സൈബർ ബുള്ളിയിങ്ങും മോചനമാർഗങ്ങളും

‘ബുള്ളി’ എന്നാൽ ശല്യപ്പെടുത്തുന്നവൻ അല്ലെങ്കിൽ ഭയപ്പെടുത്തുന്നവൻ എന്നാണർത്ഥം. Thumb ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച്, പ്രത്യേകിച്ചും ഇന്റർനെറ്റിന്റെ സഹായത്തോടെ ബോധപൂർവം നടത്തുന്ന ആക്രമണമാണ് സൈബർ ബുള്ളിയിങ്ങ്(Cyber bullying). ഇതൊരു ഓൺലൈൻ പീഡനമാണ്.

ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയിലുകളയക്കുക, സ്വകാര്യ മെയിലുകൾ, ചിത്രങ്ങൾ എന്നിവ അയയ്ക്കുക, ചാറ്റ് റൂമുകളിൽ നിന്ന് പുറത്താക്കുക, അപകീർത്തിപരമായ വോട്ടിംഗ് വെബ്‌സൈറ്റുകൾ തുടങ്ങുക, മോശമായ ഭാഷയിൽ സംസാരിക്കുക, അക്കൗണ്ട് ഹാക്ക് ചെയ്യുക, സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുക ഇവയെല്ലാം സൈബർ ബുള്ളിയിങ്ങ് പരിധിയിൽ വരുന്നതാണ്. മറ്റുള്ളവരുടെ ശരീരത്തിന്റെ ആകൃതി, കുടുംബ പശ്ചാത്തലം, തറവാട്, വസ്ത്രധാരണ രീതി, ജാതി, മതം, മാതൃഭാഷ, ജന്മസ്ഥലം, കാഴ്ചപ്പാട് പോലുള്ളവയുടെ പേരിൽ ഫോൺ വഴിയോ ഇന്റർനെറ്റ് വഴിയോ അപമാനിക്കുന്നതും സൈബർ ബുള്ളിയിങ് പരിധിയിൽ വരുന്നതാണ്.

25 രാജ്യങ്ങളെ ഉൾപ്പെടുത്തി 2015-ൽ നടത്തിയ പഠനത്തിൽ സൈബർ ബുള്ളിയിങ്ങിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മൈക്രോസോഫ്റ്റ് സർവേ പ്രകാരം ഇന്ത്യയിലെ 53% കുട്ടികളും ഓൺലൈൻ ബുള്ളിയിങ്ങിന് ഇരയാകുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയത് മുതൽ ഈ ശതമാനം കൂടിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. മാത്രമല്ല, അധ്യാപകരും ഇതിന്റെ ഇരകളാകുന്നുണ്ട്. എന്നാൽ കൂടുതലും പെൺകുട്ടികളാണ് ബുള്ളിയിങ്ങിന് വിധേയരാകുന്നത്.

ഇത്തരം അക്രമത്തിനിരയായവരിൽ വളരെ കുറച്ചാളുകൾ മാത്രമേ പുറത്തുപറയാറുള്ളൂ. ഭീഷണിയും അപമാനവും ഭയന്നാണിത്. അശ്ലീല ചിത്രത്തോട് ചെർത്ത് തല ഒട്ടിച്ചു വയ്ക്കുക, അപവാദം പ്രചരിപ്പിക്കുക, മോശം ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയവ സ്ഥിരം കേൾക്കുന്ന പരാതികളാണ്.

കോവിഡ് മഹാമാരി മൂലം സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കാതെ വന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയത്. അതോടെ സൈബർ ബുള്ളിയിങ്ങ് ഏറെ വർധിച്ചു. ചെറിയ കുട്ടികൾക്ക് മുതൽ കോളേജ്തലം വരെ ഓൺലൈൻ വിദ്യാഭ്യാസമാണല്ലോ. ക്ലാസ്സുകൾ നടക്കുന്ന സമയത്ത് ബഹളമുണ്ടാക്കുക, ആവശ്യമില്ലാതെ ചാറ്റ് ബോക്‌സ് ഉപയോഗിക്കുക, കളിയാക്കുന്ന രീതികളിൽ കമന്റിടുക, അനാവശ്യമായ ശബ്ദങ്ങൾ ഉണ്ടാക്കുക, ടീച്ചേഴ്‌സിനെയും കൂട്ടുകാരെയും കുറ്റപ്പെടുത്തുന്ന രീതിയിൽ മെസേജ് അയക്കൽ, ശരിയായ പേര് വെക്കാതെ ഓൺലൈൻ ക്ലാസ് റൂമിൽ കയറുകയും ആവശ്യമില്ലാതെ ക്ലാസുകൾക്ക് തടസ്സം നിൽക്കുകയും ചെയ്യുക ഇതൊക്കെ സൈബർ ബുള്ളിയിങ്ങ് പരിധിയിൽ വരുന്നതാണ്.

ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇത്തരം പീഡനങ്ങൾ അധ്യാപകർക്കും മാതാപിതാക്കൾക്കും എങ്ങനെ തടയാൻ കഴിയുമെന്നാണ് ഇവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്.

അധ്യാപകർ അറിയേണ്ടത്

1. ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടുക.

പുതിയ കാലഘട്ടത്തിലെ കുട്ടികൾ സാങ്കേതിക അറിവിൽ ടീച്ചേഴ്‌സിനെക്കാൾ പൊതുവെ മുൻപന്തിയിലാണ്. അതുകൊണ്ടുതന്നെ ഓൺലൈൻ ക്ലാസെടുക്കുന്ന GOOOGLE MEET, ZOOM തുടങ്ങിയ ക്ലാസ് റൂമുകൾ കൃത്യമായി ഉപയോഗിക്കാൻ അധ്യാപകരും പഠിക്കേണ്ടതുണ്ട്. ക്ലാസെടുക്കുന്ന സമയത്ത് എങ്ങനെയാണ് ഒരു കുട്ടിയെ ക്ലാസ് റൂമിലേക്ക് അഡ്മിറ്റ് ചെയ്യുക, ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ കുട്ടികളുടെ ഓഡിയോ mute & unmute  ചെയ്യാനും കുട്ടികളുടെ ഹാജറെടുക്കാനും ക്യാമറയും ഓഡിയോയും ശരിയായി ഉപയോഗിക്കാനുമൊക്കെ അറിയേണ്ടതുണ്ട്. അറിയാത്ത കാര്യങ്ങൾ പഠിക്കാനും അറിയുന്നവരോടന്വേഷിക്കാനും തയ്യാറാകേണ്ടതുണ്ട്.

2. അടിസ്ഥാന നിയമങ്ങൾ ഉണ്ടാക്കുക.

രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം Ground Rule (അടിസ്ഥാന നിയമങ്ങൾ) സെറ്റ് ചെയ്യുക എന്നുള്ളതാണ്. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് കുട്ടികളോടും അവരുടെ മാതാപിതാക്കളോടും ഓൺലൈൻ ക്ലാസ് സംബന്ധമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായൊരു ബോധവൽക്കരണം നടത്തണം. എങ്ങനെയാണ് ഓൺലൈൻ ക്ലാസിൽ ഇരിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, മറ്റുള്ള കുട്ടികളോടും ടീച്ചേഴ്‌സിനോടും പെരുമാറേണ്ടത് എങ്ങനെ, ഓഡിയോ-വീഡിയോ-ചാറ്റ്‌ബോക്‌സ് എന്നിവ എപ്പോഴാണ് ഉപയോഗിക്കേണ്ടത് എന്നെല്ലാം കൃത്യമായി പറഞ്ഞുകൊടുത്ത് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

3. കുട്ടികളും അധ്യാപകരും തമ്മിൽ നല്ല ബന്ധം സൃഷ്ടിക്കുക.

ഇപ്പോൾ കുട്ടികളെ നേരിട്ട് കാണാൻ കഴിയാത്ത അവസ്ഥയാണ്. ഓൺലൈനിലൂടെ മാത്രമേ പരസ്പരം കാണാൻ കഴിയുന്നുള്ളൂ. അപ്പോൾ ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞതിനു ശേഷവും കുട്ടികളെ ഫോണിൽ വിളിച്ചു കൊണ്ടോ, അല്ലെങ്കിൽ ചാറ്റ്‌ബോക്‌സ് ഉപയോഗിച്ചോ വാട്‌സ് ആപ്പ് വഴിയോ അവരോട് സംസാരിക്കാനും സൗഹൃദം പുലർത്താനും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുമുള്ള സമയം കൂടി കണ്ടെത്തേണ്ടതുണ്ട്. കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം ഊഷ്മളമായാൽ പ്രശ്‌നങ്ങൾ കുറയുന്നതാണ്.

4. ബ്ലോക്ക് ചെയ്യുകയോ ക്ലാസ് റൂമിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യാം.

നിരന്തരമായി ശല്യം ചെയ്യുന്ന കുട്ടികളുണ്ടെങ്കിൽ, കുട്ടികളെയും മാതാപിതാക്കളെയും ബോധവൽകരിക്കുകയും പിന്നെയും പ്രശ്‌നങ്ങൾ തുടരുന്നപക്ഷം അവരെ ബ്ലോക്ക് ചെയ്യുകയോ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്. ഒരുപക്ഷേ കുട്ടികൾ മനപ്പൂർവം ചെയ്യുന്നതല്ലായിരിക്കാം. എങ്കിലും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി ഓൺലൈൻ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കാനും ആവശ്യമില്ലാത്ത കമന്റുകൾ ഒഴിവാക്കാനും പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്. കുട്ടികളേക്കാൾ കൂടുതൽ ഓൺലൈൻ ക്ലാസുകളെ കുറിച്ച് അധ്യാപകർക്ക് നല്ല അറിവുണ്ടെന്ന് കുട്ടികൾക്ക് ബോധ്യപ്പെട്ടാൽ തീർച്ചയായും അനാവശ്യമായ കാര്യങ്ങളിൽ നിന്ന് അവർ വിട്ടുനിൽക്കും.

5. സൈബർ നിയമങ്ങളെ കുറിച്ച് അറിയുക.

സൈബർ നിയമങ്ങളെ കുറിച്ച് അറിയുകയും അത് കുട്ടികളെയും മാതാപിതാക്കളെയും അറിയിക്കുകയും ചെയ്യേണ്ടതുണ്ട്. I.T Act, POCSO തുടങ്ങിയ നിയമങ്ങൾ അറിയുകയും മറ്റുള്ളവരെ ബോധവൽകരിക്കുകയും ചെയ്യേണ്ടതാണ്.

മാതാപിതാക്കൾ ചെയ്യേണ്ടത്

1. കുട്ടികളുടെ ഓൺലൈൻ പ്രവൃത്തികൾ നിരീക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഈ സൈബർ ബുള്ളികൾ അയക്കുന്ന സന്ദേശങ്ങൾ എന്താണെന്ന് മനസ്സിലാക്കുകയും ആവശ്യമെങ്കിൽ ബ്ലോക്ക് ചെയ്യാനും അവ തുറക്കാതെ ഇരിക്കാനും കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്.

2. പുതുതായി ഓൺലൈൻ അക്കൗണ്ടുകൾ തുറക്കുമ്പോൾ സ്വകാര്യ വിവരങ്ങൾ ഒന്നും വെളിപ്പെടുത്താത്ത / ആവശ്യമുള്ളത് മാത്രം വെളിപ്പെടുത്തുന്ന രീതിയിലായിരിക്കണം എന്ന് പ്രത്യേകം ഓർമിപ്പിക്കുക.

3. വീട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ കുട്ടികളുമായി ചർച്ച ചെയ്യേണ്ടതുണ്ട്. ഓൺലൈൻ പ്രവൃത്തികൾ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് അറിയാവുന്നതാണ്, ആ കാര്യങ്ങൾ ഒരു തുറന്ന ചർച്ചയിലൂടെ മാത്രമേ നമുക്ക് അറിയാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് അവരുമായി പ്രശ്‌നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യാൻ മാതാപിതാക്കൾ തയ്യാറാകേണ്ടതുണ്ട്.

4. സൈബർ ബുള്ളിയിങ്ങ് ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നതിനു മുമ്പ് ആ പ്രശ്‌നത്തെക്കുറിച്ച് എല്ലാ വശവും അന്വേഷിക്കണം. എങ്ങനെയാണ് തുടങ്ങിയത്, ആരൊക്കെയാണ് ഉൾപ്പെട്ടിട്ടുള്ളത്, എവിടെ നിന്നാണത് വന്നത് എന്നീ കാര്യങ്ങൾ അറിയുകയും ആവശ്യമെങ്കിൽ സ്‌കൂൾ അധികൃതരുമായി സംസാരിക്കുകയും വേണം. മാനസിക സംഘർഷം തോന്നുന്നുവെങ്കിൽ കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.

5. സൈബർ നിയമങ്ങളെ കുറിച്ച് അറിയുകയും അത് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്യുക.

ബുള്ളി സ്വന്തം മക്കളായാൽ

നമ്മുടെ മക്കൾ ഒരു ബുള്ളിയാണെന്നും മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന, ആവശ്യമില്ലാത്ത മെസേജുകളും കമന്റുകളും അയക്കുന്ന സ്വഭാവം അവരിലുണ്ടെന്നും ബോധ്യമായാൽ അവരെ നേർവഴിയിലേക്ക് നയിക്കേണ്ട ബാധ്യത മാതാപിതാക്കൾക്കുണ്ട്. ഈ ചീത്ത സ്വഭാവത്തിന്റെ വരുംവരായ്കകൾ അഥവാ എന്താണ് ഭാവിയിൽ ഉണ്ടാവുക എന്ന കാര്യത്തെക്കുറിച്ച് ഒരു ബോധ്യപ്പെടുത്തലാണ് ആദ്യമായി ചെയ്യേണ്ടത്.

ഇത്തരമൊരു പീഡനം നിനക്കോ അല്ലെങ്കിൽ സഹോദരിക്കോ മറ്റോ ഉണ്ടാവുകയാണെങ്കിൽ നിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് കുട്ടികളോട് ചോദിക്കാവുന്നതാണ്. ഇത്തരം മോശമായ പ്രവൃത്തികളെ കുറിച്ച് മാതാപിതാക്കളിൽ നിന്ന് ഒരുതരത്തിലുമുള്ള അനുകൂല നിലപാടുണ്ടാവുകയില്ല എന്ന് ബോധ്യപ്പെടുത്തുക. എങ്കിൽ ഇത്തരം മോശം പ്രവൃത്തികളിൽ നിന്ന് അവർ പിന്മാറുമെന്നതിൽ സംശയമില്ല.

കുട്ടികളിലെ മാറ്റങ്ങൾ

1. സൈബർ ബുള്ളിയിങ്ങിലകപ്പെട്ട കുട്ടികൾക്ക് പഠിക്കാനുള്ള താൽപര്യം കുറയുകയും പഠനനിലവാരം താഴോട്ടു പോവുകയും ചെയ്യാറുണ്ട്.

2. സ്‌കൂളുകളിൽ പോകാൻ മടി കാണിക്കുകയോ, അവിടെ ചെന്നാൽ മറ്റുള്ളവരെ ശല്യം ചെയ്യുന്ന ഒരു പ്രകൃതത്തിലേക്ക് മാറുകയോ ചെയ്യാനുള്ള പ്രവണത കാണാറുണ്ട്.

3. ഇത്തരം ശല്യം നേരിടുന്ന കുട്ടികളിൽ വിഷാദത്തിന്റെ ലക്ഷണങ്ങൾ കണ്ടേക്കാം. അതോടൊപ്പം തന്നെ വലിയ ഉത്ക്കണ്ഠയും ദേഷ്യവും പിരിമുറുക്കവും ചിലപ്പോൾ കാണാം. ഒറ്റക്കിരിക്കാനുള്ള മാനസികാവസ്ഥ സൈബർ ബുള്ളിയിങ്ങ് നേരിടുന്ന കുട്ടികളിൽ കൂടുതലാണ്.

4. ഭക്ഷണക്രമത്തിൽ, ഉറക്കത്തിൽ, അവരുടെ ദൈനംദിന ജീവിത പ്രക്രിയകളിലൊക്കെ മാറ്റങ്ങൾ കാണുന്നുവെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നിയമപരമായി നേരിടാം

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ്, കോവിഡിനെ തുടർന്നുള്ള കാലത്ത് പ്രത്യേകിച്ചും. ഓൺലൈൻ പീഡനങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ കൂടുതലും മാനസികമായിരിക്കും. അത് പലപ്പോഴും വിഷാദത്തിലേക്കും നിരാശയിലേക്കും അതുവഴി ആത്മഹത്യയിലേക്കും എത്തിപ്പെടാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല.

ഓൺലൈൻ അതിക്രമങ്ങളിൽ എവിടെയാണ്, എങ്ങനെയാണ് പരാതിപ്പെടേണ്ടത് എന്നും അറിയേണ്ടതുണ്ട്. നമ്മുടെ കുട്ടികൾ ഇരയാകുമ്പോൾ മാത്രമല്ല നിയമപരിരക്ഷയെ കുറിച്ച് അറിയേണ്ടത്. മറിച്ച് അവരുടെ ഓൺലൈൻ ബന്ധങ്ങളിൽ നിയമവിരുദ്ധമായ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതും രക്ഷിതാക്കളുടെ ബാധ്യതയാണ്. ഓൺലൈൻ ഉപദ്രവങ്ങളുണ്ടാകുമ്പോൾ പരിരക്ഷക്കുവേണ്ടി ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയ പ്രധാനപ്പെട്ട നിയമങ്ങൾ അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇൻഫർമേഷൻ ടെക്‌നോളജി നിയമം (IT ACT 2000)

66, 66A, 66B, 66C, 66D, 66E, 67, 67A, 67B, 72 എന്നീ വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ടതാണ്. വകുപ്പുകളുടെയും കുറ്റകൃത്യങ്ങളുടെയും ചെറിയ വിശദീകരണം താഴെ:
Section 66 : കമ്പ്യൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കാനുള്ളവ

Section 66A : മോശം സന്ദേശങ്ങൾ അയക്കുക

Section 66B : സത്യസന്ധത ഇല്ലാതെ കമ്പ്യൂട്ടറുകളും വാർത്താ വിനിമയ ഉപകരണങ്ങളും സ്വീകരിച്ച് വെച്ചിരിക്കുന്നത്.

Section 66C: സ്വത്വം മോഷ്ടിക്കുക

Section 66D: ആൾമാറാട്ടം നടത്തി വഞ്ചിക്കൽ
Section 66E: സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം
Section 67:
അശ്ലീല ചിത്രങ്ങളും വിവരങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ
Section 67 A: ലൈംഗികതയുള്ള ചിത്രങ്ങൾ, ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്
Section 67B: 18 വയസ്സിനു താഴെ പ്രായമുള്ളവരെ ഉൾപ്പെടുത്തിയ അശ്ലീലചിത്രങ്ങൾ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ
Section 72: വിശ്വാസ ലംഘനം/ സ്വകാര്യതാ ലംഘനം

2. IPC (Indian Penal Code) RULE, 1860

കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാനായി 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വിവിധ വകുപ്പുകൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിൽ ഉൾപ്പെടാത്ത കുറ്റകൃത്യങ്ങൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Section : 500 മാനഹാനി ഉളവാക്കുന്ന ഉള്ളടക്കം
Section : 506 കുറ്റകരമായി ഭീഷണിപ്പെടുത്തുന്നതിനുള്ള ശിക്ഷ
Section : 507 അജ്ഞാത സന്ദേശം വഴിയുള്ള ഭീഷണിപ്പെടുത്തൽ
Section : 292 അശ്ലീലതയുളവാക്കുന്ന വസ്തുക്കൾ കൈവശം വെക്കുന്നതിലുള്ള നിരോധനം

3. POSCO (പൊക്‌സോ) നിയമം 2012

2012-ൽ നിലവിൽവന്ന പോക്‌സോനിയമത്തിൽ ബാല അശ്ലീലതയും പ്രലോഭനവും ഉൾപ്പെടെ കുട്ടികൾക്കെതിരെ നടക്കുന്ന പല ഓൺലൈൻ പീഡനങ്ങളെയും കൈകാര്യം ചെയ്യാനുള്ള വ്യവസ്ഥകളുണ്ട്. പോക്‌സോ നിയമം 11, 12, 13, 14, 15 എന്നീ വകുപ്പുകൾ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നു.
Section : 11, 12 ലൈംഗിക പീഡനത്തിനുള്ള ശിക്ഷ
Section : 13, 14 അശ്ലീല കാര്യങ്ങൾക്ക് കുട്ടിയെ ഉപയോഗിക്കുന്നത്, അതിനുള്ള ശിക്ഷ
Section : 15 കുട്ടി ഉൾപ്പെടുന്ന അശ്ലീലവസ്തു കൈവശം വെക്കുന്നതിനുള്ള ശിക്ഷ

കുട്ടികളുടെ എല്ലാ തരത്തിലുള്ള വികാസവും (അഹഹൃീൗിറ ഉല്‌ലഹീുാലി േമാനസികം, ശാരീരികം, വൈകാരികം, സാമൂഹികം, ബുദ്ധിപരം) കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഉത്തമ പരിഗണനയോടെയും പ്രാധാന്യത്തോടെയും കൊണ്ടുപോകുന്നതിനാണ് ഇത്തരം നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളത്.

ചുരുക്കത്തിൽ, ഇനിയുള്ള കാലഘട്ടം ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും അവയുടെ ആധിപത്യം ഉറപ്പിക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സന്ദർഭത്തിൽ സൈബർ ബുള്ളിയിങ്ങ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഓൺലൈൻ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് മക്കൾക്കുണ്ടാക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. ഓൺലൈനിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതയും നിശ്ചയദാർഢ്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള ആർജവവും ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും കുട്ടികൾക്കു പകരണം. മാതാപിതാക്കളും അധ്യാപകരും ഇതിനവരെ പ്രാപ്തരാക്കണം. അങ്ങനെ സൈബർ അപകടങ്ങളിൽ നിന്നു കുറേയൊക്കെ രക്ഷപ്പെടാം.

ഡോ. കെഎം അബ്ദുൽ റഷീദ്
(CBSE ദേശീയ അധ്യാപക അവാർഡ് ജേതാവാണ് ലേഖകൻ)

 

Exit mobile version