സുകൃതങ്ങളുടെ സൗന്ദര്യം

വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍, നിശ്ചയം നാം അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കും. അവര്‍ ചെയ്ത സുകൃതങ്ങളേക്കാള്‍ നാം അവര്‍ക്ക് പ്രതിഫലം നല്‍കും (അല്‍ അന്‍കബൂത്/7).
വിശ്വസിക്കുകയും സുകൃതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍, നിശ്ചയം നാമവരെ സജ്ജനങ്ങളില്‍ പ്രവേശിപ്പിക്കും (അല്‍ അന്‍കബൂത്/9).
മഗ്രിബിന് മുമ്പ് പള്ളിയിലെത്തി ഇശാ നിസ്കാരം ജമാഅത്തായി നിര്‍വഹിച്ച്, ഹദ്ദാദും ചൊല്ലി, സുന്നത്ത് നിസ്കാരങ്ങള്‍ക്കു ശേഷം അല്ലാഹുമ്മഫ്തഹ്ലീ അബ്വാബ ഫള്ലിക് എന്ന പ്രാര്‍ത്ഥനയും നടത്തി, പള്ളി കോലായിലുള്ളവരോട് സലാം പറഞ്ഞിറങ്ങുന്ന മുഹമ്മദ് ഹാജി സ്വലാത്തും ചൊല്ലിയാണ് എന്നും വീട്ടിലേക്ക് മടങ്ങിയിരുന്നത്. അങ്ങാടിയിലെ അനാവശ്യ സംസാരങ്ങളിലോ ഇടപാടിലോ താല്‍പര്യമില്ലാതിരുന്ന ഹാജിയാര്‍ പള്ളിയെയും അനുബന്ധങ്ങളെയും നന്നായി ആദരിച്ചു. കാലത്ത് നാലിന് എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിച്ച് ഖുര്‍ആനില്‍ മുഴുകുന്നു. സുബ്ഹ് നിസ്കാരത്തിന് പതിവുപോലെ പള്ളിയിലേക്ക്. പിന്നീട് ജീവിതോപാധി തേടി കൈത്തൊഴിലിന് പോകുന്നു. ഇതിനിടയിലൊന്നും അനാവശ്യ സംസാരങ്ങളില്ല. നല്ല സന്പാദ്യമുണ്ടായിരുന്ന ഹാജിയാര്‍ക്ക് കടം കൊടുക്കാന്‍ മോഹമായിരുന്നു. പണി ചെയ്തുകൊണ്ടിരിക്കെ, കലിമ ചൊല്ലി മരിച്ചു. മയ്യിത്ത് പൂമുഖത്തെ കട്ടിലില്‍ കിടന്ന് പുഞ്ചിരിക്കുന്നു. മരിച്ചതാണെന്ന് തോന്നുകയേ ഇല്ല! പുഞ്ചിരി വിടര്‍ന്നു നില്‍ക്കുന്നത് മുഖത്തിനു കാന്തി പകരുന്നു…
മരിച്ചതിനു ശേഷമാണ് നാട്ടുകാര്‍ പരസ്പരം അടക്കം പറയുന്നത്; ഹാജിയാര്‍ ആവശ്യമറിഞ്ഞ് സ്വകാര്യമായി സഹായിക്കുമായിരുന്നു. രോഗാതുരതയില്‍ ശ്വാസംമുട്ടിയവര്‍ക്ക് ആരുമറിയാതെ ചികിത്സാ സഹായം ചെയ്തിരുന്നു. കെട്ടിയവളുടെ പൊന്നും മുറ്റത്തോടു ചേര്‍ന്നുള്ള പറമ്പും വിറ്റ് ഗള്‍ഫില്‍ പോയി കുടുങ്ങിയ നാട്ടുകാരന്റെ വീട്ടില്‍ ചെന്ന് അവര്‍ക്കുവേണ്ട സഹായം മുറ പോലെ ചെയ്തുപോന്നിരുന്നു. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര മാറ്റി ചില കുടുംബങ്ങള്‍ക്ക് കോണ്‍ക്രീറ്റ് പണിയാന്‍ സഹായിച്ചിരുന്നു. അങ്ങനെ സുകൃതങ്ങളുടെ ഒരുപാട് കണക്കുകള്‍ മരിച്ച മുഹമ്മദ് ഹാജിയുടെ പേരില്‍ ജനങ്ങള്‍ സാക്ഷി പറയുന്നത് നേരില്‍ കേള്‍ക്കുമ്പോള്‍ മനസ്സറയില്‍ ഈ മനുഷ്യനോട് നിര്‍മലമായ ആദരവ് നിറയുക സ്വാഭാവികം. ജീവിതത്തില്‍ കാട്ടിക്കൂട്ടലുകളുടെ അംശം കലരാത്ത ചിത്രം കര്‍മ സാഫല്യത്തിന്റെ ഈമാനിക സൗന്ദര്യം വരച്ചുകാട്ടുന്നതാണ് മുഹമ്മദ് ഹാജിയില്‍ കണ്ടത്.
തിരക്കുപിടിച്ച ജീവിത ചുറ്റുപാടില്‍, സമ്പത്തും അധികാരവും അലങ്കാരമായുള്ളവരില്‍ പലരും ജനപ്രീതിയില്‍ ആകര്‍ഷിച്ച് ‘ഞാന്‍, ഞാന്‍’ എന്ന വാക്കില്‍ തുടങ്ങി ചെയ്ത കര്‍മങ്ങളെ മുഴുവന്‍ അവര്‍ തന്നെ പ്രചരിപ്പിക്കുന്ന കാഴ്ചകളും നമുക്കു മുമ്പിലില്ലേ. ഒരു പരിധിവരെ നമ്മളും ഇത്തരം പറച്ചിലുകാര്‍ തന്നെയാണ്. എല്ലാം കഴിഞ്ഞ് ‘അല്ല, ഞാനങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല’ എന്ന വാചകത്തോടെ രംഗമൊഴിയുമ്പോള്‍ സ്വന്തം മനസ്സിന്റെ ഇഷ്ടതലം മറ്റുള്ളവരുടെ മനങ്ങളില്‍ വികൃതഭംഗി പുരട്ടിയതായി അനുഭവപ്പെടും.
മനഃശുദ്ധി മഹാഭാഗ്യമാണ്. മഹാമാരികള്‍ ഹൃദയത്തെ കലക്കിമറിച്ച് മലിനമാക്കുമ്പോള്‍ അയല്‍പക്കത്തോടും അനുചരരോടുമെല്ലാം പകയും വെറുപ്പും വൈരാഗ്യവും പതഞ്ഞുപൊങ്ങി തിരയായുതിര്‍ന്ന് അതിക്രമിക്കുന്നു. ഈ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ ചില്ലറക്കാരാകില്ല. മഹാ നേതൃത്വങ്ങള്‍ ഈ അഴിമുഖത്ത് നിന്ന് യാത്ര ചെയ്തവരായിരിക്കും. മണ്ണ് മാന്തിയെറിഞ്ഞവരെയും ചീത്ത പറഞ്ഞ് തൊഴിച്ചവരെയും രണ്ടാമത് കാണുമ്പോള്‍ കലി തുള്ളാന്‍ കഴിയാത്തവര്‍ സുകൃതങ്ങളുടെ തേരിലേറിപ്പോകുന്നവരായിരിക്കും. എതിര്‍ക്കുന്നവര്‍ക്ക് നേരെ പുഞ്ചിരിയും സഹായവും പകര്‍ന്ന് നല്‍കാനുള്ള തിരക്കായിരിക്കുമവര്‍ക്ക്. പ്രത്യുപകാരം അതീവ മഹത്തരമായത് കൊണ്ടുമാത്രം അവര്‍ ചെയ്യുന്നു. തിന്മകളെ നന്മകളെക്കൊണ്ട് അവര്‍ പ്രതിരോധിക്കുന്നു.
സുകൃതങ്ങള്‍ ചെയ്യുന്നവനെ കാണുമ്പോള്‍ ആദരവ് നിറഞ്ഞ മനസ്സും പ്രതികരണവുമുണ്ടാക്കുന്നതിനു പകരം അസൂയ പൂണ്ട് മനുഷ്യന്‍ കാടനായി മാറുന്നു. അപരിഷ്കൃതന്റെ നിരക്ഷരതാ ബോധനം അവനെ നയിക്കുന്നു. ഇത് തികഞ്ഞ അന്ധകാരമായി പരിണമിക്കുന്നു. ഇരുട്ടിനെ പഴിക്കാതെ ഒരു മെഴുകുതിരിയെങ്കിലും കത്തിച്ച് പ്രകാശം ചൊരിയുന്നവനാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധിമാന്‍. നന്മ വര്‍ഷിക്കുന്നത് ആരിലായാലും എവിടെയായാലും അത് സ്വന്തത്തിനനുഭവിക്കാനാകുന്നതുപോലെ ഏറ്റെടുത്ത് സന്തോഷം പകരാന്‍ സാധിക്കുന്നവര്‍ വിശാല മനസ്കരായിരിക്കും. അവരുടെ വിശാല വീക്ഷണത്തിനു മുമ്പില്‍ അഹങ്കാരികള്‍ക്ക് അതിശുഷ്കമായ ഇടമേ ഉണ്ടാകൂ! ജനങ്ങള്‍ക്കു നന്മ വരുത്തുന്നതും ജനനന്മയില്‍ സന്തോഷം കൊള്ളുന്നതും ഇലാഹീദാനമാണ്.
ഇബ്നു അബ്ബാസ്(റ) പറയുന്നതിങ്ങനെ: ഞാന്‍ മൂന്നു കാര്യങ്ങള്‍ പുലര്‍ത്തുന്നു. ഭൂമിയില്‍ എവിടെ മഴ വര്‍ഷിച്ചുവെന്നറിഞ്ഞാലും ഞാന്‍ അല്ലാഹുവെ സ്തുതിക്കും, സന്തോഷം പങ്കുവെക്കും. എനിക്ക് ഒട്ടകമോ ആടുകളോ ഇല്ലാതിരിക്കെ തന്നെ! ദുന്‍യാവില്‍ എവിടെയെങ്കിലും നീതിമാനായ ഭരണാധികാരിയുണ്ടെന്നറിഞ്ഞാലും എന്‍റുള്ളം ചിരിക്കുന്നു. ഞാനദ്ദേഹത്തിന് ദുആ ചെയ്യുന്നു. എന്റെ കാര്യത്തില്‍ ഒരു കേസും തീര്‍പ്പാക്കാനില്ലെങ്കിലും. അല്ലാഹുവിന്റെ വചനമേതെങ്കിലും അറിയാനിട വന്നാല്‍, മറ്റുള്ളവരെല്ലാം അത് അറിയണമെന്നും ഞാന്‍ ഇഷ്ടപ്പെടുന്നതാണ്.’

ടിടി ഇര്‍ഫാനി വാക്കാലൂര്‍

Exit mobile version