ശീഇസത്തിന്റെ ഉദയവും ഖിലാഫത്ത് വിരുദ്ധതയും

മുസ്‌ലിം സമുദായത്തിനിടയിൽ രണ്ടു വിഭാഗം രൂപപ്പെട്ടത് ഉസ്മാൻ(റ)വിന്റെ വധവുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങളോടെയാണ്. ക്രൈസ്തവ, ജൂത, മജൂസി മുന്നണിയുടെ പിൻബലത്തോടെ അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ‘യഹൂദി മുസ്‌ലിം’ വിശ്വാസികൾക്കിടയിൽ നടത്തിയ പ്രവൃത്തികളാണ് ഉസ്മാൻ(റ)വിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. അതു തന്നെയായിരുന്നു അവരുടെ ലക്ഷ്യവും.

ശീഇസത്തിന്റെ ഉത്ഭവം

ഖലീഫ ഉസ്മാൻ(റ)വിന്റെ ഭരണകാലം സാമ്പത്തികമായും സമാധാനപരമായും ഇസ്‌ലാമിന് വളരെയധികം മുന്നേറ്റങ്ങളുണ്ടായ ഘട്ടമായിരുന്നു. ഒരു ചക്രവർത്തിക്കും സായുധ പോരാട്ടത്തിലൂടെ പിടിച്ചെടുക്കാനാവാത്ത വിധം ഭദ്രവും ശക്തവുമായിരുന്നു മുസ്‌ലിം സാമ്രാജ്യം. പുതുതായി വിവിധ പ്രദേശങ്ങൾ ഇസ്‌ലാമിന് കീഴിലാവുന്നതും മുസ്‌ലിംകളുടെ ഐക്യവും ശത്രുക്കൾക്കിടയിൽ ഭയം സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിനാൽ എങ്ങനെയെങ്കിലും മുസ്‌ലിം ശക്തി ക്ഷയിപ്പിക്കണമെന്നായി അവരുടെ ചിന്ത. അതിനായി അവർ കണ്ടെത്തിയ മാർഗമായിരുന്നു വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കൽ. അങ്ങനെ അവർ തമ്മിൽതല്ലി നശിക്കും എന്നവർ കണക്കുകൂട്ടി.
ഈ തന്ത്രം പയറ്റാനാണ് യഹൂദി മതക്കാരനും സൻആ പ്രദേശത്തുകാരനുമായ അബ്ദുല്ലാഹി ബ്‌നു സബഅ് ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. ഇയാളുടെ പ്രവൃത്തികൾക്ക് ക്രൈസ്തവ, ജൂത, മജൂസി മുക്കൂട്ടു മുന്നണിയുടെ പിന്തുണയും ലഭിച്ചു. മാതാവ് കറുത്ത വർഗക്കാരിയായതിനാൽ ഇബ്‌നു സൗദാഅ് എന്നാണ് ഇയാളെ ജനങ്ങൾ വിളിച്ചിരുന്നത്.
തൗറാത്തടക്കമുള്ളവ വശമുള്ള പണ്ഡിതനായിരുന്ന ഇബ്‌നുസബഇന്റെ മതംമാറ്റം തന്റെ ലക്ഷ്യപൂർത്തീകരണത്തിനുള്ള അഭിനയം മാത്രമായിരുന്നു. അതിനായി ആദ്യം പോയത് കൂഫയിലേക്കാണ്. മുസ്‌ലിം സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണിത്. സ്വഹാബികൾക്കിടയിൽ തന്റെ പദ്ധതി നടപ്പിലാകില്ലെന്നതു കൊണ്ടുതന്നെ ഇസ്‌ലാമിനെ കുറിച്ച് അറിവു കുറഞ്ഞ സാധാരണക്കാരെയാണ് ഇബ്‌നു സബഅ് ലക്ഷ്യം വെച്ചത്. അവർക്കിടയിൽ ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങളിൽ സംശയങ്ങൾ ജനിപ്പിച്ചുകൊണ്ടിരുന്നു.

അഹ്‌ലുബൈത്തിനോട് മുസ്‌ലിംകൾക്കിടയിലുള്ള സ്‌നേഹവും ആദരവും കാര്യങ്ങൾ എളുപ്പമാക്കി. അവർ പാപസുരക്ഷിതരാണെന്നും ദീനിലെ ഹലാലും ഹറാമും വേർതിരിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും അവൻ പറഞ്ഞുപരത്തി. അതിന്റെ മറവിൽ ക്രിസ്തുമതത്തിലെ പൗരോഹിത്യം ഇസ്‌ലാമിലേക്ക് കടത്തിക്കൂട്ടുകയായിരുന്നു ലക്ഷ്യം. മാത്രമല്ല, അലി(റ)യാണ് ഖലീഫയാകേണ്ടതെന്നും ഉസ്മാൻ(റ) അനധികൃതമായി ഖിലാഫത്ത് കയ്യേറിയതാണെന്നും പ്രചരിപ്പിച്ചു.
കൂഫയിലെ പാമരന്മാർക്കിടയിൽ ഭിന്നിപ്പിക്കൽ പദ്ധതിക്ക് വേരോട്ടം ലഭിച്ചതോടെ ബസ്വറയായി അടുത്ത ലക്ഷ്യം. പ്രാന്തപ്രദേശങ്ങളിലെ അറിവു കുറഞ്ഞ മുസ്‌ലിംകളായിരുന്നു അവിടത്തെയും ഇരകൾ. കൂഫക്കാരെ തെറ്റിദ്ധരിപ്പിച്ചതു പോലെ ഇവരെയും പിഴപ്പിച്ചു അയാൾ. അവിടെ ഖിലാഫത്തിനെ കുറിച്ചാണെങ്കിൽ ഇവിടെ പ്രവാചകത്വത്തിലാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. യഥാർത്ഥത്തിൽ നബിയാകേണ്ടിയിരുന്നത് അലി(റ)യായിരുന്നുവെന്നും വഹ്‌യുമായി വരുമ്പോൾ ജിബ്‌രീലി(അ)ന് അബദ്ധം സംഭവിച്ച് മുഹമ്മദിന്ലഭിച്ചതാണെന്നും മുഹമ്മദിന്റെ പ്രവാചകത്വം പ്രഖ്യാപിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തതിനാൽ അത് തിരിച്ചെടുക്കാനാവില്ല എന്നതുകൊണ്ട് മകൾ ഫാത്വിമയെ അലിക്ക് വിവാഹം ചെയ്തുകൊടുക്കാനും മുഹമ്മദ് നബിയുടെ വിയോഗത്തിന് ശേഷം അലിക്ക് അധികാരം കൈമാറാനും ഉടമ്പടി ചെയ്തിട്ടുണ്ടെന്നും ഈ കരാർ ലംഘിച്ചാണ് അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവർ ഖലീഫമാരായതെന്നും അതിനാൽ അവർ തെമ്മാടികളും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ച അക്രമികളുമാണെന്നും അവൻ പ്രചരിപ്പിച്ചു. തന്റെ പ്രത്യയശാസ്ത്രത്തിന് ബസ്വറയിലും വേരോട്ടം ലഭിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇബ്‌നു സബഅ് അവിടെയും ഖലീഫ ഉസ്മാൻ(റ)വിനെതിരെ പടയോട്ടം നടത്താനും പിഴച്ച ആശയം കൂടുതലാളുകളിലേക്കെത്തിക്കാനും ഒരു പാർട്ടി രൂപികരിച്ചു.
തുടർന്ന് പോയത് ശാമിലേക്കാണ്. പക്ഷേ, മുആവിയ(റ)ന്റെ നേതൃത്വത്തിൽ സ്വഹാബത്തിന്റെ ശക്തമായ സ്വാധീനം ജനങ്ങൾക്കിടയിലുള്ളതിനാൽ അയാളുടെ പദ്ധതി അവിടെ വിജയിച്ചില്ല. മാത്രമല്ല, ആ നാടിന് അല്ലാഹുവിന്റെ സംരക്ഷണവുമുണ്ട്. നബി(സ്വ) ഒരിക്കൽ പറയുകയുണ്ടായി: ‘ഖിയാമത്ത് നാൾ വരെയുള്ള ഔലിയാക്കളിലെ അബ്ദാലുകൾ അവിടെയാണ് ഉണ്ടാവുക’ (മുസ്‌നദ് അഹ്‌മദ്). അതിനാൽ ഇബ്‌നു സബഇന്റെ പദ്ധതി പൊളിഞ്ഞുവെന്ന് മാത്രമല്ല, അവർ അയാളെ പിടികൂടി ഈജിപ്തിലേക്ക് നാടുകടത്തുകയുമുണ്ടായി.
ഈജിപ്താകട്ടെ പുത്തനാശയങ്ങൾക്ക് പെട്ടെന്ന് വേരോട്ടം ലഭിക്കുന്ന നാടായിരുന്നു. ഈജിപ്തിലേക്കുള്ള ഇബ്‌നു സബഇന്റെ വരവ് കുത്സിത പദ്ധതി എളുപ്പത്തിൽ പയറ്റാൻ പറ്റിയ സമയത്തായിരുന്നു. ഗവർണറായ അംറുബ്‌നുൽ ആസ്വിനെ(റ)തിരെ വ്യാജ ആരോപണങ്ങൾ ആദ്യം അഴിച്ചുവിട്ടു. ഒപ്പം സൈന്യാധിപനായിരുന്ന അബ്ദുല്ലാഹി ബ്‌നു സഅദ് ബ്‌നു അബീസ്വർഹി(റ)നെ പ്രകീർത്തിക്കുകയും ചെയ്തു. തുടർന്ന് ഈജിപ്തിന്റെ ഇമാമും ഗവർണറുമായ അംറുബ്‌നു അസ്വി(റ)നെ തൽസ്ഥാനത്തു നിന്നു മാറ്റാൻ ഖലീഫ ഉസ്മാൻ(റ) നിർബന്ധിതനായി. അബ്ദുല്ലാഹി ബ്‌നു സഅദ് ബ്‌നു അബീ സ്വർഹി(റ)നെ സർവ സൈന്യാധിപ സ്ഥാനത്തിനു പുറമെ ഗവർണറുമാക്കി നിയമിച്ചു. എന്നിട്ടും ഇബ്‌നു സബഅ് കുതന്ത്രം നിർത്തിയില്ല. പുതിയ ഗവർണർക്കെതിരെ മഹാന്മാരായ പണ്ഡിതരെ കൂട്ടുപിടിച്ച് മുൻ കാലത്തു സംഭവിച്ചുപോയ, പ്രായശ്ചിത്തം ചെയ്ത കാര്യങ്ങൾ ചികഞ്ഞെടുത്ത് ആക്ഷേപിക്കാൻ തുടങ്ങി. ഇങ്ങനെയാണ് ഈജിപ്തിലെ വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്.
ഒടുവിൽ അലി(റ) ഖലീഫയാകുമ്പോഴേക്കും 12 വിശ്വാസമുള്ള 12 മുസ്‌ലിം വിഭാഗങ്ങളെ ഇബ്‌നു സബഅ് വിവിധ ദേശങ്ങളിലായി രൂപീകരിച്ചു കഴിഞ്ഞിരുന്നു. അലി(റ)വാണ് ശരിക്കും അല്ലാഹു എന്ന വിശ്വാസമുള്ള വിഭാഗം വരെ അതിലുണ്ടായിരുന്നു. ശീഈ പ്രസ്ഥാനത്തിന് ആ മുക്കൂട്ടു മുന്നണിയുമായി ബന്ധമുള്ളതിനാൽ അവരുടെ ആദർശത്തിൽ മൂന്നു മതവിഭാങ്ങളിലെയും വിശ്വാസ, ആശയങ്ങൾ ഉൾപ്പെട്ടിരുന്നു.

ഉസ്മാൻ(റ)നെതിരെയുള്ള ആക്രമണം

ഒരു ഖലീഫ ഉണ്ടായിരിക്കെ മറ്റൊരാൾ ഖിലാഫത്ത് വാദവുമായി വന്നാൽ അയാളെ കൊന്നുകളയണമെന്നാണ് ഇസ്‌ലാമിക നിയമം. ഈ നിയമം അവഗണിച്ചാണ് സബഇകൾ (ഇബ്‌നു സബഇന്റെ വ്യാജ പ്രചാരണങ്ങളിൽ തെറ്റിദ്ധരിച്ച് അവനോടൊപ്പം കൂടിയവർ) ഉസ്മാൻ(റ)നെതിരെ പടയോട്ടത്തിനിറങ്ങിയത്. ഐക്യത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന മുസ്‌ലിംകൾക്കിടയിൽ അതോടെ ഭിന്നത ഉടലെടുത്തു.
കൂഫയിലും ബസ്വറയിലും ഈജിപ്തിലുമുള്ള തന്റെ ആളുകളെ കൂട്ടി ഹിജ്‌റ 35ാം വർഷം റജബ് മാസത്തിലാണ് ഇബ്‌നു സൗദാഅ് ഉസ്മാൻ(റ)ന്റെ ഖിലാഫത്തിനെ അട്ടിമറിക്കാനുള്ള ആദ്യ ശ്രമം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ചില പടയാളികളുടെ നേതൃത്വത്തിൽ ഉംറക്കെന്ന വ്യാജേന മദീനയിൽ ആക്രമണം നടത്താൻ ഇബ്‌നു സബഅ് പുറപ്പെട്ടു. എന്നാൽ സ്വഹാബികളുടെ അവസരോചിത ഇടപെടൽ കാരണം മദീനയിൽ പ്രവേശിക്കാതെ അവർക്ക് തിരിച്ചുപോകേണ്ടി വന്നു. എന്നിട്ടും, കുഴപ്പമുണ്ടാക്കുന്നതിൽ നിന്ന് പിന്മാറാൻ അവർ ഒരുക്കമല്ലായിരുന്നു.
കൂടുതൽ ആസൂത്രണങ്ങളോടെ അതേ വർഷം ശവ്വാലിൽ വീണ്ടും പുറപ്പെട്ടു. ഇപ്രാവശ്യം ഹജ്ജിനെന്ന വ്യാജേനയായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നു ഹജ്ജിനായി പോകുന്ന സംഘത്തോടൊപ്പമായിരുന്നു ഇവരുടെ യാത്ര. ഗ്വാഫിഖിയ്യ് ബ്‌നു ഹർബിന്റെ നേതൃത്വത്തിൽ ഈജിപ്തിൽ നിന്ന് 1000 വിപ്ലവകാരികളും സൈദുബ്‌നു സുബ്ഹാനുൽ അബ്ദിന്റെയും അംറുബ്‌നുൽ അസ്വമ്മിന്റെയും നേതൃത്വത്തിൽ കൂഫയിൽ നിന്ന് 1500 വിപ്ലവകാരികളും ഹകീമു ബ്‌നു ജമലയുടെയും ഹുർഖൂസ് ബ്‌നു സുബൈറിന്റെയും നേതൃത്വത്തിൽ ബസ്വറയിൽ നിന്ന് 1500 യോദ്ധാക്കളും മദീന ലക്ഷ്യമാക്കി പുറപ്പെട്ടു. ഈജിപ്തിൽ നിന്നുള്ള വിപ്ലവകാരികളുടെ തലവൻ ഗ്വാഫിഖിയ്യ് ബ്‌നു ഹർബാണ് ഉസ്മാൻ(റ)വിനെ കൊലപ്പെടുത്തിയതെന്നാണ് ഭൂരിഭാഗം ചരിത്ര പണ്ഡിതരുടെയും അഭിപ്രായം. ഈ ഗ്രൂപ്പിലാണ് ഇബ്‌നു സബഅ് ഉണ്ടായിരുന്നത്.
അനേകം മൈലുകൾ താണ്ടി 4000 വിപ്ലവകാരികൾ ദുൽഖഅ്ദ് മാസത്തിലാണ് മദീനയിലെത്തിയത്. ഇവരുടെ വരവിൽ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ സ്വഹാബികൾ മദീനയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഞങ്ങൾ ഹാജിമാരാണ്, പ്രവാചകനെ സിയാറത്തു ചെയ്യാനും ഖലീഫയുമായി ചില കാര്യങ്ങൾ സംസാരിക്കാനുമാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് വിപ്ലവകാരികൾ പറഞ്ഞു. എന്താണ് ഖലീഫയോട് പറയാനുള്ളതെന്ന് സ്വഹാബികൾ ചോദിച്ചു. ഞങ്ങൾക്ക് ചില പരാതികൾ ബോധിപ്പിക്കാനുണ്ടെന്ന് അവർ പ്രതികരിച്ചു. ഒടുവിൽ ഖലീഫയുടെ മുഖ്യ ഉപദേഷ്ടാവായ അലി(റ)ന്റെ നേതൃത്വത്തിൽ പ്രധാനപ്പെട്ട സ്വഹാബികൾ അവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴും അവർ ഞങ്ങൾക്ക് ഖലീഫയുമായി ചിലത് സംസാരിക്കാനുണ്ടെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു.
എന്താണ് അതെന്ന് ചോദിച്ചപ്പോൾ കൂഫ, ബസ്വറ, ഈജിപ്ത് എന്നിവിടങ്ങളിലെ ഗവർണർമാരെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും ആരോപണങ്ങളും ഉന്നയിച്ചു. ഇതെല്ലാം സാകൂതം കേട്ട അലി(റ)വും പ്രമുഖ സ്വഹാബികളും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഖലീഫ ഉസ്മാൻ(റ)നെ ബോധിപ്പിച്ചു. അല്ലാഹുവിന്റെ ദീനിൽ അംഗീകരിക്കപ്പെട്ട എന്തു കാര്യത്തിലും മുസ്‌ലിംകളുടെ ഐക്യത്തിനായി വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് മഹാൻ മറുപടി നൽകി.
വിപ്ലവകാരികൾ പ്രധാനമായും ഉന്നയിച്ചത് അബ്ദുല്ലാഹി ബ്‌നു സ്വർഹിനെ കുറിച്ചുള്ള പരാതികളാണ്. എന്നാൽ അതെല്ലാം മുമ്പേ പരിഹരിക്കപ്പെട്ടവയായിരുന്നു. അബ്ദുല്ലാഹി ബ്‌നു സ്വർഹിനെ ഗവർണർ സ്ഥാനത്തു നിന്ന് മാറ്റുക, പകരം മുഹമ്മദ് ബ്‌നു അബീബക്‌റിനെ ഗവർണറാക്കുക എന്നതിലപ്പുറം ഒന്നും അവർ സ്വീകരിച്ചില്ല. പ്രശ്‌നപരിഹാരത്തിനായി അബ്ദുല്ലാഹി ബ്‌നു സ്വർഹിനെ ഗവർണർ സ്ഥാനത്തു നിന്നു മാറ്റിയതായും മുഹമ്മദ് ബ്‌നു അബീബക്‌റിനെ അമീറാക്കിയുമുള്ള കത്ത് ഉസ്മാൻ(റ) സീൽ ചെയ്ത് അവരുടെ കൈയിൽ കൊടുത്തയച്ചു.
അതോടെ പ്രശ്‌നം താൽക്കാലികമായി പരിഹരിക്കപ്പെട്ടു. അവർ മുഹമ്മദ് ബ്‌നു അബീബക്‌റിന്റെ നേതൃത്വത്തിൽ മടങ്ങി. കൂടെ ബസ്വറയിൽ നിന്നും കൂഫയിൽ നിന്നും വന്നവരും മടങ്ങി. പക്ഷേ അതൊരു പിന്മാറ്റമായിരുന്നില്ല. ഉസ്മാൻ(റ)ന്റെ സൗമ്യത മുതലെടുത്ത് അദ്ദേഹത്തെ കൊലപ്പെടുത്തി ഇസ്‌ലാമിക ലോകത്തെ അനിശ്ചിതത്വത്തിലാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു.
(തുടരും)

 

സുലൈമാൻ ഫൈസി കിഴിശ്ശേരി
കേട്ടെഴുത്ത്: സയ്യിദ് സൽമാൻ അദനി കരിപ്പൂർ

 

Exit mobile version