വ്യാജ കത്തും ഖലീഫയുടെ വീടുപരോധവും

 

മൂന്നു പ്രദേശത്തുകാരും തങ്ങളുടെ നാടുകളിലേക്കു മടങ്ങി. ഈജിപ്തുകാർ പുതിയ ഗവർണർ മുഹമ്മദ് ബ്‌നു അബീബക്‌റിന്റെ നേതൃത്വത്തിലാണ് മടങ്ങിയത്. മൈലുകൾ താണ്ടിയുള്ള യാത്രക്കിടെ ദൂരെ ഒരു ഒട്ടകക്കാരൻ എന്തോ കണ്ടു ഭയപ്പെട്ട പോലെ വാഹനപ്പുറത്തിരുന്ന് നാലുപാടും നോക്കുന്നത് അവർ കണ്ടു. അയാൾ ഒട്ടകത്തെ അതിവേഗം ഓടിക്കുന്നുമുണ്ട്. ഇതു കണ്ട മുഹമ്മദ് ബ്‌നു അബീബക്ർ അയാളെ വിളിക്കാനാവശ്യപ്പെട്ടു. പക്ഷേ, അയാൾ വരാൻ കൂട്ടാക്കിയില്ല. സ്വമേധയാ വരില്ലെന്നു മനസ്സിലായതോടെ വിപ്ലവകാരികളിൽപെട്ടവർ പിടികൂടി മുഹമ്മദ് ബ്‌നു അബീബക്‌റിനു മുമ്പിൽ ഹാജറാക്കി. ‘താങ്കളാരാണ്?’ അദ്ദേഹം ഒട്ടകക്കാരനോടന്വേഷിച്ചു.
‘ഞാൻ ഖലീഫ ഉസ്മാൻ(റ)വിന്റെ അടിമയാണ്.’ അയാൾ മറുപടി നൽകി.
‘ഈ ഒട്ടകമോ?’
‘ഇത് ബൈത്തുൽ മാലിൽപെട്ട ഖലീഫയുടെ ഔദ്യോഗിക വാഹനമാണ്.’
‘നീ എവിടേക്കാണ് പോകുന്നത്?’
‘ഈജിപ്ത് ഗവർണറുടെ വസതിയിലേക്ക്’
മുഹമ്മദ് ബ്‌നു അബീബക്ർ പറഞ്ഞു: ‘ഞാനാണ് ഈജിപ്തിന്റെ ഗവർണർ.’
‘താങ്കളല്ല. വേറൊരു ഗവർണർ അവിടെയുണ്ട്.
‘താങ്കളെന്തിനാണ് അവിടേക്കു പോകുന്നത്?’
‘അമീറുൽ മുഅ്മിനീൻ ഖലീഫ ഉസ്മാൻ(റ)വിന്റെ കത്തുണ്ട്. അതു നൽകാനാണ്.’
മുഹമ്മദ് ബ്‌നു അബീബക്ർ ആ ദൂതനോടു പറഞ്ഞു: ‘അമീറുൽ മുഅ്മിനീൻ നിയമിച്ച ഗവർണർ ഞാനാണ്. കത്ത് എനിക്കു തരണം’.
തരില്ലെന്നായപ്പോൾ ബലപ്രയോഗത്തിലൂടെ കൈപ്പറ്റി. തുറന്നു നോക്കിയപ്പോൾ കണ്ടത് ഉസ്മാൻ(റ)വിന്റെ സമാന കൈയക്ഷരത്തിലുള്ള ഔദ്യോഗിക കത്തായിരുന്നു. അതിലെ വരികളിങ്ങനെ: ‘അബ്ദുല്ലാഹി ബ്‌നു അബീസ്വർഹിന് ഖലീഫ ഉസ്മാൻ എഴുതുന്നത്. മദീനയിൽ നിന്ന് ഒരു സംഘം ഈജിപ്തുകാർ മടങ്ങിവരുന്നുണ്ട്. അതിലുള്ള മുഹമ്മദ് ബ്‌നു അബീബക്‌റിനെയും ഗാഫിഖിയ്യ് ബ്‌നു ഹർബിനെയും ഇബ്‌നു സാദാഇനെയും വധിക്കണം. ബാക്കിയുള്ളവരുടെ അവയവങ്ങൾ ഛേദിക്കണം. കണ്ണുകൾ ചൂഴ്‌ന്നെടുക്കണം. ഒരാളെയും രക്ഷപ്പെടാനനുവദിക്കരുത്.’ കത്തിന്റെ അവസാനത്തിൽ ഖലീഫയുടെ ഒപ്പും ഔദ്യോഗിക സീലുമുണ്ടായിരുന്നു.
ഇതുകണ്ട് മുഹമ്മദ് ബ്‌നു അബീബക്ർ അത്ഭുതപ്പെട്ടു. ‘ഇബ്‌നു അബീസ്വർഹിനെ ഒഴിവാക്കി തൽസ്ഥാനത്തു തന്നെ നിയമിച്ച് ആ പദവി ഏറ്റെടുക്കാൻ ഈജിപ്തിലേക്ക് അയച്ച ഖലീഫ, തന്നെ കൊല്ലാൻ ആവശ്യപ്പെട്ടു പഴയ ഗവർണർക്കു കത്തെഴുതുകയോ. ഇതെന്തൊരു വഞ്ചനയാണ്?’
അന്തരീക്ഷം ആകെ പ്രക്ഷുബ്ധമായി. അവിടെയുണ്ടായിരുന്ന പത്തോളം സ്വഹാബത്തിനു മുന്നിൽ ആ കത്ത് വായിക്കുകയും അവരെ കൊണ്ടെല്ലാം പേരെഴുതി ഒപ്പിടുവിക്കുകയും ചെയ്തു. ശേഷം പഴയ പോലെ കത്ത് കവറിൽ ഭദ്രമാക്കി വെച്ച് അവരെല്ലാരും മദീനയിലേക്കു തിരിച്ചു. അതേസമയം കൂഫയിലേക്കും ബസ്വറയിലേക്കും മടങ്ങിയ രണ്ടു സൈന്യവും തിരിച്ചു മദീനയിലേക്കു തന്നെ വരുന്നുണ്ടായിരുന്നു.

ഇബ്‌നു സബഇന്റെ
ഗൂഢതന്ത്രങ്ങൾ

ഇബ്‌നു സബഇന്റെ നേതൃത്വത്തിൽ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ മൂന്നു പ്രദേശങ്ങളിൽ നിന്നും ഖലീഫയെ കാണാൻ വന്ന യോദ്ധാക്കളുടെ ഒരുമിച്ചുള്ള മടക്കവും വഴിയിൽവെച്ചു നടന്ന വ്യാജകത്തു സംഭവവും തിരിച്ചു മദീനയിലേക്കുള്ള വരവും ഉണ്ടായത്. അല്ലെങ്കിൽ പിന്നെ എന്തിനായിരുന്നു ഈജിപ്തുകാർക്കു മാത്രം പുതിയ ഗവർണറെ നിയമിച്ചതിനു കൂഫ, ബസ്വറ എന്നിവിടങ്ങളിൽ നിന്നു വന്ന വിപ്ലവകാരികൾ തിരിച്ചുപോയതും മൈലുകൾ പിന്നിട്ട അവർ ഒരേ സമയത്തു തന്നെ വീണ്ടും മദീനയിലേക്കു മടങ്ങിയതും?
മദീനയിലെത്തിയ മുഹമ്മദ് ബ്‌നു അബീബക്ർ(റ) ഖലീഫയുടെ പ്രധാന ഉപദേഷ്ടാക്കളും പ്രമുഖ സ്വഹാബികളുമായ അലിയ്യുബ്‌നു അബീത്വാലിബ്(റ), സുബൈറുബ്‌നുൽ അവ്വാം(റ), അബൂഹുറൈറ(റ) തുടങ്ങിയവരെ കാര്യങ്ങൾ ബോധിപ്പിച്ചു. ഖലീഫ ഉസ്മാൻ(റ)നെ ചെറുപ്പം മുതലേ അറിയുന്ന സ്വഹാബികൾക്കതു വിശ്വസിക്കാനായില്ല. അവർക്കു മുമ്പിൽ അവരാ കത്തു വായിക്കുകയും ആ സംഭവത്തിനു സാക്ഷികളായ പത്തു സ്വഹാബികളുടെ പേരും ഒപ്പും കാണിച്ചു കൊടുക്കുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട പ്രമുഖ സ്വഹാബികൾ കത്തു വാങ്ങി ഖലീഫ ഉസ്മാൻ(റ)ന്റെ സവിധത്തിലേക്കു പുറപ്പെട്ടു. ഒപ്പം ആ അടിമയും അയാൾ ഉപയോഗിച്ചിരുന്ന ഖലീഫയുടെ ഒട്ടകവുമുണ്ടായിരുന്നു.
കത്തും അടിമയും ഒട്ടകവും ഖലീഫയുടെ മുമ്പിൽ ഹാജറാക്കപ്പെട്ടു. ഉന്നത സ്വഹാബികൾ കാര്യങ്ങൾ അവതരിപ്പിച്ചു വസ്തുത അന്വേഷിച്ചു. അതെന്റെ അടിമയാണെന്നും ആ ഒട്ടകം ബൈത്തുൽ മാലിൽപെട്ടതും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണെന്നും എന്നാൽ കത്ത് തന്റേതല്ലെന്നും അദ്ദേഹം മറുപടി നൽകി.
‘ഈ കത്തിൽ സീലുണ്ടല്ലോ, ഇത് അങ്ങ് എഴുതിയതാണോ’- സ്വഹാബികൾ തിരക്കി.
ഖലീഫ പറഞ്ഞു: ‘കത്തിലുള്ള സീൽ എന്റേതാണ്. പക്ഷേ, അല്ലാഹുവാണ, ഇങ്ങനെയൊരു കത്ത് ഞാനെഴുതുകയോ എഴുതാൻ ഏൽപ്പിക്കുകയോ ചെയ്തിട്ടില്ല. ഈ കത്തിനെക്കുറിച്ച് എനിക്കറിയുകയുമില്ല.’
അല്ലാഹുവിനെക്കൊണ്ടു സത്യം ചെയ്തതോടെ ഖലീഫയുടെ നിരപരാധിത്വം സ്വഹാബികൾക്കു കൂടുതൽ ഉറപ്പായി.
വ്യാജ കത്തെഴുതിയത് ആരെന്ന് സ്വഹാബിമാർ അന്വേഷണമാരംഭിച്ചു. കൈയെഴുത്തു വിദഗ്ധരെ സമീപിച്ചു. ഖലീഫയുടെ ചീഫ് സെക്രട്ടറി മർവാന്റെ കൈയെഴുത്താണിതെന്നവർ പറഞ്ഞു. മർവാൻ ഖലീഫ അറിയാതെ ചെയ്തതാകുമെന്ന നിഗമനത്തിലെത്തിയ സ്വഹാബികൾ മർവാനെ ശിക്ഷിക്കാൻ വിട്ടുതരണമെന്നാവശ്യപ്പെട്ടു. പക്ഷേ, ഖലീഫ അതിനനുവാദം നൽകിയില്ല. അദ്ദേഹത്തിനെതിരെയുള്ള ആരോപണം നിയമപ്രകാരം നിങ്ങൾ തെളിയിക്കുകയാണെങ്കിൽ ഭരണാധിപനെന്ന നിലയിൽ ഞാൻ ശിക്ഷ വിധിക്കാം. അല്ലാതെ നിങ്ങൾക്കു വിട്ടുതരാനാകില്ല എന്ന് അദ്ദേഹം നിലപാടെടുത്തു. നിയമം കൈയിലെടുത്ത് ജനം പ്രതിയെ ശിക്ഷിക്കുന്നത് ഇസ്‌ലാമിക രീതിയല്ലല്ലോ.
ഏതായാലും, ഈ കത്തിനെക്കുറിച്ചു ചരിത്രപണ്ഡിതർക്കിടയിൽ പല അഭിപ്രായങ്ങളുണ്ട്. ഉസ്മാൻ(റ)വിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അപകീർത്തിയുണ്ടാക്കാൻ സബഇകൾ നിർമിച്ച വ്യാജ കത്താണെന്നാണ് പല ചരിത്ര പണ്ഡിതരും രേഖപ്പെടുത്തിയിട്ടുള്ളത്.

ഖലീഫക്കെതിരെ വധഭീഷണി

മദീനയിൽ തിരിച്ചെത്തി സംഘടിച്ച മൂന്നു പ്രദേശത്തെയും വിപ്ലവകാരികളോട് ഖലീഫ ഉദ്ദേശ്യമാരാഞ്ഞു. കൂഫയിൽ നിന്നുവന്ന വിപ്ലവകാരികളുടെ നേതാവായ മാലികെന്നു പേരുള്ള അശ്തർ പറഞ്ഞു: ‘ഞങ്ങൾക്കു മൂന്നാലൊരു ആവശ്യമാണുള്ളത്. ഈ കത്ത് നിങ്ങളാണ് എഴുതിയതെങ്കിൽ നിങ്ങൾ വഞ്ചകനാണ്. ഖലീഫയായി തുടരാൻ യോഗ്യനല്ല. നിങ്ങളല്ല എഴുതിയതെങ്കിൽ പിന്നെ എഴുതിയത് ചീഫ് സെക്രട്ടറി മർവാനായിരിക്കുമല്ലോ. ആരായാലും ശരി, നിങ്ങളറിയാതെ നിങ്ങളുടെ ലെറ്റർപാഡിൽ എഴുതുകയും സീൽ ചെയ്യുകയും ഔദ്യോഗിക വാഹനമുപയോഗിച്ചു നിങ്ങളുടെ അടിമ യാത്ര ചെയ്തതും രാജ്യസുരക്ഷക്കു ഭീഷണിയാണ്. നിങ്ങൾക്കതു നിയന്ത്രിക്കാനാവില്ലെന്നുണ്ടെങ്കിൽ രാജിവെക്കണം. താങ്കൾക്കു പ്രായമായിരിക്കുന്നു. വാർധക്യ സഹജമായ കാരണങ്ങളാൽ താങ്കൾക്ക് ഖിലാഫത്ത് ശരിയായി കൊണ്ടുനടക്കാൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ മുസ്‌ലിം ഉമ്മത്തിന്റെ നന്മക്കു വേണ്ടി നിങ്ങൾ ഖലീഫസ്ഥാനം രാജിവെച്ചൊഴിയണം. അല്ലെങ്കിൽ പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം. ഈ രണ്ടു കാര്യവും ചെയ്യില്ലെന്നുണ്ടെങ്കിൽ ഇസ്‌ലാമിന്റെ രക്ഷക്കു വേണ്ടി നിങ്ങളെ ഞങ്ങൾ വാളിനിരയാക്കും.’
ഖലീഫ പറഞ്ഞു: ‘ജീവിതവും മരണവും അല്ലാഹുവിന്റെ നിശ്ചയ പ്രകാരമേ നടക്കൂ. നിങ്ങളുടെ വാളിനിരയായി മരിക്കാനാണ് അല്ലാഹു തീരുമാനിച്ചിട്ടുള്ളതെങ്കിൽ അങ്ങനെയാകട്ടെ. പിന്നെ, പ്രതിയുടെ കുറ്റം തെളിയിക്കലും ശിക്ഷ നടപ്പിലാക്കലും ഭരണകൂടത്തിന്റെ പരിധിയിൽപെട്ടതാണ്. നിങ്ങൾക്ക് നിയമം പ്രയോഗിക്കാനുള്ള അവകാശമില്ല. അത് അല്ലാഹുവിന്റെയും തിരുറസൂലിന്റെയും ഖുലഫാഉർറാശിദുകളുടെയും മാർഗത്തിനെതിരാണ്. അതിനാൽ നിങ്ങളെ അതിനു സമ്മതിക്കില്ല. ഞാൻ രാജിവെച്ചൊഴിയണമെന്നാണല്ലോ നിങ്ങളുടെ ആവശ്യം. നബി(സ്വ) എന്നോടു മുൻകൂട്ടി പറഞ്ഞിട്ടുണ്ട്: ‘അല്ലാഹു ഒരിക്കൽ നിങ്ങളെ ഭരണാധികാരിയാക്കും. അന്നു ചില കപട വിശ്വാസികൾ നിങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യാനും രാജിവെപ്പിക്കാനും ശ്രമിക്കും. ഒരിക്കലും അവർക്കു കീഴ്‌പ്പെട്ടുകൊടുക്കരുത്. പരിശുദ്ധ ഹൗളുൽ കൗസറിനരികെ കണ്ടുമുട്ടുന്നതുവരെ താങ്കൾ ക്ഷമിച്ചിരിക്കുക’- അതിനാൽ ഞാൻ സ്ഥാനമൊഴിയുന്നില്ല.

വീടുപരോധം

അതോടെ നാലായിരം വരുന്ന കുഴപ്പക്കാർ ഖലീഫയുടെ വീടു വളഞ്ഞു. ഖലീഫമാർക്കോ വീടിനോ പ്രത്യേകം സുരക്ഷാ ഭടന്മാർ ഉണ്ടാകാറില്ലെന്നതും മദീനയുടെ അന്നത്തെ സാഹചര്യവും കുഴപ്പക്കാർക്ക് കാര്യങ്ങൾ എളുപ്പമാക്കി.
ഉമർ(റ) തന്റെ ഭരണകാലത്ത് പ്രമുഖ സ്വഹാബിമാരെ മദീനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാൻ അനുവദിക്കില്ലായിരുന്നു. മദീനയിലെ ബുദ്ധിമുട്ടേറിയ ജീവിതത്തിൽ ക്ഷമിച്ച് അല്ലാഹുവിനെ ആരാധിക്കുന്ന സ്വഹാബികൾ സാമ്പത്തികമായും സുഖസൗകര്യങ്ങളാലും മികച്ച പ്രദേശങ്ങളിലേക്കു കുടിയേറിയാൽ ഭൗതിക പ്രമത്തത പിടികൂടുമോ എന്ന ഖലീഫയുടെ ആശങ്കയായിരുന്നു ഈ വിലക്കിനാധാരം. എന്നാൽ സൗമ്യശീലനായ ഉസ്മാൻ(റ) ഭരണാധികാരിയായപ്പോൾ ഇത്തരം നിയന്ത്രണങ്ങളൊന്നും കർക്കശമാക്കിയില്ല. സ്വഹാബിമാരെല്ലാം അറിവും അനുഭവവുമുള്ളവരാണല്ലോ. അവർക്ക് എവിടെയായാലും ഇസ്‌ലാമിക പ്രബോധനം ചെയ്യാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതിനാൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറാൻ സമ്മതം ചോദിച്ചവർക്കെല്ലാം അദ്ദേഹം അനുവാദം നൽകി. പ്രമുഖ സ്വഹാബികളെല്ലാം മദീന വിട്ടതോടെ അവിടെ ഭൂരിപക്ഷവും വിദേശങ്ങളിൽ നിന്നു വന്നവരും അടിമകളും ചെറിയ കുട്ടികളുമായി. അലി(റ), ത്വൽഹ(റ), ഇബ്‌നു അബ്ബാസ്(റ) തുടങ്ങി മുശാവറ(കൂടിയാലോചന)ക്കും ഭരണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾക്കും ആവശ്യമായ സ്വഹാബികളടക്കം തുച്ഛം ആളുകളേ മദീനക്കാരായി ശേഷിച്ചിരുന്നുള്ളൂ. ഈ സാഹചര്യമാണ് വീടുവളയാനും കുഴപ്പങ്ങളുണ്ടാക്കാനും അവർക്ക് സൗകര്യമായത്.
വീടു വളഞ്ഞവർ ആദ്യഘട്ടത്തിൽ ജുമുഅ-ജമാഅത്ത് നിസ്‌കാരങ്ങൾക്ക് പള്ളിയിലേക്കു പോകാൻ ഖലീഫയെ അനുവദിച്ചിരുന്നു. എങ്കിലും അവർ അദ്ദേഹത്തെ പല നിലക്കും ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഒരു ദിവസം നിസ്‌കാരം കഴിഞ്ഞു മടങ്ങിവരുമ്പോൾ ഉസ്മാൻ(റ)വിനെ തടഞ്ഞ് വിപ്ലവകാരികളിലൊരാൾ ആക്രോശിച്ചു: ‘താങ്കൾ അക്രമിയും അക്രമികൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നയാളുമാണ്. അതിനാൽ മുസ്‌ലിംകളുടെ ഭരണാധികാരിയാകാൻ താങ്കൾ യോഗ്യനല്ല’.
ഖലീഫ ഒന്നും പ്രതികരിച്ചില്ല. മറ്റു സ്വഹാബികളും സംയമനം പാലിച്ചു. ഖലീഫയുടെ ശാന്തസ്വഭാവവും തങ്ങൾക്കെതിരെ നടപടിയില്ലാത്തതും അക്രമികൾക്കു വളമായി.
മറ്റൊരു ദിവസം ഖലീഫ ഖുത്വുബ നിർവഹിക്കുമ്പോൾ അക്രമികളിലൊരാൾ എഴുന്നേറ്റുനിന്നു പറഞ്ഞു: ‘താങ്കൾ ഞങ്ങൾക്ക് ഇമാമത്ത് നിൽക്കാനോ ഖുത്വുബ നടത്താനോ അർഹനല്ല. അതിനാൽ മിമ്പറിൽ നിന്നിറങ്ങണം.’
ഇതു കേട്ട് സ്വഹാബികളിലൊരാൾ എഴുന്നേറ്റു നിന്നു പറഞ്ഞു: ‘അദ്ദേഹം എല്ലാ അർത്ഥത്തിലും ഇമാമത്തിനു യോഗ്യനാണ്. നിങ്ങൾ പറഞ്ഞതെല്ലാം വ്യാജമാണ്. ഖുലഫാഉർറാശിദുകൾ കാണിച്ചുതന്ന അതേ രീതിയിലാണ് അദ്ദേഹം ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്’.
വിപ്ലവകാരികൾ ആ സ്വഹാബിയെയും പിന്നീട് എഴുന്നേറ്റുനിന്ന മറ്റു രണ്ടു സ്വഹാബിമാരെയും നിർബന്ധിച്ച് പിടിച്ചിരുത്തി. അതിനിടയിൽ കുഴപ്പക്കാരിൽപെട്ട ഇബ്‌നുൽ കുവ എന്നയാൾ ഖലീഫ ഖുത്വുബയുടെ സമയത്ത് പിടിച്ചിരുന്ന വടി ബലമായി പിടിച്ചുവാങ്ങി രണ്ടു തലയും പിടിച്ച് കാൽമുട്ടുകൊണ്ടമർത്തി പൊട്ടിച്ചു. പക്ഷേ,~ഒരു കഷ്ണം അക്രമിയുടെ കാലിൽ തുളച്ചു കയറി. ആ മുറിവ് അർബുദമായി അയാൾ മരണപ്പെട്ടു.
ബദ്ർ യുദ്ധവേളയിൽ ശത്രുവിനെ നേരിടാൻ സുബൈർ(റ) ഉപയോഗിച്ചിരുന്നത് ഈ വടിയാണെന്നാണ് ചരിത്രം. മൂന്നര മുഴമുള്ള ഇതിന്റെ ഒരു ഭാഗത്ത് ഇരുമ്പിന്റെ മുനയുണ്ട്. ഇതുകൊണ്ട് ശത്രുവിന്റെ കണ്ണിനു കുത്തിയ സുബൈർ(റ) അതു വലിച്ചൂരിയപ്പോൾ ഒരു ഭാഗം വളഞ്ഞുപോയി. പിന്നീട് നബി(സ്വ) വഫാത്തുവരെയും ശേഷം രണ്ടു ഖലീഫമാരും തുടർന്ന് ഉസ്മാൻ(റ)വും ഖുത്വുബ സമയത്ത് ഈ വടിയായിരുന്നു പിടിച്ചിരുന്നത്. അവരുടെ അധികാരച്ചെങ്കോലായി മാറി അത്. അത്രക്കു പ്രാധാന്യം കൽപ്പിക്കപ്പെട്ട തിരുശേഷിപ്പാണ് അക്രമി നശിപ്പിച്ചത്.
വടി പൊട്ടിച്ച ശേഷം അക്രമികൾ ഉസ്മാൻ(റ)വിനും സ്വഹാബത്തിനും എതിരെ കല്ലേറു തുടങ്ങി. തലക്ക് ഏറുകൊണ്ട ഖലീഫ ബോധംകെട്ടു വീണു. സ്വഹാബികൾ അദ്ദേഹത്തെ താങ്ങിയെടുത്തു വീട്ടിലേക്കു കൊണ്ടുപോയി. ദിവസങ്ങളോളം അദ്ദേഹം കിടപ്പിലായി.
അക്രമികൾ ഉപരോധം കടുപ്പിച്ചു. ജുമുഅ-ജമാഅത്തിനു പള്ളിയിലേക്കു പോകാനനുവദിച്ചില്ല. ഒരിറ്റു വെള്ളമോ ഭക്ഷണമോ പുറത്തുനിന്നു കൊണ്ടുവരാനും സമ്മതിച്ചില്ല. മദീനയിലൂടെ സഞ്ചരിക്കുന്ന സ്വഹാബികൾക്കു സ്വയരക്ഷക്കായി ആയുധമേന്തേണ്ടി വന്നു. രാജ്യം അരക്ഷിതാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. ഇതിൽ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഖലീഫയുടെ ഉപദേഷ്ടാക്കളായ അലി(റ), ത്വൽഹ(റ) തുടങ്ങിയവർ ഉസ്മാൻ(റ)വിന്റെ വസതിയിലെത്തി. അവർ പറഞ്ഞു: ‘ഈ അവസ്ഥ തുടരുന്നത് ദുഃഖകരമാണ്. അങ്ങ് സമ്മതിച്ചാൽ കുറഞ്ഞ സമയംകൊണ്ട് ഈ അക്രമികളെ നിലക്കുനിർത്തുകയും പാഠം പഠിപ്പിക്കുകയും ചെയ്യാം.’
ഖലീഫ പറഞ്ഞു: ‘അവരുടെ ലക്ഷ്യം ഞാനാണ്. എന്റെ രക്തം ചിന്താനാണ് അവരിവിടെ കൂടിയിട്ടുള്ളത്. എനിക്കുവേണ്ടി മറ്റു വിശ്വാസികളുടെ രക്തം ചിന്താൻ ഞാൻ സമ്മതിക്കില്ല.’
സ്വഹാബികൾ അപേക്ഷിച്ചു: ‘താങ്കൾ അങ്ങനെ പറയരുത്. ഇവർക്കെതിരെ നടപടിയെടുക്കാൻ അങ്ങ് സമ്മതിക്കണം.’ പക്ഷേ, ഖലീഫ വഴങ്ങിയില്ല.
ഒടുവിൽ അദ്ദേഹം പ്രഖ്യാപിച്ചു: ‘അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന, എന്നെ ഖലീഫയായി ബൈഅത്തു ചെയ്ത മുസ്‌ലിം വിശ്വാസികളേ… നിങ്ങളെന്നെ ഖലീഫയായി ബൈഅത്ത് ചെയ്തതിനാൽ ഞാൻ പറയുന്നത് അംഗീകരിക്കൽ നിങ്ങൾക്കു നിർബന്ധമാണ്. അതിനാൽ നിങ്ങളോടു ഞാനാവശ്യപ്പെടുന്നു; ആയുധം താഴെവെക്കുക. ഒരാളും എന്റെ രക്ഷക്കായി ആയുധമേന്തരുത്.’
ശേഷം വീടിന്റെ ഒരു ജനൽ തുറന്ന് അക്രമികളോടായി അദ്ദേഹം പറഞ്ഞു: ‘ഞാൻ വിലയ്ക്കു വാങ്ങി പള്ളിയിലേക്കു ചേർത്ത സ്ഥലത്തുള്ള എന്റെ നിസ്‌കാരവും ഞാൻ വിലയ്ക്കു വാങ്ങി മുസ്‌ലിംകൾക്കു വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ വഖ്ഫ് ചെയ്ത വെള്ളവും എനിക്കു തടയാൻ എന്തവകാശമാണ് നിങ്ങൾക്കുള്ളത്. നിങ്ങൾക്കു ലജ്ജ തോന്നുന്നില്ലേ?’. ക്രൂരരായ അക്രമികൾ ഖലീഫയുടെ വാക്കുകൾ കേട്ടതായി നടിച്ചില്ല. അവർ അദ്ദേഹത്തെ വകവരുത്താനുള്ള ശ്രമവും ഉപരോധവും തുടർന്നു.
ദാഹിച്ചുവലഞ്ഞ ഉസ്മാൻ(റ)വിന് രണ്ടു തോൽപാത്രം വെള്ളവുമായി വന്ന ഉമ്മുൽ മുഅ്മിനീൻ ഉമ്മുഹബീബ(റ)യെ പോലും അവർ വെറുതെ വിട്ടില്ല. നബി(സ്വ)യുടെ ഭാര്യയാണെന്ന ആദരവോ പരിഗണനയോ നൽകാതെ മഹതി സഞ്ചരിച്ച കോവർ കഴുതയുടെ കയററുക്കുകയും കുന്തംകൊണ്ട് അതിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഭയന്നുവിരണ്ട മൃഗം മുന്നോട്ടുചാടിയപ്പോൾ ഉമ്മുഹബീബ താഴേക്കു മറിഞ്ഞു. നിലത്തു പതിക്കും മുമ്പേ സമീപത്തുണ്ടായിരുന്ന സ്വഹാബികൾ രക്ഷിച്ചതിനാൽ കഴുതയുടെ ചവിട്ടേൽക്കാതെ ബീവി രക്ഷപ്പെട്ടു.
അലി(റ)യോടു തനിക്കു കുടിക്കാൻ അൽപം വെള്ളം കൊണ്ടുവരാമോയെന്നു ചോദിച്ചു. അദ്ദേഹം രണ്ടു തോൽപാത്രങ്ങളിൽ വെള്ളം നിറച്ച് തന്റെ പുത്രന്മാരായ ഹസൻ, ഹുസൈൻ(റ) എന്നിവരുടെ കൈകളിൽ ഓരോന്നു വീതം നൽകി. മറ്റു മക്കളെയും കൂടെ പറഞ്ഞയച്ചു. ക്രൂരന്മാർ ആ അഹ്‌ലുബൈത്തിനെയും വെറുതെ വിട്ടില്ല. അക്രമത്തിൽ ഹസൻ(റ)വിന് പരിക്കേറ്റ് രക്തമൊലിക്കാൻ തുടങ്ങി. ഇവർക്കു വല്ലതും പറ്റിയാൽ മുസ്‌ലിം ലോകം ഒന്നാകെ തങ്ങൾക്കെതിരാവുമെന്നു മനസ്സിലാക്കി ഇബ്‌നു സൗദാഉം കൂട്ടരും അവരെ പോകാനനുവദിച്ചു.
ഖിലാഫത്തിന്റെ ആസ്ഥാനമായ മദീനയിൽ നടക്കുന്ന സംഭവങ്ങൾ ഗവർണർമാരുടെ ചെവിയിലുമെത്തി. ഉടൻ തന്നെ ഈജിപ്ത്, ബസ്വറ, കൂഫ, ശാം എന്നിവിടങ്ങളിലെ ഗവർണർമാർ സൈന്യങ്ങളെ അയച്ചു. ഈ വാർത്ത അറിഞ്ഞ അക്രമികൾഇനിയും ഉപരോധം നീട്ടിയാൽ സ്വന്തം ജീവൻ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞ് ഖലീഫയെ പെട്ടെന്നു തന്നെ വകവരുത്താനുള്ള കരുക്കൾ നീക്കി. 82 വയസ്സുള്ള ഖലീഫ അപ്പോഴും നോമ്പുകാരനായിരുന്നു.
(തുടരും)

 

സുലൈമാൻ ഫൈസി കിഴിശ്ശേരി

Exit mobile version