സൽസ്വഭാവം വിശ്വാസിയുടെ അലങ്കാരം

 

തിരുനോട്ടം

 

തിരുനബി(സ്വ) പറഞ്ഞു: സുന്നത്ത് നോമ്പുകളും സുന്നത്ത് നിസ്‌കാരങ്ങളും ധാരാളമായി നിർവഹിക്കുന്നവന് ലഭിക്കുന്ന പദവികൾ സൽസ്വഭാവം കൊണ്ടുതന്നെ സത്യവിശ്വാസി എത്തിക്കുന്നതാണ് (അബൂദാവൂദ്).
ഒരാളുടെ നല്ല വ്യക്തിത്വത്തെ നിർണയിക്കുന്ന അടയാളമാണ് സൽസ്വഭാവം. നല്ല സ്വഭാവത്തിന്റെ ഉറവിടം മനുഷ്യന്റെ മനസ്സാണ്. മനസ്സ് നന്നായാൽ സ്വഭാവം നന്നാവാതിരിക്കില്ല. സ്വഭാവം നന്നാവുമ്പോൾ ജീവിതം മുഴുക്കെ നന്നാവും. ജീവിതനന്മയുടെ പ്രകാശനമാണ് സൽസ്വഭാവമെന്നർത്ഥം. സത്യവിശ്വാസി സൽസ്വഭാവിയായിരിക്കണം. വിശ്വാസിയുടെ വ്യക്തിത്വത്തിന്റെ പ്രത്യക്ഷമായ അടയാളമാണ് അവന്റെ സ്വഭാവം.
സ്വഭാവം സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. മാതാപിതാക്കൾ, ബന്ധുക്കൾ, അയൽവാസികൾ പോലുള്ളവരുടെ ഇടപെടലുകൾ സ്വഭാവ രൂപീകരണത്തിൽ നിർണായകം. കുഞ്ഞു നാളുകളിൽ അവരിൽ ആരെയും ഒരു കുട്ടിയും അകറ്റിയില്ല. എല്ലാവർക്കും സന്തോഷം പകരുന്ന ഒരവസ്ഥ നാഥൻ എല്ലാ കുഞ്ഞുങ്ങൾക്കും നൽകിയിട്ടുണ്ടെന്നത് അനുഭവമാണ്. നിഷ്‌കളങ്കമായ പാൽ പുഞ്ചിരിയുടെ സൗന്ദര്യം അത്യാകർഷകം.
അല്ലാഹു പ്രകൃത്യാ മനുഷ്യനിൽ നിക്ഷിപ്തമാക്കിയ ഗുണങ്ങളെ ഇച്ഛാശക്തിയും പ്രവർത്തനശേഷിയും സജീവമാകുന്ന കാലത്തും നിലനിർത്തുമ്പോൾ അത് അവന്റെ സ്വഭാവമായി പരിണമിക്കുന്നു. മനുഷ്യൻ ജനിക്കുമ്പോൾ പരിശുദ്ധ പ്രകൃതനാണെന്നും പിന്നീട് സാഹചര്യങ്ങൾ അവനെ വ്യതിചലിപ്പിക്കുന്നുവെന്നും നബി(സ്വ) സൂചിപ്പിട്ടുണ്ട്. മനുഷ്യൻ അവന്റെ സാഹചര്യത്തിന്റെ സന്തതിയാണെന്ന പ്രയോഗവും ഓർക്കുക. അടിസ്ഥാനപരമായി മനുഷ്യ പ്രകൃതി സംശുദ്ധി തന്നെയാണ്.
മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ നാം അവരോടും പെരുമാറുക. ഇത് നമ്മുടെ സ്വഭാവശീലങ്ങളെയും സമ്പർക്ക സമീപനങ്ങളെയും ഗുണപരമായി സ്വാധീനിക്കും. നബി(സ്വ) പറഞ്ഞു: തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതു വരെ നിങ്ങൾ പൂർണ വിശ്വാസിയാവുകയില്ല (ബുഖാരി). ഇസ്‌ലാമിക ധർമശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വമാണിത്. വിശ്വാസിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇതിന് സ്വാധീനമുണ്ട്. ആത്യന്തികമായ ഗുണകാംക്ഷയാണതിലൂടെ പ്രകടമാകുന്നത്.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം സൽസ്വഭാവത്തിന്റെ സ്രോതസ്സ് പരിസരമോ സാഹചര്യമോ അല്ല; സ്വന്തം മനസ്സാണ്. സാഹചര്യം എന്തായാലും മനസ്സിൽ നന്മകളാണുയിരെടുക്കേണ്ടത്. പരിസരത്ത് നിന്ന് നാമാഗ്രഹിക്കുന്ന സമീപനമുണ്ടായില്ലെങ്കിലും നാം നൽകേണ്ടത് നല്ലത് മാത്രമായിരിക്കണം. നമ്മളാഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കുക എന്നത് ഇച്ഛാശക്തിയുടെ കരുത്താണ്. ഈ കരുത്ത് സത്യവിശ്വാസം അലിഞ്ഞുചേർന്ന മനസ്സിന്റെ പ്രത്യേകതയാണ്. അതുകൊണ്ടാണ് സൽസ്വഭാവത്തെ ജീവിതവിജയത്തിന്റെ അടയാളമായി ഇസ്‌ലാം പഠിപ്പിച്ചത്.
നിർബന്ധമായ അനുഷ്ഠാനങ്ങൾക്ക് പുറമെ ഐച്ഛികമായ കർമങ്ങൾ ചെയ്യാൻ വിശ്വാസി സ്വമേധയാ പ്രചോദിതനായിരിക്കും. സത്യവിശ്വാസത്തിന്റെ വർധനവിനുള്ള സ്വാഭാവിക തേട്ടമാണത്. നിസ്‌കാരം, നോമ്പ് എന്നിവ വളരെ പുണ്യകരമാണല്ലോ. ഐച്ഛികമായി ഇവ രണ്ടും നിർവഹിക്കുന്നവർക്ക് നാഥൻ വലിയ സ്ഥാനങ്ങളും മഹത്ത്വങ്ങളും പ്രതിഫലങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് സമാനമായ മഹത്ത്വം സൽസ്വഭാവിക്ക് അവന്റെ നല്ല സ്വഭാവം മൂലം നേടാനാകുമെന്നതാണ് മേൽ ഹദീസിന്റെ വിളംബരം. ഇസ്‌ലാമിക ധർമശാസ്ത്രത്തിലെ ഒരു സുപ്രധാന പാഠവും ഇതിലടങ്ങിയിട്ടുണ്ട്. അല്ലാഹുവിനോടുള്ള ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്നതു പോലെ തന്നെ പടപ്പുകളോടുള്ള സമീപനങ്ങളും മെച്ചപ്പെടുത്തേണ്ടതാണ്. വിശ്വാസി എന്ന നിലക്ക് ഏറെ പരിഗണന നൽകേണ്ട കാര്യമാണത്. അല്ലാത്തപക്ഷം വിശ്വാസിയുടെ ജീവിതാനുഷ്ഠാനത്തിന്റെ സന്തുലിതത്വം നഷ്ടപ്പെടുമെന്ന സൂചനയും ഈ ഹദീസിലടങ്ങിയിട്ടുണ്ട്.
നോമ്പും നിസ്‌കാരവും അല്ലാഹുവിനുള്ള ഇബാദത്താണെന്നതിൽ തർക്കമില്ല. സൃഷ്ടികൾക്ക് റബ്ബിനോടുള്ള കടപ്പാട് ഹൃദയ വിശാലതയോടെയും വിനീത വിധേയത്വത്തോടെയും നിർവഹിക്കുന്നുവെന്നതിന്റെ തെളിവാണ് സുന്നത്തായ ഇബാദത്തുകൾ. പക്ഷേ, അത് വ്യക്തിപരമാണ്. കാരണം, ഒരാൾ നിസ്‌കരിക്കുന്നതും നോമ്പനുഷ്ഠിക്കുന്നതും മറ്റൊരാളെ നേരിട്ട് ബാധിക്കുന്നതല്ല. എന്നാൽ സ്വഭാവം ഒരാളുടെ ജീവിതത്തിന്റെ പ്രകാശനമാണ്. അത് പരിസരത്തോടാണ് നേരിട്ട് ബന്ധപ്പെടുന്നത്. നല്ല സ്വഭാവശീലങ്ങൾ അനുവർത്തിക്കുക എന്നത് ജീവിക്കുന്ന സമൂഹത്തിനും പരിസരത്തിനും നാം വകവെച്ച് കൊടുക്കേണ്ട അവകാശങ്ങളാണ്. നബി(സ്വ) പറഞ്ഞു: ജനങ്ങളോട് നീ നല്ല സ്വഭാവത്തിൽ പെരുമാറുക (തുർമുദി).
സാമൂഹിക ജീവിതത്തിൽ സൽസ്വഭാവത്തിനുള്ള പ്രാധാന്യം പറയേണ്ടതില്ല. സമാധാന-സന്തുഷ്ട ജീവിതത്തിന് അതനിവാര്യമാണ്. ഇസ്‌ലാം പടച്ചവനോടും പടപ്പുകളോടുമുള്ള ബന്ധത്തിന്റെ അതിർവരമ്പുകളും അനിവാര്യതകളും നിശ്ചയിച്ചിട്ടുണ്ട്. സ്രഷ്ടാവിനോട് മാത്രം നല്ല ബന്ധം പുലർത്തി സൃഷ്ടികളെ അവഗണിക്കുന്നത് ശരിയായ രീതിയല്ല. തിരിച്ചും അങ്ങനെതന്നെ. രണ്ട് വശവും പരിഗണിക്കപ്പെടേണ്ടതുണ്ട്. രണ്ടും പരസ്പര ബന്ധിതമാണ്. രണ്ടിനും പ്രതിഫലവുമുണ്ട്. വിശ്വാസികൾ അല്ലാഹുവിനോടുള്ള സമർപ്പണവും സൃഷ്ടികളോടുള്ള സമീപനവും നന്നാക്കിയാൽ അത് പാരത്രിക വിജയത്തിനു കാരണമാകുമെന്നതിൽ പക്ഷാന്തരമില്ല.
ഭൗതികമായ സ്വാർത്ഥതകൾ കാരണം സ്വഭാവം ചീത്തയാവാനിടയുണ്ട്. അപ്പോൾ സൽസ്വഭാവം പ്രകടമാകേണ്ടിടത്ത് ദുഃസ്വഭാവം പുറത്തുവരും. ഫലത്തിൽ സൽസ്വഭാവം തന്നെ ഇല്ലാതാവും. അതുകൊണ്ട് തന്നെ നിശ്ചിതവും നിർദിഷ്ടവുമായ ഇബാദത്തുകളുടെ അസ്തിത്വം സംരക്ഷിക്കുന്നതിനേക്കാൾ ശ്രമകരമാണ് സൽസ്വഭാവ സംരക്ഷണം.
ചിലർക്കെല്ലാം രഹസ്യവും കൂടുതൽ നിഷ്‌കർഷയുള്ളതുമായ ചില ഇബാദത്തുകളുണ്ടാകും. അത് ദിക്‌റുകളോ സ്വലാത്തുകളോ ദാനങ്ങളോ ആവാം. എന്നാൽ സമ്പർക്കവും പെരുമാറ്റവുമെല്ലാം പരസ്യമാണ്. നമ്മുടെ ഒരിടപെടൽ കറുത്ത പാടായി തീർന്നാൽ മായ്‌ച്ചെടുക്കാൻ പ്രയാസമാണ്. അത്തരമൊരു മോശം ചിത്രം, അനുഭവം നമ്മിൽ നിന്ന് മറ്റുള്ളവർക്ക് വരാതെ സൂക്ഷിക്കാനാവണം. ഇത് വളരെ പ്രധാനമാണ്. നമ്മെ കുറിച്ച് മോശമായ ധാരണയും അനുഭവവും മറ്റുള്ളവരിൽ നാം തന്നെ സൃഷ്ടിക്കരുത്.
അപരന്റെ മനസ്സിൽ നമ്മെക്കുറിച്ച് സദ്വിചാരവും ശുഭധാരണയും വളർത്തുന്ന വിധത്തിലായിരിക്കണം നമ്മുടെ സ്വഭാവവും പെരുമാറ്റവും. സൽസ്വഭാവികളെയാണ് എല്ലാവരും ഇഷ്ടപ്പെടുക. നാഥനും മലക്കുകളും മനുഷ്യരും അങ്ങനെതന്നെ. എല്ലാവരും ഇഷ്ടപ്പെടുന്ന വസ്തുവിന്റെ മൂല്യം വലുതായിരിക്കുമല്ലോ. അതിന്റെ സദ്ഫലങ്ങളും ഏറെ. അതിനാൽ ഏതിടപെടലിലും വീണ്ടുവിചാരം നല്ലതാണ്. ശീലങ്ങളെ സ്വയം വിലയിരുത്തി ആവശ്യമായ പരിവർത്തനത്തിന് തയ്യാറാകണം. നമ്മുടെ സാഹചര്യവും പരിമിതികളും വലിയ ഇബാദത്തുകാരാവാൻ നമ്മെ അനുവദിച്ചില്ലെങ്കിലും സ്വകാര്യ-സാമൂഹിക ജീവിതത്തിൽ അഭിമുഖീകരിക്കുന്ന രംഗങ്ങളിലെല്ലാം മുസ്‌ലിമെന്ന നിലയിൽ സ്വഭാവശീലങ്ങളെ നന്നാക്കാൻ ശ്രദ്ധിക്കണം. ‘അന്ത്യനാളിൽ വിശ്വാസിയുടെ നന്മതിന്മകൾ തുലനം ചെയ്യുന്ന സമയത്ത് സൽസ്വഭാവത്തേക്കാൾ ഭാരമുള്ള ഒന്നും തന്നെയില്ല’ (തുർമുദി) എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.

 

അലവിക്കുട്ടി ഫൈസി എടക്കര

Exit mobile version