സൂഫിയുടെ അകവും തികവും

Sufism

സ്ലാമികാദര്‍ശത്തിന്‍റെ അടിവേരുറക്കേണ്ടത് ഹൃദയത്തിലാണ്. ആദര്‍ശത്തിന്‍റെ സ്വാധീനത്താല്‍ ഉയിരെടുക്കുന്ന പ്രവര്‍ത്തനവും പ്രയോഗവുമാണ് വിശ്വാസിയില്‍ നിന്നുണ്ടാവേണ്ടത്. മനസ്സറിഞ്ഞും ഹൃദയത്തിലുറച്ചും ചെയ്യുന്ന ഏതൊരു കാര്യത്തിനും ഗുണമേന്മയും ഫലപ്രാപ്തിയും കൂടുതലായിരിക്കും. അതിനാല്‍ തന്നെ മനസ്സിന്/ ഹൃദയത്തിന് ആത്മീയതയില്‍ വലിയ പ്രാധാന്യമുണ്ട്. അത് നന്നായിരിക്കണം. മനുഷ്യ ശരീരത്തില്‍ ഒരു മാംസ പിണ്ഡമുണ്ട്, അത് നന്നായാല്‍ ശരീരമാസകലം നന്നായി. അത് ദുശിച്ചാല്‍ ശരീരമാസകലം ദുശിച്ചു. അറിയണോ, അതത്രെ മനുഷ്യന്‍റെ ഹൃദയം (ബുഖാരി, മുസ്ലിം).

പ്രവര്‍ത്തനങ്ങളും വിചാരങ്ങളും ഉറവെടുക്കുന്ന ഇടമായ ഹൃദയത്തിന് ഗുണ മേന്മയുണ്ടായിരിക്കണം. വിശ്വാസത്തിന്‍റെ പ്രാഥമിക തലമാണത്. വിശ്വാസം ഉള്ളിലാണ്, കര്‍മ്മങ്ങള്‍ വിശ്വാസത്തിന്‍റെ ഉല്‍പന്നങ്ങളും പ്രതികരണങ്ങളുമാണ്. സത്യവിശ്വാസത്തിന്‍റെ പ്രചോദനങ്ങളെ കൃത്യമായി വിനിയോഗിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഹൃദയത്തിന്‍റെ വിശുദ്ധി അനിവാര്യമാണ്. വിശുദ്ധിയുടെ സംരക്ഷണത്തിന് വേണ്ടി ഉപാധികള്‍ ഇണക്കിയെടുത്ത് വേണം ഇത് സാധിക്കാന്‍. മലിനപ്പെടാനെളുപ്പമുള്ള പ്രാകൃതമാണതിനുള്ളത്. അതിനാല്‍ ജാഗ്രത കൂടിയേ തീരൂ.

വിശ്വാസത്തിന്‍റെയും അതിന്‍റെ പ്രചോദനങ്ങളുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ക്കനുസൃതമായി നന്മ തിന്മകളുണ്ടാകും.

സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ സല്‍കര്‍മങ്ങളനുഷ്ഠിക്കുമ്പോള്‍ തന്നെ തെറ്റുകളും കുറവുകളും സംഭവിച്ചേക്കാം. ചെയ്യുന്ന സല്‍കര്‍മങ്ങള്‍ക്ക് ഗുണ മേന്മകള്‍ കുറയുകയും ചെയ്യാം. തന്‍റെ ജീവിത ചുറ്റുപാടുകള്‍ എന്ത് തന്നെയായാലും വിശ്വാസത്തിന് ന്യൂനത സംഭവിക്കാതെയും സല്‍കര്‍മങ്ങള്‍ക്ക് ഗുണമേന്മ നഷ്ടപ്പെടാതെയും അധികമായി ഐച്ഛിക കര്‍മങ്ങളനുഷ്ഠിച്ചും ജീവിതത്തെ വിശുദ്ധമാക്കിത്തീര്‍ക്കാനുള്ള ഉപാധികള്‍ ഉപയോഗപ്പെടുത്തുന്നവനാണ് സൂഫി. വിശ്വാസത്തിന് വിഘ്നം പറ്റാതിരിക്കുന്നതോടൊപ്പം സല്‍കര്‍മങ്ങള്‍ കൃത്യതയോടെ അനുഷ്ഠിക്കുകയും സാധ്യമായത്ര ഐച്ഛിക പുണ്യങ്ങള്‍ നിര്‍വഹിക്കുകയും അരുതായ്മകളും പാപങ്ങളും വര്‍ജിക്കുകയും ചെയ്യുന്ന അവസ്ഥയെ സ്വന്തത്തില്‍ പരിരക്ഷിച്ച് നിര്‍ത്തുകയാണ് സൂഫി ചെയ്യുന്നത്.

സൂഫി മനുഷ്യനാണെന്നതിനാല്‍ മാനുഷികമായ വികാര വിചാരങ്ങള്‍ക്കവന്‍ അതീതനായിരിക്കില്ല. പക്ഷേ, അവയെ ശരീഅത്തിന്‍റെയും ആത്മീയ ഗുരുക്കന്മാരുടെ നിര്‍ദേശങ്ങളുടെയും മാര്‍ഗദര്‍ശനത്തിന്‍റെയും പരിധിയില്‍ അവന്‍ പാകപ്പെടുത്തിയിരിക്കും. സൂഫി എന്ന പ്രയോഗം താല്‍പര്യപ്പെടുന്നത് വിശുദ്ധിയെയാണ്. ഈ വിശുദ്ധിയുടെ ഉറവിടം ഖല്‍ബാണ്. അതാണ് ഉപര്യുക്ത ഹദീസില്‍ നിന്ന് ഗ്രഹിക്കാനാവുക. അകം വിമലമാകണം, മനസ്സ് നന്നാകണം എന്ന് ന്യായീകരണമായി ചിലര്‍ പ്രയോഗിക്കുന്നത് കേള്‍ക്കാം. പല നന്മകളും ഉപേക്ഷിക്കുകയും തിന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ സ്വന്തം മനസ്സിന്‍റെ നന്മകളെ ഈ പ്രയോഗത്തിലൂടെ ഉയര്‍ത്തിപ്പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഉള്ളിന്‍റെ നന്മ പുറത്തു കാണാതിരിക്കില്ല. അതിജീവിക്കാനാവാത്ത പ്രതിബന്ധങ്ങളുള്ളപ്പോള്‍ പോലും അത് നന്മയെ പ്രയോഗവല്‍കരിക്കാനാണ് കാരണമാവുക.

സൂഫിലോകത്തെ അകം നന്മ എന്നാല്‍ വിശ്വാസം, വിചാരം, വികാരം എന്നിങ്ങനെ എല്ലാറ്റിലും വ്യാപകമായതും ശക്തമായതുമായിരിക്കും. ഹൃദയ വിശുദ്ധിയുടെ ആഴവും പരപ്പും കരുത്തും ചൈതന്യവും സൂഫിയില്‍ എത്രയുണ്ടോ അതിനനുസരിച്ച് അദ്ദേഹത്തില്‍ പ്രകടമായ അടയാളങ്ങളുണ്ടായേക്കാം. ഭൗതികമായ എല്ലാറ്റിനെയും ആത്മീയ താല്‍പര്യത്തിന്‍റെ പരിധിയില്‍ അവന് ഒതുക്കാനാവൂം. സൂഫികളില്‍ കാണുന്ന വിനയവും സേവന തല്‍പരതയും ഈ വിശുദ്ധാവസ്ഥയുടെ പ്രതിഫലമത്രെ. എന്നാല്‍ ചിലരില്‍ ഇത് കര്‍ക്കശവും കണിശവും പലപ്പോഴും അതിശക്തവുമായിത്തീരും. അതെല്ലാം അവരുടെ ഹൃദയ വിശുദ്ധിയാണ് വെളിപ്പെടുത്തുന്നത്.

ആത്മവിശുദ്ധി സാധിച്ചവരെ സന്തുഷ്ടരായും ദു:ഖിതരായും കരയുന്നവരായും കൂടുതല്‍ ചെയ്യുന്നവരായും കാണപ്പെടും. ഭൗതികമായ സുഖാസ്വാദനങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും മറിക്കടക്കാനും നന്മയില്‍ മുന്നേറാനും സാധിച്ചതിന്‍റെ വ്യത്യസ്ത അടയാളങ്ങളാണിവയെല്ലാം. ഭൗതികമായ ലോകത്തെ പരിണയിച്ച് ജീവിക്കുന്നവരില്‍ കാണുന്ന രീതി വൈവിധ്യങ്ങള്‍ ആത്മീയതയെ പരിണയിച്ചവരിലും കാണുന്നുവന്നതാണിവിടെ കാര്യം. സൂഫികള്‍ അവരുടെ ബാഹ്യവും ആന്തരികവുമായ അവസ്ഥകളും അവയുടെ പ്രചോദനങ്ങളും പരസ്പരം ശക്തിപകരുകയും കൂടുതല്‍ ഉന്നതസ്ഥാനീയരായിത്തീരുകയുമാണ്.

ഭൗതിക പ്രമത്തനായ ഒരാളെ സംബന്ധിച്ചിടത്തോളം സത്യവിശ്വാസത്തില്‍ പ്രചോദിതമായി അവനില്‍ നിന്നുണ്ടായിത്തീരുന്ന സല്‍കര്‍മങ്ങള്‍ അവന്‍റെ ദുഷ്ചെയ്തികള്‍ കാരണം നിര്‍വീര്യമാവുകയോ അതിനെ നയിക്കപ്പെടുകയോ ചെയ്തേക്കാം. അടിസ്ഥാന സത്തായ സത്യവിശ്വാസത്തിന് ഉന്മൂലനം സംഭവിക്കുകയോ സാരമായ പരിക്കേല്‍ക്കുകയോ ചെയ്യാതിരുന്നാല്‍ അതവനുപകാരപ്പെട്ടേക്കും. പക്ഷേ, സംഭവിച്ച അപരാധങ്ങളും അനര്‍ത്ഥങ്ങളും പശ്ചാതാപത്താലും പ്രായശ്ചിത്തത്തിലൂടെയും പരിഹരിക്കാനവര്‍ തയ്യാറാവണം. പ്രപഞ്ച നാഥന്‍ മനുഷ്യന് നല്‍കിയ ഒരു അമൂല്യാവസരമാണ് തൗബ. പശ്ചാതാപത്തിലൂടെ പൂര്‍വകാല പാപങ്ങളില്‍ നിന്നും മോചനം നേടി ആത്മീയ വിശുദ്ധി പ്രാപിക്കാനാവും. തുടര്‍ന്ന് അതിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മാത്രം.

കൃത്യമായ ഇസ്ലാമിക ജീവിതം വിശ്വാസിയില്‍ സൃഷ്ടിച്ചെടുക്കുകയാണ് സൂഫി മാര്‍ഗം ചെയ്യുന്നത്. ആത്മാവിന്‍റെ ആത്യന്തിക ഗുണങ്ങളുടെയും ഗുണപരമായ പ്രചോദനങ്ങളുടെയും സംരക്ഷണവും അത് നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാനുള്ള വാഞ്ജയും സൂഫിയില്‍ കാണും. സൂഫി മാര്‍ഗത്തില്‍ നേരിട്ട് ശിക്ഷണ പരിചരണം നടത്തുന്ന സാത്വികരായ ഗുരുക്കന്മാര്‍ നിര്‍വഹിക്കുന്ന സേവനം ചെറുതല്ല. ഇസ്ലാമിക സമൂഹത്തില്‍ ആത്മീയമായ കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ തക്കവണ്ണം ഭൗതിക സാഹചര്യം തിമര്‍ത്താടിയ ഘട്ടങ്ങളില്‍ ആത്മീയ സാരഥികള്‍ നടത്തിയ പരിചരണങ്ങള്‍ വിശ്വാസികളില്‍ ആത്മീയതയെ നിലനിര്‍ത്തിയതില്‍ വഹിച്ച പങ്കു ചെറുതല്ല എന്നതിന് ചരിത്രം സാക്ഷിയാണ്.

ഇസ്ലാമിക ഭരണരംഗം ഖിലാഫത്തില്‍ നിന്ന് രാജാധികാര (മുകൂലിയ്യത്ത്)ലേക്കു പരിവര്‍ത്തിതമായതും രാഷ്ട്രീയവും ഭൗതികവുമായുണ്ടായ മാറ്റങ്ങളും ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ദൃശ്യമായി. ഈ കാലത്തെല്ലാം ഇസ്ലാമിക ദഅ്വ (പ്രചാരണം) ത്തില്‍ സൂഫികള്‍ വഹിച്ച പങ്ക് നിസ്സാരമല്ല. സമൂഹത്തില്‍ പടര്‍ന്നുകയറാന്‍ സാധ്യതയുള്ള ധൂര്‍ത്തും അധികാര മോഹവും അവയുടെ അനന്തര ഫലങ്ങളും ഏല്‍ക്കാതെ സമൂഹത്തെ സംരക്ഷിച്ചതിലും സൂഫീ പ്രബോധകരുടെ പങ്ക് വലുതാണ്. അധികാരവും അതിന്‍റെ സ്വാഭാവിക താല്‍പര്യങ്ങളും മാത്രമാണ് ഇസ്ലാമെന്ന് തെറ്റിദ്ധരിക്കാതിരിക്കാനും ആത്മീയ മൂല്യങ്ങളുടെയും പ്രയോഗങ്ങളുടെയും വിനിമയം സാധ്യമാക്കാനും സൂഫികള്‍ ജാഗ്രത്തായി.

ഭൗതികമായ പ്രത്യക്ഷ ഭാവമുള്ള ഭരണ രാഷ്ട്രീയ കാര്യങ്ങളുടെ സ്വാഭാവികതയെ ഭയന്ന് അതില്‍ നിന്ന് രക്ഷ നേടിയവരും കരുതലോടെ കാര്യങ്ങള്‍ നിര്‍വഹിച്ചവരും ചരിത്രത്തില്‍ കാണാം. ഉമറുബ്നു അബ്ദില്‍ അസീസ്(റ)വും ഇബ്റാഹീമുബ്നു അദ്ഹം(റ)വും ഉദാഹരണങ്ങളാണ്. ആത്മീയ ശിക്ഷണ സ്വാധീനത്തിന്‍റെ കുറവും ഭൗതികമായ മോഹവലയത്തില്‍ പെട്ടതും നിമിത്തം അന്നത്തെ ഭരണ സിരാകേന്ദ്രത്തിലടക്കം പല അനൗചിത്യങ്ങളും നടമാടിയിരുന്നു. സാമ്പത്തിക വിനിമയങ്ങളിലും സുഖാഢംഭരങ്ങളിലും പരിധി കടന്നുവോ എന്നും സംശയിക്കപ്പെടുകയുണ്ടായി.

ഉമറുബ്നു അബ്ദില്‍ അസീസ്(റ) ഭരണ ചുമതലയേറ്റത് ഹിജ്റ 99 ലാണ്. രണ്ടാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍. താല്‍പര്യമില്ലാതിരുന്നിട്ടും അധികാരം അദ്ദേഹത്തില്‍ വന്നുചേരുകയായിരുന്നു. ചുമതലയേറ്റെടുത്തതിന് ശേഷം അദ്ദേഹം നടത്തിയ സുപ്രധാനമായ ചില തിരുത്തുകള്‍ ചരിത്രത്തില്‍ കാണാം. ‘ഫദക്’ എന്നു തോട്ടം അതിന്‍റെ ആദ്യകാല ഉപയോഗത്തില്‍ നിന്നും ഭിന്നമായാണ് അമവീ ഖലീഫമാരില്‍ ചിലര്‍ ഉപയോഗിച്ചത്. ഉമറുബ്നു അബ്ദില്‍ അസീസ്(റ) അത് പഴയപടി പുന:സ്ഥാപിക്കുകയുണ്ടായി. തന്‍റെ കുടുംബത്തില്‍ പെട്ടവര്‍ കൈവശം വെച്ച അധിക സുഖസൗകര്യങ്ങളും ആഭരണങ്ങളും സമ്പത്തുകളും അവിഹിതമാണെന്ന് പ്രഖ്യാപിച്ച് തിരിച്ചുവാങ്ങി ബൈത്തുല്‍ മാലില്‍ അടച്ചു (താരീഖുല്‍ ഖുലഫാ). ഭാര്യ ഫാത്വിമയോട് മഹാന്‍ പറഞ്ഞു: നിന്‍റെ പിതാവ് അബ്ദുല്‍ മലിക് നല്‍കിയ വിശേഷാഭരണം പൊതുഖജനാവില്‍ സമര്‍പ്പിക്കുകയോ നിന്നെ പിരിയാന്‍ എന്നെ അനുവദിക്കുകയോ ചെയ്യുക. കാരണം നീയും നിന്‍റെ ആഭരണവും ഒരുമിച്ച് ഈ വീട്ടില്‍ പറ്റില്ല. അങ്ങനെ അവരത് ബൈതുല്‍ മാലിലേക്ക് നല്‍കി (താരീഖുല്‍ ഖുലഫാ). ഇത്തരം സംഭവങ്ങള്‍ മഹാന്‍റെ സമൃദ്ധിക്ക് തെളിവാണ്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചവരുടെ ജീവിത വിശുദ്ധി അപ്പോഴേക്ക് കളങ്കപ്പെട്ടിരുന്നുവെന്ന് ചുരുക്കം.

സ്വാഭാവികമായും സമൂഹത്തിലും ഇതിന്‍റെ അനുരണനം ദൃശ്യമായി. കാലക്രമത്തില്‍ അതിന്‍റെ തോത് വര്‍ദ്ധിച്ചുവന്നു. വ്യക്തികേന്ദ്രീകൃതവും രാജകീയ ഭാവം സ്വീകരിച്ചതുമായ ഭരണ സംവിധാനങ്ങളും സമീപനങ്ങളും അധികാരം സേവനത്തിന് എന്നതില്‍ നിന്ന് ആധിപത്യത്തിന് എന്നാക്കി മാറ്റി.  ധൂര്‍ത്തും സ്വാര്‍ത്ഥ താല്‍പര്യങ്ങളും മറ്റെല്ലാ ദുര്‍ഗുണങ്ങളും അവയുടെ ഉപോല്‍പന്നങ്ങളും വ്യാപകമായി. പണമുണ്ടാക്കണം, സുഖിക്കണം, ആസ്വദിക്കണം, സ്ഥാനങ്ങളും പദവികളും നേടണം എന്നായിരുന്നു പൊതുവായ സാമൂഹിക ചിന്ത. പരിസര നാടുകളിലെ ഭരണക്രമങ്ങളെയും സമൂഹത്തെയും മുസ്ലിം ഭരണകൂടവും സമൂഹവും പകര്‍ത്താന്‍ ഉദ്യമിക്കുകയോ സ്വാംശീകരിക്കുകയോ ചെയ്തു. ഭരണ വര്‍ഗത്തോട് ഒട്ടി നിന്ന് ആനുകൂല്യം പറ്റാനും കാര്യസാധ്യം ഉറപ്പുവരുത്താനുമുള്ള പ്രവണത വര്‍ധിച്ചു.

ഗുരുതരമായ ഇത്തരമൊരു അധാര്‍മിക സാഹചര്യത്തില്‍ നിന്ന് ആത്മരക്ഷക്ക് സത്യവിശ്വാസത്തിന്‍റെ ശക്തമായ സ്വാധീനമാവശ്യമായിരുന്നു. ഈ അനിവാര്യതയെയാണ് സൂഫികള്‍ പരിഹരിച്ചത്. അനുദിനം നാശോന്മുഖമായികൊണ്ടിരിക്കുന്ന ആത്മീയ വിചാരത്തെ സംരക്ഷിക്കുന്നതിനുള്ള പരിശ്രമത്തില്‍ അവര്‍ മുഴുകി. പുതിയൊരു ഭക്തി മാര്‍ഗം രൂപപ്പെടുത്തുകയായിരുന്നില്ല സൂഫികള്‍. ഖിലാഫതുര്‍റാശിദയുടെ കാലത്തെ ആത്മീയ സാഹചര്യത്തെ പൊടി തട്ടി സജീവമാക്കുകയും സംരക്ഷിക്കുകയുമായിരുന്നു.  അനിവാര്യമായ പരിചരണവും  ഉത്തരവാദിത്വത്ത നിര്‍വഹണവുമാണവര്‍ നടത്തിയത്. ചരിത്രവും സമൂഹവും അവരുടെ  ദൗത്യത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും മഹാത്മ്യവും മൂല്യവും പരിഗണിച്ച് ‘സൂഫികള്‍’ എന്ന് അവരെ വിളിക്കുകയായിരുന്നു. അതെല്ലാതെ, ആ പേര് ആത്മ നിര്‍വൃതി അവര്‍ സ്വയം എടുത്തതിനല്ല.

സമൂഹത്തിന്‍റെ മനസ്സില്‍ അധാര്‍മികത കാതലായ സ്വാധീനം നേടുകയും ദുര്‍ഗുണങ്ങളുടെ സഹയാത്രികരാവുകയും ചെയ്യുന്നതിനാല്‍ പാരമ്പര്യത്തിലേക്കുള്ള തിരിച്ചുനടത്തം അനിവാര്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

സുഖാഢംബരത്തിലും ഭൗതിക മോഹവലയങ്ങളിലും അകപ്പെടാതെ അവരെ പരിചരണം നടത്തുകയായിരുന്നു സൂഫികള്‍. സമൂഹത്തിന്‍റെ സാഹചര്യമനുസരിച്ച് പരീക്ഷണത്തിന് വ്യത്യസ്ത രീതികള്‍ അവലംബിച്ച സൂഫികളുണ്ട്. ഈ വൈവിധ്യത്തിന്‍റെ കാരണം ശൈഖ് ജീലാനി(റ) പറഞ്ഞിട്ടുണ്ട് – ‘എല്ലാ വലീകളും ഒരോ നബിവശീ, ഞാന്‍റെ സീബാവാകാന്‍ വശീ എന്നോവര്‍’

ഖിലാഫത്ത് മുലൂകിയത്തിലേക്ക് വഴിമാറിയെങ്കിലും അതിന്‍റെ സാമൂഹിക ക്ഷേമ താല്‍പര്യങ്ങളും വികസന കാഴ്ചപാടുകളും പരിഗണിച്ചും സ്വയം പര്യാപ്തമായ ഒരു ഇസ്ലാമിക സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം മാനിച്ചും മുസ്ലിം ഭരണകര്‍ത്താക്കള്‍ക്കെതിരെ കായിക മത്സരത്തിന് പൊതുവെ സൂഫികള്‍ തുനിഞ്ഞില്ലെന്നത് സ്മരണീയം.

ലോക നാഗരികതയെ മാറ്റിമറിക്കാനുതകുന്ന വൈജ്ഞാനിക വിപ്ലവങ്ങളാണ് മധ്യകാലത്ത് മുസ്ലിം ഭരണാധികാരികള്‍ സൃഷ്ടിച്ചതെന്ന തിരിച്ചറിവിന്‍റെ അംഗീകരണമായി ഇതിനെ വിലയിരുത്തുന്നതില്‍ തെറ്റില്ല. അതിനാല്‍ തന്നെ ഇസ്ലാമിക വ്യവസ്ഥയുടെ താല്‍പര്യമനുസരിച്ച് ഭരണക്കര്‍ത്താക്കളോട് പ്രത്യക്ഷമായ കലഹത്തിന് സൂഫി സാത്വികര്‍ മുതിര്‍ന്നിട്ടില്ല. അരാജകത്വവും അരക്ഷിതാവസ്ഥയും സാഹചര്യം കൂടുതല്‍ വഷളാക്കാനാണ് കാരണമാവുക.

സൂഫികളുടെ ഇടപ്പെടല്‍ തികച്ചും ബൗദ്ധിക തലത്തിലും പ്രത്യുല്‍പാദനപരവുമായിരുന്നു. അവര്‍ ജനങ്ങളെ ഇസ്ലാമിക ധര്‍മ പാഠങ്ങള്‍ കൊണ്ട് സംസ്കരിച്ചു. ഭൗതിക പ്രമത്തതയെ തിരസ്കരിക്കാനും ആത്മീയവും ആന്തരികവുമായ വിശുദ്ധീകരണത്തിനും വിമലീകരണത്തിനും പ്രേരിപ്പിച്ചു. ഭൗതിക സൗഹചര്യം മെച്ചപ്പെടുമ്പോഴും ആത്മീയമായ താളപ്പിഴകളില്ലാതെ ജീവിക്കാന്‍ ബോധനം നല്‍കി. ഹൃദയത്തില്‍ യജമാനനായ നാഥനെക്കുറിച്ചുള്ള വിശ്വാസവും പ്രതീക്ഷയും ഭയവും നിറഞ്ഞുനിന്നാല്‍ അവിടെ പി ന്നെ പാഴ് ചിന്തകള്‍ക്ക് സ്ഥാനമുണ്ടാവില്ലെന്നു ബോധിപ്പിച്ചു. അകക്കാമ്പില്‍ ഈ വിശ്വാസ വിചാരങ്ങള്‍ എത്രമാത്രം ആധിപത്യം നേടിയിട്ടുണ്ടോ അതിനനുസൃതമായ ധാര്‍മിക ജീവിതം വ്യക്തികളിലുണ്ടാവുമല്ലോ.

രാജവാഴ്ചയിലേക്കുള്ള ഖിലാഫത്തിന്‍റെ കുത്തൊഴുക്കു കാലത്തും ഇതൊന്നും ബാധിക്കാത്തവര്‍ ധാരാളമുണ്ടായിരുന്നു. അഹ്ലുബൈത്തും സ്വഹാബത്തും അവരുടെ പിന്‍ഗാമികളും ഇമാമുമാരും ഈ ഘട്ടത്തില്‍ അവരുടെ ദൗത്യം നിര്‍വഹിച്ചവരത്രെ. അവര്‍ക്കത് നബി(സ്വ)യും ഖുലഫാഉര്‍റാശിദുകളും മഹാന്മാരായ സ്വഹാബത്തും നല്‍കിയ പൈതൃക സമ്പത്താണ്. അതിന്‍റെ തുടര്‍ച്ചയെ കൃത്യമായി സാധിക്കുന്നതില്‍ വിജയിച്ച സൂഫീ മാര്‍ഗം അനാവശ്യമായ സാമൂഹ്യ ഇടപെടലുകളില്‍ വിലപ്പെട്ട സമയം കളയുന്നതിനും അനുകൂലമല്ല. സമൂഹത്തില്‍ ആത്മീയത തളിരിട്ട് നില്‍ക്കാനാവശ്യമായതെല്ലാം അവര്‍ ചെയ്തുപോന്നു. അതിന്‍റെ തുടര്‍ച്ചയാണ് പില്‍കാലത്തെ സൂഫീ പാരമ്പര്യം ഏറ്റെടുത്തത്.

ഇസ്ലാമിക സമൂഹത്തിനും ദീനിനും വിലപ്പെട്ട സേവനം ചെയ്തുവരുന്നവരും അവരെ പിന്തുടരുന്നവരും സൂഫി പൈതൃകത്തെ അംഗീകരിക്കുന്നവരും സ്വാഗതം ചെയ്യുന്നവരുമാണ്. സൂഫിസത്തെ അശ്ലീലമായി വിശേഷിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സമൂഹത്തിനും ഇസ്ലാമിനും വരുത്തിവെച്ചുകൊണ്ടിരിക്കുന്നത് നഷ്ടങ്ങളാണ്. സൂഫി  പൈതൃകത്തെ സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആത്മീയ വിചാരത്തിന്‍റെ ആന്തോളനമുണ്ടാവുന്ന കാലമാണ് റബീഉല്‍ ആഖിറും ജമാദുല്‍ ഊലായും. വ്യവസ്ഥാപിതമായി ആത്മീയ സരണിയെ ദര്‍ശനം ചെയ്ത് ആത്മീയ വിഹായസ്സിലെ താരകങ്ങളായ ശൈഖ് ജീലാനി(റ), ശൈഖ് രിഫാഈ(റ) ഈ മാസങ്ങളില്‍ കൂടുതല്‍ അനുസ്മരിക്കപ്പെടുന്നത് അതുകൊണ്ടാണ്. ഈ ജീവിത പാരമ്പര്യത്തിന് പുറം തിരിഞ്ഞുനില്‍ക്കുന്നത് കൊണ്ടാണ് സൂഫി സത്ത ബിദഇകള്‍ താറടിക്കുന്നതും.

Exit mobile version