സിറിയക് ആന്‍റണി എന്ന അരോഗ ദൃഢഗാത്രനായ അമ്പത്തിയഞ്ചുകാരനെ അത്യാഗ്രഹിയായ മുപ്പത്തിയഞ്ചുകാരി രണ്ടാം ഭാര്യ സ്വത്തുക്കളെല്ലാം കൗശലപൂര്‍വം എഴുതിവാങ്ങിയതിന് ശേഷം ഒരു വൃദ്ധസദനത്തില്‍ കൊണ്ടുവിടുന്ന കഥ പറയുന്നുണ്ട് ടിവി കൊച്ചുബാവ ‘വൃദ്ധസദന’മെന്ന നോവലില്‍. വൃദ്ധസദനത്തിന്‍റെ അന്തരീക്ഷം അതിയായ വെറുപ്പുളവാക്കുന്നുവെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന സത്യം മനസ്സിലാക്കിയ അയാള്‍ മരണം വരെ ജീവിക്കാനുള്ള പ്രചോദനം തേടി അവിടത്തെ അന്തേവാസികളുടെ കൂടെ ചെലവഴിക്കുന്നതിനിടയില്‍ നടക്കുന്ന സംഭവങ്ങളാണ് നോവലിന്‍റെ ഇതിവൃത്തം. കാഞ്ഞങ്ങാട്ടെ വൃദ്ധസദനം സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ അന്തേവാസിയായ കൃഷ്ണേട്ടന്‍ സ്വന്തം ജീവിത കഥ പങ്കുവച്ച സമയത്ത് ഓര്‍മവന്നത് സിറിയക് ആന്‍റണിയെയാണ്. രണ്ടാം ഭാര്യക്ക് പകരം മൂത്ത മകളാണ് കൃഷ്ണേട്ടന്‍റെ ജീവിതത്തിലെ കൗശലക്കാരിയെന്ന വ്യത്യാസം മാത്രം.
ഉച്ച മയക്കത്തിനുള്ള സമയത്തായിരുന്നു എത്തിയതെങ്കിലും ഞങ്ങളെ കണ്ടപ്പോള്‍ അവരുടെ ക്ഷീണമെല്ലാം എങ്ങോപോയി മറഞ്ഞു. ചുളിവ് വീണ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയാല്‍ അവരുടെ ഉള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ദു:ഖങ്ങളുടെ ഭാണ്ഡക്കെട്ടുക്കള്‍ കാണാം. പുറമെ ചിരിക്കുമ്പോഴും ദു:ഖങ്ങള്‍ മറച്ചുവെക്കാന്‍ പാടുപെടുന്നതിന്‍റെ അസ്ക്യത മുഖത്ത്.
അവര്‍ക്ക് പറയാനുള്ളത് ഒരായിരം കഥകളാണ്. ഏകാന്തതയുടെ കൈപ്പുനീര്‍ കുടിച്ച് ജീവിതം തള്ളിനീക്കുന്നവര്‍, ഇത്തിരി നേരം സംസാരിക്കാനൊരാളെ കിട്ടാന്‍ കൊതിക്കുന്നവര്‍, കൂടുതലൊന്നും വേണ്ട, മിണ്ടിയും പറഞ്ഞും കളിച്ചും ചിരിച്ചുമിരിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ മതിയെന്ന് സങ്കടപ്പെടുന്നവര്‍. ചാരുകസേരയിലിരുന്ന് ജാലകത്തിലൂടെ വിദൂരതയില്‍ കണ്ണും നട്ട് ജാനകിയമ്മ കണ്ണീര്‍ നനവുള്ള കഥ പറയാനാരംഭിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയപ്പോള്‍ കൂലിവേല ചെയ്ത് മൂന്ന് മക്കളെയും കഷ്ടപ്പെട്ട് വളര്‍ത്തിയ കഥ. വിവാഹ വീടുകളില്‍ വേല ചെയ്തും പ്രസവ ശ്രുശൂഷ നടത്തിയും ലഭിക്കുന്ന തുച്ഛമായ വേതനം നിധിപോലെ എടുത്തുവച്ച് മക്കളെ പഠിപ്പിച്ച് വിദ്യാസമ്പന്നരാക്കി ജാനകിയമ്മ. ഇതിന് മക്കള്‍ അവര്‍ക്ക് കൊടുത്ത സമ്മാനമായിരുന്നു വൃദ്ധസദനത്തിലെ ദുരിതവാസം. മറവിരോഗമാണ് ശ്രീദേവി അമ്മക്ക്. ഒരു മിനിറ്റ് മുമ്പ് നടന്ന സംഭവം പോലും ഓര്‍ക്കാനവര്‍ക്ക് സാധിക്കുന്നില്ല. മക്കളുടെയും കുടുംബങ്ങളുടെയും പേരുവിവരങ്ങള്‍ ചോദിക്കുമ്പോള്‍ അവര്‍ കൈമലര്‍ത്തുന്നു. എന്നും ഭക്ഷണം വിളമ്പിക്കൊടുക്കുന്ന വാര്‍ഡന്‍റെ പേരും ഓര്‍മയില്ലെന്ന് അവര്‍. മക്കളുടെ സ്നേഹവും പരിചരണവും ലഭിക്കാത്ത ശ്രീദേവിയമ്മക്ക് മറവി ഒരനുഗ്രഹമായിരിക്കാം.
കൊട്ടാര സമാനമായ വീടുകളില്‍ കഴിയുന്ന, ജീവിതം ആസ്വദിച്ച് തീര്‍ന്നിട്ടില്ലാത്ത പ്രായം കുറഞ്ഞ ഒരുപാട് പേരുടെ പ്രാണന്‍ കൊണ്ട് പറക്കുന്ന മരണത്തിന്‍റെ ദൂതന്‍ എന്‍റെ അടുത്തേക്ക് മാത്രം വരുന്നില്ലെന്ന് പറഞ്ഞ് ഗോവിന്ദന്‍ നായര്‍ കണ്ഠമിടറി. ആത്മഹത്യ ചെയ്താല്‍ ദൈവം പൊറുക്കില്ലല്ലോ, ഇല്ലെങ്കില്‍… അദ്ദേഹത്തിന്‍റെ വാക്കുകള്‍ വിറക്കുന്നു. ദുരിതജീവിതമോര്‍ത്ത് വിതുമ്പുന്ന ഗോവിന്ദേട്ടനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ നിസ്സഹായനായി ഞാന്‍.
അന്തേവാസികളുമായി സംഭാഷണം തുടരുന്നതിനിടയിലാണ് ഒരലര്‍ച്ച ഉയര്‍ന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയെത്തിയപ്പോള്‍ പേടിക്കേണ്ട, എന്നും വൈകിട്ട് അഞ്ച് മണിയാവുമ്പോള്‍ അവര്‍ ഇങ്ങനെ ആര്‍ത്ത് കരയാറുണ്ടെന്നായി ബാക്കിയുള്ളവര്‍. ഉച്ച ഭക്ഷണം കഴിച്ച് വിശ്രമിക്കാന്‍ കിടന്നിരുന്ന അമ്മയെ സ്ഥിരമദ്യപാനിയായ മകന്‍ ക്രൂരമായി അക്രമിക്കുമായിരുന്നത്രെ. അതിന്‍റെ ഓര്‍മയിലാണ് ഇന്നും അഞ്ച് മണിയാവുമ്പോള്‍ ഉറക്കത്തിലെ അലര്‍ച്ച. മകന്‍റെ മര്‍ദനം ശാരീരികമായും മാനസികമായും അവരെ എത്രമാത്രം തളര്‍ത്തിയിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ മറ്റു തെളിവുകളാവശ്യമില്ല.
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവിനെ പോലെ ശിഷ്ടകാലം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍, ‘അടങ്ങിയൊതുങ്ങി ഇരുന്നോണം’ എന്ന ഭീഷണിക്ക് മുന്നില്‍ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി കഴിഞ്ഞവര്‍, പ്രവര്‍ത്തനം നിലച്ച യന്ത്രം പോലെ ഒരു മൂലയില്‍ ജീവിക്കുന്നതിനെക്കാള്‍ നല്ലത് തുല്യ ദു:ഖിതര്‍ക്കൊപ്പം കളിച്ചും ചിരിച്ചും വൃദ്ധസദനത്തില്‍ കഴിയുകയാണെന്ന് വിചാരിച്ച് വീടുവിട്ടിറങ്ങിയതാണ് പലരും.
വാര്‍ധക്യമെന്നത് ചിലര്‍ക്ക് മാത്രം വരുന്ന ഒരവസ്ഥയല്ല. കൗമാരബാല്യങ്ങള്‍ പോലെ മനുഷ്യന്‍ എത്തിച്ചേരുന്ന മറ്റൊരു ഘട്ടമാണ് വാര്‍ധക്യം. രണ്ടാം ബാല്യമെന്നാണ് പലരും വാര്‍ധക്യത്തെ വിശേഷിപ്പിച്ചത്. ശാരീരികമായും മാനസികമായും വൈകാരികമായും കുഞ്ഞുങ്ങളുടെ സ്വഭാവം അവരെ പിടികൂടുന്നത് കൊണ്ടാണ് ഈ വിശേഷണം. ശാരീരികമായ അവശതയും ബുദ്ധിപരമായ പരിമിതികളും കണക്കിലെടുക്കുമ്പോള്‍ ഇത് ശരിയാണെന്ന് ബോധ്യപ്പെടും.
അണുകുടുംബങ്ങളുടെ ആവിര്‍ഭാവവും കുടുംബ വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയുമാണ് വൃദ്ധസദനങ്ങള്‍ വ്യാപകമാവാന്‍ കാരണം. വ്യവസായവല്‍കരണത്തിന്‍റെ ആവിര്‍ഭാവത്തോടെ സാമൂഹ്യഘടനയിലും കുടുംബ വ്യവസ്ഥയിലും അടിമുടി മാറ്റമുണ്ടായി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴിമാറി. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിവരുടെ ജീവിതവൃത്തം ഞാന്‍, ഭാര്യ, മക്കള്‍ എന്നതില്‍ പരിമിതമായി.
മനുഷ്യനില്‍ സ്വാര്‍ത്ഥത ഉടലെടുത്തപ്പോള്‍ വരുമാനമില്ലാത്ത എന്തും നിലനിറുത്തുന്നത് നഷ്ടവും ഉപേക്ഷിക്കുന്നത് ലാഭവുമാണെന്ന സാമ്പത്തിക നയം ഉരുവം കൊണ്ടു. അങ്ങനെ വൃദ്ധമാതാപിതാക്കള്‍ വ്യാപകമായി നടതള്ളപ്പെട്ടു. വിദേശ രാജ്യങ്ങളെ അനുകരിച്ച് ഇവിടെയും വൃദ്ധമന്ദിരങ്ങള്‍ സ്ഥാപിതമായി. സര്‍ക്കാര്‍, സാമൂഹിക സംഘടനകള്‍, മതസംഘടനകള്‍ പോലുള്ളവരാണ് കേരളത്തില്‍ പ്രധാനമായും വൃദ്ധസദനങ്ങള്‍ നടത്തിവരുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരവധി വൃദ്ധസദനങ്ങളുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ സ്ഥിതി ചെയ്യുന്നത് സാക്ഷര കേരളത്തിലാണെന്നാണ് കണക്ക്. വിദ്യാലയങ്ങള്‍ പോലെ വൃദ്ധസദനങ്ങളും വളരുന്ന കാഴ്ച.
1950-കളില്‍ 19 വൃദ്ധസദനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് 2000മായപ്പോഴേക്ക് 134 എണ്ണമായി വളര്‍ന്നു. ഇവയ്ക്ക് പുറമെ 565 വയോജന പരിപാലന കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ട്. ഇതില്‍ 250 സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങളുള്ളത് കോട്ടയത്താണ്. എറണാകുളം തൊട്ട് പിന്നാലെയുണ്ട്. തിരുവനന്തപുരത്ത് പതിനഞ്ചും തൃശൂരില്‍ ഇരുപതിനാലും കണ്ണൂരില്‍ പത്തൊമ്പതും വൃദ്ധസദനങ്ങളാണുള്ളത്. അവിടെ അഭയാര്‍ത്ഥികളായി എത്തുന്നവരുടെ കാര്യത്തിലും അമ്പരിപ്പിക്കുന്ന മാറ്റമാണ് കാണാനാവുക. പുതിയ വയോജന മന്ദിരങ്ങള്‍ തുടങ്ങാനുള്ള അപേക്ഷകള്‍ വര്‍ധിക്കുന്നുവെന്നാണ് വകുപ്പ് മേധാവികളില്‍ നിന്നു ലഭിക്കുന്ന വിവരം. വൈകാതെ ഓരോ പഞ്ചായത്തിലും ഒരു വൃദ്ധസദനമെന്ന തലത്തിലേക്ക് ഇത് വളരുമെന്നാണ് വിലയിരുത്തല്‍.
ലോകം വികസിക്കുന്നതിനനുസരിച്ച് വളര്‍ച്ച പ്രാപിക്കാത്തതാണ് നമ്മുടെ കുഴപ്പമെന്നും മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ പാര്‍പ്പിക്കുന്നവരെ ഒരിക്കലും കുറ്റം പറയരുതെന്നും നിലപാട് സ്വീകരിക്കുന്ന ബുദ്ധിജീവികളെ കാണാം. ഭാര്യയോടും മക്കളോടുമൊപ്പം സുഖമായി ജീവിക്കണമെങ്കില്‍ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് മാറ്റണമെന്ന് സമര്‍ത്ഥിക്കുകയാണിവര്‍. പാശ്ചാത്യ രാജ്യങ്ങളിലെ പോലെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി അവര്‍ക്ക് വൃദ്ധസദനങ്ങളില്‍ സുഖവാസം സമ്മാനിക്കുന്നത് എങ്ങനെ തെറ്റാവുമെന്നാണ് ഇവരുടെ ചോദ്യം. ആധുനിക മനുഷ്യരില്‍ കുമിഞ്ഞ് കൂടുന്ന സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ നിന്നാണ് ഇത്തരം ചിന്തകള്‍ ഉടലെടുക്കുന്നത്. വികസിത നാടുകളിലെ സംസ്കാരങ്ങള്‍ നമ്മുടെ നാടുകളിലേക്ക് പറിച്ച് നടാന്‍ യത്നിക്കുന്നവര്‍ കാലങ്ങളായി നാം സൂക്ഷിച്ചുവരുന്ന സമ്പന്ന പൈതൃകമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സ്വന്തം ജീവിതത്തിലും ഒരുനാള്‍ വാര്‍ധക്യം വിരുന്നെത്തുമെന്ന് ചിന്തിച്ചാല്‍ ഇത്തരം ദുഷ്ചിന്തകളില്‍ നിന്ന് മോചനം നേടാന്‍ കഴിയും.
ആധുനിക സംവിധാനങ്ങളൊരുക്കിയും ആകര്‍ഷക പരസ്യങ്ങള്‍ നല്‍കിയും വൃദ്ധസദനത്തെ കച്ചവടമായി ഗണിക്കുന്ന സ്ഥിതിയും നിലവിലുണ്ട്. വയോജനങ്ങളുടെ എണ്ണം വര്‍ധിച്ച രാജ്യമായതിനാല്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെക്കാള്‍ വളരെ പെട്ടെന്ന് വാണിജ്യവല്‍ക്കരിക്കപ്പെടാന്‍ സാധ്യതയുള്ള മേഖലയാണ് വൃദ്ധപരിചരണം.
ഏതായാലും വയസ്സായവരെ വൃദ്ധസദനങ്ങളില്‍ തള്ളുന്നവരെ ബോധവല്‍കരിക്കേണ്ടതാവശ്യമാണ്. ഒരായുഷ്കാലം മുഴുവന്‍ മക്കള്‍ക്ക് വേണ്ടി ഉരുകിത്തീര്‍ന്ന, സ്വന്തം സന്തോഷങ്ങള്‍ക്കായി ജീവിക്കാന്‍ മറന്നുപോയവരെ വീടുകളില്‍ നിന്ന് പുറംതള്ളുന്നത് ശരിയാണോ എന്ന് ചിന്തിക്കാന്‍ തയ്യാറാകേണ്ടതനിവാര്യമാണ്. ഏകാന്തതയുടെ തടവറകളിലേക്ക് അവരെ തള്ളിവിടാതെ സ്നേഹ കൊട്ടാരം പണിത് ഒപ്പം കൂട്ടണം. ലോകം നോക്കിക്കാണാന്‍ നമ്മെ പഠിപ്പിച്ച അവരെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുന്നത് ശരിയല്ല. അസ്ഥിനുറുങ്ങുന്ന വേദന മാതാവിന് സമ്മാനിച്ചാണ് നമ്മുടെയെല്ലാം പിറവിയെന്നും പിതാവിന്‍റെ ചോരയൂറ്റിയാണ് വളര്‍ച്ചയെന്നും ബോധ്യം വന്നാല്‍ തീരും വൃദ്ധസദനത്തിലെ തിരക്ക്.
മൂന്ന് മണിക്കൂര്‍ നേരം സംസാരിച്ച് തിരിച്ചുപോരുമ്പോള്‍ അവരുടെ മുഖത്ത് മൂടിക്കെട്ടിയിരുന്ന കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞ പോലെയുണ്ട്. കഥ പറഞ്ഞും കവിത ആലപിച്ചും സമയം പോയതറിഞ്ഞതേയില്ല. ഇനിയൊരിക്കല്‍ വരാമെന്ന് പറഞ്ഞ് പടിയിറങ്ങുമ്പോള്‍ കാഴ്ചയില്‍ നിന്നു മറയുന്നത് വരെ വഴിക്കണ്ണുമായി അവര്‍ നില്‍പ്പുണ്ടായിരുന്നു. തിരിച്ചുകൊണ്ടുപോകാന്‍ എന്നെങ്കിലുമൊരിക്കല്‍ സ്വന്തം മക്കള്‍ വരുമെന്നുതന്നെയാണ് ഇപ്പോഴും അവരുടെ പ്രതീക്ഷ. വീടിനെക്കാള്‍ എത്ര സ്വസ്ഥത ലഭിച്ചാലും സൗകര്യങ്ങള്‍ വര്‍ധിച്ചാലും വൃദ്ധസദനത്തിലെ ഏകാന്തതയെക്കാള്‍ അവര്‍ക്കിഷ്ടം മക്കളുടെയും പേരമക്കളുടെയും സാന്നിധ്യംതന്നെ. അവിടെയുണ്ടാവുന്ന കലഹങ്ങള്‍ക്ക് പോലും സ്നേഹത്തിന്‍റെ ഭാഷ്യമുണ്ടെന്നതാണ് കാരണം.