ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ: നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപിക്കൂ. പല ഗഡുക്കളായി അടക്കാം. പിന്നീട് എപ്പോൾ സ്വർണം വാങ്ങിയാലും ഇക്കാലയളവിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് സ്വർണം സ്വന്തമാക്കാം. വിലക്കയറ്റം നിങ്ങളെ ബാധിക്കുകയേയില്ല- ഈ ഇടപാടിന്റെ മതവിധി എന്താണ്. ഇത് പലിശയിൽ പെടുമോ?
ഷാജഹാൻ ബേക്കൽ
ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ പണം നൽകുന്ന സമയം വിൽപന ഇടപാട് നടക്കുന്നില്ലെന്ന് വ്യക്തമാണ്. സ്വർണം വാങ്ങണമെന്ന് ഉദ്ദേശിച്ചുകൊണ്ട് അതിന്റെ വിലയായി പരിഗണിക്കാമെന്ന നിലയിൽ പണം നൽകലും സ്വീകരിക്കലും മാത്രമാണ് അപ്പോൾ നടക്കുന്നത്. പണം കൈപ്പറ്റിയ ജ്വല്ലറി ഉടമസ്ഥന് പ്രസ്തുത പണത്തിന്റെ ബാധ്യതയുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ബാധ്യതയിലുള്ള പ്രസ്തുത പണത്തിന് പകരമായി അദ്ദേഹവും പണം നൽകിയ വ്യക്തിയും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണം നൽകുന്നതിനും വാങ്ങുന്നതിനും വിരോധമില്ല.
എന്നാൽ വില വർധനവ് ബാധകമാകാതെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകണമെന്ന നിബന്ധനയോടെ ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നതും വാങ്ങുന്നതും ഹറാമാണ്. അത് പലിശയിടപാട് തന്നെയാണ്. അത്തരം യാതൊരു നിബന്ധനയുമില്ലാതെ പണം നൽകുകയും പിന്നീട് പ്രസ്തുത പണത്തിനു പകരമായി രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണം നൽകുകയും ചെയ്യുന്നതിനു വിരോധമില്ല. അത് പലിശയിടപാടല്ല. ജ്വല്ലറിയിലേക്ക് പണം നൽകിയവർക്ക് വില വർധനവ് ബാധകമാകാതെ സ്വർണം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പരസ്യപ്പെടുത്തിയത് കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞതുകൊണ്ടോ ഹറാമാവുകയില്ല. മേൽ പറഞ്ഞ വിധം നിബന്ധന വെച്ചുകൊണ്ട് പണം കടമായി വാങ്ങുന്നതും നൽകുന്നതും ഹറാം തന്നെയാണ്.
ഖളാആയ സുബ്ഹിയുടെ സുന്നത്ത് നിസ്കാരം
വൈകി എണീറ്റതു കാരണം സുബ്ഹി ഖളാആയ വ്യക്തി സുബ്ഹി നിസ്കരിച്ച ശേഷമാണ് മുമ്പുള്ള സുന്നത്ത് നിർവഹിക്കുന്നതെങ്കിൽ ‘സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം ഖളാഅ് വീട്ടി ഞാൻ നിർവഹിക്കുന്നു’വെന്നാണോ നിയ്യത്ത് ചെയ്യേണ്ടത്?
ആദിൽ ഉസ്മാൻ മാവൂർ
അതേ, പ്രസ്തുത സുന്നത്ത് നിസ്കാരവും ഖളാആയിട്ടുണ്ട്. ഫർള് നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നതോടെ അതിന്റെ മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്കാരങ്ങളുടേയും സമയം അവസാനിക്കുന്നതാണ്. അതിനാൽ സുബ്ഹി നിസ്കാരം ഖളാആയതിനു ശേഷം അതിന്റെ മുമ്പുള്ള സുന്നത്ത് നിസ്കരിക്കുമ്പോൾ- അത് സുബ്ഹി ഖളാഅ് വീട്ടുന്നതിന് മുമ്പായാലും ശേഷമായാലും- ഖളാഅ് എന്നു തന്നെയാണ് നിയ്യത്ത് ചെയ്യേണ്ടത് (തുഹ്ഫ 2/236).
നിരപരാധിയായ വനിതയെ ശിക്ഷിക്കുകയോ?
ഇസ്ലാമിൽ വ്യഭിചാരം നടന്നുവെന്ന് സ്ഥിരപ്പെടാൻ നാലു സാക്ഷികൾ വേണമല്ലോ. ഇങ്ങനെയൊരു നിയമമുള്ളത് കൊണ്ട് ഒരു സ്ത്രീയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ പെട്ടെന്നൊന്നും ആർക്കും കഴിയില്ലെന്നു പറയാം. എന്നാൽ ഇതിനൊരു മറുവശവുമുണ്ട്. നാലു പേർ സംഘടിച്ചുകൊണ്ട് ഒരു സ്ത്രീയെക്കുറിച്ച് അവൾ വ്യഭിചരിച്ചു എന്ന് കള്ളസാക്ഷി പറഞ്ഞാൽ ശരീഅത്ത് നിയമമനുസരിച്ച് നിരപരാധിയായ ഒരു വനിത ശിക്ഷിക്കപ്പെടില്ലേ? ഇത് സ്ത്രീവിരുദ്ധമല്ലേ- എന്റെയൊരു സുഹൃത്തിന്റെ ചോദ്യമാണിത്. ഇതിന് കൃത്യമായൊരു മറുപടി സുന്നിവോയ്സിലൂടെ പ്രതീക്ഷിക്കുന്നു.
മുഹ്സിന തെഹ്ദില വെളിയങ്കോട്
താങ്കളുടെ സുഹൃത്തിന്റെ ചോദ്യം വായിച്ചപ്പോൾ നാലു സാക്ഷികൾ മുഖേന വ്യഭിചാരം സ്ഥിരപ്പെടുമെന്ന നിയമവും വ്യഭിചാരത്തിന്റെ ശിക്ഷാനടപടികളും സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന് തെറ്റിദ്ധരിച്ചതു പോലെ തോന്നുന്നു. അതെല്ലാം പുരുഷന്മാരെയും ബാധിക്കുന്നതാണ്. നാലു പേർ കള്ളസാക്ഷികളായി മൊഴി നൽകിയാൽ നിരപരാധിയായ പുരുഷനും ശിക്ഷിക്കപ്പെടാനിടയുണ്ടല്ലോ. സ്്രതീവിരുദ്ധം/പുരുഷ പക്ഷം എന്നൊന്നും ഇസ്ലാമിക നിയമത്തെ വിശേഷിപ്പിക്കുന്നതിൽ കാര്യമില്ലെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ഇക്കാര്യം ഓർമിപ്പിച്ചത്.
ഇനി ഉത്തരത്തിലേക്കു വരാം. ഏതെങ്കിലും നാലാളുകൾ പറയുമ്പോഴേക്കും വ്യഭിചാരം സ്ഥിരപ്പെടുമെന്നോ ശിക്ഷ നടപ്പിലാക്കപ്പെടുമെന്നോ ശരീഅത്ത് നിയമത്തിലില്ല. സാക്ഷികളുടെ യോഗ്യതകളും സാക്ഷിമൊഴിയുടെ നിബന്ധനകളും ഇസ്ലാമിക നിയമത്തിൽ കൃത്യമായി നിർണയിക്കപ്പെട്ടിട്ടുണ്ട്. കുറ്റവാളി രക്ഷപ്പെട്ടാലും നിരപരാധി ശിക്ഷപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ അതിലെല്ലാം നിരവധിയുണ്ട്. അത് സംബന്ധമായ വിശദീകരണം ഇവിടെ ഉദ്ദേശിക്കുന്നില്ല.
സുഹൃത്തിന്റെ വാദം, നാലാളുകൾ സംഘടിച്ച് കളവ് പറഞ്ഞതു നിമിത്തം നിരപരാധികൾ ശിക്ഷപ്പെടാൻ സാധ്യതയില്ലേ എന്നാണെങ്കിൽ മനുഷ്യർ കൈകാര്യം ചെയ്യുന്ന കോടതികളിലും- ഇസ്ലാമിക കോടതികളാണെങ്കിൽ പോലും- ഭൗതിക ലോകത്ത് തന്നെയും നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനും മനുഷ്യർ കളവ് പറയാനും കുറ്റവാളികൾ രക്ഷപ്പെടാനും നിരപരാധികൾ ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ടെന്നത് വസ്തുതയാണ്. പക്ഷേ അത് ശരീഅത്ത് നിയമത്തിന്റെ കുഴപ്പമല്ല. ഭൗതിക ലോകത്തിന്റെ സംവിധാനം അങ്ങനെയായത് കൊണ്ടാണ്.
നിയമങ്ങൾ ലംഘിക്കപ്പെടാനും ദുരുപയോഗം ചെയ്യാനും കഴിയുന്ന വിധത്തിലാണ് ഈ ലോകം സംവിധാനിക്കപ്പെട്ടിട്ടുള്ളത്. നിരപരാധികളുടെ നിരപരാധിത്വം വ്യക്തമാക്കപ്പെടുകയും അവർക്ക് ശാശ്വതമായി രക്ഷ നൽകപ്പെടുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു ജീവിതമുണ്ടെന്നത് ഇസ്ലാമിലെ അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ്. പരലോക ജീവിതത്തിൽ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടില്ല. കളവ് പറഞ്ഞ് ആർക്കും ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയില്ല. രക്ഷശിക്ഷകളുടെ അത്തരമൊരു ജീവിതം അനിവാര്യമാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ വസ്തുതകൾ.
പിന്നെ, ഇസ്ലാം എന്നത് ശിക്ഷാമുറകൾ മാത്രമല്ല. വിശ്വാസവും ധാർമിക പാഠങ്ങളും ബോധവൽകരണവുമാണ് ഇസ്ലാമിന്റെ മർമം. അവയുടെ കൂടെ ചേർത്തുവായിക്കേണ്ടതാണ് ഇസ്ലാമിലെ ശിക്ഷാനിയമങ്ങൾ എന്നത് മറക്കരുത്.
വുളൂ മുറിയാതിരിക്കാൻ മദ്ഹബ് മാറണോ?
ഹജ്ജ്-ഉംറ വേളകളിൽ വുളൂഅ് നഷ്ടപ്പെടുന്ന പ്രയാസത്താൽ പലരും സ്ത്രീസ്പർശനം മുഖേന വുളൂഅ് മുറിയില്ലെന്ന ഹനഫീ മദ്ഹബ് സ്വീകരിക്കാറുണ്ട്. ഇത് ശരിയാണോ. മദ്ഹബുകളിലെ ഇളവുകൾ തേടിപ്പിടിക്കാൻ പാടില്ലെന്നല്ലേ. സ്പർശിച്ചവന്റെ വുളൂഅ് മാത്രമേ മുറിയൂ, സ്പർശിക്കപ്പെട്ടവന്റേത് മുറിയില്ലെന്ന ശാഫിഈ മദ്ഹബിലെ തന്നെ രണ്ടാം അഭിപ്രായം സ്വീകരിക്കലാണ് നല്ലതെന്ന് ചിലർ പറയാറുണ്ട്. ഹനഫീ മദ്ഹബ് സ്വീകരിക്കാമെങ്കിൽ അതാണോ നല്ലത്, അതോ ശാഫിഈ മദ്ഹബിലെ രണ്ടാം അഭിപ്രായം സ്വീകരിക്കലാണോ? വിശദീകരണം പ്രതീക്ഷിക്കുന്നു.
സൈതലവി മുസ്ലിയാർ കോട്ടക്കൽ
മദ്ഹബുകളിലെ ഇളവുകൾ തേടിപ്പിടിക്കരുതെന്നതിന്റെ ഉദ്ദേശ്യം എല്ലാ മദ്ഹബുകളിൽ നിന്നുമുള്ള ഇളവുകൾ കണ്ടെത്തി അവ മാത്രം സ്വീകരിച്ചു പ്രവർത്തിക്കുന്ന രീതി പറ്റില്ലെന്നാണ്. ഹജ്ജ്-ഉംറ വേളകളിൽ വുളൂഇന്റെ കാര്യത്തിൽ ഹനഫീ മദ്ഹബ് സ്വീകരിക്കുന്നത് ഈ വകുപ്പിൽ ഉൾപെടുന്നതല്ല.
ഇമാം ഇബ്നു ഹജർ(റ) എഴുതുന്നു: മതശാസനയുടെ ബന്ധനം ഒഴിവാകുന്ന വിധം സർവ മദ്ഹബുകളിൽ നിന്നുമുള്ള ഇളവുകൾ തേടിപ്പിടിച്ചു പിന്തുടരാതിരിക്കണമെന്നത് തഖ്ലീദിൽ നിർബന്ധമാണ്. മദ്ഹബുകളിൽ ഇളവുകൾ സ്വീകരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണെന്ന് ഇബ്നു അബ്ദിസ്സലാം(റ) പറഞ്ഞത് ഇതിന് വിരുദ്ധമല്ല. ഇളവുകൾ സ്വീകരിക്കുന്നതിൽ ഇളവുകൾ തേടിപ്പിടിച്ച് പിന്തുടരുക എന്ന പ്രശ്നമില്ല. ഇളവുകൾ സ്വീകരിച്ച് അമൽ ചെയ്യുന്നതല്ല, സർവ മദ്ഹബുകളിൽ നിന്നും ഇളവുകൾ തേടിപ്പിടിച്ച് പിന്തുടരുന്ന രീതിയാണ് തെറ്റ് (തുഹ്ഫ 1/47, 10/112).
മറ്റൊരു മദ്ഹബ് സ്വീകരിക്കുമ്പോൾ പ്രസ്തുത വിഷയത്തിൽ ആ മദ്ഹബിലെ നിബന്ധനകൾ പൂർണമായി പാലിക്കേണ്ടതുണ്ട്. അത് പ്രയാസകരമായതിനാൽ നമ്മുടെ മദ്ഹബിൽ തന്നെയുള്ള പ്രബലമല്ലാത്ത അഭിപ്രായം സ്വീകരിച്ചു പ്രവർത്തിക്കലാണ് കൂടുതൽ നല്ലതെന്ന് കർമശാസ്ത്ര ഇമാമുകൾ പലരും വ്യക്തമാക്കിയിട്ടുണ്ട് (ബിഗ്യ പേ. 9,10).
പിന്നെ സ്പർശിച്ചവന്റെ വുളൂഅ് മാത്രമേ മുറിയൂ; സ്പർശിക്കപ്പെട്ടവന്റേത് മുറിയുകയില്ല എന്ന നമ്മുടെ മദ്ഹബിലെ രണ്ടാം അഭിപ്രായം ഒരാൾ സ്പർശിച്ചവനും മറ്റൊരാൾ സ്പർശിക്കപ്പെട്ടവനും എന്ന വേർതിരിവുള്ള രൂപങ്ങളിൽ മാത്രമാണുള്ളതെന്നും അങ്ങനെ വേർതിരിവില്ലാതെ സ്ത്രീയും പുരുഷനും കൂട്ടിമുട്ടുന്ന രൂപത്തിൽ അതില്ലെന്നും അവിടെ രണ്ടുപേരുടെയും വുളൂഅ് മുറിയുമെന്നതിൽ നമ്മുടെ മദ്ഹബിൽ രണ്ടഭിപ്രായമില്ലെന്നും ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട് (ഈളാഹ് പേ. 237).
ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി