ശൈഖ് റൂമി(റ): പിതാവിനൊത്ത സാത്വിക പുത്രൻ

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് ഇന്നത്തെ വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥാൻ പ്രവിശ്യയായ ബൽഖ്. അഞ്ചും ആറും നൂറ്റാണ്ടുകളിലെ ബൽഖിന്റെ ചരിത്രം നിർണായകമാണ്. വ്യത്യസ്ത വിജ്ഞാന മേഖലകളിൽ മുൻനിരയിൽ നിന്നിരുന്ന ബൽഖിലെ ജനങ്ങൾ തത്ത്വശാസ്ത്രത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തിയവരായിരുന്നു. വിജ്ഞാനത്തോടുള്ള അവരുടെ ദാഹം ഇസ്‌ലാമികാഗമനത്തോടെ കൂടുതൽ ശക്തിപ്പെടുകയും ബഹുമുഖ പ്രതിഭകളായ ധാരാളം മതപണ്ഡിതർ ആ സമൂഹത്തിൽ ജന്മമെടുക്കുകയും ചെയ്തു. ബൽഖിലെ പണ്ഡിതരുടെ മികവിനുള്ള കാരണങ്ങളിലൊന്ന് തത്ത്വശാസ്ത്രത്തിൽ അവർക്കുണ്ടായിരുന്ന അഭിരുചിയാണ്. കരസ്ഥമാക്കുന്ന ഏതു വിജ്ഞാനവുമായും തത്ത്വശാസ്ത്ര സ്വാധീനം കൂടിച്ചേർന്നപ്പോൾ അവരുടെ അവതരണങ്ങൾക്കും സമീപനങ്ങൾക്കും വ്യത്യസ്തയും ആകർഷണവും കൈവന്നു. ക്രമേണ അവിടെയുണ്ടായ വൈജ്ഞാനിക മുന്നേറ്റം നിസ്തുലം. ഇതര ജ്ഞാനകേന്ദ്രങ്ങളുമായുള്ള ബന്ധം കൂടുതൽ വൈജ്ഞാനിക വിപ്ലവങ്ങൾക്കും പാഠശാലകളുടെ വർധനവിനും പാഠ്യപദ്ധതികളുടെ വ്യത്യസ്തതക്കും വഴിവെച്ചു. ഈ പ്രദേശത്തിന്റെ വൈജ്ഞാനിക മുന്നേറ്റം ചരിത്രം വളരെ തിളക്കത്തോടെ അവതരിപ്പിക്കുന്നുണ്ട്.
ഇമാം ഗസാലി(റ)യിൽ ഏറെ ആകൃഷ്ടനായ ശൈഖ് മുഹമ്മദ് ബിൻ ഹുസൈനിൽ ഖത്വീബീ ബഹാഉദ്ദീൻ അൽഹനഫീ(റ) എന്ന പണ്ഡിതൻ ബൽഖ് നിവാസിയാണ്. ഉന്നത പണ്ഡിതരിൽ നിന്ന് ഭാഷ, ഹദീസ്, തഫ്‌സീർ തുടങ്ങിയ വിജ്ഞാനീയങ്ങളിൽ അവഗാഹം നേടിയ അദ്ദേഹം ഹനഫീ കർമശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവ് കരസ്ഥമാക്കി.
പഠനത്തിനുശേഷം അധ്യാപനത്തിലേക്കു തിരിഞ്ഞ അദ്ദേഹം സ്വുബ്ഹ് മുതൽ അസ്വർ വരെ ജ്ഞാന പ്രസരണത്തിനു വേണ്ടി സമയം ചെലവഴിച്ചു. അസ്വറിനോടനുബന്ധിച്ച് തസ്വവ്വുഫും അനുബന്ധ വിജ്ഞാനങ്ങളും ശിഷ്യർക്ക് പകർന്നു നൽകി. അറിയപ്പെട്ട പ്രഭാഷകൻ കൂടിയായിരുന്ന ശൈഖ് ബഹാഉദ്ദീൻ(റ) നടത്തുന്ന ഉപദേശങ്ങൾ ഏറെ ഹൃദയഹാരിയും ഫലമുള്ളതുമായിരുന്നു. സദസ്സ് ജനനിബിഡമായിരിക്കും. ഉന്നത വ്യക്തിത്വങ്ങളും ശ്രോതാക്കളായുണ്ടാവും. അദ്ദേഹത്തിനു ലഭിച്ച ഇലാഹീ തൃപ്തിയുടെ പ്രതിഫലനമായിരുന്നു ഇതൊക്കെയും.
അക്കാലത്തെ മുഫ്തിയായി ശൈഖ് അറിയപ്പെട്ടു. പലവിധ സേവനങ്ങൾ ചെയ്തിരുന്നുവെങ്കിലും ഒന്നിനും ഒരു പ്രത്യുപകാരവും അദ്ദേഹം വാങ്ങിയിരുന്നില്ല. പകലുകൾ ജനസേവനങ്ങൾക്കായിരുന്നുവെങ്കിൽ രാവുകൾ ഇലാഹിനു വേണ്ടിയായിരുന്നു. അങ്ങേയറ്റത്തെ താഴ്മ കാരണമാണ് അദ്ദേഹം രചിച്ച ‘അൽമആരിഫ്’ എന്ന തസ്വവ്വുഫ് ഗ്രന്ഥം വെളിച്ചം കാണാൻ വൈകിയത്. ‘എനിക്കെന്നെ നന്നായറിയാം, എന്റെ രചനകൾ പ്രചരിപ്പിക്കാൻ മാത്രമില്ല, ഞാൻ അതിനർഹനുമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ ഈ ഗ്രന്ഥം ലോകം വായിക്കണമെന്ന ആഗ്രഹത്താൽ പ്രിയ ശിഷ്യനാണ് പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
ഇദ്ദേഹത്തിന്റെ മകനായാണ് ജലാലുദ്ദീൻ റൂമി(റ) ജനിക്കുന്നത്. പല ചരിത്രപുരുഷന്മാരുടെയും മികവിലും വളർച്ചയിലും മാതാപിതാക്കളുടെ സ്വാധീനം വലിയ ഘടകമായിട്ടുണ്ട്. അതുപോലെ ശൈഖ് ബഹാഉദ്ദീൻ(റ) ശൈഖ് റൂമിയുടെ വ്യക്തിത്വ രൂപീകരണത്തിൽ (പ്രത്യേകിച്ചും തസ്വവ്വുഫിൽ) നന്നായി സ്വാധീനിച്ചു. മറ്റ് വിജ്ഞാന ശാഖകളിലും പിതാവിൽ നിന്നു തന്നെയാണ് റൂമി(റ) കൂടുതൽ അവഗാഹം നേടിയത്. ആന്തരികവും ബാഹ്യവുമായ പരിവർത്തനങ്ങൾ പിതാവിലൂടെ അദ്ദേഹം കൈവരിച്ചു. പിതാവിന്റെ സദസ്സുകളിൽ നിത്യസാന്നിധ്യമായി. ചില താത്ത്വിക വിഷയങ്ങളിൽ പിതാവിന്റെ സമ്മതത്തോടെ മകൻ തീർപ്പ് കൽപ്പിക്കുകയും ചെയ്തു. ആ പിതാവിന്റെ മകനായതിലുള്ള അഭിമാനം ശൈഖ് റൂമി(റ) പങ്കുവെക്കുമായിരുന്നു: ‘എന്റെ പിതാവ് ബാക്കിയാക്കിയതിലൂടെ എനിക്ക് ധാരാളം സഞ്ചരിക്കാനുണ്ട്.’
പിതാവിന്റെ ഗ്രന്ഥം ‘അൽമആരിഫ്’ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. റൂമി(റ)യുടെ ‘അൽമസ്‌നവി’യുടെ ആശയതലങ്ങൾ കൃത്യമായി ഗ്രഹിക്കാനുള്ള മാർഗം അൽമആരിഫാണെന്ന് പല വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയതു കാണാം.
ശൈഖ് റൂമിയുടെ അഞ്ചാം വയസ്സിൽ ചില ബന്ധുക്കളെയും കൂട്ടി പിതാവ് തുർക്കിയിലെ ഖുനിയ ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. യാത്രയിൽ പല സ്ഥലങ്ങളും സംഘം സന്ദർശിച്ചു. നൈസാബൂരിൽ ശൈഖ് ഫരീദുദ്ദീൻ അത്വാർ(റ)വിനെ സന്ധിച്ചു. അത്വാർ(റ) തന്റെ ഒരു കാവ്യശകലം ശൈഖ് റൂമി(റ)ക്ക് നൽകുകയും റൂമിയുടെ ഉന്നത ഭാവി പ്രവചിക്കുകയും ചെയ്തു.
ശേഷം ബാഗ്ദാദിലേക്കും മക്കയിലേക്കും തിരിച്ചു. പിന്നീട് തുർക്കിയിലെ മാൽത്യയിൽ 4 വർഷവും ഖിർമാനിൽ 7 വർഷവും താമസിച്ച് ഖുനിയയിൽ എത്തി. രണ്ട് വർഷത്തിനു ശേഷം ഹിജ്‌റ 628ൽ പ്രിയ പിതാവ് ഇഹലോക വാസം വെടിഞ്ഞു. ഈ യാത്രക്കിടയിലാണ് ശൈഖ് റൂമി(റ)യുടെ വിവാഹം നടന്നത്.
പിതാവിന്റെ വിയോഗ ശേഷം ശൈഖ് ബുർഹാനുദ്ദീൻ മുഹഖിഖ് തിർമിദീ(റ)യായിരുന്നു ശൈഖിന്റെ പ്രധാന ഗുരു. റൂമിയുടെ മസ്‌നവിയിലും ദീവാനു ശംസെ തബ്‌രീസിയിലും ഇദ്ദേഹത്തെ പുകഴ്ത്തിയുള്ള വരികൾ കാണാം. ഉസ്താദിന്റെ വിയോഗ ശേഷം ഖുനിയയിൽ ആ സ്ഥാനത്ത് റൂമിയാണ് അവരോധിതനായത്. അധ്യാപനത്തിൽ മുഴുകിയ ജീവിതമായിരുന്നു അന്നൊക്കെ. കാവ്യ രചനയിൽ മുഴുകിയിരുന്നില്ല. സമീപ പ്രദേശത്തും മറ്റുമുള്ള അറിയപ്പെട്ട സൂഫീ ധാരകളിൽ അംഗമാവാനും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അക്കാലത്തെ അറിയപ്പെട്ട ഹനഫീ പണ്ഡിതനായും വിശ്വാസ ശാസ്ത്രത്തിൽ അഗ്രഗണ്യനായും തുടർന്നു. അനേകം പണ്ഡിതർ ആ ശിക്ഷണത്തിൽ വളർന്നു.
ഒരിക്കൽ ഖുനിയയിലൂടെയുള്ള സഞ്ചാരത്തിനിടയിൽ ശൈഖ് റൂമിയുടെ വാഹന വ്യൂഹത്തിനു നേരെ ശംസെ തബ്‌രീസ്(റ) നടന്നടുത്തു. ഇറാനിലെ തിബ്‌രീസിൽ നിന്നും മഹാൻ ഖുൻയയിൽ എത്തിയിട്ട് അധിക കാലമായിരുന്നില്ല. ജനങ്ങൾ ശൈഖ് റൂമിയോട് സംശയങ്ങൾ ചോദിച്ചറിയുകയായിരുന്നു അപ്പോൾ. ഇതുകണ്ട് അടുത്തെത്തിയ ശംസെ തബ് രീസ്(റ) റൂമിയോട് ചോദിച്ചു: വിജ്ഞാനം കൊണ്ടുള്ള ലക്ഷ്യമെന്താണ്?
ദീനീ ചിട്ടകളെ കുറിച്ചുള്ള അവബോധമാണെന്ന് റൂമി ഉത്തരം നൽകി.
‘നിങ്ങൾക്ക് പിഴച്ചു! വിജ്ഞാനം പരമമായ ഒരു സത്യത്തിലേക്കുള്ള മാധ്യമമാണ്’ (സൃഷ്ടാവായ അല്ലാഹുവിനെയാണ് ശംസ് സൂചിപ്പിച്ചത്) എന്നായി അദ്ദേഹം. എന്നിട്ട് ശംസെ തബ്‌രീസ്(റ) തത്ത്വജ്ഞാനി സന്നാഈയുടെ കവിത ആലപിക്കാൻ തുടങ്ങി: ‘വിജ്ഞാനം ശരീരത്തിനു വഴങ്ങുന്നുവോ/ എങ്കിൽ അറിവില്ലായ്മ അഭികാമ്യം!’
അകം തൊട്ടുള്ള ഈ വാക്കുകളിൽ റൂമി പരിഭ്രാന്തനായി. താമസിയാതെ ബോധരഹിതനായി വീണു. ഈ സംഭവം മുതലാണ് ശൈഖ് റൂമിയുടെ ജീവിതം മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നത്. അധ്യാപനത്തിലും വിജ്ഞാന പ്രചാരണത്തിലും മുഴുകിയ ആ കർമശാസ്ത്ര പണ്ഡിതൻ അന്വേഷണ യാത്രയാരംഭിച്ചു. ഒടുവിൽ, തസവ്വുഫിന്റെ ഉന്നതങ്ങൾ താണ്ടി, ഇലാഹീ സ്‌നേഹത്തിന്റെ പര്യായമായി, കാവ്യ ലോകത്തെ നക്ഷത്രമായി. മുഖ്യപ്രേരണ ശംസെ തബ്‌രീസ്(റ)വായിരുന്നു.
ശംസെ തബ്‌രീസി(റ)യുടെ വിജ്ഞാനത്തിലും വ്യക്തിത്വത്തിലും സവിശേഷത ദർശിച്ച റൂമി അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചു. അദ്ദേഹത്തിൽ നിന്നുള്ള ജ്ഞാനസമ്പാദനത്തിന് മുഴുസമയവും വിനിയോഗിക്കാനാഗ്രഹിച്ചു. അങ്ങേയറ്റം സ്‌നേഹമായിരുന്നു ഉസ്താദിനോട്. ആ സഹവാസത്തെ റൂമി(റ)യുടെ മകൻ ഓർമിക്കുന്നു: ശൈഖ് തബ്‌രീസി(റ)യുടെ മുന്നിൽ ചെറിയ കുട്ടിയെ പോലെയായിരുന്നു എന്റെ പിതാവ്. എല്ലാ ദിവസവും പഠനത്തിനായി ചെല്ലും. അവിടെ നിന്നു ലഭിക്കുന്നതെല്ലാ, മുമ്പൊന്നും പഠിച്ചിട്ടില്ലെന്ന കൗതുക ഭാവത്തോടെ പിതാവ് സ്വായത്തമാക്കും.
സഹവാസത്തിനിടയിൽ ഗുരുവിന്റെ കരങ്ങൾ പിടിച്ച് അദ്ദേഹം ഇലാഹീ പ്രേമത്തിന്റെ പടവുകൾ താണ്ടാനാരംഭിച്ചു. ലോകം റൂമിയെ ശ്രദ്ധിക്കാനുള്ള ഒരു കാരണം ഈ മാറ്റമാണ്. റൂമിയുടെ വിജ്ഞാന സേവനങ്ങൾക്കും പ്രബോധന പ്രവർത്തനങ്ങൾക്കും ഈ പരിവർത്തനം വിലങ്ങായില്ല. തനിക്ക് കൈവന്ന മാറ്റങ്ങളെ വിജ്ഞാന പ്രചാരണത്തിനുള്ള അവസരമായാണ് റൂമി വിനിയോഗിച്ചത്. തസ്വവ്വുഫിനെ ജീവിതദൗത്യങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള നിദാനമായി ശൈഖ് കണ്ടില്ലെന്ന് സാരം.
ഈ സഹവാസത്തിനിടെ ഒരുദിവസം ഗുരുവിനെ കാണാതായി. ആത്മീയദാഹം തീരുന്നതിനു മുമ്പ് പ്രിയ ഗുരു പോയതിൽ റൂമി(റ) അതീവ ദുഃഖിതനായി. സർവരെയും വിട്ടുനിൽക്കാനുള്ള ആഗ്രഹമായി അതു വളർന്നു. വൈജ്ഞാനിക പ്രസരണത്തെ ഇത് ബാധിക്കുമോ എന്ന ഭയമായിരുന്നു ശിഷ്യർക്ക്. എന്നാൽ റൂമിയെ തേടി ഡമസ്‌കസിൽ നിന്ന് ഗുരുവിന്റെ കത്തെത്തി. അതോടെ അദ്ദേഹം സന്തോഷവാനായി, ജീവൻ തിരികെ ലഭിച്ച പോലൊരനുഭവം! ക്രമേണ പഴയ അവസ്ഥയിലേക്ക് അദ്ദേഹം മടങ്ങി.
റൂമി(റ) ഗുരുവിന് തിരിച്ചും എഴുതി. കാണാനുള്ള തിടുക്കമായിരുന്നു അധിക കത്തുകളുടെയും പ്രമേയം. എഴുത്തുകൾക്ക് പുറമെ മകൻ ബഹാഉദ്ദീനിന്റെ കൈയിൽ ചില അമൂല്യ കാണിക്കകളും കൊടുത്തുവിട്ടു.
തന്റെ സന്താനങ്ങളും ശംസെ തബ്‌രീസി(റ)യുടെ ശിക്ഷണത്തിൽ വളരാൻ റൂമി ആഗ്രഹിച്ചിരുന്നു. മകൻ ബഹാഉദ്ദീനെ ഗുരുവിന്റെ അടുത്തേക്കയച്ചു. അവനെ ഉന്നതങ്ങളിലേക്കെത്തിക്കാൻ അപേക്ഷിക്കുകയും ചെയ്തു. ഇരു സാഗരങ്ങളും സംഗമിച്ചതിനാലുള്ള ഫലം മകനിൽ പ്രകടമായി. ശൈഖ് റൂമി(റ)യുടെ മസ്‌നവിയോട് ഏറെ സാമ്യത പുലർത്തുന്ന ഒരു ഗ്രന്ഥം സമാന നാമത്തിൽ മകനും രചിക്കുകയുണ്ടായി.
ഹിജ്‌റ 647ലാണ് ശംസെ തബ്‌രീസ്(റ) വഫാത്താകുന്നത്. ഗുരുവിന്റെ വിയോഗത്തിൽ ഖിന്നനായി ശൈഖ് റൂമി(റ) ആലപിച്ച വരികൾ ഏറെ പ്രസിദ്ധം. ശംസെ തബ്‌രീസി(റ)നു ശേഷം മഹാന്റെ ചില ശിഷ്യരോടൊപ്പം റൂമി(റ) സഹവസിച്ചു. അൽമസ്‌നവി, ഫീഹി മാഫീഹി, മജാലിസു സബ്അ, മജ്മൂഅതു റസാഇൽ, ദീവാനു ശംസെ തബ്‌രീസ്, റുബാഇയ്യാത്ത് തുടങ്ങിയവയാണ് റൂമിയുടെ പ്രധാന രചനകൾ. അദ്ദേഹത്തിന്റെ നിലപാടുകൾ, കാവ്യലോകം, തസ്വവ്വുഫിലെ സംഭാവനകൾ തുടങ്ങിയവയെല്ലാം ആഴത്തിലുള്ള പഠനം അർഹിക്കുന്നുണ്ട്.
ഹിജ്‌റ 672 ജമാദുൽ ആഖറിൽ ഖുനിയയിലാണ് ശൈഖ് ജലാലുദ്ദീൻ റൂമി(റ) വഫാത്താവുന്നത്. അവിടത്തെ പൗരപ്രമാണി ഖൈസർ എന്നയാളാണ് ശൈഖിന്റെ ഖബ്‌റിനു മീതെയുള്ള മനോഹരമായ താഴികക്കുടം നിർമിച്ചത്.

 

നഫ്‌സീർ അഹ്‌മദ്

Exit mobile version