‘സെൽഫി’ എടുത്ത് പ്രചരിപ്പിക്കുന്നതിന്റെ വിധി

?മൊബൈലിലും മറ്റും അനാവശ്യമായി ഫോട്ടോ എടുക്കുന്നത് വ്യാപകമാണ്. ഇത് ഹറാമാണോ? ‘സെൽഫി’കൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് വിരോധമുണ്ടോ?

മുഹമ്മദ് സ്വഫ്‌വാൻ നീലഗിരി

മനുഷ്യരുടെയും മറ്റു ജീവികളുടെയും രൂപം ഉണ്ടാക്കുന്നത് ഇസ്‌ലാം ശക്തമായി നിരോധിച്ചതാണ്. അത് മഹാപാപമാണെന്ന് ഇമാമുകൾ വിശദീകരിച്ചിരിക്കുന്നു. എന്നാൽ ഫോട്ടോഗ്രാഫിയിലൂടെ എടുക്കുന്ന ഫോട്ടോകൾ നിരോധിക്കപ്പെട്ട രൂപങ്ങളുടെ വകുപ്പിൽ ഉൾപ്പെടാനും പെടാതിരിക്കാനും സാധ്യതയുണ്ടെന്നാണ് അല്ലാമാ സയ്യിദ് അലവി അസ്സഖാഫ്(റ) ഫത്ഹുൽ മുഈനിന്റെ വ്യാഖ്യാനമായ ‘തർശീഹി’ൽ പറഞ്ഞിട്ടുള്ളത്. ഏതായാലും അത്യാവശ്യമില്ലാതെ ഫോട്ടോ എടുക്കുന്നതും സെൽഫികൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കുകയാണ് വേണ്ടത്.

 

?മഗ്‌രിബിന്റെ ഒന്നാം റക്അത്തിൽ റുകൂഇലാണ് എനിക്ക് ഇമാമിനെ ലഭിച്ചത്. ഇമാം സലാം വീട്ടിയ ശേഷം ഞാൻ ഒരു റക്അത്ത് കൂടി നിസ്‌കരിച്ചു. പക്ഷേ ഇതു കണ്ട ചില സുഹൃത്തുക്കൾ പറഞ്ഞു; എനിക്ക് നിസ്‌കാരം ഇമാമിനൊപ്പം തന്നെ മുഴുവനായി കിട്ടിയിട്ടുണ്ടെന്നും ഇപ്പോൾ നാല് റക്ത്തായിപ്പോയതിനാൽ മാറ്റി നിസ്‌കരിക്കണമെന്നും. ഏതാണു ശരി?

ദിൽഷാദ് മഞ്ചപ്പാറമ്മൽ

ഇമാം റുകൂഇൽ നിന്ന് ഉയരുന്നതിന് മുമ്പ് ഇമാമിനോടൊപ്പം പൂർണ റുകൂഅ് ലഭിച്ചിട്ടുണ്ടെന്നുറപ്പായാൽ റുകൂഇൽ തുടർന്നവന് ആ റക്അത്ത് ലഭിക്കുന്നതാണ്. ഇമാമിനോടൊപ്പം ത്വുമഅ്‌നീനത്ത് (അടക്കം) ലഭിക്കുക എന്നതാണ് പൂർണ റുകൂഅ് ലഭിക്കുക എന്നതിന്റെ വിവക്ഷ. ഇമാം റുകൂഇൽ നിന്ന് ഉയരുന്നതിനു മുമ്പ് ഇമാമിനോടൊപ്പം ത്വുമഅ്‌നീനത്ത് ലഭിച്ചിട്ടില്ലെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണെങ്കിലും റുകൂഇൽ തുടർന്നവന് പ്രസ്തുത റക്അത്ത് ലഭിക്കുകയില്ല. നിറുത്തത്തിൽ നിന്ന് റുകൂഇലേക്ക് കുനിയുന്ന ചലനവും റുകൂഇൽ നിന്ന് ഇഅ്തിദാലിലേക്ക് ഉയരുന്ന ചലനവും വേർതിരിയുന്ന വിധം അവയവങ്ങൾ അടങ്ങുക എന്നതാണ് ത്വുമഅ്‌നീനത്തിന്റെ വിവക്ഷ (ഫത്ഹുൽ മുഈൻ/119).

മഗ്‌രിബിന്റെ ഒന്നാം റക്അത്തിലെ റുകൂഇൽ ഇമാമിനെ തുടർന്ന നിങ്ങൾക്ക് ഇമാം റുകൂഇൽ നിന്ന് ഉയരുന്നതിന് മുമ്പായി റുകൂഇൽ ത്വുമഅ്‌നീനത്ത് ലഭിച്ചെന്ന് ഉറപ്പായിട്ടുണ്ടെങ്കിൽ ആ റക്അത്ത് ലഭിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ ഇമാമിന്റെ സലാമിന് ശേഷം സലാം വീട്ടൽ നിർബന്ധമാണ്. ഒരു റക്അത്ത് കൂടി നിസ്‌കരിക്കരുത്. എന്നാൽ ത്വുമഅ്‌നീനത്ത് ലഭിച്ചോ എന്ന് സംശയമാണെങ്കിൽ നിങ്ങൾക്ക് ആ റക്അത്ത് ലഭിച്ചിട്ടില്ല. അപ്പോൾ ഇമാം സലാം വീട്ടിയതിന് ശേഷം ഒരു റക്അത്ത് നിസ്‌കരിക്കണം.

റുകൂഅ്, സുജൂദ്, റക്അത്ത് തുടങ്ങിയവ നിസ്‌കാരത്തിൽ ബോധപൂർവം വർധിപ്പിച്ചാൽ നിസ്‌കാരം ബാത്വിലാകുന്നതാണ്. എന്നാൽ വർധിപ്പിക്കാൻ പറ്റില്ലെന്നറിയുന്നവരിൽ നിന്ന് ദൂരത്താവുക, അടുത്ത കാലത്ത് ഇസ്‌ലാം സ്വീകരിച്ചവനാവുക എന്നിവയാൽ അറിവില്ലായ്മ മൂലമോ മറവി മൂലമോ ആണ് വർധിപ്പിച്ചതെങ്കിൽ നിസ്‌കാരം ബാത്വിലാവുകയുമില്ല (ഫത്ഹുൽ മുഈൻ/95).

 

?മുലകുടി ബന്ധത്തിലുള്ള സഹോദരന്റെ പുത്രിയെ വിവാഹം ചെയ്യാൻ പാടില്ലല്ലോ. എന്നാൽ അബൂസുഫ്‌യാന്റെ(റ) മകൾ ഉമ്മു ഹബീബ(റ)യെ നബി(സ്വ) വിവാഹം ചെയ്തിട്ടുണ്ട്. അബൂസുഫ്‌യാനും തിരുനബി(സ്വ)യും ഹലീമാ ബീവി(റ) വഴി മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരാണെന്ന് ഒരിടത്തു വായിച്ചു. വിശദീകരിച്ചാലും.

അബ്ദുല്ല തളിപ്പറമ്പ്

അബൂസുഫ്‌യാനുബ്‌നു ഹാരിസ്(റ) നബി(സ്വ)യുടെ മുലകുടി ബന്ധത്തിലുള്ള സഹോദരനാണ്. രണ്ടു പേർക്കും ഹലീമ(റ) മുലപ്പാൽ നൽകിയിട്ടുണ്ട്. ഇതിനെ കുറിച്ചായിരിക്കണം അബൂ സുഫ്‌യാൻ(റ)വും പ്രവാചകർ(സ്വ)യും മുലകുടി ബന്ധത്തിൽ സഹോദരന്മാരാണെന്ന് നിങ്ങൾ വായിച്ചത്. എന്നാൽ റസൂൽ(സ്വ) നികാഹ് ചെയ്തിട്ടുള്ളത് ഇദ്ദേഹത്തിന്റെ പുത്രിയെ അല്ല. അബൂസുഫ്‌യാനുബ്‌നു ഹർബ്(റ)ന്റെ പുത്രിയെയാണ്.

 

?ദജ്ജാൽ ഒറ്റക്കണ്ണനാണെന്നാണ് മനസ്സിലാക്കിയിരുന്നത്. എന്നാൽ ഈയിടെ ഒരു സ്ഥലത്ത് വായിച്ചത് കോങ്കണ്ണനാണെന്നാണ്. ഏതാണ് ശരി?

സഈദ് കുറ്റിപ്പുറം

ഇമാം ഖാസി ഇയാള്(റ) പറയുന്നു: ദജ്ജാൽ ഇരു കണ്ണുകളും ന്യൂനതയുള്ളവനാണ്. വലതു കണ്ണ് ഉള്ളിലേക്ക് കുഴിഞ്ഞ് നിൽക്കുകയോ പുറത്തേക്ക് തള്ളിനിൽക്കുകയോ ചെയ്യാത്തവിധം മായ്ക്കപ്പെട്ടതും നിരപ്പാക്കപ്പെട്ടതും അണഞ്ഞുപോയതുമാണ്. ഇടതു കണ്ണ് പുറത്തേക്ക് തുറിച്ചുനിൽക്കുന്നതും പൊങ്ങിയതുമായ ഉണ്ടക്കണ്ണാകുന്നു.

ചുരുക്കത്തിൽ അവൻ രണ്ടു കണ്ണുകൾക്കും കുഴപ്പമുള്ളവനാണ്. ഒരു കണ്ണ് ഇല്ലാതെ പോയി എന്നതും മറ്റൊന്ന് തുറിച്ചുനിൽക്കുന്ന ഉണ്ടക്കണ്ണാണെന്നതുമാണ് വൈകല്യങ്ങൾ. വിഷയസംബന്ധമായ വ്യത്യസ്ത ഹദീസുകളും റിപ്പോർട്ടുകളും ഈ വിശദീകരണത്തിനോട് യോജിക്കുന്നതാണ്. ഖാസി ഇയാള്(റ)ന്റെ മേൽ വിശദീകരണം ഉദ്ധരിച്ച ശേഷം ഇമാം നവവി(റ) എഴുതുന്നു: ഇത് ഏറ്റവും നല്ല വിശദീകരണമാണ് (ശറഹ് മുസ്‌ലിം 1/471).

ദജ്ജാലിന് ഒരു കണ്ണ് മാത്രമേ ഉള്ളൂവെന്നും അത് തന്നെ ന്യൂനതയുള്ളതാണെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം.

 

?കഴിഞ്ഞ ലക്കത്തിലെ കസേര നിസ്‌കാരം സംബന്ധിച്ചുള്ള ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ തക്ബീർ, ഫാതിഹ നിന്നുകൊണ്ട് നടത്തിയതിനാൽ കാൽ മടമ്പും തോളും ഒപ്പിച്ച് സ്വഫ് സമമാക്കുകയും അതിനു വേണ്ടി കസേര പിറകോട്ട് ഇടണമെന്നുമാണ് കണ്ടത്. എങ്കിൽ ശാരീരിക പ്രയാസം മൂലം തക്ബീറതുൽ ഇഹ്‌റാമും ഫാതിഹയുമൊക്കെ കസേരയിൽ ഇരുന്ന് നിർവഹിക്കുന്നവർ കസേരയുടെ പിൻകാല് (ശരീരത്തിന്റെ പിൻഭാഗം) കൊണ്ടാണോ സ്വഫ് ശരിയാക്കേണ്ടത്? വിശദമാക്കിയാലും.

ഫാത്വിമ സന തൃശൂർ

അതേ. ഇരുന്ന് നിസ്‌കരിക്കുന്നവൻ ശരീരത്തിന്റെ പിൻഭാഗം കൊണ്ടാണ് സ്വഫ് ശരിയാക്കേണ്ടത്.

Exit mobile version