വിശ്വാസിയുടെ കവചമാണ് തഖ്വ

യജമാനനായ അല്ലാഹുവിനോട് അടിമകളായ നമുക്ക് ഏറിയ അളവിലുള്ള പ്രിയവും സ്‌നേഹവുമാണ് ഉള്ളതും ഉണ്ടാവേണ്ടതും. അവൻ നൽകുന്ന അനുഗ്രഹങ്ങൾ അളവറ്റതാണ്. വെള്ളവും വായുവും വെളിച്ചവുമടക്കം അനുഗ്രഹങ്ങളെ മുൻനിർത്തിയാണ് നാം അല്ലാഹുവിനെ പ്രിയം വെക്കുന്നത്. അവന്റെ പ്രപഞ്ചത്തിൽ നിന്ന് ഒരു നിമിഷം പോലും മാറിനിൽക്കാൻ നമുക്കാവില്ല.
സദാസമയവും സൃഷ്ടികളഖിലവും സ്രഷ്ടാവിന്റെ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. കടലും കരയും അവന്റെ നിയന്ത്രണത്തിലാണ്. ഇത് രണ്ടും നമുക്ക് കീഴ്പ്പെടുത്തിത്തന്നവനാണവൻ. ഭീമാകാര മൃഗങ്ങളടക്കം ഭൂമുഖത്തെ സകല ജന്തു ജീവജാലങ്ങളെയും മനുഷ്യന് വഴക്കിയെടുക്കാനായത് റബ്ബ് നൽകിയ അനുഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ്.
സൃഷ്ടിച്ച് പരിപാലിക്കുന്നവൻ, റബ്ബ്- ഇതാണ് അല്ലാഹുവിന്റെ വിശേഷണം. ഇല്ലായ്മയിൽ നിന്ന് നമ്മെ അവൻ പടച്ചു. നമുക്ക് ജീവിക്കാനാവശ്യമായ അറിവും ആരോഗ്യവും ബുദ്ധിയും തന്റേടവും നൽകി. ജീവിതത്തിന്റെ നിഖില സന്ദർഭങ്ങളിലും ഒരു നിലയിലല്ലെങ്കിൽ മറ്റൊരു നിലയിൽ രക്ഷയുടെയും മോചനത്തിന്റെയും വഴികൾ എത്തിപ്പിടിക്കാനാവും വിധം മനുഷ്യന്റെ ചിന്തക്കും ബുദ്ധിക്കും അല്ലാഹു ഏറെ വിശാലതയേകി. ഈ റബ്ബിനെ നമുക്കെങ്ങനെ നിഷേധിക്കാനാവും? അറിഞ്ഞ് ആരാധിക്കാനല്ലാതെ അവനിൽ നിന്ന് നമുക്കെങ്ങനെ അകലാനാവും? അവനിലേക്ക് പ്രയാണം നടത്താനല്ലാതെ ജീവിതവഴിയിൽ നമുക്ക് മറ്റെങ്ങോട്ട് സഞ്ചരിക്കാനാവും?
നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയോ? അവനല്ലേ നിങ്ങളെ പടച്ചത് എന്ന പരിശുദ്ധ ഖുർആനിന്റെ ഉന്നംവെച്ചുള്ള ചോദ്യം വിശ്വാസിയുടെ അകങ്ങളിൽ സൃഷ്ടിക്കുന്നത് അഭിമാനത്തിന്റെ ഓളങ്ങളാണ്. അതൊരിക്കലും ഒരു ഭാരമോ ബാധ്യതയോ ആയി സത്യവിശ്വാസിക്ക് അനുഭവപ്പെടുന്നില്ല.
അനുഗ്രഹം നൽകിയവനോട് കടപ്പാടുണ്ടാകണമെന്ന സാമാന്യബോധ്യമാണ് അടിമയിൽ പ്രാവർത്തികമാകുന്നത്. അപ്പോഴാണ് റബ്ബിനെ വണങ്ങുന്നതും അനുസരിക്കുന്നതും അവന് കീഴ്‌പ്പെടുന്നതും. റബ്ബിലേക്കടുക്കുക, അവനോട് ചേർന്നുനിൽക്കുക, അഭയം പ്രാപിക്കുക; ഇതാണ് അടിമ അഭിമാനമായി കാണുന്നത്. ഈ അഭിമാനബോധത്തിൽ നിന്നാണ് തഖ്‌വയുണ്ടാകുന്നത്. കൽപ്പനകളനുസരിക്കുന്നതും വിരോധനകളെ മാറ്റിനിർത്തുന്നതുമാണല്ലോ തഖ്‌വ. റബ്ബിന്റെ കൽപ്പനകൾ നാം അനുസരിക്കുന്നതും അവന്റെ വിലക്കുകളെ അംഗീകരിക്കുന്നതും അവനോടുള്ള സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും ഭാഗമാവുമ്പോൾ തഖ്‌വയുള്ള ജീവിതം നമുക്ക് ഭാരമല്ല, മറിച്ച് ഏറെ അഭിമാനമുണ്ടാക്കുകയാണ് ചെയ്യുക.
ഒന്നുകൂടി വിശദീകരിക്കാം, അടിമയുടെ ഇഷ്ടങ്ങളും ഉടമയുടെ ഇഷ്ടവും തമ്മിൽ ഏറ്റുമുട്ടുന്ന സന്ദർഭങ്ങളാണ് ജീവിതത്തിലുടനീളമുണ്ടാകുന്നത്. ഇവിടെ നാം നമ്മെയാണോ, നമ്മെ പടച്ച റബ്ബിനെയാണോ കൂടുതൽ പ്രിയംവെക്കുന്നത്, ആരാണ് നമുക്ക് ഏറെ പ്രിയപ്പെട്ടവനാകുന്നത്?! ഖുർആൻ പറയുന്നു: സത്യവിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ടവനാണ് അല്ലാഹു. എത്ര കയ്‌പ്പേറിയതാണെങ്കിലും ചില മരുന്നുകൾ നാം സേവിക്കുന്നതും പഥ്യങ്ങൾ പാലിക്കുന്നതും രുചിയേറെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ മാറ്റിനിർത്തുന്നതും നമ്മുടെ മനസ്സിന് സ്വന്തം ശരീരത്തോടുള്ള അടക്കാനാവാത്ത ഇഷ്ടംകൊണ്ടാണ്. ഇവിടെയാണ് സത്യവിശ്വാസികൾക്ക് അവരുടെ റബ്ബിനോട് പെരുത്ത് ഇഷ്ടമാണെന്ന ഖുർആനികാശയം നാം മുഖവിലയ്‌ക്കെടുക്കേണ്ടത്.
അല്ലാഹുവിനോടുള്ള ഈ പ്രിയത്തിന്റെ അടിസ്ഥാനത്തിലാണ് അവന്റെ റസൂലിനെയും നാം പ്രിയംവെക്കുന്നത്. പുണ്യറസൂലിന്റെ ഇഷ്ടവും നമ്മുടെ ഇഷ്ടവും തമ്മിൽ ഏറ്റുമുട്ടുന്നേടത്തും സ്വന്തം ശരീരത്തേക്കാളേറെ റസൂലിന്റെ ഇഷ്ടത്തിന് പ്രാധാന്യം നൽകിയാണ് സത്യവിശ്വാസി ജീവിതത്തെ അർത്ഥവത്താക്കിയത്.
ശരീരം പോലെ ഏറെ പ്രിയപ്പെട്ടതാണ് ഓരോരുത്തർക്കും സമ്പത്ത്. പകരമായി സ്വർഗം നൽകാമെന്ന് പറഞ്ഞാണ് അല്ലാഹു വിശ്വാസികളിൽ നിന്ന് സമ്പത്തും ശരീരവും വാങ്ങുന്നതെന്ന് വിശുദ്ധ ഖുർആൻ പറയുന്നു. അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള ഇഷ്ടമാണ് തഖ്‌വയുടെ അന്തസ്സെന്നു നാം പറയുമ്പോൾ ഈ അന്തസ്സ് കൂടുതൽ പ്രകടമായത് ഏറ്റവും വലിയ തഖ്‌വയുടെ ഉടമകളായ നബിമാരിൽ നിന്നാണെന്ന് ഇസ്‌ലാമിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും ഇഷ്ടങ്ങളും നമ്മുടെ സ്വന്തം ഇഷ്ടങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നേടത്താണ് തഖ്‌വ പ്രവർത്തനക്ഷമമാവുന്നത്.
അല്ലാഹുവിനെയും റസൂലിനെയും നാം പ്രിയംവെക്കുന്നത് റബ്ബ് നൽകിയ അനുഗ്രങ്ങളുടെയും ഔദാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. എങ്കിൽ അവന്റെയും റസൂലിന്റെയും ഇഷ്ടങ്ങൾക്ക് വഴങ്ങുന്നതിൽ മധുരമാണ് യഥാർത്ഥത്തിൽ നമുക്കനുഭവപ്പെടേണ്ടത്. തഖ്‌വയെ അഭിമാനമായി കാണുന്നിടത്താണ് നമ്മുടെ വിശ്വാസത്തിന്റെ പൂർത്തീകരണമുണ്ടാകുന്നതെന്ന് കാണണം.
അല്ലാഹുവും റസൂലും ഒരു കാര്യം താൽപര്യപ്പെട്ടാൽ അതിനപ്പുറത്തുള്ള താൽപര്യത്തിന് വഴങ്ങുന്നത് സത്യവിശ്വാസിയായ സ്ത്രീക്കും പുരുഷനും യോജിച്ചതല്ലെന്ന ഖുർആനിക സന്ദേശം ഇതിനോട് ചേർത്തുവെക്കണം. കൽപ്പനകളംഗീകരിക്കുന്നതും വിലക്കുകളെ മറികടക്കാതിരിക്കുന്നതുമാണ് ലളിതമായ തഖ്‌വയെന്ന് ചുരുക്കം.
തഖ്‌വയെ ജീവിതത്തിന്റെ കവചമായി കാണണം. കാരണം, നാം അറിയാത്തതൊക്കെയും അറിയുന്നവനാണൻ. നമുക്ക് കൂടുതൽ അനുഗുണമായത് എന്താണെന്ന് നിശ്ചയമുള്ളത് അവനുതന്നെ. അവനെ ആശ്രയിക്കുന്നവരാരും പിഴക്കുന്നില്ല. അവൻ നിരാശ്രയനാണ്. എല്ലാവരും അവനെ ആശ്രയിക്കുന്നു. അവന് ആരെയും ആശ്രയിക്കേണ്ടിവരുന്നില്ല. അവൻ അറിയുന്നവനാണ്, നാം അറിയുന്നില്ല. അവൻ കഴിവുള്ളവനാണ്, നമുക്ക് സ്വന്തമായി കഴിവുകളില്ല. അവനെല്ലാത്തിനും മതിയായവനാണ്, നാം ഏറെ പോരായ്മകളുള്ളവരാണ്. സ്വന്തം ബലഹീനതയും ബലക്ഷയവും ഉൾക്കൊള്ളുന്ന അടിമക്ക് ശക്തനും സർവാധികാരമുള്ളവനുമായ അല്ലാഹുവിനെ പ്രാപിക്കുന്നതും ആശ്രയിക്കുന്നതും അവനെ സമീപിക്കുന്നതും ഏറെ മഹത്ത്വവും അംഗീകാരവുമായാണ് അനുഭവപ്പെടുക. തഖ്‌വയുടെ ഉയർന്ന രൂപവുമാണത്. അല്ലാഹുവിന്റെ അടിമയാണെന്നതിന്റെ പേരിലുള്ള അഭിമാനബോധത്തിൽ നിന്ന് അവന്റെ കൽപ്പനകളെയും വിലക്കുകളെയും അംഗീകരിച്ചു ജീവിക്കുന്നുവെന്ന അതിയായ വിചാരം തഖ്‌വയുടെ ഉയർന്ന രൂപമാണെന്ന് ആത്മജ്ഞാനികൾ. എന്നെ നിങ്ങൾ സൂക്ഷിക്കുക (തഖ്‌വ ചെയ്യുക), അതാണ് നിങ്ങൾക്ക് ഉത്തമമായ പാഥേയമെന്ന് പരിശുദ്ധ ഖുർആൻ നമ്മെ ബോധ്യപ്പെടുത്തുന്നു. തഖ്‌വയിലൂടെ ഇഹപര വിജയങ്ങൾ ഖുർആൻ വാഗ്ദാനം ചെയ്യുന്നു. ആര് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചാലും അവരുടെ ജീവിതത്തിലുടനീളം വലിയ തുറവിയും പോംവഴികളുമുണ്ടാകുമെന്ന് ഖുർആൻ സുവിശേഷം നൽകുന്നു.
അടിമയുടെ ജീവിതത്തിന്റെ അലങ്കാരമാണ് തഖ്‌വ. അരുതായ്മകളിൽ നിന്നുള്ള മോചനമാണ് അതിലൂടെ സാധിക്കുന്നത്. വാക്കിലും പ്രവർത്തിയിലും വിചാരങ്ങളിലും വ്യവഹാരങ്ങളിലുമടക്കം തികവൊത്ത സൂക്ഷ്മതയും കരുതലുമാണ് തഖ്‌വയുടെ അനന്തരഫലം. അല്ലാഹുവേ, എന്റെ ആത്മാവിനെ തഖ്‌വകൊണ്ട് സംസ്‌കൃതവും സമ്പന്നവുമാക്കേണമേ എന്ന പ്രാർത്ഥനയാണ് തിരുനബി(സ്വ) നമുക്ക് പഠിപ്പിച്ചു നൽകിയത്. തോന്നിയ പോലെ ജീവിക്കുന്നത് വിവേകമുള്ളവന് ചേർന്നതല്ല. അവിവേകിയുടെ വഴിയാണത്. നിങ്ങൾ ആകാവുന്ന പോലെ തഖ്‌വ ചെയ്യണമെന്നാണ് ഖുർആന്റെ കൽപ്പന. തിരുനബി(സ്വ) നൽകിയതും അതിന്റെ ജീവമാതൃകയത്രെ.

 

എൻഎം സ്വാദിഖ് സഖാഫി പെരിന്താറ്റിരി

Exit mobile version