സ്ഫുടം-3 പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍

Khaleel Thangal

വ്യക്തിയാണ് സമൂഹത്തിന്‍റെ അടിസ്ഥാന ഘടകം. ഒരുപാട് നല്ല വ്യക്തിത്വങ്ങളില്‍ നിന്നാണ് നല്ലൊരു സമൂഹം രൂപപ്പെടുക. വ്യക്തിത്വം നല്ലതല്ലാതാകുമ്പോള്‍ സമൂഹവും ദുഷിക്കും. കുടുംബങ്ങളില്‍ നിന്നാണ് വ്യക്തിത്വം രൂപപ്പെടുക. നല്ല കുടുംബങ്ങള്‍ നല്ല വ്യക്തിത്വങ്ങളെയും ചീത്ത കുടുംബങ്ങള്‍ ചീത്ത വ്യക്തിത്വങ്ങളെയും സമൂഹത്തിന് സംഭവാന ചെയ്യുന്നു. ഭൗതിക തലത്തില്‍ വിശദീകരിക്കുമ്പോള്‍ വ്യക്തിയെന്ന അസംസ്കൃത വസ്തുവിനെ പാകപ്പെടുത്തി വിഭവമാക്കി നല്ലതും ചീത്തയും വേര്‍തിരിച്ച് സമൂഹമാകുന്ന സുപ്രയിലേക്ക് എത്തിക്കുന്നത് കുടുംബമാണ്.

കുടുംബ ജീവിതം മഹത്തരമായാലേ അവിടെ നിന്നും സമൂഹത്തിന് ഉപകരിക്കുന്ന ഉല്‍പന്നങ്ങള്‍ ഉണ്ടാവുകയുള്ളൂ. സമൂഹത്തിന്‍റെ ദുഷിപ്പിനെ കുറിച്ചും കാലഘട്ടത്തിന്‍റെ ക്രയവിക്രയങ്ങളെ കുറിച്ചും മൂക്കത്ത് വിരല്‍വച്ച് നാം സംസാരിക്കാറുണ്ട്:

‘എങ്ങോട്ടാണിവരുടെ പോക്ക്?’, ‘ഇതിന്‍റെയെല്ലാം അവസാനം എന്തായിരിക്കും?’

നമ്മുടെ ആശ്ചര്യ പ്രകടനത്തിന്‍റെ ചോദ്യരൂപങ്ങള്‍ ഇതുപോലെ വ്യത്യസ്തങ്ങളാണ്. യഥാര്‍ത്ഥത്തില്‍ എവിടെയാണ് നമ്മുടെ കുടുംബ നിര്‍മിതിക്ക് പാകപ്പിഴവുകള്‍ സംഭവിക്കുന്നത്? നാം ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണിത്.

വിശ്വാസവും സഹകരണവുമാണ് കുടുംബ ജീവിതത്തിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. ഇത് രണ്ടും നഷ്ടപ്പെടുന്നത് എന്നാണോ അന്ന് ആ കുടുംബത്തിന്‍റെ സമാധാനവും പടിയിറങ്ങും. സ്വജീവിതം സൂക്ഷിക്കുക എന്നതാണ് സമാധാനം വീട്ടിലേക്ക് തിരിച്ചുകയറാനുള്ള ഏറ്റവും നല്ലമാര്‍ഗം. തന്‍റെ ജീവിതം കളങ്കരഹിതമാണെന്ന് ബോധ്യമുള്ള ഒരാളുടെ കുടുംബ ജീവിതവും കളങ്കരഹിതമായിരിക്കും. അഥവാ സമൂഹം വെറുക്കുന്നതോ തെറ്റിദ്ധരിക്കുന്നതോ ആയ ഒന്നുംതന്നെ ഒരിക്കലും ജീവിതത്തില്‍ സംഭവിക്കില്ലെന്ന് പ്രതിജ്ഞയെടുക്കല്‍ നിര്‍ബന്ധമാണ്. അനാശാസ്യങ്ങളോ അശ്ലീലങ്ങളോ ആരോപണ വിധേയമാക്കപ്പെടുന്ന ഒന്നും തന്നെ തന്‍റെ ജീവിതത്തില്‍ സംഭവിക്കുകയില്ലെന്ന് ഉറപ്പിക്കണം.

യൂസുഫ്(അ)ന്‍റെ ചരിത്രം നമുക്കറിവുള്ളതാണല്ലോ. അതീവ സുന്ദരനായിരുന്നു മഹാന്‍. പോരാത്തതിന് അവിവാഹിതനും ചെറുപ്പവും. കൊട്ടാരത്തിലാണ് വാസം. മഹാന്‍റെ സൗന്ദര്യത്തില്‍ വശംവദയായി അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ രാജ്ഞിയും സൗന്ദര്യത്തിന്‍റെ നിറകുടവുമായ ബീവി സുലൈഖ(റ) കഠിനാധ്വാനം നടത്തി. ഈ സമയത്ത് യൂസുഫ് നബി (അ)ക്ക് പിതാവ് യഅ്ഖൂബ് നബി(അ) ഒരുപദേശം നടത്തുന്നുണ്ട്. ഇങ്ങനെയാണത്: ‘യൂസുഫേ, വല്ലതും സംഭവിച്ചുപോയാല്‍ ആകാശത്തില്‍ വട്ടമിട്ടു പറക്കുന്നതിനിടയില്‍ താഴെ വീണ പക്ഷിയെപ്പോലെയാകും. എന്നാല്‍ ഇതില്‍ നിന്ന് പൂര്‍ണമായി രക്ഷപ്പെട്ടാലോ, വീണ്ടും ഉയരത്തിലേക്ക് പറക്കാന്‍ സാധിക്കുന്ന പക്ഷിയായി ഉയിര്‍ത്തെഴുന്നേല്‍ക്കാം.’ രാജ്ഞി എത്ര ശ്രമിച്ചിട്ടും യൂസുഫ് നബി(അ) ശക്തമായി പ്രതിരോധിച്ച് വിശുദ്ധി പുലര്‍ത്തുന്നതില്‍ വിജയിച്ചത് ചരിത്രം.

ഉയരത്തില്‍ നിന്ന് ഒരു പക്ഷി നിലത്ത് വീണാലുള്ള അവസ്ഥയാലോചിച്ചു നോക്കൂ. അത് ഛിന്നിച്ചിതറും. മൃഗങ്ങള്‍ നാനാഭാഗത്ത് നിന്നും അവിടെ കൂടും. കിട്ടുന്ന തുണ്ടങ്ങള്‍ അവര്‍ കടിച്ചുവലിക്കും. എന്നാല്‍ ഉപരിഭാഗത്ത് പറന്നുനടക്കുന്ന ഒരു പക്ഷിയെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ഒരാള്‍ക്കും സാധിക്കുകയില്ല. ചെയ്യുന്ന കള്ളത്തരം എത്ര ചെറുതാണെങ്കിലും അത് പുറത്താവുകതന്നെ ചെയ്യും. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നാണല്ലോ. വിശുദ്ധ ഖുര്‍ആനിലും ഈ ചൊല്ലിന് ശക്തിപകരുന്ന പ്രയോഗങ്ങളുണ്ട്: ‘നിങ്ങള്‍ മറച്ചുവെക്കുന്ന ഒന്ന് അല്ലാഹു പുറത്താക്കുകതന്നെ ചെയ്യും.’

അതുകൊണ്ട് ജീവിതത്തില്‍ തെറ്റു സംഭവിക്കില്ലായെന്ന് നാം ഉറപ്പുവരുത്തണം. ഭാര്യക്ക് ഭര്‍ത്താവിനെയോ ഭര്‍ത്താവിന് ഭാര്യയെയോ തെറ്റിദ്ധരിക്കേണ്ടിവന്നാല്‍ ആ കുടുംബത്തില്‍ സമാധാനം നഷ്ടപ്പെട്ടു. കുടുംബ പ്രശ്നങ്ങളുമായി ദിനംപ്രതി നിരവധി പേര്‍ സമീപിക്കാറുണ്ട്. ഏറ്റവും വേദന തോന്നിയ ഒരനുഭവം ഇവിടെ പങ്കുവെക്കാം: ‘ഭര്‍ത്താവ് ഗള്‍ഫിലായിട്ട് നാലു വര്‍ഷമായി. ആ സമയത്താണ് ഭാര്യക്ക് ബ്ലീഡിംഗ് ഉണ്ടാകുന്നത്. ഹോസ്പിറ്റലില്‍ കൊണ്ടുപോയി സ്കാന്‍ ചെയ്തപ്പോള്‍ നാലുമാസം ഗര്‍ഭമുണ്ടെന്ന് വ്യക്തമായി. സംഗതി നാടെങ്ങും പ്രചരിച്ചു. ഭര്‍ത്താവ് ഉടന്‍ നാട്ടിലേക്ക് തിരിച്ചു. ഭാര്യയെ ത്വലാഖ് ചൊല്ലാനുള്ള തീരുമാനത്തിലെത്തി. എട്ടു മക്കളുള്ള ദമ്പതികളാണവര്‍. ഏതായാലും ആ കുടുംബത്തിലെ കാരണവന്മാര്‍ എന്നെ സമീപിച്ചു പറഞ്ഞു: ‘തങ്ങളേ, അയാള്‍ ആ പെണ്ണിനെ ത്വലാഖ് ചൊല്ലിയാല്‍ കുടുംബം അന്യാധീനപ്പെട്ടുപോകും. തങ്ങള്‍ എങ്ങനെയെങ്കിലും അയാളെ പറഞ്ഞൊന്ന് നേരയാക്കണം.’

അവരുടെ സംസാരവും നിരന്തരമായ സമ്മര്‍ദവുമെല്ലാമായപ്പോള്‍ ഭര്‍ത്താവിനെ വിളിച്ചു സംസാരിക്കാമെന്നു കരുതി. അയാള്‍ വന്നു. എന്‍റെ അടുത്തിരുത്തി കുശലാന്വേഷണങ്ങള്‍ക്കെല്ലാം ശേഷം വിഷയത്തിലേക്ക് കടന്നു: ‘എട്ടും പൊട്ടും തിരിയാത്ത എട്ടു കുട്ടികളില്ലേ നിങ്ങള്‍ക്ക്? അവര്‍ക്ക് ഈ സംഭവങ്ങളൊന്നും അറിയില്ലല്ലോ? നിങ്ങളിപ്പോള്‍ എന്തെങ്കിലും അവിവേകത്തോടെ ചെയ്താല്‍ അത് ആ മക്കളെ ശിക്ഷിക്കുന്നതിന് സമാനമല്ലേ?’

ഇത് ഞാനങ്ങ് ചോദിച്ചതും അയാളെന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു: ‘തങ്ങള്‍പാപ്പാ… ആരാന്‍റെ കുട്ട്യാളെ തീറ്റിപ്പോറ്റണം ന്നാണോ നിങ്ങളെന്നോട് പറയുന്നത്?’

എന്‍റെ നാവിറങ്ങിപ്പോയി. പിന്നെ ഒരക്ഷരം ഉരിയാടാന്‍ എനിക്കു സാധിച്ചില്ല. ഒരുപക്ഷേ, ആ സ്ത്രീയില്‍ നിന്ന് ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ ആ തെറ്റ് സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ളൂ. പക്ഷേ, ആ ഒരു സംഭവത്തോടെ, മുമ്പ് അവളെത്ര പതിവ്രതയാണെന്ന് പറഞ്ഞാലും മറ്റ് മക്കളുടെ വിഷയത്തിലും ആളുകള്‍ സംശയിക്കാന്‍ തുടങ്ങും.

ഏതായാലും പ്രശ്നം രൂക്ഷമാവുകയും ഭീഷണികളും വക്കാണങ്ങളുമെല്ലാമായി മാറുകയും ചെയ്തു. അവസാനം നാട്ടിലെ ആക്ഷേപങ്ങള്‍ സഹിക്കാനാവാതെ അയാള്‍ കുടുംബസമേതം തമിഴ്നാട്ടിലേക്ക് താമസം മാറി. പിന്നീട് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു നോമ്പ് തുറക്ക് ഞാനദ്ദേഹത്തെ കണ്ടു. ആദ്യം ആളെ മനസ്സിലായിരുന്നില്ല. എല്ലാവരോടും കുശലാന്വേഷണം നടത്തുന്ന കൂട്ടത്തില്‍ ഞാന്‍ അദ്ദേഹത്തോടും ‘സുഖമല്ലേ’യെന്ന് ചോദിച്ചു. ഉടനെ അദ്ദേഹം പറഞ്ഞു: ‘എന്ത് സുഖം തങ്ങളേ, പത്ത് കൊല്ലമായി അവള്‍ എന്‍റെ വീട്ടിലുണ്ട്. ഞാനും ആ വീട്ടിലാണ്. ഇത്രയും കാലത്തിനിടക്ക് അവളെ ഞാനൊന്ന് സ്പര്‍ശിച്ചിട്ട് പോലുമില്ല. ഇനി എന്‍റെ മരണം വരെ അവളെ തൊടാനെനിക്ക് സാധിക്കുകയുമില്ല. എന്‍റെ വീട്ടില്‍ പൂച്ചയും നായയും പട്ടിയും കോഴിയുമെല്ലാമുണ്ട്. ആ കൂട്ടത്തില്‍ ഒന്നായി അവളുമുണ്ട് എന്നേ ഞാന്‍ കരുതാറുള്ളൂ!’

നിങ്ങളീ സംഭവത്തെ കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. ഒരു നിമിഷത്തെ അശ്രദ്ധയാണ് ജീവിതക്കാലം മുഴുവന്‍ ഒഴിയാബാധയായി കൂടെക്കൂടിയത്. ഇതുപോലെ എത്രയെത്ര അനുഭവങ്ങള്‍. കുടുംബത്തെയും സമൂഹത്തെയുമെല്ലാം തകര്‍ക്കുന്നതിന്മയായത് കൊണ്ടാണ് ഇസ്ലാം വ്യഭിചാരത്തിന് മാരകമായ ശിക്ഷകള്‍ പ്രഖ്യാപിച്ചത്. ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമാണെന്ന് കരുതരുത്. ഭാര്യമാരെ വഞ്ചിക്കുന്ന പുരുഷന്മാരും കുടുംബത്തകര്‍ച്ചക്ക് കാരണക്കാരാണ്. റസൂല്‍(സ്വ)യുടെ ഒരധ്യാപനം കാണാം: ‘നിങ്ങള്‍ ചാരിത്ര്യ ശുദ്ധിയുള്ളവരാവുക. എങ്കില്‍ നിങ്ങളുടെ ഭാര്യമാരും ചാരിത്ര്യ ശുദ്ധിയുള്ളവരാവും.’

അവിടുന്ന് തുടര്‍ന്ന് പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുക. എങ്കില്‍ നിങ്ങളുടെ മക്കള്‍ നിങ്ങള്‍ക്കും ഗുണം ചെയ്യും.’

വളരെ അര്‍ത്ഥവത്തായ ഒരു ഹദീസാണിത്. കര്‍മഫലം എന്ന് പലരും പറയാറുണ്ട്. വിതച്ചതേ കൊയ്യൂ എന്ന്. ഭാര്യമാരിലെ തെറ്റും കുറവും മാത്രം കാണാന്‍ നടക്കുന്നവര്‍ ഒരു നിമിഷം സ്വന്തത്തിലേക്കൊന്ന് നോക്കാന്‍ സമയം കണ്ടെത്തണം. കാരണം ഭാര്യമാരിലും മക്കളിലും തെറ്റുകള്‍ പ്രകടമാകുന്നത് ഒരുപക്ഷേ, നമ്മള്‍ സ്വയം നിരന്തരം തെറ്റുകള്‍ ചെയ്യുന്നതുകൊണ്ടാവാം. അതിനാല്‍ സ്വയം നന്നാവുക. അല്ലാഹു തൗഫീഖ് ചെയ്യട്ടെ-ആമീന്‍.

Exit mobile version