സമ്പന്നനാകാനുള്ള കുറുക്കുവഴികൾ!

രണ്ട് പണ്ഡിത സുഹൃത്തുക്കൾ വേദനയോടെ പങ്കുവെച്ച രണ്ട് കൊലച്ചതികളെ സംബന്ധിച്ചാണ് പറയുന്നത്. ഒരു റമളാൻ മാസത്തിൽ വിനയവും ഭക്തിയും തോന്നിപ്പിക്കുന്ന വേഷവിധാനത്തോടെ ഒരു ചെറുപ്പക്കാരൻ വീട്ടിലേക്ക് കയറിവരുന്നു. നിഷ്‌കളങ്ക ഭാവത്തിൽ കണ്ണ് നിറച്ച് അയാൾ പറഞ്ഞുതുടങ്ങി: ‘ഉസ്താദേ, ഞാനൊരു മസ്അല അറിയാൻ വന്നതാണ്. എന്റെ നാട് തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്താണ്. ഇവിടെ ഫുട്പാത്തിൽ റെഡിമേയ്ഡ് വസ്ത്ര വിൽപനയാണ് ജോലി. ഉസ്താദിനെ കുറിച്ച് കേട്ടിട്ടുണ്ട്. എന്റെ പ്രശ്‌നം പറയാം. സുഹൃത്തും അയൽവാസിയുമായ രാമൻ കുട്ടി വീട്ടിൽ തെങ്ങിന് തടംതുറന്ന് വളംചെയ്യുമ്പോൾ ഒരു മൺകലത്തിൽ നിന്ന് കറുത്ത അമ്മിക്കുട്ടി പോലുള്ള സാധനം കിട്ടി. അത് ചുരണ്ടിനോക്കിയപ്പോൾ സ്വർണക്കളർ. അതിന്റെ പൊടി ജ്വല്ലറിയിൽ കൊടുത്തപ്പോൾ അവർ മൂവായിരം രൂപ തന്നു. അതുകൊണ്ട് ഞാൻ വീട്ടുകാർക്ക് സാധനങ്ങൾ വാങ്ങിക്കൊടുത്തു. ഇത് ഹലാലാകുമോ?’
ഈ ഭക്തന്റെ ചോദ്യത്തിന് അതു സാരമില്ല എന്നു മറുപടി കൊടുത്ത ഉസ്താദിനോട് പിന്നീടയാൾ പറഞ്ഞു: ‘ഉസ്താദ് അതു വിൽക്കാൻ എന്നെ സഹായിക്കുകയാണെങ്കിൽ അതിന്റെ പകുതി ഞാൻ നിങ്ങളുടെ സ്ഥാപനത്തിന് തരാം. പാവപ്പെട്ട കുറേ കുട്ടികൾ അവിടെ പഠിക്കുന്നതല്ലേ. അവർക്കൊരു നേരത്തെ അന്നം നൽകുന്നതിന്റെ ഫലം എനിക്കും കുടുംബത്തിനും ലഭിക്കുമല്ലോ.’ ഉസ്താദിന്റെ മനസ്സിൽ ലഡു പൊട്ടി! സാധനം കാണിക്ക് എന്നായി അദ്ദേഹം.
അടുത്ത ദിവസം തന്നെ സ്വർണക്കളറുള്ള രണ്ടു കിലോയോളം തൂക്കം വരുന്ന ‘ലോഹക്കട്ടി’യുമായി ‘ഭക്തൻ’ വന്നു. കയ്യിൽ കരുതിയ ഉളികൊണ്ട് അതിൽ കുത്തുന്നത് പോലെ കാണിച്ചു. നേരത്തെ കയ്യിൽ കരുതിവെച്ച അൽപം സ്വർണപ്പൊടികൾ ഉസ്താദിനെ ഏൽപിച്ചു. ഇതൊന്ന് തട്ടാനെ കാണിച്ച് പരിശോധിക്കാൻ പറഞ്ഞു. തട്ടാൻ പരിശോധിച്ച് സ്വർണമാണെന്നു സാക്ഷ്യപ്പെടുത്തി.
ഉസ്താദിന്റെ വിശ്വാസം വർധിച്ചുവെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. തൽക്കാലത്തേക്ക് ഒരു മൂന്നു ലക്ഷം രൂപ തന്നാൽ സ്വർണക്കട്ടി നിങ്ങളെ ഏൽപിക്കാമെന്നും ബാക്കി തുക വിറ്റതിനു ശേഷം മതിയെന്നും ഉസ്താദിനെ എനിക്കു വിശ്വാസമാണെന്നും ഭക്തൻ തട്ടിവിട്ടു. പലരിൽ നിന്നും കടം വാങ്ങി മൂന്നു ലക്ഷം കൈമാറിയ ശേഷം ‘സ്വർണക്കട്ടി’ പരിചയക്കാരനായ ജ്വല്ലറിക്കാരനെ സമീപിച്ച് പരിശോധിപ്പിച്ചു. അതിൽ ഒരു തരിമ്പും സ്വർണമില്ലെന്നും ശുദ്ധതട്ടിപ്പാണെന്നും മനസ്സിലായപ്പോൾ അയാൾ തലചുറ്റി വീണു.
മറ്റൊരു സംഭവം കൂടി. സാമ്പത്തിക പ്രയാസം കൊണ്ട് നിൽക്കപ്പൊറുതിയില്ലാത്ത ആ പണ്ഡിതൻ സിഎം മഖാമിലെത്തി. കുറേ പ്രാർത്ഥിച്ചു. അയാൾ പിന്നീട് മമ്പുറത്തെത്തി. ദീർഘനേരം സിയാറത്ത് നടത്തി പുറത്തിറങ്ങിയപ്പോൾ ഒരാൾ ഭവ്യതയോടെ ഈ പണ്ഡിതനെ സമീപിച്ചു ചോദിച്ചു: ഉസ്താദിന് കാര്യമായൊരു വിഷമമുണ്ടല്ലോ. അങ്ങനെയൊന്നുമില്ലെന്നായി ഇദ്ദേഹം. ‘അത് വെറുതെ, സാമ്പത്തികമായ എന്തോ പ്രയാസം താങ്കൾക്കുള്ളതായി മുഖം പറയുന്നുണ്ടല്ലോ?’ ഇത് കേട്ടതോടെ ഉസ്താദ് ആകാംക്ഷയോടെ അയാളെ നോക്കി. തന്റെ കടങ്ങളെ കുറിച്ച് വിശദീകരിച്ചു. എല്ലാം കേട്ട ശേഷം അയാൾ പറഞ്ഞു: ‘സാരമില്ല, നമുക്ക് പരിഹാരമുണ്ടാക്കാം. നിങ്ങളുടെ കടം വീട്ടാനും ശിഷ്ടകാലം മാന്യമായി ജീവിക്കാനുമുള്ള വക ലഭിക്കുന്ന ഒരു കാര്യമുണ്ട്.’ ഇത്രയുമായപ്പോൾ ആ സാധു കരുതി, തന്റെ പ്രാർത്ഥനക്ക് ഫലം കാണുകയാണെന്ന്.
തുടർന്ന് അയാൾ വിശദീകരിച്ചു: ‘എന്റെ ഒരു സുഹൃത്തിന്റെയടുത്ത് നിധി കിട്ടിയ സ്വർണക്കട്ടിയുണ്ട്. അതു വിൽക്കാൻ സഹായിച്ചാൽ പകുതി നിങ്ങൾക്ക് തരും. അതോടെ എല്ലാ പ്രയാസങ്ങളും തീരും. നേരത്തെ പറഞ്ഞ അതേ രീതിയിൽ ലോഹക്കട്ടി കാണിച്ച് അഞ്ച് ലക്ഷം രൂപയാണ് ഈ പാവത്തിൽ നിന്ന് ആ റാക്കറ്റ് തട്ടിയെടുത്തത്. അയാൾ നേരത്തെയുള്ളതിന് പുറമെ അഞ്ചു ലക്ഷത്തിനു കൂടി കടക്കാരനായി മനസ്സ് തകർന്നു കഴിയുന്നു.
സ്വർണ വെള്ളരി, വെള്ളി മൂങ്ങ, നിധി കിട്ടിയ സ്വർണം, ഇരുതല മൂരി, ക്രിപ്‌റ്റോ കറൻസി, നോട്ടിരട്ടിപ്പ്, പെട്രോൾ ഇറക്കുമതി ചെയ്യുന്ന വിദേശ കമ്പനിയിലേക്കുള്ള നിക്ഷേപം, അനന്തരാവകാശികളില്ലാതെ മരിച്ച വിദേശ കോടീശ്വരന്റെ സ്വത്ത് സ്വന്തമാക്കൽ… തട്ടിപ്പിന്റെ എത്രയെത്ര മുഖങ്ങളാണ് കേരളം പലപ്പോഴായി കണ്ടത്. എന്നിട്ടും പാഠം പഠിക്കാതെ മലയാളി പുതിയ തട്ടിപ്പുകൾക്ക് തല വെച്ചുകൊടുക്കുന്നു, കെട്ടുതാലി വരെ വിറ്റും കാശിറക്കി ഭാഗ്യം പരീക്ഷിക്കുന്നു. നമ്മൾ വീണ്ടും വീണ്ടും പറ്റിക്കപ്പെടുകയാണ്.
നിഷ്‌കളങ്കരായ മനുഷ്യരെ പറ്റിച്ച് വിദേശത്തേക്ക് കടക്കുന്ന റാക്കറ്റുകളുടെ സുലഭ കാലമാണിത്. കുറുക്കുവഴിക്ക് പണം ലഭിക്കുമെന്ന് ആര് വാഗ്ദാനം ചെയ്താലും അതിൽ വീഴാതിരിക്കാനുള്ള മനസ്സുറപ്പും വിവേകവും നമുക്കുണ്ടാവണം. ആ സ്വർണക്കട്ടി അയാൾക്കു തന്നെയങ്ങ് വിറ്റ് മുഴുവൻ തുകയും സ്വന്തമാക്കിക്കൂടേ എന്ന് സ്വയം ചോദിക്കാനുള്ള ത്രാണിയില്ലാതാവുന്നത് എത്ര അബദ്ധമാണ്? പിശാച് പണത്തിന്റെ രൂപത്തിൽ വന്ന് നമ്മെ പറ്റിക്കുന്നതിന്റെ ഉദാഹരണങ്ങൾ മാത്രമാണിത്. എത്ര അനുഭവിച്ചാലും പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം പിന്നെയും ബാക്കി..!

റഹ്‌മത്തുല്ലാഹ് സഖാഫി എളമരം

 

Exit mobile version