ശൈഖ് ജീലാനി(റ)യുടെ പ്രബോധനം

വിശുദ്ധ ഇസ്‌ലാമിന്റെ പ്രചാരണവും വിശ്വാസികളുടെ സംസ്‌കരണവുമാണ് ദഅ്‌വ. ഏതു പ്രവർത്തനവും ദഅ്‌വയാണെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നത് കാണാം. ചിലർക്ക് അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കലാണ് ദഅ്‌വ. വേറെ ചിലർക്ക് ദഅ്‌വ എന്ന പദം ചേർത്ത് വെച്ച കാര്യങ്ങളാണ്. തങ്ങളല്ലാത്തവരുടെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും വിമതവൽക്കരിക്കാനോ അവമതിക്കാനോ ആണ് അങ്ങനെ ചില നിഗമനങ്ങൾ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഇസ്‌ലാമിനോട് ഗുണകരമായി ചേർത്ത് പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടവയെല്ലാം പ്രബോധനപരമാണ്. മുസ്‌ലിംകളുടെ ആത്മീയവും ധാർമികവുമായ വിഷയങ്ങളിൽ ഗുണപരമായി ഇടപെടുന്നതും ദഅ്‌വ തന്നെ. ഈ വിശാല വീക്ഷണത്തിലുള്ള ദഅ്‌വയുടെ രീതിശാസ്ത്രം സമൂഹത്തിന് സമർപ്പിച്ചത് പ്രവാചകൻമാരാണ്. അവരാണ് ദാഇകളുടെ നേതാക്കൾ. അവരിൽ നിന്നാണ് ദഅ്‌വയുടെ രീതികൾ നാം സ്വീകരിക്കേണ്ടത്. നബിമാർക്ക് ശേഷം പ്രബോധനദൗത്യം നിർവഹിക്കേണ്ടതാരാണെന്നും അവരുടെ യോഗ്യതകളെന്തെന്നും വ്യക്തമാക്കപ്പെട്ടതാണ്. അറിവാണ് അതിനേറ്റവും വേണ്ടത്. അല്ലാഹുവിൽ നിന്ന് മലക്കുകൾ മുഖേനയോ അല്ലാതെയോ ലഭിക്കുന്ന അറിവുകളുടെ അനുഷ്ഠാനവും വിനിമയവുമാണ് നബിമാർ നടത്തിയത്. അങ്ങനെയാണ് ദഅ്‌വ എന്ന യാഥാർത്ഥ്യം പുലർന്നതും. നബിമാർക്ക് ശേഷം പ്രബോധന ദൗത്യം നിർവഹിക്കേണ്ട ബാധ്യത പണ്ഡിതർക്കാണ്. ഇൽമ് നൽകപ്പെട്ടവരാണ് പണ്ഡിതർ. ദാഇകളാവണമെന്നതിന്റെ അടിസ്ഥാന യോഗ്യതയും അറിവു തന്നെ. പണ്ഡിതന്മാർ അമ്പിയാക്കളുടെ അനന്തരാവകാശികളാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടല്ലോ. ഇൽമിന് പ്രബോധനപരമായ പ്രചോദനമുണ്ടാവും. അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന തൗഫീഖ് പോലെ ഈ ദൗത്യം നിർവഹിക്കുന്നതിൽ പണ്ഡിതർക്ക് വിജയിക്കാനാവും.
അടിസ്ഥാനപരമായി ഇൽമ് പ്രവർത്തിയോട് ബന്ധപ്പെട്ടതാണ് എന്നതാണതിന്റെ കാരണം. ആത്മീയ വിജ്ഞാനത്തിൽ നിപുണരായ പണ്ഡിതർ അവരുടെ ജീവിതത്തിലെ കണിശത കാരണം ചില മഹത്ത്വങ്ങൾ നേടിയവരാണ്. വിജ്ഞാനം തന്നെയാണ് മനുഷ്യനെ ഉയർത്തുന്നതിൽ പ്രധാന ഉപാധി. ആത്മജ്ഞാനം എന്നു സാമാന്യമായി പറയാവുന്ന ഇർഫാൻ എന്ന തലം വിജ്ഞാനത്തിനുണ്ട്. ആലിം എന്നതിൽ നിന്നും ഉന്നതമായി ആരിഫ് എന്ന വിശേഷണമായിരിക്കും അവർക്ക് നൽകപ്പെടുക. വലിയ്യിന്റെ നിർവചനത്തിൽ ആദ്യം വരുന്ന വിശേഷണം ആരിഫ് എന്നാണ്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) കേവലം വലിയ്യ് മാത്രമല്ല. ഔലിയാക്കളിൽ ഉന്നത സ്ഥാനീയരായ ഖുത്വുബുകളുടെയും ഖുത്വുബാണ്. അഥവാ ഖുത്വുബുൽ അഖ്ത്വാബ്. വ്യക്തിജീവിതത്തിൽ വലിയ്യിനുണ്ടാവുന്ന ഗുണവിശേഷങ്ങളും സ്വഭാവശീലങ്ങളും അടിസ്ഥാനപരമായി അവരുടെ മഹത്ത്വത്തെ സംരക്ഷിക്കാനും കൂടുതൽ ഫലപ്രദമാക്കാനും ഉതകുന്നതാണ്. തങ്ങൾക്ക് സിദ്ധിച്ച അറിവുകൾക്ക് അനുഭവജ്ഞാനത്തിന്റെ അധികഗുണവും ഔലിയാക്കൾക്കുണ്ടാവും. എല്ലാം കൂടി ചേരുമ്പോൾ അമ്പിയാക്കളുടെ അനന്തരാവകാശികളാണ് എന്ന ആലിമിന്റെ മഹദ് പദവിയെ നിരന്തരവും നിസ്വാർത്ഥവുമായി ഉപയോഗിക്കാനവർ പ്രചോദിതരാവും. ജീവിത ശേഷവും അവരുടെ ഓർമകൾ സമൂഹത്തിന് ആത്മീയമായ പരിചരണങ്ങൾ നൽകുന്നു. ശൈഖ് ജീലാനി അടക്കമുള്ള ആത്മജ്ഞാനികളുടെ ജീവിതം നിരീക്ഷിക്കുമ്പോൾ അവരിൽ കാണുന്ന ധാരാളം കാര്യങ്ങളുണ്ട്. അമ്പിയാക്കളുടെ മാതൃകയാണവർ സ്വീകരിച്ചത്. വ്യക്തിജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും കാരുണ്യത്തിലുമെല്ലാം ഔലിയാക്കളുടെ മാതൃക മുഹമ്മദ് നബി(സ്വ)യാണ്.
നബി(സ്വ) വാർത്തെടുത്ത മാതൃകായോഗ്യ സമൂഹമാണ് സ്വഹാബത്ത്. അവരുടെ പരിചരണ സൗഭാഗ്യം ലഭിച്ചവരാണ് താബിഉകൾ. അങ്ങനെ തലമുറകളോരോന്നും പൂർവികരിൽ നിന്ന് സ്വീകരിച്ചതും പഠിച്ചതും പകർത്തി വന്നു. ശേഷ തലമുറക്ക് പൂർവ തലമുറയോടുണ്ടാകുന്ന അകലൽച്ചക്കനുസരിച്ച് നന്മകളുടെ സ്വാധീനം കുറഞ്ഞ് കൊണ്ടിരിക്കും. അത് നബി(സ്വ തന്നെ ഓർമപ്പെടുത്തിയതുമാണ്. എന്നാൽ പരിഹാര ക്രിയകൾക്ക് നേതൃത്വം നൽകുന്ന പ്രബോധകരുടെ സാന്നിധ്യം അകൽച്ച കുറക്കാനും അവർ നന്മകളെ സജീവമാക്കാനും ഉണ്ടായിക്കൊണ്ടിരിക്കും. ഒരോ നൂറ്റാണ്ടിലും സഹകരണ പ്രവർത്തനത്തിൽ വലിയ വിജയം നേടിയ ആളുകളുണ്ടാവുമെന്നും നബി(സ്വ) അറിയിച്ചിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് സമൂഹത്തിൽ സംസ്‌കരണമെന്ന സുപ്രധാനമായ ദഅ്‌വത്ത് എന്നും നിലനിൽക്കുമെന്നതാണ്. ഇതിൽ നേരിട്ടോ അല്ലാതെയോ പങ്കാളിത്തം രോഖപ്പെടുത്താനായവർ ലോകത്ത് അനുസ്മരിക്കപ്പെടും. അതാണ് ശൈഖ് ജീലാനി(റ) സ്മരിക്കപ്പെടുന്നത്. ഒരു ദാഇയെ സംബന്ധിച്ചിടത്തോളം മാതൃകാപരത പ്രധാനമാണ്. ദൗത്യ നിർവഹണ പൂർവകാല ജീവിത വിശുദ്ധി ദൗത്യവിജയത്തിന്റെ മൂലശിലകളിൽ പെട്ടതത്രെ.

സത്യസന്ധതയാണടിസ്ഥാനം

ശൈഖ് ജീലാനി(റ)ന്റെ ബാല്യ യൗവനങ്ങൾ ലക്ഷണമൊത്ത പ്രബോധകനെ രൂപപ്പെടുത്തുന്നതായിരുന്നു. കൊള്ളക്കാരുടെ മുന്നിലകപ്പെട്ടപ്പോഴും സത്യം പറഞ്ഞ സംഭവം പ്രസിദ്ധം. സത്യസന്ധതയുടെ ഗുണമെന്തെന്ന് അനുഭവത്തിലൂടെ അദ്ദേഹത്തിനന്ന് ബോധ്യമായി. അതിന്റെ പേരിൽ കൊള്ള സംഘം തൗബ ചെയ്യുകയുണ്ടായി. സത്യസന്ധതയാണ് വിജയത്തിന്റെയും ദഅ്‌വത്തിന്റെയും അടിസ്ഥാനമെന്നും വിദ്യാർത്ഥിയായ കാലത്ത് പോലും താൻ കളവ് പറഞ്ഞിട്ടില്ലെന്നും ശൈഖവർകൾ പറഞ്ഞിട്ടുണ്ട്.
നബി(സ്വ)യുടെ സത്യസന്ധത മക്കക്കരുടെ മുന്നിൽ ദഅ്‌വത്ത് നടത്തുമ്പോൾ എടുത്ത് കാണിക്കപ്പെട്ടു. ശൈഖവർകളുടെ പ്രബോധന ജീവിതത്തിലും സത്യസന്ധത അടിസ്ഥാനമായി.

അധ്യായനം

ദഅ്‌വയുടെ യോഗ്യതകളിൽ പ്രധാനമായ ജ്ഞാനസമ്പാദന വിഷയത്തിലും ശൈവർകൾ വ്യക്തിമുദ്ര പതിപ്പിച്ചത് കാണാം. തന്റെ ദൗത്യ നിർവഹണം ഫലപ്രദമാക്കാൻ ആവശ്യമായതെല്ലാം ശൈവർകൾ നേടി. ഖുർആൻ പഠിച്ച ശേഷം വിവിധ വിജ്ഞാന ശാഖകളിൽ വ്യുൽപത്തി കൈവരിച്ചു. ഖുർആൻ, ഹദീസ്, തഫ്‌സീർ, ഫിഖ്ഹ,് നഹ്‌വ്, ഭാഷ, സാഹിത്യം, ആത്മജ്ഞാനം തുടങ്ങി പതിമൂന്ന് വിജ്ഞാന ശാഖകളിൽ ശൈഖ് വ്യുൽപത്തി നേടിയിരുന്നു.
വിദ്യാർത്ഥി ജീവിത കാലത്ത് തന്നെ തന്റെ കഴിവുകൾ തിരിച്ചറിഞ്ഞ ഗുരുനാഥൻമാർ ക്‌ളാസെടുക്കാൻ അവസരങ്ങൾ നൽകി. വൻ ജനാവലി അതിൽ സംബന്ധിച്ചിരുന്നു. പ്രശസ്ത പണ്ഡിതൻ ഇബ്‌നുൽ ജൗസി അടക്കം അവരിലുണ്ടായിരുന്നു.

ഉദ്‌ബോധനം

പൊതുജനങ്ങൾക്കായി പ്രഭാഷണങ്ങളും നടത്തി. പ്രഭാഷണ സദസ്സുകളിൽ പങ്കെടുത്ത് ആത്മീയ ലോകത്തേക്ക് കടന്നുവരുന്നവരുടെ സംഖ്യ വലുതാണ്. ഒരു സദസ്സിൽ തന്നെ ധാരാളമാളുകൾ തൗബ ചെയ്ത് സൽവഴിയിലേക്ക് തിരിച്ചുവരുന്നു. അവർ പിന്നീട് ആത്മീയ ലോകത്തെ തിളക്കമുള്ള താരകങ്ങളായി മാറുന്നു.
ശൈഖ് അബുൽ ഫലാഹ് പിതാവിൽനിന്ന് ഉദ്ധരിക്കുന്നു: ഞാൻ ശൈഖ് അബ്ദുൽ ഖാദിർ(റ)ന്റെ സദസ്സിൽ പങ്കെടുത്തു. ശൈഖ് ബഖാ ഇബ്‌നു ബുത്വൂ, ശൈഖ് അബൂ സഈദിൽ ഖയ്‌ലുവീ, ശൈഖ് അലിയുബ്‌നുൽ ഹീതീ തുടങ്ങിയ മഹാഗുരുക്കൻമാരതിലുണ്ടായിരുന്നു. ശൈഖവ് പ്രഭാഷണത്തിൽ പറഞ്ഞു; ഞാൻ നിങ്ങളുടെ കൂട്ടത്തിലെ ഒരു സാധാരണ പ്രസംഗകനല്ല, ഞാൻ പ്രസംഗിക്കുന്നത് അല്ലാഹുവിന്റെ നിർദേശമനുസരിച്ചാണ്. അന്തരീക്ഷത്തിലുള്ള കുറെ ആളുകൾക്ക് വേണ്ടിയാണ് ഞാൻ പ്രസംഗിക്കുന്നത്. എന്നിട്ട് മഹാൻ തല മുകളിലേക്കുയർത്തി. ഞാനും വായുവിലേക്ക് നോക്കി. പ്രകാശത്താലുള്ള ധാരാളമാളുകളെ ഞാൻ കണ്ടു. അവർ ശൈഖവർകളെ ശ്രദ്ധിക്കുകയാണ്. അവരുടെ സാന്നിധ്യം കാരണം എനിക്ക് ആകാശം കാണാനായില്ല. അവർ വിനയാന്വിതരായി തലതാഴ്ത്തിയിരിക്കുകയാണ്. ചിലർ കരയുന്നു. ചിലർ ബേജാറിലാണ്. ചിലരുടെ വസ്ത്രങ്ങൾക്ക് തീ പിടിച്ചിരിക്കുന്നു. ഇത് കണ്ടപ്പോൾ എനിക്ക് സമനില തെറ്റി. ഞാൻ ഓടി ശൈഖിന്റെ അരികിലെത്തി (ബഹ്ജത്തുൽ അസ്‌റാർ).
ശൈഖവർകളുടെ പ്രഭാഷണങ്ങൾ ക്രോഡീകരിച്ച ഗ്രന്ഥങ്ങളുണ്ട്. ഫുതൂഹു ഗൈബ്, അൽഫത്ഹുർറബ്ബാനീ, ജലാഉൽ ഖാത്വിർ തുടങ്ങിയവ ഇതിൽ പെട്ടതാണ്. വിവിധ വിഷയങ്ങളിൽ സന്ദർഭോചിതം നടത്തിയ പ്രഭാഷണങ്ങളാണവയിൽ ക്രോഡീകരിച്ചിരിക്കുന്നത്.

ഫത്‌വ നൽകൽ

ശാഫിഈ-ഹമ്പലീ സരണികളിൽ അദ്ദേഹം ഫത്‌വ നൽകിയിരുന്നു. മദ്ഹബിൽ വലിയ വിജ്ഞാനത്തിനുടമയായെങ്കിലേ ഫത്‌വ നൽകാൻ സാധിക്കൂ. അതോടൊപ്പം അനിവാര്യ വിജ്ഞാന ശാഖകളിലും വ്യുൽപത്തി നേടണം. അതുകൊണ്ട് തന്നെ രണ്ട് മദ്ഹബിൽ ഫത്‌വ നൽകിയത് സമകാലിക പണ്ഡിതരിൽ കൗതുകം സൃഷ്ടിച്ചിരുന്നു. അവരുടെ ആലോചന കടന്നു ചെന്നിട്ടില്ലാത്ത മേഖലകളിൽ ആഴമേറിയ പാണ്ഡിത്യമായിരുന്നു ശൈഖവർകൾക്ക്. ദുർഗ്രഹവും സങ്കീർണവുമെന്നു തോന്നുന്ന വിഷയങ്ങളിലും സുതാര്യമായ വിവരണങ്ങൾ അദ്ദേഹം നൽകി.
ഇബ്‌നു ഖുദാമ പറയുന്നു: ഞാൻ ബഗ്ദാദിലെത്തിയപ്പോൾ ഇൽമിലും മഹത്ത്വത്തിലും ആത്മീയതയിലും മതകാര്യങ്ങൾ തീർപ്പു കൽപ്പിക്കുന്നതിലും ഉന്നതമായ നേതൃപദവിയിൽ എത്തിനിൽക്കുന്നതായി എനിക്ക് മനസ്സിലായി. ഒരു മതവിജ്ഞാന ദാഹിക്ക് എല്ലാ വിഷയങ്ങളിലും അവംലബിക്കാവുന്ന വിധം അദ്ദേഹം മഹാഗുരുവായിരുന്നു. എല്ലാ വിജ്ഞാന ശാഖകളും അദ്ദേഹത്തിൽ സമ്മേളിച്ചിരുന്നു.
ശൈഖവർകളുടെ പ്രശസ്തിയും മഹത്ത്വവും അറിഞ്ഞ നൂറ് കർമശാസ്ത്ര പണ്ഡിതന്മാർ അദ്ദേഹത്തിന്റെ വിജ്ഞാന വിശാലതയും ആഴവുമറിയാൻ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. വ്യത്യസ്തമായ ഓരോ മസ്അലകൾ ചോദിക്കാനായി അവർ കണ്ടെത്തി. എന്നിട്ട് ശൈഖവർകളെ സമീപിച്ചു. അവരുടെ ആവശ്യം അറിയിച്ചു. ശൈഖവർകൾ സമ്മതിക്കുകയും ചെയ്തു. അങ്ങനെ അവരോടൊപ്പം ഇരുന്നു. അൽപ സമയം തലതാഴ്ത്തി. ഈ സന്ദർഭത്തിൽ ശൈഖവർകളിൽ നിന്നും ഒരു പ്രകാശത്തിന്റെ പ്രസരണമുണ്ടായി. അത് മുന്നിലിരിക്കുന്ന പണ്ഡിതരെ തലോടി കടന്നുപോയി. അതോടു കൂടി അവർക്ക് ഒന്നും ചോദിക്കാനും പറയാനും കഴിയാതായി. അവർ ഉത്തരം മുട്ടി. തങ്ങൾക്ക് പറ്റിയ അബദ്ധവും അതിനെ തുടർന്നുണ്ടായ അപായവും ഓർത്ത് പൊട്ടിക്കരഞ്ഞു. തലപ്പാവും മറ്റും വലിച്ച് മാറ്റി. അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ശൈഖവർകൾ ശാന്തനായി തന്റെ ഇരിപ്പിടത്തിൽ ഇരുന്നു. എന്നിട്ട് അവരിൽ ഓരോരുത്തരുടെയും ഹൃദയത്തിൽ ഒളിച്ചുവച്ച ചോദ്യങ്ങൾ ഒരോന്നായി പറഞ്ഞു. അതിനുള്ള പ്രതിവിധി പറയുകയും ചെയ്തു. അങ്ങനെ അവരെല്ലാവരും അദ്ദേഹത്തിന്റെ മഹത്ത്വവും വിജ്ഞാനത്തിന്റെ ആഴവും മനസ്സിലാക്കി. ഇതായിരുന്നു അദ്ദേഹത്തിന്റെ വൈജ്ഞാനികവും ബുദ്ധിപരവുമായ കഴിവ്.

നവോത്ഥാന നായകൻ

ശൈഖ് ജീലാനി(റ)യെ കൊണ്ട് സാധിച്ച നവോത്ഥാനം സർവതല സ്പർശിയായിരുന്നുവെന്ന് കാണാം. യഥാർത്ഥത്തിൽ സമൂഹ പരിചരണമാണ് നവോത്ഥാനത്തിന്റെ പ്രത്യക്ഷഫലം. സമൂഹത്തിൽ പടർന്നതോ അവരെ പിടികൂടിയതോ ആയ നല്ലതല്ലാത്ത ശീലങ്ങളും നിലപാടുകളും മാറ്റിയെടുക്കലാണ് നവോത്ഥാനം. സമൂത്തിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും അംഗീകരിക്കാത്ത മതവാദികൾ പഴയതെല്ലാം നിരാകരിക്കലാണ് നവോത്ഥാനമെന്ന് ധരിച്ചു. ശൈഖവർകൾ അവരുടെ വാദങ്ങളിൽ നിന്ന് മുക്തനാണ്. അഹ്‌ലുസ്സുന്നയുടെ രജതരേഖ തെളിയിച്ച് കാണിച്ചു അദ്ദേഹം.

ബിദ്അത്തിനെതിരെ

ശൈഖ് ബിദ്അത്തിനെയും മുബ്തദിഉകളെയും വേർതിരിച്ചു കാണിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തി. കിതാബുൽ ഗുൻയത്തിൽ ബിദ്അത്തിന്റെ കക്ഷികളുമായി അകന്നു നിൽക്കാൻ ശക്തമായി ആഹ്വാനം ചെയ്തു. വ്യത്യസ്ത ആശയങ്ങൾ വെച്ചുപുലർത്തുന്ന പ്രധാന പുത്തൻവാദി ഗ്രൂപ്പുകളെ തിരിച്ചറിയാനുള്ള അടയാളങ്ങൾ അദ്ദേഹം വിവരിച്ചു. സമൂഹത്തിൽ ഉടലെടുക്കുന്ന പിഴച്ച പ്രസ്ഥാനങ്ങെളെ കുറിച്ച് നബി(സ്വ)തന്നെ മുന്നറിയിപ്പ നൽകിയിട്ടുണ്ടല്ലോ. ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട എഴുപത്തി രണ്ട് വിഭാഗത്തെയും എണ്ണിപ്പറഞ്ഞ് അവരകപ്പെട്ട അപകടത്തെ കുറിച്ചു സമൂഹത്തിന് കൃത്യമായ മാർഗദർശനമേകി.

ജീർണതകൾക്കെതിരെ

മത സാമൂഹിക രാഷ്ടീയ മേഖലകളിൽ പടർന്നതും കടന്ന കയറുന്നതുമായ ജീർണതകളെയും അതിവാദങ്ങളെയും തിരിച്ചറിഞ്ഞ ശൈഖവർകൾ സമൂഹത്തിൽ അതിന്റെ വ്യാപനമില്ലാതാക്കാനും ആവേശിച്ചവരെ സംസ്‌കരിച്ചെടുക്കാനും മാർഗങ്ങൾ സ്വീകരിച്ചു. ഇസ്‌ലാമിക പ്രമാണങ്ങളും ആദ്യകാല ഇസ്‌ലാമിക സമൂഹത്തിന്റെ ജീവിതവും ഉപജീവിച്ച് കൃത്യവും കണിശവുമായ സംരക്ഷണം ഏർപ്പെടുത്തി. ഖാദിരിയ്യ ത്വരീഖത്ത് എന്നറിയപ്പെടുന്നതും ലോകവ്യാപകമായി പ്രചാരത്തിലുള്ളതുമായ ആത്മീയ സരണിയും അതിന്റെ കൈവഴികളും സമൂഹത്തിൽ സ്വീകാരം നേടി. അച്ചടക്കവും ആത്മീയതും സംരക്ഷിക്കുന്നതോടൊപ്പം ഇസ്‌ലാമിക ആദർശങ്ങളും ആശയങ്ങളും കൈമാറ്റം ചെയ്യുന്നതിലും വലിയ പങ്ക് നിർവഹിച്ചു.
ഇങ്ങനെ പ്രബോധന പ്രധാനമായ എല്ലാ മേഖലകളിലും ദഅ്‌വാ പ്രവർത്തകർക്ക് മാതൃകയും വഴികാട്ടിയുമായി വർത്തിച്ചു മഹാൻ. യഥാർത്ഥ ഖാദിരിയ്യ ത്വരീഖത്തിലൂടെയും ശൈഖിന്റെ ഗ്രന്ഥ പാരായണത്തിലൂടെയും ആത്മീയയുടെ മോക്ഷം പ്രാപിക്കാൻ തലമുറകൾക്ക് സാധിക്കുന്നു. ആത്മീയ നാട്യങ്ങളല്ലെന്നും വ്യാജ ത്വരീഖത്തുകൾക്ക് പിറകെ പോകലല്ലെന്നും ബോധ്യപ്പെടുത്തുന്നതാണ് മഹാന്റെ ജീവിത സന്ദേശം.

അലവിക്കുട്ടി ഫൈസി എടക്കര

 

 

Exit mobile version