വുളൂഇന്റെ ഭാഗമായി കാല് കഴുകുന്നതിനു പകരമായി പാദത്തിൽ അണിഞ്ഞ തുകൽകൊണ്ടു നിർമിതമായ പ്രത്യേക തരം പാദുകത്തിനു പുറത്തു തടവുന്ന രീതി ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. സ്വർഗ പ്രവേശം സുവിശേഷമായി ലഭിച്ച പത്തു പേരടക്കം എഴുപത് സ്വഹാബീ പ്രമുഖർ തിരുനബി(സ്വ) ‘ഖുഫ്ഫ്’ ധരിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഹസനുൽ ബസ്വരി(റ)യെ ഉദ്ധരിച്ച് ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട് (അൽ ഔസ്വത്വ് 1/426, ശർഹുൽ മുഹദ്ദബ് 1/477, മത്വാലിബു ഉലിന്നുഹാ 1/125, അൽഹവാശിൽ മദനിയ്യ 1/92).
ഖുഫ്ഫ് തടവി നിസ്‌കരിക്കുന്നതിന് ആകെ വിയോജിപ്പുള്ളത് ശിഇകൾക്കാണ്. ബിദഈ കക്ഷികളായ അവരോടുള്ള വിയോജിപ്പും ഖുഫ്ഫ് തടവി നിസ്‌കരിക്കുന്നതിലുണ്ട്. അതുകൊണ്ടു കൂടിയാണ് കാല് കഴുകുന്നതിനേക്കാൾ ഖുഫ്ഫ് തടവുന്നതാണ് നിരുപാധികം അഭികാമ്യമെന്ന് ഹമ്പലികൾ (കശ്ശാഫുൽ ഖിനാഅ് 1/110) അഭിപ്രായപ്പെടുന്നത്.
പൊതുവെ, ഖുഫ്ഫ് തടവുന്നത് അനുവദനീയവും കാല് കഴുകുന്നത് അഭികാമ്യവുമാണെന്നാണ് ശാഫിഈ മദ്ഹബിൽ പ്രബലം. എന്നാൽ ചില സാഹചര്യങ്ങളിൽ ‘ഖുഫ്ഫ്’ തടവുന്നതാണ് കാല് കഴുന്നതിനേക്കാൾ പുണ്യകരം. അവ ഇവയാണ്:
1) അവിതർക്കിതമായ ഈ ഇളവിനോട് വിരക്തി തോന്നുകയോ കാൽ കഴുകുന്നതിനു പകരം ഇങ്ങനെ തടവി നിർത്തുന്നത് മാനസികമായി ഉൾക്കൊള്ളാൻ കഴിയാതിരിക്കുകയോ ചെയ്യുക (തുഹ്ഫ 1/243). ഖുഫ്ഫയോടുള്ള ചതുർത്ഥി തീരുന്നതു വരെ ഇത് പുണ്യകരമായി തുടരും (നിഹായ 1/199).
2) ആളുകൾ വീക്ഷിക്കുന്ന മാതൃകാ വ്യക്തിത്വങ്ങൾ. പരിശുദ്ധ ദീനിലെ ഇളവുകൾ പൊതുജനങ്ങൾ കണ്ടുപഠിച്ച് പകർത്താൻ ഇത് ഹേതുവാകുമെന്നതിനാൽ ഖുഫ്ഫ് തടവുന്നതാണ് കൂടുതൽ പുണ്യകരം. (ശർഹുബാഫള്ൽ ഹാശിയതു തർമസി സഹിതം 1/608, നിഹായ 1/199).
3) ഖുഫ്ഫ് അഴിച്ച് കാൽ കഴുകുമ്പോഴേക്ക് ജമാഅത്ത് നിസ്‌കാരം ഭാഗികമായോ പൂർണമായോ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടാവുകയും മറ്റൊരു ജമാഅത്ത് പ്രതീക്ഷയില്ലാതിരിക്കുകയും ചെയ്യുക (ഹാശിയതു തർമസീ 1/609 കാണുക).
ചില സാഹചര്യങ്ങളിൽ ഖുഫ്ഫയിൽ തടവൽ നിർബന്ധവുമാകും. കാൽ കഴുകാൻ മാത്രം വെള്ളം തികയാതിരിക്കുക, കാൽ കഴുകുന്നതു മൂലം നിർബന്ധ കാര്യങ്ങളെന്തെങ്കിലും (അപകടത്തിൽപെട്ട ഒരാളെ രക്ഷപ്പെടുത്തുക, ജുമുഅ നിസ്‌കാരം, അറഫാ സംഗമം, മറ്റൊന്നും ധരിക്കാനില്ലാത്തതുകൊണ്ട് ഖുഫ്ഫ ധരിച്ച മുഹ്‌രിം, മിനയിലെ കല്ലേറ് തുടങ്ങിയവ) മുടങ്ങിപ്പോവുക എന്നിവ കർമശാസ്ത്ര പണ്ഡിതർ (തുഹ്ഫ 1/144) എണ്ണിപ്പറഞ്ഞവയാണ്.
വ്യവസ്ഥകൾ
ഖുഫ്ഫ് തടവുന്നതിന് അഞ്ചു നിബന്ധനകളുണ്ട്.
1) കാല് കഴുകൽ ഉൾപ്പെടെ പൂർണ ശുദ്ധിക്കു ശേഷം മാത്രം ധരിച്ച ഖുഫ്ഫയായിരിക്കുക. തീവ്ര അശുദ്ധി ബാധിച്ചാൽ കുളിയോ (തയമ്മും അനുവദിക്കപ്പെടുന്ന ഘട്ടങ്ങളിൽ) തത്തുല്യ തയമ്മുമോ പൂർത്തിയായ ശേഷം മാത്രമേ ഖുഫ്ഫ് ധരിക്കാവൂ.
2) ഖുഫ്ഫ് വെടിപ്പുള്ളതായിരിക്കണം. തനി മലിനമോ പ്രത്യേകം ഇളവു ലഭിക്കാത്ത നജസുകൾ പുരണ്ടതോ ആയ ഖുഫ്ഫകൾ തടവിയാൽ മതിയാകില്ല. വഴിയിലും മറ്റും സാർവത്രികമായ അഴുക്കുകൾ ഇളവു ലഭിക്കുന്നവയായതിനാൽ അത്തരം അഴുക്കുകൾ പുരണ്ട് മലിനമാകാത്ത ഭാഗത്തു തടവാം. ഖുഫ്ഫ് പൂർണമായും ഉദ്ധൃത നജസു പുരണ്ടതാണെങ്കിൽ എവിടെയും തടവാമെന്ന് ഇമാം ശർഖാവി (ഹാശിയതു ശർഖാവീ അലാ ശർഹിൽ മുഖ്തസ്വർ 1/142) രേഖപ്പെടുത്തിയിട്ടുണ്ട്.
3) സഞ്ചാര യോഗ്യമാവുക. ചെരുപ്പോ മറ്റോ ധരിക്കാതെ, ഖുഫ്ഫ് മാത്രം ധരിച്ച്, സാധാരണമായി ആളുകൾ നടക്കാറുള്ള ഇടങ്ങളിൽ നടക്കാൻ സാധിക്കും വിധം ഭദ്രമായിരിക്കണമെന്നാണ് ഈ വ്യവസ്ഥയുടെ താൽപര്യം (നിഹായ1/204).
കല്ലും മുള്ളും നിറഞ്ഞ പ്രദേശങ്ങളിൽ സഞ്ചരിക്കാൻ തക്ക ശക്തമായിരിക്കണമെന്ന് ഇതിനർത്ഥമില്ലെന്ന് അല്ലാമാ ബൈജൂരി (ഹാശിയതുൽ ബൈജൂരീ അലാ ഇബ്‌നി ഖാസിം 1/125) വിശദീകരിച്ചിട്ടുണ്ട്.
ഒരു തവണ ധരിച്ച ശേഷം അഴിക്കാതെ തടവാവുന്ന പരമാവധി കാലം (യാത്രയിൽ മൂന്നു പൂർണ ദിവസങ്ങളും അല്ലാത്തപ്പോൾ ഇരുപത്തി നാലു മണിക്കൂറും) സാധാരണമായ ആവശ്യങ്ങൾക്കു നടന്നുപോകാൻ തക്ക ശേഷിയും കരുത്തും ഇല്ലാതെ പിന്നിയോ കീറിയോ പോകുന്ന തരത്തിലുള്ള പാദുകങ്ങൾ പര്യാപ്തമല്ല (അസ്‌നൽ മത്വാലിബ് 1/96, തുഹ്ഫ 1/251, നിഹായ 1/204).
4) വുളൂഇൽ കഴുകേണ്ട പാദം (കാലിന്റെ പരന്ന അറ്റം) ഞെരിയാണിയുൾപ്പെടെ പൂർണമായും ആവരണം ചെയ്തതായിരിക്കുക. എന്നാൽ വസ്ത്രധാരണയ്ക്കു തൊലിയുടെ നിറം കാണുംവിധമുള്ളവ പാടില്ലെന്ന വ്യവസ്ഥ ഇവിടെയില്ല. അതിനാൽ ചില്ലോ പാദത്തിന്റെ നിറം കാണത്തക്ക വിധത്തിലുള്ള സുതാര്യമായ വസ്തുക്കളുപയോഗിച്ചോ നിർമിച്ച ഖുഫ്ഫക്ക് നിയമ തടസ്സമില്ല (ഹാശിയതു റംലീ അലാ ശർഹിർറൗള് 1/95-96).
5) മുകളിൽ വെള്ളം ഒഴിച്ചാൽ ഉള്ളിലേക്കു കടക്കാത്ത വിധം ഖുഫ്ഫ ഭദ്രമായിരിക്കണം. എന്നാൽ ജോയന്റുകളിലെ സൂക്ഷ്മ ഭാഗത്തു കൂടി വെള്ളം/ഈർപ്പം ഇറങ്ങുന്നതു കൊണ്ടു കുഴപ്പമില്ല (തുഹ്ഫ 1/252, ശർഹു ബാഫള്ൽ ഹാശിയതു തർമസി സഹിതം 1/625).
സോക്‌സും ഖുഫ്ഫയും
ഇന്ന് വിപണിയിൽ ലഭ്യമായ പരുത്തി/ പോളിസ്റ്റർ സോക്‌സുകൾ ഏറെ മൃദുലമാണ്. പരുത്ത പ്രതലങ്ങളിൽ ഷൂവിനോടൊപ്പം മാത്രം ഇട്ടു നടക്കാവുന്ന ഇവ ഇസ്‌ലാമിക കർമശാസ്ത്രം പരിചയപ്പെടുത്തുന്ന ഖുഫ്ഫയുടെ പരിധിയിൽ പെടില്ല. നേരിട്ടു ചവിട്ടി നടക്കാൻ സാധിക്കുന്ന തരത്തിലുള്ളതു മാത്രമാണ് ‘ഖുഫ്ഫ’ കൊണ്ടു വിവക്ഷയെന്നും പാദുക സഹായത്താൽ മാത്രം നടക്കാൻ കഴിയുന്ന തരത്തിലുള്ള ലോലമായ സോക്‌സുകൾക്കു മേൽ തടവിയാൽ മതിയാകുമെന്നു ധരിച്ചുവശായ ചില സമകാലികരെ ഇമാം കുർദി(റ) അൽമവാഹിബുൽ മദനിയ്യ(1/281)യിൽ തിരുത്തുന്നുണ്ട്.
ശാഫിഈ ധാര അനുസരിച്ച് രണ്ടു കാരണങ്ങളാൽ ആധുനിക സോക്‌സുകൾ ഖുഫ്ഫയെ പ്രതിനിധീകരിക്കുന്നില്ല. നേരിട്ടുള്ള സഞ്ചാരത്തിനു യോഗ്യമല്ലാതിരിക്കുക, വെള്ളം താഴേക്കിറങ്ങുന്നത് തടയാതിരിക്കുക എന്നിവയാണത്. ഇനി വെള്ളം താഴേക്കിറങ്ങാത്ത വിധം ഏറെ കട്ടിയുള്ളതും അവ മാത്രം ധരിച്ചുതന്നെ നടക്കാൻ പര്യാപ്തവുമായ സോക്‌സ് ലഭ്യമാണെങ്കിൽ അതിന് ഖുഫ്ഫയുടെ ആനുകൂല്യമുണ്ടാകും (അൽമവാഹിബുൽ മദനിയ്യ 1/282, അൽ ഹവാശിൽ മദനിയ്യ 1/95).
ആധുനിക സോക്‌സുകളോട് സാമ്യമുള്ള പ്രാക്തന കാലത്തെ പാദരക്ഷയാണ് ‘ജൗറബ്.’ പരുത്തി പോലുള്ള വസ്തുക്കളാൽ നിർമിതമായ നേരിയതും അയഞ്ഞതുമായ ഈ പാദരക്ഷയിൽ തിരുനബി(സ്വ) തടവി നിസ്‌കരിച്ചതായി കുറ്റമറ്റ നിവേദക ശ്രേണിയിലൂടെ സ്ഥിരപ്പെടാത്തതിനാൽ അതിന് ഖുഫ്ഫയുടെ വീര്യവും വിധിയും ഉണ്ടോ എന്ന കാര്യത്തിൽ പണ്ഡിത ലോകത്ത് അഭിപ്രായാന്തരങ്ങളുണ്ട്.
അലി, ഇബ്‌നു മസ്ഊദ്, ഇബ്‌നു ഉമർ, അനസ്, അമ്മാറു ബ്‌നി യാസിർ, ബിലാൽ, അൽബറാഅ്, അബൂ ഉമാമ, സഹ്‌ലുബ്‌നു സഅദ്, സഈദുബ്‌നുൽ മുസ്വയ്യബ്(റ) എന്നിങ്ങനെ ഒമ്പതു സ്വഹാബികൾ കാല് കഴുകുന്നതിനു പകരം ജൗറബ് തടവുന്നത് അനുവദനീയമാണെന്ന അഭിപ്രായക്കാരായിരുന്നുവെന്ന് ഇബ്‌നുൽ മുൻദിറി(റ)നെ ഉദ്ധരിച്ച് ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ(1/499) രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം നിലക്ക് അവക്ക് ഖുഫ്ഫയുടെ ആനുകൂല്യം ലഭ്യമല്ലെന്ന് ശാഫിഈ മദ്ഹബ് തീർത്തുപറയുമ്പോൾ (ശർഹുൽ മുഹദ്ദബ് 1/499) നിരുപാധികം ആനുകൂല്യമുണ്ടെന്ന നിലപാടാണ് ഹമ്പലീ ധാര (കശ്ശാഫുൽ ഖിനാഅ് 1/11) പുലർത്തുന്നത്. മുകൾ ഭാഗവും അന്തർഭാഗവും തുകലു കൊണ്ടു ഭദ്രമാണെങ്കിൽ ആകാമെന്നാണ് മാലികീ സരണി (അശ്ശർഹുൽ കബീർ ദുസൂഖീ സഹിതം 1/141). മുകളിലും താഴെയും പൂർണമായോ അടിഭാഗം മാത്രമായോ തുകലു പിടിപ്പിച്ചത് മറ്റ് ഉപാധികൾ പാലിക്കപ്പെട്ടാൽ ഖുഫ്ഫിനു സമാനമാണെന്നു ഹനഫികൾ (അദ്ദുർറുൽ മുഖ്താർ 1/41) അഭിപ്രായപ്പെടുന്നു. തെന്നിപ്പോകാതെ കാലിൽ ഉറച്ചിരിക്കുന്നതും ചെരുപ്പിന്റെയോ ഷൂസിന്റെയോ സഹായമില്ലാതെ ഒരു ഫർസഖോ (4.828 കി.മീറ്റർ) അതിലധികമോ ദൂരം സഞ്ചാര ശേഷി ഉള്ളതുമായിരിക്കണമെന്നതാണ് ‘മറ്റു ഉപാധികൾ’ കൊണ്ടുള്ള വിവക്ഷ (റദ്ദുൽ മുഹ്താർ അലാ ദുർറിൽ മുഖ്താർ 1/270).
തുകലല്ലാത്ത വസ്തുക്കൾകൊണ്ടു നിർമിതമാണെങ്കിൽ പോലും ‘ഖുഫ്ഫി’ന്റെ സ്ഥാനത്ത് ഉപയോഗിച്ചുപോരുന്ന ഏതുതരം ‘ജൗറബും’ ഖുഫ്ഫിന്റെ തനതു വിധിയാണെന്നാണു ഹമ്പലീ വിധി. ചെരിപ്പിനോടൊപ്പമോ സ്വതന്ത്രമായോ ധരിക്കാവുന്നതും തുകലു പിടിപ്പിച്ചതും അല്ലാത്തതും നേരിയ തുണികൾകൊണ്ടു നിർമിതമായതു പോലും ഖുഫ്ഫയുടെ ധർമം നിർവഹിക്കുന്നതാണെന്നാണ് അവരുടെ പക്ഷം. അപ്പോഴും സുഗമമവും നിരന്തരവുമായ നടത്തത്തിനു ശേഷിയുണ്ടായിക്കണമെന്ന് അവർ (കശ്ശാഫുൽ ഖിനാഅ് 1/11) ശഠിക്കുന്നു. എന്നാൽ നിരന്തര നടത്തത്തിന്റെ മാനദണ്ഡം ഹമ്പലീ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചു കാണാത്തതിനാൽ ആധുനിക ഹമ്പലികൾ രണ്ടു പക്ഷക്കാരായി. മാർബിളോ മറ്റോ വിരിച്ച മൃദുല പ്രദേശങ്ങളിലെങ്കിലും സുഗമമായ നടത്തം സാധ്യമാകുന്ന, പാദ ചർമം കാണാത്ത വിധം ഞെരിയാണി ഉൾപ്പെടെ മൂടുന്ന ഏതുതരം സോക്‌സും തടവാമെന്നാണ് ഒരു പക്ഷം. എന്നാൽ പാദരക്ഷകളുടെ സഹായമില്ലാതെ സോക്‌സു മാത്രം ധരിച്ച് സാധാരണ ആളുകൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം സഞ്ചരിക്കാനുള്ള പ്രാപ്തിയാണ് ഹമ്പലീ ഇമാമുമാർ കരുതുന്നതെന്നും അതിനാൽ ആധുനിക രീതിയിലുള്ള സോക്‌സ് തടവാൻ വകുപ്പില്ലെന്നും മറുപക്ഷം ഉറപ്പിച്ചു പറയുന്നു.
വിദേശ രാജ്യങ്ങളിൽ കൂടുതലും ഒന്നാം പക്ഷത്തിനാണ് മേൽക്കോയ്മ എന്നതുകൊണ്ട് സോക്‌സിൽ അഭയം തേടുന്നവർ അവിടങ്ങളിൽ സാർവത്രികമാണ്. മദ്ഹബിന്റെ നേർത്ത ഒരു പിന്തുണയെങ്കിലും അതിനുള്ളതിനാൽ തള്ളിക്കളയാനും പ്രയാസമുണ്ട്.
ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ