ശിയാ സാഹിത്യങ്ങളും ജമാഅത്തെ ഇസ്ലാമിയും

കൊണ്ടോട്ടി മുഹമ്മദ് ഷായുടെ നേതൃത്വത്തില്‍ കത്തിപ്പടര്‍ന്ന ശീഈ മുന്നേറ്റത്തെ കേരളത്തിലെ ഉലമാക്കള്‍ സുശക്തം പ്രതിരോധിച്ചതിനാല്‍ മിക്കവരും പശ്ചാതപിച്ച് തിരിച്ചുവന്നു. ചിലര്‍ ‘കൊണ്ടോട്ടിസ’വുമായിപ്പതിയെ പതിയെ മാളത്തില്‍ ഒളിച്ച് തഖിയ ആചരിച്ചു കഴിഞ്ഞുകൂടി. ശീഈ കുടുംബ-ആദര്‍ശ പശ്ചാത്തലമുണ്ടായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനി വിശാല മുസ്‌ലിം ഐക്യമെന്ന ഇമ്പമാര്‍ന്ന മുദ്രാവാക്യത്തിന്‍റെ മറവില്‍ സുന്നി സമൂഹത്തിലേക്ക് ശീഇസം കടത്തി വിട്ടതിനെ തുടര്‍ന്ന്, കേരളത്തില്‍ അദ്ദേഹത്തിന്‍റെ അനുരക്തന്മാര്‍ അത്തരം ആദര്‍ശങ്ങളുമായി തലപൊക്കാന്‍ ശ്രമിച്ചെങ്കിലും ‘ശാസ്ത്രീയ ഇസ്ലാം’ ഒഴിച്ചുള്ള മറ്റെല്ലാം പിറന്നപാടേ മൃതിയടയുകയായിരുന്നു. ഗോളശാസ്ത്ര പ്രകാരമായിരിക്കണം മാസപ്പിറവി കണക്കാക്കാനെന്ന വാദം റാഫിളികളുടേത് കടമെടുത്ത് കേരളത്തില്‍ ഈജിപ്ഷ്യന്‍ സലഫികള്‍ പ്രചരിപ്പിച്ചുപോന്നു.

അഹ്ലുസ്സുന്നയുടെ മാതൃകാജ്ഞാനികളായ അഇമ്മത്തുകളെ തള്ളിപ്പറയുന്ന ഭീകരവാദം, ശീഈ ആദര്‍ശ പ്രചാരണത്തിന് കേരളത്തില്‍ വളരാന്‍ ഇടം നല്‍കിയതായും കാണാം. അബുല്‍ അഅ്ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ വേരുപിടിച്ചതോടെയാണ് സൈദ്ധാന്തികവും രാഷ്ട്രീയപരവുമായ ശീഇസത്തെ കേരളം പരിചയപ്പെടുന്നത്. ജമാഅത്ത് നേതാക്കളായി മാറിയവരുടെ ശീഈ പശ്ചാത്തലവും ഈജിപ്തിലും മറ്റും അഹ്ലുസ്സുന്നക്കെതിരെയുള്ള മുന്നണിയായി ‘ഇഖ്വാന്‍-ശീഈ’ സഖ്യം ശക്തി പ്രാപിച്ചതും കേരളത്തില്‍ അനുരണനമുണ്ടാക്കി.

ജമാഅത്ത് പാഠശാലകളില്‍ മൗദൂദിയുടെ ക്ഷുദ്രകൃതികളിലൊന്നായ ‘ഖിലാഫത്ത് വ മുലൂകിയ്യത്ത്’ വായിക്കാനും പഠിക്കാനും ചര്‍ച്ചക്ക് വിഷയീഭവിക്കാനും തുടങ്ങിയതോടെ സ്വഹാബത്തിനെതിരെയുള്ള രാഷ്ട്രീയ വൈരാഗ്യം ജമാഅത്തു ബുദ്ധികളില്‍ ശക്തിപ്പെട്ടു. മുആവിയ(റ) അടക്കമുള്ള സ്വഹാബത്തിനെ നിശിതവും ക്രൂരവുമായി വിമര്‍ശിക്കുന്ന രചനയാണ് ഖിലാഫത്തും രാജവാഴ്ചയും എന്ന പേരില്‍ മലയാളത്തിലേക്ക് വൈകിയാണെങ്കിലും വിവര്‍ത്തനം ചെയ്യപ്പെട്ട പ്രസ്തുത ഗ്രന്ഥം. അബൂഹുറൈറ(റ)നെയും മറ്റു ഹദീസ് നിവേദകരെയും മുഹദ്ദിസുകളെയും ആക്ഷേപിക്കുന്ന സാഹിത്യങ്ങള്‍ കേരളത്തില്‍ ആദ്യമായി പ്രചരിക്കുന്നതും ജമാഅത്തുകാരുടെ ഔദ്യോഗിക കലാലയങ്ങള്‍ വഴിയായിരുന്നു.

ജമാഅത്തിന്‍റെ ശാന്തപുരം അറബിക് കോളേജില്‍ അധ്യാപകനായിരുന്ന ചേകനൂര്‍ മൗലവിയെ ഹദീസ് വിരോധ രോഗം ബാധിക്കുന്നതും ശീഇകളുടെ മൂന്നു വഖ്ത് നിസ്കാര വാദവും സകാത് സംബന്ധമായ അബദ്ധ ആശയങ്ങളും പിടികൂടുന്നതും അങ്ങനെയാണ്. ചേകനൂര്‍ മൗലവിയിലൂടെയാണ് പ്രത്യക്ഷമായ ശീഈ ദുര്‍വാദങ്ങള്‍ കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ചേകനൂര്‍ മൗലവിയുടെ ചിന്താവിപ്ലവമായും ഗവേഷണ പടുത്വമായും ജ്ഞാനമഹത്ത്വമായും വാഴ്ത്തപ്പെട്ട ചേകനൂരിസം തികഞ്ഞ ശീഈ പകര്‍പ്പുകളായിരുന്നുവെന്നതാണു യാഥാര്‍ത്ഥ്യം.

ഉത്തരേന്ത്യയില്‍, വിശേഷിച്ച് അലീഗര്‍ പരിസരത്ത് പ്രത്യേകമായി പടര്‍ന്നുപിടിച്ച മൗദൂദിസത്തില്‍ പ്രദേശവാസികളായ ധാരാളം ശീഇകള്‍ കടന്നുകൂടി. അലീഗഢ് യൂണിവേഴ്സിറ്റിയുടെ ഉന്നത സാരഥ്യത്തില്‍ തുടക്കം മുതലേ ഉണ്ടായിരുന്ന ബോറയും അല്ലാത്തതുമായ ശീഈ നേതൃത്വം, അലീഗഢിനെ ചുറ്റിപ്പറ്റി ജമാഅത്തെ ഇസ്ലാമിക്കു വളരാന്‍ അവസരമുണ്ടാക്കി. ഈ കാലയളവിലാണ് ഇഖ്വാന്‍-ശീഈ സഖ്യം ഈജിപ്തിലും സിറിയയിലും ഫലസ്തീനിലും കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത്. അതേ കാലയളവില്‍ തന്നെ ഇറാനില്‍ വിപ്ലവം ഉരുവപ്പെടുന്നുമുണ്ടായിരുന്നു. ഇഖ്വാനും ശീഇസവും മൗദൂദിസവും പല നിലക്കും രാഷ്ട്രമീമാംസയില്‍ സമാനരായതിനാല്‍ ഇവര്‍ക്ക് ഒന്നിക്കാനും ആശയങ്ങള്‍ പങ്കിടാനും സൗകര്യമായി.

ഖുമൈനിയുടെ നേതൃത്വത്തില്‍, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ അമേരിക്കന്‍ വിരുദ്ധ വിപ്ലവം സജീവമായപ്പോള്‍ അതിനെ ഇഖ്വാനീ നേതാക്കള്‍ ശ്ലാഘിക്കുകയും കായികമായി സഹായിക്കുകയും ചെയ്തു. ഇറാനില്‍ ജനകീയ വിപ്ലവം വിജയം കണ്ടപ്പോള്‍ പാകിസ്താനില്‍ മൗദൂദി അതിനു പിന്തുണ പ്രഖ്യാപിച്ചതോടെ, ഇറാനീ-ശീഈ നേതൃത്വവുമായി മൗദൂദികള്‍ക്ക് ഒരുപാടടുക്കാന്‍ എളുപ്പമായി. മൗദൂദി ഇറാന്‍ വിപ്ലവത്തെ ശ്ലാഘിച്ചുകൊണ്ട് എഴുതി: ‘ഖുമൈനിയുടെ വിപ്ലവം തികച്ചും ഇസ്ലാമിക വിപ്ലവമാണ്. ഇസ്ലാമിക പ്രസ്ഥാനത്തിലൂടെ ശിക്ഷണം നേടിയ ഒരിസ്ലാമിക സമൂഹമാണ് അത് സാധിച്ചത്. അതുകൊണ്ട് മുസ്‌ലിംകള്‍ പൊതുവിലും ഇസ്ലാമിക സംഘടനകള്‍ വിശേഷിച്ചും എല്ലാ രംഗത്തും എല്ലാ വിധേനയും ഈ വിപ്ലവത്തെ പിന്തുണക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു’ (മജല്ലത്തുദ്ദഅ്വ/1979 ആഗസ്ത്).

മൗദൂദിയുടെ പരസ്യ പ്രസ്താവന, ഇന്ത്യന്‍ ജമാഅത്തു നേതൃത്വത്തിനിടയിലും ആദര്‍ശവാദികള്‍ക്കിടയിലും കനത്ത അഭിപ്രായത്തര്‍ക്കം സൃഷ്ടിച്ചു. സര്‍ക്കാറിനെ മറിച്ചിടാനുള്ള അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ നിന്നും ക്രമേണ വഴുതിമാറി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും കയറിയിരുന്ന് താഗൂത്തിനെ പൂജിക്കാന്‍ തുടങ്ങിയ ചില നേതാക്കന്മാര്‍ക്കെതിരെ വിപ്ലവവീരന്മാര്‍ പ്രശ്നങ്ങളുണ്ടാക്കി.

ഇസ്ലാമിക വിപ്ലവം ഒരു സാഹിത്യ ശാഖയല്ലെന്നും അത് കായികവും സൈനികവുമായി സാധിച്ചെടുക്കേണ്ടതാണെന്നും ശക്തിയുക്തം വാദിച്ച അവര്‍, നേരത്തേതന്നെ ജമാഅത്ത് സാഹിത്യങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയും പരിചയപ്പെടുകയും ആവേശം കൊള്ളുകയും ചെയ്ത ഇറാനീ നേതൃത്വവുമായും ശീഈ ആദര്‍ശവുമായും കൂടുതല്‍ അടുക്കാന്‍ തയ്യാറായി. ജമാഅത്തുകാരുടെ സാഹിത്യത്തിന് മൂര്‍ച്ച നഷ്ടപ്പെട്ടതിനാല്‍, സമൂലമായ സമൂഹ മനഃപരിവര്‍ത്തനവും വിപ്ലവബോധവും സൃഷ്ടിക്കാനുതകുമെന്ന് തെളിയിച്ച ഖുമൈനിസത്തെ അവര്‍ ആശ്ലേഷിച്ചു. ചിലര്‍ ജമാഅത്ത് വിട്ടു. വേറെ ചിലര്‍ പാര്‍ട്ടിയില്‍ തന്നെ ഒളിച്ചുനിന്നു. ജമാഅത്ത് വിട്ടവരും ഒളിച്ചുനിന്നവരുമായ ഈ ഖുമൈനിസ്റ്റുകളിലൂടെയാണ് പിന്നീട് കേരളത്തില്‍ ശീഈ സാഹിത്യങ്ങള്‍ എമ്പാടും വെളിച്ചം കാണുന്നത്. ചിലത് പരസ്യവും വ്യക്തവുമാണ്, മറ്റു ചിലത് പശ്ചാത്തല സൃഷ്ടി മാത്രം ലക്ഷ്യം വെച്ചുള്ളതുമാണ്.

കോഴിക്കോട് കേന്ദ്രമായി 1978 ജൂണ്‍ 18-ന് സ്ഥാപിതമായ ഇസ്ലാമിക് യൂത്ത് സെന്‍റര്‍ വിശാല ഇസ്ലാമിക ഐക്യം, ആഗോള ഇസ്ലാമിക വിപ്ലവ പരിശ്രമങ്ങള്‍ക്കായുള്ള സോളിഡാരിറ്റി, ധൈഷണികവും ദാര്‍ശനികവുമായ രാഷ്ട്രീയ-സാമൂഹിക ജ്ഞാന ചര്‍ച്ചകള്‍ എന്നിങ്ങനെയുള്ള പരസ്യ മുദ്രാവാക്യങ്ങള്‍ക്കൊപ്പം, ജന്മലക്ഷ്യമായ ഇറാന്‍ ഭക്തി പ്രകടിപ്പിച്ചു. ജമാഅത്തുമായി ആഴത്തില്‍ പിണങ്ങിയവരുടെ ആധിപത്യത്തിലേക്ക് യൂത്ത് സെന്‍റര്‍ പിടിവിട്ടപ്പോഴും സെന്‍ററിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് 1989 മാര്‍ച്ച് 6-ന് ജമാഅത്ത് നേതാവ് കെസി അബ്ദുല്ല മൗലവിയായിരുന്നു. 1982 മുതല്‍ യൂത്ത് സെന്‍റര്‍ ആരംഭിച്ച പ്രതിഭാ ബുക്സ് എന്ന പ്രസിദ്ധീകരണാലയം ‘ബഹുസ്വരത’ പ്രകടിപ്പിക്കുക, ജ്ഞാന ചര്‍ച്ചയ്ക്ക് സഹായകരമാക്കുക എന്നിങ്ങനെ പറഞ്ഞ് ഇറാനീ ചിന്തകള്‍ ചന്തയിലെത്തിച്ചു. ഖുമൈനിയെ പരിചയപ്പെടുത്തി കേരളത്തില്‍ ആദ്യമിറങ്ങുന്ന പുസ്തകം ഇപ്പോഴും ജമാഅത്തിനകത്തുള്ള വിഎ കബീറിന്‍റെതായിരുന്നു. പ്രതിഭയാണ് പ്രസാധകര്‍. കലീം എന്ന തൂലികാ നാമത്തില്‍ എഴുതാറുള്ള പ്രൊഫ. കോയ പ്രസിദ്ധ ഖുമൈനി ചിന്തകന്‍ അലി ശരീഅത്തിയുടെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ മലയാളികള്‍ക്കു മുന്നിലിട്ടു-പ്രസാധനം പ്രതിഭ തന്നെ. യൂത്ത് സെന്‍ററിന്‍റെ ദൃശ്യ-ശ്രാവ്യ വിഭാഗം സംഭാവന ചെയ്യുന്ന ആദ്യ വിഭവം ഇറാന്‍ വിപ്ലവത്തെ സംബന്ധിച്ച സിനി പ്രൊജക്ടായിരുന്നു. ഇരുനൂറോളം സ്ഥലങ്ങളില്‍ അതു പ്രദര്‍ശിപ്പിക്കുകയുണ്ടായി. യൂത്ത് സെന്‍ററിലെ ഇസ്ലാമിക ലൈബ്രറിയില്‍ ഇറാനി-ഖുമൈനി ചിന്തകളുടെ ധാരാളം പുസ്തകങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്.

(ഖുമൈനിയെക്കുറിച്ച് പുസ്തകമെഴുതിയ വിഎ കബീര്‍ ഇപ്പോഴും ശീഈ ഭക്തനായി തുടരുകയും ശീഇസവുമായി ഐക്യപ്പെടുന്ന അഹ്ലുസ്സുന്നക്കു വേണ്ടി ധാരാളമായി കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്നു. പാര്‍ട്ടിക്കകത്ത് നല്ല പിടിപാടുള്ളതിനാല്‍, പാര്‍ട്ടിയുടെ മറ്റേ അര്‍ധത്തിലുള്ള സലഫികളെ പ്രതിരോധിച്ച് പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ടിയാന്‍ പ്രകടിപ്പിക്കാറുണ്ട്. ശീഇസത്തെ വിമര്‍ശിച്ച് ബോധനം പ്രത്യേക പതിപ്പ് പുറത്തിറക്കിയപ്പോള്‍ ഈ മധ്യസ്ഥന് ഒരു പേജുപോലും അനുവദിച്ചില്ലെന്നത് പാര്‍ട്ടിയിലെ സലഫികളുടെ മിടുക്ക് തെളിയിക്കുന്നു).

ഇറാനീ ബന്ധം ശക്തിപ്പെടുത്തിയ റിട്ടയേര്‍ഡ് ജമാഅത്തുകാര്‍ ചേര്‍ന്നാണ് മലപ്പുറം ജില്ലയിലെ അരീക്കോട്ട് 1980-ല്‍ ഇസ്ലാമിക് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. ഖുമൈനിസത്തിനു വേണ്ടി പരസ്യമായി നിലകൊണ്ട ഒരു സംരംഭമായിരുന്നുവത്. ഫൗണ്ടേഷന്‍ കേന്ദ്രീകരിച്ചു രൂപപ്പെട്ട വൈജ്ഞാനിക കൂട്ടായ്മയില്‍ പങ്കെടുത്ത് പരിശീലനം നേടിയ വിദഗ്ധരും അര്‍ധ വിദഗ്ധരുമാണ് ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഖുമൈനിസത്തിനു പ്രചാരം നല്‍കുന്നതും നേതൃത്വപരമായ ദൗത്യം നിര്‍വഹിച്ചുപോരുന്നതും.

തികഞ്ഞ ഇറാന്‍പക്ഷ വായനയാണ് ഫൗണ്ടേഷന്‍ പ്രതിനിധീകരിച്ചത്. കഅ്ബാലയത്തില്‍ വിഗ്രഹം, ഇസ്ലാമിക വിപ്ലവത്തിനെതിരെ ഒരു മഹാ സഖ്യം, ഇറാന്‍ വിപ്ലവം, ഇറാന്‍-ഇറാഖ് യുദ്ധം തുടങ്ങിയ പത്തുപതിനഞ്ച് ലഘുലേഖകളില്‍ തുടങ്ങിയ ഫൗണ്ടേഷന്‍റെ സാഹിത്യപ്രചാരണം പിന്നീട് ശീഈ ചിന്തകരുടെ ശ്രദ്ധേയമായ മുപ്പത്തിരണ്ടു കൃതികളുടെ ഭാഷാന്തരത്തിലേക്കു വളര്‍ന്നു. ഇറാന്‍ എംബസി വഴി ലഭിച്ച സാമ്പത്തിക സഹായങ്ങളും ശീഈ സാഹിത്യങ്ങളുമായിരുന്നു ഫൗണ്ടേഷന്‍റെ നിലനില്‍പ്പ്. ഇറാനിലും ലണ്ടനിലും ക്വാലാലംപൂരിലും നടന്ന ശീഈ പരിപാടികളില്‍ ഫൗണ്ടേഷന്‍ പ്രതിനിധികളായി പലരും പങ്കെടുത്തു. അവരില്‍ പലരും കേരളത്തിലെ മത-രാഷ്ട്രീയ-സാംസ്കാരിക- മാധ്യമ സംരംഭങ്ങളുടെ തലപ്പത്ത് കയറിക്കൂടിയാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ഇറാന്‍ പ്രതിനിധികള്‍ കേരളം കണ്ടുതുടങ്ങിയതും ഇപ്പോള്‍ അതൊരു ബാധയായി സമുദായത്തെ ഗ്രസിച്ചതും ഫൗണ്ടേഷന്‍റെ നിമിത്തമായിരുന്നു.

ഫൗണ്ടേഷന്‍ പ്രസിദ്ധം ചെയ്ത കൃതികളില്‍ കൂടുതല്‍ അപകടകരമായവ ഖുമൈനിയുടെ ഇസ്ലാമിക ഗവണ്‍മെന്‍റ്, മുര്‍തളാ മുത്വഹരിയുടെ തൗഹീദിന്‍റെ പ്രപഞ്ച വീക്ഷണം, അലി ശരീഅത്തിയുടെ രക്തസാക്ഷ്യം, മുത്വഹരിയുടെ തന്നെ പൂര്‍ണമനുഷ്യന്‍ എന്നിവയാണെന്നു പറയാം. ഇവയിലെല്ലാം തീവ്ര ശീഇസം സമര്‍ത്ഥിക്കുകയാണ്. ഇവ നാലും ഭാഷാന്തരം ചെയ്തത് സി ഹംസയാണ്. കേവല പരിഭാഷ മാത്രമല്ല, തെളിവുകള്‍ നിരത്തി മൂലഗ്രന്ഥകാരനെ ന്യായീകരിക്കുന്ന വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നു പരിഭാഷകന്‍. 25.01.1982-ല്‍ രക്തസാക്ഷ്യത്തിനു അവതാരിക എഴുതിയത് ജമാഅത്തെ ഇസ്ലാമി നേതാവ് ടി മുഹമ്മദാണ്. അവതാരികയില്‍ അദ്ദേഹം കുറിച്ചു:

ശീഈ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുകയും ഇമാം ഖുമൈനിയുടെ അനുയായിയെന്ന് സ്വന്തത്തെക്കുറിച്ച് സ്വാഭിമാനം വിശേഷിപ്പിക്കുകയും ചെയ്തിരുന്ന ശരീഅത്തി തന്‍റെ പ്രത്യയശാസ്ത്ര നിലപാടിലുറച്ചു നിന്നുകൊണ്ടു തന്നെയാണ് ഈ കൃതിക്ക് രൂപം നല്‍കിയിട്ടുള്ളത്. അതിനാല്‍ ഇതിലെ വരികള്‍ക്കിടയില്‍ പലേടത്തും ശീയിസത്തിന്‍റെ കണ്ണിലൂടെ ചരിത്രത്തെ നോക്കിക്കാണുന്നതായി അനുഭവപ്പെടും (പേ. 15).

എങ്കിലും വൈജ്ഞാനിക പ്രസക്തിമൂലമാണത്രെ, കൈരളിക്കു ഗ്രന്ഥം വിവര്‍ത്തനം ചെയ്യുന്നത്. ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനത്തിലും ജമാഅത്തിലെ ശിയാപാതിയുടെ നിര്‍ലോഭമായ പിന്തുണയുണ്ടായിരുന്നെന്ന് മനനസ്സിലാക്കാവുന്നതാണ്.

മുര്‍ത്തളാ മുത്വഹരിയുടെ പൂര്‍ണമനുഷ്യനില്‍ തിരുദൂതര്‍ക്കു ശേഷം ആപേക്ഷികമായെങ്കിലും ഒരേയൊരു പൂര്‍ണമനുഷ്യനേയുള്ളൂവെന്നും അത് അലി(റ) ആയിരുന്നുവെന്നും സമര്‍ത്ഥിക്കുകയാണ്. ശീഈ ഭക്തി മൂത്ത് പരിഭാഷകന്‍ മൂലഗ്രന്ഥകാരനിലും പൂര്‍ണമനുഷ്യത്വം ദര്‍ശിച്ചുപോകുന്നുണ്ട്. പരിഭാഷകന്‍ എഴുതുന്നു: ‘ഗ്രന്ഥകര്‍ത്താവിന്‍റെ ചരിത്രമറിയുന്നവര്‍ക്ക് അദ്ദേഹം തന്നെ അത്തരമൊരു പൂര്‍ണമനുഷ്യന്‍റെ മാതൃകയാണെന്നു കാണാന്‍ സാധിക്കും’ (പേ. 12).

30.05.1996-ല്‍ ഗ്രന്ഥത്തിന് അവതാരികയെഴുതിയിട്ടുള്ളത് അഹ്മദ്കുട്ടി ശിവപുരമാണ്, സാമാന്യം വലിയ അവതാരികക്കുറിപ്പ്. അവതാരകന് മൂലഗ്രന്ഥകാരന്‍റെ ശീഇസത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വലിയ നിശ്ചയമില്ല. അദ്ദേഹം എഴുതുന്നു: ‘ഒരു ശീഈ പണ്ഡിതനായ മുത്വഹരി അലി അല്ലാത്ത പ്രമുഖരായ ചില പ്രവാചക ശിഷ്യന്മാരുടെ സമീപനങ്ങളില്‍ ചിലതിനെ നിരൂപണാത്മകമായി (വിമര്‍ശനാത്മകമായാണെന്ന് മനസ്സിലായില്ലപോലും?!) വിലയിരുത്തിയത് കേരളക്കരയിലെ സുന്നി സാമാന്യജനതയുടെ സഹൃദയത്വം എപ്രകാരമാണ് സ്വാഗതം ചെയ്യുക എന്നൊരു സംശയമുദിക്കുന്നു. വിശുദ്ധ നബിയുടെ സ്വഹാബികള്‍ക്ക് ഒന്നടങ്കം സുന്നി മനസ്സിലുള്ള പ്രാധാന്യം ശീഈ ചിന്തകര്‍ പലപ്പോഴും പരിഗണിച്ചു കാണാറില്ല. ഈ ഒരു കാര്യം അവഗണിക്കാമെങ്കില്‍, കേരളത്തിലെ ധിഷണാശാലികളും അഭ്യസ്ഥവിദ്യരുമായ ജനത ഈ പുസ്തകത്തിന്‍റെ പ്രാധാന്യം കുറച്ചുകാണുകയില്ല’ (പേ. 33). സ്വഹാബത്തിനെ പഴിക്കുന്നത് അവഗണിക്കാവുന്നതും വിശാല മനസ്കത കാണിച്ച് സഹകരിക്കാവുന്നതുമായ നിസ്സാര പ്രശ്നമാണ് അവതാരകന്!

സി ഹംസ പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിച്ചു ന്യായീകരിക്കുകയും ചെയ്ത, ഖുമൈനിയുടെ ‘ഇസ്ലാമിക ഗവണ്‍മെന്‍റ്’ ആദ്യാവസാനം ശീഇസമാണ്. ഹംസയുടെ ശീഈ അവഗാഹതക്ക് അംഗീകാരം ലഭിച്ച രചനയാണിത്. തന്‍റെ കുറിപ്പില്‍ ഒരിടത്ത് ഇങ്ങനെ വായിക്കാം: ‘ഏതായാലും ചരിത്രം പരിശോധിച്ചാല്‍(?) ഒരു കാര്യം നമുക്കുറപ്പാകും. അമവി വാഴ്ചയുടെ സ്ഥാപകനായ മുആവിയയാണ് ഖലീഫ ഉസ്മാന്‍(റ)ന്‍റെ കാലത്തുണ്ടായ മുഴുവന്‍ വ്യതിചലനങ്ങള്‍ക്കും പ്രധാന ഉത്തരവാദി. ഈ മുആവിയക്ക് ഇസ്ലാമിക സമൂഹത്തിന്‍റെ മര്‍മസ്ഥാനങ്ങളില്‍ ഇടം കൊടുത്തതില്‍ ഹസ്രത്ത് അബൂബക്കര്‍(റ)നും ഹസ്രത്ത് ഉമര്‍(റ)നുമുള്ള പങ്ക് വലുതാണ്. അവര്‍ തങ്ങളുടെ ഖിലാഫത്തിനു കീഴില്‍ മുആവിയക്ക് പദവിയും ഗവര്‍ണര്‍ സ്ഥാനവും നല്‍കി. അങ്ങനെയാണ് മുആവിയ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ മര്‍മകേന്ദ്രങ്ങളില്‍ സ്ഥാനമുറപ്പിച്ചത്. ഹസ്രത്ത് അബൂബക്കറും ഹസ്രത്ത് ഉമറും മുആവിയയെ ഇരുത്തേണ്ടിടത്തിരുത്തിയിരുന്നുവെങ്കില്‍ മുആവിയയിലൂടെ ഇസ്ലാമിക ചരിത്രത്തില്‍ വന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു’ (പേ. 346). റസൂല്‍(സ്വ) ഖിലാഫത്ത് ഏല്‍പ്പിച്ച അബൂബക്കര്‍(റ)നെ പോലും ആക്ഷേപിക്കുന്ന ധാര്‍ഷ്ട്യമാണിത്.

മുത്വഹരിയുടെ ‘ജഹാന്‍ ദീനിയെ തൗഹീദി’യുടെ ഭാഷാന്തരം അഹ്ലുസ്സുന്നക്കെതിരെയുള്ള കടന്നാക്രമണമാണ്. അശ്അരി മാര്‍ഗത്തിനെതിരെ ശിര്‍ക്കാരോപിക്കുന്ന പ്രസ്തുത ഗ്രന്ഥത്തില്‍, ഒരിടത്ത് ഇങ്ങനെ വായിക്കാം:

‘ഗുണങ്ങളെ സംബന്ധിച്ചുള്ള തൗഹീദ് വളരെ സൂക്ഷ്മമായത് കാരണം സാധാരണക്കാരുടെയിടയില്‍ അതൊരു വിഷയമല്ല. ഇത്തരം വിഷയങ്ങളില്‍ പ്രത്യേക അവഗാഹം നേടിയ പണ്ഡിതന്മാര്‍ക്കിടയിലേ അത് ചര്‍ച്ചാവിഷയമാകുന്നുള്ളൂ. അവര്‍ തന്നെയും ഈ വിഷയത്തിന്‍റെ അടിയിലേക്കിറങ്ങാറില്ല. മുസ്‌ലിം ദൈവശാസ്ത്ര ശാഖകളില്‍ അശ്അരീ വിഭാഗത്തിനിടയിലാണ് ഇത്തരം ശിര്‍ക്കുള്ളത്. ഇത് നേരിയതും അവ്യക്തവുമായ ശിര്‍ക്കാണ്. അതിനാല്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്താകാനിത് കാരണമാവുകയില്ല’ (പു. 88).

മറ്റൊരിടത്ത് സൃഷ്ടികളുടെ കാര്യകാരണപരവും സ്വാധീന-വിധേയത്വപരവുമായ പങ്കില്‍ വിശ്വസിക്കുന്നത് ശിര്‍ക്കാണോ എന്ന ചര്‍ച്ചയില്‍ അശ്അരികള്‍ ഇക്കാര്യത്തില്‍ ദൈവത്തിന്‍റെ കര്‍തൃത്വത്തില്‍ പങ്കാളിത്തമാരോപിക്കുന്നവരാണെന്ന് തുറന്നെഴുതുന്നു (പേ. 95,97).

ഒരിടത്ത് അശ്അരികളെ വഹാബികളുമായി താരതമ്യം ചെയ്ത് ശിര്‍ക്ക് വിധിക്കുന്നതു കാണുക: ‘നമ്മുടെ കാലത്തിലെ വഹാബികളുടെയും വഹാബി ചിന്താഗതിയുടെ സ്വാധീനത്തില്‍ പെട്ടു പോയിട്ടുള്ളവരുടെയും വാദമാണിത്. എന്നാല്‍ തൗഹീദിന്‍റെ മാനദണ്ഡങ്ങള്‍ മുമ്പില്‍വെച്ച് ചിന്തിച്ചാല്‍ ഈ വാദം ശിര്‍ക്കുപരമായ വാദമാണെന്നു കാണാം. സത്താപരമായ തൗഹീദിന്‍റെ വീക്ഷണത്തില്‍ കൂടി നോക്കിയാല്‍ അശ്അരീ വിഭാഗത്തിന്‍റെ വീക്ഷണത്തിലേതു പോലെയുള്ള ശിര്‍ക്ക് ഇതിലും കലര്‍ന്നിട്ടുണ്ട്. സൃഷ്ടികര്‍തൃത്വവുമായും കാരകാരണത്വവുമായും ബന്ധപ്പെട്ട തൗഹീദിന്‍റെ വീക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ശിര്‍ക്ക് കലര്‍ന്ന ഒരു വാദമാണിത് (പേ. 99).

പരിഭാഷകന് ഒന്നും പറയാനില്ല. അശ്അരികള്‍ക്കു തൗഹീദും ശിര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് ശീഈ ഗ്രന്ഥകാരന്‍ പുലമ്പുന്നത്. ഇതു കാണുക: ‘വസ്തുക്കള്‍ക്കുള്ള സ്വാധീനശക്തിയും കാര്യകാരണത്വവും നിഷേധിക്കുന്ന വിഭാഗത്തിന്‍റെ നിരീക്ഷണത്തെ നേരത്തെ നാം ഖണ്ഡിക്കുകയുണ്ടായി. ദൈവത്തിനൊപ്പം വേറെയും മൗലിക കാരണങ്ങളും കേന്ദ്ര സ്ഥാനങ്ങളുമുള്ളതായി സങ്കല്‍പിക്കലായിരിക്കും അവയ്ക്ക് സ്വാധീനശക്തിയും കാര്യകാരണത്വവും അംഗീകരിക്കുന്നതുമൂലം സംഭവിക്കുകയെന്നാണ് അശ്അരീ വിഭാഗത്തിന്‍റെ ന്യായം. സ്വാശ്രയത്വമുള്ള അസ്തിത്വങ്ങളാണെങ്കിലേ അവ ദൈവത്തിനൊപ്പമുള്ള മൗലിക കാരണങ്ങളും കേന്ദ്രസ്ഥാനങ്ങളും ആവുകയുള്ളൂവെന്നാണ് നാം നമ്മുടെ ഖണ്ഡനത്തില്‍ വ്യക്തമാക്കിയത്. അശ്അരീ വിഭാഗം അറിയാതെ വസ്തുക്കളെ സ്വാശ്രയത്വമുള്ള സ്വതന്ത്രാസ്തിത്വങ്ങളായി സങ്കല്‍പിക്കുകമൂലം, അവയ്ക്കുള്ള സ്വാധീന ശക്തിയും കാര്യകാരണങ്ങളും നിഷേധിച്ചാലാണ് സൃഷ്ടികര്‍തൃത്വവുമായി ബന്ധപ്പെട്ട തൗഹീദാവുക എന്നവര്‍ കരുതി. അങ്ങനെ അവരുടെ സൃഷ്ടികര്‍തൃത്വത്തിലുള്ള പങ്കാളിത്ത നിഷേധം ബോധപൂര്‍വമല്ലാതെ സത്തയില്‍ പങ്കാളിത്തം കല്‍പിക്കലായി മാറി. ഇതേ ആശയക്കുഴപ്പം തന്നെയാണ് വഹാബി ചിന്താഗതിക്കാര്‍ക്കും പറ്റിയത്’ (പേ. 99).

ശീഈ രചയിതാക്കള്‍ക്ക് സുന്നിയും വഹാബിയും തുല്യ മുശ്രിക്കുകളാണ്.

ഇത്തരത്തിലുള്ള ശീഈ ദുര്‍വാദങ്ങളായിരുന്നു അരീക്കോട് ഫൗണ്ടേഷന്‍ അച്ചടിച്ചുവിട്ടതും ക്ലാസുകളില്‍ പതുക്കെപ്പറഞ്ഞതും. ചിന്താപരമായ അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തില്‍ സംഭവിച്ച താളപ്പിഴകളായിരുന്നു ഇവയെല്ലാമെന്നും അന്വേഷണം പുരോഗമിച്ചപ്പോള്‍ അവരെല്ലാം സുന്നികളായി മാറിയിരിക്കുന്നുവെന്നും പറഞ്ഞ് പഴയ ഫൗണ്ടേഷന്‍കാരുടെ തോളില്‍ കയ്യിടുന്നത് ശരിയല്ല. ആ കൃതികളും രചനകളും ഇപ്പോഴും മാര്‍ക്കറ്റില്‍ പരസ്യമായി വില്‍ക്കപ്പെടുന്നുണ്ട്. ഫൗണ്ടേഷന്‍റെ പ്രധാന കണ്ണിയായിരുന്ന ഔസാഫ് അഹ്സന്‍, മലേഷ്യന്‍ ഹാജിയാരുടെ അദര്‍ ബുക്സ് കേന്ദ്രീകരിച്ചാണ് ശീഇസം ഓതിക്കൊടുക്കുന്നത്. അദര്‍ ബുക്സ് തന്നെയാണ് ശീഈ ബുദ്ധിജീവികളുടെ അക്ഷരങ്ങളും ശബ്ദങ്ങളും കേരളത്തില്‍ വിതരണം ചെയ്യുന്നത്.

ഫൗണ്ടേഷന്‍ കാല നിലവാരത്തില്‍ നിന്ന് സി ഹംസയും ഒട്ടും പുരോഗമിച്ചിട്ടില്ല. എറണാകുളം കേന്ദ്രീകരിച്ച്, ഏതാനും ഗ്ലോബല്‍ ബിസിനസ്സുകാരുടെ സഹായത്തോടെ വര്‍ഷങ്ങളായി തുടരുന്ന മാഗസിന്‍ പ്രസിദ്ധീകരണവും ഖുര്‍ആന്‍ ക്ലാസുകളും സഖലൈന്‍ ഫൗണ്ടേഷനായി പരിണമിച്ചപ്പോള്‍, അതിന്‍റെ ലോഞ്ചിംഗ് ദിവസത്തില്‍ സി ഹംസയുടെ വക രണ്ടു ശീഈ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു. നേരത്തെ അരീക്കോട്ടു നിന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ മുത്വഹരിയുടെ പുസ്തകങ്ങളില്‍ പെട്ട ജീവിതലക്ഷ്യമാണ് ഒന്ന്. മറ്റൊന്ന്, വാര്‍ത്ത വന്നതുപ്രകാരം, ഖുമൈനിയുടെ കുപ്രസിദ്ധമായ നാല്‍പതു ഹദീസുകളുടെ പരിഭാഷയും വ്യാഖ്യാനവുമായിരുന്നു. ഫൗണ്ടേഷന്‍ വിവര്‍ത്തനം നിലച്ചതിനു പിറകെ, ചില സുന്നി സംഘടനകളുടെ സ്ഥാപനങ്ങളിലാണ് ഹംസയും ഉപഗ്രഹങ്ങളും ഉപജീവനവും ശിയാ പ്രചാരണ ദൗത്യാവസരവും കണ്ടെത്തിയത്. കുറച്ചുപേര്‍ എന്‍ഡിഎഫിലും ജമാഅത്തിലും കയറിക്കൂടി. ഇക്കാലയളവിലെ രചനകളിലും പ്രവര്‍ത്തനങ്ങളിലും പഴയ ശീഇസം ഒളിച്ചുവെക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. സൂക്ഷ്മവായനയില്‍ എല്ലാം കണ്ടെത്താവുന്നതാണ്.

അദര്‍ ബുക്സ് പുറത്തിറക്കിയ അലി ശരീഅത്തിയുടെ സ്ത്രീയും പ്രവാചകനും മൊഴിമാറ്റം ചെയ്ത എകെ അബ്ദുല്‍ മജീദ് ഇങ്ങനെ എഴുതുന്നു: പ്രവാചക ജീവിതത്തെ ഏറെ അലോസരപ്പെടുത്തിയ ദുസ്വഭാവികളായ രണ്ടു പത്നിമാരായിരുന്നു ആഇശയും ഹഫ്സയും. അബൂബക്കറിന്‍റെയും ഉമറിന്‍റെയും മക്കള്‍!! തിരുനബിയുടെ സ്വഭാവ മഹിമകൊണ്ട് ജീവിതം മുന്നോട്ടുപോയി എന്നുമാത്രം. അലീ ശരീഅത്തിയുടെ കുബുദ്ധി പരിഭാഷകന്‍ തിരിച്ചറിയാഞ്ഞിട്ടാവാനിടയില്ല. ഇസ്ലാമികമായ ചെറു ജ്ഞാനമെങ്കിലുമുള്ളവര്‍ക്ക് ഈ മഹതികളുടെ മഹത്ത്വമറിയുമല്ലോ. ദീനിന്‍റെ അര്‍ധഭാഗം ഈ ചുകന്ന പെണ്‍കുട്ടിയില്‍ നിന്ന് നിങ്ങള്‍ പഠിച്ചെടുക്കണമെന്ന് ആഇശ(റ)യെ കുറിച്ച് പുകഴ്ത്തിയത് തിരുനബി(സ്വ)യാണ്. എന്നാലും കേരളക്കാരുടെ മനസ്സ് മലിനമാവാന്‍ വൃത്തികേടുകള്‍ പ്രചരിപ്പിച്ചു.

അഹ്ലുസ്സുന്നയില്‍ നിന്നും വഴിമാറി ശീഇസം സ്വീകരിച്ച തീജാനിയുടെ ഗ്രന്ഥവും കാശിഫുന്‍ ഗിഥായുടെ ശീഈ-സുന്നീ താരതമ്യ പഠനവും ഇപ്പോഴും മുഖ്യാവലംബമാക്കുന്നവരും റഫറന്‍സിനു നിര്‍ദേശിക്കുന്നവരും ശീഇസം ബോധപൂര്‍വം പ്രചരിപ്പിക്കാന്‍ തന്നെയാണ് പുറപ്പാട്. തഖിയ അവര്‍ മതിയാക്കിയിരിക്കുന്നു. സംഘര്‍ഷഭരിതമായ കേരളീയ സാമുദായിക കക്ഷിത്വ പശ്ചാത്തലങ്ങളിലേക്ക് ഒരു പുതിയ അവതാരമായി ശീഇസവും അതിന്‍റെ വക്താക്കളും കയറിവരാനാണ് ശ്രമിക്കുന്നത്. ശീഇസത്തെ ആദര്‍ശപരമായി ആഴത്തില്‍ താരതമ്യം ചെയ്തു തിരിച്ചറിവു നേടുകയാണ് ശീഈ ഉപജാപങ്ങളെ പ്രതിരോധിക്കാനുള്ള പ്രഥമ ഉപാധി. പിന്നെ ശീഇകളുടെ ഉപജാപ ശ്രമങ്ങളുടെ ചരിത്രത്തെക്കുറിച്ച് നല്ല അവബോധവും നാം ആര്‍ജിക്കേണ്ടതുണ്ട്.

ശീഇസം-6/മസ്ലൂല്‍

Exit mobile version