വാസ്തുശാസ്ത്രം ഭവന നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഈ നിയമങ്ങള്‍ക്കെതിരായി ഭവന നിര്‍മാണം നടത്തുന്നത് സര്‍വനാശത്തിനു വഴി വെക്കുമെന്നാണ് പൊതുവിലുള്ള വിശ്വാസം. ഭവന നിര്‍മാണത്തില്‍ ഇതരമതസ്ഥരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വാസ്തു നിലപാട് മുസ്ലിംകള്‍ വെച്ച് പുലര്‍ത്താന്‍ പാടില്ല. വാസ്തു ശാസ്ത്രം എന്താണെന്ന് പഠിക്കുമ്പോള്‍ നിലവില്‍ പ്രചാരത്തിലുള്ള വാസ്തുവിദ്യ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധന്‍ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് വാസ്തുശാസ്ത്രത്തെ പരിചയപ്പെടുത്തുന്നത് കാണുക: ‘വാസ്തു ശാസ്ത്രം ഉപവേദമായാണ് അറിയപ്പെടുന്നത്. ബ്രഹ്മാവിന്‍റെ മുഖത്ത് നിന്നും ഉത്ഭവിച്ച നാല് വേദങ്ങളില്‍ അവസാനത്തേതായ അഥര്‍വ വേദത്തിന്‍റെ ഉപവേദമാണ് സ്ഥാപത്യവേദം അഥവാ വാസ്തു ശാസ്ത്രം (വീടും വാസ്തുവും, വനിത ഓഗസ്റ്റ് 15-13, പേ 101).
ഡോ. പി.വി ഔസേഫ് (വാസ്തു വിദ്യ വിഭാഗം മേധാവി, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലടി) പറയുന്നത് കാണുക: ‘വാസ്തു ശാസ്ത്രം അഥവാ സ്ഥാപത്യവേദം അഥര്‍വ വേദത്തിന്‍റെ ഒരു ഭാഗമാണ്. വാസ്തു ശാസ്ത്ര ഗ്രന്ഥാരംഭത്തില്‍ ആ ശാസ്ത്രം ഉത്ഭവിക്കുന്നത് ഈശ്വരനില്‍ നിന്നാണെന്ന് പറയുന്നു. ചില ഗ്രന്ഥങ്ങളില്‍ ശിവനില്‍ നിന്നാണെന്നും ചിലതില്‍ ബ്രഹ്മാവില്‍ നിന്നാണ് ഉത്ഭവം എന്നും പറയുന്നുണ്ട് (വാസ്തു ശാസ്ത്രവും പ്രയോഗവും, പേ 11).
നിലവിലുള്ള വാസ്തുശാസ്ത്രം ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നു വ്യക്തം. അതുകൊണ്ട് ഭവന നിര്‍മാണത്തില്‍ വിശ്വാസികള്‍ അനുവര്‍ത്തിക്കേണ്ട വിഷയങ്ങള്‍ എന്താണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. നിലവിലുള്ള വാസ്തു ശാസ്ത്രം അംഗീകരിക്കാതിരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പ്രധാനമായും വാസ്തു ശാസ്ത്രം ഇതര മതാനുഷ്ഠാനങ്ങളുമായും വേദങ്ങളും പുരാണങ്ങളുമായും അടിസ്ഥാനപ്പെട്ടതാണ്. അതു കാരണമായി നിരവധി സങ്കല്‍പങ്ങളും അടിസ്ഥാനമില്ലാത്ത ആചാരങ്ങളും അതില്‍ കടന്ന് കൂടുകയും ചെയ്തിട്ടുണ്ട്.
ഭാരതീയ ദര്‍ശനങ്ങളെ വിലയിരുത്തിയ അല്‍ബിറൂനി പറയുന്നത്, ഇതെല്ലാം ശാസ്ത്ര തത്ത്വങ്ങളും ഗോളങ്ങളുടെ സ്ഥിതിഗതികളും ശരിക്കറിയാത്തതിനാലും അവയെ മതപരമായ ഐതിഹ്യങ്ങളുമായി കൂടിക്കലര്‍ത്തിയതിനാലും വന്ന്കൂടിയ അബദ്ധങ്ങളാണ് (അല്‍ബിറൂനി കണ്ട ഇന്ത്യ, കിതാബുല്‍ ഹിന്ദ്, പേ 289).
ഈ അബദ്ധങ്ങളെ വാസ്തുവിദഗ്ധര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എംഎസ് ചിന്നസ്വാമി പറയുന്നത് കാണുക: ‘ഈ അനുഭവത്തെ അറിഞ്ഞ് പൂര്‍വികര്‍ എഴുതി വച്ചതാണ് വാസ്തു ശാസ്ത്രം. അവരുടെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ചില തെറ്റുകള്‍ വന്നിട്ടുണ്ട്. അവയെ നമ്മുടെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കണ്ടെത്തുക എന്നത് നമ്മുടെ കടമയാണ് (വാസ്തു നിത്യ ജീവിതത്തില്‍, പേ 23).
വാസ്തുശാസ്ത്രം മുസ്ലിംകള്‍ സ്വീകരിക്കാന്‍ പാടില്ലാത്തതിന്‍റെ കാരണങ്ങളാണ് മുകളില്‍ കൊടുത്തത്. താമസിക്കുന്നത് എത്ര ചെറിയ സ്ഥലമായാലും അവിടെ ഒരു വാസ്തു പുരുഷനുണ്ടെന്നും ശരീരത്തില്‍ ഈശ്വരനും കണ്ണുകളില്‍ പര്‍ജനനും ദ്രിതിയും മുഖത്തിന്‍റെ അപ്പ് കഴുത്തില്‍ അപവത്സന്‍ വലത് ചെവിയില്‍ ജയന്തന്‍ ഇടത് ചെവിയില്‍ അദിതി ഇടത് തോളില്‍ ഇന്ദ്രന്‍ വലത് തോളില്‍ അര്‍ഗളന്‍ ഇടത് കയ്യില്‍ അര്‍ക്കന്‍ മുതലായവര്‍. വലത് കൈയ്യില്‍ ചന്ദ്രാദികള്‍ ഇടത് കൈത്തണ്ടയില്‍ സഹിതാവും സാവിത്രിനും വലത് കൈതണ്ടയില്‍ ശിവനും ശിവജിത്തും നെഞ്ചില്‍ മഹീധരനും ആര്യനും ഉദര ഭാഗത്ത് വിവസ്വനും മിത്രനും നാവിയില്‍ ബ്രഹ്മാവ് ലിംഗത്തില്‍ ഇന്ദ്രനും അണു കോശങ്ങളില്‍ മറ്റ്ദേവതകള്‍ സ്ഥിതി ചെയ്യുന്നു വെന്നാണ് വാസ്തുശാസ്ത്ര പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് (ഗുഹ വാസ്തു ശാസ്ത്ര പ്രവേശിക, പേ 25-26).
ഈ അടിസ്ഥാനങ്ങളെ ഹൈന്ദവ വിശ്വാസികള്‍ പോലും ചോദ്യം ചെയ്യുകയും അശാസ്ത്രീയത വിവരിക്കുകയും ചെയ്യുമ്പോള്‍ സത്യവിശ്വാസികള്‍ ഇത്തരം വിശ്വാസങ്ങളുടെ മേല്‍ എടുക്കപ്പെട്ട വാസ്തുവിദ്യ അവലംബിക്കേണ്ടതുണ്ടോ? മുസ്ലിംകള്‍ നിര്‍മാണം നിര്‍വഹിക്കേണ്ടത് തഖ്വയുടെയും ഉന്നത സംസ്കാരത്തിന്‍റെയും മേലിലാവണമെന്ന് (അത്തൗബ/109) ഖുര്‍ആന്‍ പറയുന്നു.
വാസ്തു പുരുഷ സങ്കല്‍പ്പം
വാസ്തു ശാസ്ത്രത്തില്‍ കേള്‍ക്കാറുള്ള ഒരു പ്രയോഗമാണ് വാസ്തു പുരുഷന്‍. ത്രേതായുഗത്തില്‍ സര്‍വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഒരു മഹാ ഭൂതമാണ് വാസ്തുപരുഷന്‍. അന്ധകാരന്‍ എന്ന രാക്ഷസനുമായി ഉണ്ടായ യുദ്ധത്തിനിടെ പരമശിവന്‍റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്ന് വീണ വിയപ്പ് തുള്ളിയില്‍നിന്നാണ് വാസ്തുപുരുഷന്‍റെ ഉത്ഭവം (വാസ്തു ശാസ്ത്രവും ഗൃഹനിര്‍മാണ കലയും, പേ 38).
ബൃഹത് സംഹിതയില്‍ വാസ്തു പുരുഷന്‍ കമിഴ്ന്നു കിടക്കുമ്പോള്‍ മനുഷ്യാലയ ചന്ദ്രികയില്‍ മലര്‍ന്നാണ് കിടക്കുന്നത്. അഥവാ ഇന്ദ്രന്‍റെ സ്ഥാനത്ത് അര്‍ഗളനും വിവസ്വാന്‍റെ സ്ഥാനത്ത് ഭിത്രകനും അതിതിയുടെ സ്ഥാനത്ത് ജയന്തനും സങ്കല്‍പ്പിക്കപ്പെടുമ്പോള്‍ വൈരുധ്യം വരുന്നു. ഇതനുസരിച്ച് ഘടനാമാറ്റവുമുണ്ടാവുന്നു. യഥാര്‍ത്ഥത്തില്‍ ഈ വിശ്വാസം കേവലം സങ്കല്‍പ്പം മാത്രമാണെന്ന് ആധുനിക വാസ്തുശാസ്ത്ര വിദഗ്ധډാര്‍ തന്നെ അവകാശപ്പെടുന്നു. ഈ ഉദ്ധരണം ശ്രദ്ധിക്കുക: ‘വാസ്തുപുരുഷന്‍ ഒരസുരനായിരിക്കേ എന്തിനാണ് വാസ്തുബലി നല്‍കുന്നത്? അസുരന് ബലിനല്‍കാന്‍ പാടുണ്ടോ? ഈ പ്രശ്നത്തോടൊപ്പം ഉയരുന്ന രണ്ടാമത്തെ പ്രശ്നം വാസ്തു പുരുഷന്‍ മലര്‍ന്നാണോ കമിഴ്ന്നാണോ കിടക്കുന്നത്?
ഗ്രന്ഥപരാമര്‍ശങ്ങളും ആചാരങ്ങളും വച്ചു നോക്കുമ്പോള്‍ ഇത് വലിയ പ്രശ്നങ്ങള്‍ തന്നെയാണത്രെ. എന്നാല്‍ വാസ്തുശാസ്ത്രത്തിന്‍റെ പുറം അറിവ് വിട്ട് അകക്കാമ്പ് തേടുന്നവര്‍ക്കു മേല്‍ പറഞ്ഞ കല്‍പ്പനകള്‍ എല്ലാംതന്നെ ശാസ്ത്രത്തിന്‍റെ പുറംതട്ടില്‍ സാധാരണക്കാരായ കര്‍മ്മാളډാരെ ഉദ്ദേശിച്ച് ആചാര്യډാര്‍ പറഞ്ഞുവെച്ച കാര്യങ്ങള്‍ ആണ് എന്ന് മനസ്സിലാക്കാം. ഈപുറം അറിവുകളോടൊപ്പം അല്‍പ്പം വിശ്വാസങ്ങളുടെ മേമ്പോടിയും ചേര്‍ത്താണ് ശാസ്ത്രജ്ഞാനം കുറവായവര്‍ കാര്യങ്ങള്‍ കഴിച്ച് പോരുന്നത്. അതായത് ശാസ്ത്രത്തെ കൃത്യമായി ഗ്രന്ഥപരാമര്‍ശങ്ങളിലൂടെ പഠിക്കുന്നവര്‍ക്ക് ഈ അസുരനായ വാസ്തുപുരുഷനും അവന്‍റെ ദേഹത്തുകയറി ഇരിക്കുന്ന ദേവതകളും എല്ലാംതന്നെ ഭാരതീയ നിര്‍മാണ ശാസ്ത്ര-സാങ്കേതികതയുടെ യന്ത്രസമമായ ഒരു മാജിക് ചാര്‍ട്ടാണ്. ഈ അവബോധം വന്നുചേരണമെങ്കില്‍ സംസ്കൃത ഭാഷാവിരചിതമായ ശാസ്ത്രഗ്രന്ഥങ്ങളെ വിവേചിച്ച് പഠിക്കേണ്ടിയിരിക്കുന്നു.’
ഈ പരാമര്‍ശത്തെ വായനക്കാര്‍ക്കു ഗ്രഹിക്കാന്‍ പറ്റുന്ന വിധത്തില്‍ ഇങ്ങനെ ലളിതമാക്കാമെന്നു തോന്നുന്നു.
1) വാസ്തു പുരുഷനും വാസ്തു പുരുഷ മണ്ഡലവും ദേവډാരും അവരുടെ സ്ഥാനങ്ങളും സങ്കല്‍പങ്ങളാണ്.
2) ഇത് ബുദ്ധി കുറഞ്ഞവര്‍ക്കു വേണ്ടി ബുദ്ധിമാന്‍മാരായ ആചാര്യډാര്‍ പറഞ്ഞുവെച്ചതാണ്.
3) സ്ഥാപതികള്‍ക്ക് ശാസ്ത്രജ്ഞാനം കുറവായിരുന്നു. അതായത് അല്‍പ്പജ്ഞാനികളായിരുന്നു.
4) ഈ അല്‍പ്പജ്ഞാനികള്‍ കാര്യങ്ങള്‍ കഴിച്ച്പോരാന്‍ കൂട്ടിചേര്‍ത്ത മേമ്പടി വിശ്വാസങ്ങളാണ് വാസ്തുപുരുഷ സങ്കപ്പവും വാസ്തുപുരുഷ മണ്ഡലവും അതിനെ ആസ്പദമാക്കി കെട്ടിപ്പൊക്കിയ വാസ്തു ശാസ്ത്രകല്‍പ്പനകളും.
5) ശാസ്ത്രത്തെ കൃത്യമായി പഠിച്ചവരെ സംബന്ധിച്ചിടത്തോളം ഇതൊരു മാജിക് ചാര്‍ട്ടു മാത്രമാണ്.
സങ്കല്‍പ്പം, വിശ്വാസം, അല്‍പ്പജ്ഞാനം, കല്‍പ്പന, യാന്ത്രികത്വം, മാജിക്ക് എന്നൊക്കെയുള്ള തിരിച്ചറിവില്‍ ഞാന്‍ ഔസേഫിനോടു യോജിക്കുന്നു. അതോടൊപ്പം അതേ കാരണങ്ങള്‍കൊണ്ടുതന്നെ മനുഷ്യനു തലചായ്ക്കാന്‍ എന്തിനീ മാജിക്ചാര്‍ട്ട് എന്ന് ഉറക്കെ ചോദിക്കുകയും ചെയ്യുന്നു (വാസ്തുശാസ്ത്രം പൊരുളും പൊരുത്തക്കേടും 78-79).
ഇങ്ങനെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ വാസ്തുപുരുഷ സങ്കല്‍പ്പത്തില്‍ എടുക്കപ്പെട്ട കേവല മിഥ്യാധാരണകളില്‍ അധിഷ്ഠിതമായ വാസ്തു ശാസ്ത്രത്തിന് വിശ്വാസികള്‍ പ്രചാരണം കൊടുക്കേണ്ടതില്ലെന്ന് മുകളിലെ പരാമര്‍ശങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടും. എം.എസ് ചിന്നസ്വാമി തന്നെ പറയട്ടെ: ‘വാസ്തു പുരുഷന്‍ ലോകത്തിന് ഒരുവനാണോ? ചോദ്യത്തിന് ശാസ്ത്രീയമായി നോക്കിയാല്‍ ഭൂമിയുടെ ഒരു പകുതി പകലും അതേ നേരത്തില്‍ മറുപകുതി രാത്രിയും തൊട്ടടുത്ത് ഓരോ സ്ഥലങ്ങളിലും സൂര്യോദയം വിവിധ സമയങ്ങളിലും ആയതിനാല്‍ വാസ്തുപുരുഷന്‍ ഏത് നേരത്തില്‍ എഴുന്നേല്‍ക്കുമെന്ന് ഒരു ശാസ്ത്രവും ശാസ്ത്രം എഴുതിയവരും കൃത്യമായി പറഞ്ഞിട്ടില്ല…
ഈ ശാസ്ത്രത്തില്‍ ഇന്ത്യന്‍ ജനങ്ങള്‍ മാത്രം വാസ്തു നേരത്തില്‍ മന ആരംഭിക്കുന്ന നീതിപ്പഴക്കം കുറച്ചാള്‍ക്കാര്‍ മാത്രം ശരിയായി ചെയ്ത് കൊണ്ട് വരുന്നു. മറുനാടുകളില്‍ വാസ്തു നേരെത്തെ നോക്കുന്നില്ല. എന്നാല്‍ അവരെല്ലാം വാസ്തുപുരുഷന് വിരോധമായി കെട്ടിടം പണിതതിനാല്‍ നശിച്ച് പോയതായിട്ട് ഒരു തെളിവുമില്ല. അതിനാല്‍ വാസ്തു പുരുഷന്‍ എഴുന്നേല്‍ക്കുന്ന കാലങ്ങളില്‍ വേണം ഗൃഹനിര്‍മാണ ആരംഭം എന്നത് വലിയ തെറ്റായ കാര്യമാണെന്ന് വ്യക്തമായ തെളിവോടെ മനസ്സിലാക്കാം.
നമ്മള്‍ അനേകം പേര്‍ വാസ്തുപുരുഷന്‍റെ ശയന സമയത്ത് അമാവാസി മുഹൂര്‍ത്ത നാള്‍ ഇവകളില്‍ തറക്കല്ലിട്ട് വീടുകെട്ടി ഒരു കുറവുമില്ലാതെ വാഴുന്നു. ഗൃഹനാഥനും വയസ്സായി നല്ല മരണം വരിച്ചതായി മനസ്സിലാവുന്നു. അതിനാല്‍ വാസ്തുപുരുഷന്‍ ശയിക്കുമ്പോള്‍ തറക്കല്ലിടരുത് എന്ന് പറയുന്നത് തെറ്റാണ്..
അങ്ങനെയൊക്കെ ഉണ്ടെങ്കില്‍ മാത്രമേ ഗൃഹനിര്‍മാണം ആരംഭിക്കാവൂ. ഇത്പോലുള്ള കര്‍മങ്ങള്‍ നډുടെ പൂര്‍വീകര്‍ പറഞ്ഞിട്ടില്ല. ഇടയില്‍ വന്ന ആചാര്യډാര്‍ എന്ന് നടിച്ചവര്‍ അവരുടെ ഭാവനയില്‍ സൃഷ്ടിച്ചെടുത്തതാണ് ഇതെല്ലാം. അല്ലാതെ മറ്റൊരാചാര്യډാരും ഇതേപറ്റി പറഞ്ഞിട്ടില്ല…
ഹിന്ദു മുറ അനുസരിച്ച് പൂജകള്‍ ചൊല്ലാതെ ആരംഭിച്ച എത്രയോ കെട്ടിടങ്ങള്‍ വളരെ നന്നായിട്ടിരിക്കുന്നു. ഹിന്ദുമതത്തില്‍ ശാസ്ത്രീയമായ ചടങ്ങുകളേക്കാള്‍ മുഴുവനും വിജ്ഞാനത്തിന് എതിരായ ചടങ്ങുകളെ വെച്ചത് കൊണ്ടാണ് ഹിന്ദുമതം പേര് നഷ്ടപ്പെടുത്തുന്ന മതമായിതീര്‍ന്നത് എന്ന് മറ്റുള്ളവര്‍ പറയുന്ന രീതിയായിരുന്നു (വാസ്തു നിത്യജീവിതത്തില്‍, പേ 18,25,26).
വാസ്തുപുരുഷ സങ്കല്‍പത്തിലധിഷ്ഠിതമായി അടിസ്ഥാനം കെട്ടിപ്പടുത്ത വാസ്തുശാസ്ത്രം ആചാരികള്‍ തന്നെ തിരുത്തിപ്പറയാന്‍ തുടങ്ങിയസ്ഥിതിക്ക് പൊതുജനങ്ങളും വിശിഷ്യാ വിശ്വാസികളും ഈ വിഷയത്തില്‍ ഒരു പുനര്‍ വിചിന്തനം നടത്തുന്നത് നന്നായിരിക്കും.
പഴയകാല കെട്ടിട നിര്‍മാണ മേഖലയില്‍ തച്ചുശാസ്ത്രം വശമുണ്ടായിരുന്ന ഇതര മതസ്ഥരെ പള്ളിനിര്‍മാണങ്ങളിലും മറ്റും ഉപയോഗപ്പെടുത്തിയിരുന്നു. കെട്ടിടത്തിന് ആവശ്യമായ മരങ്ങളും അതിന്‍റെ അളവുകളും കെട്ടിട സ്ഥാന നിര്‍ണയത്തിനും ആത്മീനേതാക്കള്‍ പ്രത്യേകിച്ച് ചിലരെ നിയോഗിച്ചിട്ടുണ്ട്. അവരാരും ഈ വാസ്തുപുരുഷ സങ്കല്‍പമോ നക്ഷത്ര ഗുണഫലങ്ങളോ നോക്കിയല്ല നിര്‍മാണം നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് ഭൂമി പൂജ നടത്തി വിശ്വാസികളുടെ കെട്ടിട നിര്‍മാണത്തിന് തുടക്കം കുറിക്കുകയാണ് പല ആശാരിമാരും. ഇതിന് നാം നിന്നുകൊടുക്കാന്‍ പറ്റുമോ എന്ന് ഉറക്കെ ചിന്തിക്കേണ്ടതുണ്ട്.
(തുടരും)
അബ്ദുറശീദ് സഖാഫി ഏലംകുളം