സാന്ത്വനം തേടി…

7ആവശ്യത്തിനും അനാവശ്യത്തിനും ടെന്‍ഷനടിക്കുന്ന കുടുംബിനിയാണ് ശാഹിദ. കല്യാണം കഴിഞ്ഞു, മൂന്നു കുട്ടികളും അത്യാവശ്യം സൗകര്യങ്ങളുമുണ്ട്. ഭര്‍ത്താവിനു ഭേദപ്പെട്ട കച്ചവടവുമുണ്ട്. എന്നാലും ചെറിയ പ്രശ്നം വന്നാല്‍ അവള്‍ നിരുത്സാഹയാവുന്നു. നെഞ്ചിനകത്ത് ഒരു വീര്‍പ്പുമുട്ടല്‍ പോലെ അനുഭവപ്പെടുന്നു.
പത്താം ക്ലാസില്‍ പരീക്ഷ എഴുതി, റിസള്‍ട്ട് കാത്തിരിക്കുമ്പോള്‍ അവളനുഭവിച്ച മനഃപ്രയാസം ചെറുതൊന്നുമല്ല. അന്നൊക്കെ റാങ്കുകാരുടെ ഫോട്ടോ പത്രത്തില്‍ അടിച്ചുവരുന്ന കാലമാണ്. വിജയികളുടെ ലിസ്റ്റും പത്രം മുഖേനയാണ് അറിഞ്ഞിരുന്നത്. തോറ്റുപോയാല്‍, നാട്ടുകാരും വീട്ടുകാരും അറിയുമല്ലോ എന്നതായിരുന്നു അവളുടെ പ്രശ്നം.
ഉമ്മ കുറേ പറഞ്ഞുനോക്കി: ഇതോര്‍ത്ത് തിന്നാതിരുന്നിട്ടെന്താ കാര്യം മോളേ… തോല്‍വിയൊക്കെ സാധാരണയല്ലേ.. എന്ന്. സമാധാനിക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു. പക്ഷേ, ടെന്‍ഷന്‍ കൂടുകയാണ് ചെയ്തത്. അതില്‍ പിന്നെ ഉറക്കവും ഇല്ലാതായി. താന്‍ തോല്‍ക്കുമെന്നല്ലേ പറഞ്ഞതിനര്‍ത്ഥം എന്ന ചിന്തയായി പിന്നെ.
കാത്തിരുന്ന റിസല്‍ട്ട് വന്നപ്പോഴോ, ജയിച്ചുവെന്നു മാത്രമല്ല, അവള്‍ക്കു ഡിസ്റ്റിംഗ്ഷനുണ്ടായിരുന്നു. പക്ഷേ, ഉറക്കവും ഭക്ഷണവും കുറഞ്ഞതിനാല്‍ കുറേക്കാലം മരുന്നു കഴിക്കേണ്ടിവന്നുവെന്നു മാത്രം.
വിവാഹത്തിനൊരുങ്ങിയപ്പോള്‍ പിന്നെയും ടെന്‍ഷനായി. മൂന്നാലു കക്ഷികള്‍ വന്നു പെണ്ണുകണ്ടെങ്കിലും അവരൊന്നും ഒകെ പറഞ്ഞില്ല. തന്റെ കൂടെപ്പഠിച്ച അഞ്ചാറു പേരുടെ കല്യാണവും അതിനിടെ കഴിഞ്ഞു. പിന്നെത്തെ മനോവേദന പറയണോ? അവള്‍ ചിന്തയുടെ ലോകത്തായി. കണ്ണാടി കൈയില്‍ നിന്ന് വെക്കാതായി. തനിക്കെന്തെങ്കിലും വൈകല്യമുണ്ടോ? പുരികം ഓകെയാണല്ലോ… നെറ്റിക്കു കുഴപ്പം വല്ലതും? കണ്ണിനൊരു പ്രസരിപ്പില്ലേ… മുഖക്കുരുവിന്റെ പാടാണോ പ്രശ്നം, അതോ പല്ലിന്റെ തെളിവുകുറവോ? അല്ല, കീഴ്ത്താടിയുടെ എല്ലുന്തിയതോ, അതോ ചിരിക്കുമ്പോള്‍ ഭംഗിക്കുറവുണ്ടോ? രാത്രിയില്‍ എല്ലാവരും ഉറങ്ങിയാല്‍, അവള്‍ വീണ്ടും കണ്ണാടിക്കു മുമ്പിലെത്തുന്നു… എന്താണ് എന്റെ കുഴപ്പം… മനസ്സിലാവുന്നില്ലല്ലോ…
ആരോഗ്യപ്രശ്നം വീണ്ടുമുണ്ടായി. മരുന്നു കുറിച്ചുകൊടുക്കുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ശാഹിദ സുന്ദരിക്കുട്ടിയാണു കെട്ടോ… ഓരോന്നാലോചിച്ച് തല പുണ്ണാക്കേണ്ട. കല്യാണത്തിനൊക്കെ ഒരു സമയമുണ്ട്. പടച്ചവന്‍ കണക്കാക്കിയ സമയം. അപ്പോഴേ അതു നടക്കൂ… നോ ടെന്‍ഷന്‍, നോ മെന്‍ഷന്‍…
ആ വാക്ക് അവള്‍ക്കൊരു കുളിര്‍മഴയായിരുന്നു. മരുന്നിനേക്കാള്‍ ഫലപ്രദം. ഡോക്ടര്‍ പറഞ്ഞതുപോലെ അഞ്ചാറുമാസം കഴിഞ്ഞപ്പോള്‍ അവളെ കാണാനെത്തിയത് സങ്കല്‍പത്തിലെ സുമുഖന്‍ തന്നെയായിരുന്നു. അയാള്‍ക്ക് ശാഹിദയെ ഇഷ്ടമായി; തിരിച്ചും. ദീനും സീനത്തുമുള്ള ഒരാളെയാണ് എനിക്കുവേണ്ടത്. അതു രണ്ടും ശാഹിദക്കുണ്ട്. ആ വാക്കുകള്‍ കേട്ട് ശാഹിദ കോരിത്തരിച്ചു. മുമ്പു പെണ്ണു കാണാന്‍ വന്നവര്‍ക്ക് തന്നെ ഇഷ്ടപ്പെടാത്തത് ഭാഗ്യമായി അവള്‍ കരുതി. അതിലൊരാളുടെ ചുണ്ടിന്റെ കറുപ്പ് ഓര്‍ക്കാന്‍ വയ്യ. പുകവലിയുണ്ടെന്നു തോന്നുന്നു. പുകവലിക്കാരെ ശാഹിദക്കു വെറുപ്പാണ്. അയാള്‍ ഒഴിഞ്ഞുപോയത് നന്നായി. മറ്റൊരാളുടെ മുഖത്ത് വസൂരിക്കല പോലെ എന്തോ കണ്ടല്ലോ. ധൃതിയില്‍ ശ്രദ്ധിക്കാനും പറ്റിയില്ല. ഓരോന്നിനും ഓരോ സമയമുണ്ട്… ഡോക്ടറുടെ വാക്കുകള്‍ അവള്‍ വീണ്ടുമോര്‍ത്തു.
ഗര്‍ഭിണിയായപ്പോഴാണ് അവളുടെ ടെന്‍ഷന്‍ ഏറിയത്. ഏതോ കൂട്ടുകാരി പേടിപ്പിച്ചതാണ്. ഫസ്റ്റ് ഡെലിവറി ഒരു ബാലികേറാ മലയാണ് മോളേ, പലരും മരിക്കുന്നത് ഒന്നാം പ്രസവത്തിലാ, സൂക്ഷിക്കണേ…
ലക്കും ലഗാനുമില്ലാതെ എന്തും പറയുന്ന ചിലരുണ്ടല്ലോ. അതില്‍ പെട്ട ഒരു വായാടിയാണ് ഈ കൂട്ടുകാരി. ഇങ്ങനെയുണ്ടോ ഒരു വെളിപ്പെടുത്തല്‍. അവള്‍ അസ്വസ്ഥയായി. ഉമ്മക്കതു മനസ്സിലായി. അവളുടെ മുഖം വാടിയാല്‍ അവര്‍ക്ക് വേഗം മനസ്സിലാവും. എന്താണു പറ്റിയതെന്ന് ഉമ്മ ചോദിച്ചെങ്കിലും അവള്‍ പ്രതികരിച്ചില്ല. ഭക്ഷണവും ഉറക്കവും കുറഞ്ഞിരിക്കുന്നു. മരുന്നും കുടിക്കുന്നില്ല. പള്ളിയിലൊരു സയ്യിദുണ്ട്. വിവരം പറഞ്ഞ്, ശമനം തേടാംഉമ്മ ചിന്തിച്ചു. അവര്‍ മകനെ പറഞ്ഞയച്ച് കാര്യം ധരിപ്പിച്ചു. തങ്ങള്‍ നൂല് മന്ത്രിച്ചു കൊടുത്തയച്ചു. അതോടെ ഉറക്കം ശരിയായി. ഭക്ഷണവും കഴിക്കാന്‍ തുടങ്ങി. മെല്ലെ മെല്ലെ അവള്‍ മനസ്സു തുറന്നു:
ഉമ്മാ, ഈ പ്രസവത്തില്‍ ഞാന്‍ മരിക്ക്വോ?
ഒരു പൊട്ടിച്ചിരിയായിരുന്നു ഉമ്മ. ചിരിച്ചു ചിരിച്ചു ഉമ്മ വീഴാന്‍ പോയി. അതുകണ്ട് ശാഹിദയും ചിരിച്ചു. ഉമ്മ പിന്നെ ഒരു പ്രസംഗമായിരുന്നു. പത്തും പന്ത്രണ്ടും പെറ്റ ഉമ്മമാരെക്കുറിച്ച്. അതും സൗകര്യങ്ങളൊന്നുമില്ലാത്ത പഴയ കാലത്ത്. പ്രസവിക്കുന്നതിന്റെ തലേന്നുവരെ കൂലിപ്പണിക്കു പോയിരുന്നവര്‍. നെല്ലു കുത്തിക്കൊണ്ടിരിക്കുമ്പോള്‍, പെട്ടെന്നു അകത്തുപോയി പ്രസവിച്ചവര്‍, പ്രസവിച്ചതിന്റെ പിറ്റേന്നു തന്നെ പുഴയില്‍ കുളിക്കാന്‍ വന്നവര്‍…
അതു കേട്ടപ്പോള്‍ അവള്‍ക്കു സമാധാനമായി. ഏതോ പുസ്തകത്തില്‍ വായിച്ച വരികള്‍ അവളോര്‍ത്തു: പ്രസവം പ്രകൃതി ഒരുക്കിയ ഒരു സാധാരണ സംഗതിയാണ്. ഗര്‍ഭപാത്രം വികസിക്കുകയും ഗര്‍ഭസ്ഥ ശിശുവിനെ പുറത്തേക്കു തള്ളുകയും ചെയ്യുന്നു. അതിനുപയുക്തമായ ശരീര ഘടനയാണ് സ്ത്രീക്കുള്ളത്.
ഓര്‍ത്തോര്‍ത്ത്, അവള്‍ പിന്നെ ഏറെ ചിരിച്ചിട്ടുണ്ട്. പ്രസവിച്ചയന്നും അവള്‍ ഉമ്മയെ നോക്കി പുഞ്ചിരിച്ചു. വിചാരിച്ച വേദനയൊന്നും ഉണ്ടായില്ല. ആ നൊമ്പരത്തിനും ഒരു സുഖമുണ്ടെന്ന് കുഞ്ഞിനെക്കണ്ടപ്പോഴാണ് മനസ്സിലായത്.
നാല്‍പതിനു മുമ്പേ കുഞ്ഞിന്റെ സുന്നത്തുകല്യാണം കഴിക്കണമെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഇതാ, ശാഹിദക്കു വീണ്ടും ടെന്‍ഷനായി. കുഞ്ഞിന് വേദനിക്കില്ലേ, രക്തം നില്‍ക്കാഞ്ഞാല്‍ എന്തുചെയ്യും എന്നായിരുന്നു അവളുടെ പേടി. പക്ഷേ, അതും വെറുതെയായിരുന്നുവെന്ന് അവള്‍ പിന്നീട് തിരിച്ചറിഞ്ഞു.
വര്‍ഷങ്ങളെത്ര കഴിഞ്ഞു.
ശാഹിദ ഇന്നു വാടിയ മുഖവുമായിട്ടാണ് ഉമ്മയെ കാണാനെത്തിയിരിക്കുന്നത്. മൂത്ത മകളുടെ കല്യാണം കഴിഞ്ഞു, അവള്‍ക്കിന്നൊരു കുട്ടിയുണ്ട്. ശാഹിദ ഉമ്മാമയാണിപ്പോള്‍. അവള്‍ കരയുന്നതെന്തിനാണെന്നു കേള്‍ക്കൂ: ഇക്കയുടെ കച്ചോടം മോശാ. എന്റെ അഞ്ചുപവനാ പണയം വെച്ചത്. ഞങ്ങളെന്താ ചെയ്യാ… എനിക്ക് ഒരു സമാധാനോം ഇല്ല…
ഉമ്മക്ക് ചിരിവന്നു. അതു നിയന്ത്രിച്ചു നിര്‍ത്തുകയായിരുന്നു. ഉമ്മ കൂടുതലൊന്നും പറഞ്ഞില്ല. ഒരു വാക്കുമാത്രം: നിനക്ക് വിഷമം വരുമ്പോള്‍ ഖുര്‍ആനോതിക്കോ, എല്ലാ പ്രയാസവും തീരും.
ഉമ്മ ചിന്തിച്ചതിങ്ങനെയാണ്: ടെന്‍ഷന്‍ അവളുടെ കൂടെപ്പിറപ്പാ… അതു മറികടക്കാന്‍ ഇതിനേക്കാള്‍ നല്ല മരുന്നില്ല. എല്ലാ ടെന്‍ഷനെയും ഖുര്‍ആന്‍ നിര്‍വീര്യമാക്കുന്നു.

ഇബ്റാഹിം ടിഎന്‍ പുരം 

Exit mobile version