ശൈഖ് അഹ്‌മദ് റസാഖാൻ ബറേൽവി(റ)യും ഇന്ത്യൻ അഹ്‌ലുസ്സന്ന പ്രസ്ഥാനവും

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച പ്രശസ്ത മുസ്‌ലിം പണ്ഡിതനും തത്ത്വചിന്തകനും ശാസ്ത്രജ്ഞനും മുജദ്ദിദുമായിരുന്നു ഇമാം അഹ്‌മദ് റസാഖാൻ ബറേൽവി(റ). പാരമ്പര്യ ഇസ്‌ലാമിന്റെ അന്തഃസത്തക്ക് ഭീഷണിയാകുന്ന വിധത്തിൽ പ്രവർത്തിച്ചിരുന്ന പുത്തനാശയക്കാരെ വെല്ലുവിളിച്ച സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു അദ്ദേഹം. പ്രവാചകർ(സ്വ)യുടെ സുന്നത്തിനെ പിന്തുടരുന്നതിന് പ്രാധാന്യം നൽകിയുള്ള നവോത്ഥാന മുന്നേറ്റമാണ് അദ്ദേഹം കാഴ്ചവെച്ചത്.
പ്രശസ്ത സ്‌കോളർ ഡോ. ബാർബറ ഡി മെട്കാൽഫ് ഇമാം അഹ്‌മദ് റസാഖാൻ ബറേൽവിയെ കുറിച്ച് എഴുതി: ചെറുപ്പം മുതലേ അസാമാന്യമായ ബുദ്ധിശക്തികൊണ്ട് അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഗണിതശാസ്ത്രത്തിൽ അപാരമായ കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. അസാധാരണമായ ഓർമശക്തി, മനന പാടവം, ബൗദ്ധിക ശേഷി പുലർത്തി. മുജദ്ദിദും ശൈഖുമായി വിശ്വാസികളുടെ ആദരവും സ്വീകാര്യതയും നേടി. ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തിൽ അദ്ദേഹം കണിശമായ സൂക്ഷ്മത പുലർത്തിയിരുന്നു.
ലോകത്തിലെ വിശിഷ്യാ ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിയിൽ അങ്ങേയറ്റം തൽപരനായിരുന്നു ശൈഖ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതിന്റെ തുടക്കത്തിലും വിവിധ വിഭാഗങ്ങൾക്കും നവോത്ഥാന പ്രസ്ഥാനങ്ങൾക്കുമിടയിലെ പണ്ഡിതർക്കിടയിൽ ഉടലെടുത്ത ഭിന്നാഭിപ്രായങ്ങൾ അഹ്‌ലുസ്സുന്നക്ക് ഭീഷണിയായാണ് റസാഖാൻ കണ്ടത്. പ്രവാചകനെ സാധാരണ മനുഷ്യനായി കണക്കാക്കുന്ന പുത്തനാശയങ്ങളെ അദ്ദേഹം നഖശിഖാന്തം എതിർക്കുകയും ഖുർആനിനും സുന്നത്തിനും എതിരായുള്ള ജൽപനങ്ങളെ ഖണ്ഡിക്കുകയും ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ശൈഖിന്റെ ജീവിതവും രചനകളും പഠന വിധേയമാക്കുന്നത് വരെ കുറെ കാലം അദ്ദേഹത്തിന്റെ സംഭാവനകൾ അക്കാദമിക ലോകത്ത് വേണ്ടത്ര പരിഗണിക്കപ്പെട്ടിരുന്നില്ല. പ്രൊ. മസൂദ് അഹ്‌മദിന്റെ അഭിപ്രായ പ്രകാരം, മൗലാന അമ്പതോളം വിജ്ഞാന ശാഖകളിൽ ഉർദു, അറബിക്, പേർഷ്യൻ ഭാഷകളിലായി 500ൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഉർദു ഭാഷയിൽ രചിച്ച ഖുർആൻ പരിഭാഷയിൽ നിന്ന് പ്രവാചകരോട് അദ്ദേഹത്തിനുള്ള ബഹുമാനവും ആദരവും അടങ്ങാത്ത പ്രണയവും വ്യക്തമാകും. ആധുനിക ശാസ്ത്ര വിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പരിജ്ഞാനത്തിനും ഖുർആൻ-ഹദീസ് വ്യാഖ്യാനം, ശരിയായ പദങ്ങളുടെ ഉപയോഗം എന്നിവയിലെ അദ്ദേഹത്തിന്റെ മികവിനും വലിയ തെളിവാണ് ഈ ഖുർആൻ തർജമ.
അഹ്‌ലുസ്സുന്ന വിഷയത്തിൽ ഗവേഷണ പഠനം നടത്തിയ ഡോ. ഉഷ സന്യലിന്റെ അഭിപ്രായ പ്രകാരം പിൽക്കാലത്ത് അഹ്‌ലുസ്സുന്ന വ ജമാഅ എന്ന പേരിൽ അനുയായികൾക്കിടയിലും ബറേൽവി എന്ന പേരിൽ മറ്റുള്ളവർക്കിടയിലും അറിയപ്പെട്ട പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനം ഇമാം അഹ്‌മദ് റസാഖാൻ ബറേൽവിയുടെ എഴുത്തുകളും വ്യാഖ്യാനങ്ങളുമാണ്. ഡോ. ഉഷ സന്യാളിന്റെ അഭിപ്രായമനുസരിച്ച്, ഈ പ്രസ്ഥാനത്തിന്റെ ചരിത്രം ഇസ്മാഈൽ ദഹ്‌ലവിക്കെതിരെ അല്ലാമാ ഫള്‌ലേ ഹഖ് ഖൈറാബാദി പുറപ്പെടുവിച്ച ഫത്‌വയിലും കണ്ടെത്താൻ കഴിയും. അല്ലാമാ ഖൈറാബാദിയാണ് ഡൽഹി ജുമാമസ്ജിദിൽ വെച്ച് ബ്രിട്ടീഷുകാർക്കെതിരിൽ ആദ്യത്തെ ജിഹാദ് ഫത്‌വ പുറപ്പെടുവിച്ചത്.
ഇമാം അഹ്‌മദ് റസാഖാൻ ബറേൽവി ശാഹ് അബ്ദുൽ അസീസ് മുഹദ്ദിസ് ദഹ്‌ലവിയുടെയും അല്ലാമാ ഖൈറാബാദിയുടെയും പൈതൃകം പിന്തുടർന്ന് പാരമ്പര്യ സുന്നി ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന നൂറിലധികം പുസ്തകങ്ങൾ രചിക്കുകയും അറബ് ലോകത്തും ദക്ഷിണേഷ്യയിലും വളരെയേറെ സ്വീകാര്യത നേടുകയും ചെയ്തു.
റസാ അക്കാദമി 30 വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഫത്‌വായേ റസ്‌വിയ്യ എന്ന ഗ്രന്ഥം ഇസ്‌ലാമിലെ ഏകദേശം എല്ലാ വിഷയങ്ങളും സംബന്ധിച്ച ആയിരത്തിലധികം ഫത്‌വകളടങ്ങിയ സമാഹാരമാണ്. മുസ്തഫ ജാനെ റഹ്‌മത്… എന്ന പ്രവാചക പ്രകീർത്തനം ഇമാം അഹ്‌മദ് റസാഖാന്റെ രചനകളിൽ ഏറെ പ്രശസ്തമാണ്.
ഇന്ത്യൻ മുസ്‌ലിംകളുടെ സാമ്പത്തികമായ ഉന്നമനത്തിനുവേണ്ടിയും ആത്മീയ വളർച്ചക്കുവേണ്ടിയും മഹാൻ ഏറെ വഴികൾ തുറന്നുകാണിച്ചു. അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർ അനവധി കലാലയങ്ങൾ ലോകമെമ്പാടും സ്ഥാപിക്കുകയും പുസ്തകങ്ങൾ വഴി തങ്ങളുടെ നിലപാടുകൾ ലോകത്തിനു മുമ്പിൽ സമർപ്പിക്കുകയുമുണ്ടായി. അൻജുമാൻ ഇ ഖുദമായേ കഅ്ബ എന്ന കൂട്ടായ്മ 1924ൽ രൂപം കൊള്ളുകയും അതിലൂടെ ആര്യസമാജിന്റെ നേതൃത്വത്തിലെ ശുദ്ധി പ്രസ്ഥാനത്തിന് പ്രതിക്രിയ നടത്തുകയും ചെയ്തു.
ഇന്ത്യാ-പാക് വിഭജനത്തിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമികൾ ഇസ്‌ലാമിക പ്രാസ്ഥാനിക നവീകരണത്തിനും രാജ്യത്തിന്റെ പുനർനിർമാണത്തിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുകയുണ്ടായി. ശൈഖിന്റെ പിൻഗാമികളിലൊരാളായ അബ്ദുൽ അലീം സിദ്ദീഖി മീറുതി നടത്തിയ ആശയ പോരാട്ടം വഴി ജോർജ് ബർനാഡ്ഷയെ പോലും ഇസ്‌ലാമിക തത്ത്വങ്ങൾ കൊണ്ട് നേരിട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആത്മീയ നേതാവായറിയപ്പെട്ട മുസ്തഫ റസാ ഖാൻ ഖാദിരി ഇന്ദിര ഗാന്ധി സർക്കാരിന്റെ നേതൃത്വത്തിലെ വന്ധ്യംകരണ ശസ്ത്രക്രിയക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത് അക്കാലത്തെ വലിയൊരു വിപ്ലവ നടപടി തന്നെയായിരുന്നു.
ഇന്ത്യയെയും സമൂഹത്തെയും ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും മൗലാന ആബിദുല്ല ഖാൻ ആസ്മിയുടെ നേതൃത്വത്തിൽ സുന്നത്ത് ജമാഅത്തിന്റെ നിലപാടുകൾ സ്വീകരിച്ചു. ശാബാനു കേസ്, ബാബരി മസ്ജിദ് കേസ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളത്രെ.
കേരളത്തിലെ വിഖ്യാതനായ പണ്ഡിതൻ അല്ലാമ അഹമ്മദ് കോയ ശാലിയാത്തി ഇമാം അഹമ്മദ് റസാഖാൻ ഖാദിരിയുടെ ശിഷ്യനാണ്. കേരളത്തിലെ സുന്നി പണ്ഡിത കൂട്ടായ്മയായ സമസ്തയുടെ പതാക രൂപകൽപ്പന ചെയ്തത് ഹസ്‌റത്താണെന്നത് എടുത്തു പറയേണ്ടതാണ്. മർകസുസ്സഖാഫത്തിസ്സുന്നിയ്യയും ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും കേരളത്തിലെ മതപണ്ഡിതന്മാരും അഅ്‌ലാ ഹസ്രത്ത് ദർഗയുമായി ബന്ധം പുലർത്തിപോരുന്നു.
ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പോലെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ മുസ്‌ലിംകളിൽ ഭൂരിപക്ഷവും സുന്നി അഥവാ ബറേൽവി പ്രസ്ഥാനത്തെ പിന്തുടരുന്നവരാണ്. ശൈഖിന്റെ 104ാം ഉറൂസ് അതിഗംഭീരമായിതന്നെ ലോകമെമ്പാടുമുള്ള സുന്നികൾ ആഘോഷിച്ചത് അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളും വൈജ്ഞാനിക സംഭാവനകളും ഇന്നും ലോകസമൂഹത്തെ സ്വാധീനിക്കുകയും ഈമാനിനെ ദൃഢീകരിക്കുകയും ചെയ്യുന്നുവെന്നതുകൊണ്ടു കൂടിയാണ്.

 

ഡോ. ശാഹ് നവാസ് അഹ്‌മദ് മാലിക്

Exit mobile version