ഹജ്ജും ബൈബിളും വിധിവിലക്കുകളിലെ ഐക്യതയും

hajj-bible-malayalam

സാമ്പത്തിക രംഗത്ത് വിശ്വാസികൾ പാലിക്കേണ്ട അച്ചടക്കവും നിർബന്ധദാനവും അബ്രഹാമും യാക്കോബും പൂർവകാല സമൂഹമൊക്കെയും പാലിച്ചിരുന്നതായി ബൈബിൾ പരാമർശിക്കുന്നു.

അവന് അബ്രാം സകലത്തിനും ദശാംശം കൊടുത്തു (ഉൽപത്തി 14/20). നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്ക് ദശാംശം തരും എന്ന് യാക്കോബ് പറഞ്ഞു (ഉൽപത്തി 28/22). പിന്നെ എല്ലാ യഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരം ഗൃഹങ്ങളിലേക്കു കൊണ്ടുവന്നു (നെഹവ്യാവ് 13/12). നെഹവ്യാവ് 10/38-39, 2 ദിനവൃത്താന്തം 31/12 ലും സകാത്തിനെ(ദശാംശ) കുറിച്ചുള്ള പരാമർശം കാണാം.

യേശുവും ഇതംഗീകരിക്കുകയാണ് ചെയ്തതെന്ന് പുതിയ നിയമത്തിൽ നിന്ന് വായിക്കാനാകുന്നു: കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ നിങ്ങൾക്ക് ഹാ കഷ്ടം. നിങ്ങൾ തുളസി, ചതകുപ്പാ, ജീരകം ഇവയാൽ പതാൽ കൊടുക്കുകയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ച് കളയുകയും ചെയ്യുന്നു. അത് ചെയ്കയും ഇത് ത്യജിക്കാതിരിക്കുകയും വേണം (മത്തായി 23/23). നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ നിങ്ങളുടെ ഹൃദയവും ആയിരിക്കും (ലൂക്കോസ് 2/34).

സകാത്ത് (ദാനം) നൽകേണ്ടത് എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ച് യേശു പഠിപ്പിക്കുന്നതിങ്ങനെ: മനുഷ്യൻ കാണേണ്ടതിന് നിങ്ങളുടെ നീതി അവരുടെ മുമ്പിൽ ചെയ്യാതിരിക്കുവാൻ സൂക്ഷിക്കുവിൻ. അങ്ങനെ ചെയ്താൽ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിന്നും നിങ്ങൾക്ക് യാതൊരുവിധ പ്രതിഫലവും ലഭിക്കുകയില്ല. ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിക്കുവാൻ പള്ളികളിലും തെരുവീഥികളിലും കപട ഭക്തിക്കാർ ചെയ്യുന്നത് പോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്. അവർക്ക് പ്രതിഫലം കിട്ടിക്കഴിഞ്ഞുവെന്ന് ഞാൻ സത്യമായി നിങ്ങളോട് പറയുന്നു. നീയോ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ വലതു കൈ എന്താണ് ചെയ്യുന്നത് എന്ന് ഇടകൈ അറിയരുത്. നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു തന്നെ. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം നൽകും (മത്തായി 6/1-4). ക്രൈസ്തവരുടെ ജീവിതരീതി ഏതു വിധത്തിലായാലും ബൈബിൾ നിർബന്ധദാന(സകാത്ത്)ത്തെ കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് വ്യക്തം.

നോമ്പ്

റമളാനിൽ പ്രഭാതം മുതൽ പ്രദോഷം വരെ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കലും വിലക്കപ്പെട്ട മറ്റു കാര്യങ്ങൾ ചെയ്യാതിരിക്കലുമാണ് ഇസ്‌ലാമിലെ നോമ്പിന്റെ രൂപം. മുൻകാല സമൂഹത്തിനും നോമ്പ് നിർബന്ധമായിരുന്നെന്ന് ഖുർആൻ പറയുന്നു: സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെ തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയാണ് അത് (അൽ ബഖറ 183).

വിവിധ തരത്തിലുള്ള നോമ്പ് (ഉപവാസം) പ്രവാചകന്മാരും പുണ്യാത്മാക്കളും അവരുടെ ജനതയും അനുഷ്ഠിച്ചിരുന്നുവെന്നതിന് പഴയ-പുതിയ നിയമ പുസ്തകങ്ങളിൽ ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിയും. അബ്‌റഹാം, മോശെ, യേശുവ, യാക്കോബ്, ദാവീദ്, ശലമോൻ, ഏലിയാവ്, ഏലീശാ, യോഹന്നാൻ, എശയ്യാവ്, യേശു തുടങ്ങിയവരെല്ലാം ഉപവസിച്ചിരുന്നതായി കാണാം. പക്ഷേ മൂന്ന്, ഏഴ്, ഇരുപത്തൊന്ന്, മുപ്പത്, നാൽപത് ഇങ്ങനെ വ്യത്യസ്ത ദിവസങ്ങളിലായിരുന്നു അവരുടെ വ്രതം.

സീനായ് മലമുകളിലേക്ക് വിളിക്കപ്പെട്ട രണ്ടു സന്ദർഭങ്ങളിലും നാൽപത് ദിവസം വീതം മോശെ ഉപവസിച്ചുവെന്ന് പുറപ്പാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവും 40 ദിവസം ഉപവസിച്ചതായി മത്തായി പറയുന്നു: അവർ 40 പകലും 40 രാവും ഉപവസിച്ചതിനു ശേഷം അവനു വിശന്നു (മത്തായി 4/2).

പ്രതിസന്ധി ഘട്ടങ്ങളിൽ ഉപവസിച്ച് പ്രാർത്ഥിച്ച് ദൈവം ആ പ്രാർത്ഥന സ്വീകരിച്ചതായി ബൈബിൾ: യെരുശലമിന്റെ മതിൽ ഇടിഞ്ഞും വാതിൽ തീ വെച്ചുചുട്ടും കിടക്കുമെന്ന് അറിഞ്ഞപ്പോൾ നെഹമ്യാവ് കണ്ണുനീരോടെ ഉപവസിച്ചു പ്രാർത്ഥിച്ചു (നെഹമ്യാവ് 1/4). ദൈവം അവന്റെ ഉപവാസത്തിൽ പ്രസാദിക്കുകയും അർത്ഥഹ് ശഷ്ടാ രാജാവ് നൽകിയ അധികാരത്തോടും സഹായത്തോടും കൂടി 52 ദിവസം കൊണ്ട് അവൻ യെരുശലമിന്റെ മതിൽ പണിതു പൂർത്തിയാക്കി (നെഹമ്യാവ് 6/15). മോവാബ്യാരും അഹോന്യരും മെയൂന്യരും ചേർന്ന് യഹോശാഫാത്തിനെതിരെ യുദ്ധത്തിനായി പുറപ്പെട്ടപ്പോൾ യഹോശാഫാത്തും ജനവും ദൈവത്തോട് ഉപവസിച്ചു നിലവിളിച്ചു (2 ദിനം 20/3). 40 ദിവസം കഴിഞ്ഞ് നീനവേ ഉന്മൂലമാകുമെന്നുള്ള യോഹാപ്രവാചകന്റെ മുന്നറിയിപ്പു കേട്ട് നീനവേ നിവാസികൾ ഉപവസിച്ചു (യോനാ 3/5).

യേശുവടക്കം നിരവധി പ്രവാചകന്മാരും അനുയായികളും ഉപവാസം നടത്തിയതിന് ധാരാളം തെളിവുകൾ ബൈബിൾ ഗ്രന്ഥങ്ങളിൽ കാണാം.

ഹജ്ജും ബൈബിളും

ഇസ്‌ലാമിലെ മറ്റൊരു പ്രധാന ആരാധനയാണ് ഹജ്ജ് കർമം. ലോകമുസ്‌ലിംകൾ വർഷംതോറും ഹജ്ജ് കർമത്തിനായി മക്കാ പുണ്യഭൂമിയിൽ ഒരുമിച്ചുകൂടുന്നു. പരിശുദ്ധ ഹജ്ജിന്റെ സിംഹഭാഗവും ഇബ്രാഹീം (അബ്രഹാം) നബിയുടെയും കുടുംബത്തിന്റെയും ത്യാഗപൂർണജീവിതത്തിന്റെ സ്മരണയാണ്. ഹാജറാ ബീവി (ഹാഗാർ) സഫാ മർവ്വ കുന്നുകളിൽ വെള്ളംതേടി ഓടിയതും മകൻ ഇസ്മാഈൽ (യിശ്മയേൽ)നെ ബലിയറുക്കുവാൻ കൊണ്ടുപോകുമ്പോൾ തന്നെ പിന്തിരിപ്പിക്കാൻ വന്ന സാത്താനെ കല്ലെറിഞ്ഞോടിച്ചതുമടക്കം ഇബ്രാഹീം നബി(അ)ന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഹജ്ജിലൂടെ മുസ്‌ലിംലോകം അയവിറക്കുന്നു. ബൈബിൾ പഴയ നിയമം ഉൽപത്തി പുസ്തകം 21,22 അധ്യായങ്ങളിൽ ഈ രംഗങ്ങൾ വിശദീകരിക്കുന്നുണ്ട്.

ഹജ്ജിനെ കുറിച്ചുള്ള പല പരാമർശങ്ങളും ബൈബിളിൽ കാണാവുന്നതാണ്. ഇത് ശ്രദ്ധിക്കുക:

ഞാൻ സകല ജനതകളെയും ഭാഷക്കാരെയും ഒന്നിച്ചു കൂട്ടുന്ന കാലം വരുന്നു. അവർ വന്ന് എന്റെ മഹത്വം കാണും (യെശയ്യാവ് 66: 10).

ഈ പ്രവചനം അക്ഷരാർത്ഥത്തിൽ മുസ്‌ലിംകളുടെ ഹജ്ജ് കർമത്തിൽ നിവർത്തിയാവുന്നതായി കാണാം. കാരണം കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ലാതെ സകല ജനതകളും സകല ഭാഷക്കാരും പരിശുദ്ധ ഹജ്ജ് കർമത്തിന് വേണ്ടി മക്കയിൽ ഒരുമിച്ച് കൂടുന്നു. ഹജ്ജ് വേളയിൽ അവർ പ്രത്യേകമായി ദൈവ മഹത്ത്വം വാഴ്ത്തുന്നു.

ഹിബ്രു വംശക്കാർ തങ്ങളുടെ പിതാമഹനായ അബ്രഹാമിൽ നിന്നു അനന്തരമായെടുത്ത ശിലോപാസനയെക്കുറിച്ച് ബൈബിൾ പറയുന്നതായി കാണാം. ഇത് ബിംബാരാധനയായിരുന്നില്ല. പ്രത്യുത ദൈവാരാധന ലക്ഷ്യംവെച്ച് പ്രതിഷ്ഠിക്കപ്പെട്ട ഒരു പ്രത്യേക ശിലക്കരികെ നടത്തപ്പെടുന്ന ദൈവാരാധന മാത്രമായിരുന്നു. ഇത് മുസ്‌ലിംകളുടെ ഹജ്ജ് കർമത്തോട് സാദൃശ്യമുണ്ട്. ഹജ്ജ് എന്ന പദം ഹിബ്രുവിലും മറ്റു സെമിറ്റിക് ഭാഷകളിലും ഉപയോഗിക്കുന്നത് പദോൽപത്തിയിലോ അർത്ഥത്തിലോ യാതൊരു വ്യത്യാസവുമില്ലാതെയാണ്. അറബിയിലെ വമഷമഷ ഉം ഹിബ്രു ക്രിയ പദമായ വമഷമഷ ഉം ഒരു പോലെയാണ്. സെമിറ്റ് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമായ  ഴമാമഹ ന്റെ ഉച്ചാരണത്തിലുള്ള വ്യത്യാസം മാത്രമേയുള്ളൂ. അറബികൾ അത് (ജ) എന്ന് ഉച്ചരിക്കുന്നു. ഇതേ ഹഗാഗ (വമഴമഴ ീൃ വമഴവമഴവ) തന്നെയാണ് മോശെയുടെ നിയമത്തിലും പ്രയോഗിച്ചിരിക്കുന്നത്. ഹർഷത്തിന്റെയും സ്‌തോത്രത്തിന്റെയും മതപരമായൊരു ഉത്സവ ചടങ്ങ് നിർവഹിക്കുക എന്ന ലക്ഷ്യത്തോടെ നിയമാനുസൃതവും ഉചിതവുമായ ഗതിവേഗത്തിൽ പ്രദക്ഷിണം ചെയ്യുക എന്നാണീ പദത്തിന്റെ അർത്ഥം. പൗരസ്ത്യ നാടുകളിൽ ഉത്സവദിനങ്ങളിലും വിവാഹ ചടങ്ങുകളിലും ക്രൈസ്തവർ ഹിഗ്ഗ് (വശഴഴമ)യെന്ന കർമം ഇന്നും അനുഷ്ഠിച്ചുവരുന്നു.

യാക്കോബിന് ബേർ-ശേമ്പ വിട്ട് ഹാരാനിലേക്കുള്ള യാത്രാമധ്യേ ഒരു അത്ഭുതകരമായ ഗോവണിയുടെ ദർശനമുണ്ടായതിനെക്കുറിച്ച് ഉൽപത്തി പുസ്തകത്തിൽ (ഉൽപത്തി 28: 10-16) വിവരിക്കുന്നുണ്ട്.

യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയണയായി വെച്ചിരുന്ന കല്ലെടുത്ത് തൂണായി നാട്ടി അതിന്മേൽ എണ്ണ ഒഴിച്ചു അവൻ ആ സ്ഥലത്തിന് ബേഥേൽ (ദൈവ ഭവനം) എന്ന് നാമകരണം ചെയ്യുകയും ചെയ്തു (ഉൽപത്തി 28: 18,19).

ശേഷം അദ്ദേഹം നേർച്ച നേർന്ന് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കൂ: ഞാൻ തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്റെ ആലയമായിത്തീരും (ഉൽപത്തി 28:22).

മറ്റൊരിടത്ത് യാക്കോബും ലാബോനും കൂടി ഒരു കൽകൂമ്പാരം നിർമിച്ചതായി പറയുന്നു:

അപ്പോൾ യാക്കോബ് ഒരു കല്ലെടുത്ത് തൂണായി നാട്ടി. കല്ലു കൂട്ടുവിൻ എന്ന് യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു. അവർ കല്ലെടുത്ത് ഒരു കൂമ്പാരമുണ്ടാക്കി കൂമ്പാരത്തിന്മേൽ വെച്ച് ഭക്ഷണം കഴിച്ചു. ലാബാൻ അതിന് യെഗർ-സാഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്ന് പേരിട്ടു. യാക്കോബ് അതിന് ഗലോദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നും പേരിട്ടു. ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മധ്യേ സാക്ഷ്യമായിരിക്കട്ടെ എന്ന് ലാബാൻ പറഞ്ഞു. അതുകൊണ്ട് അതിന് ഗലേദ് എന്നും വിസ്‌വാ (കാവൽമാടം) എന്നും പേരായി (ഉൽപത്തി 31:45-49).

പിൽക്കാലത്ത് ഇസ്രയേൽ ചരിത്രത്തിൽ ഒരു സമ്മേളന കേന്ദ്രവും ഒരു ആരാധനാ സ്ഥലവുമായിത്തീർന്നു.

മിസ്പ എന്ന പദത്തിനർത്ഥം പരിഭാഷപ്പെടുത്താറുള്ളത് കാവൽഗോപുരം എന്നാണ്. സെമിറ്റിക് നാമങ്ങളിലെ അാെമ ദമമള എന്ന ഇനത്തിൽപ്പെട്ടതത്രെ ഇതും. ഉള്ളടക്കം ചെയ്യപ്പെട്ട വസ്തുവിൽ നിന്നുത്ഭൂതമായവയത്രെ ഈ നാമങ്ങൾ. ശിലകയെന്ന അർത്ഥത്തിലുള്ള ‘സഫ’ (ടമുവമ) എന്ന പുരാതന പദത്തിൽനിന്നും നിഷ്പതിതമായ ഒരു പദമാണിത്. ഒരു സ്ഥലത്തെയോ കെട്ടിടത്തെയോ ആണ് മിസ്പ സൂചിപ്പിക്കുന്നത്. ശിലക്ക് ഹീബ്രുവിൽ കയലി എന്നും അറബിയിൽ ഹജർ എന്നുമാണ് സാധാരണ പ്രയോഗം. സിറിയ് ഭാഷയിൽ കിപ (സശുമ) എന്നും പറയുന്നു. എന്നാൽ ഒരു പ്രത്യേക സ്ഥലത്തെയോ വ്യക്തിയെയോ ശിലയായി വിശേഷിപ്പിക്കുമ്പോൾ സഫാ എന്നാണ് പൊതുവെ പ്രയോഗമെന്ന് മനസ്സിലാകുന്നു. അപ്പോൾ ഒരു സഫാ സ്ഥാപിതമായ സ്ഥലമോ പ്രദേശമോ ആണ്  മിസ്പ എന്നും വരുന്നു. കൽകൂമ്പാരത്തിന്മേൽ പ്രതിഷ്ഠിതമായ ആ ശിലക്കു മിസ്ഫ എന്നും നാമധേയം ചെയ്യുമ്പോൾ ചുറ്റും കെട്ടിടങ്ങളുണ്ടായിരുന്നില്ലെന്ന് കാണാവുന്നതാണ്. (ഒരു ‘സഫ’ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ‘മിസ്പ’യെന്നു പറയുന്നു).

പ്രതിഷ്ഠിത ശില മാത്രമല്ല, അത് സ്ഥാപിതമായ സ്ഥലവും പാവനസ്മാരകമാണ്. അതുകൊണ്ടാണ് പാവന സ്ഥാപിതമായ കെട്ടിടത്തിനു ചുറ്റുമായി മുസ്‌ലിം ഹജ്ജ് (ഹിബ്രു ഹിഗ്ഗ) അനുഷ്ഠിക്കുന്നത്.

(കടപ്പാട്: മുഹമ്മദ് നബി ബൈബിളിൽ  – ഫാദർ ബെഞ്ചമിൻ കെൽദാനി) ചുരുക്കത്തിൽ ഇസ്‌ലാമിക പഞ്ചസ്തംഭങ്ങൾ ബൈബിളിൽ നിന്നും തെളിഞ്ഞുവരുന്നതായി കാണാം.

വിധിവിലക്കുകളിലെ സാമ്യത

ഖുർആൻ മദ്യത്തെ കർശനമായി വിലക്കുന്നതു കാണാം. നബിയേ, നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട് (സൂറത്തുൽ ബഖറ-219). ബൈബിളും മദ്യത്തെ നിരോധിക്കുന്നതായി കാണാം:

വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനുമാകുന്നു. അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല (സദൃശ്യവാക്യങ്ങൾ 20:1).

വീഞ്ഞു ചുവന്ന പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അത് സർപ്പത്തെപ്പോലെ കടിക്കും. അണലി പോലെ കൊത്തും (സദൃശ്യവാക്യങ്ങൾ 23: 31,32).

അഹരോനോട് ദൈവം കൽപിക്കുന്നത് നോക്കൂ:

നീയും നിന്റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിന് സമാഗമന കൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇത് നിങ്ങൾ തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം (ലേവ്യ 10:9)

വിശുദ്ധ ഖുർആൻ വിലക്കിയ മറ്റൊരു കാര്യമാണ് പലിശ. അല്ലാഹു പറഞ്ഞു:

പലിശ തിന്നുന്നവൻ പിശാച് നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നതു പോലെയല്ലാതെ എഴുന്നേൽക്കുകയില്ല (സൂറതുൽ ബഖറ 275).

ബൈബിളും പലിശ നിരോധിക്കുന്നുണ്ട്:

എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ പൊലിക്കാരനെപോലെ ഇരിക്കരുത്. അവനോട് പലിശ വാങ്ങുകയും അരുത് (പുറപ്പാട് 22:25).

നിന്റെ സഹോദരന് പണമോ ഭക്ഷ്യസാധനങ്ങളോ മറ്റെന്തെങ്കിലുമോ-പലിശക്കു കൊടുക്കരുത് (ആവർത്തന പുസ്തകം 23:19).

വിശുദ്ധ ഖുർആൻ പന്നി മാംസവും ചത്ത ജന്തുക്കളുടെ മാംസവും നിഷിദ്ധമാക്കിയിട്ടുണ്ട്:

ശവം, രക്തം, പന്നിമാംസം അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത് എന്നിവ മാത്രമേ അവൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ (സൂറത്തുൽ ബഖറ 173).

സമാനമാണ് ബൈബിൾ നിയമവും:

പന്നി കുളമ്പ് പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതെങ്കിലും അയവിറക്കുന്നതല്ലാത്തതിനാൽ അത് നിങ്ങൾക്ക് അശുദ്ധമാകുന്നു. ഇവയുടെ മാംസം നിങ്ങൾ ഭക്ഷിക്കരുത്. പിന്നെ സ്പർശിക്കുകയും അരുത്. ഇവ നിങ്ങൾക്ക് അശുദ്ധം ആകുന്നു (ലേവ്യ പുസ്തകം 11:7,8).

താനെ ചത്ത ഒന്നിനെയും തിന്നരുത് (ആവർത്തനം 14/21).

കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്കിട്ടു കൊടുക്കേണം (പുറപ്പാട്).

കൊല ചെയ്തവനെ കൊല്ലുക എന്ന ഇസ്‌ലാമിക ശിക്ഷാരീതിയും ബൈബിൾ അംഗീകരിക്കുന്നുണ്ട്:

ഒരു മനുഷ്യനെ അടിച്ചു കൊല്ലുന്നവൻ തീർച്ചയായും മരണശിക്ഷ അനുഭവിക്കണം. എങ്കിലും അവൻ മനപ്പൂർവ്വം ചെയ്യാതെ അങ്ങനെ സംഭവിക്കുവാൻ ദൈവം ഇടയാക്കിയതാണെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലത്ത് ഓടിപ്പോകണം. എന്നാൽ ഒരുവൻ കരുതിക്കൂട്ടിയാണ് അയൽക്കാരനെ കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിന് നീ അവനെ എന്റെ യാഗപീഠത്തിങ്കൽ നിന്ന് കൊണ്ടുപോകണം (പുറപ്പാട് 21: 12-14). മനപ്പൂർവ്വം കൊല ചെയ്താൽ കൊല ശിക്ഷയും അല്ലെങ്കിൽ നാടുകടത്തലും (ആവർത്തന പുസ്തകം 19:11-12)ലും ഈ ശിക്ഷാരീതി പറയുന്നുണ്ട്.

ഖുർആൻ വ്യഭിചാരത്തെ ശക്തമായ ഭാഷയിൽ നിരോധിക്കുന്നു: ‘നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീർച്ചയായും അത് ഒരു നീച വൃത്തിയും ദുഷിച്ച മാർഗവുമാകുന്നു (സൂറത്തു ഇസ്‌റാഅ്: 32).

ബൈബിളും വ്യഭിചാരം നിരോധിക്കുന്നു:

മോശെയ്ക്ക് നൽകപ്പെട്ട കൽപനയിൽ ഏഴാമത്തേത് വ്യഭിചാരം ചെയ്യരുത് എന്നാണ് (പുറപ്പാട് 20:14).

യേശു പറഞ്ഞതിപ്രകാരം:

‘നീ വ്യഭിചാരം ചെയ്യരുത് എന്നു അരുളി ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോട് പറയുന്നത്, സ്ത്രീയെ കാമാസക്തിയോടെ നോക്കുന്ന ഓരോരുത്തരും ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തിരിക്കുന്നു (മത്തായി 5:27,28).

പരിഛേദനം

മുസ്‌ലിം പുരുഷന്മാർ എല്ലാവരും ഇബ്രാഹീമീ പാരമ്പര്യമനുസരിച്ച് പരിഛേദന (സുന്നത്ത് കർമം) ഏൽക്കുന്നവരാണ്. പൂർവ പ്രവാചകന്മാരെല്ലാം പരിഛേദനമേറ്റതായി പഴയ-പുതിയ നിയമങ്ങളിൽനിന്നു വായിക്കാവുന്നതാണ്.

അബ്രഹാമിനോട് ദൈവം കൽപ്പിക്കുന്നതു നോക്കൂ:

നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ട ഞാനും നീയും തമ്മിലുള്ള എന്റെ ഉടമ്പടി ഇതാകുന്നു; നിങ്ങളുടെ പുരുഷന്മാർ എല്ലാം പരിഛേദനയേൽക്കണം. നിങ്ങളുടെ അഗ്രചർമ്മം പരിഛേദന ചെയ്യണം. അത് ഞാനും നിങ്ങളും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും (ഉൽപത്തി 17: 10,11). വീണ്ടും പറയുന്നു: പരിഛേദനയേൽക്കാതിരിക്കുന്ന അഗ്രചർമിയായ പുരുഷനെ അവന്റെ ജനത്തിൽനിന്നും ഛേദിച്ചുകളയും. അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നുവല്ലോ (ഉൽപത്തി 17: 14), അബ്രഹാം 99-ാം വയസ്സിൽ പരിഛേദന ചെയ്തു (ഉൽപത്തി 17: 24), മകൻ യിശ്മയേൽ 13-ാം വയസ്സിൽ പരിഛേദനയേറ്റു (ഉൽപത്തി 17: 25).

യേശു ജനനത്തിന്റെ 8-ാം ദിവസം പരിഛേദനയേറ്റതായി ലൂക്കോസ് 2: 21-ൽ രേഖപ്പെടുത്തിയിരിക്കുന്നു.

അഭിവാദന രീതി

മുസ്‌ലിംകൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അസ്സലാമു അലൈക്കും (നിങ്ങളുടെ മേൽ രക്ഷ/സമാധാനം ഉണ്ടാകട്ടെ) എന്നാണ് അഭിവാദനം ചെയ്യുന്നത്. യേശുക്രിസ്തുവും ഇപ്രകാരം ചെയ്യുകയും കൽപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ബൈബിളിൽ നിന്ന് വായിക്കാം:

നിങ്ങൾ ഭവനത്തിൽ പ്രവേശിക്കുമ്പോൾ അതിനു സമാധാനം ആശംസിക്കണം (മത്തായി 10: 12).

ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്ന് നിങ്ങൾക്ക് സമാധാനം എന്ന് പറഞ്ഞു (ലൂക്കോസ് 24: 36). യേശു പിന്നെയും അവരോട് നിങ്ങൾക്ക് സമാധാനം, പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു (യോഹന്നാൻ 20: 21). അറബി ബൈബിളുകളിൽ സലാം അലൈക്കും എന്നുതന്നെയാണ് ഈ സമാധാനാശംസ ചേർത്തിരിക്കുന്നത്.

ഹിജാബ്/നിഖാബ് (മൂടുപടം)

മുസ്‌ലിം സ്ത്രീകൾ മൂടുപടം ധരിക്കുന്നതിനെ ആധുനിക ക്രൈസ്തവർ ഇസ്‌ലാം സ്ത്രീ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന് പറഞ്ഞ് വിമർശിക്കാറുണ്ട്. എന്നാൽ ബൈബിൾ ഇതേക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കുക:

മൂടുപടമില്ലാതെ പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തല അപമാനിക്കുന്നു. അത് അവൾ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചു കളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ (1 കൊരിന്ത്യൻ 11:5,6).

ബഹുഭാര്യത്വം

ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെ കണ്ണടച്ച് ആക്ഷേപിക്കുന്നതാണ് ആധുനിക ക്രൈസ്തവരുടെ രീതി. എന്നാൽ ബഹുഭാര്യത്വമാണ് ബൈബിളിന്റെ പൊതുരീതി. ചിലരെ മാത്രം പരാമർശിക്കാം:

-അബ്രഹാമും നഹോരും ഭാര്യമാരെ എടുത്തു. അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നഹോരിന്റെ ഭാര്യക്ക് മിൽക്ക എന്നും പേർ (ഉൽപത്തി 11-29).

-അബ്രഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു. അവൾക്ക് കൊതൂറ എന്ന് പേർ (ഉൽപത്തി 25-1).

-രാത്രിയിൽ അവൻ എഴുന്നേറ്റു തന്റെ രണ്ടു ഭാര്യമാരെയും രണ്ട് ദാസിമാരെയും പതിനൊന്ന് പുത്രന്മാരെയും കൂട്ടി യാക്കോബ് കടവ് കടന്നു (ഉൽപത്തി 32-22).

യിസ്രയേലിൽ നിന്ന് ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു. അവർ ഇരുവരും അവന്റെ ഭാര്യമാരായിത്തീർന്നു (1 സാമുവൽ 25-43).

ദാവീദ് യെരുശലേമിൽവെച്ച് വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു. വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു (1 ദിനവൃത്താന്തം 14-3).

ശലമോൻ രാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മേന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്‌നേഹിച്ചു (1 രാജാക്കന്മാർ (11-1). അവന് 700 കുലപത്‌നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു (1 രാജാക്കന്മാർ 11-3).

മോശെ ഒരു കൂശ്യ സ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് കൂശ്യ സ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു (സഖ്യാപുസ്തകം 12-1).

പുരോഹിത കൈകടത്തലുകൾക്ക് ഏറെ വിധേയമായിട്ടും ഇസ്‌ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബൈബിൾ പഴയ-പുതിയ നിയമങ്ങളായി ചിതറിക്കിടക്കുന്നതായി കാണാം.

മറ്റെല്ലാ പ്രവാചകന്മാരെയും പോലെ മഹാനായ യേശു പ്രബോധനം ചെയ്ത മതവും ഇസ്‌ലാമായിരുന്നു. പക്ഷേ, വിവിധ കാരണങ്ങളാൽ യേശുവിന്റെ ഉപദേശം ഇന്നു കാണുന്ന രീതിയിലേക്ക് പരിവർത്തിക്കപ്പെടുകയാണുണ്ടായത്. ‘അക്രൈസ്തവനായ യേശുവിനെ തേടി’ പോലുള്ള പുസ്തകങ്ങൾ വ്യക്തമായി സമർത്ഥിക്കുന്നതാണ് ഇക്കാര്യം. യേശുവും മുഹമ്മദ് നബിയും പ്രചരിപ്പിച്ചത് ഒരേ സത്യമായിരുന്നുവെന്ന് സാരം.

Exit mobile version