വളച്ചൊടിച്ച ചരിത്രങ്ങൾക്ക് മറുപുറങ്ങളുമുണ്ട്

ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടാണ് വിധ്വംസക ശക്തികൾ എപ്പോഴും തങ്ങളുടെ അജണ്ടകൾ നടപ്പാക്കാറുള്ളത്. നഗരങ്ങളുടെ പേരുമാറ്റം വ്യാപകമായി നടപ്പാക്കുന്ന ആധുനിക ഇന്ത്യയിൽ മുസ്‌ലിം രാജാക്കന്മാരെയും നേതാക്കളെയും ഹിന്ദു വിരോധികളായും ക്ഷേത്രക്കൊള്ളക്കാരായും ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ് തൽപരകക്ഷികൾ. ബാബരി ധ്വംസനാനന്തര ഇന്ത്യയിൽ ഇത്തരത്തിലുള്ള നിരവധി കഥകളാണ് പ്രചരിപ്പിക്കുന്നത്. കൊളോണിയൽ ചരിത്രകാരന്മാരുടെ ചുവടു പിടിച്ച് ചരിത്രത്തെ വക്രീകരിക്കുന്ന ഇത്തരക്കാർ സത്യത്തിൽ ഇന്ത്യയുടെ ആത്മാവിനെയാണ് കുത്തിനോവിക്കുന്നത്. സൂഫി ദർശനങ്ങളിലൂടെയാണ് ഇസ്‌ലാം ജനങ്ങളിൽ വേരൂന്നിയത്. അല്ലാതെ പരമത ദ്രോഹ-ധ്വംസന നടപടികളിലൂടെയല്ല. ഈ യാഥാർത്ഥ്യം നിലനിൽക്കുന്നതുകൊണ്ടാണ് നിർമിത ചരിത്രത്തിന്റെ മറുവായനകൾ കാലം ആവശ്യപ്പെടുന്നുണ്ട്.
വില്യം ലോഗന്റെ ‘മലബാർ മാന്വലിൽ’ ടിപ്പു സുൽത്താനെയും മലബാറിലുള്ള മാപ്പിളമാരെയും മിക്കയിടത്തും കൊള്ളക്കാരും ക്ഷേത്ര കവർച്ചക്കാരുമായാണ് അവതരിപ്പിച്ചിട്ടുള്ളത്. മലബാറിലെ നിരവധി അമ്പലങ്ങൾ ടിപ്പു കയ്യേറിയെന്നും തകർത്തുവെന്നുമാണ് ലോഗനെ ഉദ്ധരിച്ചുകൊണ്ട് വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് വസ്തുതയുടെ പിൻബലമില്ലാത്ത വ്യാജം മാത്രമാണെന്ന് തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് അനേകം ചരിത്രകാരന്മാർ വ്യക്തമാക്കുന്നുണ്ട്.
മൈസൂർ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ തന്നെ ധാരാളം ക്ഷേത്രങ്ങളുണ്ടായിരുന്നു. കൊട്ടാരത്തിൽ നിന്ന് കണ്ണെത്തും ദൂരത്തുള്ള ശ്രീരംഗനാഥ ക്ഷേത്രവും നരസിംഹ ക്ഷേത്രവും പ്രൗഢിയോടെ ടിപ്പുവിന്റെയും ഹൈദരലിയുടെയും കാലഘട്ടത്തിൽ നിലനിന്നുവെന്നു മാത്രമല്ല, അവയുടെ നവീകരണത്തിനും ദൈനംദിന ചെലവുകൾക്കും സുൽത്താന്മാർ നൽകിപ്പോന്ന സംഭാവനകളുടെ തെളിവുകൾ മൈസൂരിലെ ക്ഷേത്ര രേഖകളിൽ കാണാൻ കഴിയും. 1791ൽ മറാഠി ബ്രാഹ്‌മണ സൈന്യാധിപൻ ശാരദാമഠം ആക്രമിക്കുകയും അന്തേവാസികളെ വധിക്കുകയും ചെയ്തപ്പോൾ ക്ഷേത്ര പുനരുത്ഥാനത്തിന് ശങ്കരാചാര്യരെ സഹായിച്ചത് ടിപ്പുവായിരുന്നു. ഇതിന് നന്ദിസൂചകമായി ശങ്കരാചാര്യർ പ്രസാദവും ഷാളും ടിപ്പുവിന് കൊടുത്തയച്ചതു രേഖയാണ്. ശൃംഗേരി മഠത്തിനു ടിപ്പു നൽകിയ സംഭാവനകൾ മഠത്തിലെ രേഖകളിൽ കാണാം. ക്ഷേത്രങ്ങൾ കൊള്ളയടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അതേ ഭരണാധികാരി നികുതി ഒഴിവാക്കിയ സ്ഥാപനങ്ങളുടെയും മറ്റും പേരുവിവരങ്ങൾ കോഴിക്കോട് കളക്ടറേറ്റിലെ ആർക്കൈവിലെ ഇനാം റജിസ്ട്രറിലുണ്ട്. നികുതിയില്ലാത്ത 61 സ്ഥാപനങ്ങളിൽ 56 എണ്ണവും ഹിന്ദു ക്ഷേത്രങ്ങളാണ്. കൂടാതെ, ഗുരുവായൂർ ക്ഷേത്രത്തിനു 8000 പഗോഡയും 46.02 ഏക്കർ നെൽപാടവും 458.32 ഏക്കർ ഭൂമിയും സൗജന്യമായി നൽകിയതായി ചരിത്ര രേഖകളിൽ നിന്നു വ്യക്തമാണ്. ചരിത്രപണ്ഡിതനും രാജ്യസഭാംഗവുമായ ബിഎൻ പാണ്ഡെ ‘ഇസ്‌ലാം ആന്റ് ഇന്ത്യൻ കൾച്ചർ’ എന്ന പുസ്തകത്തിൽ ഔറംഗസീബിനെതിരെയും ടിപ്പു സുൽത്താനെതിരെയും ബ്രിട്ടീഷ് ചരിത്രകാരന്മാർ പടച്ചുവിട്ട മതപരിവർത്തന കഥകളെ സയുക്തികം ഖണ്ഡിക്കുന്നുണ്ട്. അദ്ദേഹത്തിന്റെതന്നെ ലഘു കൃതിയായ ‘അൗൃമാഴമ്വലയ മിറ ഠശുുൗ ൗെഹവേമി: ല്മഹൗമശേീി ീള വേലശൃ ൃലഹശഴശീൗ െുീഹശരശല’െൽ മുസ്‌ലിം വിരോധം വളർത്തുക, ഹിന്ദു-മുസ്‌ലിം ഭിന്നത സൃഷ്ടിക്കുക എന്നീ ദുഷ്ടലാക്കോടെ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിച്ച കള്ളക്കഥകളാണ് മുസ്‌ലിം രാജാക്കന്മാരുടെ മതപീഡന കഥകളെന്ന് പ്രതിപാദിക്കുന്നുണ്ട്. കോലത്തിരി രാജഭരണം പിടിച്ചടക്കാൻ ചെങ്ങൽ കോവിലകക്കാരനായ ഇളയ തമ്പുരാൻ പുത്തൂർ ക്ഷേത്രം ആക്രമിച്ചതായും ഹിഗഡയിലെ രാജാവായ വിത്തുൽ അഗഡരാജ മാനശ്ശേര ക്ഷേത്രം കൊള്ളയടിച്ചതായും വില്യം ലോഗൻ തന്നെ മാന്വലിൽ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയാധികാരങ്ങളുടെ ആസ്ഥാനമായും സമ്പത്തുകൾ സൂക്ഷിച്ചുവെക്കുന്ന കേന്ദ്രമായും അമ്പലങ്ങളെ ഉപയോഗിച്ചതറിഞ്ഞ് ചില ശത്രുക്കൾ മതഭേദമെന്യേ അമ്പലങ്ങൾ അക്രമിച്ചിട്ടുണ്ടാവാം. അത് സാമ്പത്തിക ലക്ഷ്യങ്ങളോടെയാണ്, മതവുമായി ബന്ധമില്ല.
ഹിന്ദുത്വ ശക്തികൾ എന്നും ഉയർത്താറുള്ള കഥയാണ് സോമനാഥ ക്ഷേത്ര കൊള്ള. അഫ്ഗാനിലെ മഹമൂദ് ഗസ്‌നി പടയോട്ടത്തിന്റെ ഭാഗമായി സോമനാഥ ക്ഷേത്രം പൊളിച്ചുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. മുസ്‌ലിം നാമധാരികളായ ഇത്തരം രാജാക്കന്മാരുടെ ചെയ്തികൾ സ്വന്തം സാമ്രാജ്യത്വ വികസനം ലക്ഷ്യമാക്കിയായിരുന്നു. മതവുമായി അതിന് ബന്ധമുണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്വത്തുക്കൾ അക്കാലത്തു പ്രധാനമായും സൂക്ഷിച്ചിരുന്നത് ദൈവസന്നിധിയിലായിരുന്നുവെന്നത് കൊണ്ടാണ് അദ്ദേഹം ക്ഷേത്രം ആക്രമിച്ചത്. അവിടെയുള്ള വിഗ്രഹങ്ങൾ ഗസ്‌നിയിലേക്ക് കൊണ്ടുപോയി സ്ഥാപിച്ചു പ്രജകളോട് അവയെ തൊഴാൻ ആജ്ഞാപിക്കുക കൂടി ചെയ്തുവത്രെ അദ്ദേഹം. കശ്മീർ ഭരിച്ച ഹർഷ രാജാവിന്റെ ക്ഷേത്രധ്വംസനങ്ങളും അതിനു വേണ്ടി രൂപീകരിച്ച ‘ദേവോദ് പധാന നായക’ എന്ന പ്രത്യേക ചുമതലക്കാരെക്കുറിച്ചും കൽഹാന രാജതരംഗിണിയിലെഴുതിയതു കാണാം. കശ്മീരിലെ മറ്റു രാജാക്കന്മാരായ ജയപാലനും ശങ്കവർമാനും ബ്രാഹ്‌മണരോട് ചെയ്ത ക്രൂരതയ്ക്കും ക്ഷേത്രങ്ങളിൽ നടത്തിയ കൊള്ളകൾക്കും കയ്യും കണക്കുമുണ്ടായിരുന്നില്ല. ഇത്തരം പ്രവർത്തനങ്ങൾ ഹിന്ദു-മുസ്‌ലിം രാജാക്കന്മാർക്കുപരി എല്ലാ അധികാരികളിലും കാണാമായിരുന്നു. ചന്ദ്രഗുപ്ത മൗര്യൻ മഗധയെ നാമാവശേഷമാക്കിയതും അശോകൻ ജൈന മതവിഭാഗത്തിനെതിരെ സൈനിക നടപടി സ്വീകരിച്ചതും ഈയൊരു സാമ്രാജ്യത്വ ലക്ഷ്യത്തിന്റെ ഭാഗമായാണ്. അതിനപ്പുറം മതത്തിന്റെ പരിവേഷം നൽകേണ്ടതില്ല. ശത്രുവിന്റെ ആരാധനാലയങ്ങൾ തകർക്കുക എന്നത് മധ്യകാല യുദ്ധങ്ങളുടെ പൊതു സ്വഭാവമായിരുന്നു. സ്വന്തം മതക്കാരുടെ പിന്തുണക്ക് വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്ന തന്ത്രമായിരുന്നു ഇത്. ഹിന്ദു രാജാവായ മഹിപാലൻ ലാഹോർ കീഴടക്കിയപ്പോൾ അവിടെയുള്ള പള്ളികൾ അമ്പലങ്ങളാക്കി മാറ്റിയതും രജപുത്ര രാജാവായ രണസംഘയും സഹായി റായ്സെനും പള്ളികളെ തൊഴുത്തുകളായി ഉപയോഗിച്ചതും ഉദാഹരണം.
ഇന്ത്യയിൽ ഇസ്‌ലാം വളർന്നത് രാജാക്കന്മാരുടെ പ്രവർത്തന ഫലമല്ല, സൂഫികളുടെ സൗമ്യ സമീപനങ്ങൾ കൊണ്ടായിരുന്നു. അജ്മീരിലെ ഖാജ മുഈനുദ്ദീൻ(റ)ന്റെ പ്രവർത്തനം മൂലം നിരവധി ആളുകളാണ് ഇസ്‌ലാം പുൽകിയത്. അയിത്തവും വിലക്കുകളും അനുഭവിച്ച് മൃഗതുല്യം കഴിയേണ്ടിവന്ന അധ:സ്ഥിതരാണ് കൂടുതലും കടന്നുവന്നത്. ബാബാ ഫഖ്‌റുദ്ദീൻ തന്റെ പ്രബോധനത്തിലൂടെ പെണുകൊണ്ടയിലെ രാജാവടക്കം നിരവധിയാളുകളെ ദീനിലേക്ക് വഴിനടത്തി. രാജാവ് തന്റെ കീഴിലുള്ള ക്ഷേത്രം പള്ളിയാക്കിയതായി മദ്രാസ് ഡിസ്ട്രിക്ട് ഗസറ്റിയർ ഉദ്ധരിച്ച് തോമസ് അർനോൾഡ് രേഖപ്പെടുത്തുണ്ട്. പാവപ്പെട്ടവർ ജാതിമത ഭേദമെന്യേ സൂഫികളുടെ അടുക്കലേക്ക് സങ്കടങ്ങൾ പറയാൻ ഒഴുകിയെത്തുകയും അവരുടെ പ്രാർത്ഥനയുടെ ഫലമായി ആശ്വാസം ലഭിക്കുകയും ചെയ്തത് മതത്തിന് പ്രചാരം കിട്ടാൻ കാരണമായി. പൂനയിലെ സയ്യിദ് മുഹമ്മദ് ജുസുധറാസ് എന്ന സയ്യിദ് മഖ്ദൂം, സിന്ധിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പ്രബോധന പ്രവർത്തനങ്ങൾ നടത്തിയ സയ്യിദ് യൂസുഫുദ്ദീൻ, ബഹാവുദ്ദീൻ സക്കരിയ്യ, ബാബാ ഫരീദ് തുടങ്ങിയ നിരവധി സൂഫികളുടെ പ്രബോധന ഫലമാണ് ഇന്ന് ഇന്ത്യയിൽ കാണുന്ന ഇസ്‌ലാം. രാഷ്ട്രീയമായി മുസ്‌ലിംകൾ ദുർബലരായിരുന്ന സ്ഥലത്തും കാലഘട്ടത്തിലുമാണ് ഇസ്‌ലാമിന്റെ പ്രചാരം വർധിച്ചതെന്ന് ചരിത്രകാരൻ തോമസ് അർനോൾഡ് വ്യക്തമാക്കുന്നുണ്ട്. കീഴ്ജാതിക്കാർക്കിടയിൽ നടന്ന ഇസ്‌ലാമാശ്ലേഷണമാണ് മലബാറിലെ മുസ്‌ലിം ജനസംഖ്യ വർധിപ്പിച്ചതെന്ന് വില്യം ലോഗനും രേഖപ്പെടുത്തുന്നു. ഖുർആൻ പരാമർശിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത ശാസ്ത്രങ്ങളോ കലകളോ ഇല്ലെന്ന് നിരീക്ഷിക്കുന്ന വിവേകാനന്ദൻ മുസ്‌ലിംകളുടെ ആഗമനം ഇന്ത്യയിലെ മർദിതർക്കും പാവങ്ങൾക്കും അനുഗ്രഹമായി ഭവിച്ചു എന്ന് പ്രസ്താവിക്കുന്നു. തെന്നിന്ത്യയിലെ പരിഷ്‌കർത്താവായറിയപ്പെടുന്ന ഇ.വി രാമസ്വാമി നായ്കർ വിമോചനമാഗ്രഹിക്കുന്ന ദളിതരോട് ഇസ്‌ലാം സ്വീകരിക്കാൻ ആഹ്വാനം ചെയ്തത് പ്രസിദ്ധം. ഇങ്ങനെ ജനങ്ങളുടെ മനസ്സറിഞ്ഞുകൊണ്ടാണ് ഇസ്‌ലാം വളർന്നു പന്തലിച്ചത്.
നാഗരികതയുടെ നീണ്ട ചരിത്രമുള്ള ഒരു ദേശവും വിദേശികൾക്ക് എളുപ്പം വഴങ്ങിക്കൊടുക്കാറില്ല’ എന്ന് എംഎൻ റോയ് ‘ഹിസ്റ്റോറിക്കൽ റോൾ ഓഫ് ഇസ്‌ലാം’ എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്. കടൽ കടന്നെത്തിയ ‘മാപ്പിള’മാരുടെ ജീവിത വിശുദ്ധിയിലൂടെയാണ് ഇസ്‌ലാം താഴ്ന്ന ജാതിക്കാരന്റെയും ഭരണാധികാരികളുടെയും മനസ്സിൽ ഒരുപോലെ ഇടംപിടിച്ചത്. കാലമെത്ര കടന്നാലും ഇസ്‌ലാമിന്റെ ദർശനങ്ങൾ ഇത്തരം ആരോപണങ്ങളെ അതിജീവിച്ച് എന്നും നിലനിൽക്കുക തന്നെ ചെയ്യും.

 

സിറാജുദ്ദീൻ റസാഖ്

Exit mobile version