? സൂര്യനെക്കുറിച്ചുള്ള പരാമർശങ്ങൾ ഖുർ ആനിലെ അത്ഭുതമാണ് എന്ന് പറഞ്ഞല്ലോ. മുഹമ്മദ് നബിയുടെ കാലത്ത് അറിയാതിരുന്ന എന്ത് കാര്യമാണ് ഖുർആൻ പറഞ്ഞത്?
?? സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കനുസരിച്ചാണ് സഞ്ചരിക്കുന്നതെന്ന് ഖുർആൻ പറയുന്നു. സൂര്യൻ സ്വയം പ്രകാശിക്കുന്നതാണെന്നും ചന്ദ്രന്റേത് പ്രകാശത്തിന്റെ പ്രതിഫലനമാണെന്നും ഖുർആൻ സൂചിപ്പിക്കുന്നു. ധാരാളം സൂര്യൻമാർ ഉണ്ടാകാനുള്ള സാധ്യതയെ ഖുർആൻ അംഗീകരിക്കുന്നു. സ്വയം ഭ്രമണത്തോടൊപ്പമുള്ള അതിന്റെ നീന്തുന്നത് പോലെയുള്ള സഞ്ചാരവും ഖുർആൻ സൂചിപ്പിക്കുന്നു. സൂര്യനെക്കുറിച്ചൊക്കെ ഇനിയും ഒരുപാട് ഗവേഷണങ്ങൾ നടക്കുമെന്നും ഖുർആൻ സൂചിപ്പിക്കുന്നു.
സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവുമൊക്കെ ഉണ്ടാകുന്നത് വലിയ മനഷ്യരുടെ മരണം കൊണ്ടാണെന്ന് വിശ്വസിച്ചിരുന്ന കാലത്താണ് ഇതൊക്കെ പറയുന്നത് എന്നോർക്കണം.
? സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ആ അന്ധവിശ്വാസം മുഹമ്മദ് നബി തിരുത്തിയോ?
?? തീർച്ചയായും. തന്റെ മകൻ മരിച്ച ദിവസം് ഒരിക്കൽ സൂര്യഗ്രഹണമുണ്ടായി. നബിപുത്രന്റെ മരണം കാരണമാണ് ഗ്രഹണം സംഭവിച്ചതെന്ന് ജനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ആളുകളെ തന്റെ മതത്തിലേക്ക് ചേർക്കാൻ പറ്റിയ സുവർണാവസരമാണ്. എന്നിട്ടും അവിടുന്ന് പറഞ്ഞു: സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ട് ദൃഷ്ടാന്തങ്ങൾ മാത്രമാണ്. ആരുടേയും ജനിമൃതികൾക്ക് വേണ്ടി അവക്ക് ഗ്രഹണം ബാധിക്കുകയില്ല.
? സൂര്യൻ ഒരു വിശ്രമ കേന്ദ്രത്തിലേക്ക് സഞ്ചരിക്കുന്നു എന്ന് ഖുർആനിലുണ്ടല്ലോ. അത് അർശിന്റെ ചുവട്ടിൽ ചെല്ലുമെന്നും അവിടെ സുജൂദ് ചെയ്യുമെന്നും സമ്മതം ചോദിക്കുമെന്നുമൊക്കെയാണ് ഈ സൂക്തത്തിന്റെ വിവക്ഷയെന്ന് മുഹമ്മദ് നബി വിശദീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ശുദ്ധ അസംബന്ധമല്ലേ?
?? ചോദ്യത്തിൽ പരാമർശിച്ച ഹദീസ് ഇങ്ങനെയാണ്: അബൂദർറ്(റ) ഉദ്ധരിക്കുന്നു: സൂര്യനസ്തമിച്ചപ്പോൾ തിരുനബി(സ്വ) ചോദിച്ചു: സൂര്യൻ എവിടേക്കാണ് പോകുന്നതെന്ന് അറിയുമോ? ഞാൻ പറഞ്ഞു: അല്ലാഹുവിനും റസൂലിനുമാണ് കൂടുതൽ അറിയുന്നത്. തിരുനബി: സൂര്യൻ സഞ്ചരിക്കുന്നു. അർശിന്റെ ചുവട്ടിൽ സുജൂദ് ചെയ്യുന്നത് വരെ. തുടർന്ന് സമ്മതം ചോദിക്കുന്നു. സമ്മതം ലഭിക്കുന്നു. സുജൂദ് ചെയ്യുകയും അത് സ്വീകരിക്കപ്പെടാതിരിക്കുകയും സമ്മതം ചോദിക്കുകയും സമ്മതം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സമയം അടുത്തിരിക്കുന്നു. അതിനോട് പറയപ്പെടും; നീ വന്നെത്തിയേടത്തു നിന്ന് മടങ്ങൂ. തുടർന്ന് അത് അസ്തമയ സ്ഥാനത്തു നിന്ന് ഉദിക്കും.
അതാണ് അല്ലാഹു പറഞ്ഞത്; സൂര്യൻ അത് സ്ഥിരമാകുന്ന ഒരു സ്ഥലത്തേക്ക്/ഒരു സമയം വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) കുറിച്ചു: വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കളായ ഇമാം ഖതാദ, മുഹാതിർ എന്നിവർ പറഞ്ഞു; അതിന്റെ അർത്ഥം ഒരു നിശ്ചിത സമയം വരെ സൂര്യൻ സഞ്ചരിക്കും എന്നാണ്. വാഹിദി പറഞ്ഞു: ഇത് പ്രകാരം സൂര്യന്റെ മുസ്തഖർ എന്നാൽ ലോകാവസാന സമയത്ത് അതിന്റെ യാത്ര അവസാനിക്കുന്ന സമയം എന്നാണ്. കൽബി പറഞ്ഞു: സൂര്യൻ അതിന്റെ പഥത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കും. അങ്ങനെ അതിന്റെ യാത്ര അത് സ്ഥിരമാകുന്ന(യാത്ര നിലക്കുന്ന) സ്ഥലത്ത് അവസാനിക്കും. അതിന്റെ അപ്പുറത്തേക്ക് അത് സഞ്ചരിക്കില്ല. പിന്നീട് അത് തുടങ്ങിയ സ്ഥലത്തേക്ക് മടങ്ങും.
ഈ വിശദീകരണത്തിൽ നിന്ന് താഴെ പറയുന്ന കാര്യങ്ങൾ സ്പഷ്ടം:
1. സൂര്യൻ സഞ്ചരിക്കുന്നു.
2. അർശിന്റെ ചുവട്ടിൽ അത് സുജൂദ് ചെയ്യുന്നു.
3. അല്ലാഹുവിനോട് സമ്മതം ചോദിക്കുന്നു. സഞ്ചാരം തുടരാൻ സമ്മതം കിട്ടുന്നു.
4. അവസാനം സമ്മതം ലഭിക്കുന്നില്ല. അത് എത്തിയേടത്തു നിന്ന് തിരിച്ച് സഞ്ചരിക്കുന്നു.
5. അതാണ് (യാത്ര തുടരാൻ സമ്മതം കിട്ടാതെ നിൽക്കുന്ന അവസാന പോയിന്റ്) സൂര്യന്റെ മുസ്തഖർ(സ്ഥിരസ്ഥാനം).
6. ലോകാവസാനത്തിലാണ് അത് ഉണ്ടാവുക.
സൂര്യൻ സഞ്ചരിക്കുന്നു എന്നത് ഖുർആൻ പച്ചയായി പറഞ്ഞ ഒരു യാഥാർത്ഥ്യമാണ്. ഭൂകേന്ദ്ര സിദ്ധാന്തത്തിന്റെ വക്താക്കളായ പൗരാണികർക്കും രവികേന്ദ്ര സിദ്ധാന്തത്തിന്റെ വക്താക്കളും ആധുനികരുമായ ശാസ്ത്രജ്ഞന്മാർക്കും സൂര്യൻ ചലിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. സൂര്യചലനം കൊണ്ടാണ് രാപ്പകലുകളുണ്ടാകുന്നത് എന്നാണ് ഭൂ കേന്ദ്ര സിദ്ധാന്തത്തിൽ പറയുന്നത്. എന്നാൽ ഭൂമിയുടെ ഭ്രമണം കൊണ്ടാണ് അതുണ്ടാകുന്നതെന്ന് ആധുനിക ശാസ്ത്രം പറയുന്നു. ഭൂമി നിശ്ചലമാണെന്നാണ് ബൈബിൾ സിദ്ധാന്തിക്കുന്നത്. അതുകൊണ്ടാണ് ഭൂമി ചലിക്കുന്നു എന്ന് പറഞ്ഞതിന്റെ പേരിൽ പൗരോഹിത്യം ശാസ്ത്രജ്ഞരെ പീഡിപ്പിച്ചത്. ഭൂമി കറങ്ങുന്നുവെന്ന് ഖുർആൻ വ്യക്തമായി പറയുന്നില്ല. എന്നാൽ നിശ്ചലമാണെന്നും പറയുന്നില്ല. പക്ഷേ ചലിക്കുന്നു എന്നതിന് ഖുർആൻ സൂചന നൽകുന്നുണ്ട്. ഭൂമി മാത്രമല്ല, എല്ലാം ചലിക്കുന്നു എന്നു തന്നെ ഖുർആൻ സൂചിപ്പിക്കുന്നുണ്ട്.
? ലോകം മുഴുവൻ ചലനാത്മകമാണ്. ചലനമാണ് പ്രപഞ്ചത്തിന്റെ നിയമം. ഇക്കാര്യം ഖുർആനിൽ ഉണ്ടെന്നാണോ പറയുന്നത്?
?? അതേ! ഖുർആൻ സ്പഷ്ടമായി അക്കാര്യം പറഞ്ഞിട്ടുണ്ട്. ‘എല്ലാം അവയുടെ ഭ്രമണ പഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.’ യാസീൻ സൂറയുടെ നാൽപതാം സൂക്തത്തിലാണ് ഇക്കാര്യം പറയുന്നത്. സഞ്ചരിക്കുന്നു എന്ന് വിവർത്തനം ചെയ്തിരിക്കുന്ന പദം ‘യസ്ബഹൂൻ’ എന്നാണ്. സബഹ എന്നാൽ നീന്തി എന്നാണർത്ഥം. ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് ചലിക്കുന്നതോടൊപ്പം സ്വയം ചലിക്കുന്നുമുണ്ട് എന്നർത്ഥം. സൂര്യനും ഭൂമിക്കുമൊക്കെ സ്വന്തം അച്ചുതണ്ടിൽ ഭ്രമണവും അതോടൊപ്പം മറ്റൊരു ചലനവുമുണ്ടെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. സൂര്യന്റെ സ്വയം ഭ്രമണത്തിന് ശരാശരി 27 ദിവസമെടുക്കും. എന്നാൽ ചുറ്റി ഒരു സെക്കന്റിൽ 220 കി.മീ വേഗതയിൽ സൂര്യകുടുംബമൊന്നാകെ മറ്റൊരു യാത്രയുമുണ്ട്.
സയൻസ് എക്സ്പ്രസ്സിൽ കൊടുത്ത ഒരു ചോദ്യോത്തരം ഇങ്ങനെ: എന്തുകൊണ്ടാണ് ഗ്രഹങ്ങൾ സൂര്യനു ചുറ്റും കറങ്ങുന്നത്? സൂര്യൻ ഒരു നിശ്ചിത ബിന്ദുവിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്?
‘സൂര്യൻ മാത്രമല്ല. സൗരയൂഥത്തിലെ എല്ലാ പദാർത്ഥങ്ങളും അതിന്റെ ഭ്രണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.’
ചലനവുമായി ബന്ധപ്പെട്ട് കേരള പാഠാവലി അടിസ്ഥാന(8-ാം ക്ലാസ്) ശാസ്ത്ര പുസ്തകത്തിലെ ഒരു പരാമർശം ഇവിടെ ശ്രദ്ധേയമാണ്: ‘പ്രപഞ്ച നിർമാണത്തിലെ അതിസൂക്ഷ്മ കണങ്ങൾ പോലും സദാ ചലിച്ചു കൊണ്ടിരിക്കുന്നു. ദ്രാവകങ്ങളിലെ തന്മാത്രകൾ ഖരങ്ങളിലുള്ളതിനേക്കാൾ സ്വതന്ത്രമായും വാതകങ്ങളിലെ തന്മാത്രകൾ ദ്രാവകങ്ങളിലുള്ളതിനെക്കാൾ സ്വതന്ത്രമായും ചലിക്കുന്നു. നക്ഷത്രങ്ങൾ ചലിക്കുന്നു. ഗ്രഹങ്ങൾ ചലിക്കുന്നു. തന്മാത്രകൾ ചലിക്കുന്നു. ഇലക്ട്രോണുകളും പ്രോടോണുകളും ന്യൂട്രോണുകളും സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ചലനമാണ് ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവം.’
ഖുർആൻ പറയുന്നതിങ്ങനെ: ‘സൂര്യന് ചന്ദ്രനെ പ്രാപിക്കുക യോജിച്ചതല്ല. രാത്രി പകലിനെ മറികടക്കുകയില്ല. എല്ലാം അവയുടെ പഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു.’
‘എല്ലാം സഞ്ചരിക്കുന്നു. ഒരു നിശ്ചിത അവധി വരെ.’
? സൂര്യന്റെ ചലനം സമ്മതിച്ചു. പക്ഷേ വിശ്രമസ്ഥാനം എന്ന് പറഞ്ഞതോ? നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന സൂര്യന് എന്ത് വിശ്രമം?
?? മുസ്തഖറിലേക്ക് സഞ്ചരിക്കുന്നു എന്നാണ് ഖുർആൻ പറയുന്നത്. മറ്റൊരു സൂക്തത്തിൽ എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു എന്നാണുള്ളത്. ഇസ്തഖർറ എന്ന പദത്തിന്റെ സ്ഥല/സമയ നാമമാണ് മുസ്തഖർ. ചലിക്കുക എന്നതിന്റെ വിപരീതമാണ് ഇസ്തഖറ എന്നതിന്റെ അർത്ഥം. സൂര്യൻ ഒരു അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കും. അവധിയെത്തിയാൽ അത് നിൽക്കും. അത് അന്ത്യനാളിൽ സംഭവിക്കാൻ പോകുന്ന കാര്യമത്രെ.
ഈ ആശയത്തെ ശാസ്ത്രത്തിന് തൊടാനാവില്ല. നിലവിലുള്ള സൂര്യനെക്കുറിച്ച് തന്നെ ശാസ്ത്രത്തിന് സ്വൽപമേ അറിയൂ. അതിന്റെ ഉത്ഭവത്തെക്കുറിച്ച് ചില അനുമാനങ്ങൾ മാത്രമേയുള്ളൂ. അതിന്റെ ഭാവിയെക്കുറിച്ച് കട്ടായമായി ഒന്നുമറിയില്ല. നാളെയും മറ്റന്നാളും നടക്കുന്ന കാര്യകളിലെ നിഗമനങ്ങൾ തന്നെ തെറ്റുന്നത് നമ്മളറിയുന്നു. എന്നിട്ടല്ലേ സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന അതിന്റെ യാത്ര! അതുകൊണ്ട് ശാസ്ത്ര നാട്യക്കാർ നാവടക്കുക. സൃഷ്ടിച്ചവൻ പറയട്ടെ.
‘സൂര്യൻ അതിന്റെ യാത്ര അവസാനിപ്പിക്കുന്ന ഒരു സ്ഥലം/സമയം വരെ സഞ്ചരിച്ചുകൊണ്ടിരിക്കും. അത് എല്ലാം അറിയുന്നവനും എല്ലാറ്റിനെയും എല്ലാവരെയും അതിജയിക്കുന്നവനുമായ അല്ലാഹുവിന്റെ തീരുമാനമത്രെ.’
? അതൊക്കെ സമ്മതിക്കാം. സൂര്യൻ അർശിന്റെ ചുവട്ടിൽ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നു എന്നൊക്കെ പറഞ്ഞാൽ അത് ശുദ്ധമായ കളവല്ലേ?
?? സൂര്യൻ മാത്രമല്ല ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന് പ്രണമിക്കുന്നു(സുജൂദ് ചെയ്യുന്നു) എന്ന് ഖുർആൻ പറയുന്നുണ്ട് (സൂറ.റഅ്ദ് 15, അന്നഹ്ല് 16). വിധേയപ്പെട്ടു കൊണ്ടോ നിർബന്ധിതരായോ പ്രണമിക്കുന്നുവെന്നാണ് ഖുർആൻ 13/15ലുള്ളത്. അതായത് അല്ലാഹുവിന്റെ പ്രാപഞ്ചിക നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ് മുഴുവൻ സൃഷ്ടികളും. അവൻ കണക്കാക്കിയ റൂട്ടിലൂടെയല്ലാതെ, അവൻ വിധിച്ച രീതിയിലല്ലാതെ, അവൻ നിർണയിച്ച വ്യവസ്ഥകൾക്കനുസൃതമായിട്ടല്ലാതെ ഒരു സൃഷ്ടിക്കും സഞ്ചരിക്കാനാവില്ല, അതൊരു പ്രണാമം തന്നെയല്ലേ? സൂര്യനും ഈ പ്രാപഞ്ചിക വ്യവസ്ഥയിൽ നിന്ന് കുതറിമാറാനാവില്ല.
? എപ്പോഴും സുജൂദിലാണെങ്കിൽ അർശിന്റെ ചുവട്ടിലുള്ള സുജൂദ് എന്ന് പ്രത്യേകം പറയേണ്ട കാര്യമെന്ത്?
?? അർശ് നമുക്ക് അദൃശ്യമായ ഒരു സൃഷ്ടിയാണ്. ഭൗതിക ലോകത്തുള്ള കാര്യത്തിൽ മാത്രം ശാസ്ത്രം ഇടപെട്ടാൽ മതി. അഭൗതിക ലോകത്തെ സൃഷ്ടിയായ അർശിനെ കുറിച്ച് അല്ലാഹുവും റസൂലും പറഞ്ഞതേ നമുക്കറിയൂ. ചില ഹദീസുകളുടെ അടിസ്ഥാനത്തിൽ ഭൂമി മുഴുവൻ അർശിന്റെ ചുവട്ടിലാണെന്ന് ഇബ്നു കസീർ പറഞ്ഞിട്ടുണ്ട്. സൂര്യൻ ഓരോ നിമിഷവും സുജൂദ് ചെയ്യുകയും ഓരോ നിമിഷവും സമ്മതം ചോദിക്കുകയും ചെയ്യും. അനുനിമിഷം അല്ലാഹുവിന്റെ കൽപനക്കനുസൃതമായി വിധേയപ്പെട്ടു സഞ്ചരിക്കുന്ന സൂര്യന് ഒരു നാളിൽ മുന്നോട്ടു ചലിക്കാൻ അനുവാദം ലഭിക്കില്ല. തിരിച്ചു സഞ്ചരിക്കേണ്ടി വരുന്നതോടെ അന്ത്യനാളായി.
ഇക്കാര്യം പരിഗണിച്ചുകൊണ്ട് സൂര്യന് രണ്ടു തരം സുജൂദ് ഉണ്ടെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഒന്ന് എല്ലാ സൃഷ്ടികളും നിർവഹിക്കുന്ന സാധാരണ സുജൂദ്.
രണ്ട്: അർശിന്റെ ചുവട്ടിലുള്ള പ്രത്യേകമായ സുജൂദ്.
അങ്ങനെയാകുമ്പോൾ ആ സുജൂദ് വ്യവസ്ഥയുടെ പഠനത്തിന് അപ്പുറമുള്ള മറ്റൊരു പ്രത്യേക പ്രണാമമാണെന്ന് വന്നു. ആവട്ടെ, അതിനർത്ഥം സൂര്യൻ മനുഷ്യൻ സുജൂദ് ചെയ്യുന്നത് പോലെ തന്നെ ചെയ്യണം എന്നല്ലല്ലോ. ഏതൊരു പ്രവർത്തനത്തെയും അതിന്റെ കർത്താവിനെ നോക്കിയാണ് വിലയിരുത്തേണ്ടത്. ഉറുമ്പ് ഉറങ്ങുന്നു എന്നു കേൾക്കുമ്പോൾ ഏത് പായയിൽ എന്ന് ചോദിക്കരുത്. കാലം സഞ്ചരിക്കുന്നുവെന്ന് പറയുമ്പോൾ ഏതു വാഹനത്തിൽ എന്നന്വേഷിക്കുന്നത് വിഡ്ഢിത്തമാണ്. കർത്താവിനനുസരിച്ച് ക്രിയ മാറിക്കൊണ്ടിരിക്കുന്നു. സൂര്യന്റെ സുജൂദ് അതിന് അനുഗുണമായ രീതിയിലായിരിക്കും. സമ്മതം ചോദിക്കലും തഥൈവ. അങ്ങനെ ചിന്തിക്കുമ്പോൾ അജൈവ വസ്തുക്കൾ എന്ന് നാം പറയുന്ന പദാർത്ഥങ്ങൾക്ക് അവയുടേതായ നിയമപ്രകാരം സംസാരവും വികാരവും പ്രണാമവും ഉണ്ടാകാം. സൂര്യൻ അർശിന്റെ(അതിന്റെ യാഥാർത്ഥ്യം നമുക്കറിയില്ല) കേന്ദ്രത്തിനോടോ ഏതെങ്കിലും പ്രത്യേക ബിന്ദുവിനോടോ നേരിടുന്ന സന്ദർഭത്തിനാണ് ആ സുജൂദ്. അതെന്നായാലും ഹദീസിന്റെ അർത്ഥ സാധുതയെ അത് ബാധിക്കുന്നില്ല.
ഇനി പറയൂ, സൂര്യൻ സഞ്ചരിക്കുന്നു. സുജൂദ് ചെയ്യുന്നു. സമ്മതം ചോദിക്കുന്നു. എവിടെയാണ് വൈരുധ്യം? ഏതാണ് യുക്തിവിരുദ്ധം?
ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി