സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം

ജൈവികമായ സമൂഹനിലയെയാണ് സാമൂഹികത എന്ന പദം കൊണ്ട് പൊതുവിൽ അർത്ഥമാകുന്നത്. ആ ജൈവികാവസ്ഥ എല്ലാ സമൂഹങ്ങളിലും സംഭവിക്കുന്നത് ഒരുപോലെയാകണമെന്നില്ല. ദേശം, വാസസ്ഥലം, വിദ്യാഭ്യാസ നിലവാരം, രാഷ്ട്രീയാന്തരീക്ഷം തുടങ്ങിയവയെല്ലാം ജൈവികതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു സമൂഹം ജൈവികമാണെന്നു പറഞ്ഞാൽ ആ സമൂഹത്തിൽ ആലോചനകളും ആവിഷ്‌കാരങ്ങളും സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. സമൂഹത്തിന്റെ ഏറ്റക്കുറവുകൾക്കനുസരിച്ച് സാമൂഹിക കാഴ്ചപ്പാടുകളിലും സങ്കൽപ്പങ്ങളിലും വ്യത്യാസങ്ങളുണ്ടാകും. പക്ഷേ എത്രയേറെ ഏറ്റക്കുറച്ചിലുകളുണ്ടാകുമ്പോഴും ആധുനിക സമൂഹങ്ങളിൽ വികസനം ഒഴിച്ചുകൂടാനാകാത്ത പ്രധാന അജണ്ടയാണ്.
അപ്പോളൊരു ചോദ്യമുയരാം: എന്താണ് വികസനം? അടിസ്ഥാന സൗകര്യങ്ങളിൽ പുരോഗതി കൈവരിക്കുന്നതിനെയാണ് പൊതുവെ വികസനമെന്ന് വിളിക്കാറുള്ളത്. റോഡുകൾ, പാലങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിങ്ങനെ പരിമിതമായ വികസന വിഭാവനകളാണ് മലയാളികളുടേത്. അതിനപ്പുറം, മനുഷ്യരുടെ ജീവിതനിലവാരം ഉയർത്തുന്നത് വികസനമായി സമൂഹമോ സർക്കാരോ കാണാറില്ല. വിദ്യാഭ്യാസവും തൊഴിലും ധാർമികതയും സംസ്‌കാരവും നമ്മുടെ വികസന ചർച്ചകൾക്ക് പുറത്തായാണ് ഇപ്പോഴും നിലകൊള്ളുന്നത്. മനുഷ്യാവസ്ഥകളുടെ സമഗ്രമായ പുരോഗതി എന്ന വിശാലമായ ക്യാൻവാസിൽ നിന്നുകൊണ്ടാണ് നമ്മൾ വികസനത്തെ ചർച്ചക്കെടുക്കേണ്ടത്. വ്യക്തിപരമായും സമൂഹത്തിലെ ഒരംഗമായും ആ വികസനത്തിന്റെ ഗുണഭോക്താവാകാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കപ്പെടണം. അതിനു വിവേചനങ്ങളിലാത്ത വികസന സങ്കൽപ്പങ്ങൾ ഉണ്ടായിവരണം.
വികസന സങ്കൽപ്പങ്ങൾ മാറിക്കൊണ്ടേയിരിക്കും. അതൊരിടത്തും അനിശ്ചിതമായി സ്തംഭിച്ചു നിൽക്കില്ല. ഇന്നലെ ജീവിച്ചൊരു ജീവിതം നമുക്ക് ഇന്നു സാധിക്കില്ല. ഇന്നത്തെ ജീവിതമല്ല നമുക്ക് നാളെ ജീവിക്കാനുള്ളത്. ലോകത്ത് മാറ്റങ്ങൾ സംഭവിക്കുന്നത് നിമിഷങ്ങളുടെ ദൈർഘ്യത്തിലാണ്. വൈജ്ഞാനിക മേഖലകളിലും സാങ്കേതിക വിദ്യയിലും ലോകം അനുനിമിഷം കുതിച്ചുചാട്ടം നടത്തുന്നു. നമുക്ക് അതിൽ നിന്ന് വഴിമാറി നടക്കാൻ കഴിയില്ല. ഈ മാറ്റങ്ങൾ പഴയ വികസന വിഭാവനകളെ തച്ചുതകർക്കുകയും പുതിയ വികസന മാതൃകകൾ നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്യും. ശാസ്ത്രവും സാങ്കേതികതയും മാറുന്നതിനനുസരിച്ച് നിർമിതികൾക്കും നിരത്തുകൾക്കും രൂപഭേദങ്ങൾ സംഭവിച്ചാലും വികസനത്തിന്റെ മൗലിക കാഴ്ചപ്പാടിൽ മാറ്റം സംഭവിച്ചുകൂടാ.
മനുഷ്യോന്മുഖമാവുക എന്നതാണ് വികസനത്തിന്റെ മൗലിക കാഴ്ചപ്പാടായി വരേണ്ടത്. ഈ മനുഷ്യോന്മുഖത സാധ്യമാകണമെങ്കിൽ മൂല്യബോധമുള്ള മനുഷ്യരെ ആദ്യം രൂപപ്പെടുത്തേണ്ടതുണ്ട്. സാമൂഹികത ഒരാശയമായി നിലനിൽക്കാൻ മൂല്യബോധമുള്ള മനുഷ്യർ അതിനു കാവലിരുന്നേ മതിയാകൂ.
സത്യസന്ധത, അപരസ്‌നേഹം, കാരുണ്യം, സാമൂഹിക പ്രതിബദ്ധത, സാംസ്‌കാരിക പ്രബുദ്ധത എന്നിവയെല്ലാം ചേർന്നതാണ് മൂല്യബോധം. ആ മൂല്യബോധം വ്യക്തിയിൽ രൂപപ്പെടുത്തുന്നതിൽ അനേകം ഘടകങ്ങൾ പങ്കുവഹിക്കുന്നു. മതം, സമൂഹം, കുടുംബം, സൗഹൃദം ഇതെല്ലാം നമ്മുടെ മൂല്യബോധത്തെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. വ്യക്തിയെ ഒരു സാമൂഹിക ജീവിയാക്കി പരിവർത്തിപ്പിക്കുന്നത് മൂല്യങ്ങൾ തന്നെയാണ്.
സാമൂഹിക ജീവിയായ മനുഷ്യനെ കേവലം വ്യക്തിയിലേക്ക് പിൻനടത്തുന്നതും നമ്മളിപ്പോൾ കാണുന്നുണ്ട്. വ്യക്തിയാണ് പ്രധാനം, ഓരോ വ്യക്തിയുടെയും ജീവിതം അയാളുടെ മാത്രം തിരഞ്ഞെടുപ്പാണ് എന്ന വാദമാണ് ലിബറലിസ്റ്റുകൾ മുന്നോട്ടുവെക്കുന്നത്. വ്യക്തിയെ നിയന്ത്രിക്കുന്ന എല്ലാ ഘടകങ്ങളെയും (മതം, സമൂഹം, കുടുംബം) നിരാകരിക്കാനാണ് അവർ സിദ്ധാന്തിക്കുന്നത്. അരാജക ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി സാമൂഹികതയെ നിഷേധിക്കുകയും ചെയ്യുന്ന ഇത്തരം ചിന്താവൈകല്യങ്ങളെക്കൂടി പ്രതിരോധിച്ചു മാത്രമേ മൂല്യജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന മനുഷ്യരുണ്ടാവുകയെന്നത് സാമൂഹിക വികസനത്തിന്റെ മുന്നുപാധിയാണ്.
മനുഷ്യവിഭവശേഷിയെ ശരിയായി പ്രയോഗിക്കുന്നതിലാണ് സാമൂഹിക വികസനത്തിന്റെ വേഗം കുടികൊള്ളുന്നത്. വ്യത്യസ്തമായി ചിന്തിക്കുകയും വൈവിധ്യത്തോടെ ആവിഷ്‌കരിക്കുകയും ചെയ്യുന്നവരാണ് സമൂഹത്തിലെ അംഗങ്ങൾ. മനുഷ്യരുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരേ അളവിലും അനുപാതത്തിലുമല്ല. വ്യത്യസ്തതകളെ സാമൂഹിക വികസനത്തിനു വേണ്ടി പ്രയോഗിക്കുന്നതിലാണ് ദർശനങ്ങളും സംഘടനകളും ശ്രദ്ധിക്കേണ്ടത്. ഇസ്‌ലാം ഓരോ വ്യക്തിയെയും പ്രധാനമായി കാണുന്നു. അവരുടെ ബാഹ്യവും ആന്തരികവുമായ വളർച്ചക്കാവശ്യമായതെല്ലാം നിർദേശിക്കുന്നു. അതേസമയം വ്യക്തിനിഷ്ഠമായി ചുരുങ്ങിപ്പോകരുത് വിശ്വാസിയുടെ ജീവിതമെന്ന് വ്യക്തമായി ഉണർത്തുകയും ചെയ്യുന്നു. മാതാപിതാക്കളോട്, ഗുരുനാഥന്മാരോട്, ബന്ധുമിത്രാദികളോട്, അശരണരോട്, അയൽക്കാരോട്, സ്ത്രീകളോട്, കുട്ടികളോട്… അങ്ങനെയങ്ങനെ സമൂഹഗാത്രത്തിലെ ഓരോ അംഗത്തോടും നല്ല നിലയിൽ വർത്തിക്കണം എന്നോർമപ്പെടുത്തി സാമൂഹിക ജീവിതത്തിന്റെ സ്വഭാവം നിർണയിച്ചുകൊടുക്കുന്നു.
കടമകളും കടപ്പാടുകളും നിറഞ്ഞതാണ് മനുഷ്യജീവിതം. അത് വിസ്മരിക്കുന്നിടത്ത് നമ്മൾ സാമൂഹിക ജീവിതത്തെ കൈയൊഴിയുകയും വ്യക്തിയിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. അങ്ങനെ സംഭവിച്ചുകൂടെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വ്യക്തിസംസ്‌കരണം സാമൂഹിക വികസനത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. മാനസികമായും ശാരീരികമായും ശുദ്ധീകരിക്കപ്പെട്ട സദ്വൃത്തരായ മനുഷ്യർക്കു മാത്രമേ സഹജീവികളുടെ കാര്യത്തിൽ കരുതലും കാരുണ്യവുമുണ്ടാകൂ.
ഉത്തമ സമൂഹത്തെ കുറിച്ചു പറയുന്നിടത്ത് വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ നോക്കൂ; ഉത്തമമായത് കൽപ്പിക്കുന്ന, മ്ലേച്ഛമായത് വിരോധിക്കുന്നവർ. അഥവാ നന്മയിലേക്ക് ഉളരുന്നവരും തിന്മയോട് നിഷേധ മനസ്‌കരുമാണ് വിശ്വാസികൾ. മാനവിക മൂല്യങ്ങൾ ജീവിതത്തിൽ കൊണ്ടുനടന്നാൽ മാത്രം പോരാ, മാനവികവിരുദ്ധമായതിനെ തിരുത്തുകയും വേണം. വ്യക്തിപരമായി ഞാൻ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ എന്ന് ആശ്വസിച്ച് നല്ലവനായി ഒതുങ്ങിക്കൂടിയാൽ തീരുന്നില്ല നമ്മുടെ ഉത്തരവാദിത്വം. മറ്റുള്ളവർ തെറ്റിലേക്ക് തെന്നുന്നില്ലെന്ന് ഉറപ്പിക്കുകയും വേണം. അഥവാ സാമൂഹിക ഗുണകാംക്ഷ കൂടി ഇസ്‌ലാമിന്റെ താൽപര്യമാണ്.
മുഹമ്മദ് നബി(സ്വ)യുടെ ആഗമനകാലം ഓർക്കുക. തിന്മയിൽ മൂക്കറ്റം മുങ്ങിനിന്ന അന്നത്തെ അറേബ്യൻ ജീവിതത്തെ അവിടന്ന് തട്ടിയുണർത്തി. ‘ഇഖ്‌റഇ’ൽ നിന്ന് ആരംഭിച്ച ജ്ഞാനപ്രവാഹം, റസൂൽ(സ്വ) അതിനു നൽകുന്ന ജീവിതാവിഷ്‌കാരം- രണ്ടും ചേർന്നപ്പോൾ ആ ജനത വെളിച്ചത്തിലേക്ക് അതിവേഗമുണർന്നു. ആ വെളിച്ചം ലോകമാകെ പ്രസരിച്ചു. അറിവും പ്രയോഗവും ഒത്തുചേർന്നപ്പോൾ ലോകത്ത് വലിയ വിപ്ലവം സാധ്യമാക്കി. പിൽക്കാലത്ത് പണ്ഡിതരിലൂടെ, സൂഫികളിലൂടെ, സയ്യിദ് ഖബീലകളിലൂടെ അതിരുകൾ താണ്ടി ഇസ്‌ലാം ദിക്കുകളെ വിസ്മയിപ്പിച്ചു. അതിന്റെ തുടർച്ചയാണ് നമുക്ക് സാധിക്കാനുള്ളത്. അതിനു വേണ്ടിയാണ് നമ്മുടെ സംഘടന.
സാംസ്‌കാരികമായ ഈടുവെപ്പുകൾ കൊണ്ടു മാത്രമേ സാമൂഹിക വികസനത്തിന് സ്ഥായീഭാവവും തുടർച്ചയും കൈവരികയുള്ളൂ. ഓരോ വ്യക്തിയുടെയും അറിവ്, അനുഭവങ്ങൾ, പരിജ്ഞാനം, ലോകപരിചയം ഇതെല്ലാം ഉൾച്ചേർന്നതാണ് അയാളുടെ സാംസ്‌കാരിക സമ്പാദ്യം. അത് സാമൂഹിക വികസനത്തിനു വേണ്ടി നിക്ഷേപിക്കപ്പെടണം. ഏത് അറിവും അനുഭവവും സാംസ്‌കാരികമായ ഈടായി മാറുന്നത് അത് സൃഷ്ടിപരമായി പ്രയോഗിക്കുമ്പോഴാണ്. ഞാൻ, എന്റെ ജീവിതം എന്ന സങ്കുചിത സമീപനത്തിൽ നിന്ന് പുറത്തുകടക്കുകയാണ് സാമൂഹിക ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള നമ്മുടെ മുന്നിലെ ആദ്യ കടമ്പ. സമൂഹത്തിൽ ലയിക്കുന്നതോടെ നമ്മുടെ ചിന്തയും പ്രവൃത്തിയുമെല്ലാം സമൂഹത്തിനു വേണ്ടിയായി മാറും. ആ സാമൂഹിക ബോധ്യങ്ങളിലേക്ക് വിശ്വാസപരമായ ഉത്തരവാദിത്വങ്ങൾ കൂടി വന്നുചേരുന്നതോടെ ഞാൻ എന്ന ചെറുപ്രതലത്തിൽ നിന്ന് നമ്മൾ എന്ന വിശാലതയിലേക്ക്, മാനവികമായ ഇടത്തിലേക്ക് നമ്മൾ പറിച്ചുനടപ്പെടും. ഓരോ വ്യക്തിയും ഇങ്ങനെ പറിച്ചുനടപ്പെടുമ്പോഴാണ് സാമൂഹിക വികസനം മൂർത്തമായൊരു യാഥാർത്ഥ്യവും ആനന്ദിപ്പിക്കുന്ന അനുഭവവുമായി മാറുന്നത്.

 

എം മുഹമ്മദ് സ്വാദിഖ്

(എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

Exit mobile version