ശൈഖ് രിഫാഈ(റ): ആത്മീയ മാർഗത്തിലെ വിളക്കുമാടം

Shaikh Rifaee R -malayalam

നാല് ഖുതുബുകളിൽ രണ്ടാം സ്ഥാനക്കാരനാണ് സാത്വിക പണ്ഡിതനായ ശൈഖ് അഹ്മദുൽ കബീർ അർരിഫാഈ(റ). ആയിരങ്ങളെ ആത്മീയതയുടെ പാതയിലെത്തിച്ച് മാതൃകായോഗ്യരാക്കിയ മഹാഗുരു. മൊറോക്കോയിലെ ഇബ്ശീലിയയിൽ നിന്ന് ഇറാഖിലെത്തിയ രിഫാഈ കുടുംബത്തിലാണ് ശൈഖ് ജനിച്ചത്. മാതാവ് മദീനയിലെ അൻസ്വാറുകളിൽ നിന്നും ഇറാഖിലെത്തിയ ബനുന്നജ്ജാർ കുടുംബക്കാരി. സംശുദ്ധമായ പരമ്പരയിൽ സാത്വികരായ പിതാമഹൻമാരുടെ പിൻഗാമിയായി പിറന്നു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ കർത്തവ്യ നിർവഹണത്തിനും സ്തുത്യർഹമായ സേവനത്തിനുമിടയിൽ ആത്മീയത കളങ്കപ്പെടാതെ പരിപോഷിച്ചവരായിരുന്നു മാതൃപിതൃ കുടുംബങ്ങൾ.

പിതാവ് അബുൽ ഹസൻ അലി(റ), ഹുസൈൻ(റ) വഴി നബി(സ്വ)യിലെത്തുന്നു. ശൈഖ് രിഫാഈ(റ)യുടെ പിതാമഹൻ അബൂഅഹ്മദ് യഹ്‌യ(റ). മൊറോക്കോയിൽ നിന്ന് ഹിജാസിലേക്കും പിന്നീട് ഇറാഖിലേക്കും കുടിയേറി. അബ്ബാസീ ഖലീഫ അബൂജഅ്ഫറിന്റെ കാലത്ത് ഹിജ്‌റ 450-ലായിരുന്നു ഈ കുടിയേറ്റം. സുപ്രസിദ്ധ സാത്വികനും ശാഫിഈ പണ്ഡിത പ്രതിഭയുമായ ശൈഖ് അബ്ദുൽ അസീസ് അദ്ദൈറയ്‌നി(റ) ഗായതുത്തഹ്‌രീർ എന്ന ഗ്രന്ഥത്തിൽ യഹ്‌യ(റ)യുടെ ഇറാഖ് വാസത്തെയും അവിടെ നിർവഹിച്ച ചരിത്രപരമായ ദൗത്യവും വിവരിച്ചതു കാണാം. ബിദ്അത്തുകാരും രാഷ്ട്രീയ ദുർമോഹികളും മതവിരുദ്ധരുമായ ചിലർ ബഗ്ദാദിനെ താറുമാറാക്കിയ ഘട്ടമായിരുന്നു അത്. ഈ സന്ദർഭത്തിലാണ് നബി(സ്വ)യുടെ സന്താന പരമ്പരയിൽ പെട്ട സാത്വികനും സമർത്ഥനുമായ ഒരു പണ്ഡിത ശ്രേഷ്ഠൻ ഇറാഖിലേക്ക് വരുന്നത്. ഖലീഫ അദ്ദേഹത്തെയും കുടുംബത്തെയും ആദരപൂർവം സ്വീകരിച്ചു. അദ്ദേഹത്തിന്റെ പിതൃവ്യ പുത്രൻ സയ്യിദ് ഹസൻ എന്നവരും കൂട്ടത്തിലുണ്ടായിരുന്നു.

യഹ്‌യ(റ)യെയും കുടുംബത്തെയും ബഗ്ദാദിൽ ഭരണതലസ്ഥാനത്തേക്ക് ഖലീഫ ക്ഷണിച്ചു. ആദരപൂർവം പെരുമാറി. വീടും പരിചാരകരെയും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി. തന്റെ വസതിയിലേക്ക് ക്ഷണിക്കുകയും അവർ വന്നപ്പോൾ പുറത്തിറങ്ങി സ്വീകരിച്ചാനയിക്കുകയും കൂടെയിരുത്തി പ്രത്യേക പരിഗണ നൽകുകയും ചെയ്തു. കുശലാന്വേഷണത്തിനു ശേഷം ഖലീഫ തന്റെ ആഗ്രഹമറിയിച്ചു. പുത്തൻവാദികളും കലാപകാരികളും താറുമാറാക്കിയ സ്ഥലങ്ങളിൽ ജനങ്ങൾക്ക് ആത്മവിശ്വാസം പകരുകയും അവരെ സത്യസരണിയിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്നതിന് താങ്കൾ മുന്നിൽ നിന്നു പ്രവർത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. നാട്ടിൽ ഉടലെടുത്ത അസ്വസ്ഥതകളും അനൈക്യ പ്രവണതകളും അവസാനിപ്പിക്കാൻ നബികുടുംബത്തിൽ നിന്നുള്ള ഒരു പണ്ഡിതന് സാധിക്കുമെന്ന ഖലീഫയുടെ കണക്കു കൂട്ടലുകൾ കൃത്യമായിരുന്നു.

ഔദ്യോഗിക നിയോഗം

വാസിത്വിലും ബസ്വറയിലും ബത്വാഇഹിലും നിലനിന്നിരുന്ന സംഘർഷാവസ്ഥയും വിവാദങ്ങളും അദ്ദേഹം അവസാനിപ്പിച്ചു. ഈ പ്രദേശങ്ങളിലെ ചുമതലയേൽപിച്ച് കൈമാറിയ രേഖയിൽ ഇങ്ങനെ വ്യക്തമാക്കിയിരുന്നു: അങ്ങ് അവരോട് നിർദേശിക്കുക. അത് നടപ്പിലാകുന്നതും സ്വീകരിക്കപ്പെടുന്നതുമാണ്. കേന്ദ്രത്തിലേക്ക് അങ്ങുയർത്തുന്നതെല്ലാം ഇവിടെയും സ്വീകാര്യമായിരിക്കും. അതടിസ്ഥാനത്തിൽ കാര്യങ്ങൾ നടപ്പാക്കപ്പെടുന്നതുമാണ് (ഇർശാദുൽ മുസ്‌ലിമീൻ).

ബസ്വറയിൽ ഉദ്യോഗത്തിലിരിക്കുന്ന കാലത്താണ് പ്രസിദ്ധ സാത്വികൻ അൽഹസനുന്നജ്ജാരിൽ അൻസ്വാരിയുടെ പുത്രി അലമ് എന്ന മഹതിയെ വിവാഹം ചെയ്യുന്നത്. അതിൽ പിറന്ന സന്തതിയാണ് ശൈഖ് രിഫാഈ(റ)ന്റെ പിതാവ് അലി അബുൽ ഹസൻ. കുഞ്ഞ് പിറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ പിതാവ് യഹ്‌യ(റ) വഫാത്തായി. അമ്മാവൻമാരായ അൻസ്വാരികളാണ് പിന്നീടദ്ദേഹത്തെ സംരക്ഷിച്ചത്. മാതൃസഹോദരിയുടെ മക്കൾ പ്രദേശത്തെ ഔദ്യോഗിക ചുമതലകളുള്ളവരായിരുന്നു. അൻസ്വാരികളും അഹ്‌ലുബൈത്തും ഇഴപിരിഞ്ഞ ജീവിത പശ്ചാത്തലമായിരുന്നു പിതാവിന്റേത്. ഭരണ സൗകര്യവും ചുമതലകളും ഉണ്ടായിട്ടും പരിക്കൊന്നുമേൽക്കാത്ത ആത്മീയ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ സാധിച്ചു രിഫാഈ(റ)ന്റെ പിതാവിനും പിതാമഹനുമെല്ലാം.

ബത്വാഇഹിലേക്ക്

തന്റെ അമ്മാവനും ഗുരുവുമായ ശൈഖ് യഹ്‌യന്നജ്ജാരിയുമായി സഹവസിക്കുന്ന കാലത്താണ് ശൈഖ് മൻസൂർ(റ)യുടെ നിർദേശമനുസരിച്ച് ബസ്വറയിൽ നിന്ന് ബത്വാഇഹിലേക്ക് താമസം മാറ്റിയത്. ശൈഖ് മൻസൂറിന്റെ ഈ തീരുമാനം തികച്ചും ലക്ഷ്യാധിഷ്ഠിതമായിരുന്നുവെന്നതാണ് ചരിത്രസാക്ഷ്യം. ശൈഖ് മൻസൂറിന്റെ പിൻഗാമിയായി നിയോഗിതനാവാനാവശ്യമായ പരിശീലനത്തിന് നാഥനൊരുക്കിയ ക്രമീകരണമായിരുന്നു അത്.

ഹിജ്‌റ 497-ൽ അലി അബുൽ ഹസൻ(റ) ബത്വാഇഹിൽ താമസമാക്കി. ശൈഖ് മൻസൂറിന്റെ സഹോദരിയും അമ്മാവന്റെ പുത്രിയുമായ ഫാതിമതുൽ അൻസ്വാരിയ്യ എന്ന സച്ചരിതയെ വിവാഹം കഴിച്ചു. ഈ ദാമ്പത്യത്തിലാണ് അഹ്മദുൽ കബീർ അർരിഫാഈ(റ), സിത്തുന്നസബ്, സയ്യിദ് ഇസ്മാഈൽ, സയ്യിദ് സൈഫുദ്ദീൻ, സയ്യിദ് ഉസ്മാൻ എന്നിവർ ജനിച്ചത്. ബത്വാഇഹിൽ ശൈഖ് മൻസൂറിന്റെ താമസസ്ഥലത്തിനടുത്തുള്ള ഹസൻ എന്നറിയപ്പെടുന്ന ഗ്രാമത്തിലാണ് ശൈഖ് അലി(റ) താമസിച്ചിരുന്നത്. ആത്മീയ പ്രഭാവവും സാത്വിക ജീവിതവും പാണ്ഡിത്യവും കൊണ്ട് സമകാലികരിൽ സ്വാധീനം നേടാനദ്ദേഹത്തിനായി. പിതാവിന്റെ കാലത്തെന്ന പോലെ പുത്തൻവാദികളും മതവിരോധികളും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിന് അദ്ദേഹവും സാക്ഷിയായി. അങ്ങനെ ജനങ്ങളുടെ നിർബന്ധം മാനിച്ച് ഖലീഫയെ കാര്യം ധരിപ്പിക്കാനായി ബഗ്ദാദിലേക്ക് തിരിച്ചു.

അദ്ദേഹം ബഗ്ദാദിലെത്തും മുമ്പ് വാസ്വിത്വിലെ ഖലീഫയുടെ പ്രതിനിധി ഖലീഫയെ ചില കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. അങ്ങയെ കാണാൻ വരുന്ന അലി അബുൽ ഹസൻ മഹാസാത്വികനും പണ്ഡിതനും ഇപ്പോൾ ആവശ്യമായ ബിദ്അത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ യോഗ്യതയുള്ളവരുമാണെന്നായിരുന്നു അത്. ബഗ്ദാദിലെത്തിയ അലി(റ)വിനെ അമീർ മാലിക്ബ്‌നുൽ മുസയ്യബ് ആദരപൂർവം സ്വീകരിച്ചു. മാന്യമായി താമസിപ്പിച്ചു. അൽപ ദിവസം കഴിഞ്ഞ് ഖലീഫയെ സമീപിച്ചപ്പോൾ പുത്തൻവാദികൾക്കും മതവിരുദ്ധർക്കും എതിരെ പ്രവർത്തിക്കാൻ അഭ്യർത്ഥിക്കുകയുണ്ടായി. അദ്ദേഹം ആ ദൗത്യമേൽക്കുന്നതിനു പകരം വിഷയത്തിന്റെ ഗൗരവം ഖലീഫയെ ബോധ്യപ്പെടുത്താനായി ഇങ്ങനെ പറഞ്ഞു: ബിദ്അത്തിന്റെ മൂക്കരിഞ്ഞില്ലെങ്കിൽ അവർ അങ്ങയെ വളയും. ബിദ്അത്തുകാർ പലരുടെയും മൂക്കരിഞ്ഞവരാണല്ലോ (ഇർശാദുൽ മുസ്‌ലിമീൻ).

സംസാരം അവിടെ അവസാനിപ്പിച്ച് അലി(റ) താൻ താമസിക്കുന്ന വീട്ടിലേക്കു തിരിച്ചുവന്നു. ഏൽപിക്കപ്പെടുന്ന ദൗത്യത്തിന്റെ കാഠിന്യമോർത്തായിരിക്കണം, മാനസികമായി അസ്വസ്ഥനായാണദ്ദേഹം മടങ്ങിയത്. അന്നു രാത്രി തന്നെ ശക്തമായ പനി പിടികൂടുകയും ഒരാഴ്ച കഴിഞ്ഞപ്പോൾ വഫാത്താവുകയും ചെയ്തു. അമീർ മാലിക് ബ്‌നുൽ മുസയ്യബ് അദ്ദേഹത്തിന്റെ മഹത്ത്വം പരിഗണിച്ച് ഖബറിനു മീതെ മഖാം നിർമിക്കുകയുണ്ടായി. ശൈഖ് അലി(റ) സൂചിപ്പിച്ചത് പോലെ പത്തു വർഷത്തിനു ശേഷം ഖലീഫ മുസ്തർശിദിന്റെ മൂക്ക് ബിദ്അത്തുകാരായ നിഗൂഢവാദികൾ (ബാത്വിനികൾ) അരിഞ്ഞെടുത്തു.

രിഫാഈയുടെ ജനനം

ഹിജ്‌റ 512-ലായിരുന്നു ശൈഖവർകളുടെ ജനനം. റജബ് മാസത്തിലെ ഒരു വ്യാഴാഴ്ച ഉമ്മുഉബൈദ എന്ന പ്രദേശത്തായിരുന്നു അത്. ജനനത്തിനു മുമ്പ്തന്നെ പല സൂചനകളും പല മഹത്തുക്കളിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അൽഹാഫിള് ഇമാം അലി അബുൽ ഹസനിൽ വാസ്വിത്വി അശ്ശാഫിഈ(റ) എഴുതി: ശൈഖിന്റെ ജനനത്തിനു വർഷങ്ങൾക്കു മുമ്പുതന്നെ മഹാൻമാരായ ഔലിയാക്കളും ഉത്തമരായ സാത്വികരും ജന്മ സംബന്ധമായ സന്തോഷ വാർത്ത സഹോദരങ്ങൾക്ക് നൽകുകയുണ്ടായി. ശൈഖിന്റെ ആദരവും മഹത്ത്വവും അംഗീകരിക്കണമെന്നും ഉപദേശിച്ചു. താജുൽ ആരിഫീൻ ശൈഖ് അബുൽ വഫാ, കൻസുൽ ആരിഫീൻ ശൈഖ് അഹ്മദ് ബ്‌നു ഖമീസ്, ശൈഖ് അബൂബക്‌രിൽ അൻസ്വാരി അന്നജ്ജാരി, ശൈഖ് മൻസൂരിൽ ബത്വാഇഹി തുടങ്ങിയ പ്രസിദ്ധ സാത്വികരും പണ്ഡിതരും ഇവ്വിധം മുന്നറിയിപ്പ് നൽകിയിരുന്നു (ഖുലാസ്വതുൽ ഇക്‌സീർ).

നബി(സ്വ)യുടെ സുവാർത്ത

അക്കാലത്തെ ആത്മജ്ഞാനികളുടെ നേതാവും പണ്ഡിതനും സാത്വികനുമായ ശൈഖ് മൻസൂറുൽ ബതാഇഹി അർറബ്ബാനി(റ)യെ ഉദ്ധരിച്ച് ചരിത്രകാരൻമാർ രേഖപ്പെടുത്തി: ശൈഖ് മൻസൂർ തിരുനബി(സ്വ)യെ സ്വപ്നത്തിൽ ദർശിച്ചു. നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: മൻസൂർ, 40 നാൾ കഴിയുമ്പോൾ നിങ്ങളുടെ സഹോദരിക്ക് ഒരു കുഞ്ഞ് പിറക്കും. അവന്റെ പേര് അഹ്മദ് കബീർ എന്നായിരിക്കും. ഞാൻ അമ്പിയാക്കളുടെ നേതാവെന്ന പോലെ അവൻ ഔലിയാക്കളുടെ നേതാവാകും. കുഞ്ഞ് വലുതായാൽ ശൈഖ് അലിയ്യുൽ ഖാരി അൽവാസിത്വിയുടെ അടുക്കൽ കൊണ്ടാക്കണം. അല്ലാഹുവിന്റെയടുക്കൽ വലിയ മഹത്ത്വമുള്ളയാളാണദ്ദേഹം. അതിനാൽ നിങ്ങൾ അശ്രദ്ധ കാണിക്കരുത്. ശൈഖ് അബൂമൻസൂർ അപ്പോൾ നബി(സ്വ)യോട് പറഞ്ഞു: യാ റസൂലല്ലാഹ്, അങ്ങ് നിർദേശിച്ചത് പോലെ പ്രവർത്തിച്ചോളാം (ഖിലാദതുൽ ജവാഹിർ).

സ്വപ്ന ദർശനത്തിന്റെ പ്രതീക്ഷയിൽ സഹോദരിയുടെ പ്രസവം ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു ശൈഖ് മൻസൂറുൽ ബത്വാഇഹി(റ). പ്രവചിത ദിവസംതന്നെ പ്രസവം നടന്നു. പ്രസവ സമയത്ത് തനിക്ക് അനുഭവപ്പെട്ട അത്ഭുതം അവർ സഹോദരനെ അറിയിക്കുകയുണ്ടായി. പ്രസവിച്ചയുടൻ പൈതൽ അക്ഷര വ്യക്തതയോടെ എന്തോ പറയുന്നതായി അവർക്കു മനസ്സിലായി. ചില അക്ഷരങ്ങൾ ഗ്രഹിക്കാനായെങ്കിലും സഹോദരിക്കത് കൃത്യമായി ഉൾക്കൊള്ളാനായില്ല. വിവരമറിഞ്ഞ് ശൈഖ് മൻസൂർ(റ) സഹോദരി പ്രസവിച്ച വീട്ടിലേക്കു ചെന്നു. കുഞ്ഞ് പറയുന്നത് ‘സുബ്ഹാന മൻ സ്വവ്വറകും ഫ അഹ്‌സന സ്വുവറകും'(നിങ്ങളെ നല്ല രൂപത്തിൽ സൃഷ്ടിച്ച നാഥനെ ഞാൻ വാഴ്ത്തുന്നു) എന്നാണെന്ന് മനസ്സിലായി. ഇത് കേട്ടതും ശൈഖവർകൾ ശുക്‌റിന്റെ സുജൂദിലായി വീഴുകയും ‘അൽഹംദുലില്ലാഹില്ലദീ ജഅല ജൗഹറ അഹ്‌ലില്ലാഹി ഫീ ഹാദൽ ബൈത്'(അല്ലാഹുവിന്റെ ആളുകളിലെ മുത്തിനെ ഈ വീട്ടിൽ ജനിപ്പിച്ച നാഥനാണ് സർവ സ്തുതിയും) എന്നു പറയുകയും ചെയ്തു (ഇർശാദുൽ മുസ്‌ലിമീൻ).

മുലകുടി പ്രായത്തിൽതന്നെ കുട്ടിയിൽ മഹത്ത്വത്തിന്റെ പ്രകടമായ അടയാളങ്ങൾ ദൃശ്യമായിരുന്നു. ആത്മീയമായി താൻ പ്രാപിക്കുന്ന ഔന്നത്യത്തിലേക്ക് സൂചന നൽകുന്നതായിരുന്നു അവ. സാത്വികനായ അബൂബക്‌റുബ്‌നു അബ്ദില്ലാഹിൽ ഐദറൂസിൽ അദനിയുടെ അന്നജ്മുസ്സാഈ ഫീ മനാഖിബിൽ ഖുത്വ്ബിൽ കബീർ അർരിഫാഈയെ ഉദ്ധരിച്ച് ഡോ. ജൗദതുൽ മഹ്ദീ എഴുതുന്നു: അഹ്മദ്(റ)ന് സച്ചരിതയായ ഒരു സ്ത്രീ മുലയൂട്ടിയിരുന്നു. ഒരു നാൾ അവർ പാൽ നൽകാൻ ശ്രമിച്ചപ്പോൾ കുട്ടി കുടിക്കാൻ കൂട്ടാക്കിയില്ല. കാരണമെന്തെന്ന് നിരീക്ഷിച്ചപ്പോൾ പ്രകടമായ കുറ്റമൊന്നും കണ്ടെത്തിയുമില്ല. പിന്നീടാണ് തനിക്കപ്പോൾ വുളൂഇല്ലാത്തതായിരിക്കും കാരണമെന്ന നിഗമനത്തിലെത്തുന്നത്. വുളൂ ഇല്ലാത്തതിനാൽ പോറ്റുമ്മയിൽ നിന്ന് പാൽ സ്വീകരിക്കാതിരിക്കാൻ വരെ പ്രാപ്തനായി ചെറുപ്പത്തിലേ അല്ലാഹു സംരക്ഷണമേകി (ബിഹാറുൽ വിലായത്തിൽ മുഹമ്മദിയ്യ, പേ. 414).

റമളാനിലെ പകൽ സമയങ്ങളിൽ പാൽ കുടിച്ചിരുന്നില്ല എന്നും നിവേദനം ചെയ്യപ്പെട്ടതു കാണാം. ശൈഖ് അബുൽ മലികിൽ വാസിത്വി(റ) തന്റെ സഹോദരിയും ഭക്തയുമായ ഉമ്മുസ്സുഊദിനെ ഉദ്ധരിക്കുന്നു: സയ്യിദ് അഹ്മദ്ബ്‌നു സയ്യിദ് അബുൽ ഹസൻ റമളാനിൽ ഇഫ്ത്വാറിന്റെ സമയമായാലല്ലാതെ പാൽ കുടിക്കുമായിരുന്നില്ല. ഉമ്മയിൽ നിന്നു മാത്രമല്ല ഏതു സ്ത്രീയിൽ നിന്നും അങ്ങനെ തന്നെ. ഞങ്ങൾ വേറെ സ്ത്രീകളുടെ മടിയിൽ കിടത്തി പാൽ കുടിപ്പിക്കാൻ തുനിഞ്ഞപ്പോഴും അതായിരുന്നു അനുഭവം (ഇർശാദുൽ മുസ്‌ലിമീൻ).

വിദ്യാഭ്യാസം

കുടുംബ സാഹചര്യം തന്നെ ആത്മീയതയിൽ ചാലിച്ച ജീവിതത്തിനനുകൂലമായിരുന്നു. ജൻമ സിദ്ധമായ സവിശേഷതകൾ കൂടി ചേർന്നപ്പോൾ മഹദ്ജീവിതത്തിനാവശ്യമായ എല്ലാ അടിസ്ഥാന യോഗ്യതകളും മേളിച്ചു. ജന്മനാടായ ഹസനിൽ വച്ച് പിതാവിന്റെ ജീവിത കാലത്ത്തന്നെ ഖുർആൻ മനഃപാഠമാക്കി. പ്രദേശത്തെ പ്രസിദ്ധ സ്വൂഫിവര്യനും ഖുർആൻ പാരായണശാസ്ത്ര നിപുണനുമായ അബ്ദുസ്സമീഉൽ ഹർബൂനിയ്യ്(റ)യായിരുന്നു ഖുർആനിലെ ഗുരു. പിതാവിന്റെ മരണവേളയിൽ ശൈഖവർകൾക്ക് ഏഴ് വയസ്സായിരുന്നു പ്രായം. സഹോദരിയെയും സന്താനങ്ങളെയും കൂടുതൽ ശ്രദ്ധിക്കുന്നതിനായി ശൈഖ് മൻസൂർ(റ) അവരെ തന്റെ പ്രവർത്തന കേന്ദ്രത്തിനടുത്തേക്ക് കൊണ്ടുവന്നു. അവിടെ ഒരു വീട് സജ്ജീകരിച്ച് അതിൽ താമസിപ്പിച്ചു. ഖുർആൻ പാരായണവും ഹിഫ്‌ളും പൂർത്തിയാക്കിയപ്പോൾ നബി(സ്വ)യുടെ സ്വപ്‌നേനയുള്ള നിർദേശം പാലിക്കാൻ അദ്ദേഹം തീരുമാനിച്ചു. കുട്ടിയെ പണ്ഡിത ശ്രേഷ്ഠൻ ശൈഖ് അലിയ്യുൽഖാരി അൽവാസിത്വി(റ)യുടെ അടുത്തേൽപിക്കാനായി ചെന്നു. കുട്ടിയെ കണ്ടപ്പോൾതന്നെ ശൈഖ് അലി(റ) ആദരപൂർവമാണ് പെരുമാറിയത്. അദ്ദേഹം ശൈഖ് മൻസൂറിനോട് പറഞ്ഞു: ‘ഈ കുട്ടി നാളെ സമൂഹത്തിന്റെ നേതാവാകുമെന്നാണ് എനിക്കു തോന്നുന്നത്. എല്ലാവരുടെയും ആശ്രയവും അവലംബവുമായി ഇവൻ മാറും.’ എന്നിട്ട് അദ്ദേഹം കുട്ടിയുടെ ഗുണത്തിനായി പ്രാർത്ഥിച്ചു.

പാഠശാലയിലും പരിചരണത്തിലും കുട്ടിക്ക് ശൈഖ് പ്രത്യേക പരിഗണന നൽകി. ശിഷ്യഗണങ്ങളിൽ വ്യതിരിക്തമായ സവിശേഷ വ്യക്തിത്വം പ്രകടമാക്കി ശൈഖവർകൾ വളർന്നു. ശരീഅത്തിന്റെ വിവിധ ജ്ഞാന ശാഖകളും ഹദീസുകളും മനഃപാഠമാക്കി. ഗുരുനാഥനും സഹപാഠികൾക്കും സമകാലികർക്കും  പ്രിയങ്കരനായി വളർന്നു.

സഹപാഠികളെയും ഗുരുനാഥന്മാരെയും വിസ്മയിപ്പിക്കുന്ന വിധമായിരുന്നു ശൈഖവർകളുടെ പഠനകാലമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. അബുൽ ഹസനിൽ വാസിത്വി(റ) സയ്യിദ് ഇബ്‌റാഹീമുൽ അഅ്‌സബ്(റ)യിൽ നിന്ന് ഉദ്ധരിച്ചു: ശൈഖ് അഹ്മദ്(റ) വാസിത്വിൽ വച്ച് ഖുർആൻ പഠിക്കുകയും കർമശാസ്ത്ര പണ്ഡിത മഹത്തുക്കളുടെ ദർസിൽ പങ്കെടുക്കുകയും ചെയ്തു. ശാന്തനായി സാകൂതം ദർസ് ശ്രവിക്കുന്ന അദ്ദേഹത്തിന് ക്ലാസ് കഴിയുമ്പോഴേക്ക് കേട്ടതെല്ലാം മനഃപാഠമായിരിക്കും. ഗുരു ഏത് വിധമാണോ വിവരിച്ചത് ആ വിധത്തിൽതന്നെ വിശദീകരിക്കാനും പ്രാവീണ്യം നേടിയിട്ടുണ്ടാവും. അത്രക്കായിരുന്നു ഓർമ ശക്തി. സഹപാഠികൾക്ക് ഗുരുവിന്റെ വിവരണം ഒന്നും നഷ്ടപ്പെടാതെ അദ്ദേഹം പിന്നീട് വിശദീകരിച്ചുകൊടുക്കും. അവരും അത്ഭുതം കൂറും. ഇക്കാര്യം അവർ ഗുരുനാഥനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘അല്ലാഹു കയ്യും കണക്കുമില്ലാതെ അനുഗ്രഹം ചൊരിഞ്ഞ വിജയിയായ മനുഷ്യനാണിത്.’

ഇബ്‌റാഹീമുൽ അഅ്‌സബി(റ) തുടരുന്നു: ഹദീസ് ക്ലാസിൽ ശൈഖവർകൾ പങ്കെടുത്താൽ കേൾക്കുന്ന ഹദീസുകളെല്ലാം ഹൃദയത്തിൽ അങ്ങനെതന്നെ കൊണ്ടുവെക്കുന്നതു പോലെയാണ്. അതിൽ നിന്ന് ഒരക്ഷരം പോലും മറന്നു പോവുകയില്ല (ഖുലാസ്വതുൽ ഇക്‌സീർ).

ശൈഖ് അലിയ്യുൽ ഖാരീ വാസിത്വിയുടെ ശിക്ഷണ പരിചരണം മഹാനെ എല്ലാ തലങ്ങളിലും ഉന്നതി പ്രാപിക്കുന്നതിന് അടിസ്ഥാനമായി. നബി(സ്വ)യുടെ നിർദേശ പ്രകാരം സ്വീകരിച്ച ഗുരുവര്യരായിരുന്നല്ലോ അദ്ദേഹം. ശൈഖ് അബൂബക്‌റിൽ വാസിത്വി(റ)യുടെ അടുത്തു നിന്നും ഏതാനും കാലം പഠിച്ചു. അബൂഇസ്ഹാഖുശ്ശീറാസി(റ)യുടെ തൻബീഹ് എന്ന കർമശാസ്ത്ര ഗ്രന്ഥവും ശൈഖ് ഹൃദിസ്ഥമാക്കി. ശൈഖ് അബ്ദുൽ മലികിൽ ഹർബൂനിയിൽ നിന്നും പഠനം നടത്തിയത് ഉപരി വിവരിച്ചു. തന്റെ അമ്മാവനും സംരക്ഷണമേറ്റെടുത്തവരുമായ ശൈഖ് മൻസൂർ അർറബ്ബാനി(റ)യിൽ നിന്ന് കൂടുതൽ ആത്മീയ ശിക്ഷണം നേടി. അമ്മാവന്റെ പർണശാലയിൽ ശൈഖവർകൾ പഠന കാലത്ത് തന്നെ ഇടക്കിടെ പോകുമായിരുന്നു.

ഒരു സമയവും നഷ്ടമാക്കാതെ പഠനത്തിലും ഗുരുസമ്പർക്കത്തിലും ചെലവഴിച്ചു അദ്ദേഹം. ഇത് മൂലം ശൈഖിന് അല്ലാഹുവിന്റെ അനുഗ്രഹ കടാക്ഷം ഏറെ ലഭിക്കുകയുണ്ടായി. വിവിധ വിജ്ഞാന ശാഖകളിൽ പഠിച്ചതിനപ്പുറം അവഗാഹം ആർജിക്കാൻ ഇതു നിമിത്തമായി. അങ്ങനെ ഗുരുനാഥർ പോലും അദ്ദേഹത്തെ ഗുരുവായി സ്വീകരിക്കുന്ന സ്ഥിതി സംജാതമായി. വിഷയങ്ങളിൽ അവ്യക്തതകളുണ്ടായാൽ ശൈഖവർകളെ അവർ സമീപിക്കുമായിരുന്നു. ശിഷ്യൻ പ്രാപിച്ച മഹത്ത്വത്തെ ഗുരുക്കൻമാർ വാഴ്ത്തുകയായിരുന്നു ഇതിലൂടെ. വിവിധ വിജ്ഞാനശാഖകളിൽ അന്തിമ വാക്കായി അദ്ദേഹത്തിന്റെ ഫത്‌വകൾ പരിഗണിക്കപ്പെട്ടു.

ഇജാസത്തും ഖിർഖത്തും

ഒരു വ്യാഴവട്ടത്തോളം നീണ്ടുനിന്ന ശൈഖ് അലി(റ)വിന്റെ പരിചരണവും മറ്റു ഗുരുനാഥൻമാരുമായുള്ള സമ്പർക്കവും ശൈഖ് അഹ്മദ്(റ)നെ ദൗത്യനിർവഹണത്തിന് യോഗ്യനാക്കി. ശിഷ്യരുടെ യോഗ്യത തിരിച്ചറിയുന്നത് ഗുരുനാഥന്മാരായിക്കുമല്ലോ. പ്രധാന ഗുരു ശൈഖ് അലി അൽവാസിത്വി(റ) ശിഷ്യന് അംഗീകാരത്തിന്റെയും അനുമതിയുടെയും പട്ടമണിയിക്കാൻ തീരുമാനിച്ചു. ശൈഖവർകൾക്ക് ഇരുപത് വയസ്സായിരുന്നു അന്ന് പ്രായം. ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും എല്ലാ വിജ്ഞാനശാഖകളിലും പൊതുവായ ഇജാസത്ത് നൽകി. വിശേഷപ്പെട്ട തന്റെ ഖിർഖ(സ്ഥാന വസ്ത്രം) അണിയിച്ചു. പ്രശംസിച്ചു പറയുകയും ഉന്നത സ്ഥാനം പ്രഖ്യാപിക്കുകയും ചെയ്തു. ‘അബുൽ അലമൈൻ’ എന്ന അപരനാമം വിളിച്ചു. സ്വന്തം തീരുമാന പ്രകാരമല്ല, ആത്മീയമായി ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെല്ലാം. ശിഷ്യന്റെ മഹത്ത്വം കൂടുതൽ മനസ്സിലാക്കാനും ഈ ആത്മീയ നിർദേശം സഹായകമായി. പ്രത്യക്ഷവും ഗുപ്തവുമായ ആത്മിക ജ്ഞാനങ്ങളുടെ വക്താവും ദുൻയാവിന്റെയും ആഖിറത്തിന്റെയും കാര്യങ്ങളുടെ വിജയ കവാടവുമാണ് ശിഷ്യനെന്നും അതോടെ ഗുരു തിരിച്ചറിഞ്ഞു (ഇർശാദുൽ മുസ്‌ലിമീൻ). യഥാർത്ഥ സ്രോതസ്സുകളിൽ നിന്നും യോഗ്യരായ ഗുരുക്കളിൽ നിന്നും ആവോളം അറിവു നുകരാനും അവരുടെയെല്ലാം പൊരുത്തവും അംഗീകാരവും നേടാനും അദ്ദേഹത്തിനായി.

ശൈഖിന്റെ സംരക്ഷണ ദൗത്യം ഏറ്റെടുത്തിരുന്ന അമ്മാവൻ ശൈഖ് അലി(റ)വാണ് മഹാനെ ഇവ്വിധം ആത്മീയോന്നതി പ്രാപിക്കാൻ പ്രാപ്തനാക്കിയവരിൽ പ്രധാനി. സഹോദരിക്കൊരു ഭർത്താവായി മാത്രമല്ല രിഫാഈയുടെ പിതാവിനെ അദ്ദേഹം ബത്വാഇഹിലേക്കെത്തിച്ചത്. മറിച്ച് പെങ്ങൾക്കു പിറക്കുന്ന ശൈഖ് അഹ്മദിന് പരിചരണ നഷ്ടം വരാതെ സംരക്ഷിക്കാനായിരുന്നുവെന്ന് പിൽക്കാല ചരിത്രം ബോധ്യപ്പെടുത്തുന്നു. സുവാർത്തയിലൂടെ ശൈഖ് അലി(റ)യെ നബി(സ്വ) അതിന് പാകപ്പെടുത്തുകയും ചെയ്തു. അതിന്റെയെല്ലാം ഗുണഫലമായി ശൈഖ് അഹ്മദ് കബീർ രിഫാഈ(റ) എന്ന മഹാഗുരുവിനെ ലോകത്തിനു ലഭിച്ചു.

പ്രധാന ഗുരുവിൽ നിന്നും സ്ഥാന വസ്ത്രവും സമ്മത പത്രവും കരസ്ഥമായപ്പോൾ ശൈഖവർകളിൽ ദൗത്യനിർവഹണ ചിന്ത സ്വാഭാവികമായി ഉദിച്ചു. പിതാവിന്റെ മരണ ശേഷം ജന്മനാട്ടിൽ നിന്ന് മാറി അമ്മാവന്റെ പർണശാലക്കടുത്തായിരുന്നല്ലോ താമസം. ശേഷം ജന്മനാടായ ഹസനിലേക്ക് തന്നെ മടങ്ങി.

(തുടരും)

 

അവലംബം:

അൽകവാകിബുദ്ദുരിയ്യ/അബ്ദുർറഊഫുൽ മുനാവി(റ).

ബിഹാറുൽ വിലായതിൽ മുഹമ്മദിയ്യ/ഡോ. ജൗദത് മുഹമ്മദ് അൽമഹദി.

ഇർശാദുൽ മുസ്‌ലിമീൻ/ഹാഫിള് അഹ്മദ് ഇസ്സുദ്ദീനിശ്ശാഫിഈ(റ).

ഗനീമതുൽ ഫരീഖൈനി/ശൈഖ് ഹാശിം അഹ്മദി അൽഹുസൈനി(റ).

ഖുലാസ്വതുൽ ഇക്‌സീർ/ശൈഖ് അലി അബുൽ ഹസനിൽ വാസിത്വി അശ്ശാഫിഈ(റ).

ഖിലാദതുൽ ജവാഹിർ/സയ്യിദ് മുഹമ്മദ് അബുൽഹുദാ അസ്സ്വയ്യാദീ(റ).

Exit mobile version