വിജ്ഞാന പ്രസരണത്തിന്റെ പൊരുളും പെരുമയും

വിജ്ഞാനത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ മതമാണ് ഇസ്‌ലാം. അന്ധകാര നിബിഡമായ ഒരു സമൂഹത്തിന്റെ ഹൃദയാന്തരങ്ങളിൽ വൈജ്ഞാനിക പ്രകാശം വിതറിയ ദർശനമാണത്. നിരവധി ഖുർആൻ വചനങ്ങളും ഹദീസുകളും വിജ്ഞാനത്തിന്റെ മഹത്ത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഇസ്‌ലാമിക ചരിത്രത്തിന്റെ സമ്പന്നവും ശോഭനവുമായ നാൾവഴികളിൽ വൈജ്ഞാനിക പ്രചാരണത്തിനുള്ള മാർഗങ്ങൾ അന്വേഷിക്കുന്നതിലും വിജ്ഞാന സ്രോതസ്സുകൾ വിപുലപ്പെടുത്തുന്നതിലും ശ്രദ്ധകൊടുത്തവരായിരുന്നു മുൻഗാമികൾ. വിശുദ്ധ ഇസ്ലാമിന്റെ തനത് പൈതൃകവും സംസ്‌കാരവും ഉൾക്കൊണ്ട പിൻതലമുറയും വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാനും ജ്ഞാന സംവിധാനങ്ങളെ വികസിപ്പിക്കാനും പരിശ്രമിച്ചു. പൂർവ സൂരികളുടെ വൈജ്ഞാനിക സംരക്ഷണത്തിലും വികാസത്തിലും അവർ അതീവ ശ്രദ്ധ പുലർത്തുകയുമുണ്ടായി.
കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമായി ആ രംഗത്ത് കൃത്യമായ ഇടപെടലുകൾ നടത്താനും ജ്ഞാന വിസ്ഫോടനത്തിന്റെ ശോഭന ചിത്രങ്ങൾ ലോകത്തിനു സമർപ്പിക്കാനും അതാതു കാലത്തെ പണ്ഡിതർക്ക് സാധിച്ചു. മതവിജ്ഞാന മേഖലയിൽ കാലോചിതമായ ചുവടുവെപ്പുകൾ നടത്താനും അറിവിന്റെ പുതിയ അധ്യായങ്ങൾ തുന്നിച്ചേർക്കാനും അവർക്കായി.
മൂല്യച്യുതി വന്ന പുതിയ കാലത്തും ആത്മീയ സംസ്‌കരണം സാധ്യമാകുക ജ്ഞാനപ്രസരണം കൊണ്ടാണ്. പ്രബോധനത്തിന്റെ തുടർപ്രവാഹം അറിവിന്റെ പ്രചാരണം തന്നെ. തിരുനബി(സ്വ)യുടെ അനുയായിവൃന്ദം പ്രബോധന പ്രവർത്തനങ്ങളുമായി ചെന്ന ഇടങ്ങളിലെല്ലാം വിജ്ഞാനത്തെ ജനകീയവൽകരിക്കുകയാണല്ലോ ചെയ്തത്. പ്രബോധന ചരിത്രം ജ്ഞാനസമ്പാദനത്തിന്റെയും പ്രചാരണത്തിന്റെതുമാണെന്നു സാരം.
പാരത്രികമായ നിത്യസൗഭാഗ്യത്തിന് ഏറ്റവും സഹായകമായ രണ്ടു കാര്യങ്ങളിലൊന്നായാണ് അറിവിനെ ഇസ്‌ലാം പരിചയപ്പെടുത്തിയത്. മറ്റൊന്ന് സമ്പത്താണ്. സമ്പാദിക്കുകയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും മറ്റുള്ളവർക്ക് ആവശ്യ നിർവഹണത്തിനു നൽകുകയും ചെയ്യുമ്പോഴാണ് ധനം മഹാസൗഭാഗ്യമായി മാറുക. അതുപോലെ, അറിവു സമ്പാദിക്കുകയും സ്വജീവിതത്തിൽ പ്രയോഗിക്കുകയും മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യുമ്പോഴാണ് അതും സൗഭാഗ്യമാകുന്നത്. അധ്യാപനം നടത്തുന്നവർ ഏറ്റവും വലിയ ധർമിഷ്ഠരാണെന്നാണ് തിരുനബി(സ്വ)യുടെ പാഠം. ഒരിക്കൽ അവിടന്ന് സ്വഹാബികളോട് ചോദിച്ചു: ഔദാര്യത്തിൽ മികച്ചു നിൽക്കുന്ന ഏറ്റവും വലിയ ധർമിഷ്ഠൻ ആരാണെന്ന് നിങ്ങൾക്കറിയുമോ? അല്ലാഹുവിനും റസൂലിനുമറിയാമെന്നായി അവർ. അപ്പോൾ നബി(സ്വ) പറഞ്ഞു: ഏറ്റവും വലിയ ധർമിഷ്ഠൻ അല്ലാഹുവാണ്. ആദം സന്തതികളിൽ ഏറ്റവും വലിയ ഉദാരൻ ഞാനും. എനിക്കു ശേഷം അവരിൽ ഏറ്റവും ധർമിഷ്ഠൻ അറിവു നേടുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നയാളാണ്. അയാൾ പുനരുത്ഥാന നാളിൽ ഒറ്റക്കുതന്നെ നായകനായി വരും (ശുഅബുൽ ഈമാൻ 1767).

അറിവ് മറച്ചുവെക്കരുത്

ഇസ്‌ലാമിക പ്രബോധനത്തിന്റെ കാതൽ വൈജ്ഞാനിക പ്രചാരണമായതുകൊണ്ടുതന്നെ അറിവ് മറച്ചുവെക്കുന്നതിനെ മതം ഏറെ ഗൗരവത്തോടെയാണ് കണ്ടത്. വിജ്ഞാനം മറച്ചുവെക്കുന്ന സ്വഭാവമുള്ളവരെ വിശുദ്ധ ഖുർആൻ അഭിശപ്തരായി പ്രഖ്യാപിക്കുന്നതു കാണാം: ‘നാം അവതരിപ്പിച്ച തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്കു നാം വിവരിച്ചു കൊടുത്തതിനു ശേഷം മറച്ചുവെക്കുന്നവരെ അല്ലാഹു ശപിക്കുന്നതാണ്. എന്നാൽ പശ്ചാത്തപിക്കുകയും നന്മപുലർത്തുകയും ജനങ്ങൾക്ക് യാഥാർത്ഥ്യം വിവരിച്ചുകൊടുക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാണ്. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാൻ സ്വീകരിക്കുന്നതാണ്. ഞാൻ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ’ (അൽബഖറ 159, 160).
പ്രസ്തുത സൂക്തം വിശകലനം ചെയ്ത് പ്രമുഖ ഖുർആൻ വ്യാഖ്യാതാവ് ഇമാം ത്വബരി(റ) എഴുതുന്നു: ‘ജൂത പണ്ഡിതരുടെയും ക്രിസ്ത്യൻ പണ്ഡിതരുടെയും വിഷയത്തിലാണ് ഈ സൂക്തം അവതീർണമായത്. തൗറാത്തിലും ഇഞ്ചീലിലും പരാമർശിക്കപ്പെട്ട മുഹമ്മദ് നബി(സ്വ)യുടെ വിവരവും നബിയെ അനുധാവനം ചെയ്യണമെന്ന നിർദേശവും ജനങ്ങളിൽ നിന്ന് അവർ മറച്ചുവെച്ചതിനെയാണ് ഖുർആൻ നിശിതമായി വിമർശിക്കുന്നത് (തഫ്സീറുത്വബരി 3/249).
അറിയുന്ന കാര്യങ്ങൾ മറച്ചുവെക്കരുതെന്നാണ് അവരോടുള്ള സ്രഷ്ടാവിന്റെ കരാർ. ‘വേദഗ്രന്ഥം നൽകപ്പെട്ടവരോട് നിങ്ങൾ അതു ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കണമെന്നും മറച്ചുവെക്കരുതെന്നും അല്ലാഹു കരാറു വാങ്ങിയ സന്ദർഭം (ഓർക്കുക). എന്നിട്ടും അവരത് (വേദം) പിറകോട്ട് വലിച്ചെറിയുകയും തുച്ഛമായ വിലയ്ക്ക് അതു വിറ്റുകളയുകയുമാണ് ചെയ്തത്. വളരെ ചീത്തതാണ് അവർ പകരം വാങ്ങുന്നത്’ (ആലുഇംറാൻ 187). അബൂഹസനിൽ വാഹിദി(റ) പറയുന്നു: ‘മുഹമ്മദ് നബി(സ്വ)യുടെ വിവരങ്ങളും അവിടത്തെ വിശേഷങ്ങളും പ്രവാചകത്വ നിയോഗവുമെല്ലാം ജനങ്ങൾക്ക് വിവരിച്ചുകൊടുക്കണമെന്നും ഒന്നും മറച്ചുവെക്കരുതെന്നും തൗറാത്തിൽ അവരോട് അല്ലാഹു കരാർ വാങ്ങിയതാണ്. പക്ഷേ അവർ ആ ഉടമ്പടി പൊളിച്ചു. അവർ ഒന്നും പ്രവർത്തിച്ചില്ല. അതിനെ കുറിച്ചാണ് ഖുർആൻ ‘വേദഗ്രന്ഥം പിറകോട്ട് വലിച്ചെറിഞ്ഞു’വെന്ന് പരാമർശിച്ചത് (അത്തഫ്‌സീറുൽ വജീസ് 247).
അറിവ് മറച്ചുവെക്കുന്നതിന്റെ ഗൗരവം അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന ഹദീസിലുണ്ട്: ‘ആരോടെങ്കിലും വല്ല അറിവിനെയും കുറിച്ച് ചോദ്യമുണ്ടാവുകയും അറിഞ്ഞിട്ടും വിജ്ഞാനം മറച്ചുവെക്കുകയും ചെയ്താൽ ഖിയാമത്ത് നാളിൽ അല്ലാഹു അവരുടെ വായിൽ തീയാലുള്ള കടിഞ്ഞാൺ കൊണ്ട് ചൂടുവെക്കുന്നതാണ്’ (അബൂദാവൂദ്, തുർമുദി).

അറിയാത്തത് പറയരുത്

അനിവാര്യമായ സഹചര്യത്തിൽ ഒരാൾ ചോദിച്ചിട്ടും അറിയുന്ന കാര്യം മറച്ചുവെക്കുന്നതിനെയാണ് ആക്ഷേപ സ്വരത്തിൽ ഇസ്‌ലാം വിമർശിച്ചത്. അതേസമയം വ്യക്തമായി അറിയാത്ത ഒന്നും പ്രചരിപ്പിക്കരുതെന്നും മതം പറയുന്നുണ്ട്. ‘നിങ്ങൾക്കറിയാത്ത യാതൊരു കാര്യത്തിന്റെയും പിറകെ നിങ്ങൾ പോകരുത്. തീർച്ചയായും കേൾവിയും കാഴ്ചയും ഹൃദയവും ചോദ്യം ചെയ്യപ്പെടുന്നതാണ് (ഇസ്‌റാഅ് 36).
അറിയാത്ത കാര്യം തന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് നൂഹ് നബി(അ)യെ അല്ലാഹു വിലക്കുന്നത് ഖുർആനിൽ കാണാം. ‘നൂഹ് നബി തന്റെ രക്ഷിതാവിനെ വിളിച്ച് പറഞ്ഞു: രക്ഷിതാവേ, എന്റെ മകൻ എന്റെ കുടുംബാംഗങ്ങളിൽ പെട്ടവൻ തന്നെയാണല്ലോ, തീർച്ചയായും നിന്റെ വാഗ്ദാനം സത്യവുമാണ്. നീ വിധികർത്താക്കളിൽ വെച്ച് ഏറ്റവും നല്ല വിധികർത്താവാണല്ലോ. അപ്പോൾ അല്ലാഹു പറഞ്ഞു: തീർച്ചയായും അവൻ നിന്റെ കുടുംബത്തിൽ പെട്ടവനല്ല. നിശ്ചയം അവൻ ചെയ്തത് ശരിയല്ലാത്തതാണ്. അതുകൊണ്ട് താങ്കൾക്കറിവില്ലാത്ത കാര്യം എന്നോട് ചോദിക്കരുത്. താങ്കൾ വിവരമില്ലാത്തവരുടെ ഗണത്തിൽ പെട്ടുപോകരുതെന്ന് ഞാൻ നിങ്ങളോട് ഉപദേശിക്കുകയാണ്. നൂഹ്(അ) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യാത്തപക്ഷം ഞാൻ നഷ്ടക്കാരുടെ ഗണത്തിൽപെടും (ഹൂദ് 45-47).

അറിഞ്ഞതെല്ലാം പറയാനുള്ളതല്ല

കേട്ടതെല്ലാം പറയുന്ന സ്വഭാവം വിശ്വാസിക്കു ഭൂഷണമല്ല. മാത്രമല്ല, അതൊരു പാപം കൂടിയാണെന്നാണ് ഹദീസ് പഠിപ്പിക്കുന്നത്. അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനമുള്ള ഹദീസിൽ നബി(സ്വ) പറയുന്നു: ഒരാൾ പാപിയാകാൻ അയാൾ കേട്ടതു മുഴുവൻ പറഞ്ഞാൽതന്നെ മതി (അബൂദാവൂദ് 1692).
ചെവികളിലെത്തുന്ന എല്ലാ കാര്യവും നാവിലൂടെ പുറത്തുവരുന്നത് എത്രത്തോളം അപകടമാണെന്ന് മേൽപറഞ്ഞ വചനത്തിലൂടെ വ്യക്തമാകുന്നു. ഒരു വാർത്ത നമ്മുടെ അടുക്കലെത്തിയാൽ നാം സ്വീകരിക്കേണ്ട സമീപനവും ഖുർആൻ സ്പഷ്ടമായി പ്രതിപാദിക്കുന്നുണ്ട്. ‘സത്യവിശ്വാസികളേ, വല്ല അധർമകാരിയും എന്തെങ്കിലും വാർത്തയുമായി നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങൾ അതിനെ കുറിച്ച് വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങൾ ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദിക്കുന്നരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടിയാണത്’ (ഹുജറാത്ത് 6).
കേട്ടതെല്ലാം നിജസ്ഥിതിയറിയാതെ പറയുന്നതു മാത്രമല്ല, ശരിയായി അറിഞ്ഞതുതന്നെ എല്ലാവരോടും പറയാൻ പറ്റില്ലെന്ന പാഠവും ഇസ്‌ലാം നൽകുന്നുണ്ട്. ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ അലി(റ) പറഞ്ഞു: ജനങ്ങളോട് അവർക്ക് ഗ്രഹിക്കാവുന്നത് പറയുക (ഗ്രഹിക്കാത്തതു പറഞ്ഞിട്ട് അവർ മൂലം) അല്ലാഹുവും റസൂലും കളവാക്കുന്നതു നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? (സ്വഹീഹുൽ ബുഖാരി 127).
ജനങ്ങളുടെ ബുദ്ധിക്കനുസരിച്ച് മാത്രം സംസാരിക്കണമെന്നും അവർക്ക് ഗ്രഹിക്കാവുന്നത് മാത്രം പറയണമെന്നും ഗ്രഹിക്കാനും ഉൾക്കൊള്ളാനും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പറയാതിരിക്കുകയും വേണമെന്നുമാണ് അലി(റ)ന്റെ നിർദേശം. അല്ലാത്തപക്ഷം ഉൾക്കൊള്ളാനാവാത്തത് അവർ നിഷേധിക്കുന്ന സാഹചര്യം സംജാതമാകുമെന്നും തന്നിമിത്തം അല്ലാഹുവും റസൂലും നിഷേധിക്കപ്പെടുന്ന അപകടാവസ്ഥയുണ്ടാകുമെന്നും അലി(റ) ഉണർത്തുന്നു. അറിയുന്ന കാര്യങ്ങളെല്ലാം എല്ലാവരോടും ഒരുപോലെ പറയരുതെന്നും പൊതുസമൂഹത്തോട് അവർക്കാവശ്യമായതു മാത്രം പറയുകയും പണ്ഡിതന്മാരോട് അവർക്കനുയോജ്യമായി സംസാരിക്കുകയും ചെയ്യുന്നതാണ് യുക്തിസഹമെന്നും മഹാന്റെ നിർദേശത്തിൽ നിന്ന് നമുക്ക് ബോധ്യപ്പെടുന്നതാണ്. ഹാഫിള് ഇബ്നു ഹജർ(റ) പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ രേഖപ്പെടുത്തുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ പൊതുജനങ്ങളോട് പറയാതിരിക്കണമെന്നതിന് ഈ ഹദീസിൽ തെളിവുണ്ട് (ഫത്ഹുൽബാരി 1/272).
ഒരു ജനതയോടും അവരുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വർത്തമാനം നിങ്ങൾ പറഞ്ഞാൽ അവരിൽ ചിലർക്ക് അത് ഫിത്നയായി മാറുമെന്നർത്ഥമുള്ളതും അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്തതുമായ ഹദീസ് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. ഉൾക്കൊള്ളാൻ കഴിയില്ലെന്നു കരുതി ചിലരോട് പറയാതെ മറ്റു ചിലരോട് മാത്രം പറയുന്നത് എന്ന പേരിൽ ഒരധ്യായംതന്നെ സ്വഹീഹുൽ ബുഖാരിയിലുള്ളതും ശ്രദ്ധേയം.
മക്കാവിജയ ശേഷം തിരുനബി(സ്വ)ക്ക് ഒരാഗ്രഹമുണ്ടായി. കഅ്ബ പുനർനിർമാണത്തിൽ ഇബ്റാഹീം(അ) പണിത രൂപത്തിന് ഖുറൈശികൾ ചെറിയൊരു മാറ്റം വരുത്തിയിരുന്നു. അത്തരം മാറ്റങ്ങൾ ഒഴിവാക്കി ഇബ്‌റാഹീം നബി(അ)യും ഇസ്മാഈൽ(അ)യും പണിതതു പോലെത്തന്നെ നിർമിച്ചാലോ എന്നതായിരുന്നു അവിടത്തെ ആഗ്രഹം. ആഗ്രഹിക്കുന്നതുപോലെ ചെയ്യണമെങ്കിൽ കഅ്ബയുടെ ചില ഭാഗങ്ങൾ പൊളിക്കണം. പക്ഷേ തിരുനബി(സ്വ) അതിനു മുതിർന്നില്ല. അതിന്റെ കാരണം അവിടന്ന് ആഇശ(റ)യോട് പറഞ്ഞിട്ടുണ്ട്: ആഇശാ, നിന്റെ ജനത ജാഹിലിയ്യത്തിൽ നിന്ന് വന്നിട്ട് അധികം കാലമായിട്ടില്ല. കഅ്ബയുടെ ആ ചുമരുകൾ അതിൽ പ്രവേശിപ്പിക്കുകയും (ഖുറൈശികൾ ഉയർത്തിയ) വാതിൽ ഭൂമിയോട് ചേർന്ന രൂപത്തിൽ ആക്കുകയും ചെയ്യുന്നതിൽ അവർക്ക് (ജനതക്ക്) നീരസം വരുമോ എന്ന് ഞാൻ ഭയക്കുന്നു (ബുഖാരി 1584).
തിരുനബി(സ്വ) സ്വഹാബികളോട് പോലും ചില കാര്യങ്ങൾ നന്മ ഉദ്ദേശിച്ച് പറയാതിരുന്നിട്ടുണ്ടെന്ന് ഈ സംഭവത്തിൽ നിന്നു മനസ്സിലാക്കാം. മക്കാ വിജയ ശേഷം റസൂൽ(സ്വ) ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഇസ്‌ലാമിലേക്ക് പുതുതായി വന്നവർക്ക് സംശയങ്ങൾ ജനിക്കുമെന്ന് കരുതിയാണ് അവിടന്ന് അതിന് മുതിരാതിരുന്നത്.
വിശ്രുത കർമശാസ്ത്ര ഗ്രന്ഥമായ തുഹ്ഫതുൽ മുഹ്താജിൽ ഇബ്‌നുഹജർ(റ) ഉദ്ധരിക്കുന്നതു കാണുക: മുതവല്ലി(റ) പറഞ്ഞു; പല അർത്ഥങ്ങൾക്ക് ഉപയോഗിക്കുന്ന പദങ്ങൾ ഖുത്വുബയിൽ കൊണ്ടുവരുന്നത് കറാഹത്താണ്. ഗ്രഹിക്കാൻ പ്രയാസമുള്ളതും സന്നിഹിതരായവരുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതും ഖുത്വുബയിൽ പറയുന്നതും കറാഹത്തുതന്നെ. അതേസമയം വിശ്വാസികൾക്ക് അപകടം (വിശ്വാസ വ്യതിചലനം) വരുന്ന സാഹചര്യമുണ്ടാകുമെങ്കിൽ ഖുത്വുബയിൽ അത്തരം പരാമർശങ്ങൾ നടത്തുന്നത് ഹറാമുമാണ് (തുഹ്ഫ 2/461).

കഥകൾ പറയുമ്പോൾ

കഥകൾ ആസ്വദിക്കാനുള്ള പ്രവണതയും അവ പങ്കുവെക്കാനുള്ള ത്വരയും മനുഷ്യ പ്രകൃതമാണ്. മനുഷ്യർ കുട്ടിക്കാലം മുതലേ കഥകളിൽ ആകൃഷ്ടരാണ്. കഥകൾക്ക് ജനങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും വശീകരിക്കുന്നതിലും ചിന്തകൾ ഉണർത്തുന്നതിലും വലിയ പങ്കുണ്ട്. മാനസിക പരിവർത്തനത്തിലൂടെ മനുഷ്യ സമൂഹത്തെ ശാശ്വത സൗഭാഗ്യത്തിലേക്കെത്തിക്കുന്ന പ്രധാന വിഭവമെന്ന നിലയിൽ കഥകൾ ഇസ്‌ലാമിക പ്രബോധനത്തിന്റെ നാഴികക്കല്ലാണ്. കഥകൾ മനുഷ്യരുടെ പരോക്ഷ അധ്യാപകനും അവിഭാജ്യ സഹായിയുമാണ്.
കഥകൾക്ക് ഇത്തരം മാസ്മരിക ശക്തിയുണ്ടെങ്കിലും അവ പറയുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇസ്‌ലാം മുന്നോട്ടുവെച്ച വ്യവസ്ഥകൾ പാലിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. കഥകൾ കേൾക്കാനും പറയാനും ചില ഉപാധികൾ പണ്ഡിതർ മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യാജമല്ലാതിരിക്കുക, പൊതുജനങ്ങളുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതാവുക, കേട്ടാൽ ഉദ്ദിഷ്ട അർത്ഥമല്ലാത്തത് മനസ്സിലാക്കുമെന്ന ഭയമില്ലാതിരിക്കുക എന്നിവ അതിന്റെ നിബന്ധനകളിൽ ചിലതാണ്. ഹദീസുകളും ആത്മസംസ്‌കരണ ഗ്രന്ഥങ്ങളും ഇസ്ലാമിക ധർമസമര കഥകളുമെല്ലാം വായിക്കുന്നതും കേൾക്കുന്നതും നല്ലതാണ്. അവ വ്യാജ നിർമിതമല്ലാത്തതും പൊതുജന ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതുമാകണമെന്ന് മാത്രം. വ്യാജ നിർമിതമായ പ്രവാചക ചരിത്രങ്ങളും ഉദ്ധരണങ്ങളും മറ്റും വായിക്കുന്നതും കേൾക്കുന്നതും നിഷിദ്ധമാണ് (നിഹായതുൽ മുഹ്താജ് ശർഹിൽ മിൻഹാജ് 3/221).
ഇമാം റംലി(റ)യുടെ പ്രസ്തുത പ്രസ്താവന ചർച്ചക്കെടുത്ത് ഇമാം അലി ശിബ്‌റാമല്ലിസി(റ) പറയുന്നു: പൊതുജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത സംഭവ കഥകളും മറ്റും അവർക്ക് വായിച്ചുകൊടുക്കൽ ഹറാമാണ്. അവർ ആശയക്കുഴപ്പത്തിലാകുമെന്നതോ പിഴച്ച വിശ്വാസത്തിലേക്ക് എത്തിച്ചേരുമെന്നതോ ആണ് അതിനുള്ള കാരണം (ഹാശിയതു അലി ശിബ്‌റാമല്ലിസി 3/221, ഖിസ്വസുൻ ലാ തുഖസ്സ്വു 21).

 

സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

 

Exit mobile version