സൂറത്തും സുന്നത്തും

അഞ്ചു നേരത്തെ നിർബന്ധ നിസ്‌കാരങ്ങളിൽ ആദ്യ രണ്ടു റക്അത്തുകളിൽ ഫാത്തിഹ ഓതിയ ശേഷം ഒരു സൂറത്തോ സൂക്തമോ ഓതൽ പ്രബലമായ സുന്നത്താണ്. നിർബന്ധമാണെന്ന വീക്ഷണവുമുണ്ട്. ഇതു മാനിച്ച് സൂറത്ത് ഒഴിവാക്കുന്നത് കറാഹത്താണെന്ന് ഇബ്‌നു ഹജർ (ഇംദാദ് 2/308) രേഖപ്പെടുത്തിയിട്ടുണ്ട്.
തീവ്ര അശുദ്ധി ഉണ്ടായിരിക്കെ കുളിക്കാനോ തയമ്മും ചെയ്യാനോ സാധിക്കാത്തയാൾ നിവൃത്തികേടുകൊണ്ടു നിർവഹിക്കുന്ന നിസ്‌കാരം, മയ്യിത്ത് നിസ്‌കാരം എന്നിവ ഒഴിച്ചുള്ള എല്ലാവിധ നിസ്‌കാരങ്ങളിലും സൂറത്ത് ഓതൽ സുന്നത്തുണ്ട് (തുഹ്ഫ 2/51, അൽമിൻഹാജുൽ ഖവീം പേ. 99).
ഇടയിൽ ‘തശഹ്ഹുദ്’ വരാതെ ഐച്ഛിക നിസ്‌കാരങ്ങൾ നിർവഹിക്കുന്നപക്ഷം മൂന്നും നാലും റക്അത്തുകളിൽ പോലും സൂറത്ത് സുന്നത്തുണ്ട് (നിഹായ 1/492, തുഹ്ഫ 2/52). എന്നാൽ അഞ്ചുനേരത്തെ ഫർള് നിസ്‌കാരങ്ങൾ ഇടയിലെ ‘തശഹ്ഹുദ്’ ഒഴിവാക്കി നിർവഹിക്കുമ്പോൾ പോലും മൂന്ന്-നാല് റക്അത്തുകളിൽ സൂറത്ത് പുണ്യമില്ല (അൽഇംദാദ് 2/308-309).
സൂറത്ത് ഓതിയതിന്റെ അടിസ്ഥാന പുണ്യം ഒരു ആയത്ത് പൂർണമായോ അർത്ഥപൂർണമായ അർധ ഭാഗമോ ഓതിയാലും ലഭിക്കും. എന്നാൽ മൂന്ന് ആയത്തിൽ കുറയാതിരിക്കലാണ് അഭികാമ്യം (തുഹ്ഫ 2/51-52).
ഒരേ സൂറത്തുതന്നെ വിവിധ റക്അത്തുകളിൽ ആവർത്തിച്ചോതിയാലും, ഫാത്തിയുടെ തുടക്കമല്ലെന്ന ഉദ്ദേശ്യത്തോടെ ‘ബിസ്മില്ലാഹി….’ എന്ന് ഓതിയാലും അടിസ്ഥാന സുന്നത്ത് ലഭിക്കും (അൽഇംദാദ് 2/308, നിഹായ 1/491).
ഒരു സൂറത്ത് പൂർണമായി ഓതുന്നതാണ് വലിയൊരു സൂറത്തിൽ നിന്നും സമാന ദൈർഘ്യമുള്ള ആയത്തുകൾ മാത്രം ഓതുന്നതിനെക്കാൾ പുണ്യകരം. ഇക്കാര്യത്തിൽ ഇമാമുകൾക്കിടയിൽ രമ്യതയുണ്ട്. എന്നാൽ ഒരു സൂറത്തിനെക്കാൾ ദൈർഘ്യമുള്ള ഭാഗം മറ്റൊരു സൂറത്തിൽ നിന്നും ഓതുന്നതാണോ അതോ ചെറുതെങ്കിലും സൂറത്ത് പൂർത്തിയാക്കി ഓതുന്നതാണോ നല്ലതെന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. ഇമാം ഇബ്‌നു ഹജർ (തുഹ്ഫ 2/52, അൽഇംദാദ് 2/308), ശൈഖുൽ ഇസ്‌ലാം (അസ്‌നൽ മത്വാലിബ് 1/155, അൽഗുറർ 1/326) എന്നിവർ നിരുപാധികം സൂറത്താണ് പുണ്യമെന്ന പക്ഷത്താണ്.
അക്ഷരങ്ങളുടെ ആധിക്യം പരിഗണിച്ച് പൂർണ സൂറത്തിനെക്കാൾ ദൈർഘ്യമുള്ള ആയത്തുകളാണ് അഭികാമ്യമെന്നാണ് ഇമാം റംലി (നിഹായ 1/492), ശിർബീനി (അന്നജ്മുസ്സാഖിബ് 2/728) എന്നിവരുടെ പക്ഷം (ഇത് സംബന്ധമായ അധിക വായനക്ക് അൽമവാഹിബുൽ മദനിയ്യ 2/211 കാണുക).
ഫജ്‌റിനു മുമ്പുള്ള രണ്ടു റക്അത്ത് നിസ്‌കാരത്തിന്റെ ആദ്യ റക്അത്തിൽ തിരുനബി(സ്വ) സൂറത്തുൽ ബഖറയിലെ:
?്ര????? ?????? ?????? ??? ???????? ???????്യൂധ??????:???പ
രണ്ടാമത്തേതിൽ ആലുഇംറാൻ അധ്യായത്തിലെ:
?്ര???????? ??? ???????? ?????? ??????? ??????????്യൂധ?? ?????:??പ
എന്ന ആയത്തും ഓതിയിരുന്നതായി ഹദീസുകളിൽ (സ്വഹീഹ് മുസ്‌ലിം ഹദീസ് നമ്പർ 727) വന്നതിനാൽ ഇവിടെയും തറാവീഹിൽ ഖുർആൻ പൂർത്തിയാക്കി ഓതാൻ നിശ്ചയിച്ചവർക്കും ഭാഗിക പാരായണം തന്നെയാണ് പുണ്യകരം (നിഹായ ഹാശിയതു ശബ്‌റാമല്ലിസീ സഹിതം 1/492 നോക്കുക). എന്നാൽ ഫജ്‌റിന്റെ സുന്നത്ത് നിസ്‌കാരത്തിൽ ‘കാഫിറൂന, ഇഖ്‌ലാസ്’ എന്നീ സൂറത്തുകൾ യഥാക്രമം ഒന്നും രണ്ടും റക്അത്തുകളിൽ ഓതുന്നതാണ് ഉദ്ധൃത ആയത്തുകളെക്കാൾ പുണ്യകരം. സ്വഹീഹ് മുസ്‌ലിം (ഹ. നമ്പർ 726) തന്നെ ഉദ്ധരിക്കുന്ന ഹദീസിൽ അത് പ്രത്യേകം പരാമർശിക്കുന്നതാണു കാരണം. അപ്പോൾ മേൽ പരാമർശിത ആയത്തുകളാണ് പൂർണ സൂറത്തിനെക്കാൾ പുണ്യമെന്നു പറഞ്ഞത് ഓതൽ പ്രത്യേകം സ്ഥിരപ്പെട്ടിട്ടില്ലാത്ത സൂറത്തുകളെ പ്രതിയാണെന്നു ഗ്രഹിക്കണം (അൽമവാഹിബുൽ മദനിയ്യ 2/211).
പൊതുവെ, സൂറത്തുകൾ പൂർത്തിയാക്കി ഓതുന്നതാണ് പുണ്യകരമെന്നു സാരം. അപ്പോൾ വെള്ളിയാഴ്ച സ്വുബ്ഹിൽ സജദയും ഹൽഅതായും ഓതാൻ സമയം തികയാതെ വന്നാൽ (നിസ്‌കാരം ഖളാആകുമെന്ന ആശങ്ക കാരണം) മറ്റേതെങ്കിലും സൂറത്തുകൾ പൂർത്തിയാക്കി ഓതണമെന്നാണു ഇബ്‌നു ഹജറിന്റെ (തുഹ്ഫ 2/56, അൽമിൻഹാജുൽ ഖവീം പേ. 100) വീക്ഷണം. എന്നാൽ പൂർണമായി ഓതാൻ കഴിയാതെ വന്നാൽ ഭാഗികമായെങ്കിലും ഓതുന്നതാണ് അഭികാമ്യമെന്നാണ് ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി (അസ്‌നൽ മത്വാലിബ് 1/155), ഇമാം റംലി (നിഹായ 1/495), അശ്ശിർബീനി (അന്നജ്മുസ്സാഖിബ് 1/728) എന്നിവർ പ്രബലപ്പെടുത്തുന്നത്.
എന്നാൽ സ്ഥിരമായി ഇവ ഓതിയാൽ അവ നിർബന്ധമാണെന്ന തെറ്റായ സന്ദേശം സാധാരണ ജനങ്ങൾക്കിടയിൽ പരക്കാനും തന്മൂലം ഈ സുന്നത്ത് പാലിക്കാത്തവരെ അവർ തെറ്റിദ്ധരിക്കാനും ഗുണദോഷിക്കാനും ഇടവരുമെന്നുമുള്ള ആശങ്കയാൽ ഇടക്ക് മാത്രം ഓതുന്നതാണ് നല്ലതെന്ന വാദമുണ്ട്. അബൂ ഇസ്ഹാഖു ശീറാസി (വഫാത്ത് ഹിജ്‌റ 476), ഇബ്‌നു അബൂഹുറൈറ (ഹി. 345) തുടങ്ങിയ പൗരാണിക പണ്ഡിതരുടേതായി ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഖത്വീബുശ്ശിർബീനി(മുഗ്‌നി 1/364) ആ പക്ഷത്തിനാണു മുൻതൂക്കം നൽകുന്നതെന്നു ഗ്രഹിക്കാം.
എന്നാൽ ഉദ്ധൃത സൂറത്തുകൾ തിരുനബി(സ്വ) പതിവാക്കിയിരുന്നതായി ഹദീസുകളിൽ (ബുഖാരി 891, മുസ്‌ലിം 880) സ്ഥിരപ്പെട്ടതാകയാൽ മേൽ ആശങ്ക മുഖവിലയ്‌ക്കെടുക്കേണ്ടതില്ല എന്നും എല്ലാ ആഴ്ചയും സ്ഥിരമായി ഇവ ഓതുകയാണ് വേണ്ടതെന്നുമാണ് ശാഫിഈ മദ്ഹബ് (തുഹ്ഫ 2/55, നിഹായ 1/495, അൽമവാഹിബുൽ മദനിയ്യ ശർഹു ബാഫള്ൽ സഹിതം 2/219 കാണുക).

ജുമുഅ നിസ്‌കാരവും സൂറത്തുകളും

ജുമുഅ നിസ്‌കാരത്തിന്റെ ഒന്നാം റക്അത്തിൽ സൂറത്തുൽ ജുമുഅ/ ‘സബ്ബിഹിസ്മ’ എന്നിവയിൽ ഏതെങ്കിലും ഒന്നും രണ്ടാം റക്അത്തിൽ ‘മുനാഫിഖൂന’/ ‘ഹൽ അതാക’ എന്നിവയിൽ ഒന്നും ഓതൽ സുന്നത്തുണ്ട്. എന്നാൽ കൂടുതൽ പുണ്യകരം ‘ജുമുഅ-മുനാഫിഖൂന’ ജോടികളാണെന്ന് ഇമാം ഇബ്‌നു ഹജർ (തുഹ്ഫ 2/463) രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ഇശാഇൽ സബ്ബിഹിസ്മ, ഹൽ അതാക എന്നീ സൂറത്തുകൾ സുന്നത്തുണ്ടെന്ന് ഇമാം ഇബ്‌നു ഹജർ(റ) ഫതാവൽ കുബ്‌റാ(1/192)യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ജുമുഅ-മുനാഫിഖൂന സൂറത്തുകൾ ഓതുന്നില്ലെങ്കിൽ മേൽ പറഞ്ഞവയാണ് കരണീയം.

മഅ്മൂമും സൂറത്തും

ഇമാം ഓതുന്ന ശബ്ദം വ്യക്തമായി കേട്ടുകൊണ്ടിരിക്കുന്ന മഅ്മൂം സൂറത്ത് ഓതുകയല്ല, പ്രത്യുത പെട്ടെന്ന് ഫാത്തിഹ പൂർത്തിയാക്കി ഇമാമിനെ സാകൂതം ശ്രവിക്കുകയാണു വേണ്ടത്. ഒന്നോ രണ്ടോ റക്അത്തുകൾ വൈകി മാത്രം സംഘ നിസ്‌കാരത്തിൽ ചേർന്ന മഅ്മൂം ഇമാം സലാം ചൊല്ലി പിരിഞ്ഞ ശേഷം, നഷ്ടപ്പെട്ട റക്അത്തുകൾ പരിഹരിക്കുമ്പോൾ ആദ്യ രണ്ടു റക്അത്തുകളിലും സൂറത്ത് ഓതുന്നത് വളരെയേറെ പുണ്യകരമാണ്. നിർഭാഗ്യവശാൽ പലർക്കും ഈ സുന്നത്ത് അജ്ഞാതമാണ്.
ഇമാമിന്റെ മൂന്നോ നാലോ റക്അത്തുകളിൽ താൻ ഫാത്തിഹ ഓതിയ ശേഷം ഇമാമിനെ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ സൂറത്ത് ഓതാൻ അവസരം ലഭിച്ചാൽ സൂറത്ത് പാരായണം സുന്നത്തുണ്ട്. ഈ അവസരം നഷ്ടപ്പെടുത്തിയാൽ പിന്നീട് (റക്അത്തുകൾ പരിഹരിക്കുന്ന വേളയിൽ) ഓതൽ സുന്നത്തില്ല (തുഹ്ഫ 2/52-54).

സൂറത്തുകൾക്കിടയിലെ
ക്രമവും അടുപ്പവും

പാരായണത്തിൽ സൂറത്തുകളുടെ ക്രമവും അടുപ്പവും ഏറെ പ്രധാനമായി നാം ശാഫിഈകൾ കാണുന്നുണ്ട്. ഒരു റക്അത്തിൽ ഒരു സൂറത്ത് ഓതിയാൽ തൊട്ടടുത്ത സൂറത്ത് അടുത്ത റക്അത്തിൽ ഓതണം. തിരുവചനങ്ങളിൽ പ്രത്യേകം നിർണയിച്ചുതന്ന സൂറത്തുകളാകുമ്പോൾ ഇത് പരിഗണനീയമല്ല.
താൻ ഫാത്തിഹ പാരായണം ചെയ്ത ശേഷം മഅ്മൂമുകൾക്കു ഫാത്തിഹ ഓതാനാവശ്യമായത്രയും സമയം ഇമാം ഉറക്കെ ഓതാതിരിക്കൽ സുന്നത്തുണ്ട്. ആ സമയത്ത് താൻ മാത്രം കേൾക്കത്തക്കവിധം മെല്ലെ ഖുർആൻ ഓതുന്നതാണ് പുണ്യകരം. അപ്പോഴും മേൽ പരാമർശിച്ച ക്രമവും അടുപ്പവും പാലിക്കണം.
അതിനാൽ ഉറക്കെ ‘അൽഖാരിഅ’ സൂറത്ത് ഓതാൻ കരുതിയാൽ കാത്തിരിപ്പു വേളയിൽ തൊട്ടു മുൻപത്തെ ‘വൽ ആദിയാതി’ ഓതണം. ഇനി, രണ്ടാമത്തെ റക്അത്തിൽ പതുക്കെ ‘അൽഹാകു’വും ഉറക്കെ ‘വൽ അസ്വ്‌രി’യും ഓതുകയാണ് സുന്നത്തായ രീതി. ‘ഫലഖും നാസും’ ഓതാനുറച്ച ഇമാം ആദ്യ റക്അത്തിലെ ഇടവേളയിൽ ‘ഇഖ്‌ലാസ്വ്’ സൂറത്ത് ഓതി ഉറക്കെ ഫലഖ് പൂർത്തിയാക്കി രണ്ടാമത്തെ റക്അത്തിൽ സൂറത്തുന്നാസ് രണ്ടു തവണ (ഇടവേളയിൽ പതുക്കെയും തുടർന്ന് ഉറക്കെയും) ഓതുകയാണു വേണ്ടത് (ഫതാവൽ കുബ്‌റ 1/153 കാണുക).
പ്രത്യേകം സുന്നത്തുള്ള സൂറത്തുകൾ ഓതേണ്ടിടത്ത് മേൽ മര്യാദ പാലിക്കേണ്ടതെങ്ങനെയെന്ന് ഇബ്‌നു ഹജർ(റ) വിശദീകരിക്കുന്നുണ്ട്: ഉദാഹരണമായി ജുമുഅ നിസ്‌കാരത്തിൽ ‘സബ്ബിഹിസ്മ’യും ‘ഹൽ അതാക’യും ഓതുമ്പോൾ ആദ്യ റക്അത്തിൽ ഫാതിഹക്കു ശേഷം മഅ്മൂമിനായി മൗനിയാകുന്ന വേളയിൽ ഇമാം പതിഞ്ഞ ശബ്ദത്തിൽ ‘സബ്ബിഹിസ്മ’യുടെ ഏതാണ്ട് പകുതി ഭാഗം ഓതി, ശേഷം ആദ്യം മുതൽ ഉറക്കെ ഓതുക. ഇപ്രകാരം രണ്ടാം റക്അത്തിൽ ‘ഹൽ അതാക’ സൂറത്തിന്റെ പകുതി മഅ്മൂം ഫാതിഹ ഓതുന്ന സന്ദർഭത്തിൽ മെല്ലെ ഓതി, പിന്നീട് തുടക്കം മുതൽ ഉറക്കെ ഓതി പൂർത്തിയാക്കുക (ഫതാവ 1/153 കാണുക). ഇബ്‌നു ഹജറി(റ)ന്റെ പ്രസ്തുത വിശദീകരണമാണ് മദ്ഹബിൽ പ്രബലമെന്ന് ഇമാം കുർദിയും (അൽഫവാഇദുൽ മദനിയ്യ പേ. 213-218) അല്ലാമതു സഖ്വാഫും (തർശീഹുൽ മുസ്തഫീദീൻ പേ. 61) സൂചിപ്പിക്കുന്നുണ്ട്.
നിർഭാഗ്യവശാൽ, ഈ മര്യാദ പാലിക്കുന്ന ഇമാമുമാർ അത്യപൂർവമായിരിക്കുന്നു. അധികപേരും മഅ്മൂമിന് പാരായണാവസരം നൽകി, നിർണിത സൂറത്തിൽ നിന്ന് അർധഭാഗം മാത്രം ഉറക്കെ ഓതുന്നവരാണ്. തിരുചര്യയുടെ ലംഘനമാണിതെന്നു പണ്ഡിത വരികളിൽ നിന്നു ഗ്രഹിക്കാം (അസ്‌നൽ മത്വാലിബ് 1/155, നിഹായ 1/495, അൽമവാഹിബുൽ മദനിയ്യ 2/219 നോക്കുക). പൂർണമായി ഓതുന്നവരാണെങ്കിലോ മഅ്മൂമിന്റെ ഫാതിഹ കാത്തിരിക്കാത്തവരും!

സുന്നത്തുകൾ മാനിക്കണം

ഹദീസുകൾ നിർണയിച്ചുതന്നിട്ടില്ലാത്ത സൂറത്തുകൾ തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ ആദ്യ റക്അത്തിൽ ഓതുന്ന സൂറത്ത് രണ്ടാമത്തേതിനെക്കാൾ വലുതായിരിക്കൽ സുന്നത്തുണ്ട്. പൂർണ സൂറത്തുകൾ തന്നെ ഓതുന്നതും പുണ്യകരമാണ്. തൊട്ടു ശേഷമുള്ളത് ഓതുകയെന്നത് മൂന്നാമതൊരു സുന്നത്തും. അങ്ങനെ ചെയ്യുമ്പോൾ സുന്നത്തുകൾ തമ്മിൽ ചേരാത്ത ചില സാഹചര്യങ്ങളുണ്ടാകാം. ആദ്യ റക്അതിൽ സൂറത്തുൽ ഇഖ്‌ലാസ്വ് ഓതിയ ശേഷം രണ്ടാം റക്അത്തിൽ ഫലഖ് ഓതുന്നിടത്ത് ഇത് പ്രകടമാണ്. ഇത്തരം ഘട്ടങ്ങളിൽ സൂറത്ത് പൂർണമായി പരിഗണിക്കുന്ന സുന്നത്ത് ത്യജിച്ച് തൊട്ടടുത്ത സൂറത്തിൽ നിന്നു ആദ്യ സൂറത്തിന്റെയത്രയും വരാത്ത ഭാഗം മാത്രം ഓതുകയാണ് പഥ്യം (നിഹായ 1/475, അൽഫവാഇദുൽ മദനിയ്യ പേ. 214).
ഒറ്റക്ക് നിസ്‌കരിക്കുന്നവർക്കും സോപാധിക (വഴിയോര പള്ളികളല്ലാത്തിടത്ത് നീട്ടി ഓതാൻ സമ്മതമുള്ള നിർണിത സംഘത്തോടൊപ്പം നിസ്‌കരിക്കുന്ന) ഇമാമിനും പ്രത്യേക സൂറത്തുകൾ ഹദീസുകളിൽ ഉദ്ധരിക്കാത്തിടത്ത് നിസ്‌കാരങ്ങളിൽ ഓതൽ സുന്നത്തുള്ള സൂറത്തുകളെ മൂന്നു വർഗങ്ങളായി തിരിച്ചിട്ടുണ്ട്. ത്വിവാലുൽ മുഫസ്വൽ (ദൈർഘ്യമുള്ളവ), ഔസ്വാതുൽ മുഫസ്വൽ (മധ്യമായവ), ഖിസ്വാറുൽ മുഫസ്വൽ (ഹ്രസ്വമായവ) എന്നിവയാണത്. ഇതിൽ ആദ്യത്തേത് സ്വുബ്ഹ്, ളുഹ്ർ നിസ്‌കാരങ്ങളിലും രണ്ടാമത്തേത് ഇശാഅ്, അസ്വ്ർ എന്നിവയിലും ഒടുവിലത്തേത് മഗ്‌രിബിലും ഓതുന്നതാണ് പുണ്യകരം.
ഉപര്യുക്ത ഇമാമല്ലാത്തവർ അവസാനം പറഞ്ഞ ‘ഖിസ്വർ’ ഇനത്തിൽ പെടുന്നതേ ഓതൽ സുന്നത്തുള്ളൂ (തുഹ്ഫ 2/54, നിഹായ 1/494).
ഈ മൂന്ന് മുഫസ്വലുകളുടെ മാനദണ്ഡം എന്തെന്ന കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ട്. പ്രബല വീക്ഷണം ഇങ്ങനെയാണ്: ത്വിവാൽ എന്നാൽ ‘ഖ്വാഫ്’ (അധ്യായം 50, 45 സൂക്തങ്ങൾ), ‘വദ്ദാരിയാതി’ (അധ്യായം 51, 60 സൂക്തങ്ങൾ) എന്നിവയും സമാന ദൈർഘ്യമുള്ളതും. ‘ഔസ്വാത്വ്’ എന്നാൽ സൂറത്തുൽ ജുമുഅ (അധ്യായം 62, 11 സൂക്തങ്ങൾ) പോലെ ദൈർഘ്യമുള്ളവ. ‘ഖിസ്വാർ’ സൂറത്തുൽ ഇഖ്‌ലാസ്വും സമാന സ്വഭാവമുള്ളതും (അൽമിൻഹാജുൽ ഖവീം പേ.100, നിഹായ 1/495, മുഗ്‌നി 1/364).
ഇമാം ഇബ്‌നു ഹജർ(റ) ഉദ്ധരിച്ച മറ്റൊരു പക്ഷമുണ്ട്: ത്വിവാൽ ‘അൽഹുജ്‌റാത്ത്’ മുതൽ ‘അമ്മ’ വരെയും ഔസ്വാത്വ് ‘അമ്മ’ മുതൽ ‘ളുഹാ’ വരെയും ഖിസ്വാർ ‘ളുഹാ’ മുതൽ അവസാന സൂറത്തായ ‘അന്നാസ്’ ഉൾപ്പെടെയുള്ളവയുമാണ് എന്നതാണത് (തുഹ്ഫ 2/55). എന്നാൽ അത് അദ്ദേഹം അവിടെ പ്രബലപ്പെടുത്തിയിട്ടില്ലെന്നും ഒഴിഞ്ഞു മാറുന്ന രീതിയിലാണ് ഉദ്ധരിച്ചതെന്നും ഇമാം കുർദി (അൽമവാഹിബുൽ മദനിയ്യ 2/216) ഉദ്‌ബോധിപ്പിക്കുന്നു. അതിനാൽ ഇബ്‌നു ഹജറി(റ)ന്റെ നിലപാട് അദ്ദേഹത്തിന്റെ മറ്റു ഗ്രന്ഥങ്ങളിൽ നിന്നു ഗ്രഹിക്കണം. മുമ്പ് പ്രബലമായുദ്ധരിച്ച വീക്ഷണം തന്നെയാണ് അൽ ഇംദാദ് (2/311), ശർഹു ബാഫള്ൽ (അൽമിൻഹാജുൽ ഖവീം പേ. 100), ഈആബ്, ഫത്ഹുൽ ജവാദ് (1/206) എന്നീ ഗ്രന്ഥങ്ങളിലുള്ളത്. അപ്പോൾ തുഹ്ഫയിൽ ഉദ്ധരിച്ചത് ഇവ്വിഷയകമായി രൂപപ്പെട്ട വ്യത്യസ്ത വീക്ഷണങ്ങളിൽ അപ്രബലമായ ഒന്നു മാത്രമാണെന്നു മനസ്സിലാക്കാം. അതേസമയം അൽപ്പം നീട്ടി ഓതുന്നവർക്ക് ഇത് അവലംബിക്കുകയുമാവാം.

 

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Exit mobile version