റമളാന്‍, തീറ്റയും കുടിയും പുതുവസ്ത്രങ്ങളുമായി മാത്രം കൊണ്ടാടേണ്ട ഒരു ആഘോഷമല്ല; മറിച്ച് മനോവാക്കര്‍മങ്ങള്‍ ഒതുക്കി സര്‍വേശ്വര സ്മരണയില്‍ മുഴുകി അനുഷ്ഠിക്കേണ്ട വ്രതമാണ്. അതുകൊണ്ടാണ് റമളാന്‍ കാലത്തെ നോന്പുകാലം എന്നു പറയുന്നത്. ദൗര്‍ഭാഗ്യവശാല്‍ റമളാനെ ആഘോഷമാക്കുന്നവരാണ് പലരും. അതിനാല്‍ തന്നെ അങ്ങാടിയും അടുക്കളയുമാണ് റമളാന്‍ കാലത്തെ വരവേല്ക്കുവാന് ഇക്കാലത്തെ മനുഷ്യന് വിഭവങ്ങളാല്‍ സജ്ജമാകുന്നത്. എന്നാല്‍ ചിലര്‍ റമളാനെ വ്രതകാലമായി സഗൗരവം കണക്കിലെടുക്കുന്നുണ്ട്. ഇക്കൂട്ടര്‍ അടുക്കളയല്ല; അന്തരംഗമാണ് റമളാനെ വരവേല്‍ക്കാനായി സൂക്ഷ്മതയോടെ സജ്ജീകരിക്കുക.
റമളാന്‍ നോമ്പിന് എന്താണിത്ര പ്രാധാന്യം എന്നതിനെക്കുറിച്ച് ഒട്ടേറെ ധിഷണാശാലികള്‍ ചിന്തിക്കുകയും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാവരും ഒരുപോലെ അംഗീകരിച്ചിട്ടുള്ള ഒരു പ്രത്യേകതയുണ്ട് റമളാനിന്. മുഹമ്മദ് നബിക്ക് ജിബ്രീല്‍ മാലാഖ വഴി വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു വെളിപ്പെടുത്തിക്കൊടുത്ത പുണ്യമാസമാണ് എന്നതാണ് അത്. ഇതുകൊണ്ടുതന്നെ റമളാന്‍ കാലത്ത് പ്രാധാന്യം കൊടുക്കേണ്ടത് വിവിധയിനം ബിരിയാണികള്‍ പാചകം ചെയ്യാനല്ല; മറിച്ച് ഖുര്‍ആന്‍ പാരായണത്തിനും മനനത്തിനുമാണ്. ഒരു വര്‍ഷത്തില്‍ നോന്പുകാലമെന്ന നിശ്ചിത കാലയളവിലെങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്യാനും അതിലെ സന്ദേശങ്ങളുടെ അകപ്പൊരുള്‍ ആരായുന്നതിനുള്ള ആലോചനകള്‍ക്കുമായി ചെലവഴിച്ചാല്‍, അതുവഴി ജീവിതത്തിനുണ്ടാകുന്ന ഐഹികവും പാരത്രികവുമായ സദ്ഫലങ്ങള്‍ തീരെ ചെറുതായിരിക്കില്ല. അതിനാലാണ് അടുക്കളയല്ല മനുഷ്യമനസ്സെന്ന അന്തരംഗമാണ് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെട്ട റമളാനെ വരവേല്‍ക്കാനായി ഒരുക്കുവാന്‍ ശ്രദ്ധിക്കേണ്ടതെന്ന് തുടക്കത്തിലേ സൂചിപ്പിച്ചത്.
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം എന്നതു തന്നെയാണ് റമളാനിന്റെ പ്രധാന സവിശേഷത. ചില മനുഷ്യര്‍ക്ക് ചില പ്രഭാതങ്ങളോ പ്രദോഷങ്ങളോ പാതിരാത്രികളോ പുത്രന്റെയോ പുത്രിയുടെയോ പിറവികൊണ്ട് സവിശേഷം സ്മരണീയമായി തീരാറുണ്ട്!.
പല മഹാന്മാരുടെയും ജന്മം കൊണ്ട് വിവിധ നാടുകള്‍ ചരിത്രപ്രാധാന്യം നേടിയതുപോലെ മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെട്ടതു വഴി മാനവചരിത്രത്തില്‍ തന്നെ റമളാന്‍ എന്ന മാസം പവിത്രതയുള്ളതായി തീര്‍ന്നു. റമളാന്റെ സവിശേഷത കൊണ്ടല്ല വിശുദ്ധ ഖുര്‍ആന്‍ അന്നു വെളിപ്പെട്ടത്. മറിച്ച് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെട്ടതിനാല്‍ റമളാന്റെ ഗണനീയത വര്‍ധിക്കുകയായിരുന്നു. ഇക്കാര്യം ഓര്മിക്കുന്നവര്ക്കൊന്നും വിശുദ്ധ ഖുര്‍ആനില്‍ ഊന്നിക്കൊണ്ടല്ലാതെ റമളാനെപ്പറ്റി ചിന്തിക്കാനോ അതിനെ വരവേല്ക്കാനോ കഴിയില്ല. അതിനാല്‍ മുഹമ്മദ് നബിയെപ്പോലെ അന്തഃരംഗത്തെ അല്ലാഹുവിന്റെ സ്മരണയാല്‍ വിശുദ്ധമാക്കി വെച്ചുകൊണ്ടു വിശുദ്ധ ഖുര്‍ആനെ ഏറ്റുവാങ്ങാന്‍ സ്വജീവിതത്തെ സജ്ജമാക്കുക എന്ന ഗൗരവതരമായ കര്‍ത്തവ്യബോധത്തോടെ വേണം വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍.
മാനവരാശിക്കാകമാനം ഗുണകരമായ മാര്‍ഗദര്‍ശനം സര്‍വശക്തനായ സര്‍വേശ്വരന്റെ കാരുണ്യത്തില്‍ നിന്ന് ഏറ്റുവാങ്ങാനായ മനുഷ്യരെയാണ് നമ്മള് പ്രവാചകന്മാര് എന്നു പറഞ്ഞുവരുന്നത്. അത്തരം നിയോഗിത ജന്മങ്ങളില് അഗ്രേസരനാണ് അറേബ്യയില്‍ നിന്നുള്ള മുഹമ്മദ് എന്ന ദൈവദൂതന്, അഥവാ സത്യദൂതന്‍!
പ്രവാചകന്റെ ചര്യ പിമ്പറ്റുവാന് സ്വയം പ്രതിജ്ഞാബദ്ധരായ മനുഷ്യരെയാണ് ലോകം മുസ്ലിംകള് എന്നു വിളിച്ചുവരുന്നത്. മുഹമ്മദ് നബിയുടെ ജീവിതചര്യയില്‍ വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെട്ടതിനു ശേഷം അദ്ദേഹം മക്കയിലും മദീനത്തും സ്വഹാബികള്വഴി മറ്റുദേശങ്ങളിലും ചെയ്തതും ചെയ്യിപ്പിച്ചതുമായ കാര്യങ്ങള്‍ മാത്രമല്ല അനുകരണാര്‍ഹമായിട്ടുള്ളത്! ഖദീജ എന്ന സാത്വികയായ വണികവനിതയുടെ ഭര്‍ത്താവെന്ന ഉത്തരവാദിത്തത്തില്‍ വ്യാപാരാദി കര്‍മങ്ങള്‍ ചെയ്തുവരുന്ന കാലത്ത് അഥവാ വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുന്നതിനു മുന്‍പുള്ള കാലത്ത് അദ്ദേഹം ചെയ്തതും അനുകരണീയമായ കാര്യങ്ങളാണ്. അതില്‍ പ്രധാനമായ ഒരു കാര്യം മുഹമ്മദ് എന്ന ദൈവഭക്തനായ മനുഷ്യന് ഹിറാഗുഹയില്‍ വെച്ച് ചെയ്ത തപോധ്യാനങ്ങളാണ്.
ഹിറാഗുഹയില്‍ വെച്ച് അദ്ദേഹം തപോധ്യാനങ്ങളില് ഏര്പ്പെട്ടിരിക്കുന്നിടത്തേക്കാണ് ഖുര്‍ആനുമായി ജിബ്രീല്‍ മാലാഖ വരുന്നത്. അതിനാല്‍ നബിചര്യയെയും വിശുദ്ധ ഖുര്‍ആനെയും മാനിക്കുന്ന ഏതൊരു മനുഷ്യനും, ആ സത്യവേദം തന്റെയും മാനവരുടെയും മാര്‍ഗദര്‍ശനത്തിനായി ഏറ്റുവാങ്ങുവാന്‍ മുഹമ്മദ് എന്ന മനുഷ്യന് ഹിറാഗുഹയില്‍ അനുഷ്ഠിച്ച തപോധ്യാനങ്ങളെ ഓര്‍മിക്കാനും അനുവര്‍ത്തിക്കാനും ബാധ്യത കാണിക്കേണ്ടതുണ്ട്.
മുഹമ്മദ് നബി ഖുര്‍ആന്‍ ഏറ്റുവാങ്ങുന്നതിനായി ഏകാന്തത്തില്‍ ഏകാഗ്രതയോടെയുള്ള ദൈവസ്മരണ എന്ന ധ്യാനമാണ് ഹിറാഗുഹയില്‍ ചെയ്തത്. ഇതു ശ്രദ്ധിക്കാതെ ഒരാള്‍ക്കും വിശുദ്ധ ഖുര്‍ആനിന്റെ പ്രകാശം സ്വഹൃദയത്തിലേക്ക് പ്രവേശിപ്പിക്കുവാനാകില്ല. ധ്യാനം എന്ന ജാലകം തുറന്നിടാതെ വേദം എന്ന പ്രകാശം മാനവഹൃദയത്തിലേക്ക് കടന്നുവരികയില്ല. അതിനാല്‍ ഒന്നുകൂടി ആവര്‍ത്തിച്ചുറപ്പിച്ചു പറയട്ടെ; വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെട്ട റമളാന്‍ നോമ്പിനെ വരവേല്‍ക്കേണ്ടത് ഹിറാ ഗുഹയിലിരുന്നു മുഹമ്മദ് നബി നടത്തിയ ധ്യാനജീവിതത്തെ മാതൃകയാക്കി കൊണ്ടാകണം. ധ്യാനത്താല്‍ ഹൃദയം പ്രശാന്തമാക്കുക എന്നതാണ് റമളാന്‍ അര്‍ഹിക്കുന്ന വരവേല്‍പ്പെന്നു ചുരുക്കം.
റമളാന്‍ പ്രവാചകന്റെ ചര്യ പിമ്പറ്റുന്നതിനു ഓരോ മുസ്ലിമിനെയും പ്രാപ്തരാക്കാനായി അനുശാസിക്കപ്പെട്ട നോന്പുകാലമാണ്. ധ്യാനത്തിലൂടെ അല്ലാഹുവിന്റെ വേദാനുഗ്രഹത്തിനും ദാനത്തിലൂടെ അഗതികളുടെ സന്തോഷത്തിനും മാനവജീവിതത്തെ വിധേയമാക്കുവാന്‍ നിര്‍ദേശിക്കപ്പെട്ട വ്രതകാലമാണിത്. അതിനാല്‍ ധ്യാനം എന്ന ഇഅ്തികാഫിരിക്കലും ദാനം എന്ന സകാത്ത്/സ്വദഖ കൊടുക്കലും കൂടാതെ റമളാന്‍ പൂര്‍ത്തിയാവുകയില്ല.
റമളാനെ അതിന്റെ പൂര്‍ണതയില്‍ പൂര്‍ത്തീകരിക്കാനുള്ള ധ്യാനശീലവും ദാനശീലവും ഈ നോന്പുകാലത്ത് സര്‍വര്‍ക്കും ഉണ്ടാകുന്നതിനും അതുവഴി ഐഹികവും പാരത്രികവുമായ യോഗക്ഷേമങ്ങള്‍ക്ക് പാത്രീഭൂതരാകുന്നതിനും അല്ലാഹുവായ സര്വേശ്വരന് അവിടുത്തെ കാരുണ്യം ചൊരിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ എളിയ റമളാന്‍ വിചാരങ്ങള്‍ക്ക് തല്ക്കാല വിരാമമിടുന്നു.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി