സാന്ത്വനം-4 : ഉദാരതയുടെ സാക്ഷി

Santhwanam

രള്‍ച്ചയും അത്യുഷ്ണവും ശക്തിപ്പെട്ടിരിക്കുന്നു. ഭക്ഷ്യക്ഷാമം അതിരൂക്ഷം. പട്ടിണിയില്‍ ജനം നട്ടം തിരിയുകയാണ്. ഈ സന്ദര്‍ഭം മുതലെടുത്ത് ശത്രുരാജ്യങ്ങള്‍ കടന്നുകയറാന്‍ കരുക്കള്‍ നീക്കുന്നു. അവരെ നേരിടാന്‍ പടക്കോപ്പുകളൊരുക്കണമെങ്കില്‍ സാമ്പത്തിക പരാധീനത തടസ്സവും. എങ്കിലും നേരിടാതെ പറ്റില്ലല്ലോ. മദീന പള്ളിയിലെ മിമ്പറില്‍ തിരുനബി(സ്വ) സാഹചര്യങ്ങള്‍ വിശദീകരിക്കുകയാണ്. റോമാ സാമ്രാജ്യത്തിന്‍റെ നാല്‍പതിനായിരം പട്ടാളക്കാര്‍ ഇസ്ലാമിനെ വേരോടെ പറിച്ചെറിയാന്‍ രംഗത്തെത്തിയിരിക്കുന്നു. മുപ്പതിനായിരം പോരാളികളെ അവര്‍ക്കെതിരെ നമുക്കയക്കാന്‍ സാധിക്കണം. പക്ഷേ അവരുടെ ഭക്ഷണം, വാഹനം, യുദ്ധായുധങ്ങള്‍, യാത്രാ ചെലവുകള്‍ക്കെല്ലാം എന്തു ചെയ്യും? സാധിക്കുന്നവരെല്ലാം അകമഴിഞ്ഞ് തരണം. സ്വഹാബിമാര്‍ ഓരോരുത്തരും കഴിയുന്നത് ഏറ്റെടുത്തുകൊണ്ടിരുന്നു. അതിനിടയില്‍ ഉസ്മാന്‍(റ) എഴുന്നേറ്റു നിന്നു പറഞ്ഞു: ‘നൂറ് ഒട്ടകവും അവയുടെ പടക്കോപ്പുകളും ഞാനേറ്റിരിക്കുന്നു റസൂലേ.’ ഏറെ സന്തോഷം പ്രകടിപ്പിച്ച തിരുനബി(സ്വ) പ്രസംഗം തുടര്‍ന്നു. ഇഹലോകത്തെ കഷ്ടപ്പാടുകളില്‍ കഴിയുന്നവരുടെ പ്രാധാന്യവും പരലോക വിജയവും ഊന്നിപ്പറയുന്നതിനിടെ ഉസ്മാന്‍(റ) വീണ്ടും പ്രഖ്യാപിച്ചു: ‘ഇരുന്നൂറ് ഒട്ടകവും ആവശ്യമായ സാമഗ്രികളും കൂടി ഞാന്‍ തരാം.’

തിരുദൂതര്‍ പ്രസംഗവും പ്രാര്‍ത്ഥനയും തുടര്‍ന്നു. കൂടുതല്‍ ആവേശവും ആശയവും അവിടുന്ന് നല്‍കിക്കൊണ്ടിരുന്നു. അല്‍പം കൂടി കഴിഞ്ഞപ്പോള്‍ ഉസ്മാന്‍(റ) മൂന്നാമതും എഴുന്നേറ്റു പറഞ്ഞു: ‘പ്രവാചകരേ, മുന്നൂറ് ഒട്ടകങ്ങളെ കൂടി ഞാന്‍ നല്‍കാം.’ ധര്‍മ സംരക്ഷണത്തിനായി കൂടുതല്‍ ചെലവഴിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആ സ്വര്‍ഗാവകാശിയുടെ മുഖം ഒന്നുകൂടി പ്രശോഭിതമായി.

600 ഒട്ടകങ്ങളും സാമഗ്രികളുമായ സന്തോഷം പ്രവാചകരുടെ മുഖത്ത് ദൃശ്യമായി. മിമ്പറില്‍ നിന്ന് താഴെയിറങ്ങി കണ്ഠമിടറിക്കൊണ്ട് അവിടുന്ന് പറയാന്‍ തുടങ്ങി: ‘ഉസ്മാന് ഈ ധര്‍മത്തിന് ശേഷം ഒരു കുറവുമില്ല’ (തുര്‍മുദി: 3700). അതീവ സന്തുഷ്ടനായ ഉസ്മാന്‍(റ) വേഗം വീട്ടിലേക്കോടി. വാഗ്ദാനം ചെയ്ത 600 ഒട്ടകങ്ങളും സാമഗ്രികളും മാത്രം പോരാ. ഇനിയും വാരിക്കോരി കൊടുക്കണം. ഇസ്ലാമിന്‍റെ നിലനില്‍പിനല്ലാതെ പിന്നെന്തിനാണ് താന്‍ സമ്പാദ്യം ചെലവിടുക. ദീന്‍ നിലനിന്നില്ലെങ്കില്‍ ധനമുണ്ടായിട്ടെന്തു ഗുണം? സമ്പത്ത് നല്ലതിന് ചെലവഴിക്കാനുള്ളതാണല്ലോ. മനുഷ്യന്‍ സമ്പത്തിന്‍റെ കാവല്‍ക്കാരന്‍ മാത്രമാണ്. യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അവന്‍റെ മാര്‍ഗത്തിലാണ് വ്യയം ചെയ്യേണ്ടത്. ഉസ്മാന്‍(റ) ആത്മഗതം ചെയ്തു. ആയിരം പൊന്ന് വാരിക്കെട്ടി ഒരു സഞ്ചിയിലാക്കിയ അദ്ദേഹം അതുമായി നബി(സ്വ)യുടെ സന്നിധിയിലെത്തി. ‘ഇതാ റസൂലേ, ഇത് കൂടി എന്‍റെ വകയായി വച്ചോളൂ.’ സന്തോഷം കൊണ്ട് വിതുമ്പിയ തിരുനബി(സ്വ) അത് സ്വന്തം മടിയിലിട്ട് ഇളക്കി മറിച്ചുകൊണ്ട് പറഞ്ഞു: ‘ഇന്നത്തെ സല്‍കര്‍മത്തിന് ശേഷം ഇനി ഉസ്മാന് ഒരു ഉപദ്രവവും വരില്ല’ (അഹ്മദ്, തിര്‍മുദി 3701).

കാലചക്രം കറങ്ങി. അന്ന് മൂന്നാം ഖലീഫയാണ് ഉസ്മാന്‍(റ). അദ്ദേഹത്തിന്‍റെ ഭരണത്തിന്‍റെ അവസാന രംഗം. സബഇയ്യാ പാര്‍ട്ടിക്കാര്‍ പോരുകോഴികളെ പോലെ മദീനയില്‍ തമ്പടിച്ചിരിക്കുകയാണ്. വഴികളിലും വീടിന്‍റെ വരാന്തകളിലും കൂടിനിന്ന ആളുകള്‍ ശ്വാസം കഴിക്കാന്‍ പോലും ഭയന്നു. ഉസ്മാന്‍(റ)ന്‍റെ വീട് അവര്‍ വളഞ്ഞിരിക്കുന്നു. അഗതികളുടെ അത്താണിയായി ഇക്കാലമത്രയും പരിലസിച്ച ആ ഭവനം ഇപ്പോഴൊരു യുദ്ധക്കളമാകാനിരിക്കുകയാണെന്ന് മദീനാ നിവാസികള്‍ വേവലാതിയോടെ തിരിച്ചറിഞ്ഞു. പ്രതികാരത്തീ ആളിപ്പടര്‍ത്തി നാടും നഗരവും തെണ്ടിയലഞ്ഞ് അബ്ദുല്ലാഹിബ്ന്‍ സബഅ് ഒപ്പിച്ചെടുത്ത വിപ്ലവകാരികളാണവര്‍. കഥയറിയാതെ ചതിയില്‍പെട്ടു വിപ്ലവത്തിനു വന്നവര്‍. സത്യമറിഞ്ഞുകൊണ്ടു തന്നെ ഇബ്നു സബഅ് വഞ്ചിച്ചു വരുത്തിയതാണവരെ. ഇറാഖ്, മിസ്ര്‍, ശാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണവര്‍ മദീനയിലേക്കു മാര്‍ച്ചു ചെയ്തിരിക്കുന്നത്. ആ കൂട്ടത്തില്‍ മദീനക്കാരോ പ്രമുഖ സ്വഹാബിമാരാരെങ്കിലുമോ ഇല്ല. ഇബ്നു സബഅ് പടുത്തുയര്‍ത്തിയ നുണ, തങ്ങള്‍ ഖലീഫയുടെ ദുര്‍നടപടിക്കെതിരില്‍ ഇസ്വ്ലാഹ് നടത്താന്‍ പുറപ്പെടുകയാണെന്നാണ്. അങ്ങനെയാണ് അവര്‍ അയാള്‍ക്കു പിന്നില്‍ അണിനിരന്നത്.

ഭയാശങ്കകളേതുമില്ലാതെ ഉസ്മാന്‍(റ) അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ചുട്ടുപഴുത്ത ലോഹത്തിന്‍റെ തീക്ഷ്ണതയോടെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ പ്രവഹിച്ചു: ‘അല്ലാഹുവിനെയും ഇസ്ലാമിനെയും സാക്ഷിയാക്കി ഞാന്‍ നിങ്ങളോട് ചിലതു പറയട്ടെയോ?’ അതേയെന്ന് വിപ്ലവകാരികള്‍. ഖലീഫ തുടര്‍ന്നു: ‘തിരുനബി(സ്വ) മദീനയില്‍ വന്നപ്പോള്‍ മുസ്ലിംകള്‍ക്ക് കുടിക്കാന്‍ ശുദ്ധജലം കിട്ടിയിരുന്നില്ല. ആകെയുണ്ടായിരുന്നത് റൂമ കിണര്‍ മാത്രം. അതാകട്ടെ ഒരു ജൂതന്‍റെ കൈവശവും. ആ കിണര്‍ പണം കൊടുത്തുവാങ്ങി മുസ്ലിംകള്‍ക്ക് സമ്മാനിക്കാന്‍ ആര് തയ്യാറുണ്ടെന്ന് നബി(സ്വ) ചോദിച്ചു. ഉടമ ചോദിച്ച പണം നല്‍കി ഞാനത് വാങ്ങി റസൂലിന് സമ്മാനിച്ചു. ഇന്ന് ആ കിണറിലെ വെള്ളം എനിക്കു നിങ്ങള്‍ തടഞ്ഞിരിക്കുകയാണ്. ദാഹം നിമിത്തം സമുദ്രജലം കുടിക്കേണ്ട അവസ്ഥയില്‍ നിങ്ങളെന്തിനാണ് എന്നെ തടഞ്ഞുവച്ചിരിക്കുന്നത്?’

നെഞ്ചെരിക്കുന്ന ചോദ്യത്തിനു മുമ്പില്‍ പൂക്കുല പോലെ അവര്‍ വിറച്ചു. പക്ഷേ ധാര്‍ഷ്ട്യം തുളുമ്പുന്ന വാക്കുകളാണവരില്‍ നിന്ന് പുറത്തുവന്നത്: ‘അതൊക്കെ ഞങ്ങള്‍ സമ്മതിച്ചു. എന്നാലും നിങ്ങളെ സ്വതന്ത്രനാക്കാന്‍ ഞങ്ങളുദ്ദേശിക്കുന്നില്ല.’ അപ്പോള്‍ അവരോട് വീണ്ടും അദ്ദേഹം ചോദിച്ചു: ‘മദീനാ പള്ളിയില്‍ ജനങ്ങള്‍ക്ക് നിസ്കാര സൗകര്യം ഇടുങ്ങിയപ്പോള്‍ ഞാന്‍ പണം ചെലവഴിച്ചാണ് പള്ളി വികസിപ്പിച്ചതും പുതുക്കിപ്പണിതതും. ആ പള്ളിയില്‍ പോയി നിസ്കരിക്കാന്‍ വിടാതെ എന്തിനാണ് എന്‍റെ വീട് നിങ്ങള്‍ ഉപരോധിച്ചിരിക്കുന്നത്?’

‘അതും ശരിതന്നെ. ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. പക്ഷേ വിടാന്‍ ഭാവമില്ല.’

ഖലീഫ വീണ്ടും: ‘പട്ടിണിയും വരള്‍ച്ചയും നേരിട്ട യുദ്ധസൈന്യത്തെ ഭീമമായ സംഖ്യ ചെലവഴിച്ച് ഞാന്‍ ഒരുക്കിയയച്ചത് നിങ്ങള്‍ക്കറിയില്ലേ. എന്നിട്ടും നിങ്ങളെന്നോട് കാരുണ്യം കാണിക്കുന്നില്ല.’

‘അതുകൊണ്ടെന്താ? ഞങ്ങള്‍ക്ക് നിങ്ങളില്‍ അശേഷം താല്‍പര്യമില്ല. കൂടുതല്‍ നിലവിളിച്ചോളൂ. ആരാണ് രക്ഷക്കു വരുന്നതെന്നൊന്നു കാണാമല്ലോ.’ വെട്ടുപോത്തുകളെ പോലെ അവര്‍ അലറി.

ഉസ്മാന്‍(റ) ആള്‍ക്കൂട്ടത്തെ ഇമവെട്ടാതെ നോക്കിനിന്നു. ഒരിക്കല്‍ പോലും കണ്ടുമറന്ന മുഖങ്ങളില്ല അതില്‍. എല്ലാം അപരിചിതര്‍. മദീനക്കു പുറത്തുനിന്നുള്ളവര്‍. അഗ്നിപര്‍വതം കണക്കെ തനിക്കെതിരെ പൊട്ടിത്തെറിക്കാന്‍ കാത്തുകിടക്കുകയാണവരെന്ന് ഖലീഫക്കു തോന്നി. സത്യവും അസത്യവും വേര്‍തിരിക്കാന്‍ പറ്റാത്തവിധം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരാണവര്‍. ശഹാദത്ത് മുന്നില്‍ കണ്ടു അദ്ദേഹം. ഇവരുടെ കരങ്ങള്‍ കൊണ്ടായിരിക്കും തന്‍റെ അന്ത്യം. അദ്ദേഹത്തിന് റസൂലിന്‍റെ പ്രഖ്യാപനം ഓര്‍മയായി. ആ ഓര്‍മ നല്‍കിയ ഊര്‍ജത്തില്‍ അവരെ നോക്കി മഹാന്‍ ഉറക്കെപ്പറഞ്ഞു: ‘നബി(സ്വ)യും ഞാനും അബൂബക്കര്‍, ഉമര്‍ എന്നിവരും മക്കയിലെ സബീര്‍ പര്‍വതത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ മലയൊന്നു കിടുങ്ങി. കുലുക്കത്തിന്‍റെ തീവ്രതയില്‍ പാറക്കഷ്ണങ്ങള്‍ താഴേക്കു പതിച്ചു. അപ്പോള്‍ കാല് പൊക്കി ആഞ്ഞ് ചവിട്ടിക്കൊണ്ട് നബി(സ്വ) പറയുകയുണ്ടായി: സബീര്‍, അടങ്ങുക. നിനക്കറിയില്ലേ, നിന്‍റെ മാറിടത്തില്‍ നില്‍ക്കുന്നത് നബിയും സിദ്ദീഖും രണ്ട് ശുഹദാക്കളുമാണ്. അതോടെ പര്‍വതം ശാന്തമായി. അന്നു നബിതങ്ങള്‍ പ്രഖ്യാപിച്ച രണ്ട് രക്തസാക്ഷികളില്‍ ഇനി ബാക്കിയുള്ളത് ഞാന്‍ മാത്രമാണ്. ആകയാല്‍ ഞാന്‍ രക്തസാക്ഷിയാകുമെന്ന് എനിക്കറിയാം.’

സംഭാഷണമവസാനിപ്പിച്ച് ഉസ്മാന്‍(റ) വീടിനകത്തേക്ക് മടങ്ങി. സത്യം മരവിച്ച അവരുടെ മിഴികളില്‍ ഈര്‍ഷ്യതയാണ് തളംകെട്ടി നിന്നിരുന്നത്. ഉസ്മാന്‍(റ) നല്‍കിയതും ചരിത്രത്തിന്‍റെ ഭാഗമായതുമായ ധര്‍മങ്ങളുടെ പട്ടിക ശത്രുക്കള്‍ക്കു പോലും നിഷേധിക്കാനാകാത്തതായിരുന്നു. ധര്‍മത്തിന്‍റെ ആധിക്യം കൊണ്ട് സ്വഹാബത്തിനെ എന്നും അതിശയിപ്പിച്ചു മഹാന്‍.

ഉമ്മറത്തെ കാല്‍പെരുമാറ്റം കേട്ടാണ് അബൂബക്കര്‍(റ) വാതില്‍ തുറന്നു വെളിയിലേക്കു വന്നത്. ആഗതരാരാണെന്ന് ഒരൂഹവുമില്ല. നോക്കുമ്പോള്‍ ഒരു സംഘം തന്നെയുണ്ട് പുറത്ത്. എന്തിനാണു വന്നതെന്ന ചോദ്യത്തിന് ഖലീഫയോടവര്‍ പറഞ്ഞു: ‘മഴയില്ല, ഭൂമിയില്‍ ചെടികളും കൃഷിയും മുളക്കുന്നില്ല. മുഴുപട്ടിണിയാണ്. സഹായിക്കണം.’ ഖലീഫയുടെ മറുപടി: ‘നിങ്ങള്‍ ക്ഷമയോടെ മടങ്ങുക. സന്ധ്യയാകുമ്പോള്‍ ഭക്ഷണക്കാര്യത്തില്‍ നമുക്ക് പരിഹാരമുണ്ടാക്കാം.’ വേപഥു പൂണ്ട മനസ്സുമായി അവര്‍ മടങ്ങി. പോകുന്നവഴിയില്‍ അവര്‍ ഉസ്മാന്‍(റ)ന്‍റെ വീട്ടുമുറ്റത്തൊന്നു കയറി. വാതിലിലെ മുട്ട് കേട്ട് പൂമുഖത്തേക്കു ചെന്ന അദ്ദേഹം വാടിത്തളര്‍ന്ന ഒരു കൂട്ടം മനുഷ്യരെയാണ് കാണുന്നത്. അവരുടെ മുഖത്തെ നിരാശയുടെ കാര്‍മേഘം മഹാനെ ദു:ഖിപ്പിച്ചു.

വന്ന കാര്യം തിരക്കിയ അദ്ദേഹത്തോടവര്‍ സങ്കടക്കെട്ടുകളഴിച്ചു. ഞങ്ങള്‍ പട്ടിണിയിലാണ്. നിങ്ങളുടെ പക്കല്‍ ഭക്ഷണമുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒന്നു സഹായിച്ചിരുന്നെങ്കില്‍… അവരുടെ കണ്ണുകളിലെ തിളക്കം ഉസ്മാന്‍(റ) കണ്ടു. പ്രതീക്ഷിച്ചു വന്നവരെ നിരാശപ്പെടുത്തിക്കൂടാ. ആ കണ്ണീര്‍ തുടക്കാന്‍ തനിക്കാകണം. അദ്ദേഹം മനസ്സിലുറപ്പിച്ചു.

(തുടരും)

Exit mobile version