സിഎൻ മൗലവി: ഹദീസ് നിഷേധത്തിന്റെ കേരള മോഡൽ

മദ്ഹബ് പക്ഷപാതത്തിന്റെ പിടിയിൽ നിന്ന് സമുദായത്തെ രക്ഷപ്പെടുത്താനാണ് തങ്ങൾ ചില ഹദീസുകൾ നിഷേധിക്കുന്നതെന്ന് കേരളത്തിലെ ബിദഈ പ്രസ്ഥാനക്കാർ പറയാറുണ്ട്. മദ്ഹബ് മുക്തസമൂഹം എന്നതായിരുന്നു അവരുടെ ആദ്യലക്ഷ്യം. നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം അനുവർത്തിച്ചുവരുന്ന വിശ്വാസങ്ങളെയും കർമങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യാൻ അവരെ പ്രേരിപ്പിച്ചതിന് പിന്നിൽ ഒരു ചിന്താധാരയാണ് പ്രവർത്തിച്ചത്. ഇതിനായി സാധാരണക്കാരെ സ്വാധീനിക്കുന്ന ചില ചെപ്പടി വിദ്യകളാണ് അവരാദ്യം പ്രയോഗിച്ചത്. ഖുർആൻ അവമതിക്കപ്പെടുന്നു, ആശയവും അർത്ഥവുമറിയാതെ പാരായണം ചെയ്യപ്പെടുകയാണ് ഖുർആൻ, തൽസ്ഥാനത്ത് കെട്ടുകഥകളും ദുർബലങ്ങളായ ഹദീസുകളുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത് എന്നെല്ലാമായിരുന്നു അവരുടെ പ്രചാരണം. ഖുർആന്റെ പദാനുപദ പരിഭാഷകളും മുൻഗാമികളുടെ വ്യാഖ്യാനധാരയിൽ നിന്നുള്ള വ്യതിചലനവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന സുന്നി പണ്ഡിതരുടെ വീക്ഷണത്തെ മറയാക്കിയായിരുന്നു ഖുർആൻ പരിഗണിക്കപ്പെടുന്നില്ല എന്ന ദുർന്യായം ചിലർ ഉയർത്തിക്കാണിച്ചത്.
ഖുർആനിനും സാമാന്യ ബുദ്ധിക്കും യോജിക്കാത്തവ എന്ന നിലയിൽ ബുഖാരിയിലേതടക്കം പല ഹദീസുകളെയും തള്ളിക്കളഞ്ഞ ആളാണ് ആദ്യകാല മുജാഹിദ് നേതാവും പിന്നീട് സ്വന്തം വീക്ഷണത്തിൽ ഒതുങ്ങിക്കൂടുകയും ചെയ്ത സിഎൻ അഹ്‌മദ് മൗലവി. അദ്ദേഹത്തിന്റെ ഖുർആൻ പരിഭാഷ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങുകയുണ്ടായി. മുജാഹിദ് നേതാക്കൾക്കു തന്നെ ഈ പരിഭാഷക്കെതിരെ രംഗത്തുവരേണ്ടിവന്നു. അമാനി മൗലവി സിഎൻ മൗലവിയുടെ പല വീക്ഷണങ്ങളെയും ശക്തമായി വിമർശിക്കുകയുണ്ടായി. ഖുർആൻ പരിഭാഷയിൽ സിഎൻ സ്വീകരിച്ച രീതി ബുദ്ധിക്ക് നിരക്കാത്തവ തള്ളുകയെന്നതായിരുന്നു.
ഇതിന്റെ ഭാഗമായി ഖുർആൻ പറഞ്ഞ പല സംഗതികളും മൗലവി കെട്ടുകഥയാക്കി തള്ളി. മൂസാ നബി(അ) തന്റെ വടികൊണ്ട് നദിയിൽ അടിച്ചപ്പോൾ പിളർന്നു മാറിയതടക്കം യുക്തിപരമല്ലെന്ന് വാദിച്ച് ഇദ്ദേഹം ചോദ്യം ചെയ്യുകയുണ്ടായി. ഖുർആനിനെതിരെ ഇത്തരം നിലപാടെടുത്ത സിഎൻ ഹദീസുകൾക്കെതിരെ തിരിഞ്ഞതിൽ അതിശയോക്തിയില്ല. പ്രഗത്ഭരായ മുഹദ്ദിസുകൾ ഉദ്ധരിച്ചതും സ്വഹീഹായ പരമ്പരയിൽ വന്നിട്ടുള്ളതുമായ ഹദീസുകളെയാണ് മൗലവി ചോദ്യം ചെയ്തത്. തന്റെ ബുദ്ധിക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്ന ന്യായവാദത്തോടെ ചില ഹദീസുകളെ പരിഹാസ്യമാം വിധം വ്യാഖ്യാനിക്കുകയും ചെയ്തു സിഎൻ. തന്റെ സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിന്റെ ആമുഖത്തിൽ അദ്ദേഹം കുറിച്ചു: ഈസാ നബിയെ പരലോകത്ത് വെച്ച് അല്ലാഹു വിചാരണ ചെയ്യുന്ന രംഗം ഖുർആൻ എടുത്ത് കാട്ടിയിട്ടുണ്ട്. അവിടെ അല്ലാഹു ചോദിക്കുന്നു: ഓ മർയമിന്റെ പുത്രൻ ഈസാ! അല്ലാഹുവിനെ വിട്ടിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കി വെച്ച് പൂജിച്ചുകൊള്ളുക എന്ന് മനുഷ്യരെ ഉപദേശിച്ചത് നീയാണോ? അതിന് ഈസാ നബി പറയുന്ന മറുപടി ഇതാണ്: നീ പരിശുദ്ധനത്രെ, എനിക്കവകാശമില്ലാത്തത് പറയുവാൻ എനിക്കൊരിക്കലും ന്യായമില്ലതന്നെ. ഞാനത് പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും നിനക്കറിവുണ്ടായിരിക്കും. എന്റെ മനസ്സിലുള്ളതെല്ലാം നിനക്കറിയാം. പക്ഷേ, നിന്റെ മനസ്സിലുള്ളതറിയുന്നവൻ നീ മാത്രമാണല്ലോ. നീ എന്നോട് കൽപിച്ചതല്ലാതെ മറ്റൊന്നും ഞാൻ അവരെ ഉപദേശിച്ചിട്ടില്ല. അതായത്, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്റെ ആജ്ഞകൾക്ക് കീഴ്‌പ്പെട്ട് ജീവിക്കണമെന്ന് തന്നെ. അങ്ങനെ ഞാനവർക്കിടയിൽ ജീവിച്ചിരുന്ന കാലമത്രയും അവരുടെ സ്ഥിതിഗതികളെല്ലാം ഞാൻ വീക്ഷിച്ചുകൊണ്ടിരുന്നു. പിന്നീട് നീ എന്റെ ആയുഷ്‌കാലം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ അവരുടെ കാര്യങ്ങളെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നത് നീ തന്നെയാണ്. നീ സർവ സംഗതികൾക്കും സാക്ഷ്യം വഹിക്കുന്നവനാണല്ലോ (5/116-117).
ഇപ്പോൾ ഒന്നു മനസ്സിരുത്തി ചിന്തിച്ചു നോക്കുക. ഈസാ നബി തിരിച്ചുവന്ന് കുരിശും മറ്റും തല്ലിയുടച്ച് ശുദ്ധീകരിച്ച ശേഷമാണ് മരണമടഞ്ഞ് പരലോകത്ത് ചെന്ന് ഈ മൊഴി കൊടുക്കുന്നതെന്ന് വെക്കാൻ പറ്റുമോ? അതായത്, ഞാൻ വിട്ടുപോകും വരേക്കും അവിടെ കുരിശും പൂജയുമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഞാനവരെ വിട്ടുപോന്ന ശേഷം എന്നെയും മാതാവിനെയും അവർ ദൈവങ്ങളാക്കി വെച്ച് പൂജിച്ചെങ്കിൽ അതെനിക്കറിയുകയുമില്ല എന്ന് പറയുവാൻ പറ്റുമോ? ഇവിടെ എന്താണ് മറുപടി പറയുക. ഒരു മറുപടിക്കും തർക്കം പറയുക സാധ്യമല്ല. ഒന്നുകൂടി വിശദീകരിച്ച് പറയാം. ഈസാ നബി തിരിച്ചുവരും. 45 കൊല്ലം ഇവിടെ പ്രവർത്തിക്കും. അക്കാല ഘട്ടങ്ങൡ ലോകത്ത് മുഴുവനുമുള്ള കുരിശ് അദ്ദേഹം നശിപ്പിക്കും. തന്നെയും മാതാവിനെയും ദൈവങ്ങളാക്കി വെച്ച് പൂജിക്കുന്ന നപടികൾ തുടച്ചു മായ്ക്കും. ലോകത്തുള്ള പന്നികളെയെല്ലാം കൊല്ലും. ക്രിസ്ത്യാനികളിൽ നിന്നും ജൂതന്മാരിൽ നിന്നും മുസ്‌ലിം ഭരണകൂടങ്ങൾ വസൂൽ ചെയ്തിരുന്ന നികുതി (ജിസ്‌യ) എല്ലാം ദുർബലപ്പെടുത്തും എന്നെല്ലാമാണ് ഹദീസുകളിൽ പറയുന്നത്. അങ്ങനെ 45 കൊല്ലം ഇവിടെ ജീവിച്ച് കൃസ്ത്യാനികളെ ആകമാനം ശുദ്ധീകരിച്ച് പരലോകത്ത് തിരിച്ച് ചെല്ലുമ്പോൾ കൃസ്ത്യാനികളുണ്ടാക്കി തീർത്ത ഈ ദുരാചാരങ്ങളെ കുറിച്ചൊന്നും തന്നെ തനിക്കറിയില്ലെന്ന് ദൈവസന്നിധിയിൽ ഒരു പ്രവാചകൻ മൊഴി കൊടുക്കുമ്പോൾ അദ്ദേഹം കള്ളം പറയുന്നുവെന്നല്ലേ അർത്ഥം? ഈസാനബിയുടെ ഉയിർത്തെഴുന്നേൽപ്പും തിരിച്ച് വരവുമെല്ലാം ക്രിസ്ത്യാനികളിൽ നിന്ന് മുസ്‌ലിംകളിലേക്ക് കടന്നുകൂടിയതാണ്. അംഗീകരണം കിട്ടാൻ വേണ്ടി ഹദീസായിക്കൊണ്ട് അവതരിപ്പിച്ചു. അത്രമാത്രം (സ്വഹീഹുൽ ബുഖാരി- സിഎൻ അഹ്‌മദ് മൗലവി, പേ. 158).
ഖാദിയാനിസത്തിന്റെ വാദമാണ് ഹദീസുകളെ തള്ളിപ്പറഞ്ഞ് സിഎൻ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. അല്ലാഹുവും ഈസാ നബിയും തമ്മിലുള്ള മേൽ സംഭാഷണത്തെ കുറിച്ച് പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം എഴുതിയിട്ടുണ്ട്. ഖിയാമത് നാളിലെ സംഭാഷണമാണെന്നാണ് ഇബ്‌നു കസീർ അടക്കമുള്ളവർ രേഖപ്പെടുത്തിയിട്ടുള്ളത്. ഈസാ നബിയെയും മാതാവിനെയും ആരാധ്യരാക്കിയവരുടെ വാദങ്ങളുടെ നിർത്ഥകത ബോധ്യപ്പെടുത്തുകയാണ് ഈ സംഭാഷണത്തിലൂടെ എന്നാണ് വ്യാഖ്യാതാക്കളിൽ പലരും അഭിപ്രായപ്പെട്ടത്. ഈസാ നബിയുടെ ഉയിർത്തെഴുന്നേൽപ്പും കുരിശുകൾ തരിപ്പണമാക്കുന്നതും പന്നികളെ കൊല്ലുന്നതും അടക്കമുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന ഹദീസുകൾ പ്രാമാണികമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടവയാണ്.
സിഎന്നിന് മറുപടിയായി അമാനി മൗലവി എഴുതി: ഒരു സംഗതി ഇവിടെ പ്രത്യേകം ഓർമിച്ചിരിക്കേണ്ടിയിരിക്കുന്നു. അതായത് ഫലമ്മാ തവഫ്ഫയ്തനീ എന്ന വാക്കിന് നീ എന്റെ ആയുസ്സ് പൂർത്തിയാക്കിയപ്പോൾ എന്നും മറ്റും വാക്കർത്ഥം കൽപിച്ചു കൊണ്ട് അദ്ദേഹം കുരിശ് സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം പിന്നീട് മരണപ്പെട്ട് പോയിരിക്കയാണെന്നും ഉപരി ലോകത്ത് ഉയർക്കപ്പെടുകയുണ്ടായിട്ടില്ലെന്നും കാലാവസാനത്തിൽ അദ്ദേഹം ഭൂമിയിലേക്ക് ഇറങ്ങിവരുമെന്ന വിശ്വാസം ശരിയല്ലെന്നും അത് കൃസ്ത്യാനികളിൽ നിന്ന് മുസ്‌ലിംകളിലേക്ക് നുഴഞ്ഞുകയറിയ വിശ്വാസമാണെന്നും മറ്റും ചില വക്രതാൽപര്യക്കാർ കുറേ വലിച്ച് നീട്ടി പ്രസ്താവിച്ചു കാണുന്നു. തവഫ്ഫ എന്ന വാക്കിന്റെ അർത്ഥങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് സൂറതു ആലു ഇംറാൻ 25-ാം വചനത്തിൽ വെച്ചും മറ്റും നാം വേണ്ടത്ര വിശദീകരിച്ചിട്ടുള്ളത് കൊണ്ട് ഇവിടെ ആ ഭാഗം വിട്ടുകളയുന്നു. മരണപ്പെടുത്തുക എന്നല്ല ഇവിടെ അതിന് അർത്ഥമെന്നും ഭൂമിയിലെ ജീവിതം അവസാനിപ്പിക്കുക എന്നാണ് ഉദ്ദേശ്യമെന്നും ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് ഉപരി ലോകത്തേക്ക് ഉയർത്തപ്പെടുക മാത്രമാണുണ്ടായിട്ടുള്ളതെന്നും കാര്യകാരണ സഹിതം നാം അവിടെ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം വീണ്ടും ഭൂമിയിലേക്ക് ഇറങ്ങിവരുമെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നത് ബലവത്തായ പല ഹദീസുകളെയും അടിസ്ഥാനമാക്കിയാണെന്നും ഇവർ പറയും പോലെ കൃസ്ത്യാനികളെ അനുകരിച്ചത് കൊണ്ടല്ലെന്നും ഒന്നിലധികം സന്ദർഭങ്ങളിൽ നാം ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു (വിശുദ്ധ ഖുർആൻ വ്യാഖ്യാനം-അമാനി മൗലവി പേ. 2/950).
സ്വഹീഹുൽ ബുഖാരിയിലെ പല ഹദീസുകളും സിഎൻ ചോദ്യം ചെയ്യുന്നുണ്ട്. അബൂഹുറൈറ(റ) നബി(സ്വ)യിൽ നിന്ന്: ഓരോ മനുഷ്യനും വ്യഭിചാരത്തിന്റെ വിഹിതം അല്ലാഹു നിശ്ചയിക്കുന്നുണ്ട്. സംശയമില്ല. ആ വിഹിതം മനുഷ്യർ നിർവഹിക്കും. കണ്ണിന്റെ വ്യഭിചാരം നോട്ടമാണ്. നാവിന്റേത് സംസാരവും. മനസ്സ് ആഗ്രഹിക്കുന്നു. ജനനേന്ദ്രിയം അത് സാധിച്ചെടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു (ബുഖാരി 2126). ഈ ഹദീസിനെ കുറിച്ച് സിഎന്നിന്റെ നിരീക്ഷണം ഇങ്ങനെ: അപ്പോൾ മനുഷ്യൻ ഇച്ഛിച്ചാലും ഇല്ലെങ്കിലും അവൻ വ്യഭിചരിക്കുക തന്നെ വേണമെന്ന് അല്ലാഹു കൽപിച്ചുവെച്ചിരിക്കുന്നു എന്നാണ്. ഇതിനെ കുറിച്ച് വല്ലതും പറയേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇങ്ങനെയാണെങ്കിൽ വ്യഭിചാരത്തെ സമീപിക്കുക പോലും ചെയ്യരുതെന്ന് ഖുർആൻ എന്തുകൊണ്ട് ആവർത്തിച്ചനുശാസിച്ചു കൊണ്ടിരിക്കുന്നു (പേ. 204).
അന്യ സ്ത്രീ പുരുഷൻമാർ തമ്മിലുള്ള വൈകാരിക നോട്ടവും സംസാരവും ഖുർആൻ തന്നെ വിലക്കിയിട്ടുള്ളതാണ്. അവയവങ്ങളുടെ വഴിവിട്ട സഞ്ചാരത്തെ നിയന്ത്രിക്കണമെന്നാണ് ഖുർആനിന്റെ ശാസന. സൂറതുന്നൂറിൽ വിശദമായി ഇത് പ്രതിപാദിക്കുന്നുണ്ട്. കണ്ണിന്റേയും നാവിന്റേയും വഴിവിട്ട സഞ്ചാരം ഇസ്‌ലാമിക കോടതി നിർബന്ധമായും ശിക്ഷ(ഹദ്ദ്) നൽകേണ്ടതുള്ള വ്യഭിചാരമാണെന്ന് മനസ്സിലാക്കിയാണ് സിഎൻ വ്യാഖ്യാനം നടത്തുന്നത്. ജനനേന്ദ്രിയം സാധിച്ചെടുക്കുന്ന ശിക്ഷാർഹമായ വ്യഭിചാര പ്രവർത്തനം ഗൗരവത്തിലെടുക്കണമെന്നാണ് ഹദീസിന്റെ താൽപര്യം. സകാത്ത് മുതലിന് അബൂഹുറൈറ(റ) കാവൽ നിന്നതും മൂന്ന് ദിവസം തുടർച്ചയായി പിശാച് സകാത്ത് മുതൽ മോഷ്ടിച്ചതും പ്രസിദ്ധം. ഇമാം ബുഖാരി(റ)യെ കൂടാതെ നിരവധി മുഹദ്ദിസുകൾ ഈ സംഭവം കുറിക്കുന്ന ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ബുദ്ധിക്ക് നിരക്കുന്നില്ല എന്ന ന്യായത്തിൽ ഈ ഹദീസും സിഎൻ തള്ളിക്കളഞ്ഞു. ഹദീസിന്റെ പരമ്പരയുടെ ന്യൂനതയോ സാങ്കേതിക തകരാറുകളോ ഒന്നുമല്ല കാരണം. പിശാചിന് എന്തിനാണ് സകാത്തിന്റെ മുതൽ? കളവു നടത്താനാണെങ്കിൽ വേറെ എന്തെല്ലാമുണ്ടെന്നാണ് ഭാഷ്യം! മൗലവിക്ക് ഉൾക്കൊള്ളാനാവാത്ത വേറെയും ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട് ഇമാം ബുഖാരി(റ). എല്ലാ ദിവസവും രാത്രിയുടെ അവസാനത്തിൽ അല്ലാഹുവിന്റെ കാരുണ്യം ഒന്നാം ആകാശത്തേക്ക് ഇറങ്ങും (ഹദീസ് നമ്പർ: 583), യമനികളുടെ ഈമാനിനെ നബി(സ്വ) പ്രശംസിച്ചത് (1355), ഇബ്‌റാഹീം നബി(അ) ചേലാകർമം നടത്തിയത് എൺപതാം വയസ്സിലാണെന്ന് കുറിക്കുന്ന ഹദീസ് (1372) എന്നിവ ആ കൂട്ടത്തിൽ പെട്ടതാണ്. മറ്റു ഹദീസ് നിഷേധികൾ പുറത്തെടുക്കുന്ന വാദങ്ങളൊന്നും സിഎന്നിന് നിരത്താനില്ല. തന്റേത് മാത്രമായ ചില സ്വതന്ത്ര ഗവേഷണമാണ് മൗലവിയുടെ മുടക്കുമുതൽ. സ്വന്തം ഖുർആൻ പരിഭാഷയിൽ പിന്തുടർന്നതും ഇതേ നിലപാട് തന്നെ. പ്രാമാണിക മുഫസ്സിറുകളെ പരിഗണിക്കാനേ അദ്ദേഹം തയ്യാറായില്ല. മതപ്രമാണങ്ങളെ സ്വന്തം കൈവെള്ളയിലെടുത്ത് പാകപ്പെടുത്താൻ ഉദ്ധുക്തരായ ചരിത്രത്തിലെ ഹദീസ് നിഷേധികളുടെ പിന്തുടർച്ചക്കാരനായിരുന്നു സിഎൻ അഹ്‌മദ് മൗലവിയും. അദ്ദേഹത്തെ തുടർന്ന് സലാം സുല്ലമിയെ പോലുള്ള പിൽക്കാല വഹാബികളും.

അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

Exit mobile version