ഹജ്ജിന്റെ മഹത്ത്വവും പുണ്യങ്ങളും നന്നായി ഗ്രഹിച്ചവരാണ് സത്യവിശ്വാസികള്‍. വളരെ മഹത്ത്വമുള്ള ഒരു കാര്യത്തെ ലാഘവത്തോടെ കാണാന്‍ വിശ്വാസിക്ക് സാധിക്കില്ല. ഏതൊന്നിനെയും അതര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കേണ്ടതനിവാര്യമാണ്.
പുണ്യം നേടാന്‍വേണ്ടി അനുഷ്ഠിക്കുന്ന ഒരു ത്യാഗം ഫലശൂന്യമാവുകയോ വിപരീതഫലമുളവാക്കുകയോ ചെയ്യുന്നത് മഹാകഷ്ടമാണ്. അത്തരമൊരവസ്ഥ വരാതിരിക്കുന്നതിന് ശേഷിക്കുന്ന ദിനങ്ങളിലും ചിലതു ചെയ്യാനാവും. ഹജ്ജ് സത്യവിശ്വാസിക്ക് മുമ്പില്‍ സൗഭാഗ്യങ്ങളുടെ കവാടമായാണ് നിലനില്‍ക്കുന്നത്. ക്രമപ്രകാരം അതിലൂടെ കടന്നുചെല്ലുന്നത് വിജയത്തിലേക്കായിരിക്കും. ഹജ്ജിന്റെ അനുഷ്ഠാന ഭൂമികള്‍ അതിശ്രേഷ്ഠവും പവിത്രവുമായ സ്ഥലങ്ങളാണ്. അതിനായി നിശ്ചയിക്കപ്പെട്ട കാലവും പുണ്യങ്ങളുടെ പൂക്കാലമാണ്.
മനുഷ്യ ചരിത്രാരംഭത്തിനുമപ്പുറം പ്രപഞ്ച നാഥനെ വണങ്ങുന്നതിനായി നിര്‍ണയിക്കപ്പെട്ട സ്ഥാനവും അതിനെ ചുറ്റി നടന്ന ചടങ്ങുകളില്‍ പ്രധാനമായ പ്രദക്ഷിണവും കാലാന്തരങ്ങളില്‍ ആദിമ മനുഷ്യനിലേക്കും തുടര്‍ന്ന് മനുഷ്യവര്‍ഗത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിലൂടെയും കടന്നുവന്നതാണ്. അതിനെ ഖലീലുല്ലാഹി ഇബ്റാഹിം(അ)ന്റെ കാലത്തോടെ കൂടുതല്‍ ശ്രദ്ധേയമാക്കുകയുണ്ടായി. കഅ്ബയുടെ പുനര്‍നിര്‍മാണം മുതല്‍ അതിലേക്ക് മാലോകരെ ക്ഷണിക്കുന്നതടക്കം ഉമ്മതുമുഹമ്മദീയയുടെ വ്യതിരിക്ത വിശേഷണങ്ങള്‍ പ്രകടമായിത്തീരുന്നുണ്ട്.
നബി(സ്വ)യുടെ കുടുംബ താവഴി സന്ധിക്കുന്നത് ഇബ്റാഹിം(അ)യിലാണ്. ഇബ്റാഹിം സന്തതികളില്‍ പെട്ട ഇസ്മാഈല്‍(അ) പിതൃപരമ്പരയില്‍ മുഹമ്മദ് നബി(സ്വ)യല്ലാതെ ഒരു പ്രവാചകന് കടന്നുവന്നിട്ടില്ല. ഇബ്റാഹിം(അ), പുത്രന് ഇസ്മാഈല്‍(അ) എന്നിവരാണ് കഅ്ബയുടെ പുനര്‍ നിര്‍മാണം നടത്തുന്നത്. മക്കയുടെ നാഗരികതക്ക് അസ്ഥിവാരമായതു തന്നെ ഇസ്മാഈല്‍(അ)ന്റെയും ഉമ്മയുടെയും അവിടെയുള്ള കുടിയിരിക്കലായിരുന്നു.
മക്കയെ സജീവമാക്കിയ സംസംതട നാഗരികതയെ വളര്‍ത്തിയെടുക്കുന്നതിന് കാരണമായ ഇബ്റാഹിം നബി കുടുംബത്തില്‍ നിന്നുതന്നെയാണ് ഹജ്ജിന്റെ പുതിയ വിളംബരപ്പെടുത്തലുണ്ടാവുന്നത്. നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് മുഹമ്മദ് നബി(സ്വ)യുടെ ജനനം. ചരിത്രപരമായ അന്വേഷണങ്ങള്‍ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ പ്രകടമാക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍തന്നെ ഹജ്ജ് കേവലമായ ഒരനുഷ്ഠാനമായിട്ടല്ല നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്ന് എന്ന നിലയില്‍ അനുഷ്ഠാന പ്രാധാന്യം അതിനുണ്ട്. മനുഷ്യന് സര്‍വതല സ്പര്‍ശിയായ ആത്മീയത സമ്മാനിക്കുന്ന മഹത്തായ ഒരാധനയാണത്. ഹജ്ജ് നിര്‍വഹണത്തിന് സംവിധാനിക്കപ്പെടുന്ന സൗകര്യങ്ങള്‍ എത്രതന്നെ വിപുലമായിരുന്നാലും അടിസ്ഥാനപരമായ അതിന്റെ ത്യാഗസ്വഭാവം ഇല്ലാതാവുന്നില്ല. അതുകൊണ്ടുതന്നെ ഹാജിയുടെ മനസ്സും വിചാരവും വിമലവും വിശുദ്ധവുമായി നിലനില്‍ക്കണം.
സാര്‍വത്രികമായ വിമലീകരണത്തിന്റെ ഉപാധിയായി പഠിപ്പിക്കപ്പെട്ടത് ഇലാഹീ വിചാരവും ദിക്റുല്ലാഹിയുമാണ്. ഹജ്ജിന്റെ ലക്ഷ്യപൂര്‍ത്തിയുടെ ഉപാധിയാണ് ദിക്റുല്ലാഹി എന്നത്. ഹജ്ജില്‍ വാചികമായ ദിക്ര് നിര്‍ബന്ധ ഘടകമായി വരുന്നില്ല. പക്ഷേ, ഹജ്ജിന്റെ കര്‍മങ്ങളെല്ലാം ദിക്റിന്റെ മഹത്തായ മുഹൂര്‍ത്തങ്ങളാണ്. സാധാരണ ഹാജിമാരില്‍ തന്നെ ദിക്റുകളുമായുള്ള അടുപ്പം പ്രകടമാകും. സമൂഹത്തിന്റെ അനുഷ്ഠാന ക്രമത്തില്‍ സ്വീകരിച്ച രീതിയില്‍ ദിക്റുല്ലാഹിയുടെ സ്ഥാനമാണ് കുറിക്കുന്നത്. യാത്രയുമായി ബന്ധപ്പെട്ട് ധാരാളം മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. അതില്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ പ്രത്യേകമായ ദിക്റുകള്‍ ചൊല്ലലും ദുആ നടത്തലും ഉള്‍പ്പെട്ടിട്ടുണ്ട്. നിത്യജീവിതത്തില്‍ തന്നെയും ദിക്റുകള്‍ പലതും നമുക്ക് ശീലമായതും ആവേണ്ടതുമുണ്ട്. ഹജ്ജ് യാത്രയുടെ ഘട്ടത്തില്‍ കടന്നുവരുന്ന ദിക്റുകളും സമയങ്ങളും പ്രത്യേകമായി ശ്രദ്ധിക്കുന്ന രീതി ഹജ്ജ് എന്നാല്‍ ദിക്റുല്ലാഹിയുടെ സ്വരൂപമാണ് എന്നു തെളിയിക്കുന്നതാണ്.
എല്ലാ ഇബാദത്തുകളും ആത്യന്തികമായി ദിക്റുല്ലാഹി ലക്ഷ്യമിടുന്നതാണ് എന്നു നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരില്‍ ഉത്തമര്‍ അല്ലാഹുവിനെ കൂടുതല്‍ ദിക്ര് ചെയ്യുന്നവരാണെന്ന് അവിടുന്ന് പഠിപ്പിച്ചു. ഹാജിമാരില്‍ ഉത്തമരും ഏറെ ദിക്ര് ചെയ്യുന്നവരാണെന്ന് നബി(സ്വ) വിശദീകരിച്ചിട്ടുണ്ട് (ബൈഹഖി).
ഏതൊരു ഇബാദത്തും ദിക്റുല്ലാഹിയെ പ്രദീപ്തമാക്കേണ്ടതാണ്. അതിനുവേണ്ടിയുള്ള അടിസ്ഥാന ക്രിയയാണ് നിയ്യത്ത്. ചെയ്യുന്ന കര്‍മം അല്ലാഹുവിനുവേണ്ടിയാണെന്ന് സ്വന്തം മനസ്സില്‍ കൃത്യപ്പെടുത്തുകയാണത്. ഹജ്ജിലും അതിന്റെ നിയ്യത്തായ ഇഹ്റാം നിര്‍വഹിക്കുന്നത് ഈ ദൗത്യമാണ്.
ഹജ്ജിനെക്കുറിച്ച് വന്ന ഖുര്‍ആനിക പരാമര്‍ശങ്ങളിലും നിര്‍ദേശമായി ദിക്റുല്ലാഹിയുണ്ട്. ഹജ്ജിനായുള്ള പ്രഥമ ആഹ്വാനത്തിലങ്ങനെയാണുള്ളത്: ‘അവര്ക്കുപകാരപ്പെടുന്നിടങ്ങളിലും ഉപകാരങ്ങളിലേക്കും അവര്‍ സന്നിഹിതരാവുന്നതിനും അറിയപ്പെട്ട ദിനങ്ങളില്‍ അവര്‍ അല്ലാഹുവിനെ ദിക്ര് ചെയ്യുന്നവരാവുന്നതിന് വേണ്ടിയും’ (അല്‍ഹജ്ജ്/28).
ഈ സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട അറിയപ്പെട്ട ദിനങ്ങള്‍ ദുല്‍ഹജ്ജിലെ ആദ്യ ദിനങ്ങളാണ്. ഹാജിയെ സംബന്ധിച്ചിടത്തോളം ഹജ്ജിന്റെ കര്‍മങ്ങളുമായി അവന് ഇണങ്ങിച്ചേരുന്ന ദിനങ്ങള്‍. ദുല്‍ഹജ്ജ് ഒമ്പതിന് അറഫയിലെത്തുന്നതുവരെ ഹജ്ജിന്റെ അമലുകളില്‍ സുപ്രധാനമായ ഒന്നില്‍ അവന് പ്രവേശിക്കുന്നില്ല. അനുവദിക്കപ്പെട്ട സൗകര്യമെന്ന നിലയില്‍ ഖുദൂമിന്റ ത്വവാഫിന്റെ കൂടെയുള്ള സഅ്യ് നേരത്തെ നടന്നിരിക്കാനിടയുണ്ട്. ഈ സഅ്യാണ് അറഫക്ക് മുമ്പ് ഹാജിയെ സംബന്ധിച്ച് നിര്‍ബന്ധ ഘടകമായ ഒരു ചടങ്ങുള്ളത്. ഇക്കാലമത്രയും ഹാജിയില്‍ നിന്നും ഉയരുന്ന മഹത്തായ ദിക്റാണ് തല്‍ബിയത്ത്. അതിവിശിഷ്ട ദിനങ്ങളായ ദുല്‍ഹജ്ജിലെ ആദ്യദിനങ്ങള്‍ ദിക്റുല്ലാഹി നടത്താനാണ് ഹാജിമാര്‍ പുണ്യഭൂമിയിലെത്തുന്നത് എന്ന് ഈ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ഏറെ മഹത്ത്വമുള്ള ദിക്റുല്ലാഹിയെ കൂടുതല്‍ മഹത്ത്വം നിറഞ്ഞ നാളുകളിലും സ്ഥലത്തും സന്ദര്‍ഭത്തിലും വചനം കൊണ്ടും കര്‍മം കൊണ്ടും നിര്‍വഹിക്കാന്‍ സാധിക്കുക എന്നത് കഅ്ബയിലേക്കുള്ള വിശ്വാസി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യവും നേട്ടവുമായി ഖുര്‍ആന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിക്റുല്ലാഹിക്കുള്ള അവസരം ഹജ്ജിനെത്താത്ത വിശ്വാസികള്‍ക്കും ലഭിക്കുന്നുമുണ്ട്. ദുല്‍ഹജ്ജിന്റെ ആദ്യ നാളുകളില്‍ ബലി നടത്തുന്നതിനു യോഗ്യതയൊത്ത മൃഗങ്ങളെ കാണുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്.
ഉപരി ആയത്തില്‍ ദിക്റിനെ അല്ലാഹു നല്കിയ ബലിമൃഗങ്ങളുമായി ബന്ധപ്പെടുത്തിയതു കാണാം. ഹാജിമാരല്ലാത്തവര്ക്ക് അവരുടെ നാടുകളിലും വീടുകളിലും ദുല്‍ഹജ്ജിന്റെ ആദ്യനാളുകളില്‍ യോഗ്യതയുള്ള മൃഗങ്ങളെ കാണുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഈ ആയത്താണ് അതിന് ഫുഖഹാക്കള്‍ തെളിവാക്കിയിട്ടുള്ളത്. അറഫാ ദിനത്തിലെ സുബ്ഹി മുതല്‍ ദുല്‍ഹജ്ജ് പതിമൂന്നിലെ അസ്ര് നിസ്കാരാനന്തരം വരെയും ഇതു സുന്നത്താണ്.
ഹാജിയെ സംബന്ധിച്ചിടത്തോളം അവന്റെ കര്‍മങ്ങളെല്ലാം ദിക്റില്‍ ചാലിച്ചതായിത്തീരുന്ന വിധത്തില്‍ ക്രമീകരിക്കപ്പെട്ടതാണ്. ഹജ്ജിന്റെ സ്വീകാര്യതക്കും സാധുതക്കും അനിവാര്യമല്ലെങ്കിലും പരിപൂര്‍ണതക്കും ലക്ഷ്യപ്രാപ്തിക്കും അത് പ്രധാന ഘടകം തന്നെയാണ്. അറഫ വിട്ടാല്‍ മശ്അറുല്‍ ഹറാമില്‍ നിങ്ങള്‍ അല്ലാഹുവിനെ ദിക്ര് ചെയ്യുക, ഇസ്തിഗ്ഫാര്‍ ചെയ്യുക, നിങ്ങളുടെ പിതാക്കളെ ഓര്‍ക്കുക എന്ന സ്വാഭാവികതയെക്കാളുപരി നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക, എണ്ണപ്പെട്ട ദിനങ്ങളില്‍ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക (അല്‍ബഖറ/198203).
ആയിരത്താണ്ടുകള്‍ക്ക് മുമ്പ് ഇബ്റാഹിം(അ) നടത്തിയ വിളംബരത്തെ സമകാലത്തേക്കാവാഹിച്ചെടുത്ത് പ്രത്യുത്തരം ചെയ്യുന്ന പ്രതീതിയാണ് തല്‍ബിയതില്‍ പ്രകടമാവുന്നത്. ഞാനുത്തരം ചെയ്യുന്നു എന്ന കേവലമായ പരിഭാഷക്ക് വഴങ്ങാത്ത അര്‍ത്ഥവൈപുല്യം ‘ലബ്ബൈക’ എന്ന പ്രയോഗത്തിനുണ്ട് എന്ന് ഭാഷാ പണ്ഡിതരും വിവരിച്ചിട്ടുള്ളതാണ്. ഇബ്നു ഖുതൈബ(റ) ഉദ്ധരിക്കുന്നു: ‘ഇതാ നിന്റെ വിനീത ദാസന് നിനക്കുത്തരം ചെയ്യുന്നു, നിനക്ക് കീഴ്പ്പെട്ടിരിക്കുന്നു എന്നാണ് ലബ്ബൈക എന്നതിന്റെ ആശയമെന്നു ഖലീല്‍ (ഭാഷാപിതാവ്) പറഞ്ഞിട്ടുണ്ട്’ (അദബുല്‍ കാതിബ്). ലബ്ബൈക എന്ന പദം തന്നെ ദ്വിവചന രൂപമാണ്. അഥവാ ഞാനിതാ ഒന്നിനുപിറകെ ഒന്നായി രണ്ടു പ്രാവശ്യം ഉത്തരം ചെയ്യുന്നു എന്നാണര്‍ത്ഥം.
ഒരു പ്രാവശ്യം പൂര്‍ണമായ തല്ബിയത് ചൊല്ലുമ്പോള്‍ മൂന്നുപ്രാവശ്യം ലബ്ബൈക് എന്ന പദം ആവര്‍ത്തിക്കുന്നു. തന്റെ ഹജ്ജും യാത്രയും താന്‍ തന്നെയും നാഥാ നിന്നിലേക്ക് സമര്പ്പിതമാണെന്ന ധ്വനിയാണതിന് ഉള്ളത്. തല്‍ബിയത്തിന്റെ വചനപ്പൊരുള്‍ യഥാവിധി വിശദീകരിക്കാനാവില്ല. യാത്രയിലുടനീളവും പ്രത്യേക ഘട്ടങ്ങളില്‍ കൂടുതലായും നിയമവിധേയമായി ശബ്ദമുയര്‍ത്തിയും ഹാജി ആത്മീയാനന്ദത്തോടെ ഉരുവിടുന്ന മഹത്തായ ദിക്റാണ് തല്‍ബിയത്ത് എന്നു ചുരുക്കം.
ഹജ്ജ് വിവരിക്കുന്ന ഗ്രന്ഥങ്ങളിലെല്ലാം ദുആ, ദിക്റുകള്‍ നിറഞ്ഞു നില്ക്കുന്നതു കാണാം. ഹജ്ജും ദിക്റും തമ്മിലെന്ത് എന്ന് വ്യക്തമാകാനിതുവഴി സാധിക്കുന്നു. ഇവിടെ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ആത്യന്തിക പ്രതീക്ഷയും രക്ഷാകവചവുമായ ദിക്റിനെ കൂടുതല്‍ മഹത്ത്വവല്‍ക്കരിക്കപ്പെടുകയും അതിന്റെ ഫലങ്ങള്‍ വിശ്വാസിക്ക് കൂടുതല്‍ ലഭ്യമാകുന്ന വിധത്തില്‍ ഹജ്ജില്‍ ക്രമീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
ഒരിക്കല്‍ ചെയ്താല്‍ ബാധ്യത ഒഴിവാകുകയും പിന്നീട് ആവര്‍ത്തിക്കുന്നത് പുണ്യകരവുമായതാണ് ഹജ്ജ്. നമ്മുടെ സമൂഹത്തില്‍ പൊതുവെ ഹജ്ജനുഷ്ഠിച്ചവരെ ഹാജി എന്ന് ആദരിച്ചുവിളിക്കുന്നു. ഒരു കര്‍മബാധ്യത പൂര്‍ണമാക്കി ഇനി അതിനുള്ള നിര്‍ദേശം ബാക്കി നില്ക്കുന്നില്ല എന്നതിനാലാണിത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധമായി വരുന്ന ഒരു സദ്കര്മത്തിന്റെ പൂര്‍ണതയുടെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട ദിക്റുകള്‍ നിര്‍വഹിക്കുന്ന സമയവും സ്ഥലവും ഏറെ പുണ്യകരമാണെന്ന് പറയേണ്ടതില്ല.
മബ്റൂറായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ അവസാനിക്കാത്ത ലോകത്തെ ജീവിതത്തിന്റെ സുസ്ഥിതിയെക്കുറിച്ചുള്ള മോഹം സ്വാഭാവികമാണ്. ആഗ്രഹാഭിലാഷങ്ങളുടെ സമ്പൂര്‍ണ സാക്ഷാത്കാരത്തിന്റെയും തിരുക്കാഴ്ചയുടെയും ലോകത്ത് ഒരിടം എന്ന മോഹം വിശ്വാസിയില്‍ തിന്മകളില് നിന്നുള്ള കവചമായും നന്മക്കുള്ള പ്രചോദനമായും നിലനില്‍ക്കുന്നുണ്ട്. ഒരു കര്‍മം കൊണ്ട് അതു നേടാമെങ്കില്‍, അങ്ങനെ ഫലം അതിനുണ്ടെങ്കില്‍ അത് കൃത്യവും പൂര്‍ണവുമായ അര്‍ത്ഥത്തിലും രൂപത്തിലും നിര്വഹിക്കാനവന് ശ്രമിച്ചിരിക്കും.
ഹജ്ജ് യാത്രക്കൊരുങ്ങിയവന്‍ ഇപ്പോള്‍ ആലോചിക്കേണ്ടത് പ്രധാനമായും ഇതാണ്, ഉപരി ലക്ഷ്യ സാക്ഷാത്കാരത്തിന് സാധിക്കും വിധത്തിലുള്ള ഒരു യാത്രയാണോ തന്റെ മുന്നിലുള്ളത്. യാത്രയാകുന്ന വ്യക്തി എന്നാല്‍ ഒരു ശരീരം മാത്രമല്ല. എങ്കില്‍ നന്നായൊന്ന് കുളിച്ചാല്‍ അതു വൃത്തിയാക്കാമായിരുന്നു. ശരീരത്തെ സജീവമാക്കുന്നത് അവനില്‍ കുടികൊള്ളുന്ന വ്യക്തിത്വം അഥവാ ആത്മാവാണ്. ഇതു മുഴുവന്‍ വിമലമായിത്തീരേണ്ടതുണ്ട്. അതിനാണ് യാത്രയുടെ മുന്നോടിയായി തൗബ നടന്നിരിക്കണമെന്ന് പഠിപ്പിക്കുന്നത്. കുറ്റങ്ങളും കുറവുകളും സ്വാഭാവികമായിരിക്കാം. എന്നാല്‍ അവിയില്‍ നിന്നും മോചനം നേടുന്നതിനായി നിശ്ചയിക്കപ്പെട്ട മാര്‍ഗത്തെ സമീപിക്കാതിരിക്കുന്നത് നാശമാണ്. പ്രത്യേകിച്ച് താന്‍ ആഗ്രഹിച്ചതിന്റെ സാഫല്യത്തെ മുന്നില്‍ കണ്ടുള്ള യാത്രയെ പുണ്യങ്ങളുടെ വിളവെടുപ്പിന്റേതാക്കി മാറ്റാന്‍ സാധിക്കുന്ന ഈ ഘട്ടത്തില്‍ തൗബക്കും പ്രായശ്ചിത്തത്തിനും വലിയ പ്രാധാന്യമുണ്ട്. തന്റെ തൗബ യാഥാര്‍ത്ഥ്യമായിട്ടുണ്ടോ എന്നുറപ്പ് വരുത്തേണ്ട സമയമാണിത്.
യാത്രയെ യാഥാര്‍ത്ഥ്യമാക്കുന്നതിന് സമ്പത്ത് അനിവാര്യമാണ്. അത് സംശുദ്ധമായതാവണം. വലിയ പ്രതീക്ഷയോടെ വേഷവിധാനത്തില്‍ കാതലായ മാറ്റം വരുത്തി ഇഹ്റാം ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ആത്മനിര്‍വൃതിയുടെ ധന്യമുഹൂര്ത്തങ്ങളിലേക്കാണ്. ഇഹ്റാമാകുന്ന നിയ്യത്തിന്റെ ഉടനെ ഒരു ഹാജി എന്ന നിലയില്‍ ഉയര്‍ത്തുന്ന ശബ്ദമാണ് തല്ബിയത്തിന്റേത്. ഇതിന് പരലോകത്തു നിന്ന് രണ്ടുവിധത്തില്‍ പ്രതികരണങ്ങളുണ്ടാവുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
‘ഒരാള്‍ നല്ല സമ്പത്തുമായി ഹജ്ജ് യാത്രയാരംഭിച്ച് തല്ബിയത് ചൊല്ലിയാല്‍ ഉപരിലോകത്തുനിന്നും ഇങ്ങനെ പ്രതികരണമുണ്ടാവും: നിന്റെ തല്‍ബിയതിനു സ്വീകാരം, നിനക്ക് ഇരട്ടവിജയം. നിന്റെ ഭക്ഷണം സംശുദ്ധം. നിന്റെ വാഹനം സംശുദ്ധം, നിന്റെ ഹജ്ജ് മബ്റൂറായിരിക്കും. അതു കുറ്റരഹിതമായിരിക്കും. നല്ലതല്ലാത്ത സമ്പത്തുമായി ഹജ്ജ് യാത്രയാവുന്നവന് യാത്രയാരംഭിച്ച് തല്ബിയത് ചൊല്ലിയാല്‍ അത് സ്വീകാര്യമല്ല. നിനക്ക് വിജയമില്ല. നിന്റെ വിഭവം നിഷിദ്ധമാണ്. ഭക്ഷണം നിഷിദ്ധമാണ്, നിന്റെ ഹജ്ജ് മബ്റൂറല്ല എന്ന പ്രതികരണമുണ്ടാവും’ (ത്വബ്റാനി).
ഒരു മഹത്തായ കര്‍മത്തിന്റെ കവാടത്തിങ്കല്‍ തന്നെ തിരസ്കരിക്കുന്നതിനാണ് അവിശുദ്ധ സമ്പത്തുപയോഗപ്പെടുത്തി യാത്രയാവുന്നവന് വിധേയനാവുന്നത്.
കെട്ടുപാടുകളും ബന്ധങ്ങളും സുതാര്യവും സന്തോഷകരവും ഹൃദ്യവുമാക്കിത്തീര്ത്താവണം നാഥനുമായുള്ള സമ്പര്ക്കപ്പെടലിന്റെ ഈ ഉജ്വലമുഹൂര്ത്തം നാം സമീപിക്കേണ്ടത്.
ഹജ്ജ് യാത്രകള്‍ സ്വാര്‍ത്ഥതയെ പുതിയ തലത്തില്‍ സംസ്കരിച്ചെടുക്കുക കൂടി ചെയ്യേണ്ടതുണ്ട്. തന്റെ ബാധ്യത നിര്‍വഹണവും തനിക്ക് പുണ്യം ലഭിക്കലും മുഖ്യമായി കാണുക എന്നത് സ്വാഭാവികവും അടിസ്ഥാനപരവുമാണ്. എന്നാല്‍ ആത്മാര്‍ത്ഥമായ പരസഹായ ത്വര വേണ്ടതാണ് ഹജ്ജ്വേള. യാത്രയിലും പുണ്യസ്ഥലങ്ങളിലും അപരനെ വിശമിപ്പിക്കുന്ന വിധത്തില്‍ ഒന്നും വരാതെ നോക്കണം. സഹയാത്രികര്‍ക്ക് ഗുണകാംക്ഷിയാവണം. ‘അല്ലാഹു വിലക്കിയതില്‍ നിന്നും അവനെ തടയുന്ന സൂക്ഷ്മത, തന്റെ ദ്യേത്തെ ഒതുക്കാവുന്ന സമാധാനശീലം, സഹവാസികളോട് നല്ല സഹവര്‍ത്തിത്വം, ഇവയില്ലാത്തവന്റെ ഹജ്ജ് അല്ലാഹുവിനാവശ്യമില്ല’ (ലത്വാഇഫ്).
താബിഈ പ്രമുഖന് മുജാഹിദ്(റ) പറയുന്നു: ‘ഞാന്‍ ഇബ്നു ഉമര്‍(റ)ന്റെ കൂടെ പോയത് അദ്ദേഹത്തിന് സേവനം ചെയ്യാനാണ്. പക്ഷേ, അദ്ദേഹം എനിക്ക് സേവനം ചെയ്യുകയായിരുന്നു.’
സ്വന്തം ജീവിതത്തില്‍ സദ്കര്‍മങ്ങള്‍ ചെയ്യുന്നതോടൊപ്പം സഹയാത്രികന് സേവനം ചെയ്യുന്നത് വ്യവസ്ഥ വെച്ച് സംഘടിത യാത്ര നടത്തിയ മഹാന്മാര് ചരിത്രത്തില്‍ കാണാം. ആമിറുബ്നു അബ്ദുഖൈസ്(റ), അംറുബ്നു ഉത്ബത്(റ) തുടങ്ങിയ താബിഉകള്‍ അങ്ങനെയായിരുന്നു. അതുകൊണ്ട് യാത്രയിലും തുടര്‍ന്നും സ്വന്തം കാര്യം എന്നതില്‍ കേന്ദ്രീകരിക്കുന്നതിന് പകരം മറ്റാര്‍ക്കെങ്കിലും താന്‍ സഹായിയായിത്തീരണമെന്ന നല്ല നിയ്യത്ത് യാത്രയുടെ മമ്പായി നാം എടുക്കേണ്ടതുണ്ട്.
മത്വാഫിലും മസ്അയിലും ഹജറുല്‍ അസ്വദിനടുത്തും മശാഇറുകളിലും ഉണ്ടാവാനിടയുള്ള തിരക്കില്‍ നാം ജാഗ്രത പുലര്‍ത്തണം. ഇതരരുടെ ശാപവാക്കുകള്‍ ഏല്ക്കുന്ന പ്രവര്‍ത്തനങ്ങളോ രീതികളോ നമ്മില്‍ നിന്നുണ്ടാവരുത്. അല്ലാതെ വന്നാല്‍ അതെവിടെ വെച്ചായിരിക്കും എന്ന് നാമാലോചിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ഹജ്ജിന്റെ അനുഷ്ഠാനങ്ങളുടെ കൃത്യനിര്‍വഹണത്തെ പോലെത്തന്നെ ആമുഖമായും അനുബന്ധമായും ഇടയിലുമെല്ലാം പുണ്യവര്ധനവിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഓരോ യാത്രികനും ശ്രദ്ധിക്കേണ്ടതാണ്.
മുസ്ലിം സമൂഹത്തിന്റെ സുസ്ഥിതിയും ലോകത്തിന്റെ സമാധാനവും കുടുംബത്തിന്റെ ബന്ധുമിത്രാദികളുടെയും എ്വെര്യവും പാപമോചനവും പരലോകമോക്ഷവും ഹജ്ജിനുള്ള അവസര സൗഭാഗ്യവും നാഥനോടു നടത്തുന്ന പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തി പാരമ്പര്യത്തിന്റെ ഇസ്ലാമിക താല്പര്യത്തെ സജീവമാക്കാന്‍ ഹാജിമാര്‍ തയ്യാറാവേണ്ടതാണ്. വിശുദ്ധ യാത്രയുടെ പരമമായ ലക്ഷ്യം അനുനിമിഷവും നമുക്ക് മാര്‍ഗം കാണിച്ചുകൊണ്ടിരിക്കട്ടെ.
അലവിക്കുട്ടി ഫൈസി എടക്കര