ശാപം യാഥാർഥ്യമോ?

ടുത്ത ധിക്കാരികളെ അല്ലാഹു ശപിക്കും. ഖുർആൻ വിളംബരപ്പെടുത്തുന്ന വസ്തുതയാണത്. സൂറത് ഹൂദിലെ പതിനെട്ടാം വാക്യം വായിക്കുക: ‘അറിഞ്ഞുകൊള്ളുക, അല്ലാഹുവിന്റെ ശാപം ധിക്കാരികൾക്കു മേൽ ആപതിക്കുന്നതാണ്.’
അല്ലാഹുവിന്റെ ശാപത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താൻ യാതൊരു ശക്തിക്കും സാധ്യമല്ല എന്ന് കൂടി വിശുദ്ധ ഖുർആൻ(സൂറതുന്നിസാഅ് 52) തുറന്നടിക്കുന്നുണ്ട്.
അതിരുകടക്കുന്ന അധർമികളെ അല്ലാഹു ശപിക്കുമെന്നതിൽ സംശയിക്കാനില്ല. മതത്തിനു പുറത്തുള്ളവരോ മതത്തിനകത്തുള്ള അർധ യുക്തിവാദികളോ മാത്രമേ അക്കാര്യത്തിൽ സംശയിക്കാനിടയുള്ളൂ.
അല്ലാഹുവിന്റെ ഔലിയാക്കൾ, സജ്ജനങ്ങൾ, ആലിമീങ്ങൾ തുടങ്ങിയവർ ശപിക്കുമോ? അവർക്ക് ശപിക്കാൻ വകുപ്പുണ്ടോ? ഈ പ്രശ്‌നത്തിൽ പരിശുദ്ധ ഖുർആനിന്റെ നിലപാട് എന്തെന്ന് വിശ്വാസികൾ മനസ്സിലാക്കേണ്ടതാണ്.
മലക്കുകളും സജ്ജനങ്ങളും മറ്റും ശപിക്കാൻ കെൽപ്പുള്ളവരാണെന്നത് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന യാഥാർഥ്യമാണ്. സത്യനിഷേധത്തിൽ മൂടുറച്ച് നിൽക്കുകയും അങ്ങനെ മരണപ്പെട്ടുപോവുകയും ചെയ്ത ദുഷ്ടന്മാരെ കുറിച്ച് വിശുദ്ധ വചനങ്ങൾ താക്കീത് ചെയ്യുന്നു: ‘അവർക്കുമേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപമുണ്ടായിരിക്കുന്നതാണ്’. (അൽബഖറ 161, സൂറതു ആലുഇംറാൻ 87).

ജൂതന്മാരിലെ ദുഷ്ടന്മാർക്ക് ദാവൂദ് നബി(അ)യുടെയും ഈസാ നബി(അ)യുടെയും ശാപം തട്ടിയെന്ന് കൂടി ഖുർആൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ‘ബനൂ ഇസ്‌റാഈലിലെ അവിശ്വാസികൾ ദാവൂദ് നബിയുടെയും ഈസാ നബിയുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു’ (സൂറതുൽ മാഇദ 78).
സത്യസന്ദേശങ്ങളെ മറച്ചുപിടിക്കുന്നവരെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ വാചാലമാകുന്നത് ഇങ്ങനെ: ‘അത്തരക്കാരെ അല്ലാഹു ശപിക്കുന്നതാണ്. മറ്റു ശാപയുക്തരും അവരെ ശപിക്കുന്നതാണ് (സൂറതുൽ ബഖറ 159).
ഖുർആൻ അംഗീകരിക്കുന്ന ഒരാൾക്കും ശാപം അല്ലാഹുവിന്റേത് മാത്രം എന്നൊരു മുദ്രാവാക്യം മുഴക്കാനാവില്ല. അല്ലാഹുവിനെ ധിക്കരിക്കാതെ, സജ്ജനങ്ങളെ വെറുപ്പിക്കാതെ ജീവിതം ക്രമീകരിക്കാൻ ബദ്ധശ്രദ്ധരായിരിക്കുക. കൂഫക്കാരനായ അബൂ സഈദ് ഉസാമ കടുത്ത പ്രതിസന്ധികളിൽ കുരുങ്ങി നരകയാതന അനുഭവിച്ചു. കാരണം അദ്ദേഹം തന്നെ പറയുന്നു: ‘സഅദ് ബിൻ അബീ വഖാസ്വിന്റെ പ്രാർഥന എനിക്ക് പിടിപെട്ടു’ (സ്വഹീഹുൽ ബുഖാരി 755).

സുലൈമാൻ മദനി ചുണ്ടേൽ

 

Exit mobile version