മൗദൂദിയുടെ ഭാഗ്യപരീക്ഷണങ്ങള്‍

ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഇസ്‌ലാമിക പ്രസ്ഥാനമെന്നാണ് അടുത്തറിവില്ലാത്തവര്‍ വിശേഷിപ്പിക്കാറുള്ളത്. മൗദൂദികള്‍ ആ വിളിയില്‍ സ്വകാര്യ ആനന്ദം അനുഭവിക്കാറുണ്ടെന്നതും നേരുതന്നെ. എന്നാല്‍ 1941ലെ രൂപീകരണം മുതല്‍ സ്ഥാപകന്‍ അബുല്‍ അഅ്ലാ മൗദൂദിയും പാര്‍ട്ടിയും പുലര്‍ത്തിപ്പോന്നത് രാഷ്ട്രീയ പ്രസ്ഥാനത്തിനു വേണ്ട മെയ്വഴക്കമാണ്. ജമാഅത്തിന്റെ ഇത്തരം പകര്‍ന്നാട്ടങ്ങള്‍ സുന്നി ടൈംസില്‍ സമൃദ്ധമായി കാണാം. ചിലതു വായിക്കാം.
1964 ഡിസംബര്‍ 21ാം ലക്കത്തില്‍, പാക്കിസ്താന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഫാതിമാ ജിന്ന മത്സരിച്ചപ്പോള്‍ മൗദൂദിയും പാര്‍ട്ടിയും അവര്‍ക്കുവേണ്ടി വോട്ടുപിടുത്തത്തിനിറങ്ങിയതും ആ രാജ്യത്തെ പണ്ഡിതന്മാര്‍ ഇതിനെതിരെ തിരഞ്ഞതും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സ്ത്രീയുടെ ഭരണ നേതൃത്വം’ എന്നാണു ശീര്‍ഷകം. അന്നു പാക്കിസ്താന്റെ ഭാഗമായിരുന്ന (ഇന്നു ബംഗ്ലാദേശ്) കിഴക്കന്‍ പട്ടണമായ ധാക്കയില്‍ ചേര്‍ന്ന പാക്കിസ്ഥാന്‍ ഉലമാ സമ്മേളന പ്രമേയവും ലേഖനത്തില്‍ കാണാം. രണ്ടു ദിവസത്തെ സമ്മേളനത്തിന്റെ സമാപന സംഗമത്തില്‍ ആധ്യക്ഷം വഹിച്ചത് സുപ്രസിദ്ധ മതപണ്ഡിതന്‍ അബൂമുഹമ്മദ് സ്വാലിഹ്. സമ്മേളനം ഫാത്വിമാ ജിന്നയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പാസാക്കിയ പ്രമേയം ഇങ്ങനെ: ഒരു ഇസ്‌ലാമിക ഭരണകൂടത്തിന്റെ നേതൃത്വം വഹിക്കല്‍ ഒരു സ്ത്രീക്ക് അനുവദനീയമല്ല. നിശ്ചയമായും അത് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്ക് തന്നെ കടകവിരുദ്ധമാണ്.’ മൗലാനാ അസീസുറഹ്മാന്റെ പ്രസംഗത്തില്‍ നിന്ന്: ‘നിശ്ചയമായും ഇതൊരു രാഷ്ട്രീയ സമ്മേളനമല്ല. ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയെ ഇതു പിന്താങ്ങുന്നുമില്ല. ഇസ്‌ലാമിക ശരീഅത്തിന്റെ വീക്ഷണത്തില്‍ ഒരു സ്ത്രീക്ക് ഇസ്‌ലാമിക ഭരണകൂടത്തിന്റെ നേതൃത്വം വഹിക്കല്‍ അനുവദനീയമല്ല.’
അല്ലാമാ അബുല്‍ ബറകാത്ത് സയ്യിദ് ഷാ നല്‍കിയ ഫത്വയും ടൈംസില്‍ കാണാം: ‘രാഷ്ട്രത്തിന്റെ തലപ്പത്ത് ഒരു സ്ത്രീയെ തെരഞ്ഞെടുക്കല്‍ തികഞ്ഞ അനിസ്ലാമികവും ഹറാമുമാണെന്ന് അല്‍ ആലിമുല്‍ അല്ലാമാ മൗലാനാ അബുല്‍ ബറകാത്ത് സയ്യിദ് ഷാ ഫത്വാ ചെയ്തിരിക്കുന്നു. പ്രസ്തുത ഫത്വ ശരിവെച്ചു കൊണ്ട് അഖില പാക്കിസ്ഥാന്‍ സുന്നി കോണ്‍ഫറന്‍സ് ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും 5.12.64നു ലാഹോറില്‍ വെച്ചു ചേര്‍ന്ന പ്രത്യേകയോഗം ഇതുസംബന്ധിച്ചു പ്രമേയം പാസാക്കുകയുമുണ്ടായി. കുറിപ്പില്‍ ജമാഅത്തിന്റെ നിലപാടിനെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കുന്നു: ഇസ്‌ലാമിലെ നിരവധി വിധിവിലക്കുകള്‍ മാറ്റിമറിക്കുകയും അങ്ങനെ ഫലത്തില്‍ ഒരു പുതിയ മതം തന്നെ വെളിക്കിറക്കുവാന്‍ കൊണ്ടുപിടിച്ചു പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അബുല്‍ അഅ്ലാ മൗദൂദി രാഷ്ട്രത്തിന്റെ ഭരണ നേതൃത്വം ഒരു സ്ത്രീയെ ഏല്‍പിക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ലപോല്‍. അതിനാല്‍ മിസ്. ജിന്നയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അദ്ദേഹം ശക്തിയായി പിന്താങ്ങുകയാണ്.’
64 ഡിസംബര്‍ 28 ലക്കത്തില്‍ ‘മൗദൂദിയുടെ ചുവടുമാറ്റം’ എന്ന വിവര്‍ത്തന ലേഖനം കാണാം. പാക് ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്‍റ് സആദത്ത് അലിഖാദിരിയുടെ പ്രസ്തുത ലേഖനം മൗലാനാ മുഹമ്മദ് അബുല്‍ കമാല്‍ മുസ്‌ലിയാരാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
മൗദൂദിയുടെ നിലപാടുകളിലെ വൈരുധ്യത്തെ കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകളുണ്ട് ഇതില്‍. ചില ഭാഗങ്ങള്‍ ഇങ്ങനെ: സ്ത്രീക്ക് ഇസ്‌ലാമിക ഭരണത്തില്‍ നേതൃത്വം കൊടുക്കുവാന്‍ പാടില്ലെന്ന് 32 ആലിമീങ്ങളോട് കൂടി അബുല്‍ അഅ്ലാ മുമ്പ് തീര്‍പ്പ് കല്‍പ്പിച്ചത് അദ്ദേഹം മറന്നുപോയോ? ഇന്ന് (ഒക്ടോബര്‍ 13ന്) ചില പത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ അതില്‍ സ്ത്രീക്ക് നേതൃത്വം കൊടുക്കല്‍ ജാഇസാണെന്നുള്ള ഈ മനുഷ്യന്റെ ഫത്വയുണ്ട്. ഒരു സംഘത്തിന്റെ നേതാവാകാന്‍ ഈ മനുഷ്യന്‍ പറ്റുകയില്ലെന്ന് ഇതുകൊണ്ടുതന്നെ തെളിയിക്കുന്നു. കിതാബിനെയും സുന്നത്തിനെയും ശരീഅത്തു നിയമങ്ങളെയും പ്രചരിപ്പിക്കാനാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വാദിക്കുകയും അവയെ തന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്യുന്നത്. 32 ആലിമീങ്ങളുടെ സാന്നിധ്യത്തില്‍ പാക്കിസ്ഥാനില്‍ സ്ത്രീക്ക് നേതൃത്വം കൊടുക്കാന്‍ പാടില്ലെന്ന് തീര്‍ച്ചപ്പെടുത്തുകയും ആ തീരുമാനം ഗവണ്‍മെന്‍റിന് സമര്‍പ്പിക്കുകയും ചെയ്തത് ഈ മനുഷ്യന്‍ മറന്നുപോയോ? ഒരു സമുദായത്തിന്റെ മേല്‍ സ്ത്രീക്ക് അധികാരം കൊടുക്കപ്പെട്ടാല്‍ ആ സമുദായം ഒരിക്കലും വിജയിക്കുകയില്ലെന്ന ബുഖാരിയുടെ ഹദീസ് ലക്ഷ്യമായി അദ്ദേഹം ഉദ്ധരിച്ചതും മറന്നുകളഞ്ഞോ? രാഷ്ട്രത്തിന്റെ നേതാവാകാനും വിധികര്‍ത്താവാകാനും ഇമാമത്ത്, ഖുതുബ മുതലായവക്കും അവര്‍ കൊള്ളുകയില്ലെന്ന് സ്വന്തം കൃതിയില്‍ തന്നെ അദ്ദേഹം സ്ഥാപിച്ചിട്ടുള്ളതും മറന്നുപോയോ? ഇത്രയെല്ലാം പറയുകയും രേഖപ്പെടുത്തുകയും ചെയ്തിരിക്കെ ഇപ്പോള്‍ ഇദ്ദേഹം വാദിക്കുന്നത് സ്ത്രീകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പാടില്ലെന്നുള്ളതിന് തെളിവില്ലെന്നാണ്. ഹാ! എന്തൊരാശ്ചര്യം. ഇന്നലെ വരെ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ഹറാമായ സംഗതി ഇന്ന് ജാഇസും അനുവദിക്കപ്പെട്ടതുമായിത്തീര്‍ന്നു.’
ഏതായാലും മൗദൂദി സാഹിബിന്റെ ഉറച്ച പിന്തുണയുണ്ടായിരുന്നത് കൊണ്ട് ഫാത്വിമ ജിന്ന കനത്ത ഭൂരിപക്ഷത്തിന് മനോഹരമായി തോറ്റു.
64 ആഗസ്ത് 24 ലക്കത്തില്‍ മൗദൂദിയുമായി കൗസര്‍ പത്രത്തിന്റെ ലേഖകന്‍ നടത്തിയ ഇന്‍റര്‍വ്യൂവിന്റെ ചില ഭാഗങ്ങള്‍ പരാമര്‍ശിക്കുന്ന എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ലേഖനമുണ്ട്. 1920 മുതല്‍ ഏഴു വര്‍ഷം മൗദൂദി മാര്‍ക്സിസം ആവാഹിച്ചാണു ജീവിച്ചതെന്നും ഇതില്‍ പരാമര്‍ശിക്കുന്നു. ജമാഅത്ത് ഘടനയില്‍ ഈ കമ്മ്യൂണിസ്റ്റ് സ്പര്‍ശമുണ്ടെന്നും കറാച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ‘അല്‍മുഅ്തമര്‍’ മാസികയില്‍ ഇതുവന്നിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു. പ്രസ്തുത ലേഖനത്തില്‍ നിന്ന്: 1950 മെയ് 29ന് ജയിലില്‍ നിന്നു വിമുക്തനായ മൗദൂദി സാഹിബിനോട് പിറ്റേ ദിവസം കൗസര്‍ പത്രത്തിന്റെ സ്റ്റാഫ് ലേഖകന്‍, ജയിലില്‍ വെച്ചു നടത്തിയിരുന്ന പ്രവര്‍ത്തികളെ സംബന്ധിച്ച് ചോദിച്ചതിന് അദ്ദേഹം കൊടുത്ത മറുപടിയില്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. ഞാന്‍ വായിക്കാനാഗ്രഹിച്ചിരുന്ന മിക്കതും വായിച്ചു തീര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ഖുര്‍ആനിലെ 26ാമത്തെ ജുസ്അ് വരെ അഗാധമായ സൂക്ഷ്മ പാരായണം ചെയ്തുകഴിഞ്ഞിരിക്കുന്നു. ആവശ്യമായ നോട്ടുകള്‍ എഴുതിയിട്ടുണ്ട്. സൂറകളുടെ മുഖവുരകളും തയ്യാറാക്കിയിട്ടുണ്ട്. ഇനി വെറും തര്‍ജമയും വ്യാഖ്യാനവും എഴുതുന്ന ജോലി മാത്രമേ ബാക്കിയുള്ളൂ… എനിക്ക് ഇസ്‌ലാമികമായ ഒരു ബാങ്ക് വ്യവസ്ഥയുടെ വിശദരൂപം തയ്യാറാക്കേണ്ടത് കൂടി ഉണ്ടായിരുന്നതിനാല്‍ പുതിയ ധനശാസ്ത്രങ്ങള്‍ വിശേഷിച്ചു ശ്രദ്ധിച്ചിട്ടുണ്ട്.’
മൗദൂദിയുടെ ഈ പഠനവും മനനവും അറബിമൂല ഗ്രന്ഥങ്ങളില്‍ നിന്ന് നേരിട്ടായിരുന്നില്ലെന്നും അറബി ഭാഷയില്‍ അജ്ഞനായിരുന്ന അദ്ദേഹം ആരൊക്കെയോ എഴുതിയ ഉര്‍ദു, ഇംഗ്ലീഷ് പരിഭാഷകളെ ആധാരമാക്കിയായിരുന്നു ഭഗീരഥപ്രയത്നം നടത്തിയതെന്നും വ്യക്തം. ബാങ്ക് തുടങ്ങാന്‍ ധനശാസ്ത്രം പഠിക്കുന്നുവെന്നതിനര്‍ത്ഥം തന്റെ അപ്പോഴത്തെ സാമ്പത്തിക ഞെരുക്കമെന്നതിലുപരി മതത്തിന്റെ സമ്പദ്നയങ്ങളെ കുറിച്ചുള്ള അവിശ്വാസവും അവബോധമില്ലായ്മയും അതിനെ പൊളിച്ചടുക്കാനുള്ള വ്യഗ്രതയുമാണ്.

ചരിത്രവിചാരം

 

Exit mobile version