ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ലുമാണ് സകാത്ത്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരുടേതടക്കം വിവിധങ്ങളായ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനം കൂടിയാണത്. ദരിദ്രര്‍ക്കും സമ്പന്നര്‍ക്കുമിടയിലുള്ള വിടവും വ്യത്യാസവും പരമാവധി കുറച്ചു കൊണ്ടുവരാനുള്ള ഉപാധിയായി മതം മുന്നോട്ടു വെച്ച പ്രധാന പദ്ധതിയാണ് സകാത്ത്. പണക്കാരനെ വീണ്ടും പണക്കാരനാക്കുകയും ദരിദ്രനെ പിന്നെയും ദരിദ്ര നാക്കുകയും ചെയ്യുന്ന ആധുനിക സാമ്പത്തിക വ്യവസ്ഥക്ക് ഇസ്ലാമിക സകാത്ത് സമ്പ്രദായം ഒരു പാഠമാണ്.
സമ്പൂര്‍ണമായ സാമ്പത്തിക സമത്വമെന്ന അസാധ്യവും അപ്രായോഗികവുമായ സിദ്ധാന്തത്തിന്റെ പ്രയോഗവല്‍ക്കരണമല്ല, പ്രത്യുത, ധനം കുത്തകവല്ക്കരിക്കപ്പെടാത്ത സ്ഥിതി വിശേഷം സൃഷ്ടിക്കലാണ് സാമ്പത്തിക നയങ്ങളിലൂടെ ഇസ്ലാം ലക്ഷ്യമിടുന്നത്. സമരാര്‍ജിത സ്വത്ത് അനാഥര്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്ക്കുമുള്ളതാണെന്ന് പറഞ്ഞയിടത്ത് വിശുദ്ധ ഖുര്‍ആന്‍ അതിനുള്ള കാരണം നിരത്തിയത് ഇങ്ങനെയാണ്: ‘ആ ധനം നിങ്ങളിലുള്ള ധനികര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്നതാവാതിരിക്കാന് വേണ്ടി’ (59/7). ഇസ്ലാമിലെ ധന തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനമായി വേണം ഈ ഖുര്‍ആനിക വാക്യത്തെ വിലയിരുത്താന്‍.
സാമ്പത്തിക ഭദ്രതക്കും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വേണ്ടി ഇസ്ലാം വിഭാവനം ചെയ്ത സകാത്ത് സമ്പ്രദായം മുന്‍കാല സമൂഹങ്ങളുടെ നിയമ സംഹിതകളിലുമുണ്ടായിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. ഇബ്റാഹീം(അ)യെയും നബിയുടെ പരമ്പരയില്‍പ്പെട്ട മറ്റു പ്രവാചകരെയും കുറിച്ച് അല്ലാഹു പറയുന്നു: ‘നാമവരെ നമ്മുടെ നിര്‍ദേശമനുസരിച്ച് മാര്‍ഗദര്‍ശനം നല്കുന്ന നേതാക്കളാക്കുകയും ചെയ്തു. നന്മ ചെയ്യാനും നിസ്കാരം മുറപോലെ നിര്‍വഹിക്കാനും സകാത്ത് കൊടുക്കാനും നാമവര്‍ക്ക് സന്ദേശം നല്കുകയുമുണ്ടായി. അവര്‍ നമ്മെ ആരാധിക്കുന്നവരുമായിരുന്നു’ (21/73).
ഇസ്മാഈല്‍ നബി(അ)യെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഇങ്ങനെ കാണാം: ‘ഈ ഗ്രന്ഥത്തില്‍ ഇസ്മാഈലിനെ താങ്കള്‍ ഓര്‍ക്കുക. അദ്ദേഹം വാഗ്ദാനം പാലിക്കുന്നവരും അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമത്രെ. സ്വന്തം കുടുംബത്തോട് നിസ്കരിക്കാനും സകാത്ത് കൊടുക്കാനും അദ്ദേഹം കല്പ്പിച്ചിരുന്നു. നാഥന്റെയടുക്കല്‍ പ്രിയങ്കരനുമായിരുന്നു’ (19/54, 55).
തൊട്ടിലില്‍ കിടക്കുന്ന ഈസാ നബി(അ) ജനങ്ങളോട് പറയുന്നു: ‘ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. എനിക്കവന് വേദഗ്രന്ഥം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെയവന് അനുഗ്രഹീതനാക്കുകയും ജീവിച്ചിരിക്കുമ്പോഴെല്ലാം നിസ്കരിക്കാനും സകാത്ത് കൊടുക്കാനും എന്നോട് കല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു’ (19/30,31).
ഇസ്രാഈല്‍ സന്തതികളോട് അല്ലാഹു പറയുന്നു: ‘ഞാന്‍ നിങ്ങളുടെ കൂടെ തന്നെയുണ്ട്. നിങ്ങള്‍ നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും എന്റെ ദൂതന്മാരില് വിശ്വസിക്കുകയും അവരെ സഹായിക്കുകയും അല്ലാഹുവിന് നല്ല നിലക്ക് കടം കൊടുക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളുടെ പാപങ്ങള്‍ ഞാന്‍ പൊറുത്ത് തരികയും താഴ്ഭാഗത്തിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗങ്ങളില് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യും (5/12).
മൂസാ നബി(അ)യോട് അല്ലാഹു പറയുന്നു: ‘എന്റെ കാരുണ്യം സകല വസ്തുക്കളെയും ഉള്‍ക്കൊണ്ടിരിക്കുന്നു. സൂക്ഷ്മതയോടെ ജീവിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നാമത് രേഖപ്പെടുത്തി വെക്കുന്നതാണ്’ (7/156).
മനുഷ്യരാശിയുടെ നാളിതുവരെയുള്ള ചരിത്രം കണ്ട ഏറ്റവും പ്രായോഗിക സാമ്പത്തിക പദ്ധതിയാണ് സകാത്ത്. ഇസ്ലാമിക വീക്ഷണത്തില്‍ നിസ്കാരവും സകാത്തും പരസ്പര പൂരകങ്ങളാണ്. സകാത്തു സംബന്ധമായ പരാമര്‍ശങ്ങളധികവും നിസ്കാരത്തോട് ചേര്‍ത്തു കൊണ്ടാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത് (ഉദാ: 2/43, 22/78, 24/56).
നിസ്കാരത്തിലൂടെ തന്റെ ജീവിതവും മരണവും അല്ലാഹുവിനാണെന്ന് പ്രഖ്യാപിക്കുന്ന മനുഷ്യര്‍ സകാത്തിലൂടെ തന്റെ സമ്പത്ത് അഖിലവും അവന്റെ മുന്നില്‍ സമര്‍പ്പിക്കാന്‍ തയ്യാറാവുകയാണ് ചെയ്യുന്നത്. ഇബ്നു മസ്ഊദ്(റ) പറയുന്നു: ‘നിസ്കാരം മുറപോലെ നിര്‍വഹിക്കുക, സകാത്ത് കൊടുത്ത് വീട്ടുക എന്നീ കാര്യങ്ങള്‍ കൊണ്ട് നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. വല്ലവരും സകാത്ത് കൊടുത്തില്ലെങ്കില്‍ അവനു നിസ്കാരമില്ല തന്നെ’ (ത്വബ്റാനി).
സകാത്ത് സത്യവിശ്വാസത്തിന്റെ അടയാളമാണെന്നും അത് സ്വത്തിന്റെ വര്‍ധനവിനു കാരണമാകുമെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ‘അല്ലാഹുവിനെ കുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ ഭയന്ന് വിറക്കുകയും അവന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അത് മുഖാന്തരം വിശ്വാസം വര്‍ധിക്കുന്നവരും തങ്ങളുടെ നാഥനില്‍ സര്‍വവും ഭരമേല്‍പ്പിക്കുന്നവരും മാത്രമാണ് യഥാര്‍ത്ഥ വിശ്വാസികള്‍. നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണവര്‍. അവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. തങ്ങളുടെ നാഥന്റെയടുക്കല്‍ പല പദവികളും പാപമോചനവും മാന്യമായ ആഹാരവും അവര്‍ക്കുണ്ട്’ (8/2-4).
‘സമ്പത്തില്‍ വര്‍ധനവുണ്ടാകാന്‍ വേണ്ടി നിങ്ങള്‍ പലിശ കൊടുത്താല്‍ അല്ലാഹുവിന്റെയടുക്കല്‍ അത് വര്‍ധിക്കുകയില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് സകാത്ത് നല്കുന്നവര് ഇരട്ടിപ്പിക്കുന്നവരാണ്’ (30/39).
സകാത്ത് വിശുദ്ധിയും അഭിവൃദ്ധിയും പ്രദാനം ചെയ്യുമെന്നും അല്ലാഹുവിന്റെ കാരുണ്യ വര്‍ഷത്തിനു ഏറ്റവും അര്‍ഹമായ കര്മമാണതെന്നും സ്വര്‍ഗവും സ്വര്‍ഗീയാനുഗ്രഹങ്ങളും സകാത്തു ദാതാക്കള്ക്കുണ്ടെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കി: ‘അവരുടെ സ്വത്തില്‍ നിന്ന് താങ്കള്‍ സകാത്ത് സ്വീകരിക്കുക. അതു മൂലം താങ്കള്‍ അവരെ ശുദ്ധീകരിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. താങ്കളുടെ പ്രാര്‍ത്ഥന അവര്‍ക്ക് ആശ്വാസമാണ്’ (സൂറത്തു തൗബ/103).
‘നിങ്ങള്‍ നിസ്കാരം നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും ദൂതരെ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ അനുഗ്രഹിക്കപ്പെടാന്‍ വേണ്ടി’ (സൂറത്തുന്നൂര്‍/56).
‘സത്യവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പരസ്പരം ബന്ധുക്കളാണ്. അവര്‍ നല്ലത് കൊണ്ട് കല്‍പ്പിക്കുകയും ചീത്തയെ വിരോധിക്കുകയും നിസ്കാരം മുറപോലെ നിര്‍വ്വഹിക്കുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അവരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. അവന് അജയ്യനും തന്ത്രജ്ഞനും തന്നെ. സത്യവിശ്വാസികളായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അല്ലാഹു സ്വര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അവയുടെ താഴ് ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ അതിലെ സ്ഥിര വാസികളാണ്. എന്നെന്നും നില നില്ക്കുന്ന സ്വര്ഗങ്ങളില് ഉല്‍കൃഷ്ട ഭവനങ്ങളും (അവര്‍ക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നു). അല്ലാഹുവില്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്. അതു തന്നെയാണ് മഹത്തായ വിജയവും’ (സൂറതുത്തൗബ/71,72).
‘അവര്‍ (നിസ്കാരത്തില്‍ ഭക്തിയുള്ളവരും ജനനേന്ദ്രിയങ്ങളെ കാത്തുസൂക്ഷിക്കുന്നവരും സകാത്ത് കൃത്യമായി നല്‍കുകയും ചെയ്യുന്നവര്‍) തന്നെയാണ് അനന്തരാവകാശികള്‍. അവര്‍ സ്വര്‍ഗത്തെ അനന്തരാവകാശമായെടുക്കുന്നു. അവരതില്‍ സ്ഥിരവാസികളാണ്’ (സൂറത്തുല്‍ മുഅ്മിനൂന്/10,11).
സകാത്ത് ദാതാക്കള്‍ക്ക് മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്തതു പോലെ അതു നല്കുന്നതില് വീഴ്ച വരുത്തുന്നവര്‍ക്ക് കഠിന കഠോരമായ ശിക്ഷയുണ്ടെന്നും അല്ലാഹു താക്കീത് നല്കുന്നു: ‘സത്യവിശ്വാസികളേ, ജൂത പണ്ഡിതരിലും ക്രിസ്തീയ പുരോഹിതരിലും കൂടുതല്‍ പേരും ജനങ്ങളുടെ സ്വത്ത് അന്യായമായി ഭുജിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും അവരെ തടയുകയുമാണ് ചെയ്യുന്നത്. സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിച്ച് വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടു സുവിശേഷമറിയിക്കുക. നരകത്തിലിട്ട് അവ ചുട്ട് പഴുപ്പിക്കുകയും ശേഷം അവരുടെ നെറ്റികള്‍ക്കും പാര്‍ശ്വങ്ങള്‍ക്കും മുതുകുകള്‍ക്കും ചൂടു വെക്കുകയും ചെയ്യുന്ന ദിവസം’ (സൂറതുത്തൗബ/34,35).
അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍ പ്രസ്താവിച്ചു: ‘നിങ്ങളില്‍ ഏതൊരാളുടേയും നിക്ഷേപം അന്ത്യനാളില്‍ കഷണ്ടി ബാധിച്ച സര്‍പ്പമായി തീരും. ആ നിധിയുടെ നിക്ഷേപകന് അതില്‍ നിന്ന് പേടിച്ചോടും. ആ സര്‍പ്പമാകട്ടെ അവനെ അന്വേഷിച്ച് പിന്തുടരുകയും ചെയ്യും. അവന്റെ വിരല്‍ അവസാനം അതിന്റെ വായില്‍ അകപ്പെടും’ (മുസ്നദ് അഹ്മദ്).
സൗബാന്‍(റ)ന്റെ നിവേദനത്തില്‍ ഇപ്രകാരം കാണാം: ‘ആ സര്‍പ്പത്തെ കാണുമ്പോള്‍ അവന് പറയും: നാശം! നീ എന്താണ്? അപ്പോള്‍ അത് പറയും: ‘നീ നിക്ഷേപിച്ച നിധിയാണ് ഞാന്‍’. അങ്ങനെ അത് അവനെ പിന്തുടര്ന്ന് കൊണ്ടിരിക്കും. അവസാനം അവന്റെ കൈ അതിന്റെ വായില്‍ അകപ്പെടും. പിന്നീട് അവന്റെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളും അതിനോട് പിന്തുടരും’ (ബസ്സാര്‍).
തിരുനബി(സ) യുടെ വഫാത്താനന്തരം സകാത്തു നിഷേധികള്‍ രംഗത്ത് വന്നപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ്(റ) അവരോട് യുദ്ധം പ്രഖ്യാപിക്കുക പോലുമുണ്ടായി. മഹാനവര്കള് പറഞ്ഞു: “തിരുനബിക്ക് അവര്‍ കൊടുത്തിരുന്ന ഒട്ടകത്തിന്റെ കയറാണ് എനിക്കു നിഷേധിക്കുന്നതെങ്കിലും ഞാന്‍ അവരോട് യുദ്ധം ചെയ്യും’ (സ്വഹീഹുല്‍ ബുഖാരി). ഇങ്ങനെ സമ്പന്നര്‍ തങ്ങളുടെ ധനത്തില്‍ നിന്ന് നിശ്ചിത വിഹിതം ദരിദ്രര്‍ക്ക് നിര്‍ബന്ധമായും നല്‍കണമെന്ന വിധത്തിലാണ് ഇസ്ലാം സകാത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇസ്ലാമിന്റെ സകാത്ത് സമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കിയ നാടുകളിലെല്ലാം അഭൂതപൂര്‍വമായ സാമ്പത്തിക വളര്ച്ചയുണ്ടായെന്നതിന് ചരിത്രം സാക്ഷിയാണ്. മുആദ്(റ)നെ യമനിലെ ഗവര്‍ണറായി നബി(സ്വ) നിയമിച്ചതും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ രാജ്യത്തെ സമ്പൂര്‍ണ വികസിത രാജ്യമാക്കി അദ്ദേഹം മാറ്റിയതും ഇസ്ലാമിക ചരിത്രത്തിലെ ശോഭനമായ ചിത്രങ്ങളിലൊന്നാണ്.
ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം. നബി (സ്വ) മുആദ്(റ)നെ യമനിലേക്ക് നിയമിച്ചു കൊണ്ട് പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്നുമുള്ള സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ അവരെ ക്ഷണിക്കുക. അതവര് അംഗീകരിച്ചു കഴിഞ്ഞാല്‍ ദിവസവും അഞ്ചു നേരം നിസ്കാരം നിര്‍ബന്ധമാണെന്ന കാര്യം അവരെ അറിയിക്കുക. അതും അവര്‍ അംഗീകരിച്ചാല്‍ അവരുടെ സമ്പത്തില്‍ അല്ലാഹു സകാത്ത് നിശ്ചയിച്ചിട്ടുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. അവരിലെ ധനികരില്‍ നിന്നും പിരിച്ചെടുത്ത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നതാണത്’ (സ്വഹീഹുല്‍ ബുഖാരി).
തിരുനബി(സ്വ)യുടെ നിര്‍ദ്ദേശ പ്രകാരം യമനില്‍ ഇസ്ലാമിക നിയമങ്ങള്‍ പ്രയോഗവത്കരിക്കാന്‍ മുആദ്(റ) അഹോരാത്രം പരിശ്രമിച്ചു. തന്നിമിത്തം അവിടെ വന്‍ വിജയം നേടാനും അദ്ദേഹത്തിനു സാധിച്ചു. ഉമര്‍ബ്നു ഖത്വാബ്(റ)ന്റെ ഭരണകാലത്ത് യമനില്‍ നിന്നും പിരിച്ചെടുത്ത സകാത്തിന്റെ മൂന്നിലൊരു ഭാഗം കേന്ദ്രത്തിലേക്കയച്ചു. ഈ നടപടി ഉമര്‍(റ)ന് തീരെ രസിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘മുആദേ, ജിസ്യയോ നികുതിയോ പിരിക്കാനല്ല താങ്കളെ യമനിലേക്കയച്ചിട്ടുള്ളത്. ധനികരുടെ സകാത്ത് പിരിച്ചെടുത്ത് ദരിദ്രര്‍ക്കു വിതരണം ചെയ്യാനാണ്’. ഇതു കേട്ട മുആദ് (റ) പറഞ്ഞു: ‘വാങ്ങാന്‍ അര്‍ഹരായ ആരുമിവിടെയില്ലാത്തതുകൊണ്ടാണ് ഇതു ഞാന്‍ താങ്കള്ക്കയച്ചത്. അടുത്ത വര്‍ഷം സകാത്തിന്റെ പകുതിയും മൂന്നാം വര്‍ഷം ലഭിച്ച സകാത്ത് മുഴുവനും കേന്ദ്രത്തിലേക്ക് അയക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇതു സംബന്ധമായ ഖലീഫയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മുആദ്(റ)ന് ഒരേ മറുപടിയാണുണ്ടായിരുന്നത്. ‘എന്റെ പക്കല്‍ നിന്ന് അതു വാങ്ങാന്‍ ഒരാളെയും കിട്ടിയില്ല’ (കിതാബുല്‍ അംവാല്‍). ആസൂത്രിതമായി നടപ്പിലാക്കിയാല്‍ ഇസ്ലാമിലെ സകാത്തു പദ്ധതി വളരെയധികം ഫലപ്രദമാണെന്നതിന്റെ മകുടോദാഹരണമാണ് ഈ സംഭവം.
സമ്പത്തിന്റെ ശാസ്ത്രീയവും പ്രായോഗികവുമായ സമാഹരണവും നിര്‍വഹണവും നടന്ന ഇസ്ലാമിക ഭരണ പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ക്ക് സാമ്പത്തികമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചി ട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഉമവീ ഭരണാധികാരികളില്‍ പ്രമുഖനായ ഉമര്‍ബ്നു അബ്ദുല്‍ അസീസ്(റ)ന്റെ ഭരണകാലത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാധ്യമാവുകയുണ്ടായി. അക്കാലത്ത് ഇറാഖിലെ ഗവര്‍ണറായ അബ്ദുല്‍ ഹമീദ് പൊതു ഖജനാവില്‍ ധനം കുന്നുകൂടി കിടക്കുകയാണെന്ന് ഖലീഫയെ ബോധിപ്പിച്ചപ്പോള്‍ കടബാധ്യതയുള്ളവരുടെ മുഴുവന്‍ കടവും വീട്ടാനും എന്നിട്ടും ബാക്കി വന്നപ്പോള്‍ എല്ലാ അവിവാഹിതരെയും ബൈത്തുല്‍ മാലില്‍ നിന്ന് പണം ചെലവഴിച്ച് വിവാഹം ചെയ്തു കൊടുക്കാനും ആവശ്യപ്പെട്ടു. പിന്നെയും ധനം അവശേഷിച്ചപ്പോള്‍ കൃഷി ചെയ്യുന്നതിനു വേണ്ടി വായ്പ നല്‍കാനാണ് ഖലീഫ കല്‍പ്പിച്ചത് (കിതാബുല്‍ അംവാല്‍).
സകാത്തിന്റെ ഫലപ്രദമായ വിതരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാധ്യമാണെന്നതിനു ചരിത്രം സാക്ഷിയാണെങ്കിലും വര്‍ഷങ്ങളായി സകാത്തു നല്‍കിയിട്ടും വര്‍ത്തമാന കാലത്തെ മുസ്ലിം സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥക്ക് ഒട്ടും മാറ്റം വന്നിട്ടെല്ലന്നതാണ് ദുഃഖസത്യം. വിതരണത്തിലുള്ള പാകപ്പിഴവുകളാണതിനു കാരണം. റമളാന്‍ അവസാന വാരത്തില്‍ നല്കുന്ന നാണയത്തുട്ടുകളാണ് ഇന്നത്തെ പല ധനികരുടെയും സകാത്ത്. എന്നാല്‍ സകാത്തു വിതരണത്തിന്റെ മറ്റെല്ലാ നിയമങ്ങളും പാലിക്കുന്നതോടൊപ്പം, ദരിദ്രര്‍ക്ക് സാമ്പത്തികാഭിവൃദ്ധിയുണ്ടാകുന്ന വിധത്തില്‍ വ്യവസ്ഥാപിതവും ആസൂത്രിതവുമായി സകാത്ത് വിതരണം ചെയ്യണമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: ‘തൊഴിലോ വ്യാപാരമോ ചെയ്ത് ജീവിതം നയിക്കാന്‍ സാധിക്കാത്ത ദരിദ്രന് അവന്റെ ശിഷ്ട കാലം കഴിച്ചു കൂട്ടാന്‍ മതിയാകുന്ന സമ്പത്ത് നല്‍കണം. കാരണം നമ്മുടെ ലക്ഷ്യം അദ്ദേഹത്തെ ധനികനാക്കുക എന്നതാണ്. ഇങ്ങനെയല്ലാതെ അതുണ്ടാവുകയില്ല. എന്നാല്‍ തൊഴിലെടുത്ത് ജീവിക്കാന്‍ സാധിക്കുന്ന ഫഖീര്‍, മിസ്കീന് എന്നിവര്‍ക്ക് തൊഴിലുപകരണങ്ങള്‍ വാങ്ങാനുള്ള പണം നല്‍കണം. വില എത്ര കൂടുതലാണെങ്കിലും ശരി. കച്ചവടം ചെയ്യാന്‍ കഴിവുള്ളവനാണെങ്കില്‍ ജീവിക്കാനാവശ്യമായ ലാഭം കിട്ടുന്ന കച്ചവടം തുടങ്ങാന്‍ വേണ്ട മൂലധനവും നല്‍കണം (തുഹ്ഫ 7/164,165).
തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ക്ക് സ്ഥിര വരുമാനം ലഭിക്കുന്ന വാടക കെട്ടിടമോ തോട്ടമോ മറ്റോ വാങ്ങാന്‍ ആവശ്യമായത് നല്കി അവന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തണമെന്നും തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ളവര്‍ക്ക് അവരവരുടെ അഭിരുചിക്കനുസരിച്ച് തയ്യല്‍ മെഷീന്, ഓട്ടോറിക്ഷ, പ്രിന്റിങ്ങ് മെഷീന്, പശു തുടങ്ങിയവ വാങ്ങിക്കൊടുത്ത് സ്ഥിരം തൊഴിലുള്ളവരാക്കണമെന്നുമാണ് ഈ നിര്‍ദേശത്തിന്റെ സമകാല വായന. അതേസമയം ഒരാള്‍ക്ക് പല ജോലികള്‍ അറിയുകയും എല്ലാം ജീവിതത്തിനു മതിയാകുന്ന വരുമാനം ലഭിക്കുന്നതുമാണെങ്കില്‍ ഏറ്റവും കുറഞ്ഞതിന്റെ വിലയോ മൂലധനമോ നല്കിയാല് മതി എന്നാണ് കര്‍മ ശാസ്ത്ര നിയമം. അതു തികയില്ലെങ്കില്‍ പര്യാപ്തമായതു നല്‍കുകയും വേണം (മുഗ്നി/114). ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്കു നീങ്ങിയ വൃദ്ധര്‍ക്ക് സ്ഥിര വരുമാനത്തിനുള്ള വല്ല മാര്‍ഗവും ഉണ്ടാക്കുന്നതിനു പകരം അവരുടെ ഒരു വര്‍ഷത്തെ ചെലവിനുള്ള സ്വത്ത് നല്‍കാനാണ് ഇസ്ലാമിന്റെ കല്പന.
സകാത്തു വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഒരാളുടെ സകാത്തു വിഹിതം കൊണ്ട് സാധ്യമാകുന്നില്ലെങ്കില്‍ നാട്ടിലെ സമ്പന്നര്‍ ഒന്നിച്ച് അവകാശികളെ കണ്ടെത്തി അവര്‍ക്കു മതിയാവുന്ന തുക നല്‍കുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ സകാത്തുടമകള് സ്വന്തം വിഹിതം ശേഖരിച്ച് അവകാശികള്‍ക്ക് നല്കുമ്പോള് ഉടമ നേരിട്ട് അവകാശികളിലേക്കെത്തിക്കുക എന്ന സകാത്തു വിതരണത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ രൂപമാണ് നടക്കുന്നത്. സകാത്ത് വിതരണത്തിനു ഒരു വ്യക്തിയെ ചുമതലപ്പെടുത്തുന്ന വക്കാലത്തും ഫലപ്രദമായ രീതിയില്‍ സകാത്ത് വിതരണം നടത്താന്‍ സഹായകമാണ്. ഉടമകള്‍ ഏല്‍പ്പിക്കുന്ന സകാത്ത് അര്‍ഹരായ അവകാശികളെ കണ്ടെത്തി ഏല്‍പ്പിക്കുന്ന ശ്രമകരമായ ദൗത്യമാണല്ലോ ആ വ്യക്തി നിര്‍വഹിക്കുന്നത്. ഒരു നാട്ടിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് സകാത്ത് വിതരണത്തിന് അയാളെ വക്കാലത്താക്കുമ്പോള്‍ ലഭിക്കുന്ന വലിയ സംഖ്യ കൊണ്ട് ഭാരിച്ച കട ബാധ്യതയുള്ളവരുടെ കടം വീട്ടാനും വിളവ് ലഭിക്കുന്ന കൃഷിയിടം പോലോത്തവ അവര്‍ക്ക് വാങ്ങി നല്‍കാനും നാട്ടിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള വ്യത്യസ്ത അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്നു തീര്‍ച്ചയാണ്. ഇതെല്ലാം കര്‍മശാസ്ത്ര വിശാരദന്മാര് നേരത്തെ തന്നെ രേഖപ്പടുത്തി വെച്ച നിര്‍ദേശങ്ങളാണ്. നവീന വാദികളുടെ അനിസ്ലാമികമായ സകാത്ത് കമ്മിറ്റിയുടെ യാതൊരു ദൗര്‍ബല്യവും ഇവക്കില്ലെന്നതും ശ്രദ്ധേയം.
സകാത്ത് നിര്‍ബന്ധ ദാനം തന്നെയാണ്. അതേ സമയം നിര്‍ബന്ധ ദാനം സകാത്ത് മാത്രമേയുള്ളൂ എന്നതു പൊതുവെയുള്ള തെറ്റിദ്ധാരണയാണ്. സകാത്തിനു പുറമെ പല നിര്‍ബന്ധ ദാനങ്ങളും ഇസ്ലാം നിഷ്കര്‍ഷിക്കുന്നുണ്ട്. സകാത്ത് സ്വത്തിന്റെ രണ്ടര ശതമാനം മാത്രമേയുള്ളൂവെന്നതും അതു തന്നെ സമ്പത്തിന്റെ ചിലയിനങ്ങളില്‍ മാത്രമാണെന്നതും സുവിദിതമാണല്ലോ. അതുകൊണ്ട് തന്നെ ഭക്ഷണം, വസ്ത്രം, വീട് എന്നിവയില്ലാത്തവര്‍ക്ക് മുസ്ലിം ഭരണാധികാരികള്‍ സമ്പന്നരില്‍ നിന്ന് ധനം വാങ്ങി നല്‍കണമെന്നും ഇസ്ലാമിക ഭരണമില്ലാത്തിടങ്ങളില്‍ സമ്പന്നര്‍ ഇവ സ്വയമേറ്റെടുത്ത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്നുമാണ് മതനിയമം.
ഫാത്വിമ ബിന്ത് ഖൈസ്(റ)യില്‍ നിന്ന് നിവേദനം: സകാത്തിനെ കുറിച്ച് നബി(സ്വ)യോട് ചോദ്യമുണ്ടായി. അവിടുന്ന് പ്രതിവചിച്ചു: ‘നിശ്ചയം സമ്പത്തില്‍ സകാത്തല്ലാത്ത ബാധ്യതയുണ്ട്.’ പിന്നീട് ‘നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിക്കുക എന്നതല്ല പുണ്യം. പുണ്യമെന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും ധനത്തോട് ഇഷ്ടമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും ദരിദ്രര്‍ക്കും വഴിയാത്രക്കാരനും ചോദിക്കുന്നവര്‍ക്കും അടിമ മോചനത്തിനും നല്‍കുകയും നിസ്കാരം മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും കരാര്‍ ചെയ്താല്‍ അത് നിറവേറ്റുകയും കഷ്ടപ്പാടിലും ദുരിതങ്ങളിലും യുദ്ധ രംഗത്തും ക്ഷമ കൈകൊള്ളുകയും ചെയ്യുന്നതാണ്. അവരാണ് സത്യസന്ധര്‍. അവര്‍ തന്നെയാണ് സൂക്ഷ്മത പുലര്‍ത്തുന്നവരും’ എന്നര്‍ത്ഥം വരുന്ന അല്‍ ബഖറ സൂറത്തിലെ 117-ാം വചനം അവിടുന്ന് പാരായണം നടത്തുകയും ചെയ്തു (തുര്‍മുദി/595).
സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍