സർവ്വകലാശാലകളിലെ മതപഠനം

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക കൗൺസിൽ ഈ അധ്യയനവർഷാരംഭത്തിൽ എടുത്ത സുപ്രധാന തീരുമാനം ഇതായിരുന്നു: ‘മദ്രസാ പശ്ചാത്തലത്തിൽ നിന്ന് അലിഗഢ് യൂണിവേഴ്‌സിറ്റിയിൽ ഉപരി പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി ഈ വർഷം ആരംഭിക്കുന്ന ഒരു വർഷത്തെ ബ്രിഡ്ജ് കോഴ്‌സ് ചെയ്യണം, എങ്കിൽ മാത്രമേ അംഗീകൃത മതബിരുദം അടിസ്ഥാനമാക്കി നേരത്തെ ഉണ്ടായിരുന്ന പോസ്റ്റ് ഗ്രാജ്വേഷനിൽ പഠനത്തിന് വിദ്യാർത്ഥികൾ യോഗ്യത നേടൂ.’

രാജ്യത്തെ വലിയൊരു വിഭാഗം മുസ്‌ലിം വിദ്യാർത്ഥികളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന സുപ്രധാന തീരുമാനമാണിത്. ഈ കഴിഞ്ഞ അക്കാദമിക വർഷം വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങളിലും ശരീഅത്ത് കോളേജിലും വർഷങ്ങളോളം മതപഠനം നടത്തി ബിരുദമെടുത്ത് പുറത്തു വരുന്ന വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്‌സുകൾ ഒഴികെ നൂറുകണക്കിന് പി.ജി കോഴ്‌സുകൾ പഠിക്കാനുള്ള അവസരം അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ ഉണ്ടായിരുന്നു. തൽഫലമായി ധാരാളം മതവിദ്യാർത്ഥികൾ പി.ജിയും പി.എച്ച്.ഡിയും പൂർത്തിയാക്കി മികച്ച കരിയർ കരസ്ഥമാക്കിയിരുന്നു. തൊപ്പിയും കുർത്തയും ധരിച്ചു തന്നെ അവർ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചു. തിരഞ്ഞെടുത്ത ഇരുന്നൂറിലധികം മതസ്ഥാപനങ്ങൾക്ക് അലിഗഢ് സർവ്വകലാശാല അംഗീകാരം നൽകിയിട്ടുണ്ട്. കേരളത്തിൽ മർകസിന് ഈ അംഗീകാരമുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ മതബിരുദം യൂണിവേഴ്‌സിറ്റികളിലെ ഡിഗ്രിയോട് തത്തുല്യമാക്കിയാണ് അലിഗഢിൽ മതവിദ്യാർത്ഥികൾക്ക് പി.ജി പഠിക്കാനുള്ള അവസരം ഒരുക്കിയിരുന്നത്. മർകസിൽ നിന്ന് ‘സഖാഫി’ ബിരുദമെടുത്തവർക്ക് എം.എ സോഷ്യോളജിയും പൊളിറ്റിക്കൽ സയൻസും ഹിസ്റ്ററിയും തുടങ്ങി നിരവധി കോഴ്‌സുകൾ മറ്റ് ഡിഗ്രികളൊന്നും ഇല്ലാതെ തന്നെ പഠിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ പുതിയ തീരുമാനം വന്നതോടെ പി.ജി കോഴ്‌സുകൾ ചെയ്യണമെങ്കിൽ ഒരു വർഷത്തെ ബ്രിഡ്ജ് കോഴ്‌സ് റഗുലറായി പഠിക്കണം. അംഗീകൃത മദ്രസകളിൽ(ഉത്തരേന്ത്യയിൽ ശരീഅത്ത്, ഹിഫ്‌ളുൽ ഖുർആൻ സ്ഥാപനങ്ങൾ പൊതുവേ ‘മദ്രസകൾ’ എന്നറിയപ്പെടുന്നു.) നിന്ന് ബിരുദമെടുത്ത വിദ്യാർത്ഥിക്ക് എം.എ സുന്നി തിയോളജി, എം.എ ശിയാ തിയോളജി എന്നീ രണ്ട് കോഴ്‌സുകൾ നേരിട്ടു ചെയ്യാം. ബാക്കിയുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ചെയ്യാൻ ഒരു വർഷത്തെ ബ്രിഡ്ജ് കോഴ്‌സ് ചെയ്‌തേ പറ്റൂ.

ഈ പശ്ചാത്തലത്തിലാണ് യൂണിവേഴ്‌സിറ്റികളിലെ മതപഠനത്തിന്റെ വർത്തമാനവും ഭാവിയും നാം ചർച്ച ചെയ്യേണ്ടത്. സ്വാതന്ത്ര്യാനന്തരം, രാജ്യത്തെ വിവിധ കേന്ദ്ര സർവ്വകലാശാലകളിൽ മതപഠന വകുപ്പുകൾ വരുന്നതോടെയാണ് ദർസുകളിലും ശരീഅത്ത്-അറബിക് കോളേജുകളിലും ഉണ്ടായിരുന്ന മതപഠനം വിവിധ സർവ്വകലാശാലകളിൽ ആരംഭിച്ചത്. ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക്, ചരിത്ര പഠന വകുപ്പുകളിൽ മതവിദ്യാർത്ഥികളും അല്ലാത്തവരും ഇസ്‌ലാമിക പഠനത്തിൽ ഡ്രിഗ്രിയും പി.ജിയും ഗവേഷണങ്ങളും നേടിത്തുടങ്ങി. യൂണിവേഴ്‌സിറ്റി ബിരുദങ്ങളോടൊപ്പം മദ്രസാധ്യാപന പശ്ചാത്തലം കൂടിയുണ്ടായിരുന്നവർ ഇത്തരം പഠന വകുപ്പുകളിൽ അധ്യാപകരായി. ന്യൂനപക്ഷ വികസനം ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട വിവിധ ദേശീയ കൗൺസിലുകളും കേന്ദ്ര സർക്കാർ സംവിധാനങ്ങളും യൂണിവേഴ്‌സിറ്റികളിലെ ഇസ്‌ലാമിക് സ്റ്റഡീസിനും ഉർദു-അറബി ഭാഷാ പഠനങ്ങൾക്കും വിവിധ തലങ്ങളിൽ നിന്നുള്ള ഉത്തേജനങ്ങളും നൽകി. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റി, ജാമിഅ ഹംദർദ് യൂണിവേഴ്‌സിറ്റി എന്നി വിഭാഗങ്ങളിൽ നിലവാരമുള്ള മതപഠന വകുപ്പുകൾ നിലവിൽ വന്നതോടെ ഗവേഷണരംഗത്തും മതപഠനങ്ങളും അനുബന്ധ വിഷയങ്ങളും സജീവമായി. യൂണിവേഴ്‌സിറ്റികളിലെ ഇതര ഡിപ്പാർട്‌മെന്റുകളിലും ഇസ്‌ലാമിക പഠനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ആരംഭിച്ചു. അതോടെ, ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ ഇസ്‌ലാമിക് ബാങ്കിംഗും മാനേജ്‌മെന്റ് വകുപ്പിൽ ബാങ്കിങ്ങിലെ ഇസ്‌ലാമിക് ക്രൈസിസ് മാനേജ്‌മെന്റും പഠന വിഷയങ്ങളായി.

അന്താരാഷ്ട്ര രംഗത്ത്, ഓക്‌സ്‌ഫെഡും ഹാർവാർഡും അടക്കം വിവിധ സർവ്വകലാശാലകളിൽ ഇസ്‌ലാമിക പഠന വകുപ്പുകളുണ്ട്. വിശ്വാസവും കർമശാസ്ത്രവും നിദാന ശാസ്ത്രവും ചരിത്രവുമെല്ലാം ഇവിടങ്ങളിൽ പഠിപ്പിക്കുന്നു. ഇന്ത്യൻ യൂണിവേഴ്‌സിറ്റികളിൽ തഫ്‌സീർ, അഖീദ, ഹദീസ്, ചരിത്രം, ഫിലോസഫി തുടങ്ങിയവ കേന്ദ്രീകരിച്ചാണ് മതപഠനം നടക്കുന്നത്. ദർസ് പശ്ചാത്തലത്തിൽ നിന്ന് വന്ന് ഇവിടങ്ങളിൽ ഉപരിപഠനം നടത്തുന്നവർക്ക് പഠനവും പരീക്ഷയും താരതമ്യേന എളുപ്പമാവലാണ് പതിവ്. അതു കൊണ്ടു തന്നെ, ഗവേഷണ പഠനരംഗത്ത് വിവിധ ഇസ്‌ലാമിക വിഷയങ്ങളിൽ പുതിയ പഠനങ്ങൾ പുറത്തു വന്നു.

അതേ സമയം, സർവ്വകലാശാലകളിൽ നടക്കുന്ന മതപഠനത്തിന്റെ നിലവാരം പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ പരമ്പരാഗത ദർസുകളിലെ ആഴമുള്ള മതപഠനമോ ആത്മസംസ്‌കരണമോ യൂണിവേഴ്‌സിറ്റി മതപഠന വിദ്യാർത്ഥികൾക്കില്ല എന്നതാണ് വാസ്തവം.  ഒരു ഉസ്താദിന് കീഴിൽ ഗഹനമായ പഠന യത്‌നം നടക്കുന്ന ദർസുകളും പണ്ഡിതവരേണ്യരായ നിരവധി ഉസ്താദുമാരുടെ ആത്മീയ ശിക്ഷണവും ഇവിടങ്ങളിൽ പ്രതീക്ഷിക്കേണ്ടതില്ല. അതേ സമയം, ആധുനിക വിഷയങ്ങളും അന്താരാഷ്ട്രീയ സംജ്ഞകളും അടക്കം ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും നടക്കുന്ന ചർച്ചകൾക്കും ബൗദ്ധിക സംവാദങ്ങൾക്കും വിശാലമായ സാധ്യതകൾ സർവ്വകലാശാലകളിലെ മതപഠന വകുപ്പുകളിലുണ്ട്. ഒപ്പം, പൗരാണിക പ്രാധാന്യമുള്ള ഇസ്‌ലാമിക വിഷയങ്ങളും പാരമ്പര്യ ഇസ്‌ലാമിന്റെ ആഴത്തിലുള്ള വൈവിധ്യങ്ങളും അക്കാദമിക തലത്തിലേക്ക് കൊണ്ടുവരാനും അവതരിപ്പിക്കാനും മതവിദ്യാർത്ഥികൾക്ക് കഴിയും. പ്രമുഖരായ മതപണ്ഡിതരുടെ ജീവിതങ്ങളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ഗവേഷണ പ്രബന്ധങ്ങൾ ചെയ്യാൻ അനുഭവസമ്പത്തുള്ള അവരുടെ ശിഷ്യർക്ക് സാധിക്കും. ഇത് വലിയൊരു സാധ്യതയാണ്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിവിധ വിഷയങ്ങളും മതപണ്ഡിതരുടെ ജീവിതവും അക്കാദമിക ഗവേഷണത്തിനുള്ള വിഷയമാക്കിയാൽ അതൊരു മുതൽകൂട്ടാകും. നാളെ വരാനിരിക്കുന്ന ഇസ്‌ലാമിക ചരിത്രത്തിലും മുസ്‌ലിം സമൂഹങ്ങളെക്കുറിച്ചുള്ള സാമൂഹിക പഠനത്തിലുമെല്ലാം ഈ ഗവേഷണ പ്രബന്ധങ്ങളിലെ വിഷയങ്ങളാണ് കടന്നു വരിക. വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ പോലും ഈ അക്കാദമിക ഗവേഷണങ്ങൾ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിക വിഷയങ്ങളും മുസ്‌ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉൾപ്പെടുത്തുക. ഈയർത്ഥത്തിൽ വലിയൊരു മുന്നേറ്റം കാഴ്ചവെക്കാൻ മതവിദ്യാർത്ഥികൾക്ക് കഴിയും.

നിലവിൽ കേരളത്തിലെ വിവിധ ദഅ്‌വാ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ വിവിധ സർവ്വകലാശാലകളിലെ ഇസ്‌ലാമിക് സ്റ്റഡീസിലും അറബിക് വകുപ്പിലും മതവിഷയങ്ങൾ പഠിക്കുന്നുണ്ട്. സർവ്വകലാശാലകളിൽ പഠിക്കുന്ന സമയത്ത് നിരവധി ഇടപെടലുകൾ നടത്താൻ ഈ വിദ്യാർത്ഥികൾക്ക് കഴിയും. യഥാർത്ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്താനും യഥാർത്ഥ വിശ്വാസം പ്രചരിപ്പിക്കാനും കേരളത്തിലെ വിവിധ ശരീഅത്ത്-ദഅ്‌വാ കോളേജുകളിൽ നിന്ന് പോയ വിദ്യാർത്ഥികൾക്ക് സാധിക്കുന്നുണ്ട്. പലപ്പോഴും ക്യാമ്പസുകളിലെ മുസ്‌ലിം ഇടങ്ങൾ ഏറെ പരിതാപകരമാണ്. ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുന്നവരും സംവാദം നയിക്കുന്നവരും വികലമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവരാണ്. സെമിനാറുകളിലും സംവാദങ്ങളിലുമെല്ലാം ഇത് നിഴലിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ തെറ്റ് തിരുത്താനും ശരി പറഞ്ഞു കൊടുക്കാനും അതുവഴി മതപഠന-ആരാധനാ രംഗങ്ങളിൽ നേതൃപരമായ പങ്കുവഹിക്കാനും സാധിക്കും. താജുൽ ഉലമാ ഉള്ളാൾ തങ്ങൾ വിട പറഞ്ഞപ്പോൾ ഡൽഹിയിലെ നിരവധി സർവ്വകലാശാലകളിൽ മയ്യിത്ത് നിസ്‌കാരവും അനുസ്മരണ സംഗമങ്ങളും നടക്കുകയുണ്ടായി. ഇഫ്താർ വിരുന്നുകളും നബിദിനാഘോഷവും സ്ഥിരമായി നടക്കുന്ന കേന്ദ്രസർവ്വകലാശാലാ ക്യാമ്പസുകളുണ്ട്. ഇങ്ങനെ മത-സാമൂഹിക ഇടങ്ങളിലെ നേതൃപരമായ ഇടപെടലുകൾ നടത്താനും മികച്ച നേട്ടങ്ങൾ കൈവരിക്കാനും മതവിദ്യാർത്ഥികൾക്ക് കഴിയും.

ചുരുക്കത്തിൽ, ഗവേഷണരംഗത്ത് വിശാലമായ സാധ്യതകളാണ് യൂണിവേഴ്‌സിറ്റികളിലെ മതപഠന രംഗത്തുള്ളത്. നിലവാരമുള്ള വിദ്യാർത്ഥികൾ ഇത്തരം പഠന വകുപ്പുകളിൽ ഇനിയും എത്തേണ്ടതുണ്ട്. കേരളത്തിലെ ദഅ്‌വാ കോളേജുകളിൽ നിന്നും കൂടുതൽ പ്രവേശനങ്ങൾ കേന്ദ്ര സർവ്വകലാശാലാ ക്യാമ്പസുകളിൽ ഉണ്ടാവേണ്ടതാണ്.

യാസർ അറഫാത്ത് നൂറാനി

Exit mobile version