സായുധമായും സാങ്കേതികമായും മികച്ചു നിന്ന ഭരണകൂടമായിരുന്നു ബ്രിട്ടീഷ് ഭരണകൂടം. സൂര്യനസ്തമിക്കാത്ത അവരുടെ സാമ്രാജ്യത്തിന് കീഴിൽ അതിവിപുലമായ സാങ്കേതിക സംവിധാനങ്ങളുണ്ടായിരുന്നു. 1849ലാണ് റെയിൽവേ ഗതാഗതം ബ്രിട്ടീഷുകാരുടെ ആലോചനയിൽ വരുന്നത്. 1852ൽ തന്നെ അത് നടപ്പിലാക്കുകയും ചെയ്തു. ഇതേ കാലയളവിൽ തന്നെയാണ് ഡൽഹൗസി പ്രഭുവിന്റെ മേൽനോട്ടത്തിൽ തപാൽ, ടെലഗ്രാഫ് സംവിധാനങ്ങളും നിലവിൽ വരുന്നത്. മദ്രാസ്, കൊൽക്കത്ത, ഡൽഹി, പെഷവാർ തുടങ്ങിയ അക്കാലത്തെ പ്രധാന നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ ഇതു വലിയ പങ്കുവഹിച്ചു. ഇത്രമേൽ സുശക്തമായ ആശയവിനിമയ മാർഗങ്ങളുള്ള ഒരു ഭരണകൂടത്തോട് എങ്ങനെയാണ് മാപ്പിളമാർ പോരാടിയത്, എന്തുതരം ആശയവിനിമയ സാധ്യതകളാണ് മാപ്പിളമാർ ഇതിനെ പ്രതിരോധിക്കാൻ സ്വീകരിച്ചത് തുടങ്ങിയ ചോദ്യങ്ങൾക്കാണ് നമ്മൾ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം ഔപചാരിക വിദ്യാഭ്യാസം നന്നേ കുറഞ്ഞവരായിരുന്നു മലബാറിലെ ഹിന്ദുക്കളും മുസ്‌ലിംകളും. കെ.എൻ പണിക്കർ Against Lord and State: Religion and Peasant Uprisings in Malabar എന്ന ഗ്രന്ഥത്തിൽ മലബാറിലെ, വിശേഷിച്ചും ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ ഇംഗ്ലീഷ് പഠിച്ചവരുടെ എണ്ണം പറയുന്നത് യഥാക്രമം 700/3000 എന്നിങ്ങനെയാണ്. മഊനതുൽ ഇസ്‌ലാം സഭ ഇംഗ്ലീഷ് ഭാഷാ പഠന സഹായി കരിക്കുലമായി സ്വീകരിച്ച കാലം കൂടിയായിരുന്നു അത്. 1929ൽ സമസ്ത തന്നെ ഇംഗ്ലീഷ് പഠിക്കണം എന്ന് പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ന്യൂനാൽ ന്യൂനപക്ഷം മാത്രമായിരുന്നു മുസ്‌ലിംകളിൽ നിന്ന് ആധുനിക വിദ്യാഭ്യാസം നേടിയിരുന്നത്. ഹിന്ദുക്കളിലും സമാനമായിരുന്നു അവസ്ഥ. പക്ഷേ ഈ ഘട്ടത്തിലും നൈസർഗികമായ ബദൽ കമ്മ്യൂണിക്കേഷൻ സംവിധാനം രൂപപ്പെടുത്താൻ മാപ്പിളമാർക്കായി എന്നതാണ് കൗതുകം. മൗലിദ് സദസ്സുകൾ, പ്രഭാഷണ സദസ്സുകൾ, ആഴ്ച ചന്തകൾ, നകാരം, ബാങ്കുവിളി, ഫത്‌വകൾ തുടങ്ങിയ സംവിധാനങ്ങൾ കൃത്യമായും ആസൂത്രിതമായും മാപ്പിളമാർ ആശയവിനിമയത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. മട്ടന്നൂർ കലാപം അതിനുദാഹരണമാണ്. 1852 ജനുവരി 4 റബീഉൽ അവ്വൽ 12 നാണ് മട്ടന്നൂർ കലാപം നടക്കുന്നത്. അന്നത്തെ ജന്മിവിരുദ്ധ സമരത്തിന് ഒൻപതുപേർ മാത്രമാണ് ആദ്യം തയ്യാറെടുത്തത്. പ്രചണ്ഡമായ പ്രചാരണം നടത്തി ആളെക്കൂട്ടിയാൽ അത് പ്രശ്‌നമാകും. അതിനാൽ അവർ നബിദിന സദസ്സിൽ പങ്കെടുത്ത് തങ്ങളുടെ പടപ്പുറപ്പാടിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് കൈമാറുകയും അങ്ങനെ പോരാളികളുടെ എണ്ണം വർധിപ്പിക്കുകയുമാണ് ചെയ്തത്. തുടർന്ന് കല്ലറക്കൽ ജന്മിയുടെ മതിൽ പൊളിച്ചു വീട് അക്രമിക്കുമ്പോൾ ഇരുന്നൂറോളം സമരഭടന്മാർ ഉണ്ടായിരുന്നുവത്രെ!.
ആശയവിനിമയ സംവിധാനങ്ങളായി പലരീതിയും മാപ്പിളമാർ ഉപയോഗപ്പെടുത്തിയിരുന്നു. മലബാർ കലക്ടറായിരുന്ന കനോലി സായിപ്പിനെ വധിക്കാനായി തിരൂരങ്ങാടിയിൽ നിന്ന് പുറപ്പെടുന്ന മാപ്പിളസംഘം, തങ്ങൾ പുറപ്പെട്ട ആ രാത്രിയിൽ മുഹ്‌യദ്ദീൻ മാല പാരായണം ചെയ്തിരുന്നതായി വില്യം ലോഗൻ തന്റെ മലബാർ മാന്വലിൽ പറയുന്നുണ്ട്. അന്ന് സദസ്സിൽ പുകപ്പിച്ച കുന്തിരിക്കത്തിന്റെ പുകച്ചുരുളുകൾക്കിടയിലൂടെയാണ് വാളുകൾ പരസ്പരം കൈമാറിയിരുന്നത്. 1851 ലെ കൊളത്തൂർ കലാപം മലബാറിലെ മാപ്പിള പ്രഭാഷകരുടെ സ്വാധീനത്താൽ സംഭവിച്ചതാണെന്ന് അന്നത്തെ മലബാർ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നുണ്ട്. പള്ളികളിലെ ബാങ്കുവിളി ആശയവിനിമയത്തിലെ പ്രധാന മാർഗമായി ഉപയോഗപ്പെടുത്തിയിരുന്നു. അഞ്ചു നേരങ്ങളിലെ നമസ്‌കാരസമയം അറിയിക്കാനാണ് മുസ്‌ലിം പള്ളികളിൽ ബാങ്ക് കൊടുക്കാറുള്ളത്. എന്നാൽ 1921 ൽ നടന്ന ചേറൂർ സമരത്തിൽ ബാങ്ക് ഒരു സമരോപാധിയായി മാറിയതായി കാണാം. അന്ന് പട്ടാളപ്പാച്ചിൽ വരുന്നത് കണ്ട് പള്ളിയിലെ മൊല്ലാക്ക പള്ളിയിൽ കയറി ബാങ്ക് വിളിച്ചതിന് ശേഷം ബ്രിട്ടീഷ് സൈന്യത്തിനു മുൻപിൽ പോയി രക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്. 1921 റബീഉൽ അവ്വൽ പന്ത്രണ്ടിന് ചെറുവാടിയിൽ നടന്ന സമരത്തെക്കുറിച്ച് പറയുന്നിടത്ത് ബാങ്കിന്റെ കൃത്യമായ ഒരു സമരപ്രയോഗം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പോരാട്ടം തുടങ്ങുന്ന സമയത്ത് അവർ കൂട്ടബാങ്ക് വിളിക്കുന്നു. അതവർ പോരാട്ടത്തിലുടനീളം വിളിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ആ ബാങ്കിന്റെ ശബ്ദം നേർത്തു വരുമ്പോഴാണ് ആളുകൾ പോരാട്ടം അവസാനിച്ചു എന്ന് മനസ്സിലാക്കിയത്. തുടർന്ന് അവിടെ പോയി നോക്കിയവർ കണ്ടത് 64 ലധികം രക്തസാക്ഷികളെയായിരുന്നു. എങ്ങനെയാണ് ഒരു പോർമുഖത്തെ ബാങ്ക് കൊണ്ട് ക്രമീകരിച്ചിരുന്നത് എന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്.
നകാരം മുഴക്കലായിരുന്നു മറ്റൊരു ആശയവിനിമയോപാധിയും സമരമുറയും. Peasant Protests and Revolts in Malabar എന്ന ഗ്രന്ഥത്തിൽ കെ.എൻ പണിക്കർ ലഖ്‌നൗവിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദി ലീഡർ എന്ന പത്രത്തെ ഉദ്ധരിച്ചുകൊണ്ട് പറയുന്നുണ്ട്: “Meeting of sort of drum from the nearest mosque and simultaneous echoing of it from other mosque” ഒരു പള്ളിയിൽ നിന്നുള്ള നകാരത്തിന്റെ മുഴക്കം മൂന്നോ നാലോ മൈലുകൾ അപ്പുറത്തേക്കുള്ള പള്ളികളിലേക്കും വീടുകളിലേക്കുമെത്തും. അഥവാ ഒരു മഹല്ലിനേക്കാൾ വ്യാപ്തിയുള്ളതായിരിക്കും ഒരു നകാരത്തിന്റെ ശബ്ദപരിധി. റമളാൻ മാസം അത്താഴ സമയമറിയിക്കാനും പെരുന്നാൾ മാസം ഉറപ്പിക്കാനുമൊക്കെയായിരുന്നു നകാരം മുഴക്കാറുള്ളത്. ഒരു പള്ളിയിൽ നിന്ന് നകാരം കേട്ടാണ് അടുത്ത പള്ളിയിൽ നിന്ന് നകാരം മുഴക്കുക. എന്നാൽ അസമയത്തുള്ള നകാരം കേൾക്കുമ്പോൾ എല്ലാവരും യൂണിഫോമും ലഭ്യമായ ആയുധങ്ങളുമെല്ലാം അണിഞ്ഞ് നകാരം മുഴങ്ങുന്നിടത്തേക്ക് വരുന്നതായിരുന്നു സമരകാലത്തെ രീതി. അങ്ങനെയാണ് സമരാഹ്വാനങ്ങൾ അറിയിച്ചതും സമരങ്ങൾ സംഘടിച്ചിരുന്നതും. മാല മൗലിദുകളും ആശയ വിനിമയ മാർഗങ്ങളായിരുന്നു. മൗലിദുകൾ എങ്ങനെയാണ് സമരമുഖത്തെ ആയുധമാക്കി പ്രയോഗിച്ചത് എന്ന് മലബാർ മജിസ്‌ട്രേറ്റായിരുന്ന സീകോളറ്റ് തന്റെ ടെലഗ്രാമിൽ പറയുന്നുണ്ട്. ബ്രിട്ടീഷുകാർ ടെലഗ്രാം ഉപയോഗിച്ചപ്പോൾ ബദലായി മാപ്പിളമാർ മാല മൗലിദുകളാണ് ഉപയോഗിച്ചത്.
തീർത്തും വ്യംഗ്യമായ ഒരു ഭാഷ മലബാറിലെ പോരാളികൾ രൂപീകരിച്ചിരുന്നു. മൈഗുരുഡ് എന്നായിരുന്നു അതിന്റെ പേര്. നൂറുകണക്കിന് മാപ്പിളമാരുണ്ടായിരുന്ന ജയിലുകളിൽ അവർ പരസ്പരം സംവദിക്കുമ്പോൾ മലയാളികളായ വാർഡൻമാർക്ക് മനസ്സിലാക്കാനാകും. അക്കണക്കിന് അവർ പറയുന്നത് തിരിച്ചറിയാതിരിക്കാൻ വേണ്ടിയിട്ടാണ് മൈഗുരുഡ് ഭാഷ ഉപയോഗിച്ചിരുന്നത്. അന്നത്തെ സാഹചര്യം വളരെ സങ്കീർണമാണ്. മുമ്പ് കാശ്മീരിൽ നിന്ന് കേരളത്തിലേക്ക് യതീം കുട്ടികളെ കൊണ്ടുവന്നതുപോലെ മലബാറിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടക്കമുള്ള പല പ്രദേശങ്ങളിലേക്കും കുട്ടികളെ കൊണ്ടുപോയി പഠിപ്പിച്ചിരുന്നു. അങ്ങനെ മലബാറിൽ നിന്നും 500 കുട്ടികളെ ലാഹോറിലെ ഒരു യത്തീംഖാനയിലേക്ക് കൊണ്ടുപോയതായി മക്രിൽ യൂണിവേഴ്‌സിറ്റിയുടെ രേഖകളിൽ കാണാം. മറ്റെവിടെയും പരാമർശിക്കപ്പെടാത്ത ഒരു സംഭവമാണിത്. ഇത്തരം ഒരുപാട് പഠനങ്ങൾ നടക്കേണ്ട വളരെ വിശാലമായ ഒരു മേഖലയാണ് മലബാർ സമരം. പാകിസ്ഥാനിലെ പ്രസ്തുത യത്തീംഖാന ഇന്നും അവരുടെ സ്ഥാപന പ്രചാരണത്തിന്റെ ഭാഗമായി പറയുന്നത് 1921ൽ മാപ്പിള കുട്ടികളെ ഇവിടെ പഠിപ്പിച്ചു എന്നുള്ളതാണ്. അത്തരം സങ്കീർണമായ ഒരു സാഹചര്യമാണ് ഇവിടെയുണ്ടായിരുന്നത്. അത്തരത്തിൽ ഒന്നും പുറത്തു പറയാൻ പറ്റാതിരിക്കുകയും ചാരന്മാരുടെ കഴുകക്കണ്ണുകൾ ചുറ്റുമുണ്ടാകുകയും ചെയ്തതിന്റെ ഫലമായി തന്നെയാണ് മൈഗുരുഡ് എന്ന ഭാഷ രൂപപ്പെടുന്നത്. ‘അ, ആ, ഇ, ഈ, ഉ, ഊ’ എന്ന മലയാളം സ്വരാക്ഷരങ്ങൾക്കു പകരം ‘സ, സാ, സി, സീ, സു, സൂ’ എന്ന് പറയുന്ന ഒരു കോഡാണ് അന്ന് രൂപീകരിക്കപ്പെട്ടത്. ‘അ’ എന്ന് പറയേണ്ടടത്തത്ത് ‘സ’ എന്നാണ് പറയുക. ‘സ’ എന്ന് പറയേണ്ടത് ‘അ’ എന്നു പറയും. ഇന്നും ഇതു പോലെ സംസാരിക്കുന്ന ഒരു വിഭാഗം നമ്മുടെ ഇടയിലുണ്ട്. 1921 ലെ ആശയ സംവേദന രീതി ഇന്നും നമുക്കിടയിൽ സ്വാധീനം ചെലുത്തുന്നു എന്നുള്ളതാണ് ഇത് കാണിക്കുന്നത്.
മുസ്‌ലിം പണ്ഡിതന്മാരുടെ മതവിധി(ഫത്‌വ)കളടങ്ങിയ ലഘുലേഖകളും സംവേദന രീതിയായി ഉപയോഗിക്കപ്പെട്ടിരുന്നു. സമരകാലത്ത് റൂമേഴ്‌സ്, അഥവാ ഊഹാപോഹങ്ങളും വല്ലാതെ പ്രചരിപ്പിക്കപ്പെട്ടു. ഇതിനെക്കുറിച്ച് ഒരുപാട് പഠനങ്ങൾ ദേശീയ തലത്തിലും അല്ലാതെയും നടന്നിട്ടുണ്ട്. റൂമേഴ്‌സ് ആൻഡ് റിബൽസ് എന്ന് പറയുന്ന കിം എ വാഗ്നറുടെ ഒരു പുസ്തകമുണ്ട്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി എഴുതിയതാണിത്. മലബാർ സമരം ഇന്ന് നമ്മൾ പഠിക്കുമ്പോൾ അന്നത്തെ സമകാലിക വിഷയങ്ങളിലേക്ക് ചേർത്ത് പഠിക്കേണ്ടതുണ്ട്. അതിന്റെ നിലപാടിനെ കാലികമായി ചേർത്തു നോക്കുമ്പോൾ പലപ്പോഴും അപകടം പിണയും. വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. ബ്രിട്ടീഷുകാർ തിരിച്ചും മാപ്പിളമാരെ അത്തരത്തിലുള്ള ഊഹാപോഹങ്ങളുടെ ചതിയിലകപ്പെടുത്തിയിട്ടുണ്ട്. തിരൂരങ്ങാടി പള്ളി പൊളിച്ചു എന്ന് പറഞ്ഞു താനൂരിലുള്ള കുഞ്ഞിക്കാദറിന് കത്തെഴുതുന്നത് ഹിച്ച്‌കോക്ക് തന്നെയാണ്. യഥാർത്ഥത്തിൽ അത് പൊളിക്കപെട്ടിട്ടില്ല. അത് എ.കെ കോഡൂർ ആംഗ്ലോ മാപ്പിള യുദ്ധത്തിലും, എ മുഹമ്മദ് സാഹിബ് ജീവചരിത്രക്കുറിപ്പിലുമൊക്കെ പറയുന്നുണ്ട്. ഊഹാപോഹങ്ങൾ കത്തുകളായിട്ടാണ് സഞ്ചരിച്ചത്. ഈ കത്ത് ഹിച്ച്‌കോക്ക് തന്നെ തന്റെ ചാരന്മാരെ ഏർപ്പെടുത്തി താനൂരിലേക്കും കോട്ടക്കലിലേക്കും കൊടുത്തയച്ചിട്ടുണ്ട്. അങ്ങനെയാണ് തിരൂരങ്ങാടിയിലേക്ക് പതിനായിരക്കണക്കിനാളുകൾ സംഘടിച്ചെത്തുന്നത്. ആ സംഘടിച്ചെത്തിയ ആളുകളാണ് പിന്നീട് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടുന്നത്. അവിടെ പതിനായിരക്കണക്കിനാളുകൾ ഒരുമിച്ച് കൂടിയിരുന്നു. പക്ഷേ ബ്രിട്ടീഷുകാരുടെയടുത്ത് ആയിരം വെടിയുണ്ടകളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ബ്രിട്ടീഷുകാർക്ക് ശ്രമം ഉപേക്ഷിച്ചു പിന്തിരിഞ്ഞോടേണ്ടി വന്നു. മരണം മാപ്പിള പോരാളികളെ തളർത്തിയില്ല എന്നത് ഹിച്ച്‌കോക്ക് അടക്കമുള്ളവർ അദ്ഭുതത്തോടുകൂടി നിരീക്ഷിക്കുന്നുണ്ട്. ഊഹാപോഹങ്ങളും അപവാദങ്ങളും സമരകാലത്ത് നിരന്തരം പ്രചരിച്ചിരുന്നു. സമരകാലത്തെ മാപ്പിളമാരുടെ സംവേദനരീതികൾ അവരുടെ മനോവീര്യം പോലെ അതിശയിപ്പിക്കുന്നതായിരുന്നു. കൂടുതൽ ഗവേഷണങ്ങൾ ഇവ്വിഷയകമായി നടക്കേണ്ടതുണ്ട്.
ഉമൈർ ബുഖാരി