുടെ ജന്മദിനങ്ങള്‍ ആഘോഷങ്ങള്‍ എന്ന നിലയില്‍ ലോകമെന്പാടും ആചരിക്കപ്പെടാറുണ്ടെങ്കിലും, പ്രസ്തുത മഹാന്മാര്‍ ജനിച്ചവര്‍ഷം, ദിവസം, സ്ഥലം എന്നിവയെ സംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒട്ടേറെയുണ്ട്. എന്തിനേറെ പറയുന്നു, ശ്രീശങ്കരാചാര്യര്‍ ജനിച്ച സ്ഥലം, ദിവസം എന്നിവയെ സംബന്ധിച്ചുപോലും ഏകാഭിപ്രായം നിലവിലില്ല. ഇതൊക്കെ കണക്കിലെടുക്കുന്പോഴാണ്, കൃത്യമായ ജന്മദിനമുള്ള പ്രവാചക വരിഷ്ഠനാണ് മുഹമ്മദ് നബി എന്നത് എടുത്തുപറയേണ്ട പ്രത്യേകതയായിരിക്കുന്നത്! മുഹമ്മദ് നബിക്ക് ഐതിഹാസികതയല്ല; ചരിത്രപരതയാണുള്ളത്. കെട്ടുകഥകളുടെ കെട്ടിമറിച്ചിലുകള്‍ ഇല്ലാത്തതും വസ്തുനിഷ്ഠവുമാണ് മുഹമ്മദ് നബിയുടെ ജീവിതചര്യ എന്നു ചുരുക്കം.
മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്ന രീതിയെക്കുറിച്ച് ചിലര്‍ക്ക് ചര്‍ച്ചകളുണ്ടായേക്കാം. അല്ലാഹു, വിശുദ്ധ ഖുര്‍ആ`ന്‍, നബിചര്യ എന്നിവയെ അടിസ്ഥാനമാക്കിയും ആദരിച്ചും കഴിയുക എന്നതാണ് ഇസ്ലാമിക ചര്യ എങ്കില്‍, വിശുദ്ധ ഗ്രന്ഥം വെളിപ്പെട്ട മാസത്തിനുള്ള പ്രാധാന്യത മുഹമ്മദ് നബി തിരുവവതാരം ചെയ്ത ദിവസത്തിനും നല്‍കുന്നതില്‍ അനിസ്ലാമികതയൊന്നും ഉണ്ടെന്നു ഈ ലേഖക`ന്‍ കരുതുന്നില്ല. മാത്രമല്ല, മനുഷ്യനെ മാനിക്കുക എന്നതു വിശുദ്ധ ഖുര്‍ആന്റെ സുപ്രധാനമായൊരു കല്‍പനയാണ്. അത്തരമൊരു കല്‍പ്പന അനുസരിക്കുവാ`ന്‍ വിസമ്മതിച്ചതിനാലാണ് ഇബ്ലീസ് എന്ന മലക്കുകളുടെ സഹചാരി ശാപഗ്രസ്തനായി പിശാചായി തരം താഴ്ത്തപ്പെട്ടതെന്നും ഖുര്‍ആ`ന്‍ പഠിപ്പിക്കുന്നു. അതിനാല്‍ ഉത്തമ മനുഷ്യനായ മുഹമ്മദ് നബിയുടെ ജന്മ ദിന സ്മരണ ഉള്ളവരായിരിക്കുന്നത് “മനുഷ്യനെ മാനിക്കുക’ എന്ന ഖുര്‍ആനിക അധ്യാപനത്തിനോട് ഉള്ളിണക്കമുള്ള നടപടിയാണ്. നബിദിനാഘോഷം ശരിയോ തെറ്റോ എന്നതിനെക്കുറിച്ച് എന്റെ എളിയ അറിവുകളില്‍ നിന്നുകൊണ്ട് തല്‍ക്കാലം ഇത്രയേ പറയുന്നുള്ളൂ. ഇനി പറയാനുള്ളത് മുഹമ്മദ് നബി എന്ന പ്രവാചക പ്രവര`ന്‍ നല്‍കുന്ന ജീവിത സന്ദേശം എന്ത് എന്നതിനെ സംബന്ധിച്ചാണ്.
മുഹമ്മദ് നബിയെക്കുറിച്ച് ഒരുപാട് ആളുകള്‍ എഴുതിയിട്ടുണ്ട്; എഴുതിക്കൊണ്ടിരിക്കുന്നുണ്ട്; ഇനിയും എഴുതുകയും ചെയ്യും! എഴുതപ്പെട്ടതെല്ലാം വായിച്ചു മുഴുമിപ്പിക്കുവാ`ന്‍ പോലും ഒരു പുരുഷായുസ്സു മതിയാവുകയില്ല. വായിച്ചിടത്തോളം വിലയിരുത്തി ഒരു അഭിപ്രായം പ്രകടിപ്പിക്കുവാനാകട്ടെ ഒരു ലേഖനം പോര താനും! അതിനാല്‍ മുഹമ്മദ് നബിയെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ കാണുന്ന ഒരു പരാമര്‍ശത്തെ അധികരിച്ചുമാത്രം ചിലതു സൂചിപ്പിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്.
മുഹമ്മദ് നബിയുടെ ജീവിതം എവ്വിധമായിരുന്നു എന്നതിനെ സംബന്ധിച്ച് ധാരാളം പ്രാമാണികമായ പ്രഖ്യാപനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെയുണ്ട്. അതില്‍ ഈ ലേഖകനെ കോരിത്തരിപ്പിക്കുകയും ആഴത്തില്‍ ചിന്തിപ്പിക്കുകയും ചെയ്ത ഒരു സൂക്തം ഇതാണ്: “ആഹാരം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരല്ലാത്ത ആരേയും താങ്കള്‍ക്കു മുന്പും നാം ദൂതന്മാരായി അയച്ചിട്ടില്ല’ (25/20). ഒറ്റ നോട്ടത്തില്‍ അസാധാരണമായൊന്നും ഇല്ലാത്തതെന്നു തോന്നാവുന്ന ഈ കൊച്ചു വാക്യത്തില്‍ പ്രവാചക ജീവിതത്തിന്റെ മഹിമകളത്രയും ആല്‍വൃക്ഷം ആല്‍ വിത്തിനകത്തെന്ന പോലെ നിഗൂഹനം ചെയ്യപ്പെട്ടിട്ടുണ്ട്. മേലുദ്ധരിച്ച കൊച്ചു സൂക്തത്തെ അപഗ്രഥിച്ചാല്‍ അക്കാര്യം വെളിയില്‍ വരും! അന്ത:പുരങ്ങളില്‍ അടയിരിക്കുന്നവനല്ല മറിച്ച് അങ്ങാടികളില്‍ കൂടി നടക്കുന്നവനാണ് ദൈവ നിയോഗിതരായ യഥാര്‍ത്ഥ ആധ്യാത്മിക മാനവര്‍ എന്നത്രേ പ്രസ്തുത സൂക്തം പ്രഖ്യാപിക്കുന്നത്! ഇത് തിരുത്തുന്ന തിരുവെഴുത്തും തീയെഴുത്തുമാണ്! എന്തുകൊണ്ടെന്നു വ്യക്തമാക്കാം.
ഇന്ന് സൂഫികളെന്നും സ്വാമിമാരെന്നും അവദൂതന്മാരെന്നുമൊക്കെ പറഞ്ഞുവരുന്ന ധാരാളം ആളുകളെ എവിടേയും കാണാം. ആള്‍ദൈവങ്ങള്‍ എന്ന പേരില്‍ വിമര്‍ശിക്കപ്പെടുന്നത് അത്തരക്കാരാണ്. ഇത്തരക്കാര്‍ അങ്ങാടിയിലൂടെ നടക്കാറില്ല; കവല പ്രസംഗങ്ങള്‍ ചെയ്യാറുമില്ല. അങ്ങാടിയില്‍ നടക്കുന്നതിലും കവലകളില്‍ പ്രസംഗിക്കുന്നതിലും ആധ്യാത്മികതയ്ക്കു നിരക്കാത്ത എന്തോ വലിയൊരു കുറവുണ്ടെന്നാണ് മിക്കവാറും ആള്‍ദൈവങ്ങളുടെയും അനുചരന്മാരുടെയും ധാരണ! മേലുദ്ധരിച്ച ഖുര്‍ആ`ന്‍ വാക്യം ഇത്തരം ആള്‍ ദൈവാധ്യാത്മിക ധാരണകളെ പാടെ അപ്രസക്തമാക്കുന്നു. യഥാര്‍ത്ഥ ദൈവ ദൂതന്മാര്‍ എല്ലാ തരത്തില്‍പ്പെട്ടവരും ഒത്തുകൂടുന്ന പൊതു ഇടമായ അങ്ങാടിയിലൂടെ നടന്നിട്ടുള്ളവരാണെന്നു വിശുദ്ധ ഖുര്‍ആ`ന്‍ പ്രഖ്യാപനം ചെയ്യുന്നു. അതിലൂടെ, ആരാധകരുടെ പുഷ്പവൃഷ്ടിയേറ്റ്, അവരുടെ സ്തുതിഘോഷങ്ങള്‍ ശ്രവിച്ച്, ആരാധകര്‍ വിരിയ്ക്കുന്ന പതുപതുത്ത പരവതാനികളിലൂടെ നടന്നാലേ ആധ്യാത്മികനാവൂ എന്ന ആള്‍ദൈവ ധാരണകളെ പാടെ പൊളിച്ചടുക്കുന്നു തിരുപ്രവാചകാധ്യാപനങ്ങള്‍.
ലോകത്തെ ചലിപ്പിക്കുകയും മാനവികതയെ ഉണര്‍ത്തുകയും ചരിത്രത്തെ രൂപപ്പെടുത്തുകയും ചെയ്ത ഏതൊരു ആധ്യാത്മിക മാനവനും അരമനകളിലോ അന്തഃപുരങ്ങളിലോ ആശ്രമങ്ങളിലോ ഇര വിഴുങ്ങിയ പാന്പു കണക്കെയോ കാഞ്ചനക്കൂട്ടിലെ തത്തകളെ പോലെയോ പതുങ്ങിയും അടങ്ങിയും ഒടുങ്ങിയവരായിരുന്നില്ല. ശ്രീ ബുദ്ധ`ന്‍ കൊട്ടാരം വിട്ട് തെരുവിലേക്കിറങ്ങി നടന്നവനാണ്, ശ്രീ കൃഷ്ണ`ന്‍ കന്നാലിച്ചെക്കന്മാര്‍ക്കൊപ്പം കാലി മേയ്ച്ചു നടന്നവനാണ്, യേശുക്രിസ്തു നിന്ദിതരെയും പീഡിതരെയും ഒപ്പം കൂട്ടി തെരുവുകളില്‍ നടന്നവനാണ്; വിവേകാനന്ദ`ന്‍ പന്ത്രണ്ടു വര്‍ഷത്തോളം ഇന്ത്യ മുഴുവ`ന്‍ ഏറിയകൂറും കാല്‍ നടയായി, അടുത്ത ആഹാരം എവിടെ നിന്നെന്നുപോലും തീര്‍ച്ചയില്ലാതെ നടന്നവനാണ്; തെരുവില്‍ നടക്കാ`ന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന അവര്‍ണര്‍ക്കു വേണ്ടി മരുത്വാമല വിട്ട് തെരുവിലേക്ക് ഇറങ്ങിവന്ന കാരുണ്യമാണ് ശ്രീനാരായണ ഗുരു. ഇവരെല്ലാം രൂപപ്പെടുത്തിയതാണ് മാനവ നാഗരികത!. ഈ വലിയ തത്ത്വമാണ് വിശുദ്ധ ഖുര്‍ആനിലെ നബിചര്യ സംബന്ധിച്ച സൂക്തത്തിലുള്ളത്. അങ്ങാടിയിലൂടെ നടക്കാത്തവരല്ല, നടക്കുന്നവരാണ് ഞാനയച്ച എന്റെ ദൂതന്മാര്‍ എന്ന അല്ലാഹുവിന്റെ പ്രഖ്യാപനത്തിലുള്ളത്. അന്തഃപുരങ്ങളില്‍ അടയിരിക്കുന്ന ആള്‍ ദൈവങ്ങളെ ദര്‍ശിക്കുവാ`ന്‍ ക്യൂ നില്‍ക്കുന്ന ആധ്യാത്മികത ഖുര്‍ആനികമല്ല; എല്ലാതരം ജനങ്ങളും ഒത്തുകൂടുന്ന അങ്ങാടിയിലൂടെ നടക്കുന്നവനെ തൊട്ടറിയുന്ന ആധ്യാത്മികതയാണ് ഖുര്‍ആനികമായ ആധ്യാത്മികത! അത്തരം ജനകീയ ആധ്യാത്മികതയുടെ മാനവാകാരമായിരുന്നു വരിഷ്ഠ പ്രബോധകനായ മുഹമ്മദ് നബി!.
ഭാരതീയ പാരമ്പര്യത്തില്‍ അങ്ങാടിയിലൂടെ നടക്കുന്ന ആധ്യാത്മിക മാനവരെ വിശേഷിപ്പിക്കുവാ`ന്‍ ഉപയോഗിക്കുന്ന സുന്ദരമായ ഒരു പദമുണ്ട്. അനികേത`ന്‍!. നികേതം എന്നാല്‍ വീടെന്നാണ് അര്‍ത്ഥം. അനികേത`ന്‍ എന്നാല്‍ വീടില്ലാത്തവ`ന്‍ എന്നര്‍ത്ഥം!. വീടില്ലാത്തവ`ന്‍ കാറ്റിനെപ്പോലെ സദാ സഞ്ചാരിയായിരിക്കും. അത്തരക്കാര്‍ക്ക് എവിടെയും വീടുണ്ടായിരിക്കും. അങ്ങനെ എവിടേയും വീടുള്ളവനാകുന്നവനേ വിശ്വശക്തിയായ ദൈവത്തോടൊപ്പം ആയിരിക്കുന്നതിന്റെ സമാധാനം അനുഭവിക്കൂ. മുഹമ്മദ് നബി അത്തരം സമാധാനം അഗാധമായി അനുഭവിച്ച മഹാത്മാവായിരുന്നു. ആ മഹാത്മാവിനെ സ്മരിക്കുന്പോള്‍ നമ്മളും അറിയാതെ എവിടേയും വീടുള്ളവരായി മാറും. നമ്മള്‍ എന്തു ചിന്തിക്കുന്നുവോ അത് നമ്മിലേക്ക് സംക്രമിക്കും എന്നത് ഒരു ചെറിയ വലിയ മനഃശാസ്ത്ര തത്ത്വമാണ്. മുഹമ്മദ് നബിയെപ്പറ്റി ചിന്തിച്ചാല്‍ നമ്മളിലേക്കും നബിചര്യ സംക്രമിക്കാം. അങ്ങാടിയില്‍ കൂടി നടന്ന തിരുദൂതന്മാരെപ്പോലെ നമ്മളും ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരും അവരുടെ രോദനങ്ങളറിയുന്നവരുമായി മാറും; ആഢംബരങ്ങളുടെ അന്തഃപുരങ്ങളില്‍ അടങ്ങിയിരുന്നു മരിക്കുന്നവര്‍ അല്ലാതെയാവും.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

Exit mobile version