ഹജ്ജ് സ്വീകാര്യമാകാൻ ഇവ സൂക്ഷിക്കുക

അല്ലാഹുവിന്റെ കൽപന സ്വീകരിച്ച് അവന്റെ തൃപ്തി മാത്രം കാംക്ഷിച്ചു കഅ്ബ ത്വവാഫ്, സഅ്‌യ്, അറഫയിൽ നിൽക്കൽ തുടങ്ങിയ പ്രത്യേക കർമങ്ങൾ നിർവഹിക്കാൻ വേണ്ടി മക്കയെ ലക്ഷ്യം വെക്കുന്നതാണ് ഹജ്ജ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നും സർവത്ര അറിയപ്പെട്ടതുമായ ഹജ്ജും ഉംറയും ഹിജ്‌റ ആറാം കൊല്ലം ‘അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും നിങ്ങൾ പൂർത്തീകരിക്കുക’ (അൽബഖറ/196) എന്ന ഖുർആൻ വാക്യാവതരണത്തോടെയാണ് നിർബന്ധമായത്.

ഏറെ സ്ഥാനവും മഹത്ത്വവുമുള്ള ഹജ്ജ് ഉദ്ദേശിക്കുന്നവർ അത് സ്വീകാര്യവും പ്രതിഫലാർഹവുമാകാൻ വളരെ തൽപരരും ശ്രദ്ധാലുക്കളുമാകേണ്ടതുണ്ട്. പരിശുദ്ധ ഹറമിന്റെയും ഇബാദത്തിന്റെയും പവിത്രത കളങ്കപ്പെടുത്തുന്നതും ഫലം നഷ്ടപ്പെടുത്തുന്നതുമായ പ്രവൃത്തികളും വാക്കുകളും സംഭവിക്കുന്നത് ഗൗരവമായി സൂക്ഷിക്കേണ്ടിയിരിക്കുന്നു.

ആയുസ്സിലൊരിക്കൽ ദീർഘയാത്ര ചെയ്തു സ്രഷ്ടാവിന്റെ തിരുഭവനത്തിൽ ചെന്നു നിർവഹിക്കൽ നിർബന്ധമായ ഹജ്ജും ഉംറയും സ്വീകാര്യമാവാനും അല്ലാഹു നൽകുന്ന വലിയ പ്രതിഫലത്തിനർഹത നേടാനും ചില കാര്യങ്ങൾ നിർബന്ധമായും വർജിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമുണ്ട്. പ്രധാനപ്പെട്ടവ പറയാം:

ചെലവിന് കടം വാങ്ങരുത്

സാമ്പത്തിക കഴിവുള്ളവർക്കാണ് അല്ലാഹു ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നത്. ‘കഅ്ബയിൽ ചെന്ന് ഹജ്ജ് ചെയ്യാൻ കഴിവുള്ള മനുഷ്യർക്ക് അല്ലാഹുവിനോടുള്ള കടമയാണ്’ (3/97) എന്നാണ് അല്ലാഹു പറയുന്നത്.

അബ്ദുല്ലാഹിബ്‌നു അബീ ഔഫാ(റ) പറയുന്നു: ‘ഹജ്ജ് നിർവഹിച്ചിട്ടില്ലാത്ത ഒരു വ്യക്തിക്കു അതിനു വേണ്ടി കടം വാങ്ങാമോ എന്ന് ഞാൻ റസൂലുല്ലാഹി(സ്വ)യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് പാടില്ല എന്നായിരുന്നു’ (ബൈഹഖി).

ഹജ്ജ് മാസത്തിനു മുമ്പ് ഇഹ്‌റാമരുത്

ഉംറയിൽ ഏതു കാലത്തും പ്രവേശിക്കാം. എന്നാൽ ശവ്വാൽ, ദുൽഖഅദ് എന്നീ മാസങ്ങളും ദുൽഹിജ്ജയിലെ ആദ്യത്തെ പത്തു രാവും അതിനിടയിലെ ഒമ്പത് പകലുമാണ് ഹജ്ജിൽ പ്രവേശിക്കാൻ അനുമതിയുള്ളത്. അതിനു മുമ്പും ശേഷവും ഇഹ്‌റാം സ്വീകാര്യമല്ല. ‘ഹജ്ജ് അറിയപ്പെട്ട മാസങ്ങളിലാണ്’ (ഖുർആൻ 2/197).

ഹജ്ജിനു നിശ്ചയിക്കപ്പെട്ട മാസങ്ങളിലല്ലാതെ ഇഹ്‌റാം സ്വീകാര്യമല്ല (ഇബ്‌നുജരീർ).

ഹറാമായ ധനം പാടില്ല

യാത്രാചെലവിനും അനുബന്ധ ആവശ്യങ്ങൾക്കും അതുപോലെ തന്റെ അഭാവത്തിൽ ആശ്രിതരുടെ ചെലവുകൾക്കും ഉപയോഗിക്കുന്ന ധനം പൂർണമായും ഹലാലായിരിക്കണം. അനധികൃത മുതലുകൾ വന്നുചേരുന്നത് സൂക്ഷിക്കണം. ബാങ്ക് നിക്ഷേപത്തിന്റെ പലിശ കൊണ്ടു ഹജ്ജിനു പോകുന്നവരും വിനോദോപകരണങ്ങൾ, മലിന വസ്തുക്കൾ, പെൺവാണിഭം തുടങ്ങി നിഷിദ്ധമായ വ്യാപാരം നടത്തി ഹജ്ജിനു പോകുന്നവരും ശ്രദ്ധിക്കുക; ഹറാമായ ധനം എവിടെയെങ്കിലും പെട്ടുപോയിട്ടുണ്ടെങ്കിൽ ഹജ്ജും ഉംറയും മറ്റു അമലുകളും തള്ളപ്പെടും.

അബൂഹുറൈറ(റ) നിവേദനം. റസൂലുല്ലാഹി(സ്വ) പറഞ്ഞു:

ഹലാലായ ധനം കൊണ്ട് ഹജ്ജിന് പുറപ്പെട്ട ഒരാൾ വാഹനത്തിൽ കാലെടുത്തു വച്ചു ലബ്ബൈകല്ലാഹുമ്മ ഉരുവിടുമ്പോൾ വാനലോകത്തുനിന്ന് അവനെ അഭിനന്ദിച്ചു വിളിച്ചുപറയപ്പെടും: ‘ലബ്ബൈക വ സഅദൈക… നിന്റെ യാത്രാ വസ്തുക്കൾ ഹലാലാണ്, നിന്റെ വാഹനം ഹലാലാണ്, നിന്റെ ഹജ്ജ് സ്വീകാര്യവും കുറ്റമറ്റതുമാണ്.’ ചീത്ത സമ്പാദ്യം കൊണ്ട് ഹജ്ജിനിറങ്ങി തൽബിയത് മുഴക്കുമ്പോൾ ആകാശത്തുനിന്ന് ആക്ഷേപിച്ചു കൊണ്ടു പറയപ്പെടും: ‘ലാ ലബ്ബൈക വലാ സഅദൈക… നിന്റെ ഈ വിളിക്കു ഉത്തരമില്ല, വിജയവുമില്ല. നിന്റെ യാത്ര, ഭക്ഷണ സാധന സാമഗ്രികൾ നിഷിദ്ധമാണ്. നിന്റെ ഹജ്ജ് ഫലരഹിതവും കുറ്റകരവുമാണ്’ (അത്തർഗീബ് വത്തർഹീബ്).

അന്യർക്കുവേണ്ടി ആദ്യം ഹജ്ജ് ചെയ്യരുത്

ഹജ്ജ് ചെയ്യാതെ മരിച്ചവർക്കോ ശാരീരികമായി തീരെ കഴിവില്ലാത്തവർക്കോ വേണ്ടി ഹജ്ജ് ചെയ്യാം. പക്ഷേ, പകരക്കാരൻ തനിക്ക് നിർബന്ധമുള്ള ഹജ്ജും ഉംറയും നിർവഹിച്ചിരിക്കൽ നിർബന്ധമാണ്.

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) നിവേദനം:

‘ലബ്ബൈക അൻ ശിബ്‌റമ’ (ശിബ്‌റമ എന്നയാൾക്കു പകരമായി) എന്ന് ഒരു വ്യക്തി പറയുന്നത് നബി(സ്വ) കേട്ടപ്പോൾ അവിടുന്ന് ചോദിച്ചു: നിന്റെ ഹജ്ജ് ചെയ്തുവോ?

അദ്ദേഹം: ഇല്ല.

‘എന്നാൽ നിനക്കുവേണ്ടി ആദ്യം ഹജ്ജ് ചെയ്യുക. പിന്നെ ശിബ്‌റമക്കു വേണ്ടിയാകാം’ (അബൂദാവൂദ്, ഇബ്‌നുമാജ).

സ്ത്രീ ഒറ്റക്ക് പുറപ്പെടരുത്

ഭർത്താവ് അല്ലെങ്കിൽ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കൽ ഹറാമായ സ്വന്തക്കാർ ഇല്ലാതെ സ്ത്രീ തനിച്ചു ഹജ്ജിനും ഉംറക്കും പോകരുത്.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘നബി(സ്വ) പറയുന്നത് ഞാൻ കേട്ടു. വിവാഹം നിഷിദ്ധമായവർ (മഹ്‌റം) കൂട്ടിനില്ലാതെ ഒരു സ്ത്രീയും തനിച്ചാകരുത്. മഹ്‌റമില്ലാതെ അവൾ യാത്ര ചെയ്യരുത്.’ ഇതു കേട്ടപ്പോൾ ഒരു സ്വഹാബി ചോദിച്ചു: ‘പ്രവാചകരേ, എന്റെ ഭാര്യ ഹജ്ജിനിറങ്ങിയിരിക്കുകയാണ്. ഞാനാവട്ടെ പട്ടാള സേവനത്തിലും…!’ നീ ഭാര്യയോടൊപ്പം ചെന്ന് ഹജ്ജ് ചെയ്യുകയെന്ന് തിരുനബി(സ്വ) അദ്ദേഹത്തോട് കൽപിച്ചു (ബുഖാരി, മുസ്‌ലിം).

മഹ്‌റമും ഭർത്താവുമില്ലെങ്കിൽ വിശ്വാസിനികളും വിശ്വസ്തരുമായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ശാഫിഈ മദ്ഹബ് അനുവദിച്ചിട്ടുണ്ട്.

മീഖാതിൽ നിന്നല്ലാതെ ഇഹ്‌റാമരുത്

ഹജ്ജിനും ഉംറക്കും ഇഹ്‌റാം (നിയ്യത്ത് ചെയ്തു പ്രവേശിക്കുക) ചെയ്യുന്നതിന് നബി(സ്വ) വ്യക്തമായി നിശ്ചയിച്ചു തന്ന സ്ഥലങ്ങളാണ് മീഖാത്ത്. അവിടങ്ങളിൽ നിന്നു മാത്രമേ ഹജ്ജും ഉംറയും കരുതി പ്രവേശിക്കാവൂ.

സംയോഗം പാടില്ല

ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്താൽ തഹല്ലുൽ (ഒഴിവാകുന്നതു) വരെ ലൈംഗിക ബന്ധം അതിലേക്കടുപ്പിക്കുന്ന അനുരാഗം, ചുംബനം, സ്പർശനം, ദർശനം തുടങ്ങി എല്ലാ സുരത കർമവും നിഷിദ്ധമാണ്.

തെറ്റുകുറ്റങ്ങൾ ചെയ്യരുത്

ഹജ്ജിന് ഇഹ്‌റാം ചെയ്താൽ അല്ലാഹുവിന് വഴിപ്പെടുന്നതിൽ നിന്ന് വ്യതിചലിക്കുന്ന കുറ്റകൃത്യങ്ങളും അനാവശ്യങ്ങളും വന്നുപോകുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്. ജീവിതകാലം മുഴുവനും വർജിക്കേണ്ട ദോഷകാര്യങ്ങൾ സംഭവിക്കുന്നത് മുഹ്‌രിമിനെ സംബന്ധിച്ചിടത്തോളം ഗുരുതരവും ആപൽകരവുമാണ്. ഖുർആൻ പറയുന്നു: ‘ഹജ്ജ് ഉംറക്കുള്ള യാത്രോപകരണങ്ങളിൽ വെച്ചു ഏറ്റവും ഉത്തമമായത് ദോഷബാധയെ സൂക്ഷിക്കലാണ്’ (2/197).

തർക്കം ഒഴിവാക്കുക

സഹയാത്രികരോടും പരിചാരകരോടും മറ്റും വാക്കുതർക്കങ്ങളും ശണ്ഠകൂടലും വമ്പുപറച്ചിലും മുഹ്‌രിമിന് പാടില്ല. ഖുർആൻ 2/197-ൽ നിന്നു ഇത് വ്യക്തമാണ്.

കഴിയുന്നത്ര ഏകാഗ്രതയും സ്വസ്ഥതയും മനസ്സാന്നിധ്യവും ആർജിച്ച് സമയം മുഴുവനും ഇബാദത്തുകളിൽ മുഴുകണം. അവിടെ എത്തിയിരിക്കുന്നവരെല്ലാം അല്ലാഹുവിന്റെ ഇഷ്ടപ്പെട്ട അതിഥികളാണെന്ന സത്യം മറക്കരുത്.

ചുറ്റി തുന്നിയ വസ്ത്രം ഉപേക്ഷിക്കുക

ഇഹ്‌റാം ചെയ്ത പുരുഷന്മാർ കുപ്പായം, പൈജാമ, ഷൂ, സോക്‌സ് പോലുള്ളവ ധരിക്കുന്നതും തലമറക്കുന്നതും അനുവദനീയമല്ല; ഹറാമാണ്. അര ഉടുപ്പും മേൽതട്ടവുമാണ് പുരുഷൻ ധരിക്കേണ്ടത്. സ്ത്രീകൾ മുഖവും മുൻകയ്യും മറക്കരുത്. മുഖംമൂടിയും കയ്യുറയും നിർബന്ധമായും ഒഴിവാക്കി ബാക്കി ശരീരം മുഴുവനും മറക്കണം. മുഖം തുറന്നിടുന്നതു കൊണ്ട് കുഴപ്പം പേടിക്കുന്നുവെങ്കിൽ മുഖത്തിനു നേർക്കു സ്പർശിക്കാത്ത വിധം അകലത്തിൽ തുണിയോ മറ്റോ തൂക്കിയിടാം. നിഖാബ് പാടില്ല.

സുഗന്ധം ഉപയോഗിക്കരുത്

ശരീരത്തിലും വസ്ത്രത്തിലും മറ്റും സുഗന്ധദ്രവ്യം പൂശൽ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഇഹ്‌റാമിലായിരിക്കുമ്പോൾ നിഷിദ്ധമാണ്. ഇഹ്‌റാമിലായിരിക്കെ മരിച്ചാൽ കുളിപ്പിക്കുന്ന ജലത്തിലും കഫൻപുടവയിലും സുഗന്ധം വിതറാൻ പാടില്ല.

സുഗന്ധമുള്ള വസ്തുക്കളും പാടില്ല

സുഗന്ധം ഉദ്ദേശ്യമില്ലാതെ വാസനയുള്ള സുറുമ, സോപ്പ് പോലുള്ളവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ ചികിത്സാർത്ഥം സുഗന്ധമുള്ള സുറുമ ഉപയോഗിക്കാം. പക്ഷേ ഫിദ്‌യ (പിഴ) കൊടുക്കണം. സുഗന്ധമില്ലാത്ത സുറുമയാണെങ്കിൽ ഫിദ്‌യ വേണ്ട.

എണ്ണ ഉപയോഗിക്കരുത്

ശരീരത്തിൽ പൂർണമായോ ഭാഗികമായോ എണ്ണ തേക്കാൻ പാടില്ല. സുഗന്ധമില്ലാത്ത എണ്ണ രോഗശമനത്തിന് വേണ്ടി ഉപയോഗിച്ചാൽ ഫിദ്‌യ വേണ്ട. മറിച്ചാണെങ്കിൽ ഫിദ്‌യ നിർബന്ധം.

വിവാഹം പാടില്ല

സ്വന്തമോ മറ്റുള്ളവർക്കോ വിവാഹം ചെയ്യാനോ ചെയ്തുകൊടുക്കാനോ ഏൽക്കാനോ ഏൽപ്പിക്കാനോ മുഹ്‌രിമിന് അനുവാദമില്ല. ഇത് പരിഗണിക്കാതെ വൈവാഹിക ഇടപാടെന്തെങ്കിലും ചെയ്താൽ ബന്ധം അസാധുവായി ഗണിക്കും. പ്രസ്തുത നികാഹിൽ ജനിക്കുന്നവർക്കും ശറഇൽ പരിഗണനയില്ലാതെ വരും.

നഖവും മുടിയും നീക്കരുത്

ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവർ അതിന്റെകർമങ്ങൾ മുഴുവനും ക്രമാനുസൃതം പൂർത്തിയാക്കൽ നിർബന്ധമാണ്. ഇഹ്‌റാം കൊണ്ട് തുടങ്ങി തലമുടി നീക്കൽ കൊണ്ടാണ് കർമങ്ങൾ അവസാനിക്കുന്നത്. ഇടക്കുവെച്ചു ശരീരത്തിലെ മുടി നീക്കരുത്. അതുപോലെ നഖവും. മുടി, നഖം സ്വയം കൊഴിഞ്ഞോ പൊടിഞ്ഞോ പോയാൽ പിഴ നൽകേണ്ടതില്ല.

മൈലാഞ്ചിയിടരുത്

സ്ത്രീയും പുരുഷനും ഇഹ്‌റാമിലായിരിക്കുമ്പോൾ ശരീരത്തിന്റെ ഏതു ഭാഗത്തും മൈലാഞ്ചി ഉപയോഗിക്കരുത്. ഖൗല ബിൻത് ഹകീം(റ) തന്റെ മാതാവിൽ നിന്നുദ്ധരിക്കുന്നു: ‘നബി(സ്വ) ഉമ്മുസലമ(റ)യോടു പറഞ്ഞു: മുഹ്‌രിമതായ നീ സുഗന്ധം പൂശരുത്, മൈലാഞ്ചിയും തൊടരുത്. അത് സുഗന്ധത്തിൽ പെട്ടതാണ്.’

ശസ്ത്രക്രിയ പാടില്ല

പുരാതന ചികിത്സാ സമ്പ്രദായമായ കൊമ്പുവെക്കലും കൊത്തിവെക്കലും ഉപേക്ഷിക്കണം. ദേഹം കീറി രക്തം വലിച്ചെടുക്കലും കുഴൽകുത്തി രക്തം ചീറ്റിക്കളയലും മുഹ്‌രിമിന് പാടില്ലാത്തതാണ്. ചികിത്സാർത്ഥം വളരെ അത്യാവശ്യമായി വന്നാൽ തെറ്റില്ല. പ്രസ്തുതയിടം ബേന്റേജ് ചെയ്താൽ ഫിദ്‌യ നിർബന്ധമാണ്.

വേട്ടയാടരുത്

കരയിൽ ജീവിക്കുന്ന മൃഗങ്ങളെ കൊല്ലുകയോ അറുക്കുകയോ വേട്ടയാടിപ്പിടിക്കുകയോ ചെയ്യുന്നത് ഹറാമാണ്. അതിനുവേണ്ടി സഹായിക്കലും സഹകരിക്കലും മൃഗത്തെ ചൂണ്ടിക്കാണിക്കൽ പോലും കുറ്റംതന്നെ. ഇവയെ വാങ്ങലും വിൽക്കലും പാൽ കറന്നെടുക്കലും നിഷിദ്ധമാണെന്ന് ഓർക്കുക.

സമുദ്രജീവികളെ പിടിക്കുന്നതിൽ തെറ്റില്ല. ഖുർആൻ പറയുന്നു: ‘നിങ്ങൾക്കും മറ്റു സഞ്ചാരികൾക്കും ജീവിത വിഭവമായി കടലിലെ വേട്ട വസ്തുക്കളും അതിലെ ഭക്ഷണവും അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഇഹ്‌റാമിലായിരിക്കുമ്പോൾ കരയിലെ വേട്ടവസ്തുക്കൾ ഹറാമാക്കപ്പെട്ടിട്ടുണ്ട്’ (സൂറതുൽ മാഇദ/96).

അബദ്ധത്തിൽ കൊന്നാൽ കുറ്റമില്ലെങ്കിലും പ്രായശ്ചിത്തം നൽകണം (ഇബ്‌നുകസീർ, നൈസാബൂരി).

വേട്ടമൃഗത്തിന്റെ മാംസം തിന്നരുത്

മുഹ്‌രിമിനു വേണ്ടി മാത്രം വേട്ടയാടിപ്പിടിച്ചതും അവൻ സഹകരിച്ചും പ്രോത്സാഹിപ്പിച്ചും പിടിച്ചതുമായ കാട്ടുജീവികളുടെ മാംസം ഭക്ഷിക്കലും നിഷിദ്ധമാണ്.

അബൂഖതാദ(റ) നിവേദനം:

നബി(സ്വ) ഹജ്ജിനു പുറപ്പെട്ടു. കൂടെ സ്വഹാബിമാരും. അബൂഖതാദ ഉൾപ്പെട്ട ഒരു സംഘം കടപ്പുറം വഴിയാണ് സഞ്ചരിച്ചത്. വഴിമധ്യേ അബൂഖതാദ ഒഴികെയുള്ളവർ ഇഹ്‌റാം ചെയ്തു. അൽപം മുന്നോട്ടു ചെന്നപ്പോൾ ഭക്ഷ്യയോഗ്യമായ ഒരു കാട്ടുമൃഗം പ്രത്യക്ഷപ്പെട്ടു. അബൂഖതാദ(റ) അതിനെ പിടിച്ച് അറുത്തു പാകം ചെയ്തു. ചിലരൊക്കെ ഭക്ഷിച്ചു.

‘ഹജ്ജിനു ഇഹ്‌റാം ചെയ്ത നിങ്ങൾ വേട്ട മൃഗത്തിന്റെ മാംസം ഭക്ഷിക്കുകയോ?’ ചില സ്വഹാബികൾ അത്ഭുതം പ്രകടിപ്പിച്ചു.

പാകം ചെയ്ത ബാക്കി ഇറച്ചിയുമായി അവർ തിരുനബി(സ്വ)യുടെ അടുക്കൽ ചെന്ന് പ്രശ്‌നം ചർച്ച ചെയ്തു:

‘പ്രവാചകരേ, അബൂഖതാദ ഒഴികെ ഞങ്ങളെല്ലാവരും ഇഹ്‌റാം ചെയ്തിരുന്നു. ഞങ്ങളുടെ മുമ്പിൽ കണ്ട കാട്ടുമൃഗത്തെ അബൂഖതാദ(റ) പിടിച്ചു അറുത്തു. അതിന്റെ ഇറച്ചിയുമായാണ് ഞങ്ങൾ വന്നിരിക്കുന്നത്.’

‘നിങ്ങളാരെങ്കിലും അതിനെ പിടിക്കാൻ പറഞ്ഞിരുന്നോ, ആംഗ്യം കാണിച്ചു സൂചിപ്പിച്ചിരുന്നോ?’

‘ഇല്ല.’

‘എങ്കിൽ നിങ്ങൾക്കത് ഭക്ഷിക്കാം.’ നബി(സ്വ) സമ്മതം നൽകി (ബുഖാരി, മുസ്‌ലിം).

വാക്ക് അല്ലെങ്കിൽ പ്രവൃത്തി കൊണ്ട് വേട്ടയാടാൻ പ്രോത്സാഹിപ്പിച്ചാലും സ്വന്തായി വേട്ട ചെയ്താലും മാംസം ഭക്ഷിക്കൽ അനുവദനീയമല്ല.

സുഗന്ധമുള്ള ചായം മുക്കിയ വസ്ത്രം ധരിക്കരുത്

കഴുകി മണം കളഞ്ഞ ശേഷം ആവാം. അബ്ദുല്ലാഹിബ്‌നു ഉമർ(റ)ൽ നിന്ന് ഉദ്ധരണം. നബി(സ്വ) അരുളി: ‘വർസ്, സഅ്ഫറാൻ (ചുകപ്പും കുങ്കുമവും) ചായം സ്പർശിച്ച വസ്ത്രം കഴുകിയ ശേഷമല്ലാതെ നിങ്ങൾ ധരിക്കരുത്’ (അബ്ദുൽ ബർറ്, ത്വഹാവി).

ഹറമിന്റെ പവിത്രത മാനിക്കണം

പരിശുദ്ധ ഹറം ശരീഫിൽ എത്തിയവർ മുഅ്മിനാണെങ്കിലും അല്ലെങ്കിലും അതീവ ജാഗ്രത പാലിക്കണം. വേട്ടയാടാനും പുല്ല് പുഷ്പങ്ങൾ പറിക്കാനും പാടില്ല. മരത്തിന്റെ കൊമ്പുകളും ഇലകളും മറ്റും ഒടിക്കാനോ പൊളിക്കാനോ അനുവദിക്കുന്നില്ല. ചുരുക്കത്തിൽ ഒരു വസ്തുവിനെയും ഒരു നിലക്കും ഉപദ്രവിച്ചുകൂടാ.

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: മക്ക വിജയ ദിവസം റസൂലുല്ലാഹി(സ്വ) പ്രഖ്യാപിച്ചു: ‘ഈ രാജ്യം പവിത്രമാണ്. ഇവിടത്തെ പുല്ലുകളും വൃക്ഷ-ചെടികളും പറിക്കരുത്. പക്ഷി മൃഗാദികളെ വേട്ടയാടരുത്. വീണു കിടക്കുന്ന സാധനം അവകാശികളെ അറിഞ്ഞു തിരിച്ചേൽപ്പിക്കാനല്ലാതെ പെറുക്കിയെടുക്കരുത്.’ വീട് മേയാനും ഇരുമ്പ് പണിക്കും ആവശ്യമുള്ള ഇദ്ഖിർ (ചങ്ങണ പുല്ല്) ഒഴികെ’ എന്ന് അബ്ബാസ്(റ) പറഞ്ഞപ്പോൾ റസൂലുല്ലാഹി(സ്വ) അതു മാത്രം അനുവദിച്ചു’ (ബുഖാരി).

കഅ്ബ ശരീഫിനെ മൂടിയിരിക്കുന്ന കിസ്‌വ മാന്തിപ്പറിച്ചു നൂല് എടുക്കുന്നത് കടുത്ത പാതകമാണ്. മക്കയിലെന്ന പോലെ മദീനയിലും മേൽപറഞ്ഞ കാര്യങ്ങൾ നിഷിദ്ധമാണ്. ഇഹ്‌റാം ചെയ്തവരും അല്ലാത്തവരും വ്യത്യാസമില്ല.

തിക്കിയും തിരക്കിയും ജനങ്ങളെ ശല്യം ചെയ്യരുത്. ഹജറുൽ അസ്‌വദിന്റെ അടുത്തും മുൽതസമിലും നല്ല തിരക്കു കാണും. അവിടെ തള്ളിത്തിരക്കി ബുദ്ധിമുട്ടുണ്ടാക്കരുത്. ഉമർ        (റ)നെ തടഞ്ഞുകൊണ്ടു നബി(സ്വ) പറഞ്ഞു: ‘അബൂ ഹഫ്‌സ്, നീ ശക്തനാണ്. റുക്‌നിന്റെയടുത്ത് നീ തിരക്കു കൂട്ടരുത്. ആരോഗ്യം കുറഞ്ഞവർ നിന്നെക്കൊണ്ട് പ്രയാസപ്പെടും. ഒഴിഞ്ഞുകിട്ടിയാൽ ചുംബിക്കുക. അല്ലെങ്കിൽ തക്ബീർ ചൊല്ലി പിരിയുക’ (മുസ്‌നദുശ്ശാഫിഈ).

സ്ത്രീകൾ തിരക്കിൽ പങ്കെടുക്കാതെ മാറിയിരിക്കൽ നിർബന്ധമാണ്.

ത്വവാഫ് ചെയ്യുമ്പോൾ കൈ ഹിജ്‌റ് ഇസ്മാഈലിൽ പെട്ടുപോകരുത്

ഹിജ്‌റ് ഇസ്മാഈൽ (കഅ്ബയുടെ സ്വർണപ്പാത്തിക്കു താഴെ വളച്ചുകെട്ടിയിരിക്കുന്ന അർധചുമരും അകവും) കഅ്ബയിൽ പെട്ടതാണ്. അതിനകത്ത് ത്വവാഫ് ചെയ്യാൻ പാടില്ല. ത്വവാഫ് ചെയ്യുന്നതിനിടക്കു തിരക്കിൽ പെട്ടു കൈ ഹിജ്‌റ് ഇസ്മാഈലിൽ പെട്ടുപോകുന്നത് സൂക്ഷിക്കണം. അതുപോലെ കഅ്ബയെ ആവരണം ചെയ്തിരിക്കുന്ന കില്ല ബന്ധിച്ചിരിക്കുന്നതും കഅ്ബയുടെ അടിത്തറയോട് ചേർന്നിരിക്കുന്നതുമായ ശാദിർവാനി(അടിച്ചുമര്)ന്റെ മീതെ തട്ടുന്നതും മസ്ജിദുൽ ഹറമിന്റെ പുറത്താകുന്നതും സൂക്ഷിക്കണം.

ത്വവാഫിന്റെ തുടക്കം ഹജറുൽ അസ്‌വദിനു ശേഷമാകരുത്. ഹജറ് സ്ഥാപിച്ചിട്ടുള്ള കഅ്ബയുടെ തെക്കു കിഴക്കുമൂലക്ക് നേരെ പള്ളിയുടെ ചുമരിൽ പച്ചലൈറ്റ് തെളിയുന്നുണ്ട്. അതിന്റെ സൂത്രത്തിൽ നിന്നാണ് ത്വവാഫ് ആരംഭിക്കേണ്ടത്. പ്രസ്തുതയിടവും വിട്ടുതുടങ്ങിയ ചുറ്റ് പരിഗണിക്കുകയില്ല.

കഅ്ബ ശരീഫ് ഇടതുവശത്തായിരിക്കണമല്ലോ. ത്വവാഫിനിടക്കു തിരിഞ്ഞു ഇടതു ഭാഗം കഅ്ബയിൽ നിന്നു മാറിയാൽ പ്രസ്തുത ചുറ്റ് അസാധുവായി തീരും.

അശുദ്ധി സംഭവിക്കരുത്

ത്വവാഫിന് പൂർണശുദ്ധി നിബന്ധനയാണ്. ചെറുതും വലുതുമായ അശുദ്ധിയിൽ നിന്നു ശരീരവും വസ്ത്രവും വഹിച്ചിരിക്കുന്ന മറ്റു വസ്തുക്കൾ നജസിൽ നിന്നും ശുദ്ധി വരുത്തിയിരിക്കണം. നഗ്നത (ഔറത്) മറച്ചിരിക്കണം. കാരണം ‘ത്വവാഫ് നിസ്‌കാരമാണ്, പക്ഷേ, ത്വവാഫിൽ അല്ലാഹു സംസാരം അനുവദിച്ചിരിക്കുന്നു. വല്ലതും പറയുകയാണെങ്കിൽ നല്ലതുമാത്രം പറയട്ടെ.’

ത്വവാഫ് ഏഴ് ചുറ്റ് പൂർത്തിയാക്കുന്നതിന്റെയിടക്കു വുളൂഅ് നഷ്ടപ്പെട്ടാൽ ത്വവാഫ് നിർത്തി ശുദ്ധിവരുത്തി ബാക്കിയുള്ള ചുറ്റ് ഹജറിൽ നിന്ന് തുടങ്ങി പൂർത്തിയാക്കണം. നഷ്ടപ്പെട്ട വുളൂഇന് മസ്അല ഉണ്ടാക്കി ഒപ്പിക്കരുത്.

കഅ്ബ ചുംബിക്കരുത്

ഹജറുൽ അസ്‌വദും മുൽതസമും (ഹജറുൽ അസ്‌വദിന്റെയും കഅ്ബാ വാതിലിന്റെയും ഇടയിലുള്ള സ്ഥലം) അല്ലാതെ കഅ്ബ, മഖാമു ഇബ്‌റാഹീം, ഹിജ്‌റു ഇസ്മാഈൽ തുടങ്ങിയവ ഒന്നും ചുംബിക്കരുത്.

സഅ്‌യ് സ്വഫയിൽ നിന്നു തുടങ്ങി മർവയിൽ അവസാനിപ്പിക്കൽ നിർബന്ധമാണ്. മറിച്ചാകുന്നത് പരിഗണിക്കപ്പെടുകയില്ല. ഹജ്ജിന്റെയോ ഉംറയുടെയോ സ്വീകാര്യമായ ത്വവാഫിന് ശേഷമായിരിക്കണം സഅ്‌യ്. അല്ലാതെ നിരുപാധികം സഅ്‌യ് ഇല്ല. ഖുദൂമിന്റെ ത്വവാഫിന് ശേഷം സഅ്‌യ് ചെയ്തവർ സഅ്‌യ് ആവർത്തിക്കേണ്ടതില്ല.

മഗ്‌രിബിന് മുമ്പ് അറഫയിൽ നിന്ന് മടങ്ങരുത്

ദുൽഹിജ്ജ ഒമ്പതിന് സൂര്യാസ്തമയത്തിനു ശേഷമാണ് അറഫയിൽ നിന്നു മുസ്ദലിഫയിലേക്ക് മടങ്ങേണ്ടത്.

ഏറ് ഏഴിൽ കുറയരുത്

പെരുന്നാൾ ദിവസം മുസ്ദലിഫയിൽ നിന്നു വന്നു മിനയിലെ ജംറതുൽ അഖബയിൽ മാത്രമാണ് എറിയാനുള്ളത്. സൂര്യനുദിച്ചു ഉച്ചക്കു മുമ്പായിരിക്കണം ഇത്.

അയ്യാമുത്തശ്‌രീഖിന്റെ (ദുൽഹിജ്ജ 11,12,13) ദിവസങ്ങളിൽ ഓരോ ജംറകളിലും ഏഴുവീതം കല്ല് എറിയണം. ഏഴും ഒന്നിച്ചെറിയരുത്. ചുരുങ്ങാനും പാടില്ല. ജംറകളുടെ ക്രമം പാലിച്ചു എറിയണം. മിനയുടെ അടുത്തുള്ളതാണ് ഒന്നാം ജംറ, അവിടെയാണ് ആദ്യം ഏറ് വീഴേണ്ടത്. പിന്നെ അതിനു തൊട്ടടുത്ത് നിൽക്കുന്ന ജംറതുൽ വുസ്ത്വാ, ശേഷം ജംറതുൽ അഖബ. ഈ രീതിയിലാണ് നബി(സ്വ) ചെയ്തു കാണിച്ചതും ചെയ്യാൻ കൽപ്പിച്ചതും.

മദീനയുടെ പവിത്രത കളങ്കപ്പെടുത്തരുത്

തിരു നബി(സ്വ)യുടെ വിശ്രമ സ്ഥലമായ ഹുജ്‌റതു ശരീഫിൽ ചെന്നാൽ തിരുസാന്നിധ്യത്തിലെന്ന പോലെ അദബും അടക്കവും പാലിക്കണം. കളങ്കപ്പെടുത്തുന്ന വല്ലതും സംഭവിച്ചാൽ ഇബാദതുകൾ മുഴുവനും ബാത്വിലാകും.

ഹജ്ജും ഉംറയും സിയാറത്തും മഖ്ബൂലാകാനും മഹത്തായ പ്രതിഫലം ലഭിക്കാനും ഇത്തരം കാര്യങ്ങൾ നിർബന്ധമായും പാലിക്കുക തന്നെ വേണം.

അബ്ദുല്ല സഅദി നെക്രാജ്

Exit mobile version