വിശ്വമാനവിക ദർശനമാണ് ഖുർആൻ

ഈ ലോകത്തുള്ള സകല മനുഷ്യർക്കും മനുഷ്യൻ എന്ന മഹത്ത്വം കൽപ്പിക്കുകയാണ് മാനവികതയുടെ ആകെത്തുക. മാനവികത മനുഷ്യന്റെ സവിശേഷമായ ഉന്നത മൂല്യബോധമാണ്. റോഡരികിൽ അപകടപ്പെട്ട് കിടക്കുന്ന അപരിചിതന് സ്വന്തം തിരക്കുകൾ മാറ്റിവെച്ച് പരിചരണം നൽകുന്ന വൈകാരികാവസ്ഥ മാനവികതയുടെ ഭാഗമത്രെ. കൂടുതൽ സദ്‌വൃത്തനാകാനും ദുർവൃത്തനാകാനുമുള്ള വിശാലമായ പ്രകൃതം മനുഷ്യന്റെ മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും തുല്യ തോതിൽ മാനവികബോധം പ്രകൃതിജന്യമായി ഉണ്ടാവണമെന്നില്ല. ചിലർക്ക് ഈ ബോധം വളരെ ശ്രമകരമായി ഊതിക്കാച്ചിയെടുക്കേണ്ടതുണ്ടാകും. ഇവിടെയാണ് ഉന്നതമായ ഒരു മാനവികദർശനം പ്രസക്തമാകുന്നത്.
ഖുർആൻ സാർവകാലികവും സർവതല സ്പർശിയുമായ വിശ്വമാനവിക ദർശനമാണ് അധ്യാപനം ചെയ്തത്. സകല മനുഷ്യരെയും തന്നെപ്പോലെ ഒരു മനുഷ്യനായി കാണുക. ശരീരം, ബുദ്ധി, അഭിമാനം, സമ്പത്ത് തുടങ്ങിയ കാര്യങ്ങൾ തന്റേതുപോലെ അവരുടേതും സംരക്ഷിക്കുക, മാനുഷിക മൂല്യങ്ങളും താൽപര്യങ്ങളും ഹനിക്കാതിരിക്കുക, അഭിപ്രായ സ്വാതന്ത്ര്യം വകവെച്ച് നൽകുക എന്നിവയാണ് മാനവികതയുടെ കാതലായി കരുതപ്പെടുന്നത്. ഇവയെല്ലാം പ്രായോഗികമായ രീതിയിൽ അവതരിപ്പിക്കാൻ ഖുർആനിന് കഴിഞ്ഞുവെന്ന് മാത്രമല്ല ഖുർആനിനേ കഴിയൂ എന്നും മനസ്സിലാക്കാം. കാരണം ഈ ബൗദ്ധിക ലോകക്രമം സമ്പൂർണമായ ഒരു ധാർമിക വ്യവസ്ഥ യുക്തിപരമായി അവതരിപ്പിക്കാൻ അപര്യാപ്തമാണ്. ന്യായാന്യായങ്ങൾ കൃത്യമായി വിലയിരുത്തി അതിന് നീതിയുക്തമായി പ്രതിഫലം നൽകുന്ന ഒരു അതിഭൗതിക സംവിധാനത്തിന് മാത്രമേ ആത്മാർത്ഥമായ ധാർമികതയെ മുളപ്പിക്കാനാകൂ. മറ്റു സമീപനങ്ങൾ നിരർത്ഥകവും യുക്തിശൂന്യവുമായിരിക്കും.
ഖുർആൻ മുന്നോട്ടുവെച്ച മനുഷ്യ സാഹോദര്യത്തിന്റെ പാഠങ്ങൾക്ക് ഉദാഹരണങ്ങൾ അനേകമാണ്. ‘ജനങ്ങളേ, നാം നിങ്ങളെ ഒരു പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നുമാണ് സൃഷ്ടിച്ചത്’ (ഹുജറാത് 13) എന്ന അധ്യാപനം എത്ര ഉന്നതമാണ്. മാനവരാശി മുഴുവൻ ഒരു മാതാപിതാവിന്റെ സന്താനമാണെന്ന ബോധത്തേക്കാൾ മാനവികത പ്രക്ഷേപണം നടത്താൻ പര്യാപ്തമായ മറ്റെന്തുണ്ട്? ജാതി, മതം, ഭാഷ, ദേശം, രാഷ്ട്രം, നിറം തുടങ്ങി യാതൊരു ഭേദവുമില്ലാത്ത അതുല്യമായ സാഹോദര്യ ബോധമാണ് ഇത് വിഭാവനം ചെയ്യുന്നത്. ധാർമികതയ്ക്ക് വേണ്ടിയല്ലാതെ രാഷ്ട്രീയ യുദ്ധം പോലും നടത്താൻ ഒരു മുസ്‌ലിമിന് കഴിയില്ല. കാരണം അന്യരാഷ്ട്രത്തിലെ മുഴുവൻ പൗരന്മാരും തന്റെ സഹോദരരാണെന്ന വിചാരം അവനെ വരിഞ്ഞുമുറുക്കും. ലോകത്തെ സകല അസമത്വങ്ങളെയും അക്രമങ്ങളെയും തുടച്ചുനീക്കാൻ മാത്രം ആ വാക്കുകൾക്കു കരുത്തുണ്ട്.
ഇസ്‌ലാം മുഴുവൻ വ്യക്തികളുടെയും ജീവനും ശരീരത്തിനും ഉന്നതമായ മൂല്യമാണ് കൽപ്പിക്കുന്നത്. ഒരു വ്യക്തിയും മറ്റൊരു വ്യക്തിയെ വധിക്കാനോ ഉപദ്രവിക്കാനോ പാടില്ല. ‘ഭൂമിയിൽ അക്രമം വിതച്ചവനെയോ കൊലപാതകിയെയോ അല്ലാതെ ആരെങ്കിലും ഒരു ആത്മാവിനെ വധിക്കുന്നത് മനുഷ്യകുലത്തെ മുഴുവൻ വധിക്കുന്നതിന് സമാനമാണ്. ആരെങ്കിലും ഒരുത്തന്റെ ജീവരക്ഷകനായാൽ അവൻ സർവരെയും രക്ഷിച്ചതിനു സമാനനാണ്’ (മാഇദ 32).
കൊലപാതകം ഏഴ് വൻദോഷങ്ങളിൽ പെട്ട മഹാപാപമായി ഇസ്‌ലാം പഠിപ്പിക്കുന്നു. ദാരിദ്ര്യത്തെ ഭയന്ന് പിറക്കാനിരിക്കുന്ന കുഞ്ഞിനെ ഗർഭച്ഛിദ്രം നടത്തുന്നത് പോലും ഖുർആൻ കൊലപാതകമായി കരുതുന്നു. ‘ദാരിദ്ര്യം ഭയന്ന് നിങ്ങളുടെ കുഞ്ഞിനെ കൊന്നുകളയരുത്. നാമാണ് അവർക്ക് ഭക്ഷണം നൽകുന്നത്’ (ഇസ്‌റാഅ് 31). മനുഷ്യനായി പിറക്കേണ്ടിയിരുന്ന കുഞ്ഞിന്റെ ജീവനു പോലും വലിയ മൂല്യമാണ് ഖുർആൻ പഠിപ്പിച്ചത്. അവനെ വളർത്തേണ്ട സാമ്പത്തിക ചെലവ് അല്ലാഹു ഏറ്റെടുക്കുമെന്ന ആത്മവിശ്വാസവും നൽകി.
ആദം നബി(അ)യുടെ മകൻ ഹാബീൽ, തന്നെ വധിക്കാനൊരുങ്ങുന്ന സഹോദരനോട് പറയുന്നത് ഖുർആൻ ഉദ്ധരിക്കുന്നു: ‘എന്നെ വധിക്കാൻ നീ കൈ ഓങ്ങുമ്പോഴും നിന്നെ വധിക്കാൻ ഞാൻ കൈ ഉയർത്തുക പോലുമില്ല. ഞാൻ സർവലോക നിയന്താവായ അല്ലാഹുവിനെ ഭയപ്പെടുന്നു’ (മാഇദ 28). തന്റെ ഘാതകനായ അക്രമിയുടെ മുന്നിൽ പോലും സമാധാനത്തിന്റെയും സമചിത്തതയുടെയും ഉന്നതമായ ദർശനം ഓതുന്ന ഹാബീലിനെയാണ് ഖുർആൻ നമുക്ക് മാതൃകയായി അവതരിപ്പിക്കുന്നത്. ഇത്തരം മൂല്യങ്ങൾ സമൂഹത്തിൽ നട്ടുവളർത്താൻ അല്ലാഹുവിലുള്ള വിശ്വാസത്തിനേ കഴിയൂ എന്നതു മറ്റൊരു വസ്തുതയാണ്.
മേൽ വചനത്തിൽ അനേകം പാഠങ്ങളുണ്ട്. മനുഷ്യന് തന്റെ രാഷ്ട്രീയ ശത്രു, കുടുംബ ശത്രു, മത ശത്രു, ബിസിനസ് ശത്രു അങ്ങനെ പലരോടും വിദ്വേഷമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇവയിൽ ഏറ്റവും ഗൗരവമുള്ളത്, തന്നെ വധിക്കാനൊരുങ്ങുന്നവനാണ്. അവനോട് പോലും ശാന്തിമന്ത്രം ഓതാൻ പ്രേരിപ്പിക്കുന്ന ഖുർആന് ഒരാളെയും വ്യക്തിപരമായി കൊല്ലാൻ കൽപ്പിക്കാനാകില്ല. സകല വൈവിധ്യങ്ങളും മറന്ന് മനുഷ്യനാകമാനം ജീവിക്കാനുള്ള അവകാശം വകവെച്ചു നൽകിയ വിശുദ്ധ ഗ്രന്ഥമാണ് ഖുർആനെന്നതിന് ഇനിയും കൂടുതൽ ഉദാഹരണങ്ങൾ ആവശ്യമില്ല.
ഒരുപക്ഷേ, മനുഷ്യൻ ഏറ്റവും അക്രമങ്ങളും വഞ്ചനകളും നടത്തുന്നത് സാമ്പത്തിക ക്രമക്കേടുകളിലൂടെയായിരിക്കും. ഭൗതികമായ ലോകവ്യവസ്ഥ മാത്രം പരിചയപ്പെടുത്തുന്നവർക്ക് ഏറ്റവും ആസ്വാദ്യകരമായ ജീവിതത്തിനപ്പുറം മറ്റൊന്നും ലക്ഷ്യം വെക്കാനുണ്ടാകില്ല. അതിന് വേണ്ടി ഏതു വിധേനയും സ്വത്തും പണവും വാരിക്കൂട്ടാനുള്ള പ്രവണത സ്വാഭാവികമായിരിക്കും. അപരന്റെ അവകാശം അപഹരിക്കപ്പെടുമോ എന്ന ചിന്തക്ക് അവിടെ പ്രസക്തിയില്ല. എന്നാൽ ഖുർആൻ ഇതിന് ശക്തമായ നിയന്ത്രണമേർപ്പെടുത്തി. അന്യന്റെ വിഹിതം അൽപം പോലും നമ്മിൽ അകപ്പെടരുതെന്ന് ശക്തമായി ആജ്ഞാപിച്ചു. ‘അളവ് തൂക്കങ്ങളിൽ കൃത്രിമത്വം കാണിക്കുന്നവർക്ക് മഹാനാശമുണ്ട്’ (മുതഫിഫീൻ 1). കടം നൽകുമ്പോൾ തിരിച്ച് സമയാധിഷ്ഠിത വർധനവ് (പലിശ) ഈടാക്കുന്നതും ഖുർആൻ നിരോധിച്ചിട്ടുണ്ട്.
സമ്പാദിക്കുന്നത് ന്യായമായിട്ടാകണമെന്ന് മാത്രമല്ല, അങ്ങനെ സ്വരൂപിക്കുന്ന മുതലിൽ നാട്ടിലെ ദരിദ്രനും ഭിക്ഷക്കാരനുമെല്ലാം അവകാശമുണ്ടെന്നുമാണ് ഖുർആന്റെ പ്രഖ്യാപനം. ‘അവരുടെ സമ്പത്തു കളിൽ തടയപ്പെട്ട ദരിദ്രനും ഭിക്ഷക്കാരനുമെല്ലാം അവകാശമുണ്ട്’ (ദാരിയാത് 19). ദാനം ധനികന്റെ ഔദാര്യമല്ല, ദരിദ്രരുടെ അവകാശമാണെന്നാണ് ഖുർആനിക ഭാഷ്യം. ഓരോ സമ്പന്നനും സ്വത്തിന്റെ രണ്ടര ശതമാനം അർഹരായ ദരിദ്രർക്ക് നൽകുന്നത് വ്യക്തിപരമായ ബാധ്യതയായി ഇസ്‌ലാം പരിഗണിച്ചു. സമൂഹത്തിൽ എക്കാലത്തും തഴയപ്പെട്ടിരുന്ന അനാഥകൾക്കും ഖുർആൻ താങ്ങായി നിന്നു. അനാഥരുടെ സ്വത്തുക്കൾ അതിക്രമിച്ച് ഭക്ഷിക്കുന്നവൻ വയറ്റിൽ തീയാണ് നിറക്കുന്നത്. അവർ നരകത്തിൽ എത്തിച്ചേരും’ (നിസാഅ് 10). അനാഥർക്ക് ഭക്ഷണം നൽകുന്നതും ദാനം ചെയ്യുന്നതും വലിയ പുണ്യമായി പഠിപ്പിച്ച് ഇസ്‌ലാം അവർക്ക് കൂട്ടിരുന്നു.
ഇങ്ങനെ സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട ദരിദ്രർ, കുട്ടികൾ, സ്ത്രീകൾ, രോഗികൾ, അനാഥർ തുടങ്ങിയവരോടെല്ലാം കാരുണ്യം വർഷിക്കാൻ ആഹ്വാനം ചെയ്ത ഖുർആൻ ഉദാത്തമായ മാനവിക ദർശനമാണ് അവതരിപ്പിച്ചത്. ‘വിശ്വാസികളേ, ഒരു സമുദായവും മറ്റൊരു സമുദായത്തെ നിന്ദിക്കരുത്. ഒരുപക്ഷേ അവരായിരിക്കും നിങ്ങളെക്കാൾ ഉത്തമർ. നിങ്ങൾ പരസ്പരം കുത്തുവാക്ക് പറയരുത്. ഇരട്ടപ്പേര് വിളിക്കരുത്. വിശ്വാസം കൈകൊണ്ട ശേഷവും മ്ലേച്ഛമായ പദങ്ങൾ എത്ര മോശമാണ്’ (ഹുജറാത് 11). ശാരീരികവും സാമ്പത്തികവുമായ അക്രമം മാത്രമല്ല, മാനസികമായ പീഡനവും പാടില്ലെന്ന് ഖുർആൻ വ്യക്തമാക്കുന്നു. ഒരാളുടെയും അഭിമാനം വ്രണപ്പെടുത്തരുത്.
സർവ മതസ്ഥരോടും എന്ന് മാത്രമല്ല, ശത്രുക്കളോടു പോലും മാന്യമായ പെരുമാറ്റം ഖുർആൻ ആവശ്യപ്പെടുന്നു. ‘ഒരു സമൂഹത്തോടുള്ള നിങ്ങളുടെ ശത്രുത അവരോടുള്ള അനീതിക്ക് പ്രേരണയാകരുത്. നിങ്ങൾ നീതി പുലർത്തുക. അതാണ് നന്മ’ (മാഇദ 8). ഇസ്‌ലാം ആശയസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമെല്ലാം വകവെച്ചു നൽകുന്നു. സർവ മതവും ശരിയാണെന്ന് സമ്മതിക്കലല്ല. മറിച്ച് ഭൗതിക ലോകത്ത് ഏത് മതവിശ്വാസിക്കും സുരക്ഷിതമായി ജീവിക്കാനുള്ള സംവിധാനം ഇസ്‌ലാം വിഭാവനം ചെയ്യുന്നു. ഒരാൾ ശരിയായ മുസ്‌ലിമാകുന്നത് മുഴുവൻ ജനങ്ങളും അവന്റെ പ്രവർത്തനങ്ങളിൽ നിന്നും നാവിൽ നിന്നും സുരക്ഷിതരാകുമ്പോൾ മാത്രമാണെന്ന് നബി(സ്വ) പഠിപ്പിച്ചത് ഇസ്‌ലാം മാനവികതക്ക് നൽകുന്ന സ്ഥാനം വെളിപ്പെടുത്തുന്നതാണ്.

യുദ്ധങ്ങൾ മാനവിക വിരുദ്ധമോ?

ചരിത്രത്തിന് എപ്പോഴും അനേകം യുദ്ധങ്ങളുടെ കഥകളാണ് പറയാനുള്ളത്. ചെറു ഗോത്രങ്ങൾ മുതൽ നാട്ടുരാജ്യങ്ങളും മഹാ സാമ്രാജ്യങ്ങളും പരസ്പരം കൊമ്പുകോർത്ത് കബന്ധങ്ങൾ കുന്നുകൂടിയ, ചോരമണക്കുന്ന താളുകളാണ് ചരിത്ര പുസ്തകങ്ങളിൽ അധികവും. രാജാക്കന്മാരുടെ അധികാര വടംവലി കൾക്കിടയിൽ നിരപരാധികൾ കൊലചെയ്യപ്പെടുന്ന ദാരുണ കാഴ്ച. എന്നാൽ എല്ലാത്തിനെയും അപലപിക്കാനൊക്കുമോ? ഇല്ല. എല്ലാ യുദ്ധങ്ങളും അന്യായം എന്ന് വിധിക്കാനാകില്ല.
യുദ്ധങ്ങൾ അധികാരത്തിന് വേണ്ടിയും ആശയത്തിനു വേണ്ടിയും ഉണ്ടാകാം. സ്വാർത്ഥമായ അധികാരത്തിനു വേണ്ടി അപരന്റെ ജീവൻ ഹനിക്കുന്നതിനെ നമുക്ക് വിമർശിക്കാം. എന്നാൽ ആശയങ്ങളുടെ നിലനിൽപ്പിനും പ്രചരണത്തിനും വേണ്ടി യുദ്ധങ്ങളുണ്ടായിട്ടുണ്ട്. അവയെ പാടേ ആക്ഷേപിക്കാനാകില്ല. മറിച്ച് ഏതൊരു ആശയത്തിന് വേണ്ടിയാണീ യുദ്ധം എന്ന് നോക്കിയിട്ടേ തീരുമാനിക്കാനാകൂ. യുദ്ധത്തിലൂടെ സ്ഥാപിക്കാനുദ്ദേശിക്കുന്ന ആശയം അനീതിയും അസത്യവുമാണെങ്കിൽ ആ യുദ്ധവും അനീതി തന്നെ. എന്നാൽ നീതിയുടെയും സത്യത്തിന്റെയും അസ്തിത്വത്തിന് വേണ്ടിയുള്ള ധാർമിക പോരാട്ടവും വിമോചന സമരങ്ങളും ചരിത്രത്തിലുണ്ട്. അവ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടിയല്ല, നീതിയുടെ കാത്തുസൂക്ഷിപ്പിനും സത്യത്തിന്റെ സംസ്ഥാപനത്തിനുമാണ്. അത് മാനവകുലത്തിന്റെ വിമോചനത്തിന് വേണ്ടി നടത്തുന്ന പരിത്യാഗവും രക്തസാക്ഷിത്വവുമാണ്. അവരോട് മനുഷ്യകുലമാകെ കടപ്പെട്ടിരിക്കുന്നു.
ഇനി ഇസ്‌ലാമിലെ യുദ്ധത്തിലേക്ക് വരാം. മുസ്‌ലിം രാഷ്ട്രങ്ങളിൽ അരങ്ങേറിയ എല്ലാത്തിനെയും ന്യായീകരിക്കാനാകില്ല. അത് ഇസ്‌ലാമിന്റെ നിലനിൽപ്പിനും സ്ഥാപനത്തിനും അനിവാര്യമായതാണെങ്കിൽ അതിന്റെ ന്യായാന്യായങ്ങൾ വിലയിരുത്തേണ്ടത് ഇസ്‌ലാമിക ദർശനത്തിലെ മാനവിക മൂല്യങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ്. ഇസ്‌ലാം അടിസ്ഥാനപരമായി വിഭാവനം ചെയ്യുന്നത് മാനവകുലത്തിനാകെ സമാധാന ജീവിതമാണെന്ന് മുകളിൽ വിവരിച്ചല്ലോ.
ഇസ്‌ലാം കേവലം താത്ത്വികമായ ചില ദർശനങ്ങളല്ല. പ്രായോഗിക രഹിതമായ കുറേ പുഞ്ചിരി വാക്കുകളുമല്ല. അത്തരം പ്രത്യയ ശാസ്ത്രങ്ങൾ പലതും പരാജയപ്പെട്ടത് അതിന്റെ പ്രായോഗിക ക്ഷമതയിലാണ്. ഇവിടെയാണ് ഇസ്‌ലാം വ്യതിരിക്തമാവുന്നത്. മനുഷ്യകുലത്തിന്റെ പ്രകൃതിപരമായ പ്രത്യേകതകളെ തൊട്ടറിഞ്ഞ്, ഓരോരുത്തർക്കും അർഹമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വകവച്ചു നൽകി, ലോകത്ത് ഏതു കാലത്തും സംഭവിക്കാവുന്ന പ്രശ്‌നങ്ങൾ സകലതും മുന്നിൽ കണ്ട്, അവയ്ക്ക് നീതിയുക്തമായ പരിഹാരങ്ങൾ അവതരിപ്പിച്ച വിപുലമായ ശരീഅത്ത് നിയമസംഹിത ഇസ്‌ലാമിനുണ്ട്. അതിൽ വ്യക്തിപരമായ നിയമങ്ങൾ, സാമൂഹിക നിയമങ്ങൾ, രാഷ്ട്രീയ നിയമങ്ങൾ എല്ലാം അടങ്ങിയിട്ടുണ്ട്.
മുസ്‌ലിമായ ഒരു വ്യക്തിക്ക് ലോകത്തിന്റെ ഏത് സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിലും ജീവിക്കാവുന്ന വിധമാണ് വ്യക്തിനിയമങ്ങൾ സംവിധാനിച്ചിട്ടുള്ളത്. അഞ്ചു നേരത്തെ നിസ്‌കാരം നിന്നുകൊണ്ട് നിർവഹിക്കാൻ കഴിയാത്തവർക്ക് ഇരുന്നും കിടന്നുമൊക്കെ അനുവാദം നൽകുന്നത് ഇതിന് ഉദാഹരണമാണ്. ജീവൻ നിലനിർത്താൻ പന്നി മാംസം മാത്രം ലഭ്യമായ സാഹചര്യത്തിൽ ആവശ്യാനുസരണം കഴിക്കാൻ വകുപ്പ് നൽകുന്നു. ഇങ്ങനെ ഏത് സാംസ്‌കാരിക ചുറ്റുപാടിലും ഇസ്‌ലാമിക വിരുദ്ധ ദേശത്തും അതിനനുസൃതമായ രൂപത്തിൽ വ്യക്തിനിയമങ്ങൾ വിശാലമാണ്. അത് ഇസ്‌ലാമിന്റെ സാർവകാലികതയും ദൈവികതയും വിളിച്ചോതുന്ന ഒരത്ഭുതം തന്നെ.
ഇനി, ഇസ്‌ലാം അനുസരിച്ച് ജീവിക്കാൻ താൽപര്യപ്പെടുന്ന അൽപം ജനങ്ങൾ ഒരു നാട്ടിലുണ്ടെങ്കിൽ അവർക്ക് സാമൂഹിക നിയമങ്ങൾ ബാധകമാകുന്നു. അവ ആ സമൂഹത്തിലെ മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണ്. അവ അന്യമതസ്ഥരെയോ ഇതര വ്യക്തികളെയോ ഒരു വിധത്തിലും പോറലേൽപ്പിക്കുന്നില്ല. വിവാഹം, ജുമുഅ നിസ്‌കാരം, മരണാനന്തര ക്രിയകൾ എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
മാനവിക ദർശനമായ ഇസ്‌ലാമിന് കൂടുതൽ അനുഗുണമായ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലം ഒരുക്കുന്നതിന്റെ ഭാഗമായി ഇസ്‌ലാം ഒരു രാഷ്ട്രീയ വ്യവസ്ഥയും മുന്നോട്ടുവെക്കുന്നുണ്ട്. ഇതും മതത്തിന്റെ പ്രായോഗിക ക്ഷമതയുടെ ഭാഗമാണ്. ഒരു പ്രത്യയ ശാസ്ത്രത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും വേണ്ട വഴി വെട്ടിത്തെളിക്കുക എന്നത് ആ ആദർശത്തിന്റെ വിപുലതയാണ്. ആകയാൽ ഒരു രാഷ്ട്രത്തിന്റെ സമ്പൂർണ ഭരണഘടനയും ഇസ്‌ലാം മുന്നോട്ടുവെക്കുന്നു.
ഈ രാഷ്ട്രീയ നിയമങ്ങളെ തീർത്തും ഒരു രാജ്യത്തിന്റെ ഭരണഘടന എന്ന അർത്ഥത്തിൽ തന്നെയാണ് ഉൾക്കൊള്ളേണ്ടത്. ഇവിടെയാണ് പലർക്കും അബദ്ധം പിണയുന്നത്. ഒരു രാഷ്ട്രത്തിന് നിയമനിർമാണം നടത്തുക എന്നത് എത്രമേൽ സങ്കീർണമായ ധർമമാണ്. ഒരു നിയമനിർമാണസഭ ഏതെല്ലാം തലങ്ങളിലൂടെ ചിന്തിക്കേണ്ടതുണ്ട്! വ്യത്യസ്തമായ സാഹചര്യങ്ങൾ, ഇനി ഉണ്ടാകാവുന്ന സാധ്യതകൾ, നിയമങ്ങളെ ദുരുപയോഗം ചെയ്യപ്പെടാവുന്ന പഴുതുകൾ അങ്ങനെ ഒത്തിരി കാര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് വേണം ഒരു രാഷ്ട്രത്തിന് നിയമനിർമാണം നടത്താൻ. അതിൽ സ്വാഭാവികമായും പൗരന്മാർക്കുള്ള വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ, ഉണ്ടാകാവുന്ന ക്രിമിനൽ കുറ്റങ്ങൾ, ശിക്ഷകൾ, അവക്കു തടയിടാനുള്ള സാംസ്‌കാരിക പരിഷ്‌കാരങ്ങൾ, രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ വേണ്ട കർശന നിയമങ്ങൾ സമീപനങ്ങൾ, സമാധാനക്കരാറുകൾ ലംഘിക്കപ്പെട്ടാൽ ഉണ്ടാകാവുന്ന യുദ്ധങ്ങൾ, വിപുലമായ യുദ്ധനിയമങ്ങൾ… ഇവയെല്ലാം കൃത്യമായ ഒരു നിയമസംഹിതയിൽ ചിട്ടപ്പെടുത്തുകയെന്നത് ഏറെ സങ്കീർണമാണല്ലോ. ഒരു രാഷ്ട്രത്തിന്റെ ഇത്തരം നിയമങ്ങളെ വിലയിരുത്താനും ചോദ്യം ചെയ്യാനും എന്തുമാത്രം അവഗാഹവും രാഷ്ട്രനിയമ ബോധവും അനിവാര്യമാണ്!
പക്ഷേ ഇസ്‌ലാമിന്റെ ഭരണഘടനയെയും രാഷ്ട്ര നിയമങ്ങളെയും എത്ര ലാഘവത്തോടെയാണ് പലരും സമീപിക്കുന്നത്! ഒരു വിഷയത്തെക്കുറിച്ചുള്ള പൂർണ നിയമം എന്താണെന്ന് പോലും മനസ്സിലാക്കാതെ വിമർശനങ്ങൾ ഉന്നയിക്കുന്നവരോട് സഹതപിക്കുകയല്ലാതെ നിർവാഹമില്ല. സത്യത്തിൽ ഇവിടെ അടിസ്ഥാന പ്രശ്‌നം മറ്റൊന്നാണ്. ഒരു മതമെന്നാൽ വിശ്വാസികൾക്ക് വ്യക്തിപരമായും സാമൂഹികമായും നിർവഹിക്കേണ്ട ദൈവ നിയമങ്ങൾ മാത്രമാണെന്ന് ആദ്യം മുൻധാരണ കൽപ്പിക്കുന്നു (ഒരുപക്ഷേ ഭൂരിഭാഗം മതങ്ങളുടെയും സ്വഭാവം നോക്കിയായിരിക്കാം ആ ധാരണ രൂപപ്പെട്ടത്). എന്നിട്ട് ഇസ്‌ലാമിന്റെ രാഷ്ട്രീയ നിയമങ്ങളെയും അതിൽ കൂട്ടിച്ചേർത്ത് വായിക്കുന്നു. മതവിശ്വാസത്തിന് വേണ്ടി യുദ്ധവും ശിക്ഷാനടപടികളും കൈക്കൊള്ളുന്നുവെന്ന് ആരോപിക്കുന്നു. മുസ്‌ലിംകൾ സാമൂഹികമായി അൽപം ശക്തി പ്രാപിച്ചാൽ (മറ്റൊരു വ്യവസ്ഥാപിതമായ രാഷ്ട്രത്തിന് കീഴിലായാലും) ഈ യുദ്ധനിയമങ്ങളും മറ്റും നടപ്പിലാക്കുമെന്ന് ഭീതി പടർത്തുന്നു. അങ്ങനെ ഇസ്‌ലാംപേടി സമൂഹത്തിൽ ഉൽപ്പാദിപ്പിക്കുന്നു. ഇതൊക്കെ ബോധപൂർവമായും അല്ലാതെയും സമൂഹത്തിൽ വ്യാപിക്കുന്ന തെറ്റിദ്ധാരണകളാണ്.
വാസ്തവത്തിൽ ഒരു മുസ്‌ലിം വ്യക്തി മാത്രമുള്ളിടത്ത് അവനെത്ര ശക്തനായാലും സാമൂഹിക നിയമം അവന് ബാധകമാകുന്നില്ല. ഒരു മുസ്‌ലിം സമൂഹം എത്ര ശക്തരായി നിലവിലുണ്ടായാലും ഒരു രാഷ്ട്രനിയമം അവർക്ക് ബാധകമാകില്ല. മാത്രമല്ല ഇസ്‌ലാമിക രാഷ്ട്രം നിലനിൽക്കുന്നുണ്ടെങ്കിൽ തന്നെ ഈ രാഷ്ട്രീയ നിയമങ്ങൾ കേവലം വ്യക്തിയോ സമൂഹമോ നടത്തേണ്ടതല്ല. മറിച്ച് രാഷ്ട്രത്തിന്റെ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങളാണിത്.
ഇസ്‌ലാമിന്റെ മാനവികതയെ ചോദ്യം ചെയ്യാനുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് യുദ്ധനിയമങ്ങൾ. ഇവർ നിലകൊള്ളുന്ന രാഷ്ട്രത്തിനും സമാനമായ യുദ്ധ നിയമങ്ങളുണ്ടെന്ന യാഥാർത്ഥ്യം മന:പൂർവം ഓർക്കാതിരിക്കാൻ ശ്രമിക്കുന്നു. ആധുനിക രാജ്യങ്ങൾ സ്വന്തം രാഷ്ട്ര താൽപ്പര്യങ്ങൾക്കും നിലനിൽപ്പിനും വേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്നും ഇസ്‌ലാം കേവലം മതത്തിനു വേണ്ടിയാണ് യുദ്ധം നടത്തുന്നതെന്നുമുള്ള ആരോപണം വാസ്തവ വിരുദ്ധമാണ്. സത്യത്തിൽ മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിൽ ഒരു യുദ്ധവും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നില്ല. മറിച്ച്, ഇസ്‌ലാമിക രാഷ്ട്രവും ശത്രുരാഷ്ട്രവും തമ്മിലേ യുദ്ധം ചെയ്യൂ. അവിടെ മുസ്‌ലിം രാഷ്ട്രപക്ഷത്ത് അമുസ്‌ലിംകളായ പടയാളികളും ഉണ്ടായേക്കാം. അഥവാ യുദ്ധം കേവലം രാഷ്ട്രീയം മാത്രമാണെന്നർത്ഥം.
(തുടരും)

നാസർ സുറൈജി മാണ്ടാട്

 

 

 

Exit mobile version