ലാളിത്യത്തിലാണ് സൗന്ദര്യം

ഭക്ഷണ വസ്ത്ര ഭവന സൗകര്യങ്ങളില്‍ മിതത്വം പാലിക്കല്‍ ആത്മീയ യാത്രികന്‍റെ ഉത്തമ ഗുണങ്ങളില്‍ പ്രധാനമാണ്. ‘ഖനാഅത്ത്’ എന്നാണ് പണ്ഡിതന്മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കുറഞ്ഞത് കൊണ്ട് തൃപ്തിയടയുക എന്നു താല്‍പര്യം. ഇഹലോകത്തിന്‍റെ നിസ്സാരതയും പരലോകത്തിന്‍റെ വിശാലതയും യഥോചിതം വിവരിക്കുന്ന ഖുര്‍ആനും സുന്നത്തും ഭൗതിക വ്യവഹാരങ്ങളില്‍ മിതത്വം പാലിക്കണമെന്ന് ഊന്നിപ്പറയുന്നുണ്ട്. തീര്‍ച്ചയായും സമ്പത്തും സന്താനങ്ങളും നിങ്ങള്‍ക്ക് പരീക്ഷണങ്ങളാണ്. അല്ലാഹുവിങ്കലാണ് യഥാര്‍ത്ഥ പ്രതിഫലം (10/64). അല്ലാഹുവിലുള്ള പ്രതിഫലത്തേക്കാള്‍ ആരെങ്കിലും സമ്പത്തും മക്കളെയും തെരഞ്ഞടുത്താല്‍ അവര്‍ പരാജയപ്പെടുമെന്ന് സാരം.

കുറഞ്ഞതിലെ സന്തുഷ്ടി

ലാളിത്യം ജീവിതത്തിന്‍റെ സൗന്ദര്യമാണ്. വിനയവും എളിമയും കൈമുതലാക്കിയവര്‍ എവിടെയും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യും. അഹന്തയും വ്യാമോഹവും ജീവിത ശീലമാക്കിയവര്‍ ആത്യന്തികമായി പരാജയം പിണഞ്ഞവരുമായിരിക്കും. സമ്പത്തിനെയും കുലീനതയെയും പ്രിയംവെക്കുന്നവരെ കുറിച്ച് നബി(സ്വ) പറയുന്നു: ഭൗതിക വ്യവഹാരങ്ങളോടുള്ള താല്‍പര്യം വെള്ളം വൃക്ഷത്തെ വളര്‍ത്തും പോലെ മനുഷ്യ മനസ്സില്‍ കാപട്യം നിറക്കും (ബുഖാരി).

മുസ്‌ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: ഒരിക്കല്‍ സ്വര്‍ഗവും നരകവും തമ്മില്‍ വാദപ്രതിവാദം നടന്നു. നരകം പറഞ്ഞു: ‘നോക്കൂ, ഭൂമിയില്‍ സ്വേഛാധിപതികളും അഹങ്കാരികളുമായവരൊക്കെയും എന്‍റെ പക്ഷക്കാരാണ്.’ തല്‍ക്ഷണം സ്വര്‍ഗം പറഞ്ഞു: ‘ജനങ്ങളില്‍ ദുര്‍ബലരും നിര്‍ധനരുമായവരെല്ലാം എന്‍റെ പക്ഷക്കാരാണ്.’ തര്‍ക്കത്തില്‍ ഇടപെട്ടു കൊണ്ട് അല്ലാഹു പറഞ്ഞു: ‘സ്വര്‍ഗമേ, നീ എന്‍റെ കാരുണ്യമാണ്. നീ മുഖേനയാണ് ഉദ്ദേശിക്കുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗംനല്‍കുന്നത്. നരകമേ, നീ ഞാനൊരുക്കിയ ശിക്ഷാ സങ്കേതമാണ്. ഞാനുദ്ദേശിക്കുന്നവരെ നിന്നിലേക്കെറിഞ്ഞാണ് ഞാന്‍ ശിക്ഷിക്കുക. ഇരുവര്‍ക്കും നിറയുവോളം നാം തരുന്നതാണ്.’

ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ ദുന്‍യാവിലെ ഭൗതിക വ്യവഹാരങ്ങള്‍ക്ക് വേണ്ടി അക്ഷയ ലോകത്തെ വിജയം വലിച്ചെറിയുന്നവര്‍ക്ക് ശക്തമായ ഭാഷയിലുള്ള താക്കീതാണ് ഈ ഹദീസ്.

പരീക്ഷണമാണ് സമ്പത്ത്

ഭൂമിയില്‍ കുറഞ്ഞ കാലത്തെ ജീവിതമാണ് മനുഷ്യനുള്ളത്. ഈ പരിധിക്കുള്ളില്‍ കഴിഞ്ഞുകൂടാനാണ് മനുഷ്യന് അല്ലാഹു സമ്പത്തും സൗകര്യങ്ങളും നല്‍കിയത്. നല്‍കിയ സമ്പത്തും സന്താനവും സൗകര്യങ്ങളുമെല്ലാം അല്ലാഹുവിന്‍റെ പരീക്ഷണമാണെന്ന് ഖുര്‍ആന്‍ ഉല്‍ബോധനം നടത്തുകയുംചെയ്തു. അനുഗ്രഹങ്ങളിലെല്ലാം മതിമറന്ന് ആസ്വാദനത്തിന്‍റെ പരിധികള്‍ ലംഘിക്കാന്‍ നമ്മുടെ മനസ്സ് തിടുക്കം കൂട്ടുന്നുവെങ്കില്‍ അത് പിശാചിന്‍റെ ഭാഗത്തു നിന്നുള്ളതാണ്. ഐഹിക ലോകത്തിലെ സൗഭാഗ്യം വര്‍ധിക്കും തോറും പാരത്രിക ജീവിതം ക്ലേശകരമായിത്തീരുമെന്ന് ഹദീസില്‍ കാണാം. സ്വര്‍ഗ നിവാസികളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തരട്ടെ എന്നു ചോദിച്ച് തിരുനബി(സ്വ) പറഞ്ഞത്, ദുന്‍യാവില്‍ അവശരും അബലരുമായിരുന്നവരാണവര്‍ എന്നാണ്.

പാരത്രിക ലോക വിജയം മറന്ന് ഐഹിക ജീവിതത്തിന്‍റെ സുഖ സൗകര്യങ്ങളില്‍ അഭിരമിച്ചിരിക്കുന്നവരെ കുറിച്ച് നബി(സ്വ) അബൂദര്‍റ്(റ)മായി നടത്തുന്ന സംഭാഷണം ശ്രദ്ധിക്കുക: അബൂദര്‍റ്, മരണം ഉറപ്പായിട്ടും മനുഷ്യര്‍ അമിതാഹ്ലാദം കൊള്ളുന്നതോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. നരകം ഉറപ്പിച്ചിരിക്കെ എങ്ങനെ പൊട്ടിച്ചിരിക്കാനാവും. ഭൗതികതയുടെ വൈകല്യങ്ങള്‍ ഉള്‍കൊണ്ടിട്ടും അതിേന്മല്‍ സ്വസ്ഥനായിരിക്കാനാവുന്നത് കൗതുകകരം തന്നെ. രക്ഷിതാവ് തീരുമാനിച്ചുറപ്പിച്ചതല്ലാതെ ഒന്നും നടക്കില്ലെന്നറിഞ്ഞിട്ടും ദേഷ്യം പ്രകടിപ്പിക്കുകയോ? വിചാരണയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും സദ്പ്രവര്‍ത്തിയിലേര്‍പ്പെടാതിരിക്കുകയോ..? (സ്വാവി 6/226).

മനുഷ്യന്‍ ആഗ്രഹങ്ങളുടെ അടിമ

മനുഷ്യന്‍ ആഗ്രഹങ്ങളുടെ അടിമയായത് കൊണ്ടു തന്നെ അവന്‍റെ ഹൃദയം ഭൗതിക താല്‍പര്യങ്ങള്‍ക്കും വര്‍ധിത സൗകര്യങ്ങള്‍ക്കും വേണ്ടി മോഹിച്ചുകൊണ്ടേയിരിക്കും. ഈ സ്വഭാവത്തെ കടിഞ്ഞാണിട്ട് നിര്‍ത്തി ജീവിതം ലാളിത്യ പൂര്‍ണമാക്കുന്നിടത്താണ് വിശ്വാസിക്ക് വിജയിക്കാനാവുക. ‘മനുഷ്യര്‍ക്ക് ധനം നിറഞ്ഞ രണ്ട് താഴ്വര തന്നെയുണ്ടായാലും മൂന്നാമത്തെതിനായി അവന്‍ കൊതിക്കും, മണ്ണിനേ അവന്‍റെ അകം നിറക്കാനാവൂ’ (ബു.മു) എന്ന ഹദീസ്  തെളിയിക്കുന്നതും മരിച്ച് ശരീരം ഭൂമിയില്‍ ക്ഷയിക്കുവോളം ആഗ്രഹങ്ങള്‍ ചിറക് വിരിക്കുമെന്നാണ്. രണ്ട് കാര്യങ്ങള്‍ വൃദ്ധരുടെ മനസ്സില്‍ പോലും യുവത്വമുള്ളതാണ്, സമ്പത്ത് ശേഖരണവും ദീര്‍ഘായുസ്സും. തിരുനബി(സ്വ) പഠിപ്പിച്ചു: ‘ആരെങ്കിലും ഒരു കൂട്ടുകാരനെ തേടുന്നുവെങ്കില്‍ അവന്  അല്ലാഹു മതി. ഉപദേഷ്ടാവാണ് വേണ്ടതെങ്കില്‍ മരണ ചിന്ത മതി. നേരം പോക്കിന് ഖുര്‍ആന്‍ മതി. ഐശ്വര്യമാണ് വേണ്ടതെങ്കില്‍ ഉള്ളത് കൊണ്ട് ത്യപ്തിയടയല്‍ ധാരാളം  മതി. ഈ നാല് ഉപദേശങ്ങള്‍ക്ക് ഒരാള്‍ കാത് കൊടുത്തില്ലെങ്കില്‍ അവന് നരകം മതി.’

സംതൃപ്തിയുടെ രാജപാതയാണ് ‘ഖനാഅത്ത്’. അല്ലാഹു നല്‍കിയ അനുഗ്രഹത്തെ താഴെക്കിടയിലുള്ളവരിലേക്ക് തട്ടിച്ച് നോക്കി അതില്‍ സന്തോഷം കണ്ടെത്തുകയും ശുക്ര്‍ നിറഞ്ഞ ഖല്‍ബുമായി രക്ഷിതാവിലേക്ക് കൈ ഉയര്‍ത്തുകയും ചെയ്താല്‍ അവന് ഇഹപര സംതൃപ്തി നേടാനാകും. അതുകൊണ്ട് തന്നെ, അതിമോഹങ്ങളോട് ചെറുത്ത് നില്‍ക്കാനും അത്യാഗ്രഹങ്ങളോട്  യുദ്ധം  പ്രഖ്യാപിക്കാനുമാണ് യഥാര്‍ത്ഥ വിശ്വാസി ശ്രമിക്കേണ്ടത.്  നശ്വരമായ ഈ ഐഹിക ജീവിതം കൊണ്ട് അനശ്വരമായ പരലോകം നഷ്ടപ്പെടുത്തുന്നത് കഷ്ടകരം തന്നെ.

അമിതവ്യയം അത്യാപത്ത്

ഭൂമിയിലെ മുഴുവന്‍ വസ്തുക്കളും പ്രപഞ്ചനാഥന്‍ അവന്‍റെ സൃഷ്ടികള്‍ക്ക് വേണ്ടിയാണ് പടച്ചത്. അതില്‍ ആവശ്യാനുസരണം വിനിയോഗിക്കുന്നത് അനുവദിക്കുന്നതോടൊപ്പം ദുര്‍വ്യയം ചെയ്യുന്നതിനെതിരെ ശക്തമായ ഭാഷയില്‍ താക്കീത് നല്‍കുകയുമുണ്ടായി: ‘നിങ്ങള്‍ ധൂര്‍ത്തരാകരുത്, നിശ്ചയം ധൂര്‍ത്തന്മാര്‍ പിശാചിന്‍റെ കൂട്ടാളികളാണ്’ (ഇസ്റാഅ്/26, 27) എന്ന ഖുആന്‍ വാക്യം ധിക്കരിച്ചാണ് പലരുടെയും ജീവിത രീതി ഇന്ന് മുന്നോട്ട് പോകുന്നത്. ഭക്ഷണവും വസ്ത്രവും വാഹനവുമെല്ലാം ധൂര്‍ത്തിന്‍റെ ചിഹ്നങ്ങളായി മാറുന്ന അവസ്ഥയാണ് ഇന്ന്. ആഡംബരപൂര്‍ണമായ ജീവിതം മലയാളിയുടെ സകല സാംസ്കാരിക മൂല്യങ്ങളെയും ഊറ്റിക്കുടിച്ചിരിക്കുകയാണ്. രാത്രിക്കല്ല്യാണവും വീഡിയോ ക്യാമറകളും ബുഫേകളും അനിവാര്യമായ അനുഷ്ഠാനമാക്കിയാണ് കല്ല്യാണങ്ങള്‍ പൊടി പൊടിക്കുന്നത്. ആവശ്യങ്ങളും അത്യാവശ്യങ്ങളും ഒഴിവാക്കി അനാവശ്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും പണം ചെലവഴിക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. സമ്പത്തിന്‍റെ ആധിക്യമല്ല, മനസ്സിന്‍റെ നിറവാണ് ഐശ്വര്യമെന്ന ഇസ്ലാമിക അധ്യാപനം ശ്രദ്ധേയമാണ്.

ഇപ്പറഞ്ഞതിനര്‍ത്ഥം ഭൗതിക ജീവിതത്തില്‍ സമ്പത്തുണ്ടാക്കാന്‍ പാടില്ല എന്നൊന്നുമല്ല. അല്ലാഹു കല്‍പിച്ച മാര്‍ഗത്തിലും രീതിയിലും സമ്പത്ത് ചെലവഴിക്കുകയും നിഷിദ്ധമാക്കിയ മാര്‍ഗത്തില്‍ വിനിയോഗിക്കാതിരിക്കുകയും ചെയ്താല്‍ ഏറ്റവും ഗുണകരമായ സമൃദ്ധിയായി സമ്പത്ത് മാറും. നബി(സ്വ)യുടെ അനുചരരായ ഉസ്മാന്‍(റ)വും അബ്ദുറഹ്മാനുബ്നു ഔഫു(റ)മെല്ലാം സമ്പത്ത് കൊണ്ട് പരലോകം വാങ്ങിയവരാണ്. സ്വഹാബികള്‍ ഐശ്വര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ നബി(സ്വ) ഇടപെടുന്നതിപ്രകാരമാണ്: അല്ലാഹുവിനെ ഭയപ്പെടുന്നവന് സമ്പല്‍ സമൃദ്ധി കുഴപ്പമില്ല. അതിനേക്കാള്‍ ശ്രേഷ്ഠമാണ് ഭക്തന്‍റെ ആരോഗ്യം. വിശുദ്ധമനസ്സ് അല്ലാഹുവിന്‍റെ അനുഗ്രഹമാണ് (അഹ്മദ്).

എന്നാല്‍, സമ്പത്ത് നല്ലമാര്‍ഗത്തില്‍ ചെലവഴിക്കുന്നതിനെ പറ്റി പറഞ്ഞ നബി(സ്വ) വേണ്ട വിധം കൈകാര്യം ചെയ്യാത്തവന് അത് ശാപമാണെന്ന് താക്കീത് ചെയ്യുകയുമുണ്ടായി. അനുവദനീയവും നിഷിദ്ധവും ശ്രദ്ധിക്കാതെ സമ്പത്തിന് വേണ്ടി സമയം ചെലവഴിക്കുന്നവര്‍ വന്‍പരാജയം പിണഞ്ഞവരാകും എന്നോര്‍മിപ്പിക്കുകയും ചെയ്തു: ‘തടിച്ചു കൊഴുത്ത ചില ഭീമാകാരന്മാര്‍ അന്ത്യ ദിനത്തില്‍ ഹാജറാകും. അല്ലാഹുവിന്‍റെ അടുക്കല്‍ അവര്‍ക്ക് ഒരു കൊതുകിന്‍റെ ചിറകിന്‍റെ വില പോലും ഉണ്ടാകില്ല. അവര്‍ നിന്ദ്യരും നിസ്സാരരും അവഗണിക്കപ്പെട്ടവരുമായിരിക്കും’ (ബുഖാരി, മുസ്‌ലിം).

ആവശ്യങ്ങള്‍ക്കനുസരിച്ചല്ലാതെ, അന്യനെ മറികടക്കാന്‍ വേണ്ടി മാത്രം സമ്പത്തും സൗകര്യങ്ങളും അഭിവൃദ്ധിപ്പെടുത്താനുള്ള ആക്രാന്തമാണ് പ്രശ്നം. അല്ലാഹു നല്‍കുന്ന നിഅ്മതുകളായി നല്ല വാഹനവും സൗകര്യപ്രദമായ ഭവനവും റസൂല്‍(സ്വ) എണ്ണിപ്പറഞ്ഞിട്ടുണ്ട്. അനാവശ്യമായി നിരവധി വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും ചെറിയൊരു യാത്ര എപ്പോഴെങ്കിലുമുള്ളയാള്‍ മികച്ച സൗകര്യങ്ങളുള്ള യാനം സ്വന്തമാക്കുന്നതും ന്യായമല്ല. അല്ലാഹുവിനെ മറക്കാതെ അവന്‍റെ നിഅ്മത്തുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.

വിനയമുള്ളവരെ അല്ലാഹു വലുതാക്കുമെന്നും അഹങ്കരിക്കുമ്പോള്‍ അവന്‍ ചെറുതാക്കുമെന്നുമുള്ള അധ്യാപനം മുറുകെ പിടിച്ച് ജീവിക്കുക. എങ്കില്‍ ഇഹപര വിജയം സാധ്യമാകും.

ശഹീദ് എപി കാവനൂര്‍

Exit mobile version