രക്തസാക്ഷി മരിക്കുന്നില്ല

ഉഹ്ദിന്റെ രണാങ്കണത്തില്‍ നിലയുറപ്പിച്ച ഒരു ധീരകേസരി അന്ത്യാഭിലാഷം പോലെ തന്റെ മകനോട് പറഞ്ഞു:
‘ഇന്ന് ഈ ഉഹ്ദിന്റെ താഴ്വരയില്‍ വെച്ച് ഞാന്‍ രക്തസാക്ഷിത്വം വരിക്കും, മുസ്ലിംകളില്‍ നിന്ന് ഉഹ്ദിലെ ആദ്യ ശഹീദ് ഞാനായിരിക്കും. അല്ലാഹു സത്യം, പ്രവാചകന് ശേഷം ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ നീയാണ് മോനേ. അതിനാല്‍ ഉപ്പയുടെ സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍ക്കണം. നിന്റെ സഹോദരങ്ങളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക.’
സത്യപ്രസ്ഥാനത്തിനും പ്രവാചകര്‍ക്കും വേണ്ടി സ്വയം സമര്‍പ്പിച്ച ബനൂസലമ ഗോത്രത്തിലെ ധീരയോദ്ധാവ് അബ്ദില്ലാഹിബ്നു അംറ് എന്ന അബൂജാബിര്‍(റ) ആണ് ഈ പിതാവ്. രണ്ടാം അഖബ ഉടമ്പടിയില്‍ തിരുദൂതരുമായി കരാറിലേര്‍പ്പെട്ട എഴുപതു പേരില്‍ ഒരാള്‍. അന്ന് അവരില്‍ നിന്നും നബി(സ്വ) തെരഞ്ഞെടുത്ത ഗോത്ര നായകന്മാരില്‍ അദ്ദേഹവും ബനൂസലമയെ പ്രതിനിധീകരിച്ചു. മദീനയിലെത്തി തിരുദൂതരുടെ സന്തത സഹചാരിയായി ജീവിച്ചു. ബദ്റിലും പങ്കെടുത്തു.
നബി(സ്വ)യുടെ നിര്‍ദേശാനുസാരം പര്‍വത മുകളില്‍ നിലയുറപ്പിച്ചിരുന്ന അന്പെയ്ത്തുകാര്‍ യുദ്ധത്തിന്റെ ആദ്യഘട്ടം വിജയിച്ചപ്പോള്‍ പ്രവാചകാജ്ഞ ലഭിക്കാതെ താഴോട്ടിറങ്ങി. അവസരം ഉപയോഗപ്പെടുത്തിയ ശത്രുക്കള്‍ മുസ്ലിം സൈന്യത്തിനു മേല്‍ പ്രത്യാക്രമണം നടത്തി. അങ്ങനെ ഉഹ്ദ് ദൗര്‍ഭാഗ്യത്തിന്റെ ചരിത്രമെഴുതി. ആ ആപദ്ഘട്ടത്തില്‍ അബ്ദുല്ലാഹിബ്നു അംറ്(റ) ഘോരമായി പടപൊരുതി അദ്ദേഹത്തിന്റെ പ്രവചനം പോലെ തന്റെ അന്തിമ സമരമായി ഉഹ്ദ് മാറി.
യുദ്ധം അവസാനിച്ചു. മുശ്രിക്കുകള്‍ക്ക് ബദ്റിനു പ്രതികാരം ചെയ്ത സംതൃപ്തി. യുദ്ധക്കളത്തില്‍ ജാബിര്‍(റ) തന്റെ വന്ദ്യപിതാവിനെ പരതുകയായിരുന്നു. ശത്രുക്കള്‍ വികൃതമാക്കിയ പിതൃശരീരം അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടു. ജാബിറും കുടുംബാംഗങ്ങളും അതുകണ്ടു നടുങ്ങി. തേങ്ങിത്തേങ്ങി കരഞ്ഞു.
‘നിങ്ങള്‍ കരഞ്ഞാലുമില്ലെങ്കിലും റബ്ബിന്റെ ഇഷ്ടദാസന്മാരായ മാലാഖകള്‍ അബ്ദുല്ലാഹിബ്നു അംറിന് നിഴലിട്ടുകൊണ്ടിരിക്കുന്നു…’
കുടുംബത്തിന്റെ വേപഥു കണ്ടു തിരുനബി(സ്വ) ഓര്‍മപ്പെടുത്തി.
ശഹീദായവരെ തെരഞ്ഞുകൊണ്ടിരുന്ന ബന്ധുക്കളില്‍ അബ്ദുല്ലാ(റ)യുടെ പത്നിയുമുണ്ടായിരുന്നു. മഹതി തന്റെ ഭര്‍ത്താവിന്റെയും സഹോദരന്റെയും ജനാസ ഒട്ടകപ്പുറത്ത് കയറ്റി പ്രവാചക നഗരിയിലേക്ക് യാത്ര തിരിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തുകൊണ്ടിരിക്കവെ ഉഹ്ദിലെ രക്തസാക്ഷികളെ അവര്‍ മരിച്ചു വീണിടത്തു തന്നെ മറവ് ചെയ്യണമെന്ന് പ്രവാചകരുടെ വിളിയാളം വന്നെത്തി. അതോടെ അവരാ ശ്രമം ഉപേക്ഷിച്ചു.
നബി(സ്വ)യുടെ കല്‍പനപ്രകാരം, മൃതിയടഞ്ഞവരെയെല്ലാം അവിടെത്തന്നെ മറവ് ചെയ്തു. അബ്ദുല്ലാഹിബ്നു അംറ്(റ)നെയും സമകാലികനും സുഹൃത്തുമായിരുന്ന അംറുബ്നുല്‍ ജമൂഹ്(റ)യെയും ഒരേ ഖബ്റില്‍ മറമാടാന്‍ തിരുനബി(സ്വ) ആജ്ഞാപിച്ചു.
അങ്ങനെ ജീവിതത്തില്‍ വഴിപിരിയാത്തവര്‍ക്ക് ഒരേ ഖബ്റില്‍ അന്ത്യവിശ്രമമൊരുക്കി. ഹിജ്റ മൂന്ന് ശവ്വാല്‍ പതിനഞ്ചിനായിരുന്നു ഉഹ്ദ് യുദ്ധം നടന്നത്.
നബി(സ്വ) പിന്നീടൊരിക്കല്‍ അബ്ദുല്ലാഹിബ്നു അംറിന്റെ പുത്രന്‍ ജാബിര്‍(റ)നോട് പറഞ്ഞു: ‘അല്ലാഹു ഒരിക്കലും ഒരാളോടും മറയില്ലാതെ സംസാരിച്ചിട്ടില്ല. എന്നാല്‍ നിന്റെ പിതാവ് അബ്ദുല്ലയോട് മരണാനന്തരം റബ്ബ് അഭിമുഖമായി തന്നെ സംസാരിച്ചിരിക്കുന്നു. അതെന്താണെന്നറിയേണ്ടേ..?’
തിരുനബി(സ്വ) തുടര്‍ന്നു. അല്ലാഹു നിന്റെ ഉപ്പയോടു പറഞ്ഞു: ‘എന്റെ ദാസാ, നിനക്ക് വേണ്ടത് ചോദിച്ചോളൂ, നിറവേറ്റാം’
നാഥാ, എനിക്ക് ഐഹിക ലോകത്തേക്ക് തന്നെ മടങ്ങിപ്പോകണം. എന്നിട്ട് നിന്റെ മാര്‍ഗത്തില്‍ ഒന്നുകൂടി രക്തസാക്ഷിത്വം വരിക്കണം’ അദ്ദേഹം പറഞ്ഞു.
മരണപ്പെട്ടവര്‍ ഒരിക്കലും ഐഹിക ജീവിതത്തിലേക്ക് തിരിച്ചുപോയിക്കൂടാ എന്നത് അനിഷേധ്യമാണ്. അതിനാല്‍ മറ്റു വല്ലതും ആവശ്യപ്പെടൂ’
‘എങ്കില്‍ പാരത്രിക ലോകത്തെ എന്റെ സന്തോഷകരമായ ജീവിതത്തെക്കുറിച്ച് എന്റെ പിന്‍ഗാമികള്‍ക്ക് അറിയിച്ചുകൊടുത്താലും.’
ഇതേ തുടര്‍ന്ന് ഖുര്‍ആന്‍ അവതരിച്ചു: ‘ദൈവിക സരണിയില്‍ വധിക്കപ്പെട്ടവരെക്കുറിച്ച് മരണപ്പെട്ടു പോയവരെന്ന് നിങ്ങള്‍ പറയരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുന്നവരാകുന്നു. തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്ക് വിഭവങ്ങള്‍ ലഭിക്കുന്നുണ്ട്. അല്ലാഹു അവര്‍ക്കേകിയ അനുഗ്രഹങ്ങളില്‍ അവര്‍ സന്തുഷ്ടരാകുന്നു. തങ്ങള്‍ക്കു പിന്നില്‍ ഇഹലോകത്ത് അവശേഷിച്ചവരും ഇനിയും തങ്ങളോടൊപ്പം എത്തിച്ചേര്‍ന്നിട്ടില്ലാ ത്തവരുമായ സത്യവിശ്വാസികള്‍ ഒട്ടും ഭയപ്പെടാനോ ദുഃഖിക്കാനോ സംഗതിയാകുന്നതല്ല എന്നോര്‍ത്ത് മനഃസമാധാനമുള്ളവരുമാകുന്നു’ (3/169,170).
ചെറിയൊരു കാരക്കത്തോട്ടം മാത്രമേ അബ്ദുല്ല(റ)ന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. പക്ഷേ, വരുമാനത്തേക്കാള്‍ വലിയ സാമ്പത്തിക ബാധ്യത നിലനില്‍ക്കെയാണ് മഹാന്‍ ശഹീദാകുന്നത്. മകന്‍ പിതാവിന്റെ കടബാധ്യത ഏറ്റെടുക്കുകയുണ്ടായി.
ജാബിര്‍(റ) വിളവെടുപ്പ് നടത്തി ലഭ്യമായ കാരക്കകള്‍ ഒരിടത്തു കൂട്ടിവെച്ചു. കടക്കാരെയെല്ലാം വിവരമറിയിച്ചു. കടക്കാരെ കണ്ട് അദ്ദേഹം ഖിന്നനായി. കാരണം, കടം വീട്ടാന്‍ അതു തികയില്ല. അദ്ദേഹം കടക്കാരോട് പറഞ്ഞു: വിവാഹപ്രായമെത്തിയ സഹോദരിമാരുണ്ടെനിക്ക്. എങ്കിലും കാരക്കയില്‍ നിന്നും ഒന്നും വീട്ടില്‍ കൊണ്ടുപോവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിതാവിന്റെ കടം വീട്ടണമെന്ന മോഹമേ എന്റെ മനസ്സിലുള്ളൂ. പക്ഷേ, ഇത് കടം തീര്‍ക്കാന്‍ പര്യാപ്തമല്ല.
ജാബിര്‍(റ) പ്രശ്നപരിഹാരത്തിനായി തിരുസന്നിധിയിലെത്തി. തന്റെ പരിതാപകരമായ അവസ്ഥ വിവരിച്ചു.
കാരുണ്യവാനായ പ്രവാചകര്‍(സ്വ) ജാബിര്‍(റ)ന്റെ കൂടെ ചെന്നു. കാരക്ക കൂന്പാരത്തിനു മുകളില്‍ കയറിയിരിപ്പായി. കടക്കാരോടെല്ലാം കിട്ടാനുള്ള വിഹിതം വാങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എല്ലാവരും വന്നു തങ്ങളുടെ വിഹിതം വാങ്ങി തിരിച്ചുപോയി. അവസാനത്തെയാളുടെയും കടം വീട്ടി. അവിടുത്തെ മുഅ്ജിസത്തു മുഖേനയുള്ള മഹാദ്ഭുതമായിരുന്നു അവിടെ നടന്നത്.
ജാബിര്‍(റ)നും കുടുംബത്തിനും പിതാവിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമായി. നബി(സ്വ)യുടെ അമാനുഷികത നേരിട്ടനുഭവിച്ച ജാബിര്‍(റ) പറയുന്നു: ‘തിരുദൂതര്‍(സ്വ) കയറിയിരുന്ന ആ കാരക്ക കൂന്പാരത്തില്‍ നിന്നും ഒരെണ്ണം പോലും കുറഞ്ഞിരുന്നില്ല. ബാധ്യതകളാവട്ടെ എല്ലാവരുടെതും തീര്‍ക്കുകയും ചെയ്തു. പറിച്ചെടുത്ത അത്രയും കാരക്കയുമായാണ് ഒടുവില്‍ ഞാന്‍ വീട്ടില്‍ പോയത്’ (ബുഖാരി /390).
ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷികളായ അബ്ദുല്ലാഹിബ്നു അംറ്(റ), അംറുബ്നുല്‍ ജമൂഹ്(റ) എന്നിവരെ ഒരേ ഖബ്റിലായിരുന്നുവല്ലോ മറമാടിയത്. ആ ഖബറിടം വെള്ളം ഒലിക്കുന്നിടത്തായതു കാരണം മാറ്റി ഖബറടക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ കഴിഞ്ഞ് തുറന്നുനോക്കിയപ്പോള്‍ ഇന്നലെ മറമാടിയതുപോലെ ഒരു മാറ്റവുമില്ലാതെ കാണപ്പെട്ടു. അവരിലൊരാള്‍ മുറിവു പറ്റിയ സ്ഥലം കൈകൊണ്ട് അമര്‍ത്തിപ്പിടിച്ചായിരുന്നു ശഹീദായത്. അങ്ങനെതന്നെ മറവുചെയ്തിരുന്നു. ഖബ്ര്‍ മാറ്റാന്‍ വേണ്ടി ജനാസ പുറത്തെടുത്ത സമയം ആ മുറിവില്‍ നിന്ന് കൈ നീക്കിയപ്പോള്‍ രക്തം ചീറ്റാന്‍ തുടങ്ങി. കൈ തല്‍സ്ഥാനത്തു വെച്ചപ്പോള്‍ അതു നില്‍ക്കുകയും ചെയ്തു. അങ്ങനെ പുതിയ സ്ഥലത്തേക്ക് മാറ്റി മറവു ചെയ്തു.
(മജ്മഉസ്സവാഇദ് 9/315, ഹയാതുസ്വാലിഹീന്‍ 373)

ടിടിഎ ഫൈസി പൊഴുതന

Exit mobile version